Read Time:25 Minute

ഡോ.ടി.പി. കലാധരന്‍

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുന്നത്. ഈ  പശ്ചാത്തലത്തില്‍  മാതൃഭാഷ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തെ പറ്റിയുള്ള മിഥ്യാധാരണകളെ കുറിച്ചും ഉള്ള ലേഖനം വായിക്കുക.

ആഗോളഭാഷയായ ഇംഗ്ലീഷ് വശത്താക്കാനെന്ന പേരില്‍ ഇപ്പോള്‍ നാട്ടിലാകെ ഇംഗ്ലീഷ് മീഡിയത്തിന്‍റെ  തേരോട്ടമാണല്ലോ. ഇംഗ്ലീഷ് നന്നായി പഠിച്ചാല്‍ പോര, എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ പഠിക്കണം എന്ന ഒരു പൊതുബോധം നമ്മുടെ നാട്ടിലും പരന്നിരിക്കുകയാണ്. ഈ ശാഠ്യത്തില്‍ നിന്നാണ് ഇവിടെ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം വ്യാപിക്കുന്നത്.  പക്ഷേ, ലോകത്താകെയുള്ള പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നത് കുട്ടിയുടെ വ്യക്തിത്വവികാസത്തിനും ശേഷീ വികാസത്തിനുമെല്ലാമുതകുന്നത് മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണെന്നാണ്. ഈ പശ്ചാത്തലത്തിലാണ് ഏതു മാധ്യമം തെരഞ്ഞടുക്കണമെന്നത്  കുട്ടിയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി സനിഷ്കര്‍ഷമായി പരിശോധിക്കപ്പെടേണ്ടത്

എന്തിനു മാതൃഭാഷയില്‍ പഠിക്കണം?

മുന്‍ ഫ്രഞ്ച് കോളനിയായിരുന്ന മാലിയില്‍ പഠനിലവാരം പരിതാപകരമായിരുന്നു. ഫ്രഞ്ചാണ് ബോധനമാധ്യമം.നിലവാരത്തകര്‍ച്ചയ്ക്ക് കാരണം ഭാഷയാണെന്നൊരു തിരിച്ചറിവ് അവര്‍ക്കുണ്ടായി.വെറുതേ ഏകപക്ഷീതമായി വൈകാരിക തീരുമാനം എടുക്കാതെ ശാസ്ത്രീയമായി പിരശോധിക്കാനാണവര്‍ തീരുമാനിച്ചത്. 1979 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇരുഭാഷാ പഠനം ആരംഭിച്ചു.മാതൃഭാഷയ്ക്ക് ആദ്യപരിഗണന നല്‍കി.1987 മുതല്‍ഒന്നു മുതല്‍ ആറു വരെ ക്ലാസുകളില്‍ മാതൃഭാഷയെയും ഫ്രഞ്ചിനേയും കൂട്ടിയിണക്കി പഠിപ്പിച്ചു. ആദ്യം മാതൃഭാഷയില്‍ പഠിപ്പ് .ക്രമേണ ഫ്രഞ്ചിലേക്ക് മാറും.കണ്‍വര്‍ജന്റ് പെഡഗോജി എന്ന പേരിലറിയപ്പെട്ട ഈ പരിഷ്കാരം 1993ലെ ദേശീയ നിലവാരപ്പരീക്ഷയില്‍ മാതൃഭാഷയില്‍ പഠിച്ചവരില്‍ 77% വിജയിച്ചപ്പോള്‍ ഫ്രഞ്ച് മാധ്യമത്തില്‍ പഠിച്ചവരില്‍ 66% നേ വിജയം കാവരിക്കാനായുളളൂ.വളരെ കൃത്യമായ ഗവേഷണാത്മകമായ ഈ അനുഭവം ഒറ്റപ്പെട്ടതല്ല.മാതൃഭാഷ ചെറുപ്രായത്തിലെ ആശയരൂപീകരണത്തെ എങ്ങനെ അനുകൂലമായി സ്വാധീനിക്കുമെന്നതിന്റെ തെളിവാണിത്.

പപ്വാ ഗ്വിനിയയില്‍ 820 നോടടുത്ത് സജീവഭാഷകളുണ്ട്.ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെ ഈ ഭാഷകള്‍ക്ക് പരിഗണന ലഭിച്ചിരുന്നു. 1975 മുതല്‍ ഇംഗ്ലീഷ് ഔദ്യോഗികഭാഷയായി അംഗീകരിക്കപ്പെട്ടു.പഠനമാധ്യമവും ഇംഗ്ലീഷായി.ഫലം നിരാശാജനകമായിരുന്നു, വിദ്യാഭ്യാസം താളം തെറ്റി. 1991ല്‍ അവര്‍ തെറ്റു തിരുത്താന്‍ നിര്‍ബന്ധിതരായി.420 ഭാഷകള്‍ക്ക് പഠനമാധ്യമമാകുവാന്‍ അവസരം കിട്ടി. മൂന്നാം തരം വരെ മാതൃഭാഷയില്‍ പഠനം. പിന്നെ ഇംഗ്ലീഷിലേക്ക് മാറും. ഇവിടെയും ഇരുഭാഷാപഠന രീതിയാണ് സ്വീകരിച്ചത്. പെറുവില്‍ സ്പാനിഷ് ഭാഷയിലായിരുന്നു ബോധനം. അവിടെയും നിലവാരപ്രശ്നം അഭിമുഖീകരിച്ചു. ആദ്യവര്‍ഷങ്ങളിലെ വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെ ആകണമെന്നവരും തീരുമാനിച്ചു.

അമേരിക്കയില്‍ നടത്തിയ ശ്രദ്ധേയമായ ഒരു പഠനത്തെ യുനസ്കോ ഉദാഹരിക്കുന്നുണ്ട്.1985-2001വരെ കാലയളവില്‍ രാജ്യത്തിന്റെ വിവധഭാഗങ്ങളിലെ ലക്ഷ ക്കണക്കിനു വിദ്യാര്‍ഥികളുടെ പഠനനിലവാരവും ബോധനമാധ്യമവും സംബന്ധിച്ച് തോമസും കോളിയറും (Wayne Thomas and Virginia Collier) നടത്തിയ ഈ പഠനത്തില്‍ ആദ്യത്തെ ആറു വര്‍ഷക്കാലം മാതൃഭാഷയില്‍ പഠിക്കുന്ന കുട്ടികള്‍ അന്യഭാഷയില്‍ പഠിക്കുന്നവരേക്കാള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തി.(Mother Tongue Matters: Local Language as a Key to Effective Learning,UNESCO)

രണ്ടായിരത്തി രണ്ടില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ശാസ്ത്രവും ഗണിതവും ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നതിനു തീരുമാനമെടുത്തു.അതു വരെ പഠനമാധ്യമം മലായ്, ചൈനീസ്,തമിഴ് എന്നിവയായിരുന്നു. ആറുവര്‍ഷക്കാലത്തെ പരീക്ഷണത്തില്‍ നിന്നും അവര്‍ക്കു മനസിലായത് വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴാനേ ഈ നടപടി വഴിയൊരുക്കിയുളളൂ എന്നാണ്. 2009 ല്‍ വീണ്ടും പഠനമാധ്യമം മാതൃഭാഷയിലേക്കു കൊണ്ടുവന്നു.

കരോള്‍ ബന്‍സിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ (The importance of mother tongue-based schooling for educational quality) മാതൃഭാഷയെ പിന്തുണയ്ക്കുന്ന നിരവിധി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. ഗവേഷണപഠനങ്ങളുടെ പിന്‍ബലത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കാര്യങ്ങളിവയാണ്.ശബ്ദവും ലിഖിതരൂപവും പൊരുത്തപ്പെടുത്തി ഭാഷാജ്ഞാനം നേടാനുളള ധാരണാപരമായ വികാസം മാതൃഭാഷയില്‍ പഠിക്കുന്നവരില്‍ മികച്ചു നില്‍ക്കും.പരിചിത ഭാഷയില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അനായാസം വായിക്കാനുളള കഴിവു കിട്ടുക.വായനാപാഠത്തില്‍ തുടര്‍ന്നെന്തു സംഭവിക്കുമെന്നു പ്രവചിക്കാനും ആശയവിനിമയം നടത്താനുമുളള ശേഷിയും താരതമ്യേന ഉയര്‍ന്നതായിരിക്കും.

ആശയരൂപീകരണപ്രക്രിയയില്‍ മാതൃഭാഷയ്ക്ക് നിര്‍ണായക സ്ഥാനമാണുളളത്. മാതൃഭാഷയിലൂടെ കുട്ടികളുമായുളള അധ്യാപകരുടെ ചര്‍ച്ചകളും പങ്കാളിത്ത പഠനീതിയും ഭാഷാവികാസത്തെ മാത്രമല്ല ബൗദ്ധിക വികാസത്തേയും പ്രദാനം ചെയ്യും. എന്നാല്‍ മാതൃഭാഷയല്ലാത്ത മറ്റൊരു ഭാഷയില്‍ പഠിക്കുമ്പോള്‍ ഭാഷാഭാരം കുട്ടികള്‍ അനുഭവിക്കുന്നു.കാണാപാഠം പഠനത്തിനു നിര്‍ബന്ധിക്കുന്നു. അധ്യാപകരാകട്ടെ എന്തെങ്കിലും മനസിലാക്കട്ടെ എന്നു കരുതി മാതൃഭാഷയില്‍ വിശദീകരിച്ച് തൃപ്തിപ്പെടുന്നു. വരത്തഭാഷയിലൂടെ ആശയരൂപീകരണം ക്ലേശകരമാണ്.

മാതൃഭാഷയില്‍ നേടുന്ന സാക്ഷരതാനൈപുണി രണ്ടാഭാഷാപഠനത്തെ ഗുണപരമായി സ്വാധീനിക്കുന്നതായി പഠനങ്ങളുണ്ട്.കുട്ടികള്‍ക്ക് ഭാഷാസമ്മര്‍ദ്ദമില്ലാതെ ആത്മപ്രകാശനം നടത്താന്‍ ,തുറന്നു അഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് അധ്യാപകര്‍ക്ക് അവരെത്രത്തോളം നന്നായി പഠിച്ചു എന്നു മനസിലാക്കുവാനാവുക.ആശയങ്ങളും വസ്തുതകളും ഉള്‍ക്കൊള്ളാനുളള കഴിവിനെ രണ്ടാംഭാഷ പരിമിതപ്പെടുത്തും.ആത്മവിശ്വാസം , സ്വത്വബോധം തുടങ്ങിയ വൈകാരികമണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ശക്തിപ്പെടുത്തുക മാതൃഭാഷയിലൂടെയുളള പഠനമാണ്. സര്‍ഗാത്മക ചിന്തയ്ക്കും പ്രചോദിതരമായി പ്രവര്‍ത്തിക്കുന്നതിനും മുന്‍കൈയെടുക്കുന്നതിനും അനുവിദിക്കപ്പെടുന്ന ഭാഷാപരിസരം മറ്റൊന്നല്ല.വ്യക്തിത്വ വികാസത്തിന്റെ പടവുകള്‍ കയറാന്‍ അനുയോജ്യം മാതൃഭാഷയിലൂടെയുളള പഠനമാണത്രേ!

മാതൃഭാഷാധിഷ്ടിത ഇരുഭാഷാപഠനരീതി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കിയാലേ നേട്ടം സാധ്യമാകൂ

ഏതു രാജ്യത്താണ് മികച്ചനിലവാരമുളള വിദ്യാഭ്യാസമുളളത്?

പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍റ് അസസ്മെന്റ് (PISA),അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസഗുണനലവാരം കണക്കാക്കുന്ന പ്രധാന പരീക്ഷയാണ്. അറുപത്തിയഞ്ചു രാജ്യങ്ങള്‍ പങ്കെടുത്ത 2009 ലെ പരീക്ഷയില്‍ ചൈന, കൊറിയ, ഹോംങ്കോഗ്,ഫിന്‍ലാന്റ്, സിംഗപ്പൂര്‍ എന്നിവയാണ് മുന്നില്‍. ഈ രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയിലാണ് പഠിക്കുന്നത്.

ഇന്റര്‍നാഷണല്‍ മാത്ത്മാറ്റിക്സ് ആന്‍ഡ് സയന്‍സ് സ്റ്റഡി ആണ് മറ്റൊരു അന്താരാഷ്ട്രപ്പരീക്ഷ.  നാലും ഏട്ടും ക്ലാസുകളിലെ കുട്ടികളുടെ ശാസ്ത്രത്തിലും ഗണിതത്തിലുമുളള നിലവാരം ആണ് പരിശോധിക്കുക.2007ല്‍ അമ്പത്തൊമ്പതു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.കൊറിയ, ജപ്പാന്‍, ഫിന്‍ലാന്റ്,തായ്വാന്‍ എന്നിവ ഉയര്‍ന്ന സ്കോര്‍ നേടി.മാതൃഭാഷയിലെ പഠനം ഈ വിഷയങ്ങളില്‍ കുട്ടിക മുന്നിലെത്തുന്നതിനു തടസ്സമായില്ല.

എഡ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ് ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ മുന്തിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നടത്തിയ പഠനത്തില്‍ ഈ വിദ്യാലയങ്ങളിലെ കുട്ടികള്‍ ലോകശരാശരിയിലും താഴെയാണെന്നു കണ്ടെത്തി.(2006)

അന്താരാഷ്ട്ര ഗണിത-ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പ്രകടനം മാതൃഭാഷയിലൂടെ ബോധനം നടത്തുന്ന രാജ്യങ്ങളുടേതിനേക്കാള്‍ പിന്നിലാണ്. ( ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേസ്, ഫിലിപ്പൈന്‍സ് മലേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ ഇംഗ്ലീഷില്‍ പരീക്ഷ എഴുതി പിന്നിലായപ്പോള്‍ ചൈന,ഇന്തോനേഷ്യ, കൊറിയ, തായ്ലന്റ്, വിയറ്റ്നാം, തായ്വാന്‍ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ അവരുടെ മാതൃഭാഷയിലെഴുതി മുന്നിലെത്തി.)

2010 ലെ ഗണിത ഒളിമ്പ്യാഡില്‍ ഉന്നതസ്ഥാനം നേടിയ ആദ്യത്തെ ഇരുപത് രാജ്യങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ചവരും പരീക്ഷ അതേ ഭാഷയിലെഴുതിയവരുമാണ്.

മിഥ്യാധാരണകള്‍

1.ഏക ഭാഷാവാദം.

ഒരു രാജ്യത്തിനൊരു ഭാഷ എന്നത് കോളണി വാഴ്ചയുടെ ഫലമായി പലരുടേയും മനസില്‍ രൂപപ്പെട്ട ചിന്തയാണ്. ബഹുവിധ ഭാഷാസമൂഹങ്ങളെ കോര്‍ത്തിണക്കാനുളള ഭാഷയെന്നാണ് വ്യാഖ്യാനിക്കപ്പെട്ടത്.ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിച്ച ഇന്ത്യയില്‍ പോലും ഭരണഭാഷ മാതൃഭാഷയാകാനെത്ര കാലം വേണ്ടി വന്നു? എത്ര ഉത്തരവുകള്‍ ഇറക്കിയിട്ടും ഇപ്പോഴും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിദേശഭാഷയിലേ കത്തിടപാടുകല്‍ നടത്തൂ. പ്രമാണങ്ങളും മറ്റു രേഖകളും തയ്യാറാക്കൂ. ബാലാവകാശകമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോയി നോക്കൂ. നിരീക്ഷണയില്‍ ഒരു പരാതി നല്‍കണമെങ്കില്‍ ഇരുഭാഷകളിലും നിര്‍ദ്ദേശങ്ങള്‍ കാണാം. അവകാശനിഷേധത്തെ ചെറുക്കാന്‍ ഭാഷ തയസ്സമായിക്കൂടാ. എന്നാല്‍ കേരളത്തില്‍ അക്കാദമിക വിദ്യാഭ്യാസ ശീര്‍ഷസ്ഥാനത്തുളള എസ് സി ഇ ആര്‍ ടി, പരീക്ഷാഭവന്‍, സീമാറ്റ്, ഐ ടി @സ്കൂള്‍. ഡി പി ഐ, എസ് എസ് എ എന്നിവയുടെ വെബ് സൈറ്റുകള്‍ നോക്കൂ. എന്താണ് അവസ്ഥ? മാതൃഭാഷയിലും എല്ലാ അറിയിപ്പുകളും നല്‍കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടോ? എന്തുകൊണ്ട് മലയാളം വെബ്സൈറ്റും ആയിക്കൂടാ?

2.പ്രാദേശികഭാഷയ്ക്ക് കരുത്തില്ല!

ആധുനിക വിജ്ഞാനത്തെ ഉള്‍ക്കൊളളാനുളള കരുത്ത് ഇംഗ്ലീഷിനു മാത്രമേയുളളൂ. അതിനാല്‍ ഉയര്‍ന്ന തലത്തിലെ പഠനം നിര്‍ബന്ധമായും ഇംഗ്ലീഷിലാകണം.യൂറോപ്യന്‍ ഭാഷകള്‍ മാത്രമാണ് കരുത്തുളള ഭാഷകള്‍ എന്നാണ് വിശ്വാസം..മെഡിക്കല്‍, എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, നിയമം എന്നീ കോഴ്സുകളില്‍ പഠനമാധ്യമം മാതൃഭാഷയിലുളള നിരവധി രാജ്യങ്ങളുണ്ട്.ഉദാഹരണം- ചൈനീസ്, സ്പാനിഷ്,പോര്‍ച്ചഗീസ്, ജാപ്പാനീസ്,ജര്‍മന്‍, വിയറ്റ്നാമീസ്,ഫ്രഞ്ച്, കൊറിയന്‍,ഇറ്റാലിയന്‍,ടര്‍ക്കിഷ്,പോളിഷ്, ഉക്രേനിന്‍, മലായ്, പേര്‍ഷ്യന്‍, അസേറി പിന്നെ ഇംഗ്ലീഷ് നാട്ടിലെ അവരുടെ മാതൃഭാഷയും.

3.രണ്ടു ഭാഷകളില്‍ പഠിക്കുന്നതിനേക്കാള്‍ നന്ന് ഒരു മികച്ച ഭാഷ

മാതൃഭാഷാമാധ്യമത്തില്‍ പഠിക്കുന്നു എന്ന കാരണത്താല്‍ കുട്ടികള്‍ പഠനനിലവാരത്തില്‍ പിന്നിലാകുന്നു എന്നതിനു ഗവേഷണപിന്തുണയില്ല. സ്വീഡന്‍ മാതൃഭാഷയെ നിരാകരിക്കാതെ ലോകോത്തര നിലവാരം കൈവരിച്ചത് നാം കാണുന്നു. ജപ്പാനാണ് മറ്റൊരു ഉദാഹരണം.

4.ആഗോള ഭാഷ

വിദേശഭാഷയില്‍ പഠിച്ചാലേ ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും അവസരങ്ങളും ലഭിക്കൂ എന്നതാണ് മറ്റൊരു അന്ധവിശ്വാസം. ചൈനയുടെയും ജപ്പാന്റേയും അനുഭവങ്ങള്‍ ലോകത്തുണ്ടെങ്കിലും കോളണിരാജ്യങ്ങളിലെ ജനത ഇത്തരം അന്ധ വിശ്വാസത്തിലാണ്. ശക്തരായ രാഷ്ട്രനേതൃത്വമുളള രാജ്യങ്ങളില്‍ മാതൃഭാഷ അവഗണിക്കപ്പെടുന്നില്ല. അങ്ങനെ വിദ്യാഭ്യാസം നേടുന്നതിലൂടെ അവിടുത്തെ ജനത വഴിയാധാരമാകുന്നുമില്ല. രാജ്യം സാമ്പത്തിക പുരോഗതി നേടാതെയിരിക്കുന്നുമില്ല.

5.രക്ഷിതാക്കള്‍ക്കു വേണ്ടത് ഇംഗ്ലീഷ്

നല്ല നിലവാരമുളള മലയാളം അണ്‍ എയിഡഡ് വിദ്യാലയങ്ങളുളള നാടുകൂടിയാണ് കേരളം എന്നതാണ് കൗതുകകരമായ വസ്തുത.Department of Economics & Statistics-2009 ല്‍ നടത്തിയ പഠനത്തില്‍ 356 അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ മാതൃഭാഷയാണ് ബോധനമാധ്യമം. എന്താണ് ഇതു സൂചിപ്പിക്കുന്നത്? സമീപത്ത് വിശ്വാസ്യതയുളള പൊതു വിദ്യാലയം ഇല്ലാത്തതിനാല്‍ നിലവാരമുളള മലായളമാധ്യമ വിദ്യാലയങ്ങള്‍ക്ക് അത് അണ്‍ എയിഡഡാണെങ്കിലും സ്വീകാര്യതയുണ്ടെന്നാണ്. രക്ഷിതാക്കള്‍ക്ക് ബോധ്യമുണ്ടാകുന്ന ഇടപെടല്‍ നടത്താനാണ് സമൂഹം തയ്യാറാകേണ്ടത്.

6.അധ്യാപക അയോഗ്യത

അധ്യാപകരും സമൂഹത്തിന് ആത്മവിശ്വസം നല്‍കുന്നില്ല. ഈ വിദ്യാലയത്തില്‍ പഠിക്കുന്ന ഒരു കുട്ടി പോലും ഇംഗ്ലീഷില്‍ പിന്നിലാകില്ല എന്നുറപ്പു കൊടുക്കാനവര്‍ക്കു കഴിയുന്നില്ല. എന്താണ് കാരണം? ഇന്നത്തെ ടിടിസി ക്കാര്‍ പ്രീഡിഗ്രി വരെ പഠിച്ചവരാണ്. അത്രയും കാലത്തെ നിലവിലുളള പഠനരീതി ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനവരെ പ്രാപ്തരാക്കുന്നില്ല. ഇംഗ്ലീഷില്‍ ആവശ്യത്തിനു ബിരുദധാരികള്‍ ഉണ്ടെങ്കിലും അവരെ ഇംഗ്ലീഷ് അധ്യാപകരായി പരിശീലിപ്പിച്ചെടുത്തു നിയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. നിയമിതരായ അധ്യാപകര്‍ക്ക് ആശയവിനിമയനൈപുണി നേടുന്നതിനു സഹായകമായ പരിശീലനപ്പാക്കേജും ഇല്ല.ഇത്തരം ക്രിയാത്മകമായ നടപടിക്കു പകരം ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് പഠനം, ഇംഗ്ലീഷ് മീഡിയം എന്നിവ അനുവദിക്കാനാണ് തീരുമാനം.

7. എത്രയും നേരത്തേ പഠിക്കുന്നവോ അത്രയും നന്ന്

ചെറിയ പ്രായത്തിലേ ഇംഗ്ലീഷ് പഠിക്കുന്നതാണ് നല്ലതെന്ന വാദഗതി ഉണ്ട്.അനുകൂലമായ ഭാഷാന്തരീക്ഷം ലഭിക്കുകയാണെങ്കില്‍ എത്ര ഭാഷയും കുട്ടിക്ക് സ്വായത്തമാക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. ഒന്നിലധികം ഭാഷകള്‍ പഠിക്കുന്നത് മാതൃഭാഷയെ നിരാകരിച്ചുകൊണ്ടാകണമെന്നല്ല

8. ചരിത്ര പരത

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ഇന്ത്യയിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്കര്‍ത്താക്കളും പിന്തുണച്ചു. കാരണം അക്കാലങ്ങളില്‍ ഇന്തയില്‍ നിലനിന്ന വിവേചനങ്ങളും വിദ്യാനിഷേധങ്ങളും യാഥാസ്ഥിതികതയുമെല്ലാമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരാണ് സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വം വഹിച്ചതും. അക്കാലത്താണ് ഭരണഭാഷയായി ഇംഗ്ലീഷ് അവരോധിക്കപ്പെടുന്നതും.വികസനത്തിന്റെ വാതില്‍ തുറന്നിട്ട ഇംഗ്ലീഷ് വിദ്യാഭ്യാസം ശാസ്ത്രബോധത്തേയും യുക്തി ചിന്തയേയും പരിപോഷിപ്പിച്ചു.സമത്വാധിഷ്ടതമായ ലോകവീക്ഷണത്തെ ഇന്ത്യക്കു പരിചയപ്പെടുത്തി.പരമ്പരാഗതമായ ഉളളടക്കത്തിനു പകരം ആധുനികമായ പഠനവിഷയങ്ങള്‍ കടന്നു വന്നു.സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലുളളവരാണ് ആദ്യം ആധുനികവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായത്. സ്വാഭാവികമായി ഭരണരംഗത്ത് ആ വിഭാഗത്തിന്റെ ആധിപത്യവുമുണ്ടായി.സമൂഹികപദവി,തൊഴില്‍, അധികാരം, ഭാഷ ഇവ തമ്മില്‍ ചേര്‍ത്തു വെച്ചു വായിക്കപ്പെട്ടു. കൊളോണിയല്‍ വിധേയത്വം മുതുകില്‍ നിന്നും കുടഞ്ഞെറിഞ്ഞിട്ടും മനസില്‍ കൂനായി കൊണ്ടു നടന്നവരുണ്ട്.ദേശീയ സ്വാതന്ത്ര്യം നേടിയെങ്കിലും പലരും സാംസ്കാരിക സ്വാതന്ത്ര്യം നേടിയില്ല.കോളണിവാഴ്ചയില്ലാത്ത രാജ്യങ്ങളെ നോക്കി പഠിക്കുന്നതും ചരിത്രത്തില്‍ നിന്നും ഉള്‍ക്കൊളളലാണ്.

8.വിനിമയക്ഷമത

അതെയവസരത്തിൽ മിഷണറിമാര്‍ ഇംഗ്ലീഷിലുളള ആശയവിനമിയ രീതിയല്ല സ്വീകരിച്ചത്. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവര്‍ സംസാരിച്ചു. പഠിപ്പിച്ചു. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മതാശയപ്രചാരണത്തിന് അനുയോജ്യഭാഷ തദ്ദേശീയ ഭാഷ തന്നെയാണ് എന്നവര്‍ക്കറിയാമായിരുന്നു. ആഗോള വിപണി നിയന്ത്രിക്കുന്ന കുത്തകള്‍ അവരുടെ ഉല്പന്നങ്ങള്‍ അതാത് പ്രദേശത്തെ ഭാഷയും സാംസ്കാരിക ചിഹ്നങ്ങളും പ്രയോജനപ്പെടുത്തിയാണ് വില്ക്കുന്നത്. വേഗം വിപണി കയ്യടക്കാനുളള ഉപാധിയായി തദ്ദേശീയഭാഷയെ അവരും ഉപയോഗിക്കുന്നു.

ജനാധിപത്യത്തിന്റേയും പ്രതിരോധത്തിന്റേയും ഭാഷ

സമീപകാലത്ത് സാംസ്കാരികാധിനിവേശത്തിനെതിരായി ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും മറ്റും നടക്കുന്ന സമരങ്ങളില്‍ മാതൃഭാഷാ സംരക്ഷണവും പഠനവും അജണ്ടയാണ്.നൂതനവും സര്‍ഗാത്മകവുമായ സമൂഹത്തിന് അനുയോജ്യഭാഷ മാതൃഭാഷയാണെന്നവര്‍ പ്രഖ്യാപിക്കുന്നു. മ്യാന്‍മാര്‍. തായ് ലന്ഡ്, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങള്‍ ഭാഷാ സാംസ്കാരിക വൈവിധ്യത്തെ മാനിക്കുന്നതിനുളള നയപരിപാടികളുമായി മുന്നോട്ടു പോവുകയാണ്.

കുട്ടിയുടെ ഇഷ്ടം എന്നപേരില്‍ മാതൃഭാഷ ബോധനമാധ്യമാകുന്നതിനെ തിരസ്കരിക്കാനുള്ള ഏതു നീക്കത്തെയും നാടിന്‍റെ പുരോഗതിയും കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസവും ആഗ്രഹിക്കുന്ന ഏവരും ഏതിര്‍ത്തു തോല്പിക്കേണ്ടതുണ്ട്.


കെ.എ.എസ്സും മാതൃഭാഷയും 

കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷകള്‍ ഇംഗ്ലീഷില്‍ മാത്രം നടത്താനാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയ്യാറെടുക്കുകയാണ്.  സർക്കാർ നിയമനങ്ങൾക്കായുള്ള എഴുത്തു പരീക്ഷകളിൽ മലയാളത്തെ അവഗണിക്കുന്ന സമീപനം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്വീകരിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.  ഐ.എ.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലും ഇതര ഇന്ത്യന്‍ ഭാഷകളിലും എഴുതാമെന്നിരിക്കേ കേരളത്തിലെ ഭരണനിർവഹണ മേഖലകളിലെ അതിന്റെ തൊട്ടുതാഴെ വരുന്ന തസ്തികകളിലേക്ക് ഇംഗ്ലീഷില്‍ തന്നെ പരീക്ഷ എഴുതണമെന്നതിന്റെ യുക്തി ചര്‍ച്ച ചെയ്യപ്പെടണം. ഭരണ നിർവഹണവുമായി ബന്ധപ്പെട്ട തസ്തികകളിൽ ഇംഗ്ലീഷ് പരിജ്ഞാനം അളക്കേണ്ടതുണ്ടെങ്കിൽ അതിന് അത്തരം ചോദ്യങ്ങളുൾപ്പെട്ട ഒരു ഭാഗം പരീക്ഷയിൽ ഉൾപ്പെടുത്തിയാൽ മതിയാകും.

ഭരണം സുതാര്യവും ജനങ്ങൾക്കു കൂടുതൽ പ്രയോജനപ്രദവുമാകുന്നതിന് ഭരണ നിർവഹണം ജനങ്ങളുടെ ഭാഷയിലാവണമെന്നത് കേരള സർക്കാർ നിയോഗിച്ചിട്ടുള്ള എല്ലാ ഭരണപരിഷ്കാരക്കമ്മീഷനുകളും ഒരേ സ്വരത്തിൽ മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശമാണ്. ബിരുദതലംവരെ മാതൃഭാഷയിൽ പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവസരം കേരളത്തിലുണ്ട്. ബിരുദം അടിസ്ഥാന യോഗ്യതയായ ഉദ്യോഗ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളിൽ ആ അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയ്ക്ക് എതിരും മനുഷ്യാവകാശ ലംഘനവുമാണ്. പൊതു വിദ്യാലയങ്ങളില്‍ പോലും ഇംഗ്ലീഷ് മാധ്യമ ഡിവിഷനുകള്‍ വര്‍ധിക്കുന്ന പ്രവണത നിലനില്‍ക്കുമ്പോള്‍ അതിനാക്കം കൂട്ടാന്‍ മാത്രമേ പി.എസ്.സി. യുടെ ഈ നിലപാട് സഹായിക്കൂ. പി.എസ്.സി. നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിലും കേരളത്തിലെ കന്നഡ, തമിഴ് എന്നീ ചെറു വിഭാഗങ്ങളുടെ ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കാൻ തയ്യാറാകുകയല്ലേ വേണ്ടത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

11 thoughts on “ക്ലാസിലില്ലാത്ത ഭാഷ ക്ലാസിക്കലായിട്ട് കാര്യമുണ്ടോ?

  1. ഇംഗ്ലീഷ് ഒന്ന് പഠിച്ചു തുടങ്ങി യപ്പോൾ അണ് ജീവിതം ഒന്ന് പച്ച പിടിച്ചത്.

  2. ഒരു രാഷ്ട്രതി’നൊരു’ ഭാഷ നല്ലതല്ലേ…പ്രാദേശിക രാഷ്ട്രീയ കക്ഷികൾ ഭരണത്തിൽ കയറിയപോലെ ആകില്ലേ ഭാഷയും

  3. ആധുനിക കാലത്ത് മലയാള ഭാഷയ്ക്ക് പരിണാമം ഉണ്ടാകുന്നുണ്ട്, ഇംഗ്ലീഷ് പദങ്ങളുടെ ഒരു മണിപ്രവാളം (മണിജ്യൂവല്‍?) രൂപപ്പെടുന്നുണ്ട് എന്നതൊക്കെ സംസ്കൃത പ്രേമികള്‍ അംഗീകരിക്കാന്‍ തയാറാകാത്തത് ശാസ്ത്രപഠനത്തിന് ഒരു പ്രതിബന്ധമാണ് എന്ന് തോന്നുന്നു. മലയാളികള്‍ സാധാരണ ഉപയോഗിക്കുന്ന പദങ്ങളുടെ കുറെ സംസ്കൃത പതിപ്പുകള്‍ സ്കൂളില്‍ ഞാന്‍ പഠിച്ചു. സ്കൂള്‍ വിട്ടപ്പോള്‍ അവയെ ഉപേക്ഷിക്കുകയും ചെയ്തു. സ്കൂളില്‍ അല്ലാതെ ആരും കെമിസ്ട്രിയ്ക്ക് രസതന്ത്രം എന്ന് പറഞ്ഞു കേട്ടിട്ടില്ല. ഭാഷ ഇങ്ങനെ അടിച്ചേല്‍പ്പിക്കേണ്ടതാണോ?

    സാമ്രാജ്യത്ത വിരുദ്ധത പറയുമ്പോള്‍ ദ്രാവിഡ ദക്ഷിണേന്ത്യയെ സംബന്ധിച്ചിടത്തോളം സംസ്കൃതവും ഇംഗ്ലീഷും ഒരുപോലെ ഇന്തോ-യൂറോപ്യന്‍ കുടുംബത്തിലെ അധിനിവേശ ഭാഷകള്‍ ആണെന്നത് മറ്റൊരു വസ്തുത.

    1. സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ശാസ്ത്രീയ പദങ്ങൾ എല്ലാം ഇംഗ്ളീഷിലാണ്. ആ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. മലയാളപദങ്ങൾ വേണ്ടിയവർക്ക് മലയാളവും ഉണ്ട്.

      Cell നെപ്പറ്റി പഠിക്കുമ്പോൾ, കോശം എന്നും ഉൾപ്പെടുത്തിയിട്ടുണ്ട്.

  4. good english teachers are needed in our govt . and aided malayalam medium schools. govt should give special care for this to rise abovethe expectations of the parents .

    1. The English teachers in Kerala Government Schools are much much better than those are in Aided, non-aided, private CBSE schools. Only exceptions are Kendriya vidyalaya, Navodaya schools etc….

  5. മാതൃഭാഷയുടെ മാത്രമല്ല, ഈ ഒരേ ഒരു ഭൂമിയിലെ ജൈവ വൈവിധ്യങ്ങളുടെ ആകെ അപമൃത്യു സ്വപ്നം കാണുന്ന കപട രാഷ്ട്രീയ-പൌരോഹിത്യ കൂട്ടുകെട്ടിന്റെ തനിനിറം തുറന്നുകാണിക്കാൻ കഴിയണം. മതകാപട്യവും രാഷ്ട്രീയകാപട്യവും കൂട്ടിക്കുഴച്ച കൊടുംവിഷം,അതെത്രമാത്രം മാരകമാണെന്നറിഞ്ഞുകൊണ്ടുതന്നെ,അനുയായികളെയും അണികളെയും കുടിപ്പിക്കുന്ന കുടിലനേതൃത്വങ്ങൾക്ക് എന്തു മാതൃഭാഷ…..എന്തു ഭൌമസംരക്ഷണം. മലകളും പുഴകളും സമുദ്രവും മലനാടും ഇടനാടും തീരദേശവും സങ്കീർണ്ണമായ ആവാസ്ഥാവ്യവസ്ഥകളും നാനാജാതി സസ്യ-ജീവജാലങ്ങളും എല്ലാമായി ഇടപഴകി ജീവിക്കുന്ന മനുഷ്യരും അവരുടെ സ്വപ്നങ്ങളും കണ്ണുനീരും അനുഭൂതികളും സംസ്ക്കാരവും എല്ലാം എല്ലാം ചേർന്ന് ഉരുവം കൊഅണ്ടതാണ് നമ്മുടെ മലയാളം ..നമ്മുടെ മാതൃഭാഷ. അപ്പോൾ മലയാളത്തെമാത്രമായി സംരക്ഷിക്കാൻ കഴിയില്ല എന്നും മലയാളക്കരയെ ആകെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മാത്രമെ മാതൃഭാഷയെയും സംരക്ഷിക്കാൻ കഴിയൂ എന്നും വരുന്നു. അവിടെയാണ് സർഗ്ഗാത്മക രാഷ്ട്രീയത്തിന്റെയും കറകളഞ്ഞ രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രസക്തി.

  6. ഡോ അച്യുത് ശങ്കർ എന്റെ ഫേസ് ബുക്ക് പോസ്റ്റിംഗിൽ ഈ ലേഖനത്തെ പറ്റി എഴുതിയത് ഇവിടെ ചേർക്കുന്നു ക്ഷമിക്കണം ഇംഗ് ളീഷിലാണ് അദ്ദേഹം എഴുതിയിട്ടുള്ളത്
    Achuthsankar S Nair Sir I read the article. Good one. I am warm to most of it. The weakest argument in thഉറ്റ്e article is section 5 which argues against the demand by parents for English. It simply glosses over the point without a rigourous analysis. Unless we educate parents, understanding their mis-conceptions and compulsions, we cannot push Malayalam Medium. The issue cannot also be analysed so theoretically. The degradation of public-funded schools is a complicated phenomena related to population drop (we have schools for 52 lakh children with around 40 lakh kids in it), lower class rightly or wrongly perceives English medium as a means of climbing up the social ladder (I recall Ram Manohar Lohia’s definition of Ruling Class), perception of quality difference and mismanagement etc. Some interesting facts. Cottonhill school, one of the biggest govt schools has a miniscule number of Malayalam divisions which is fast falling. Nadakkavu school, now in lime light, has Malayalam-English ratio as 1:3. There is no Malayalam medium to pursue from +2 and every malayalam medium student is put into some disadvantage in this way (i also am one of them). Finally, the Malayalam we find in the school text books is not our Mother tounge. Many times it is far removed from the Malayalam of the current times (which has a generous adoption of English words). In our sincere effort to protect Malayalam, we must take care to ensure that the public-funded institutions themselves are not thrown to disadvantage.

    1. ‘The issue cannot also be analysed so theoretically.’…… ‘Finally, the Malayalam we find in the school text books is not our
      Mother tounge. Many times it is far removed from the Malayalam of the
      current times (which has a generous adoption of English words).->> Sir, your opinions sum up the pros and cons of the issue. well said sir!

  7. ശ്രീ. ടി.പി.കലാധരന്‍ ശാസ്ത്രീയമായി പ്രശ്നം കൈകാര്യം ചെയ്യുന്നു.
    അഭിനന്ദനങ്ങള്‍!

    ഇംഗ്ലീഷ് പഠിക്കുന്നതും ഇന്ഗ്ലിഷിലൂടെ പഠിക്കുന്നതും രണ്ടാണെന്ന് മഹാഭൂരിപക്ഷം രക്ഷിതാക്കള്‍ക്കും തിരിച്ചറിയില്ല. ഇന്നത്തെ ലോക സാഹചര്യത്തില്‍ സ്വന്തം കുട്ടികളും ഇംഗ്ലീഷ് പഠിക്കണമെന്ന് ഏറ്റവും ദരിദ്രരായ മലയാളി രക്ഷിതാക്കളും ആഗ്രഹിക്കുന്നു. സര്‍വസമ്പാദ്യവും കുട്ടികളുടെ നന്മയ്ക്ക് വേണ്ടി ചെലവിടാന്‍ അവര്‍ തയ്യാരാണ്. അതുകൊണ്ട് ഏറ്റവും മെച്ചപ്പെട്ടതെന്ന് ധരിച്ചുവെച്ചിട്ടുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് അവര്‍ കുട്ടികളെ അയക്കുന്നു.

    ഇംഗ്ലീഷ് മീഡിയം നല്ലതാണെന്ന ധാരണ വെറുതെ അവരുടെ മനസ്സില്‍ കടന്നു കൂടിയതല്ല. നമ്മുടെ നാട്ടില്‍ ആധിപത്യം നേടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ സ്വാധീനമാണതിലുള്ളത്. അത് ആംഗ്ലോ-അമേരിക്കന്‍ മുതലാളിത്തത്തിന്റെ സ്വാധീനമാണ്. അമേരിക്കനൈസ് ചെയ്യപ്പെട്ട മനസുമായിട്ടാണ് കേരളത്തിലെ ഇടത്തരക്കാര്‍ ജീവിക്കുന്നത്. സ്വാര്‍ഥമായി, അരാഷ്ട്രീയമായി ചിന്തിക്കുന്ന ഈ വിഭാഗത്തിന്റെ താത്പര്യങ്ങള്‍ക്ക് കൂട്ട് നിന്ന് വിദ്യാഭ്യാസ വ്യവസായികള്‍ അവസരം മുതലെടുക്കുന്നു. മുതലാളിത്തം ശക്തിപ്പെടണമെന്ന്‍ ആഗ്രഹിക്കുന്ന ഗവന്മേന്റ്റ് അതിനു ഒളിഞ്ഞും തെളിഞ്ഞും കൂട്ട് നില്‍ക്കുന്നു.

    മുതലാളിത്തത്തിനെതിരായ മനോഭാവമുള്ളവര്‍ക്കെ ഇംഗ്ലീഷ് മീഡിയത്തിനെതിരായ ശക്തമായനിലപാട് സ്വീകരിക്കാന്‍ കഴിയൂ.

    വിദ്യാഭ്യാസ രംഗത്തെ പള്ളിയുടെ റോള്‍ വിമര്‍ശനപരമായി പരിശോധിക്കേണ്ടതാണ്. കൊളോണിയല്‍ കാലത്തെ മിഷ്യനറിമാര്‍ മലയാളത്തില്‍ പഠിപ്പിച്ചു. എന്നാല്‍ ഇന്നത്തെ പള്ളിമുതലാളിമാര്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്നു. അന്ന് കോളനിവത്ക്കരണത്തെ സഹായിക്കാന്‍. ഇന്ന് ആഗോളവത്ക്കരണത്തെ ശക്തിപ്പെടുത്താന്‍. ഏതെങ്കിലും ഒരു സഭ ഇന്ന് മലയാളത്തിനുവേണ്ടി നിലകൊള്ള്ന്നില്ല. സമ്പത്തുള്ള പള്ളി സമ്പന്നര്‍ക്കുവേണ്ടി നിലകൊള്ളുന്നു.

    വിദ്യാഭ്യാസ കാര്യങ്ങളില്‍ ക്രിസ്ത്യാനികളെ അനുകരിക്കുന്ന മറ്റ് സമുദായങ്ങളും അവരവരുടെതായി ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നടത്തുന്നു. നായരും, ഈഴവനും, മുസ്ലീങ്ങളുമെല്ലാം ഈ രംഗത്ത് മത്സരിക്കുകയാണ് . ക്രിസ്ത്യാനികളെ അനുകരിച്ചുകൊണ്ട് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ നടത്തി അവര്‍ ഫ്യൂഡല്‍ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നു. എന്തൊരു വിരോധാഭാസം!

    ഒരു സമുദായ സംഘടനയും മലയാളം മീഡിയത്തിലുള്ള പുതിയ സ്കൂള്‍ തുടങ്ങുന്നില്ല.

    സാമുദായികമായി നടത്തപ്പെടുന്ന സ്കൂളുകള്‍ സമൂഹത്തിന് ഉണ്ടാക്കുന്ന നാശം തിരിച്ചറിയപ്പെടാതെ പോകുന്നു. വ്യത്യസ്ത സാമുദായിക വിഭാഗങ്ങളുടെ ഉദ്ഗ്രഥനം നടക്കുന്നില്ല. ഭാവി തലമുറ മതപരമായും സാമുദായികമായും ഏറെ അകന്നുപോകും.

    1. അധമമായ മുതലാളിത്താശയങ്ങൾക്കടിപെട്ട പാവം ഇടത്തരക്കാരെയും തൊഴിലാളികളെയും വെറുതെ വിടാം.പുതുലോകസൃഷ്ടിക്കുവേണ്ടി പടനയിക്കുന്ന നമ്മുടെ ‘വിപ്ലവകാരികളുടെ’ മക്കൾ എവിടെയാണു പഠിക്കുന്നതെന്ന് അന്വേഷിക്കാൻ അധികസമയം കളയേണ്ടതില്ല. കമ്മ്യൂണിസ്റ്റ്പാർടി അംഗങ്ങളുടെയും പോഷകസംഘടനാംഗങ്ങളുടെയും ‘വിപ്ലവ മാതൃക’ പിന്തുടരാൻ വിധിക്കപ്പെട്ട പാവങ്ങളുടെ മുതുകത്ത് പാപഭാരം കയറ്റിവയ്ക്കുന്നത് ഒട്ടും ശരിയല്ല. മാതൃഭാഷയുടെയും നമ്മുടെ തനതു സംസ്കൃതിയുടെയും ഘാതകർ രാഷ്ട്രീയപാർട്ടികൾ തന്നെയാകുന്നു. അവരുടെ നയങ്ങളും നയമില്ലായ്മയും നയവഞ്ചനയും കാപട്യങ്ങളും തുറന്നുകാണിക്കാൻ നട്ടെല്ലിലലാത്ത ‘ ബുദ്ധിജീവികളും’ മാപ്പ്ർഹിക്കുന്നില്ല.

Leave a Reply to മടത്തറ ശശിCancel reply

Previous post ചന്ദ്രയാൻ നാള്‍വഴികള്‍, അറിയേണ്ട കാര്യങ്ങൾ
Next post വിക്രം ലാന്ററിനെ ചന്ദ്രോപരിതലത്തിൽ കണ്ടെത്തി
Close