Fri. Jul 3rd, 2020

LUCA

Online Science portal by KSSP

ക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?

മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ കുറിച്ചുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം  

[author title=”ഡോ.ടി.പി. കലാധരന്‍” image=”https://luca.co.in/wp-content/uploads/2019/09/kaladharan.png”][/author]

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നത്. ഈ  പശ്ചാത്തലത്തില്‍  മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ പറ്റിയുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം വായിക്കുക.

ആഗോളഭാഷയായ ഇംഗ്ലീഷ് വശത്താക്കാനെന്ന പേരില്‍ ഇപ്പോള്‍ നാട്ടിലാകെ ഇംഗ്ലീഷ് മീഡിയത്തിന്‍റെ  തേരോട്ടമാണല്ലോ. ഇംഗ്ലീഷ് നന്നായി പഠിച്ചാല്‍ പോര, എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ പഠിക്കണം എന്ന ഒരു പൊതുബോധം നമ്മുടെ നാട്ടിലും പരന്നിരിക്കുകയാണ്. ഈ ശാഠ്യത്തില്‍ നിന്നാണ് ഇവിടെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വ്യാപിക്കുന്നത്.  പക്ഷേ, ലോകത്താകെയുള്ള പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നത് കുട്ടിയുടെ വ്യക്തിത്വവികാസത്തിനും ശേഷീ വികാസത്തിനുമെല്ലാമുതകുന്നത് മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണെന്നാണ്. ഈ പശ്ചാത്തലത്തിലാണ് ഏതു മാധ്യമം തെരഞ്ഞടുക്കണമെന്നത്  കുട്ടിയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി സനിഷ്കര്‍ഷമായി പരിശോധിക്കപ്പെടേണ്ടത്

എന്തിനു മാതൃഭാഷയില്‍ പഠിക്കണം?

മുന്‍ ഫ്രഞ്ച് കോളനിയായിരുന്ന മാലിയില്‍ പഠനിലവാരം പരിതാപകരമായിരുന്നു. ഫ്രഞ്ചാണ് ബോധനമാധ്യമം.നിലവാരത്തകര്‍ച്ചയ്ക്ക് കാരണം ഭാഷയാണെന്നൊരു തിരിച്ചറിവ് അവര്‍ക്കുണ്ടായി.വെറുതേ ഏകപക്ഷീതമായി വൈകാരിക തീരുമാനം എടുക്കാതെ ശാസ്ത്രീയമായി പിരശോധിക്കാനാണവര്‍ തീരുമാനിച്ചത്. 1979 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇരുഭാഷാ പഠനം ആരംഭിച്ചു.മാതൃഭാഷയ്ക്ക് ആദ്യപരിഗണന നല്‍കി.1987 മുതല്‍ഒന്നു മുതല്‍ ആറു വരെ ക്ലാസുകളില്‍ മാതൃഭാഷയെയും ഫ്രഞ്ചിനേയും കൂട്ടിയിണക്കി പഠിപ്പിച്ചു. ആദ്യം മാതൃഭാഷയില്‍ പഠിപ്പ് .ക്രമേണ ഫ്രഞ്ചിലേക്ക് മാറും.കണ്‍വര്‍ജന്റ് പെഡഗോജി എന്ന പേരിലറിയപ്പെട്ട ഈ പരിഷ്കാരം 1993ലെ ദേശീയ നിലവാരപ്പരീക്ഷയില്‍ മാതൃഭാഷയില്‍ പഠിച്ചവരില്‍ 77% വിജയിച്ചപ്പോള്‍ ഫ്രഞ്ച് മാധ്യമത്തില്‍ പഠിച്ചവരില്‍ 66% നേ വിജയം കാവരിക്കാനായുളളൂ.വളരെ കൃത്യമായ ഗവേഷണാത്മകമായ ഈ അനുഭവം ഒറ്റപ്പെട്ടതല്ല.മാതൃഭാഷ ചെറുപ്രായത്തിലെ ആശയരൂപീകരണത്തെ എങ്ങനെ അനുകൂലമായി സ്വാധീനിക്കുമെന്നതിന്റെ തെളിവാണിത്.

പപ്വാ ഗ്വിനിയയില്‍ 820 നോടടുത്ത് സജീവഭാഷകളുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഈ ഭാഷകള്‍ക്ക് പരിഗണന ലഭിച്ചിരുന്നു. 1975 മുതല്‍ ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടു.പഠനമാധ്യമവും ഇംഗ്ലീഷായി.ഫലം നിരാശാജനകമായിരുന്നു, വിദ്യാഭ്യാസം താളം തെറ്റി. 1991ല്‍ അവര്‍ തെറ്റു തിരുത്താന്‍ നിര്‍ബന്ധിതരായി.420 ഭാഷകള്‍ക്ക് പഠനമാധ്യമമാകുവാന്‍ അവസരം കിട്ടി. മൂന്നാം തരം വരെ മാതൃഭാഷയില്‍ പഠനം. പിന്നെ ഇംഗ്ലീഷിലേക്ക് മാറും. ഇവിടെയും ഇരുഭാഷാപഠന രീതിയാണ് സ്വീകരിച്ചത്. പെറുവില്‍ സ്പാനിഷ് ഭാഷയിലായിരുന്നു ബോധനം. അവിടെയും നിലവാരപ്രശ്നം അഭിമുഖീകരിച്ചു. ആദ്യവര്‍ഷങ്ങളിലെ വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെ ആകണമെന്നവരും തീരുമാനിച്ചു.

അമേരിക്കയില്‍ നടത്തിയ ശ്രദ്ധേയമായ ഒരു പഠനത്തെ യുനസ്കോ ഉദാഹരിക്കുന്നുണ്ട്.1985-2001വരെ കാലയളവില്‍ രാജ്യത്തിന്റെ വിവധഭാഗങ്ങളിലെ ലക്ഷ ക്കണക്കിനു വിദ്യാര്‍ഥികളുടെ പഠനനിലവാരവും ബോധനമാധ്യമവും സംബന്ധിച്ച് തോമസും കോളിയറും (Wayne Thomas and Virginia Collier) നടത്തിയ ഈ പഠനത്തില്‍ ആദ്യത്തെ ആറു വര്‍ഷക്കാലം മാതൃഭാഷയില്‍ പഠിക്കുന്ന കുട്ടികള്‍ അന്യഭാഷയില്‍ പഠിക്കുന്നവരേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തി.(Mother Tongue Matters: Local Language as a Key to Effective Learning,UNESCO)

രണ്ടായിരത്തി രണ്ടില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ശാസ്ത്രവും ഗണിതവും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതിനു തീരുമാനമെടുത്തു.അതു വരെ പഠനമാധ്യമം മലായ്, ചൈനീസ്,തമിഴ് എന്നിവയായിരുന്നു. ആറുവര്‍ഷക്കാലത്തെ പരീക്ഷണത്തില്‍ നിന്നും അവര്‍ക്കു മനസിലായത് വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴാനേ ഈ നടപടി വഴിയൊരുക്കിയുളളൂ എന്നാണ്. 2009 ല്‍ വീണ്ടും പഠനമാധ്യമം മാതൃഭാഷയിലേക്കു കൊണ്ടുവന്നു.

കരോള്‍ ബന്‍സിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ (The importance of mother tongue-based schooling for educational quality) മാതൃഭാഷയെ പിന്തുണയ്ക്കുന്ന നിരവിധി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഗവേഷണപഠനങ്ങളുടെ പിന്‍ബലത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കാര്യങ്ങളിവയാണ്.ശബ്ദവും ലിഖിതരൂപവും പൊരുത്തപ്പെടുത്തി ഭാഷാജ്ഞാനം നേടാനുളള ധാരണാപരമായ വികാസം മാതൃഭാഷയില്‍ പഠിക്കുന്നവരില്‍ മികച്ചു നില്‍ക്കും.പരിചിത ഭാഷയില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അനായാസം വായിക്കാനുളള കഴിവു കിട്ടുക.വായനാപാഠത്തില്‍ തുടര്‍ന്നെന്തു സംഭവിക്കുമെന്നു പ്രവചിക്കാനും ആശയവിനിമയം നടത്താനുമുളള ശേഷിയും താരതമ്യേന ഉയര്‍ന്നതായിരിക്കും.

ആശയരൂപീകരണപ്രക്രിയയില്‍ മാതൃഭാഷയ്ക്ക് നിര്‍ണായക സ്ഥാനമാണുളളത്. മാതൃഭാഷയിലൂടെ കുട്ടികളുമായുളള അധ്യാപകരുടെ ചര്‍ച്ചകളും പങ്കാളിത്ത പഠനീതിയും ഭാഷാവികാസത്തെ മാത്രമല്ല ബൗദ്ധിക വികാസത്തേയും പ്രദാനം ചെയ്യും. എന്നാല്‍ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയില്‍ പഠിക്കുമ്പോള്‍ ഭാഷാഭാരം കുട്ടികള്‍ അനുഭവിക്കുന്നു.കാണാപാഠം പഠനത്തിനു നിര്‍ബന്ധിക്കുന്നു. അധ്യാപകരാകട്ടെ എന്തെങ്കിലും മനസിലാക്കട്ടെ എന്നു കരുതി മാതൃഭാഷയില്‍ വിശദീകരിച്ച് തൃപ്തിപ്പെടുന്നു. വരത്തഭാഷയിലൂടെ ആശയരൂപീകരണം ക്ലേശകരമാണ്.

മാതൃഭാഷയില്‍ നേടുന്ന സാക്ഷരതാനൈപുണി രണ്ടാഭാഷാപഠനത്തെ ഗുണപരമായി സ്വാധീനിക്കുന്നതായി പഠനങ്ങളുണ്ട്.കുട്ടികള്‍ക്ക് ഭാഷാസമ്മര്‍ദ്ദമില്ലാതെ ആത്മപ്രകാശനം നടത്താന്‍ ,തുറന്നു അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് അധ്യാപകര്‍ക്ക് അവരെത്രത്തോളം നന്നായി പഠിച്ചു എന്നു മനസിലാക്കുവാനാവുക.ആശയങ്ങളും വസ്തുതകളും ഉള്‍ക്കൊള്ളാനുളള കഴിവിനെ രണ്ടാംഭാഷ പരിമിതപ്പെടുത്തും.ആത്മവിശ്വാസം , സ്വത്വബോധം തുടങ്ങിയ വൈകാരികമണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ശക്തിപ്പെടുത്തുക മാതൃഭാഷയിലൂടെയുളള പഠനമാണ്. സര്‍ഗാത്മക ചിന്തയ്ക്കും പ്രചോദിതരമായി പ്രവര്‍ത്തിക്കുന്നതിനും മുന്‍കൈയെടുക്കുന്നതിനും അനുവിദിക്കപ്പെടുന്ന ഭാഷാപരിസരം മറ്റൊന്നല്ല.വ്യക്തിത്വ വികാസത്തിന്റെ പടവുകള്‍ കയറാന്‍ അനുയോജ്യം മാതൃഭാഷയിലൂടെയുളള പഠനമാണത്രേ!

മാതൃഭാഷാധിഷ്ടിത ഇരുഭാഷാപഠനരീതി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കിയാലേ നേട്ടം സാധ്യമാകൂ

ഏതു രാജ്യത്താണ് മികച്ചനിലവാരമുളള വിദ്യാഭ്യാസമുളളത്?

പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍റ് അസസ്മെന്റ് (PISA),അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസഗുണനലവാരം കണക്കാക്കുന്ന പ്രധാന പരീക്ഷയാണ്. അറുപത്തിയഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത 2009 ലെ പരീക്ഷയില്‍ ചൈന, കൊറിയ, ഹോംങ്കോഗ്,ഫിന്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് മുന്നില്‍. ഈ രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയിലാണ് പഠിക്കുന്നത്.

ഇന്റര്‍നാഷണല്‍ മാത്ത്മാറ്റിക്സ് ആന്‍ഡ് സയന്‍സ് സ്റ്റഡി ആണ് മറ്റൊരു അന്താരാഷ്ട്രപ്പരീക്ഷ.  നാലും ഏട്ടും ക്ലാസുകളിലെ കുട്ടികളുടെ ശാസ്ത്രത്തിലും ഗണിതത്തിലുമുളള നിലവാരം ആണ് പരിശോധിക്കുക.2007ല്‍ അമ്പത്തൊമ്പതു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.കൊറിയ, ജപ്പാന്‍, ഫിന്‍ലാന്റ്,തായ്വാന്‍ എന്നിവ ഉയര്‍ന്ന സ്കോര്‍ നേടി.മാതൃഭാഷയിലെ പഠനം ഈ വിഷയങ്ങളില്‍ കുട്ടിക മുന്നിലെത്തുന്നതിനു തടസ്സമായില്ല.

എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ ലോകശരാശരിയിലും താഴെയാണെന്നു കണ്ടെത്തി.(2006)

അന്താരാഷ്ട്ര ഗണിത-ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പ്രകടനം മാതൃഭാഷയിലൂടെ ബോധനം നടത്തുന്ന രാജ്യങ്ങളുടേതിനേക്കാള്‍ പിന്നിലാണ്. ( ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേസ്, ഫിലിപ്പൈന്‍സ് മലേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷില്‍ പരീക്ഷ എഴുതി പിന്നിലായപ്പോള്‍ ചൈന,ഇന്തോനേഷ്യ, കൊറിയ, തായ്ലന്റ്, വിയറ്റ്നാം, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ അവരുടെ മാതൃഭാഷയിലെഴുതി മുന്നിലെത്തി.)

2010 ലെ ഗണിത ഒളിമ്പ്യാഡില്‍ ഉന്നതസ്ഥാനം നേടിയ ആദ്യത്തെ ഇരുപത് രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ചവരും പരീക്ഷ അതേ ഭാഷയിലെഴുതിയവരുമാണ്.

മിഥ്യാധാരണകള്‍

1.ഏക ഭാഷാവാദം.

ഒരു രാജ്യത്തിനൊരു ഭാഷ എന്നത് കോളണി വാഴ്ചയുടെ ഫലമായി പലരുടേയും മനസില്‍ രൂപപ്പെട്ട ചിന്തയാണ്. ബഹുവിധ ഭാഷാസമൂഹങ്ങളെ കോര്‍ത്തിണക്കാനുളള ഭാഷയെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ച ഇന്ത്യയില്‍ പോലും ഭരണഭാഷ മാതൃഭാഷയാകാനെത്ര കാലം വേണ്ടി വന്നു? എത്ര ഉത്തരവുകള്‍ ഇറക്കിയിട്ടും ഇപ്പോഴും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിദേശഭാഷയിലേ കത്തിടപാടുകല്‍ നടത്തൂ. പ്രമാണങ്ങളും മറ്റു രേഖകളും തയ്യാറാക്കൂ. ബാലാവകാശകമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി നോക്കൂ. നിരീക്ഷണയില്‍ ഒരു പരാതി നല്‍കണമെങ്കില്‍ ഇരുഭാഷകളിലും നിര്‍ദ്ദേശങ്ങള്‍ കാണാം. അവകാശനിഷേധത്തെ ചെറുക്കാന്‍ ഭാഷ തയസ്സമായിക്കൂടാ. എന്നാല്‍ കേരളത്തില്‍ അക്കാദമിക വിദ്യാഭ്യാസ ശീര്‍ഷസ്ഥാനത്തുളള എസ് സി ഇ ആര്‍ ടി, പരീക്ഷാഭവന്‍, സീമാറ്റ്, ഐ ടി @സ്കൂള്‍. ഡി പി ഐ, എസ് എസ് എ എന്നിവയുടെ വെബ് സൈറ്റുകള്‍ നോക്കൂ. എന്താണ് അവസ്ഥ? മാതൃഭാഷയിലും എല്ലാ അറിയിപ്പുകളും നല്‍കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ? എന്തുകൊണ്ട് മലയാളം വെബ്സൈറ്റും ആയിക്കൂടാ?

2.പ്രാദേശികഭാഷയ്ക്ക് കരുത്തില്ല!

ആധുനിക വിജ്ഞാനത്തെ ഉള്‍ക്കൊളളാനുളള കരുത്ത് ഇംഗ്ലീഷിനു മാത്രമേയുളളൂ. അതിനാല്‍ ഉയര്‍ന്ന തലത്തിലെ പഠനം നിര്‍ബന്ധമായും ഇംഗ്ലീഷിലാകണം.യൂറോപ്യന്‍ ഭാഷകള്‍ മാത്രമാണ് കരുത്തുളള ഭാഷകള്‍ എന്നാണ് വിശ്വാസം..മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ കോഴ്സുകളില്‍ പഠനമാധ്യമം മാതൃഭാഷയിലുളള നിരവധി രാജ്യങ്ങളുണ്ട്.ഉദാഹരണം- ചൈനീസ്, സ്പാനിഷ്,പോര്‍ച്ചഗീസ്, ജാപ്പാനീസ്,ജര്‍മന്‍, വിയറ്റ്നാമീസ്,ഫ്രഞ്ച്, കൊറിയന്‍,ഇറ്റാലിയന്‍,ടര്‍ക്കിഷ്,പോളിഷ്, ഉക്രേനിന്‍, മലായ്, പേര്‍ഷ്യന്‍, അസേറി പിന്നെ ഇംഗ്ലീഷ് നാട്ടിലെ അവരുടെ മാതൃഭാഷയും.

3.രണ്ടു ഭാഷകളില്‍ പഠിക്കുന്നതിനേക്കാള്‍ നന്ന് ഒരു മികച്ച ഭാഷ

മാതൃഭാഷാമാധ്യമത്തില്‍ പഠിക്കുന്നു എന്ന കാരണത്താല്‍ കുട്ടികള്‍ പഠനനിലവാരത്തില്‍ പിന്നിലാകുന്നു എന്നതിനു ഗവേഷണപിന്തുണയില്ല. സ്വീഡന്‍ മാതൃഭാഷയെ നിരാകരിക്കാതെ ലോകോത്തര നിലവാരം കൈവരിച്ചത് നാം കാണുന്നു. ജപ്പാനാണ് മറ്റൊരു ഉദാഹരണം.

4.ആഗോള ഭാഷ

വിദേശഭാഷയില്‍ പഠിച്ചാലേ ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും അവസരങ്ങളും ലഭിക്കൂ എന്നതാണ് മറ്റൊരു അന്ധവിശ്വാസം. ചൈനയുടെയും ജപ്പാന്റേയും അനുഭവങ്ങള്‍ ലോകത്തുണ്ടെങ്കിലും കോളണിരാജ്യങ്ങളിലെ ജനത ഇത്തരം അന്ധ വിശ്വാസത്തിലാണ്. ശക്തരായ രാഷ്ട്രനേതൃത്വമുളള രാജ്യങ്ങളില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്നില്ല. അങ്ങനെ വിദ്യാഭ്യാസം നേടുന്നതിലൂടെ അവിടുത്തെ ജനത വഴിയാധാരമാകുന്നുമില്ല. രാജ്യം സാമ്പത്തിക പുരോഗതി നേടാതെയിരിക്കുന്നുമില്ല.

5.രക്ഷിതാക്കള്‍ക്കു വേണ്ടത് ഇംഗ്ലീഷ്

നല്ല നിലവാരമുളള മലയാളം അണ്‍ എയിഡഡ് വിദ്യാലയങ്ങളുളള നാടുകൂടിയാണ് കേരളം എന്നതാണ് കൗതുകകരമായ വസ്തുത.Department of Economics & Statistics-2009 ല്‍ നടത്തിയ പഠനത്തില്‍ 356 അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ മാതൃഭാഷയാണ് ബോധനമാധ്യമം. എന്താണ് ഇതു സൂചിപ്പിക്കുന്നത്? സമീപത്ത് വിശ്വാസ്യതയുളള പൊതു വിദ്യാലയം ഇല്ലാത്തതിനാല്‍ നിലവാരമുളള മലായളമാധ്യമ വിദ്യാലയങ്ങള്‍ക്ക് അത് അണ്‍ എയിഡഡാണെങ്കിലും സ്വീകാര്യതയുണ്ടെന്നാണ്. രക്ഷിതാക്കള്‍ക്ക് ബോധ്യമുണ്ടാകുന്ന ഇടപെടല്‍ നടത്താനാണ് സമൂഹം തയ്യാറാകേണ്ടത്.

6.അധ്യാപക അയോഗ്യത

അധ്യാപകരും സമൂഹത്തിന് ആത്മവിശ്വസം നല്‍കുന്നില്ല. ഈ വിദ്യാലയത്തില്‍ പഠിക്കുന്ന ഒരു കുട്ടി പോലും ഇംഗ്ലീഷില്‍ പിന്നിലാകില്ല എന്നുറപ്പു കൊടുക്കാനവര്‍ക്കു കഴിയുന്നില്ല. എന്താണ് കാരണം? ഇന്നത്തെ ടിടിസി ക്കാര്‍ പ്രീഡിഗ്രി വരെ പഠിച്ചവരാണ്. അത്രയും കാലത്തെ നിലവിലുളള പഠനരീതി ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനവരെ പ്രാപ്തരാക്കുന്നില്ല. ഇംഗ്ലീഷില്‍ ആവശ്യത്തിനു ബിരുദധാരികള്‍ ഉണ്ടെങ്കിലും അവരെ ഇംഗ്ലീഷ് അധ്യാപകരായി പരിശീലിപ്പിച്ചെടുത്തു നിയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. നിയമിതരായ അധ്യാപകര്‍ക്ക് ആശയവിനിമയനൈപുണി നേടുന്നതിനു സഹായകമായ പരിശീലനപ്പാക്കേജും ഇല്ല.ഇത്തരം ക്രിയാത്മകമായ നടപടിക്കു പകരം ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം, ഇംഗ്ലീഷ് മീഡിയം എന്നിവ അനുവദിക്കാനാണ് തീരുമാനം.

7. എത്രയും നേരത്തേ പഠിക്കുന്നവോ അത്രയും നന്ന്

ചെറിയ പ്രായത്തിലേ ഇംഗ്ലീഷ് പഠിക്കുന്നതാണ് നല്ലതെന്ന വാദഗതി ഉണ്ട്.അനുകൂലമായ ഭാഷാന്തരീക്ഷം ലഭിക്കുകയാണെങ്കില്‍ എത്ര ഭാഷയും കുട്ടിക്ക് സ്വായത്തമാക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ഒന്നിലധികം ഭാഷകള്‍ പഠിക്കുന്നത് മാതൃഭാഷയെ നിരാകരിച്ചുകൊണ്ടാകണമെന്നല്ല

8. ചരിത്ര പരത

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഇന്ത്യയിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്കര്‍ത്താക്കളും പിന്തുണച്ചു. കാരണം അക്കാലങ്ങളില്‍ ഇന്തയില്‍ നിലനിന്ന വിവേചനങ്ങളും വിദ്യാനിഷേധങ്ങളും യാഥാസ്ഥിതികതയുമെല്ലാമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരാണ് സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വം വഹിച്ചതും. അക്കാലത്താണ് ഭരണഭാഷയായി ഇംഗ്ലീഷ് അവരോധിക്കപ്പെടുന്നതും.വികസനത്തിന്റെ വാതില്‍ തുറന്നിട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം ശാസ്ത്രബോധത്തേയും യുക്തി ചിന്തയേയും പരിപോഷിപ്പിച്ചു.സമത്വാധിഷ്ടതമായ ലോകവീക്ഷണത്തെ ഇന്ത്യക്കു പരിചയപ്പെടുത്തി.പരമ്പരാഗതമായ ഉളളടക്കത്തിനു പകരം ആധുനികമായ പഠനവിഷയങ്ങള്‍ കടന്നു വന്നു.സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലുളളവരാണ് ആദ്യം ആധുനികവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായത്. സ്വാഭാവികമായി ഭരണരംഗത്ത് ആ വിഭാഗത്തിന്റെ ആധിപത്യവുമുണ്ടായി.സമൂഹികപദവി,തൊഴില്‍, അധികാരം, ഭാഷ ഇവ തമ്മില്‍ ചേര്‍ത്തു വെച്ചു വായിക്കപ്പെട്ടു. കൊളോണിയല്‍ വിധേയത്വം മുതുകില്‍ നിന്നും കുടഞ്ഞെറിഞ്ഞിട്ടും മനസില്‍ കൂനായി കൊണ്ടു നടന്നവരുണ്ട്.ദേശീയ സ്വാതന്ത്ര്യം നേടിയെങ്കിലും പലരും സാംസ്കാരിക സ്വാതന്ത്ര്യം നേടിയില്ല.കോളണിവാഴ്ചയില്ലാത്ത രാജ്യങ്ങളെ നോക്കി പഠിക്കുന്നതും ചരിത്രത്തില്‍ നിന്നും ഉള്‍ക്കൊളളലാണ്.

8.വിനിമയക്ഷമത

അതെയവസരത്തിൽ മിഷണറിമാര്‍ ഇംഗ്ലീഷിലുളള ആശയവിനമിയ രീതിയല്ല സ്വീകരിച്ചത്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു. പഠിപ്പിച്ചു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മതാശയപ്രചാരണത്തിന് അനുയോജ്യഭാഷ തദ്ദേശീയ ഭാഷ തന്നെയാണ് എന്നവര്‍ക്കറിയാമായിരുന്നു. ആഗോള വിപണി നിയന്ത്രിക്കുന്ന കുത്തകള്‍ അവരുടെ ഉല്പന്നങ്ങള്‍ അതാത് പ്രദേശത്തെ ഭാഷയും സാംസ്കാരിക ചിഹ്നങ്ങളും പ്രയോജനപ്പെടുത്തിയാണ് വില്ക്കുന്നത്. വേഗം വിപണി കയ്യടക്കാനുളള ഉപാധിയായി തദ്ദേശീയഭാഷയെ അവരും ഉപയോഗിക്കുന്നു.

ജനാധിപത്യത്തിന്റേയും പ്രതിരോധത്തിന്റേയും ഭാഷ

സമീപകാലത്ത് സാംസ്കാരികാധിനിവേശത്തിനെതിരായി ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും മറ്റും നടക്കുന്ന സമരങ്ങളില്‍ മാതൃഭാഷാ സംരക്ഷണവും പഠനവും അജണ്ടയാണ്.നൂതനവും സര്‍ഗാത്മകവുമായ സമൂഹത്തിന് അനുയോജ്യഭാഷ മാതൃഭാഷയാണെന്നവര്‍ പ്രഖ്യാപിക്കുന്നു. മ്യാന്‍മാര്‍. തായ് ലന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ ഭാഷാ സാംസ്കാരിക വൈവിധ്യത്തെ മാനിക്കുന്നതിനുളള നയപരിപാടികളുമായി മുന്നോട്ടു പോവുകയാണ്.

കുട്ടിയുടെ ഇഷ്ടം എന്നപേരില്‍ മാതൃഭാഷ ബോധനമാധ്യമാകുന്നതിനെ തിരസ്കരിക്കാനുള്ള ഏതു നീക്കത്തെയും നാടിന്‍റെ പുരോഗതിയും കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസവും ആഗ്രഹിക്കുന്ന ഏവരും ഏതിര്‍ത്തു തോല്പിക്കേണ്ടതുണ്ട്.


കെ.എ.എസ്സും മാതൃഭാഷയും 

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുകയാണ്.  സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.  ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിർവഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി ചര്‍ച്ച ചെയ്യപ്പെടണം. ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തസ്തികകളിൽ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കിൽ അതിന് അത്തരം ചോദ്യങ്ങളുൾപ്പെട്ട ഒരു ഭാഗം പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ മതിയാകും.

ഭരണം സുതാര്യവും ജനങ്ങൾക്കു കൂടുതൽ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിർവഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സർക്കാർ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്കാരക്കമ്മീഷനുകളും ഒരേ സ്വരത്തിൽ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശമാണ്. ബിരുദതലംവരെ മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്. ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളിൽ ആ അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ വര്‍ധിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോള്‍ അതിനാക്കം കൂട്ടാന്‍ മാത്രമേ പി.എസ്.സി. യുടെ ഈ നിലപാട് സഹായിക്കൂ. പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കാൻ തയ്യാറാകുകയല്ലേ വേണ്ടത്.

%d bloggers like this: