കോവിഡ് രോഗബാധ മാറുമ്പോഴും തുടരുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ലോങ് കോവിഡ്. ചിലരിൽ താത്ക്കാലികവും ചിലരിൽ ദീർഘകാലവും തുടരുന്ന അസ്വസ്ഥതകൾ ചിലരിൽ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകാം. കോവിഡാനന്തര പുനരധിവാസം ഈ കാര്യങ്ങൾക്കൂടി അഭിസംബോധന ചെയ്യുന്നു.
കോവിഡ്-19 ന് ഒരു വയസ്സ് തികയാൻ പോകുന്ന ഈ അവസരത്തിലും സാർസ് കൊറോണ രണ്ട് എന്ന വൈറസും അതുണ്ടാക്കുന്ന രോഗവും ശാസ്ത്രലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഇതിൽ ഏറ്റവും ഒടുവിലായി സ്ഥിരീകരിക്കപ്പെട്ട ഒരു കാര്യമാണ് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ അഥവാ ലോങ് കോവിഡ്. കോവിഡ് 19 രോഗം നേരത്തെ വന്ന ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളെയാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് വന്ന ആളുകളിൽ പത്തു ശതമാനം വരെ ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള പഠനങ്ങൾ പറയുന്നത്. നമ്മുടെ നാട്ടിലും കോവിഡ് മുക്തമായ പലരും പലവിധ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചെറിയ ക്ഷീണം മുതൽ ഓക്സിജൻ ചികിത്സ കൂടാതെ ജീവിതം നിലനിർത്താൻ കഴിയാത്ത ശ്വാസകോശരോഗം വരെ അതിൽ പെടുന്നു. ശതമാനം പറയുമ്പോൾ ഒന്നുകൂടി ഓർ ക്കണം. കൃത്യമായ കണക്കുകൾ ഇനിയും വരാൻ ഇരിക്കുന്നേ ഉള്ളൂ. ഒരു പുതിയ രോഗത്തിന്റെ ദീർഘകാല പ്രശ്നങ്ങളെ കുറിച്ച് ആധികാരികമായി പറയാനുള്ള സമയം ആയില്ലല്ലോ. മാത്രവുമല്ല എല്ലാവർക്കും അറിയുന്നതു പോലെ കോവിഡ് എന്നു പറയുന്നത് അതു വന്നവർക്ക് തന്നെ പലതാണ്, ചിലർക്ക് സമ്പർക്കം കാരണം സ്രവം പരിശോധിച്ചപ്പോൾ കിട്ടിയ ഒരു പോസിറ്റീവ് ഫലം മാത്രം ആണെങ്കിൽ ചിലർക്ക് അതു മരണവുമായുള്ള മൽപ്പിടുത്തം ആയിരുന്നു. പലരും ഒരു പ്രശ്നവും ഇല്ലാതെ വീട്ടിൽ വിശ്രമിച്ചപ്പോൾ ചിലർ അത്യാസന്ന വിഭാഗത്തിൽ ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായം തേടുകയായിരുന്നു. അതുകൊണ്ട് തന്നെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും പലർക്കും പലതായിരിക്കുമെന്ന് ഊഹിക്കാമല്ലോ. നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കോവിഡിന്റെ മാത്രം കുത്തകയല്ല. മറ്റു അണുബാധകളും ഇങ്ങനെ പെരുമാറാം. ഒരാൾക്ക് അതി കഠിനമായ അണുബാധ ഉണ്ടാവുകയും അയാൾ അത്യാസന്ന നിലയിൽ ആവുകയും ചെയ്താൽ രോഗമുക്തിക്ക് ശേഷവും പലവിധ ആരോഗ്യ പഠനങ്ങൾ നിലനിൽക്കാറുണ്ട്. പലരും മാസങ്ങൾക്കു ശേഷമാണ് പഴയ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചു പോകുന്നത്. കോവിഡ് ന്യൂമോണിയ വന്നു ഗുരുതര സ്ഥിതിയിൽ ആകുന്ന ഒരാൾ ഇങ്ങനെ പൂർവസ്ഥിതിയിൽ എത്താൻ സമയം എടുക്കുന്നത് അസ്വാഭാവികമല്ല. പക്ഷേ കോവിഡിനെ വ്യത്യസ്തമാക്കുന്ന ഘടകം വലിയ സങ്കീർണതകൾ ഒന്നും ഉണ്ടാക്കാതെ ചെറിയൊരു പനിയാ ചുമയോ വന്ന് സുഖം പ്രാപിച്ച് ചിലരിലും ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നതാണ്. ഗുരുതര രോഗം വന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ഈ കൂട്ടരുടെ നുപാതം കുറവാണെങ്കിലും നിസ്സാരമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയാത്ത എണ്ണം ആളുകളിൽ ഇങ്ങനെ സംഭവിക്കുന്നുണ്ട് എന്നതാണ് കണക്കുകൾ കാണിക്കുന്നത്. – പലപ്പോഴും കോവിഡ് പെട്ടെന്ന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയിലൊരു വേർതിരിവ് ഉണ്ടാകണമെന്നില്ല.
എന്തൊക്കെയാണ് കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ?
വിട്ടുമാറാത്ത ക്ഷീണം കിതപ്പ്, ശ്വാസംമുട്ട് നെഞ്ചു വേദന, ചുമ, ശരീര വേദന, തലവേദന മാനസിക സംഘർഷം, വിഷാദം, ആകാരണമായ ഭയം, ആശങ്ക ഏകാഗ്രതക്കുറവ് ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഏറ്റവും സാധാരണയായി കാണുന്നത്. ഇവയിൽ ചിലത് വളരെ നിസ്സാരവും കുറച്ച് സമയം കഴിയുമ്പോൾ തനിയേ സുഖപ്പെടുന്നതും ആണങ്കിൽ ചിലത് അപകടങ്ങളുടെ സൂചനയും ആവാം. കോവിഡ് ശരീരത്തിൽ രക്തം കട്ട പിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നെന്നും, പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതും നേരത്തെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇതേ പ്രശ്നം ചിലപ്പോൾ പ്രാരംഭ ലക്ഷണങ്ങൾ ഭേദപ്പെട്ട ശേഷവും സംഭവിക്കാം. ശ്വാസകോശത്തിലെ രക്ത ക്കുഴലുകളിൽ തടസ്സം ഉണ്ടാക്കുന്ന പൾമണറി എമ്പോളിസം, അപൂർവമായി ഉണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവ ലോങ്ങ് കോവിഡിന്റെ ഭാഗമായി ഉണ്ടാകാം.
അപകടരമാവാൻ സാധ്യത ഉള്ള മറ്റൊരു പ്രശ്നമാണ് കോവിഡ് കാരണം ഹ്യദയപേശികളിൽ വരാൻ സാധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിൽ ഉണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം ഉണ്ടാകാം. കോവിഡ് ശ്വാസകോശങ്ങളിൽ ഉണ്ടാക്കിയ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കുന്നതാണ് ശ്വാസകോശത്തിലെ ഫൈബ്രോസിസ്. നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെ ഉണ്ടാകാം, കോവിഡ് വന്ന പല പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നതായി കാണാറുണ്ട്. നേരത്തെ പ്രമേഹം ഇല്ലാത്ത ചിലരിലും രക്തത്തിൽ പഞ്ചസാര കൂടാം. ഈ കൂട്ടരുടെ ഷുഗറിന്റെ അളവ് കോവിഡ് മുക്തമായ ശേഷവും നിയന്ത്രണമില്ലാതെ തുടരുന്നതായി കാണപ്പെടുന്നുണ്ട്. ഇതെല്ലാം നേരത്തെ കണ്ടെത്തേണ്ടതും ചികിത്സ ലഭിക്കേണ്ടതുമായ അവസ്ഥകൾ ആണ്.
കോവിഡ് അണുബാധ ഉണ്ടാകുന്ന 80 മുതൽ 85 ശതമാനം വരെ ആളുകളിൽ വളരെ ചെറിയ ലക്ഷണങ്ങൾ വന്ന് സുഖം പ്രാപിക്കുകയാണ് പതിവ്. അതിൽ തന്നെ ഭൂരിപക്ഷം ആളുകളിൽ ഒരു ലക്ഷണവും അറിയാതെ പോവുകയും ചെയ്യുന്നു. ലക്ഷണങ്ങൾ ഉള്ളവരിൽ രണ്ടു മുതൽ മൂന്നാഴ്ച വരെ സമയം കൊണ്ട് പൂർണ സുഖം പ്രാപിക്കേണ്ടതാണ്. ഈ സമയം കഴിഞ്ഞിട്ടും ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ടെങ്കിൽ ലോങ്ങ് കോവിഡ് പ്രശ്നങ്ങൾ ആയി കണക്കാക്കണം. അത് നേരത്തെ പറഞ്ഞത് പോലെ ചില ആളുകളിൽ സാധാരണ ജീവിതത്തിൽ നിന്ന് അല്പകാലം മാറിനിന്ന ശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറുന്നതിനിടയിലെ ഒരു ക്രമീകരണ പ്രശ്നം മാത്രം ആയിരിക്കാം. എന്നാൽ ചിലരിൽ വരാൻ പോകുന്ന അപകടകരമായ പ്രത്യാഘാതങ്ങളുടെ സൂചനയും ആവാം. ഇത് തിരിച്ചറിയാൻ വിദഗ്ധ സഹായം തേടുന്നത് നല്ലതാണ്, വിശ്രമസമയവും ചെറിയ വ്യായാമൾഷവും ഉള്ള ശരീരത്തിലെ ഓക്സിജന്റെ അളവ്, ഹിമോഗ്ലോബിൻ, നെഞ്ചിന്റെ എക്സ് റേ, ഇസിജി, ചിലപ്പോൾ സ്കാനിങ്, രക്തം കട്ടപിടിച്ചിട്ടുണ്ടാവാനുള്ള സാധ്യത പരിശോധിച്ചറിയുന്ന ഡി ഡൈമർ, സിആർപിപോലത്തെ ടെസ്റ്റുകൾ ഇവ നേരത്തെ തിരിച്ചറിയാൻ സഹായിക്കും,
സാധാരണ ജീവിതരീതികളിൽ നിന്ന് പൂർണമായി മാറിപ്പോയ രോഗികളെ ഘട്ടം ഘട്ടമായി ജീവിതത്തിലേക്ക് തിരിച്ച കൊണ്ടു വരിക എന്നതാണ് ചികിത്സയിലെ ഏറ്റവും പ്രധാന ഭാഗം അവരുടെ ശരീരത്തിനും മനസ്സിനും ഒരേ പോലെ കരുത്ത് പകരുന്ന പുനരധിവാസ ചികിത്സ അതായിരിക്കും ആവശ്യം. അതിൽ ഒന്നാമത് ശ്വാസകോശങ്ങളുടെ പുന:ക്രമീകരണമാണ്. ഇതിന് ശ്വസന വ്യായാമങ്ങളിലൂടെ സഹായിക്കും. ശ്വസന പേശികൾ പോലെ തന്നെ ശരീരത്തില മറ്റു പേശികളെയും ചിട്ടയോടെയുള്ള വ്യായാമ മുറകൾ കൊണ്ട് പാകപ്പെടുത്തിയെടുക്കേണ്ടി വരും. രക്തം കട്ടപിടിക്കുന്നതു പോലെയുള്ള പ്രശ്നങ്ങൾക്ക് മരുന്നുകൊണ്ടുള്ള ചികിത്സ ആവശ്യമായിവരും.. ശാരീരിക പ്രശ്നങ്ങളുടെ അത്ര തന്നെ പ്രാധാന്യമുള്ള മാനസിക പ്രശ്ന ങ്ങൾക്കും കൗൺസിലിംഗ് പോലെയുള്ള മാർഗങ്ങളും ചിലപ്പോൾ മരുന്നും നൽകേണ്ടി വരും. കേരളത്തിന്റെ കോവിഡുമായുള്ള പോരാട്ടം ഏതാണ്ട് എട്ട് മാസം പൂർത്തിയാക്കുകയാണ്. കനത്ത പ്രതിരോധം സൃഷ്ടിച്ചു, ഒരൊറ്റ രോഗി പോലും ഇല്ലാത്ത ദിവസങ്ങൾ മുതൽ ദിവസം രോഗികളുടെ എണ്ണം പതിനായിരം കടക്കുന്ന ദിവസങ്ങൾക്കു വരെ നാം ദൃക്സാക്ഷികളായി. എന്നിരുന്നാലും നമ്മുടെ പ്ലാനിംഗ് ഒട്ടാകെ തകിടം മറിച്ചുള്ള ഒരു വേലിയേറ്റം ഉണ്ടായില്ല എന്നു നമുക്ക് ആശ്വസിക്കാം. നാം ഒരുക്കി വെച്ച സൗകര്യങ്ങൾക്കുളളിൽ ഉള്ളിൽ ഒതുങ്ങി നിന്ന ഒരു രോഗതരംഗം ആയിരുന്നു എന്നതാണ് രക്ഷയായത്. നമ്മുടെ പ്രതിരോധത്തിലും കണക്കുകൂട്ടലുകളിലും നമുക്ക് അഭിമാനിക്കാൻ വകയുണ്ടെങ്കി ലും അതിരു കവിഞ്ഞ ആത്മവിശ്വാസത്തിലേക്ക് വഴുതി വീഴാതെ നോക്കേണ്ടത് ഓരോ പൗരന്റെയും ധർമ്മമാണ്. അത് ഒന്നു കൂടി ഓർമിപ്പിക്കുന്നതാവണം കോവിഡാനന്തര ആരോഗ്യപാനങ്ങളെ കുറിച്ചുള്ള ചർച്ചകൾ. കോവിഡ് മനുഷ്യരിൽ ഉണ്ടാക്കാൻ പോകുന്ന എല്ലാ ദുരന്തങ്ങളുടെയും കണക്കെടുപ്പിനുള്ള സമയം ഇപ്പോഴും ആയിട്ടില്ലെന്ന് ഓർക്കണം. ഇതുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും ഉത്തരം കാലമെടുത്തേ നൽകാൻ കഴിയു. ലഭ്യമായ അറിവുകൾ വെച്ച് കോവിഡിനെ നിസ്സാരമായി തള്ളിക്കളയാൻ സാധ്യമല്ല. എന്ന് ഉറപ്പിച്ചു പറയാം. പറ്റാവുന്ന മാർഗങ്ങളിലൂടെയെല്ലാം കോവിഡിനെ അകറ്റി നിർത്താൻ ശ്രമിക്കുന്നതു തന്നെ ബുദ്ധി.
2020 ഡിസംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്. ശാസ്ത്രഗതി ഇപ്പോൾ ഓൺലൈനായി വരിചേരാം
കോവിഡാനന്തര രോഗങ്ങൾ
കോവിഡ് മാറിയവർ ചെയ്യേണ്ട വ്യായാമങ്ങൾ
ലൂക്ക – പ്രസിദ്ധീകരിച്ച കോവിഡ് ലേഖനങ്ങളും വീഡിയോകളും ലഘുലേഖകളും കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക