Read Time:24 Minute

വീഡിയോ അവതരണം കാണാം

ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവനു സാധ്യതയുണ്ടോ ? സൗരയൂഥത്തിൽ ആ പ്രതീക്ഷ അല്പമുണ്ടായിരുന്നത് ചൊവ്വയിലാണ്. എന്നാൽ  ഇതുവരെയുള്ള അന്വേഷണങ്ങളെല്ലാം വൃഥാവിലായി. ഇനി വലിയ പ്രതീക്ഷ ഇല്ല താനും. ഏതെങ്കിലും നക്ഷത്രങ്ങളുടെ ഗ്രഹങ്ങളിൽ (സൗരേതരഗ്രഹങ്ങൾ – Exoplanets) ജീവൻ ഉണ്ടാകാൻ സാധ്യതയുണ്ടോ ? ഉണ്ടെന്നു വിശ്വസിക്കുന്നതാണ് യുക്തിസഹം. കാരണം ജീവന്റെ സൃഷ്ടിക്ക് ആവശ്യമായ രാസഘടകങ്ങൾ ഏതൊക്കെ എന്നു നമുക്കറിയാം. അതു പല സൗരേതര ഗ്രഹങ്ങളിലും ഉണ്ടായിരിക്കുമെന്നും തീർച്ച. ജീവ കണങ്ങളുടെ സൃഷ്ടിയിലേക്ക് നയിക്കാൻ വേണ്ട സാഹചര്യവും നമുക്കറിയാം. ഈ വിശാല പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ആ സാഹചര്യം ഉണ്ടായത് എന്നു വിശ്വസിക്കാൻ ഒരു കാരണവുമില്ല.

നമ്മുടെ ആകാശഗംഗ (milky way) എന്ന ഗാലക്സിയിൽ മാത്രം പതിനായിരം കോടിയിലധികം നക്ഷത്രകളുണ്ടെന്നു കണക്കാക്കുന്നു. ഇത്തരം പതിനായിരം കോടിയിലധികം ഗാലക്സികൾ വേറെയുമുണ്ട് പ്രപഞ്ചത്തിൽ .  ആകാശഗംഗ മാത്രമെടുത്താൽ, നക്ഷത്രങ്ങളിൽ അഞ്ചിലൊന്നു മാത്രമേ സൂര്യനെപ്പോലുള്ള ഒറ്റയാന്മാർ  ഉള്ളൂ എന്നാണ് കാണുന്നത്. മറ്റുള്ളവ ഇരട്ടകളോ കൂട്ടങ്ങളോ ആണ്. അവയ്ക്കു ചുറ്റും ഗ്രഹങ്ങളുണ്ടാകാനുള്ള സാധ്യത കുറവാണ്. ഒറ്റ നക്ഷത്രങ്ങൾക്കു ചുറ്റും ഗ്രഹങ്ങൾ രൂപം കൊള്ളാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അത്തരം 5000-ത്തിലധികം ഗ്രഹങ്ങളെ ഇതിനകം കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. 1995 നു ശേഷമാണിത്. ആ വർഷമാണ് മിഷേൽ മെയറും ദിദിയേ ക്വിലോസും ചേർന്ന് ആദ്യമായി 51 പെഗാസി എന്ന ഒരു സൗരേതരഗ്രഹത്തെ കണ്ടെത്തിയത് . ആകാശഗംഗയിലെ ഗ്രഹങ്ങളുടെ യഥാർഥ എണ്ണം അനേകായിരം കോടികൾ വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

മിഷേൽ മേയർ (Michel Mayor), ദിദിയെ ക്വിലോസ് (Didier Queloz)

ജീവയോഗ്യ മേഖല

എല്ലാ ഗ്രഹങ്ങളും ജീവനു താങ്ങാവില്ല. നമ്മുടെ സൗരയൂഥമെടുത്താൽ ഭൂമിയിൽ മാത്രമല്ലേ ജീവനുള്ളൂ. കാരണം ഇവിടെ മാത്രമേ ജലം ഒഴുകുന്ന അവസ്ഥയിലുള്ളൂ. സൂര്യനടുത്തേക്കു പോകുന്തോറും ജലം ആവി ആയിപ്പോകും. അകലേക്കു പോയാലോ, ഐസ് ആയും മാറും. രണ്ടായാലും ജീവനു സാധ്യത ഇല്ല. ഭൂമിയുടെ ഇപ്പോഴുള്ള പഥത്തിന് അപ്പുറവും ഇപ്പുറവുമായി ഏതാനും കോടി കിലോമീറ്റർ ദൂരം വരെ മാത്രമേ ജലത്തിന് ഒഴുകാൻ അനുയോജ്യമായ താപനില ലഭ്യമാകൂ. ഈ മേഖലയെ നമ്മൾ സൂര്യന്റെ ജീവയോഗ്യ മേഖല (habitable zone) എന്നു വിളിക്കും. എല്ലാ ഒറ്റ നക്ഷത്രങ്ങൾക്കും ഇതുപോലെ ഒരു ജീവയോഗ്യ മേഖല ഉണ്ടാകും. ഒരു നക്ഷത്രം പുറം തള്ളുന്ന ഊർജമാണ് ജീവ യോഗ്യ മേഖല എത്ര അകലെയായിരിക്കും എന്നു തീരുമാനിക്കുക. ചൂടു കൂടിയ നക്ഷത്രങ്ങൾക്ക് ജീവ യോഗ്യ മേഖല കൂടുതൽ അകലെ ആയിരിക്കും.

ജീവയോഗ്യ മേഖല (habitable zone) – നക്ഷത്രങ്ങൾക്ക് ചുറ്റുമുള്ള വാസയോഗ്യമായ മേഖലയുടെ അതിരുകളും നക്ഷത്ര തരം അതിരുകളെ എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രീകരിക്കുന്ന ഒരു ഡയഗ്രം. ഈ പ്ലോട്ടിൽ സൗരയൂഥത്തിലെ ഗ്രഹങ്ങളും (ശുക്രൻ, ഭൂമി, ചൊവ്വ) ഗ്രഹങ്ങളും ട്രാപ്പിസ്റ്റ്-1d, കെപ്ലർ-186f, നമ്മുടെ അടുത്തുള്ള അയൽവാസിയായ പ്രോക്സിമ സെന്റൗറി ബി എന്നിവയും ഉൾപ്പെടുന്നു.

ഒരു നക്ഷത്രത്തിന്റെ ജീവയോഗ്യ മേഖലയിൽ ഒരു ഗ്രഹം പെട്ടു എന്നതുകൊണ്ടു മാത്രം അതിൽ ജീവൻ ഉത്ഭവിക്കണമെന്നില്ല. ബുധനെപ്പോലുള്ള ഒരു ചെറിയ ഗ്രഹമാണെങ്കിൽ അതിന് വായുമണ്ഡലത്തെ പിടിച്ചു നിർത്താനുള്ള ഗുരുത്വാകർഷണം ഉണ്ടാവില്ല. വ്യാഴം പോലൊരു ഭീമനാണെങ്കിലോ ? ഹൈഡ്രജനും ഹീലിയവും കൊണ്ട് അന്തരീക്ഷം നിറയുകയും ചെയ്യും. കാരണം അവയാണ് പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള വാതകങ്ങൾ. രണ്ടായാലും, ജീവൻ ഉണ്ടായെന്നു വരില്ല. എന്നു വെച്ചാൽ, ഒരു നക്ഷത്രത്തിന്റെ ജീവയോഗ്യ മേഖലയിൽ ഭൂമിയെപ്പോലെ ഒരു ഇടത്തരം ഗ്രഹം പെട്ടാൽ (വലുപ്പം അല്പമൊക്കെ കൂടുകയോ കുറയുകയോ ചെയ്യാം) അതിൽ ഒഴുകുന്ന വെളളവും അന്തരീക്ഷത്തിൽ നൈട്രജൻ, കാർബൺ ഡയോക്സൈഡ്, ഓക്സിജൻ എന്നീ ഭാരമുള്ള വാതകങ്ങളും ഉണ്ടാകാം. അപ്പോൾ ജീവനുണ്ടാകാനുള്ള സാധ്യത ഏറെയാണ് .
ഈ സാധ്യത പ്രപഞ്ചത്തിൽ തീരെ ചെറുതല്ല. കോടിക്കണക്കിന് ഗ്രഹങ്ങളിൽ അതു പ്രതീക്ഷിക്കാം. ആകാശ ഗംഗയിൽത്തന്നെ ലക്ഷങ്ങൾ ഉണ്ടാകാം. എന്നാൽ എത്ര എണ്ണത്തിൽ ബുദ്ധിയുള്ള ജീവികൾ ഉരുത്തിരിഞ്ഞിട്ടുണ്ടാകും എന്നു കണക്കാക്കണമെങ്കിൽ വേറെയും ചില കാര്യങ്ങൾ പരിഗണിക്കേണ്ടിവരും. അതിൽ പ്രധാനം നക്ഷത്രത്തിന്റെ ആയുസ്സാണ്. സൂര്യൻ ജ്വലിച്ചു തുടങ്ങിയിട്ട് ഏതാണ്ട് 460 കോടി വർഷങ്ങളായി എന്നും ഭൂമിയിൽ ജീവൻ ഉത്ഭവിച്ചിട്ട് 370 കോടിയിലധികം വർഷങ്ങളായി എന്നുമാണ് കണക്കാക്കുന്നത്. ഏകകോശ ജീവിയിൽ നിന്ന് പരിണാമത്തിലൂടെ ബുദ്ധിയുള്ള മനുഷ്യനിലെത്താൻ അത്രയും കാലം മതിയായി. സൂര്യൻ ഇപ്പോൾ ഏതാണ്ട് അർധായുസ്സിലാണ് ഉള്ളത്.
എന്നാൽ എല്ലാ നക്ഷത്രങ്ങൾക്കും ഒരേ ആയുസ്സല്ല. സൂര്യനേക്കാൾ മാസ്സ് കൂടിയ നക്ഷത്രങ്ങൾ അതിവേഗം ജ്വലിച്ച് ഇന്ധനം തീർന്നു പോകും. മാസ്സിന്റെ ഏതാണ്ട് നാലാം വർഗത്തിന് (M4) ആനുപാതികമാണ് ജ്വലനനിരക്ക്. എന്നുവെച്ചാൽ സൂര്യന്റെ ഇരട്ടി മാസ്സ് ഉള്ള ഒരു നക്ഷത്രം 16 ഇരട്ടി തീവ്രതയോടെ ജ്വലിക്കുകയും എട്ടിലൊരംശം കാലം മാത്രം ജീവിച്ചിരിക്കുകയും ചെയ്യും. ഏറിയാൽ 150 കോടി വർഷം. ആ നക്ഷത്രത്തിന്റെ ജീവയോഗ്യ മേഖലയിലുള്ള ഒരു ഗ്രഹത്തിൽ ജീവൻ ഉത്ഭവിച്ചാൽത്തന്നെ അത് പരിണമിച്ച് ഒരു ബുദ്ധിയുള്ള ജീവിയായി വികസിക്കും മുമ്പ്  നക്ഷത്രത്തിന് നാശം സംഭവിച്ചിരിക്കും. സൂര്യനേക്കാൾ തീരെ ഭാരം കുറഞ്ഞ നക്ഷത്രമാണെങ്കിൽ ഏറെക്കാലം ജീവിച്ചിരിക്കും. പക്ഷേ, ജീവവികാസത്തിന് ആവശ്യമായ ഊർജം (താപവും പ്രകാശവും) കിട്ടിയെന്നു വരില്ല. അതുകൊണ്ട് ശാസ്ത്രജ്ഞർ ശ്രദ്ധയോടെ പഠിക്കാൻ ശ്രമിക്കുന്നത് സൂര്യസമാന നക്ഷത്രങ്ങളെയാണ്.

ഉപരിതല താപനില അനുസരിച്ച് നക്ഷത്രങ്ങളെ O,B,A,F,G,K,M എന്നിങ്ങനെ പല ടൈപ്പുകളായി വിഭജിച്ചിട്ടുണ്ട്.

ഉപരിതല താപനില അനുസരിച്ച് നക്ഷത്രങ്ങളെ O,B,A,F,G,K,M എന്നിങ്ങനെ പല ടൈപ്പുകളായി വിഭജിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ നാലും വളരെ ചൂടുള്ളവയും വേഗം കെട്ടടങ്ങുന്നവയുമാണ്. ഒടുവിലത്തെ രണ്ടെണ്ണം മങ്ങിയവയും.  ജി വിഭാഗം ( G – type) ആണ് ബുദ്ധിജീവികളുടെ വികാസത്തിന് അനുയോജ്യം. അതിൽത്തന്നെ, താപനില അനുസരിച്ച് G0, G1…. G9 എന്നിങ്ങനെയുള്ള 10 ഉപവിഭാഗങ്ങളുണ്ട്. അതിൽ G 2 വിഭാഗത്തിലാണ് സൂര്യനുള്ളത്. G വിഭാഗം മൊത്തത്തിൽ തന്നെ പഠന വിധേയമാണ്.

ജി വിഭാഗം നക്ഷത്രങ്ങളുടെ ജീവയോഗ്യമേഖലകളിലെ ഗ്രഹങ്ങളിൽ ഭൂമിയോളം വലുപ്പവും പാറകൾ (പലതരം സിലിക്കേറ്റുകൾ) കൊണ്ടുള്ള പുറം പാളി ഉള്ളതുമായ കുറേ എണ്ണത്തെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയിലെ ജലസാന്നിധ്യവും അന്തരീക്ഷഘടനയും കൃത്യമായി മനസ്സിലാക്കാൻ ഇനിയും കാലമെടുത്തേക്കും.
ജലവും യോജിച്ച അന്തരീക്ഷവും ഉണ്ടായാലും ബുദ്ധിയുള്ള ജീവികൾ ഉരുത്തിരിയണമെന്നില്ല. അതിന് വേറെയും നിരവധി ഘടകങ്ങൾ ഒത്തുചേരണം എന്നാണ് ഭൂമിയിലെ പഠനങ്ങൾ നൽകുന്ന സൂചന. ഗ്രഹം സ്വയം കറങ്ങുന്ന അക്ഷവും (ഭ്രമണാക്ഷം) നക്ഷത്രത്തെ ചുറ്റുന്ന അക്ഷവും (പരിക്രമണാക്ഷം) ഒരേ ദിശയിലായാൽ ഋതുക്കൾ (Seasons) മാറി വരില്ല. എല്ലാ ദിവസവും ഒരുപോലിരിക്കും. ശൈത്യവും വസന്തവും വേനലും ഒന്നും പ്രത്യക്ഷമാകില്ല. ജീവജാലങ്ങൾക്ക് ജീവിത ചക്രം പ്രകൃതി നൽകില്ല എന്നർഥം.  പരിക്രമണ അക്ഷവുമായി ഭൂ അക്ഷത്തിനുള്ള 23.5 ഡിഗ്രി ചരിവാണല്ലോ നമ്മുടെ ഋതു ചക്രം തീരുമാനിക്കുന്നത്. സൗരേതരഗ്രഹങ്ങളുടെ കാര്യത്തിൽ ചരിവ് പൂജ്യം മുതൽ എത്രയുമാകാം. ഋതുക്കൾ തമ്മിലുള്ള അന്തരം അതനുസരിച്ചു മാറും. പരിണാമത്തെ അതു സ്വാധീനിക്കുമെന്നു തീർച്ച. അതുപോലെ ഗ്രഹത്തിന്റെ ഭ്രമണ കാലം (ദിവസത്തിന്റെ നീളം) പരിക്രമണകാലം (വർഷം) ഇവയും ഓരോ ഗ്രഹത്തിനും വ്യത്യസ്തമായിരിക്കും. അതു പോലെ ഗ്രഹത്തിലെ കാന്തികമണ്ഡലത്തിന്റെ തീവ്രതയും മാറാം. അതാണല്ലോ ഗ്രഹത്തിലേക്കുള്ള ചാർജിത കണങ്ങളുടെ പ്രവാഹം (നക്ഷത്രവാതം) നിയന്ത്രിക്കുന്നത് . ഇതെല്ലാം ജീവപരിണാമത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പരിണാമത്തെ ബാധിച്ചേക്കാവുന്ന മറ്റൊരു ഘടകം ഉപഗ്രഹങ്ങളുടെ സ്വഭാവമാണ്. ഭൂമിക്ക് ഒരു ചന്ദ്രനേ ഉള്ളൂ. അത് സാമാന്യം വലുതും അടുത്തും ആണ്. അതുണ്ടാക്കുന്ന വേലിയേറ്റവും മറ്റു സ്വാധീനങ്ങളും നമുക്കറിയാം. ഒരു സൗരേതരഗ്രഹത്തിന്റെ ചന്ദ്രന്മാരുടെ എണ്ണവും അവയുടെ വലുപ്പവും ദൂരവും ഒക്കെ വ്യത്യസ്തമാകാം. അതും പരിണാമത്തെ സ്വാധീനിക്കാം.
ഒരു G-ടൈപ്പ് നക്ഷത്രത്തിന് ജീവയോഗ്യ മേഖലയിൽ ഗ്രഹമുണ്ടായാലും അതിൽ ജീവൻ ഉത്ഭവിക്കാനുളള സാധ്യത മറ്റാരു ഘടകത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. അത് നക്ഷത്രം ഏതു തലമുറയിൽപെട്ടതാണ് എന്നതാണ്. പ്രപഞ്ചാദിയിലെ ഒരു നെബുലയിൽ നിന്ന് ഒരു ഭീമൻ നക്ഷത്രവും (ഒന്നാം തലമുറ) അതിനു ചുറ്റും ഗ്രഹങ്ങളും ജനിച്ചു എന്നിരിക്കട്ടെ . അതിൽ മുഖ്യമായും ഹൈഡ്രജനും ഹീലിയവും ആണുണ്ടാവുക. കാരണം ഭാരമേറിയ മൂലകങ്ങളൊന്നും അന്ന് പ്രപഞ്ചത്തിലില്ല. പതുക്കെ, നക്ഷത്രക്കാമ്പിൽ ഫ്യൂഷൻ വഴി ഇരുമ്പു വരെയുള്ള മൂലകങ്ങൾ ഉരുത്തിരിഞ്ഞു വരും. ആ ഭീമൻ നക്ഷത്രം ഒരു ഘട്ടത്തിൽ സൂപ്പർനോവയായി പൊട്ടിത്തെറിക്കുന്നു എന്നു കരുതുക. അപ്പോഴത്തെ അതിഭീമമർദ്ദത്തിലും താപനിലയിലും എല്ലാത്തരം മൂലകങ്ങളും സൃഷ്ടിക്കപ്പെടും. യുറേനിയം വരെയുളള സുസ്ഥിര മൂലകങ്ങൾ ചിതറിത്തെറിച്ച നക്ഷത്ര ഭാഗങ്ങളിൽ ഉണ്ടാകും. ജലവും കാർബൺ ഡയോക്സൈഡും നൈട്രജനുമെല്ലാം അതിൽ ധാരാളമായി അടങ്ങിയിരിക്കും.  അവ കൂടിക്കലർന്ന ഒരു പുതിയ നെബുലയിൽ നിന്ന് ഒരു രണ്ടാം തലമുറ (Second generation) നക്ഷത്രം പിറക്കാം. അതിന്റെ ജീവയോഗ്യ മേഖലയിൽ ഒരു ഭൂ സമാന ഗ്രഹം ഉണ്ടായാൽ അവിടെ ജീവൻ ഉത്ഭവിക്കാനുള്ള സാധ്യത ഏറും. ചിലപ്പോൾ ആ നക്ഷത്രവും ഭീമനാണെങ്കിൽ അതും സൂപ്പർനോവയാവുകയും ഒരു മൂന്നാം തലമുറ നക്ഷത്രം പിറക്കുകയുമാകാം. സൂര്യൻ ഒന്നാം തലമുറ അല്ല എന്നു തീർച്ച. രണ്ടോ മൂന്നോ ആകാം. അത്തരം നക്ഷത്രങ്ങളിലേ ജീവനുത്ഭവിക്കാൻ സാധ്യതയുള്ളൂ.

ജീവനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെല്ലാം അടിസ്ഥാനമാക്കിയിട്ടുള്ളത് ഭൂമിയിലെ അനുഭവങ്ങളെ ആണ്. അതായത്, കാർബൺ ആറ്റത്തിന് മറ്റു ആറ്റങ്ങളുമായി ചേർന്ന് പ്രോട്ടീൻ പോലുളള വലിയ തന്മാത്രകൾക്ക് രൂപം നൽകാനുള്ള ശേഷിയെയും സെല്ലുകൾക്ക് ഓക്സിഡേഷൻ വഴി ഊർജം ഉല്പാദിപ്പിക്കാനുള്ള ശേഷിയെയും അടിസ്ഥാനമാക്കി. എന്നാൽ പ്രപഞ്ചത്തിൽ വേറെയും സാധ്യതകൾ ഉണ്ടാകാം. ഉദാഹരണത്തിന്, കാർബണിന്റെ സ്ഥാനത്ത് സിലിക്കൺ ആയിക്കൂടേ? എന്നാൽ വലിയ തന്മാത്രാ ശൃംഖല സൃഷ്ടിക്കാനുള്ള ശേഷി സിലിക്കണ് കാർബണോളം ഇല്ല എന്നാണ് അനുഭവം. ഭൂമിയിൽ അത്തരം ജീവരൂപങ്ങൾ ഒന്നും കാണാനുമില്ല. എന്നാൽ ജീവനു നിലനിൽക്കാൻ ഓക്സിജൻ അത്യാവശ്യമല്ല. ഓക്സിജനു പകരം സൾഫറോ മറ്റു ചില ഖരവസ്തുക്കളോ ഉപയോഗിക്കുന്ന ജീവികൾ (അനീറോബിക്ക് ബാക്റ്റീരിയകളും മറ്റും) ഭൂമിയിൽത്തന്നെ കണ്ടെത്തിയിട്ടുണ്ട്. ഏതാണ്ട് 370 കോടി വർഷം മുമ്പ് ഭൂമിയിൽ ജീവൻ ഉത്ഭവിച്ചതു മുതൽ 140 കോടി വർഷത്തോളം ഭൂമി വാണിരുന്നത് ഇത്തരം അനീറോബിക് ജീവരൂപങ്ങൾ ആയിരുന്നു എന്നതിന് തെളിവും ഉണ്ട്.  അവ ഒരിക്കലും ഒരു വികസിത ജീവിക്ക് ജന്മം നൽകിയില്ല.

വികസിത ജീവരൂപങ്ങൾക്ക് ഓക്സിജൻ വേണം എന്നതാണ് നമ്മുടെ അനുഭവം. പക്ഷേ പ്രപഞ്ചത്തിൽ ഒരിടത്തും ഓക്സിജൻ സ്വതന്ത്രാവസ്ഥയിൽ നിലനില്ക്കില്ല; ഭൂമിയിലും. അതിവേഗം രാസബന്ധനത്തിൽ ഏർപ്പെടുന്നതു കൊണ്ട് അത് നിരന്തരം ഉല്പാദിപ്പിച്ചു കൊണ്ടിരുന്നാലേ സ്വതന്ത്രാവസ്ഥയിൽ നിലനില്ക്കൂ. ഭൂമിയിൽ ഓക്സിജൻ വലിയ അളവിൽ സൃഷ്ടിക്കപ്പെട്ടത് മുമ്പ് ഏതാണ്ട് 240-210 കോടി വർഷങ്ങൾക്കിടയിൽ നടന്ന ‘മഹാ ഓക്സീകരണ ഘട്ട’ത്തിലാണ് (Great Oxidation event ). അതിനു കാരണമായതാകട്ടെ സയനോബാക്റ്റീരിയകളുടെ രംഗപ്രവേശവും. സൂര്യപ്രകാശം പ്രയോജനപ്പെടുത്തി അന്നത്തെ ഭൂ അന്തരീക്ഷത്തിൽ ധാരാളം ഉണ്ടായിരുന്ന കാർബൺ ഡയോക്സൈഡും ജലവും ചേർത്ത് അന്നജം നിർമിക്കുന്ന അത്ഭുത വിദ്യക്ക് തുടക്കം കുറിച്ചത് സൈനോ ബാക്റ്റീരിയകളാണ്. അതിന്റെ ഉപോല്പന്നമായിരുന്നു ഓക്സിജൻ . പിന്നീട് സസ്യങ്ങളിലെ ക്ലോറോ പ്ലാസ്റ്റുകളുടെ ഭാഗമായി അവ ചേരുകയും ഭൂപ്രകൃതിയെ ആകെ അതു മാറ്റിത്തീർക്കുകയും ചെയ്തു.സൗരേതരഗ്രഹങ്ങളിലെ വികസിത ജീവന്റെ സാധ്യത പരിശോധിക്കുമ്പോൾ ഈ സാഹചര്യവും പ്രധാനമായി മാറുന്നു. അവിടങ്ങളിൽ ഇത് ആവർത്തിക്കപ്പെടുമെന്ന് എന്താ ഉറപ്പ് ?

എങ്കിൽ അവരെല്ലാം എവിടെ ?

1950 ൽ എന് റികോ ഫെർമി ചോദിച്ച പ്രശസ്തമായ ഒരു ചോദ്യമുണ്ട്. “എങ്കിൽ അവരെല്ലാം എവിടെ” എന്നതായിരുന്നു ആ ചോദ്യം. ആകാശഗംഗയിൽത്തന്നെ കോടാനുകോടി നക്ഷത്രങ്ങളും അവയിൽ പലതിനും ചുറ്റും ഗ്രഹങ്ങളും അതിൽ ഒരു നിശ്ചിത ശതമാനം ഭൂമിക്കു സമാനവുമാണെങ്കിൽ ഒരു പാട് ഇടങ്ങളിൽ ബുദ്ധിയുള്ള ജീവികൾ വികസിച്ചിട്ടുണ്ടാകുമല്ലോ. എങ്കിൽ അവിടുന്നാരും എന്താണ് ഇങ്ങോട്ടു വരാത്തത് എന്നാണ് ഫെർമി ചോദിച്ചത്.  ചില സൗരേതരഗ്രഹങ്ങളെങ്കിലും നമ്മുടെ സൗരയൂഥവും ഭൂമിയും ഉണ്ടാകുന്നതിനു മുമ്പേ ഉണ്ടായവയും അതുകൊണ്ട് നമ്മളേക്കാൾ സാങ്കേതിക മികവുള്ള സംസ്ക്കാരങ്ങളുടെ ഉടമകളും ആയിരിക്കുമല്ലോ. അപ്പോൾ അവർ നമ്മളെത്തേടി വരേണ്ടതല്ലേ? വരാത്തതിന് പല കാരണങ്ങളുണ്ടാകാം. പല സൗരേതരഗ്രഹങ്ങളിലും സാഹചര്യങ്ങൾ വ്യത്യസ്തമായതു കൊണ്ട് ഡാർവീനിയൻ പരിണാമത്തിന്റെ വേഗം പലതാകാം. ചിലത് പതുക്കെയാവാം. നമ്മേക്കാൾ വേഗത്തിൽ പരിണാമ ഘട്ടങ്ങൾ പൂർത്തിയാക്കിയവ അനേകം പ്രകാശവർഷങ്ങൾ അകലെയാവാനും മതി. യാത്രയ്ക്കു വേണ്ട ഇന്ധനച്ചെലവും കാലദൈർഘ്യവും അവർക്ക് താങ്ങാനാവാത്തതാകാം. നമ്മുടെ മികച്ച റോക്കറ്റുകൾക്ക് പോലും എത്താൻ കഴിഞ്ഞിട്ടുള്ള വേഗം സെക്കന്റിൽ 20 കിലോമീറ്ററിനടുത്താണ്. അത് 100 കി.മീ/സെ. (3,60,000 കി.മീ./ മണിക്കൂർ) എത്തിച്ചാൽ പോലും ഒരു പ്രകാശവർഷം ദൂരം സഞ്ചരിക്കാൻ 3012 വർഷമെടുക്കും. നക്ഷത്രങ്ങൾ ഏറെയും നൂറുകണക്കിനോ ആയിരക്കണക്കിനോ പ്ര. വ. അകലെയാണെന്നും ഓക്കുക. ഒരു പക്ഷേ അവിടെ നിന്ന് ചിലരെങ്കിലും അദ്യശ്യ വാഹനങ്ങളിലേറി വന്ന് ഭൂമിയെ നിരീക്ഷിച്ചു പോയിട്ടുമുണ്ടാകാം.

നിർമിതബുദ്ധി ജീവികൾ

മാർട്ടിൻ റീസിനെ പോലുള്ള ശാസ്ത്രജ്ഞർ പറയുന്നത് രക്തവും മാംസവുമുള്ള ഒരു അന്യഗ്രഹ ജീവിയെ നമ്മൾ പ്രതീക്ഷിക്കുന്നതിൽ അർഥമില്ലെന്നാണ്. വികസിത സംസ്ക്കാരങ്ങളെല്ലാം ഒരു ഘട്ടമെത്തിയാൽ നിർമിത ബുദ്ധി (Artificial Intelligence) യുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങളെ ആവും ആശ്രയിക്കുക, കാരണം ന്യൂറോണുകളാൽ നിർമ്മിതമായ മസ്തിഷ്കത്തിന്റെ ശേഷിക്ക് പരിമിതിയുണ്ട്. ഇലക്ട്രോണിക് സംവിധാനങ്ങൾക്ക്, പ്രത്യേകിച്ച് ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് അത്തരം പരിമിതികളില്ല. ബുദ്ധിയും വികാരവുമുള്ള AI സംവിധാനങ്ങൾ  അവിടെ പുതിയ തരം പരിണാമത്തിന് വഴി തുറക്കും . ചിന്തിക്കുന്ന യന്ത്രങ്ങൾക്ക് ഭക്ഷണം വേണ്ട, വായുവും വെള്ളവും വേണ്ട , താപനില സംരക്ഷിക്കണ്ട , വീടോ താമസിക്കാൻ ഒരു ഗ്രഹം പോലുമോ വേണ്ട, ഗുരുത്വബലം കുറഞ്ഞ സ്പേസ് മതി . വേണ്ടത് മികച്ച ഒരു ഊർജ സ്രോതസ്സും നിർമാണ വസ്തുക്കളും മാത്രം. AI മെഷീനുകൾ കൂടുതൽ മികച്ച മെഷീനുകളെ ഉല്‌പാദിപ്പിക്കും. ചുരുക്കത്തിൽ, ഡാർവിനിക പരിണാമത്തിലൂടെ വികസിച്ച് പ്രപഞ്ചത്തെ കീഴടക്കാൻ വെമ്പുന്ന അന്യഗ്രഹ ജീവികളെ ആവരുത് നമ്മൾ തേടേണ്ടത്, മറിച്ച് നിലനിൽപ്പിനായി ആരോടും പൊരുതേണ്ട ആവശ്യമില്ലാത്ത, AI മെഷീൻ ബുദ്ധി ‘ജീവികളെ’ ആവും.

നമ്മൾ പ്രപഞ്ചത്തിൽ ഭാവിയിൽ നടത്താൻ പോകുന്ന അന്വേഷണയാത്രകളും രക്തവും മാംസവും ഉള്ള മനുഷ്യരാവില്ല നടത്തുക ചിന്താശേഷിയും പ്രജ്ഞയും വിവേകവുമുള്ള, നമ്മുടെ പിൻഗാമികളായി കരുതാവുന്ന നിർമിത ബുദ്ധിജീവികൾ ആയിരിക്കാം.


അനുബന്ധ വായനയ്ക്ക്

ഫെർമിള പ്രഹേളിക- ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ഈ പ്രപഞ്ചത്തിൽ നമ്മളൊറ്റക്കാണോ ?
ഭൂമിയുടെ ചരിവും മാനവസംസ്കാരവും
Happy
Happy
50 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

Leave a Reply

Previous post പിൻവീൽ ഗ്യാലക്സിയിലെ സൂപ്പർനോവ -കേരളത്തിൽ നിന്നുള്ള കാഴ്ച്ച
Next post ജൂൺ 14 – ലോക രക്തദാതാദിനം
Close