Read Time:27 Minute
ഡോ.ദീപക് പി .എഴുതുന്ന പംക്തി
ഈ ലേഖനത്തിൽ പരാമർശിക്കാൻ ഉദ്ദേശിക്കുന്ന ഒരു പ്രധാന വ്യക്തി ചാൾസ് ബാബേജ് എന്ന പത്തൊൻപതാം നൂറ്റാണ്ടിലെ ഗവേഷകനാണ്. വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങാം.

ഇംഗ്ലണ്ടിൽ 1791ൽ ജനിച്ച ചാൾസ് ബാബേജ് മരണമടയുന്നത് 1871ഇലാണ്. പലർക്കും ബാബേജിനെ പരിചയമുള്ളത് ‘കമ്പ്യൂട്ടറിന്റെ പിതാവ്’ എന്ന രീതിയിൽ ആയിരിക്കും. ഒരു ഗണിതശാസ്ത്രജ്ഞനും മെക്കാനിക്കൽ എഞ്ചിനീയറും ആയ അദ്ദേഹം കമ്പ്യൂട്ടർ എന്ന യന്ത്രത്തിന്റെ ഒരു മാതൃക വിഭാവന ചെയ്തിരുന്നു. അനലിറ്റിക്കൽ എൻജിൻ എന്ന ആ ആശയതലത്തിലെ മാതൃകയിൽ ആധുനിക കംപ്യൂട്ടറുകളുടെ പ്രവർത്തനരീതികൾ പലതും ഉൾപ്പെട്ടിരുന്നു എന്ന് എത്രയോ ദശാബ്ദങ്ങൾക്ക് ശേഷം കമ്പ്യൂട്ടറുകൾ വന്നപ്പോൾ പലരും നിരീക്ഷിച്ചിട്ടുണ്ട്. ബാബേജ് പക്ഷെ ഒരു ഗണിതശാസ്ത്രജ്ഞനും മെക്കാനിക്കൽ എഞ്ചിനീയറും മാത്രമായിരുന്നില്ല. അദ്ദേഹത്തിന് അവഗാഹമുള്ള വിഷയങ്ങൾ അനവധിയായിരുന്നു. അതിൽ ഒന്ന് യന്ത്രവൽക്കരണത്തിന്റെ സാമ്പത്തികശാസ്ത്രം എന്നതും കൂടിയായിരുന്നു. അദ്ദേഹം 1832ൽ രചിച്ച ‘യന്ത്രങ്ങളുടെയും യന്ത്രനിർമ്മാണത്തിന്റെയും സമ്പദ്ശാസ്ത്രത്തെക്കുറിച്ച് ’ (‘On the Economy of Machinery and Manufactures’) എന്ന പുസ്തകത്തിൽ യന്ത്രവൽക്കരണത്തെക്കുറിച്ചുള്ള ചില മൗലികമായ നിരീക്ഷണങ്ങൾ ഉൾപ്പെട്ടിരുന്നു. ബാബേജിന്റെ ആശയങ്ങളുടെ വെളിച്ചത്തിൽ, അതിന്റെ വീക്ഷണകോണിൽ നിന്നുകൊണ്ട് യന്ത്രവൽക്കരണത്തെ വിശകലനം ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ബാബേജിന്റെ യന്ത്രനിർമ്മാണ സിദ്ധാന്തം

ബാബേജിന്റെ ‘യന്ത്രങ്ങളുടെയും യന്ത്ര നിർമ്മാണത്തിന്റെയും സമ്പദ്ശാസ്ത്രത്തെക്കുറിച്ച്’ എന്ന കൃതി ഖണ്ഡികകൾ ആയിട്ടാണ് വിഭജിക്കപ്പെട്ടിട്ടുള്ളത്. അതിലെ 224.6 എന്ന ഖണ്ഡികയുടെ ഒരു പരിഭാഷയിലൂടെ ആദ്യം നമുക്ക് കണ്ണോടിക്കാം:

“തൊഴിൽവിഭജനം എന്നത് നിർമ്മാണ പ്രവർത്തനത്തെ സഹായിക്കുന്നതിലേക്കായി പണിയായുധങ്ങളുടെയും യന്ത്രങ്ങളുടെയും ആസൂത്രണത്തിലേക്ക് വിരൽചൂണ്ടുന്നു. (തൊഴിൽ വിഭജനത്തിലൂടെ) ഒരു വ്യക്തി നിർമ്മാണത്തിന്റെ പരിമിതവും ലളിതവും ആയ ഒരൊറ്റ പ്രക്രിയയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, തന്റെ പണിയായുധങ്ങളിലോ അവയുടെ ഉപയോഗത്തിലോ എന്ത് മെച്ചപ്പെടുത്തലുകൾ വരുത്താം എന്ന് അയാൾക്ക് വിഭാവന ചെയ്യാൻ എളുപ്പമാണ്.”

ഇനി മേൽപ്പറഞ്ഞതിന്റെ തൊട്ടടുത്ത പേജിൽ, 225ആം ഖണ്ഡികയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു:

“ഓരോ (നിർമ്മാണ) പ്രക്രിയയും ഒരു ചെറിയ പണിയായുധത്തിലേക്ക് (അഥവാ പണിയായുധത്തിന്റെ പ്രവർത്തനത്തിലേക്ക്) ചുരുക്കിയാൽ, അങ്ങനെയുള്ള അനേകം പണിയായുധങ്ങൾ അനുയോജ്യക്രമത്തിൽ ചലിപ്പിക്കാനുള്ള ഒരു ശക്തിയുണ്ടെങ്കിൽ, ഇവയുടെ സമ്മേളനം ഒരു യന്ത്രം എന്ന തലത്തിലേക്ക് എത്തുന്നു. പ്രക്രിയകളെ ലളിതവൽക്കരിക്കുന്നതിലും പണിയായുധങ്ങൾ വിഭാവന ചെയ്യുന്നതിലും പണി ചെയ്യുന്ന വ്യക്തിക്ക് തന്നെയാവണം ഏറ്റവും മികച്ച ഫലം കൈവരിക്കാൻ സാധിക്കുക; പക്ഷെ, വിഭിന്നമായ പ്രക്രിയകളെ (അവയ്ക്കുള്ള പണിയായുധങ്ങളെ) ഏകോപിപ്പിക്കാൻ മറ്റു വൈദഗ്ദ്ധ്യങ്ങൾ ആവശ്യമാണ്. ഇതിലേക്കുള്ള സവിശേഷമായ വിദ്യാഭ്യാസം നല്ല ഒരു തുടക്കം ആയിരിക്കാം; എങ്കിലും അത്യാവശ്യം ഫലപ്രദമായി ഇത്തരം സംയോജനങ്ങൾ സാധ്യമാകണമെങ്കിൽ യന്ത്രങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അവഗാഹവും, യന്ത്രങ്ങളുടെ ചിത്രമാതൃകകൾ തയ്യാറാക്കുന്നതിനുള്ള സാമർത്ഥ്യവും ആവശ്യമായിരിക്കും.”

മേൽപ്പറഞ്ഞത് രണ്ടും ചേർത്ത് വായിച്ചാൽ ബാബേജ് യന്ത്രനിർമ്മാണം അനേകം ഘട്ടങ്ങളിലൂടെ നടക്കുന്നു എന്ന് സിദ്ധാന്തിക്കുന്നതായി വ്യാഖ്യാനിക്കാം. ഒന്നാമത്തെ ഘട്ടം നിർമ്മാണപ്രക്രിയയിലെ തൊഴിൽ വിഭജനം എന്നതാണ്. അതിലൂടെ ഓരോ തൊഴിലാളിയുടെയും ശ്രദ്ധ പരിമിതമായതും ലളിതമായതും ആയ ഒരു നിർമ്മാണഘട്ടത്തിലേക്ക് ചുരുങ്ങുന്നു. രണ്ടാമത്തെ ഘട്ടത്തിൽ ഓരോ തൊഴിലാളിയും അയാളുടെ തൊഴിൽ കൂടുതൽ കാര്യക്ഷമമായി ചെയ്യുന്നതിലേക്കായി പുതിയ പണിയായുധങ്ങൾ വിഭാവന ചെയ്യുകയോ, നിലവിലുള്ള പണിയായുധങ്ങളുടെ പുതിയ പ്രയോഗങ്ങൾ കണ്ടെത്തുകയോ ചെയ്യുന്നു. മൂന്നാത്തെ ഘട്ടത്തിൽ യന്ത്രരൂപകൽപ്പനയിൽ വൈദഗ്ദ്ധ്യമുള്ള തൊഴിലാളിയുടെ സഹായത്തോടെ പ്രത്യേക ഘട്ടങ്ങളിലെ പണിയായുധങ്ങളുടെ സംയോജിതപ്രവർത്തനത്തിലൂടെ യന്ത്രം എന്ന ഘട്ടത്തിലേക്ക് എത്തുന്നു. ഇത്തരം പ്രക്രിയകൾ പലതലത്തിൽ നടക്കുന്നതിലൂടെ സങ്കീർണ്ണയന്ത്രങ്ങൾ നിർമ്മിക്കപ്പെടുന്നതായും വ്യാഖ്യാനിക്കാം.

ബാബേജിന്റെ സിദ്ധാന്തത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നതായി ചരിത്രം നമ്മോടു പറയുന്നു. ബാബേജിന്റെ സമകാലികനായിരുന്ന മാർക്സിനെ ബാബേജിന്റെ സിദ്ധാന്തങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളതിന് ഒട്ടേറെ തെളിവുകൾ സൈമൺ ഷാഫർ എന്ന ഗവേഷകൻ തന്റെ 1994ലെ പ്രബന്ധത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മാർക്സ് തന്റെ മറ്റൊരു സമകാലികനായിട്ടുള്ള പ്രൗഢോൻ എന്ന ചിന്തകന്റെ ‘ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം’ (philosophy of poverty) എന്നതിനുള്ള മറുപടിയായി രചിച്ച ‘തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം/പാപ്പരത്തം’ (poverty of philosophy) എന്ന 1847ലെ രചനയിൽ ബാബേജിനെ ഉദ്ധരിച്ചുകൊണ്ട് പ്രൗഢോനെതിരെ ശക്തിയോടെ വാദിക്കുന്നുണ്ട്. മുതലാളിത്തനിർമ്മാണ വ്യവസ്ഥയുടെ ഏറ്റവും പ്രൗഢമായ വിമർശനങ്ങളിൽ ബാബേജിന്റെ ചിന്തകൾ സ്ഥാനം പിടിക്കുന്നത് അവയുടെ സൈദ്ധാന്തിക അടിത്തറയ്ക്ക് കൂടി തെളിവായി കാണാം.

നമുക്ക് ബാബേജിന്റെ സിദ്ധാന്തത്തിന്റെ കാതലിലേക്ക് വരാം. ഒന്നാമതായി, ബാബേജ് ഇവിടെ ചെയ്യുന്നത് തൊഴിൽ വിഭജനം എന്ന പ്രക്രിയയെ യന്ത്രനിർമ്മാണത്തിന്റെ മുൻഉപാധിയായി അവതരിപ്പിക്കുകയാണ് – ഒരുപക്ഷെ ആദ്യമായി – എന്നത് പ്രധാനമാണ്. തൊഴിൽ വിഭജനം നടപ്പിലാവുന്നതിലൂടെ തൊഴിലാളിയുടെ തൊഴിൽ വിരസമാവുകയും അയാൾ തൊഴിലിൽ നിന്നും അന്യവൽക്കരിക്കപ്പെടുകയും ചെയ്യും എന്നതൊക്കെ ചിലർക്കെങ്കിലും പരിചിതമായ നിരീക്ഷണങ്ങൾ ആവണം. അതിനു പുറമെ ലാഭവളർച്ചയിലേക്ക് നയിക്കുന്ന യന്ത്രനിർമ്മാണത്തിലേക്ക് ഒരു പാത തൊഴിൽവിഭജനത്തിലൂടെ സാദ്ധ്യമാകുന്നു എന്നത് തൊഴിൽ വിഭജനത്തിന്റെ മറ്റൊരു മുതലാളിത്ത അനുകൂലനമായി ഇവിടെ വായിക്കാം. രണ്ടാമതായി, ഒരു യന്ത്രത്തിന്റെ നിർമ്മാണത്തിന്റെ ആദ്യപടിയായി – ഒരു പക്ഷെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമായി – ബാബേജ് കാണുന്നത് വ്യക്തിഗത തൊഴിലാളികൾ പുതിയ പണിയായുധങ്ങൾ നിർമ്മിക്കുന്നതാണ് (ഉണ്ടായിരുന്ന പണിയായുധങ്ങളുടെ പുതിയ ഉപയോഗരീതികൾ കണ്ടെത്തുന്നതും ആവാം) എന്നത് ശ്രദ്ധേയമാണ്. യന്ത്രത്തിന്റെ നിർമ്മാണത്തിന്റെ ആദ്യപടിയുടെ കർതൃത്വം ആ യന്ത്രം അഭിസംബോധന ചെയ്യുന്ന നിർമ്മാണഘട്ടത്തിൽ നേരിട്ടേർപ്പെട്ടിരുന്ന തൊഴിലാളിയിലാണ് എന്നതും ഇവിടെ വളരെ പ്രസക്തമാണ്. തൊഴിലാളി തന്നെയാണ് തന്റെ തൊഴിൽ കാര്യക്ഷമമാക്കുന്ന യന്ത്രവൽക്കരണത്തിലേക്ക് നയിക്കുന്ന പണിയായുധങ്ങൾക്ക് ജന്മം നൽകുന്നത്. മൂന്നാമത്, പണിയായുധങ്ങളുടെ സംയോജനം വളരെ സ്വാഭാവികം അല്ല എന്നും, ആ സംയോജനം സാധ്യമാക്കാൻ യന്ത്രനിർമ്മാണത്തിൽ വൈദഗ്ദ്ധ്യം ഉള്ള തൊഴിലാളി ആവശ്യമുണ്ട് എന്നും ബാബേജ് പറയുന്നു. രണ്ടും മൂന്നും ചേർത്ത് വായിച്ചാൽ, പൊതുവിൽ തൊഴിലാളികൾക്കാണ് യന്ത്രവൽക്കരണത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാനുള്ളത് എന്ന് വ്യക്തം.

ഈ ഒരു വ്യാഖ്യാനത്തിലൂന്നിക്കൊണ്ട് മാറ്റിയോ പാസ്‌ക്വിനെല്ലി എന്ന ഗവേഷകൻ തന്റെ 2023 രചനയായ ‘അധിപന്റെ കണ്ണ്: നിർമ്മിതബുദ്ധിയുടെ സാമൂഹിക ചരിത്രം’ (the eye of the master: a social history of artificial intelligence) എന്നതിൽ ബാബേജിന്റെ സിദ്ധാന്തങ്ങളെ ‘യന്ത്രവൽക്കരണത്തിന്റെ അദ്ധ്വാനസിദ്ധാന്തം’ (labour theory of automation) എന്ന് നാമകരണം ചെയ്തു വിളിക്കുന്നുണ്ട്. അദ്ധ്വാനത്തിനാണ് യന്ത്രവൽക്കരണത്തിന്റെ കർതൃത്വം എന്ന് പറയുന്നതിൽ വലിയ വിപ്ലവാത്മകത അടങ്ങിയിരിക്കുന്നു എന്നും കാണണം. യന്ത്രത്തിന്റെ ഹേതു തൊഴിലാളി വർഗ്ഗമെങ്കിൽ യന്ത്രത്തിന്റെ ഗുണഭോക്താവും തൊഴിലാളിയാവേണ്ടതില്ലേ എന്ന ചോദ്യം അതിൽ അടങ്ങിയിരിക്കുന്നുണ്ട്. അങ്ങനെയല്ലാതെ വരുന്നുവെങ്കിൽ അത് അനീതിയാണെന്നും വ്യംഗ്യം. ഈ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഈ യന്ത്രവൽക്കരണസിദ്ധാന്തം തീർത്തും മുതലാളിത്തവിരുദ്ധം ആണെന്നും കാണണം.

ബാബേജിന്റെ സിദ്ധാന്തവും നിർമ്മിതബുദ്ധിയും 

ബാബേജ് തന്റെ സിദ്ധാന്തത്തിലൂടെ പറയുന്നത് ഒന്ന് കൂടി സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നത് യന്ത്രം നടപ്പിലാക്കുന്നത് മനുഷ്യൻ ഏർപ്പെട്ടിരിക്കുന്ന നിർമ്മാണപ്രക്രിയയുടെ – പ്രക്രിയയുടെ എന്നതിലാണ് ഊന്നൽ – പകർപ്പാണ് എന്ന് കാണാം. ഓരോ തൊഴിലാളിയും അയാൾ ചെയ്തിരുന്ന പ്രക്രിയയെ കൂടുതൽ കാര്യക്ഷമതയോടെ ഒരു പണിയായുധത്തിന്റെ ചുമതലയിലേക്ക് മാറ്റുന്നു. അങ്ങനെ പ്രക്രിയയുടെ അനുകരണം പണിയായുധത്തിലൂടെ സാധ്യമാകുന്നു. ഇങ്ങനെ നിരവധിയായ പണിയായുധപ്രക്രിയകളെ സമ്മേളിപ്പിച്ചുകൊണ്ട് ഒരു യന്ത്രം സാധ്യമാകുന്നു.

നമുക്ക് നിർമ്മിതബുദ്ധിയിലേക്ക് വരാം. ബാബേജിന്റെ സിദ്ധാന്തം മൂർത്തമായ ഉൽപ്പന്നങ്ങളുടെ വ്യാവസായിക നിർമ്മാണത്തിന്റെ കാലത്താണെങ്കിൽ, അതല്ല ഇന്നത്തെ നിർമ്മിതബുദ്ധിയുടെ വിഷയം. ഇവിടെ പലപ്പോഴും യന്ത്രവൽക്കരിക്കപ്പെടുന്നത് മനുഷ്യരുടെ മനസ്സിലാക്കാനുള്ള ശേഷി അഥവാ ഗ്രഹണശക്തി തന്നെയാണെന്ന് കാണാം. ഒരു വാർത്ത വ്യാജമാണോ എന്ന നിഗമനം, ഒരു ചിത്രത്തിൽ ഉള്ളത് പൂച്ചയാണോ എന്ന നിഗമനം, എഴുതിയിരിക്കുന്ന അക്ഷരം എന്താണെന്നുള്ള നിഗമനം, ഉപയോക്താവ് എഴുതാൻ പോകുന്ന അടുത്ത വാക്ക് എന്തായിരിക്കും എന്ന നിഗമനം (വെബ് തിരയലിലെ autocomplete ഓർക്കുക), ഇവയൊക്കെ ഇന്ന് നിർമ്മിതബുദ്ധിയുടെ മേഖലയിലെ വിഷയങ്ങളാണ്. നിർമ്മിതബുദ്ധി ഏറ്റെടുക്കുന്നതിന് മുമ്പോ, നിർമ്മിതബുദ്ധി ഉപയോഗിക്കാത്ത സന്ദർഭങ്ങളിലോ ഇത്തരം നിഗമനങ്ങൾ എങ്ങനെയാണ് മനുഷ്യൻ ചെയ്തിരുന്നത് എന്നത് മിക്കവാറും അദൃശ്യമാണ്. ‘ഈ ചിത്രത്തിൽ പൂച്ചയാണെന്ന് നിങ്ങൾക്കെന്തുകൊണ്ട് തോന്നി?’ എന്ന് ഒരാളോട് ചോദിച്ചാൽ ചോദിക്കുന്നയാൾക്കെന്തെങ്കിലും കുഴപ്പമുണ്ട് എന്ന് വേണം ചിന്തിക്കാൻ. ഇവയൊക്കെ മനുഷ്യർക്ക് സ്വാഭാവികമായി ചെയ്യാൻ കഴിയുന്ന ബുദ്ധിപരമായ നിഗമനങ്ങളാണ്. ആ പ്രക്രിയ പടിപടിയായി വിവരിക്കാൻ സാധിക്കില്ല. അങ്ങനെ ഒരു പ്രക്രിയ പല ചെറിയ പ്രക്രിയകളുടെ സമ്മേളനമായി കാണാൻ സാധിക്കില്ലെങ്കിൽ, പ്രക്രിയ എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്ന് അത് നടപ്പിലാക്കുന്നയാൾക്ക് തന്നെ വർണ്ണിക്കാൻ സാധിക്കില്ലെങ്കിൽ, അത് ബാബേജിന്റെ യന്ത്രവൽക്കരണ സിദ്ധാന്തത്തിന് എളുപ്പം വഴങ്ങില്ല എന്ന് സാരം. അതിനായി കുറച്ചു മെനക്കെടേണ്ടതുണ്ടാവാം. ഇന്നത്തെ നിർമ്മിതബുദ്ധി പക്ഷെ അത്തരം പ്രവർത്തനങ്ങളുടെ യന്ത്രവൽക്കരണം നടപ്പിലാക്കുന്നത് പ്രക്രിയയുടെ അനുകരണത്തിലൂടെയല്ല, അന്തിമഫലത്തിന്റെ അനുകരണം എന്ന കുറുക്കുവഴിയിലൂടെയാണ്. അന്തിമഫലം എന്ന ലക്ഷ്യത്തിലേക്കുള്ള ഏതു മാർഗ്ഗവും നിർമ്മിതബുദ്ധി ഗവേഷണത്തിൽ സാധുവാണ്. സാങ്കേതികഭാഷ ഉപയോഗിച്ച് പറഞ്ഞാൽ വിവേചനാധിഷ്ഠിത (discriminative) നിർമ്മിതബുദ്ധി സാങ്കേതികവിദ്യകളും വിവരോൽപ്പാദനമാതൃകകൾ (generative) അധിഷ്ഠിതമായിട്ടുള്ള മാതൃകകളും മറ്റുമൊക്കെ ഗുണപരമായി വളരെ വ്യത്യസ്തമായിരിക്കെ അവ ഒന്നിച്ചെത്തുന്നത് അന്തിമഫലത്തിന്റെ അനുകരണം എന്ന ലക്ഷ്യത്തെ മുൻനിർത്തി നിർമ്മിച്ചവയാണ് എന്നതിലാണ്, അതിൽ മാത്രമാണ് എന്നും പറയാം.

ഈ പ്രക്രിയാനുകരണനിരാസം നിർമ്മിതബുദ്ധിയുടെ പ്രയോഗത്തിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഒന്നാമതായി, അവയുടെ പ്രവർത്തനം നമുക്ക് ഗ്രഹിക്കാൻ സാധിക്കില്ല എന്നതിനാൽ ഒന്നുകിൽ അവ ആധികാരികം എന്നോ അതല്ലെങ്കിൽ അവ നിരർത്ഥകം എന്നോ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ചിലർക്ക് തങ്ങൾക്ക് മനസ്സിലാവാത്ത യന്ത്രപ്രവർത്തനം മുഖവിലയ്‌ക്കെടുക്കാം എന്ന് കരുതാൻ താൽപര്യമുണ്ടാവുമെങ്കിൽ, മറ്റു ചിലർക്ക് ‘ഇതെന്തു സാധനം!’ എന്ന് തോന്നിയേക്കാം. രണ്ടായാലും ഗുണവും ദോഷവും ഏറെയുണ്ട്. രണ്ടാമത്, ഇവയുടെ പ്രവർത്തനത്തെ സാങ്കേതികമല്ലാത്ത രീതിയിൽ ഓഡിറ്റ് ചെയ്യാൻ – ഓഡിറ്റ് എന്നതിൽ തന്നെ പ്രക്രിയയുടെ പരിശോധന ഉൾപ്പെടുന്നുണ്ട് – ഉള്ള ബുദ്ധിമുട്ട് ഇവയെ ചില കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വിലങ്ങുതടിയായേക്കാം. പൊതുമേഖലയിൽ ഓഡിറ്റിങ് മുഖേനയോ മറ്റു തരത്തിലോ സുതാര്യത ഉറപ്പാക്കേണ്ട ആവശ്യം നിയമം മൂലം തന്നെ ഉണ്ടാവാം – ഉദാഹരണത്തിന് ക്ഷേമ പെൻഷനുള്ള യോഗ്യത നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർണ്ണയിക്കുന്നു എന്ന് സങ്കൽപ്പിക്കുക, അപ്പോൾ സുതാര്യത അനിവാര്യമാണല്ലോ. ഓഡിറ്റിങ് സാദ്ധ്യമല്ലാതെ വരുമ്പോൾ അവയിൽ പക്ഷപാതിത്വങ്ങൾ ഉണ്ടോ എന്നും മനസ്സിലാക്കാൻ പറ്റാതെ വരുന്നു. കൂടാതെ സാമൂഹികപരിണാമങ്ങൾക്കും പൊതുബോധത്തിലെ ചലനങ്ങൾക്കും മറ്റും ഉതകുന്ന തരത്തിൽ എങ്ങനെ ഇവയുടെ ക്രമീകരണത്തിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കാൻ പോലും സാദ്ധ്യമല്ലാതെ വരുന്നു – അവയുടെ പ്രവർത്തനം മനസ്സിലാക്കാൻ സാധിക്കില്ലെങ്കിൽ എങ്ങനെയാണ് പ്രവർത്തനം മെച്ചപ്പെടുത്താൻ കഴിയുക! ഈ വക പ്രശ്നങ്ങൾ ഒന്നും തന്നെ മനുഷ്യൻ തീരുമാനം എടുക്കുന്ന പ്രക്രിയയിൽ ഇല്ലെന്നു കാണുക. കാരണം മറ്റൊരു മനുഷ്യൻ എങ്ങനെയൊക്കെ ചിന്തിച്ചേക്കാം എന്നത് നാമും മനുഷ്യരാണ് എന്നത് കൊണ്ട് നമുക്ക് മനസ്സിലാക്കാൻ സാധിക്കും; ഇതിന് തിയറി ഓഫ് മൈൻഡ് എന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു.

നിർമ്മിതബുദ്ധി അൽഗോരിതങ്ങളുടെ പ്രവർത്തനം എത്രത്തോളം വിചിത്രവും മനുഷ്യന്റെ രീതികളിൽ നിന്ന് വ്യത്യസ്തവും ആവാം എന്ന് മനസ്സിലാക്കാൻ ഒരുദാഹരണം എടുക്കാം. ഒരു കുട്ടി തന്റെ (കുട്ടി)ക്കിടക്കയിൽ കിടക്കുന്ന ഒരു ചിത്രം എടുക്കുക, ഇവിടെ ചേർത്തിരിക്കുന്ന ചിത്രത്തിൽ ഒന്നിൽ കാണുന്നത് പോലെ. അതിലെ കുട്ടിക്കിടക്ക ശരിയായി കണ്ടെത്തുന്ന ഒരു നിർമ്മിതബുദ്ധി അൽഗോരിതം പക്ഷെ അതേ ചിത്രത്തിൽ കുട്ടിയുടെ കവിളിൽ ഒരു കറുത്ത പൊട്ടു ചേർത്തുകഴിയുമ്പോൾ (ചിത്രത്തിൽ ആ പൊട്ട് ചുവന്ന വൃത്തം കൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു) ആ ചിത്രത്തെ പേപ്പർ ടവൽ എന്ന് നിർവചിക്കുന്നു എന്ന് ഗവേഷകർ പരീക്ഷണങ്ങളിൽ കണ്ടെത്തി! ഒരു മനുഷ്യന് എത്ര ലോകവിവരരാഹിത്യം വന്നാലും അയാൾ കൊച്ചുകുട്ടിയുടെ ചിത്രത്തെ ഒരു കറുത്തപുള്ളിയുടെ പേരിൽ പേപ്പർ ടവൽ എന്ന് അടയാളപ്പെടുത്താൻ സാധ്യതയില്ല. ഇതുപോലെ ഒരൊറ്റ ചെറിയ പൊട്ടിന്റെ വ്യത്യാസം ടീ പോട്ട് എന്നതിനെ ജോയ് സ്റ്റിക് എന്ന് തെറ്റിദ്ധരിക്കുന്നതിലേക്കും നയിച്ചു. അൽഗോരിതത്തിന്റെ ഇങ്ങനെ പറ്റിക്കുന്നതിനെ one-pixel-attack എന്നാണ് ഇത് റിപ്പോർട്ട് ചെയ്ത ഗവേഷകർ അടയാളപ്പെടുത്തിയത്.

നിർമ്മിതബുദ്ധിയെ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് പലരീതിയിൽ നിർമ്മിതബുദ്ധി ഗവേഷണത്തിൽ ശ്രദ്ധയാകർഷിക്കുന്ന കാലമാണിത്. അപരിചിതമായ പ്രക്രിയ ഉപയോഗിക്കുന്ന നിർമ്മിതബുദ്ധി അൽഗോരിതങ്ങളെക്കൊണ്ട് മനുഷ്യർക്ക് മനസ്സിലാവുന്ന തരത്തിൽ വിശദീകരണം തരാൻ പ്രേരിപ്പിക്കുക എന്നതാണ് ഈയടുത്തു വളരെ ഗവേഷണശ്രദ്ധ ആകർഷിച്ചിട്ടുള്ള Explainable AI എന്ന പുതിയ ഗവേഷണമേഖലയുടെ ലക്ഷ്യം.

ഇത്തരം ട്രെൻഡുകളിൽ നിന്ന് വിഭിന്നവും അതേസമയം ആകർഷണീയവും ആയ ഒരു ബദൽ വാദമാണ് നാമിനി പരിശോധിക്കുന്നത്. അപരിചിതമായ പ്രക്രിയയ്ക്ക് മീതെ പരിചിതത്വത്തിന്റെ മുഖംമൂടി സൃഷ്ടിക്കാൻ പണിപ്പെടാതെ മനുഷ്യന്റെ ചിന്താപ്രക്രിയയോട് ചേർന്ന് നിൽക്കുന്ന തരത്തിൽ ഉള്ള നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്നതാണ് വിഖ്യാതനായ മനഃശാസ്ത്രജ്ഞനായ ഗേഡ് ഗിഗരൻസർ ഉയർത്തുന്ന വാദം. അദ്ദേഹം ഇതിനെ ‘മനഃശാസ്ത്രപരമായ നിർമ്മിതബുദ്ധി’ (psychological AI) എന്ന് വിളിക്കുന്നു. കഴുത്തിന് പിറകിലൂടെ കൈ കൊണ്ടുവന്നു മൂക്കിൽ തൊടാൻ ശ്രമിക്കുന്നതിന് പകരം നേരെ കൈ കൊണ്ട് മൂക്കിൽ തൊട്ടുകൂടെ എന്നു ചോദിക്കുമ്പോലെ തന്നെയല്ലേ ഇതും എന്ന് പോലും തോന്നിയേക്കാവുന്ന സ്വാഭാവികത ഈ വാദത്തിൽ അനുഭവപ്പെടാം! ഗിഗരൻസർ നിർദേശിക്കുന്ന രീതി ഒരൽപം ദുർഘടം ആയേക്കാം എങ്കിലും ആ രീതി പിന്തുടർന്ന് നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ നിർമ്മിച്ചാൽ one-pixel-attack ൽ കണ്ടപോലെ പരിഹാസ്യമായ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത കുറവായിരിക്കും എന്ന് വ്യക്തം. അന്തർലീനമായി മനുഷ്യന് പരിചയമുള്ള രീതികൾ ഉപയോഗിച്ചാൽ explainable AI പോലെയുള്ള പുതിയ ഗവേഷണമേഖലകൾ കണ്ടെത്തേണ്ട ആവശ്യമില്ല എന്ന ഗുണവും ഉണ്ട്.

മനശ്ശാസ്ത്രപരമായ നിർമ്മിതബുദ്ധിയുടെ ആവശ്യകതയെ പരിചയപ്പെടുത്തുന്ന അദ്ധേഹത്തിന്റെ ഒരു പുസ്തകവും 2022ഇൽ പ്രസിദ്ധീകരിച്ചിരുന്നു. ഒരർത്ഥത്തിൽ ഇതിനെ ബാബേജിലേക്ക് മടങ്ങാനുള്ള ഒരു ആഹ്വാനമായി വിലയിരുത്താം. ഗിഗരൻസർ ഇതിലേക്കായി പറയുന്ന ഒരു വാദം ലളിതമാണ്. ഒരു കൊച്ചു കുട്ടിക്ക് ഒരൊറ്റ പൂച്ചയെ കണ്ടു കഴിഞ്ഞാൽ അതിൽനിന്നും നിറത്തിലും വലിപ്പത്തിലും എല്ലാം വ്യത്യസ്തമായ മറ്റൊരു പൂച്ചയെ കാണുമ്പോൾ അതൊരു പൂച്ചയാണെന്നു തിരിച്ചറിയാൻ കഴിയും. പക്ഷെ, ഇന്നത്തെ നിർമ്മിതബുദ്ധി അൽഗോരിതത്തിനെ ആയിരക്കണക്കിന് പൂച്ചകളുടെ ചിത്രങ്ങൾ കൊണ്ട് ട്രെയിൻ ചെയ്യിച്ചാൽ പോലും ഒരു പൂച്ചയെ തിരിച്ചറിയുന്നതിൽ തെറ്റുപറ്റാം (ഒരു കറുത്ത പുള്ളിയെങ്ങാനും ആസ്ഥാനത്തുണ്ടേൽ പിന്നെ പറയുകയും വേണ്ട!). എന്തുകൊണ്ട് മനുഷ്യന്റെ രീതികൾ മനസ്സിലാക്കി അതുപയോഗിച്ചു നിർമ്മിതബുദ്ധി അൽഗോരിതങ്ങൾ നിർമ്മിച്ചുകൂടാ എന്നാണ് ഗിഗരൻസർ ചോദിക്കുന്നത്. ഈ വാദത്തെ ഒരൽപം സാമാന്യവൽക്കരിച്ചു പ്രക്രിയാനുകരണനിരാസം പരിഹരിക്കണം എന്നും കൂടി വ്യാഖ്യാനിക്കാവുന്നതാണ്. ‘നമുക്ക് ബാബേജിലേക്ക് മടങ്ങിക്കൂടെ?’ എന്ന ചോദ്യം ഒരു നിർമ്മിതബുദ്ധി നവീകരണത്തിലേക്കുള്ള പാതയിലേക്ക് നയിക്കും എന്ന് പ്രത്യാശിക്കാൻ ഏറെയുണ്ട്.


സസൂക്ഷ്മം – പംക്തി ഇതുവരെ


പോഡ്കാസ്റ്റുകൾ


അനുബന്ധ വായനയ്ക്ക്

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post The Machine Age
Next post യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്: ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ല്
Close