ലോകത്തിലെ ഏറ്റവുമധികം സാമ്പത്തിക അസമത്വമുള്ള, അസമത്വത്തിൽ ‘അതിശയകരമായ’ വർദ്ധനവ് അനുഭവിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്ന് 2021 ഡിസംബറിൽ പുറത്തിറങ്ങിയ ലോക അസമത്വ റിപ്പോർട്ട് (World Inequality Report, WIR, 2022) വെളിപ്പെടുത്തിയിരുന്നു.
ആഗോള അസമത്വത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള കാലികവും പൂർണ്ണവുമായ കണക്ക് അവതരിപ്പിച്ച ലോക അസമത്വ റിപ്പോർട്ട് ലോകമെമ്പാടുമുള്ള നൂറിലധികം ഗവേഷകർ നടത്തിയ നിരവധി വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
ഇതിനു മുഖവുര തയ്യാറാക്കിയത് 2019-ലെ സാമ്പത്തിക നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജിയും എസ്തർ ഡഫ്‌ലോയുമാണ്. ഈ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വം നില നിൽക്കുന്ന പ്രദേശം തെക്കുപടിഞ്ഞാറ് ഏഷ്യയിലും വടക്കേ ആഫ്രിക്കയിലുമാണ് (MENA- Middle East and North Africa), ഈ രാജ്യങ്ങളിൽ ഏറ്റവും സമ്പന്നരായ 10% ആളുകളുടെ കയ്യിലാണ് ദേശീയ വരുമാനത്തിന്റെ 58 % വിഹിതം. ഏറ്റവും കുറവ് സാമ്പത്തിക അസമത്വമുള്ള യൂറോപ്പിൽ ഇത് 36 ശതമാനമാണ്. ഇന്ത്യയിലേക്ക് വരുമ്പോൾ ഇത് 57 %. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സമ്പന്നരായ 10 % ആളുകൾ ഇന്ത്യയുടെ മൊത്തം വരുമാനത്തിന്റെ 57 % പങ്കിടുമ്പോൾ താഴെയുള്ള 50% ന്റെ വിഹിതം വെറും 13% മാത്രം. തെക്കുകിഴക്കൻ ഏഷ്യയിലെ രാജ്യങ്ങൾക്കിടയിൽ ഈ രണ്ട് വിഭാഗങ്ങളുടെ (ഉന്നത സമ്പന്നരായ 10 ശതമാനത്തിന്റെയും സമ്പത്തിൽ ഏറ്റവും താഴെയുള്ള 50 ശതമാനത്തിന്റെയും) വരുമാനത്തിന്റെ അനുപാതം നോക്കുമ്പോൾ ഇന്ത്യയുടെത് 22 ആണ്. ഇത് സൈനിക സ്വേച്ഛാധിപത്യ രാജ്യമായ തായ്‌ലൻഡിന്റെ (17) നേക്കാൾ വളരെ കൂടുതലാണ്. വരുമാനത്തിലെയും സമ്പത്തിലെയും ഈ അസമത്വം സ്വാഭാവികമായും ഉപഭോഗത്തിലും കാർബൺ അസമത്വത്തിലും പ്രതിഫലിക്കും. എന്നാൽ കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിസന്ധിയെ നേരിടുമ്പോൾ കാർബൺ ഉദ്‌വമനത്തിലെ ഈ വലിയ അസമത്വങ്ങൾ പരിഹരിക്കേണ്ടത് ആവശ്യമാണ്.
ഒരു വ്യക്തിയുടെ ആഗോള ശരാശരി കാർബൺ ഉദ്‌വമനം പ്രതിവർഷം 6.5 ടൺ കാർബൺ ഡൈ ഓക്സൈഡ് (tCO2) ആണ്. എന്നാൽ ലോകജനസംഖ്യയുടെ താഴെയുള്ള 50 ശതമാനം മനുഷ്യരെ സംബന്ധിച്ചു ഒരാൾക്കു ഇത് വെറും 1.6 tCO2 ആണ്, മൊത്തം ഉദ്‌വമനത്തിന്റെ 12% വിഹിതം. 2019 ലെ ഈ കണക്ക് പ്രകാരം 50% ജനതയുടെ ശരാശരി ഉദ്‌വമനം ആഗോള ശരാശരിയേക്കാൾ 4 മടങ്ങ് താഴെയാണ്. ഇനി 40 ശതമാനം വരുന്ന മധ്യ വർഗം ഒരാൾക്ക് 6.6 tCO2 എന്ന തോതിൽ മൊത്തം ഉദ്‌വമനത്തിന്റെ 40% സംഭാവന ചെയ്തു. എന്നാൽ സാമ്പത്തിക ശേഷിയിൽ ഏറ്റവും ഉയർന്ന 10 ശതമാനം ഒരാൾക്കു 31 tCO2 എന്ന കണക്കിൽ മൊത്തം ഉദ്‌വമനത്തിന്റെ പകുതിയോളം സംഭാവന ചെയ്തു (47.6 ശതമാനം). ഇനി അതി സമ്പന്നരായ 0.1 ശതമാനം അല്ലെങ്കിൽ വെറും 7.7 ദശലക്ഷം ആളുകൾ ഒരാൾക്ക് 467 tCO2 എന്ന തോതിലാണ് കാർബൺ പുറത്തു വിട്ടത്. ഇത്രയും പറഞ്ഞത് കാർബൺ ഉദ്‌വമനത്തിലെ ഈ വലിയ അസമത്വങ്ങൾ പരിഹരിക്കുന്നതിൽ വ്യക്തിഗത ഉദ്‌വമനം പ്രധാനമാണ്, എന്നാൽ അത് നിങ്ങൾ ജനസംഖ്യയുടെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയാനാണ്.
ഇനി ഈ അസമത്വത്തിൽ രാജ്യങ്ങൾക്കുള്ള പങ്ക് നോക്കാം. ഭൂവിനിയോഗ മാറ്റത്തിൽ നിന്നും വനനശീകരണത്തിൽ നിന്നുമുള്ള കാർബൺ ഉദ്‌വമനത്തിന്റ സംഭാവന ഉൾക്കൊള്ളിച്ച ഗ്ലോബൽ കാർബൺ ബജറ്റ് റിപ്പോർട്ട് 2021 പ്രകാരം, 1850 മുതൽ 2021 വരെയുള്ള ചരിത്രപരമായ കാർബൺ പുറന്തള്ളലിൽ ഏറ്റവും വലിയ പങ്ക് ആഗോളതലത്തിൽ അമേരിക്കയുടെതാണ് (20%). തുടർന്ന് ചൈന (11 %), റഷ്യ (7 %), ബ്രസീൽ (5 %), ഇന്തോനേഷ്യ (4 %), ജർമ്മനി (3 .5 %), ഇന്ത്യ (3 .4 %) അങ്ങനെ പോകും (ചിത്രം1). 2021-ലെ മാത്രം കാർബൺ ഉദ്‌വമന കണക്ക് നോക്കിയാൽ പകുതിയിലധികവും ചൈന (31%), യുഎസ് (14%), യൂറോപ്യൻ യൂണിയൻ-28 (8%), ഇന്ത്യ (7%) എന്നിങ്ങനെയും. ഇനി ദേശിയ ശരാശരി മാനദണ്ഡമാക്കി എടുത്താൽ ഇന്ത്യ, ചൈന തുടങ്ങിയ ഉയർന്ന ജനസംഖ്യ ഉള്ള രാജ്യങ്ങൾ ഈ പട്ടികയിൽ കുറേകൂടി താഴേക്കു പോവും, പ്രത്യേകിച് ഇന്ത്യയുടെ ദേശീയ ശരാശരി ലോകശരാശരിയേക്കാൾ വളരെ താഴെയാണ്. എന്നാൽ ഈ ശരാശരികൾ രാജ്യങ്ങൾക്കിടയിലും രാജ്യത്തിനകത്തും ഉള്ള വലിയ അസമത്വങ്ങളെ മറയ്ക്കുന്നു. അതെങ്ങനെയാണെന്നു നോക്കാം.
ഇന്ത്യയ്ക്കുള്ളിൽ, ഒരു വ്യക്തിയുടെ ദേശീയ ശരാശരി 2.2 ടൺ കാർബൺ ഡൈ ഓക്സൈഡ് (tCO2) ആണ്. ഇതിൽ 40 ശതമാനം വരുന്ന മധ്യ വർഗം ഒരാൾക്ക് പ്രതിവർഷം ഏകദേശം 2 tCO2 എന്ന തോതിലും ഏറ്റവും താഴെയുള്ള 50 ശതമാനം ഏകദേശം 1 tCO2 എന്ന തോതിലും സംഭാവന ചെയ്യുന്നുള്ളൂ. ‘നമ്മുടെ’ ഉദ്‌വമനം അതിജീവനവുമായി ബന്ധപ്പെട്ടതാണ് എന്ന് പറയാൻ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന സംഖ്യ ഈ ദേശിയ ശരാശരിയായ 2.2 ആണ്. ജനസംഖ്യയുടെ താഴെയുള്ള 50% (1), മധ്യത്തിലെ 40% (2) എന്നിവരെ സംബന്ധിച്ചു ഈ വാദം ശരി ആയിരിക്കുമ്പോഴും മുകളിലത്തെ 10 ശതമാനം വരുന്ന, ഒരാൾക്കു ഏകദേശം 8.8 tCO2 (ലോക ശരാശരിയേക്കാൾ കൂടുതൽ) എന്ന തോതിൽ ഉദ്‌വമനം നടത്തുന്ന സമ്പന്ന വരേണ്യ വർഗത്തെ സംബന്ധിച്ചു ഈ കണക്ക് കൂട്ടൽ വലിയ തെറ്റാണു. കാരണം, ഇന്ത്യയിലെ ജനസംഖ്യയുടെ 10% എന്ന് പറയുമ്പോൾ ഏകദേശം 140 ദശലക്ഷം മനുഷ്യരാണ് എന്ന് നാം ഓർക്കണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി, പ്രത്യേകിച്ച് യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു ചെറിയ സംഖ്യയല്ല. ഉദാഹരണത്തിന്; ജർമ്മനികളുടെ ജനസംഖ്യ 83 ദശലക്ഷമാണ്, ഇത് ഇന്ത്യയുടെ ജനസംഖ്യയുടെ ഏകദേശം 6% ആണ്, അവരുടെ ശരാശരി പ്രതിശീർഷ കാർബൺ ഉപഭോഗം 7.72 tCO2. അതായത് മൊത്തം ജർമ്മനിയുടെ ശരാശരിയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ 10% ത്തിന്റെ ശരാശരി. ഞാൻ ഇവിടെ ജർമ്മനിയെ ഒരു ഉദാഹരണമായി ഉപയോഗിക്കാൻ കാരണം കാർബൺ ഉദ്‌വമനത്തിന് ചരിത്രപരമായി ആരാണ് ഉത്തരവാദി എന്ന ഗ്രാഫ് നോക്കുമ്പോൾ ഇന്ത്യയ്‌ക്ക് മുകളിലുള്ള ഒരേയൊരു യൂറോപ്യൻ രാജ്യം ജർമ്മനി ആണ് (https://www.carbonbrief.org/analysis-which-countries-are-historically-responsible-for-climate-change/). യൂറോപ്യൻ യൂണിയനിലെ (EU) ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ജർമ്മനി തന്നെ. രണ്ടാമത്തെ ഉദ്‌വമനം കൂടിയ യൂറോപ്യൻ രാജ്യമായ പോളണ്ട്, ഇന്ത്യയുടെ 2.7% ആണ്. ഇനി മുഴുവൻ യൂറോപ്യൻ യൂണിയന്റെ ജനസംഖ്യ ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 31.9% ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയിലെ ജനസംഖ്യ യൂറോപ്യൻ യൂണിയന്റെ ജനസംഖ്യയേക്കാൾ 3.1 മടങ്ങ് കൂടുതലാണ്. ഒരു ശീതരാജ്യത്തെ ഊർജഉല്പാദനത്തിന്റെ ഏറിയ പങ്കും അവരുടെ തണുത്ത കാലാവസ്ഥയെ ചെറുക്കുന്നതിനു ചെലവാക്കേണ്ടി വരും എന്നതും ഇതിനോട് ചേർത്ത വായിക്കണം. ഇത് അതിജീവനവുമായി ബദ്ധപ്പെട്ടതല്ലേ?
ആഗോളതലത്തിൽ, 2020-ൽ COVID-19 പ്രതിസന്ധി എല്ലാ വിധത്തിലുള്ള അസമത്വങ്ങൾക്കും ആക്കം കൂട്ടി. ലോക ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള 50 ശതമാനം വരുന്ന മനുഷ്യരുടെ വരുമാന-വിഹിതത്തിലെ ഇടിവാണു അതിൽ പ്രധാനം, അത് കൂടുതലായി സംഭവിച്ചത് തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിലാണ്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഉയർന്ന അളവിൽ കാർബൺ പുറന്തള്ളുന്നവരും സമ്പന്ന രാജ്യങ്ങളിൽ കുറഞ്ഞ അളവിൽ പുറന്തള്ളുന്നവരും ഉണ്ട്. കാരണങ്ങൾ വ്യത്യസ്തമാവാം. 2022 ലെ ലോക അസമത്വ റിപ്പോർട്ട് അനുസരിച്ച് യൂറോപ്പിലെ 10% വരുന്ന സമ്പന്നരുടെ കാർബൺ ഉദ്‌വമനം 27tCO2 ആണ്, കിഴക്കൻ ഏഷ്യയിൽ ഇത് 34 tCO2 ആണ്. 1990 ൽ, ആഗോള കാർബൺ അസമത്വത്തിന്റെ 63 ശതമാനവും ‘രാജ്യങ്ങൾക്കിടയിലുള്ള’ അസമത്വം മൂലമായിരുന്നു, എന്നാൽ 2019 ആയപ്പോഴേക്കും, വ്യക്തിഗത ആഗോള കാർബൺ അസമത്വത്തിന്റെ 63 ശതമാനവും ‘രാജ്യത്തിനുള്ളി ലെ’ അസമത്വം കാരണമായി (ചിത്രം 2). ചുരുക്കി പറഞ്ഞാൽ, 2022 ലെ പാരിസ്ഥിതിക അസമത്വ ഡാറ്റ അനുസരിച്ച്, ഉദ്‌വമനത്തിലെ ഈ അസമത്വങ്ങൾ ഒരു സമ്പന്ന രാജ്യവും ദരിദ്ര രാജ്യവുമായ പ്രശ്‌നമല്ല, മറിച്ച് എല്ലാ രാജ്യങ്ങളിലെയും ഉയർന്ന ഉപഭോഗക്കാരും കുറഞ്ഞ ഉപഭോഗക്കാരും തമ്മിൽ ഉള്ള പ്രശ്‌നമാണ് (റിപ്പോർട്ടിൽ നിന്ന് എടുത്തത്) എന്ന് നിസ്സംശയം പറയാം, പറയുകയും വേണം. അല്ലാത്ത പക്ഷം, സമ്പന്ന രാജ്യങ്ങളുടെ ആഡംബര പുറന്തള്ളലിനെക്കുറിച്ച് വേവലാതിപ്പെടുമ്പോൾ, നമ്മുടെ കാലാവസ്ഥാ നയങ്ങളും കാർബൺ നികുതികളും താഴ്ന്ന, ഇടത്തരം വരുമാനമുള്ള വിഭാഗങ്ങളെ ആനുപാതികമായി ബാധിക്കുന്നു എന്ന കാതലായ പ്രശ്‍നം അഭിസംബോധന ചെയ്യാതെ പോകും. അങ്ങനെ പോയാൽ ഈ നയങ്ങൾ ഇതേ പടി തുടരുകയും സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താനുതകുന്ന വികസന നയങ്ങൾ തടസപ്പെടുകയും അതേസമയം സമ്പന്ന ഗ്രൂപ്പുകളുടെ ഉപഭോഗ ശീലങ്ങൾ മാറ്റമില്ലാതെ തുടരുകയും ചെയ്യും.
ഇനി ചരിത്രപരമായി ഉത്തരവാദിത്തം ഇല്ലാതിരുന്നാൽ കൂടിയും, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിക്കേണ്ടി വരുന്ന, ചെറുത്തുനില്പിനു് ശേഷി കുറഞ്ഞ, 2030 ഓടെ കാർബൺ ഉദ്‌വമനത്തിൽ വൻ കുതിപ്പിന് സാക്ഷിയാകേണ്ട രാജ്യമെന്ന നിലക്ക് നമ്മൾ അതനുസരിച്ചു പ്രവർത്തിക്കേണ്ടതുണ്ട്.
അതിനു നമ്മൾ ആദ്യം രാജ്യത്തിനുള്ളിലെ ആഡംബരവും അതിജീവനവുമായ ഉദ്‌വമനത്തിന്റെ വിഭജനം നടത്തണം. ഇങ്ങനെ കാർബൺ അസമത്വങ്ങൾ പരിഹരിക്കാൻ രാജ്യത്തിനുള്ളിൽ നോക്കുന്നത് ബഹുമുഖ വേദികളിൽ രാജ്യങ്ങൾ തമ്മിലുള്ള കാർബൺ അസമത്വം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ വാദത്തെ ശക്തിപ്പെടുത്തും. 2019 ലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2030 ആകുമ്പോഴേക്കും ഇന്ത്യൻ ഉദ്‌വമനം 70 ശതമാനം വർദ്ധിക്കും. ഈ സാഹചര്യത്തിൽ, പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന താഴ്ന്ന, മധ്യവർഗത്തിനു ഒന്നും തന്നെ ചെയ്യാനില്ല, അവരുടെ ബഹിർഗമന തോത് കൂടണം, കൂട്ടണം. മുകളിലുള്ള 10% ജനങ്ങളുടെ ഉദ്‌വമനം 58% ൽ കൂടുതൽ കുറയ്ക്കണം എന്നാണ് റിപ്പോർട്ട് പറയുന്നത് (ചൈനയിൽ ഇത് 70% ആണ്). മാത്രമല്ല 2070-ഓടെ നെറ്റ്-സീറോയിലെത്തുകയെന്ന ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തി 2030 ഓടെ രാജ്യത്തിൻറെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഉദ്‌വമന തീവ്രത 45% കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്കിയതുമാണ്. ഇനി ആരാണ് ഈ സമ്പന്ന വിഭാഗത്തിൽ പെടുന്നത് എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക (https://wid.world/income-comparator/IN/).
പ്രതിമാസം എഴുപതിനായിരം (70K) രൂപയോ അതിൽ കൂടുതലോ വരുമാനമുള്ളവർ ഏറ്റവും ഉയർന്ന 10 % ത്തിൽ പെടും എന്ന് കാണാൻ സാധിക്കും. എന്നാൽ അതിൽ എത്രപേർ സ്വന്തം കാർബൺ പാദമുദ്ര കുറക്കാനും (നിങ്ങളുടെ ഇടപെടൽ മൂലം അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്) കാർബൺ കൈമുദ്ര (കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ സ്വീകരിക്കുന്ന പ്രവർത്തനങ്ങൾ) കൂട്ടാനും എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് നമുക്കറിയില്ല. ഈ ഒരു അവബോധം സൃഷ്ടിക്കാനും നമുക്ക് സാധിക്കണം.
അധിക വായനയ്ക്ക്
- https://wir2022.wid.world/
- https://wir2022.wid.world/chapter-6/
- https://wir2022.wid.world/methodology/
- https://www.orfonline.org/expert-speak/carbon-inequality-in-india-the-need-to-look-within/
- https://www.carbonbrief.org/analysis-which-countries-are-historically-responsible-for-climate-change/