Read Time:25 Minute

പേനിന്റെ പരിണാമ പുരാണങ്ങൾ

പേനുകളിൽ നടന്ന ജിനോമിക പഠനങ്ങളിലൂടെ വെളിപ്പെട്ട പരിണാമവിശേഷങ്ങൾ വായിക്കാം.

ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പംക്തി – പരിണാമ വിശേഷങ്ങൾ അഞ്ചാംഭാഗം

നെപ്പോളിയനെ തോൽപ്പിച്ച രോഗം

നെപ്പോളിയൻ ബോണപ്പാർട്ട് – ഫ്രഞ്ച് വിപ്ളവത്തിലൂടെ വളർന്ന്, ലോകം കണ്ട എക്കാലത്തെയും പ്രഗദ്ഭനായ സൈന്യാധിപരിൽ ഒരുവനും പിന്നീട് യൂറോപ്പിന്റെ അധികഭാഗവും നിയന്ത്രിച്ച ചക്രവർത്തിയും. തന്റെ സാമ്രാജ്യം അതിന്റെ ഉച്ചകോടിയിൽ എത്തിനിൽക്കുന്ന സമയത്താണ് 1812ൽ നെപ്പോളിയൻ റഷ്യ ആക്രമിക്കാൻ ഒരുമ്പെട്ടത്. ഉദ്ദേശം അഞ്ചു ലക്ഷം പട്ടാളക്കാരും ഒന്നര ലക്ഷം കുതിരകളും ഇരുപത്തി അയ്യായിരം വാഹനങ്ങളുമായി റഷ്യയിലോട്ട് പോയത് ആ കാലത്തെ ഏറ്റവും വലിയ സൈന്യമായിരുന്നു. മോസ്കോ നഗരം പിടിച്ചടക്കാൻ കഴിഞ്ഞെങ്കിലും നെപ്പോളിയന്റെ സൈന്യം അവസാനം പരാജയം നേരിട്ട് പിൻവാങ്ങി നാട്ടിലെത്തുമ്പോഴേക്ക് ആദ്യമുണ്ടായിരുന്നതിന്റെ അഞ്ചിലൊന്നോളം പേർ മാത്രമാണ് അവശേഷിച്ചിരുന്നത്. നെപ്പോളിയൻ പരാജയകാരണമായി പറഞ്ഞത് റഷ്യയിലെ കൊടുംശൈത്യമായിരുന്നുവെങ്കിലും, പ്രധാന കാരണമായി ഇന്ന് പലരും വിലയിരുത്തുന്നത് എറ്റവും അധികം സൈനികരെ അവശരാക്കുകയും കൊന്നൊടുക്കുകയും ചെയ്ത ഒരു മഹാമാരിയാണ് എപ്പിഡമിക് ടൈഫസ് (Epidemic Typhus).

മധ്യകാലങ്ങൾ മുതൽ പത്തൊമ്പതാം നൂറ്റാണ്ട് വരെ പല രാജ്യങ്ങളിലും വ്യാപകമായി കാണപ്പെട്ടിരുന്ന ഈ രോഗം ബാധിക്കുന്നവരിൽ 10 മുതൽ 40 ശതമാനം വരെ അന്ന് മരണപ്പെട്ടിരുന്നു.  കഠിനമായ പനി, തലവേദന, ശരീരവേദന  തൊലിപ്പുറത്തുള്ള ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.  കൂടാതെ, ചിലരിൽ ഹൃദയം,  ശ്വാസകോശങ്ങൾ, വൃക്കകൾ, തലച്ചോറ് എന്നിവയെ രോഗം ബാധിക്കുകയും മരണത്തിന് കാരണമാവുകയും ചെയ്യാം.

നെപ്പോളിയന്റെ മോസ്കോവിൽ നിന്നുള്ള പിൻവാങ്ങൽ | Painting by Adolph Northen

എപ്പിഡമിക് ടൈഫസ് പകരുന്നതെങ്ങനെ?

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ദരിദ്ര സമൂഹങ്ങളിൽ കാണുന്ന രോഗമാണിത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ടൈഫസ് പടർന്നു പിടിച്ച, അപ്പർ സൈലേഷ്യയിൽ (ഇപ്പോൾ പോളണ്ടിന്റെ ഭാഗം) രോഗകാരണം അന്വേഷിക്കാൻ ചെന്ന റുഡോൾഫ് ഫിർക്കോ (Rudolf Virchow) ദാരിദ്ര്യമാണ് മുഖ്യകാരണം എന്നും ദാരിദ്ര്യം അകറ്റുന്നതിലൂടെ മാത്രമേ രോഗത്തിൽനിന്ന് വിമോചനം ലഭിക്കുകയുള്ളൂ എന്നുമുള്ള നിഗമനത്തിലാണ് എത്തിയത്. അതു സത്യവുമായിരുന്നു. ലോകമെമ്പാടും  കൊടിയ ദാരിദ്ര്യത്തിന്റെ സാഹചര്യങ്ങളിലാണ് ഈ രോഗം കണ്ടുവന്നിരുന്നത്. കൂടാതെ, യുദ്ധകാലങ്ങളിൽ അന്നത്തെ സൈന്യങ്ങളുടെ സന്തതസഹചാരി കൂടി ആയിരുന്നു ഈ രോഗം. മനുഷ്യർ തിങ്ങിപ്പാർക്കുന്ന സാഹചര്യങ്ങളിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗമായിട്ടാണ് ഇത് കരുതപ്പെട്ടത്. വ്യക്തിപരമായ ശുചിത്വത്തിന്റെ കുറവും കാരണമായി കരുതിയിരുന്നു. കൃത്യമായി ഈ രോഗം പകരുന്നത് എങ്ങനെയെന്ന് പിന്നീട് മാത്രമാണ് കണ്ടുപിടിച്ചത്.

ചാൾസ് നിക്കോൾ (Charles Nicolle)

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകം.  വടക്കൻ ആഫ്രിക്കയിലെ ടുണീഷ്യ അന്ന് ഫ്രഞ്ച് കോളനി ആയിരുന്നു. അവിടെയുള്ള പാസ്ച്ചർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ആയിരുന്നു ഫ്രഞ്ചുകാരനായ ഡോക്ടർ ചാൾസ് നിക്കോൾ (Charles Nicolle).  ടുണീഷ്യൻ തലസ്ഥാനമായ  ട്യൂണിസിൽ വ്യാപകമായി ടൈഫസ് രോഗം പടർന്നു പിടിക്കുകയും രോഗികളെ ചികിത്സിച്ച പല ഡോക്ടർമാർക്കും രോഗം പിടിപെടുകയും, മൂന്നിലൊന്നോളം പേർ മരിക്കുകയും ചെയ്തിരുന്ന സമയം. അക്കാലത്ത്, ട്യൂണിസിലെ സാദിക്കി ആശുപത്രിയിൽ ഉള്ള രോഗികളെ നിരീക്ഷിച്ചതിലൂടെയാണ് നിക്കോൾ 1928-ലെ നൊബേൽ സമ്മാനത്തിലേക്ക് നയിച്ച തന്റെ പ്രധാന കണ്ടുപിടുത്തത്തിലേക്കെത്തിയത്.

ആശുപത്രിയിൽ എത്തുന്ന രോഗികൾ കവാടത്തിനടുത്ത് കാത്തുനിൽക്കുന്ന ഭാഗത്തുനിന്നാണ് രോഗം പരത്തിയിരുന്നത് എന്നദ്ദേഹം നിരീക്ഷിച്ചു. വസ്ത്രം മാറ്റി കുളിപ്പിച്ച് വാർഡിൽ അഡ്മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ അവർ രോഗം പരത്തിയിരുന്നില്ല. മാത്രമല്ല, എത്തുമ്പോൾ ഇട്ടിരുന്ന വസ്ത്രങ്ങൾ ശേഖരിച്ച് കഴുകാൻ കൊണ്ടുപോകുന്നവരും രോഗബാധിതരാവുന്നത് കാണപ്പെട്ടു. ഇതിൽനിന്ന് നിക്കോൾ എത്തിയ നിഗമനം വസ്ത്രങ്ങളിലുള്ള പേനുകൾ ആയിരിക്കാം രോഗം പരത്തുന്നത് എന്നായിരുന്നു.

ഇത് തെളിയിക്കാനായി ചാൾസ് നിക്കോൾ ആദ്യം ചെയ്തത് രണ്ട് ചിമ്പാൻസികളെ സംഘടിപ്പിക്കുക എന്നതായിരുന്നു. ടൈഫസ് ബാധിച്ച മനുഷ്യരുടെ രക്തം ചിമ്പാൻസികളിൽ കുത്തി വെച്ചപ്പോൾ അവർക്കും രോഗം ബാധിച്ചു. പിന്നീട് ഈ രോഗം ബാധിച്ച ചിമ്പാൻസികളുടെ രക്തം റീസസ് കുരങ്ങകളിലേക്ക് കുത്തിവെക്കുകയും അവയ്ക്ക് രോഗം ഉണ്ടാക്കുകയും ചെയ്തു.  അതിനുശേഷം, രോഗം ബാധിച്ച കുരങ്ങുകളുടെ രക്തം പേനുകളെ കൊണ്ട് കുടിപ്പിക്കുകയും ആ പേനുകളെ രോഗമില്ലാത്ത കുരങ്ങുകളെ കടിക്കാൻ വിടുകയും ചെയ്തു. ഈ പേനുകൾ കടിച്ച കുരങ്ങുകൾക്ക് രോഗം ബാധിക്കുന്നതായി കണ്ടെത്തിയതോടെ പേനുകൾ ആണ് എപ്പിഡമിക് ടൈഫസിൻ്റെ രോഗവാഹകർ എന്ന കണ്ടെത്തൽ പൂർത്തിയായി.

നെപ്പോളിയന്റെ സൈന്യം കടന്നു പോയ പോളണ്ടിലും കിഴക്കൻ റഷ്യയിലുമൊക്കെ കണ്ണിൽ ചോരയില്ലാത്ത ഫ്യൂഡലിസം നിലവിലുള്ള കാലമായിരുന്നു അത്. കടുത്ത ചൂഷണത്തിന് ഇരയായിരുന്ന കർഷകർ വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ജീവിച്ചിരുന്നത്. കുളിക്കുന്നത് അപൂർവ്വമായിരുന്നു. ആകെയുണ്ടായിരുന്ന കുറച്ചു വസ്ത്രങ്ങൾ മാറ്റാതെയും കഴുകാതെയും മാസങ്ങളോളം ധരിച്ചിരുന്നു. പേനുകളുടെ താവളമായിരുന്നു ഈ വസ്ത്രങ്ങൾ. എപിഡമിക് ടൈഫസ് രോഗം ഇവരിൽ  വ്യാപകമായിരുന്നു. ഈ പ്രദേശത്ത് സൈനിക ക്യാമ്പുകളിൽ താമസിച്ചിരുന്ന പട്ടാളക്കാരിലും ഈ പേനുകൾ കടന്നു കൂടിയത് സ്വാഭാവികം മാത്രമായിരുന്നു.

യഥാർത്ഥ വില്ലൻ

രോഗം പരത്തുന്നത് പേനുകളാണെങ്കിലും അവ രോഗവാഹകർ മാത്രമാണ്. ഒരു പ്രത്യേക തരം ബാക്ടീരിയൽ രോഗാണുവാണ് യഥാർത്ഥ വില്ലൻ. ബ്രസീലുകാരനായ ഡോക്ടറും പത്തോളജിസ്റ്റുമായിരുന്ന എൻറികെ ഡാ റോക്ക ലീമ (Henrique da Rocha Lima) ആണ് ഈ രോഗാണുവിനെ ആദ്യമായി കണ്ടെത്തിയത്. സാധാരണ ബാക്ടീരിയകളെപ്പോലെ ലബോറട്ടറിയിൽ വളർത്താൻ കഴിയാത്തവയാണ് ഈ ഗണത്തിൽ പെട്ട ബാക്ടീരിയകൾ. വൈറസുകളെപ്പോലെ ആതിഥേയരുടെ കോശങ്ങൾക്കത്ത് അവയുടെ സംവിധാനങ്ങൾ ഉപയോഗിച്ചാണ് അവ വളരുന്നതും പെരുകുന്നതും. റിക്കറ്റ്സിയേ (Rikketsiae) എന്ന് ഇന്ന് നാം വിളിക്കുന്ന ഇത്തരം ബാക്ടീരിയകളെ പറ്റി ആദ്യമായി പഠിച്ച രണ്ട് ശാസ്ത്രജ്ഞരുടെ പേരുകൾ ആണ് എപ്പിഡ്മിക് ടൈഫസിന് കാരണകാരികളായ എലികളിൽ താൻ കണ്ടെത്തിയ ബാക്ടീരിയക്ക് റോക്ക ലീമ നൽകിയത് – റികറ്റ്സിയ പ്രോവാസെകി (Rickettsia Prowazekii) എന്ന്. ഹൊവാർഡ് റിക്കെറ്റ്സ് (Howard Ricketts) സ്റ്റാനിസ്ലൊ പ്രോവാസെക് (Stanislaus von Prowazek) എന്നീ രണ്ടു ശാസ്ത്രജ്ഞരെയാണ് റോക്ക ലീമ ഇതു വഴി ആദരിച്ചത്. ഈ രണ്ടു പേരും ഈ ബാക്ടീരിയകളെപ്പറ്റിയുള്ള പഠനങ്ങൾക്കിടയിൽ എപ്പിഡമിക് ടൈഫസ് ബാധിച്ച് മരിച്ച, സയൻസിനു വേണ്ടിയുള്ള രക്തസാക്ഷികൾ ആയിരുന്നു എന്നതുകൂടെ പ്രത്യേകം ഓർക്കേണ്ടതാണ്.

റിക്കറ്റ്സിയ അണുക്കൾ മാക്രൊഫാജ് കോശങ്ങൾക്കുള്ളിൽ

മനുഷ്യ രക്തം കുടിക്കുന്ന പേനുകൾക്കും റിക്കറ്റ്സിയ മൂലമുള്ള രോഗം വരാം. അത്തരം പേനുകളുടെ വിസർജ്ജ്യത്തിൽ ധാരാളം രോഗാണുക്കൾ ഉണ്ടാവും. പേൻ കടിച്ച ഭാഗത്ത് ചൊറിയുമ്പോൾ ചെറുവൃണങ്ങളിലൂടെ ഈ വിസർജ്ജ്യത്തിലെ അണുക്കൾ അകത്തു കടക്കുക വഴിയാണ് മനുഷ്യന് രോഗം ബാധിക്കുന്നത്.

മനുഷ്യനിലെ പേനുകളും അവയുടെ പരിണാമവും

മൂന്ന് തരം പേനുകളാണ് മനുഷ്യനിൽ പാർപ്പുറപ്പിച്ചിരിക്കുന്നത്. തലപ്പേൻ (Head louse – Pediculus humanus capitis), ദേഹപ്പേൻ (Pediculus humanus corporis), ഗുഹ്യപ്പേൻ (pthirus pubis) എന്നിവ. ഗുഹ്യപ്പേനിനെ അതിന്റെ ഞണ്ടുമായുള്ള രൂപസാദൃശ്യം കാരണം ഞണ്ട് പേൻ (Crab louse) എന്നും വിളിക്കും.

ഏതു ജീവിവർഗ്ഗത്തിന്റേയും പരിണാമം പഠിക്കാൻ ഇന്നുള്ള ഏറ്റവും ശക്തമായ ഒരു മാർഗ്ഗം അവയുടെ ഡി.എൻ.എ ന്യൂക്ളിയോടൈഡ് ക്രമങ്ങൾ (സീക്വെൻസുകൾ) പഠിക്കുക എന്നതാണ്. ജിനോമിക്സ് എന്ന ഈ നൂതന ശാസ്ത്ര ശാഖയിലൂടെ പല പുതിയ അറിവുകളും  നാം നേടിക്കൊണ്ടിരിക്കുന്നു. രണ്ടു ജീവികളുടെ ഡി.എൻ.എ സീക്വെൻസുകൾ എത്ര കണ്ട് അടുത്തതാണോ അത്ര കണ്ട് ആ ജീവികൾ പരിണാമശൃംഖലയിൽ അടുത്തുള്ളവയായിരിക്കും. മാത്രമല്ല, രണ്ടു ജീവികൾ തമ്മിൽ സീക്വെൻസുകളിൽ ഉള്ള വ്യത്യാസത്തിന്റെ അളവ് വെച്ച് അവയൂടെ പൂർവികർ വേർപിരിഞ്ഞത് എതാണ്ട് എത്ര കാലം മുൻപെന്നും നമുക്ക് കണക്കു കൂട്ടാനാവും.

മനുഷ്യന്റെ തലയിലെ പേനുമായി ഏറ്റവും സാമ്യമുള്ളത് ചിമ്പാൻസിയിൽ കാണുന്ന പേനുകൾക്കാണ് (Pediculus schaeffi). ഈ പേനുകളും മനുഷ്യന്റെ തലപ്പേനും തമ്മിൽ ഉള്ള വ്യത്യാസങ്ങൾ വെച്ച് രണ്ടിന്റേയും പൂർവികന്റെ കാലം തിട്ടപ്പെടുത്തിയാൽ അത് ഏതാണ്ട് 60 ലക്ഷം വർഷം മുൻപാണെന്ന് കാണാം. ഇതിന്റെ അർത്ഥം ചിമ്പാൻസിയുടേയും മനുഷ്യന്റേയും തായ്‌വഴികൾ പിരിയുന്ന കാലത്തുള്ള ആ മുൻഗാമിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പേനുകൾ തന്നെയാണ് സ്വതന്ത്രമായി പരിണമിച്ച് ഇന്ന് രണ്ട് സ്പീഷീസുകളായി മനുഷ്യനിലും ചിമ്പാൻസികളിലും ഉള്ളത് എന്നാണ്.

ഗോറില്ലയിൽ കാണുന്ന ഞണ്ടു പേനിന് (pthirus gorillae) ജിനോമികമായി ഏറ്റവും സാമ്യമുള്ളത് മനുഷ്യന്റെ ഗുഹ്യ പേനുമായാണ് (pthirus pubis). കട്ടിയുള്ള രോമമുള്ള ഗോറില്ലയിൽ ഈ പേൻ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കാണപ്പെടുമെങ്കിലും മനുഷ്യനിൽ കട്ടിരോമമുള്ള ഗുഹ്യഭാഗത്ത് മാത്രമേ ഈ പേനുകൾക്ക് വസിക്കാൻ കഴിയൂ. ഞണ്ടുപേനുമായുള്ള മത്സരത്തിൽ തോറ്റതുകൊണ്ടാവാം ചിമ്പാൻസിയിലും മനുഷ്യനിലുമുള്ള Pediculus ജീനസിലുള്ള പേനുകൾ ഗോറില്ലയിലില്ല. മനുഷ്യനിലേയും ഗോറില്ലയിലേയും ഞണ്ടുപേനുകൾ തമ്മിലുള്ള ജിനോമിക താരതമ്യം അത്ഭുതകരമായ ഒരു വസ്തുത വെളിച്ചത്തു കൊണ്ടുവന്നു. ഇവയുടെ പൊതുപൂർവികൻ ഉണ്ടായിരുന്നത് സുമാർ 33 ലക്ഷം വർഷം മുൻപ് മാത്രമാണ്. അതായത് ഗോറില്ലയുടേയും മനുഷ്യന്റേയും പൊതുപൂർവികൻ ജീവിച്ചിരുന്ന 85 ലക്ഷം വർഷങ്ങൾ കഴിഞ്ഞ് ഏറെക്കാലത്തിനു ശേഷം. ഇതിൽ നിന്ന് വ്യക്തമാവുന്നത് ഏതാണ്ട് മൂന്നോ നാലോ ദശലക്ഷം മുൻപ് എപ്പോഴോ ഗോറില്ലയുടെ ഒരു പൂർവികനിൽ നിന്ന് മനുഷ്യന്റെ ഒരു പൂർവികനിലേക്ക് ഈ പേൻ എത്തിപ്പെട്ടു എന്നാണ്. എങ്ങിനെ എന്ന് വ്യക്തമല്ല. ഒരു പക്ഷെ അവയുടെ വാസസ്ഥലങ്ങൾ അടുത്തടുത്തായിരുന്നിരിക്കാം. ഗോറില്ലാ മെത്തയൊരുക്കി കിടന്ന സ്ഥലങ്ങളിൽ മനുഷ്യപൂർവികർ കിടന്നിരിക്കാം. മറ്റെന്തെങ്കിലും വഴിയിലായിരിക്കാം.

നാം വസ്ത്രമുടുക്കാൻ തുടങ്ങിയതെപ്പോൾ?

നിയാൻഡർതാൽ മനുഷ്യരും സമകാലികരായ നമ്മുടെ പൂർവികരുമൊക്കെ യൂറോപ്പ്, സൈബീരിയ, ചൈന തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങിയപ്പോൾ മൃഗങ്ങളുടെ തോലും മറ്റും ഉപയോഗിച്ച് ദേഹം മറയ്ക്കാൻ തുടങ്ങിയിരുന്നു. തോല് വൃത്തിയാക്കി തുകലാക്കി മാറ്റാൻ അവർ കല്ലും എല്ലും കൊണ്ടുള്ള ഉപകരണങ്ങൾ ചുരണ്ടാനും മറ്റുമായി ഉപയോഗിച്ചിരുന്നു എന്നതിന് പുരാവസ്തുപഠനങ്ങളിലൂടെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

ആദ്യമൊക്കെ തുകലും മറ്റും ദേഹം പുതയ്ക്കാൻ ആണ് ഉപയോഗിച്ചിരുന്നതെങ്കിൽ പിന്നീട് ഒരു ഘട്ടത്തിൽ ആധുനിക മനുഷ്യൻ (സാപിയൻസ്) ദേഹത്തിൽ കൃത്യമായി അത് ഫിറ്റ് ചെയ്യാൻ പാകത്തിൽ തുന്നാൻ തുടങ്ങി. മൃഗങ്ങളുടെ രോമങ്ങൾ കൊണ്ടുള്ള കമ്പിളി വസ്ത്രങ്ങൾ, ചണം പോലുള്ള സസ്യനാരുകൾ എന്നിവയൊക്കെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുക. തുന്നൽ വിദ്യയുടെ തെളിവുകളായി നമുക്ക് ലഭിച്ചിട്ടുള്ളത് പലതരം സൂചികളാണ്. മിക്കതും മൃഗങ്ങളൂടെ എല്ലുകളിൽ ദ്വാരങ്ങളുണ്ടാക്കി നിർമ്മിച്ചെടുക്കുന്നവയായിരുന്നു. ഉദ്ദേശം 42000 വർഷം വരെയൊക്കെ പഴക്കമുള്ള ഇത്തരം സൂചികൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

പുരാവസ്തു അവശിഷ്ടങ്ങൾക്കുള്ള പ്രശ്നം അവ വളരെ വിരളമാണെന്നതാണ്. കൂടുതൽ പഴക്കമുള്ള ചിലയിടങ്ങൾ ഇപ്പോൾ നമ്മുടെ കണ്ണിൽ പെടാതെ പോകുന്നുണ്ടാവാം. നാളെ അവ കണ്ടെത്തിയാൽ ഇന്നുള്ള നമ്മൂടെ കാലഗണന പിന്നേയും പുറകോട്ട് പോകേണ്ടതായി വരും.

ഇങ്ങിനെയിരിക്കെയാണ് മറ്റൊരു രീതിയിലും മനുഷ്യന്റെ ആദ്യ വസ്ത്രധാരണത്തെപ്പറ്റിയുള്ള അറിവ് സമ്പാദിക്കാമെന്ന നിഗമനത്തിൽ ചില ജിനോമിക ശാസ്ത്രജ്ഞർ എത്തിച്ചേരുന്നത്.

മനുഷ്യനിലെ മൂന്നാമത്തെ പേൻ ഇനമാണ് ദേഹപ്പേൻ (Pediculus humanus corposris). യഥാർത്ഥത്തിൽ ഇത് തലപ്പേനിന്റെ ഒരു ഉപസ്പീഷീസ് മാത്രമാണ്. ഇവ രണ്ടും തമ്മിൽ വളരെ ചെറിയ ജനിതക വ്യത്യാസം മാത്രമേ ഉള്ളൂ എന്നർത്ഥം. തലപ്പേനിന് ജിനോമികമായി നോക്കിയാൽ അഞ്ച് ഉപവിഭാഗങ്ങളുണ്ട് (clades). A,B,C,D,E,F എന്നിങ്ങനെ. ഇതിൽ A, F എന്നീ ക്ളേഡുകളിൽ നിന്നു മാത്രമാണ് ദേഹപ്പേൻ പരിണമിച്ചുണ്ടായത്.

മനുഷ്യവർഗ്ഗത്തിലേക്കുള്ള പരിണാമത്തിൽ ഉണ്ടായ ഒരു പ്രധാന സംഭവമാണ് നമുക്ക് ദേഹത്തുള്ള സമൃദ്ധമായ രോമം നഷ്ടപ്പെട്ട് നാം ഗുഹ്യഭാത്തും തലയിലുമല്ലാതെ താരതമ്യേന ദേഹരോമം ഇല്ലാത്തവരായത്. ജന്തുശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡെസ്മണ്ട് മോറിസ് (Desmond Morris) ‘നഗ്നനായ ആൾക്കുരങ്ങ്’ (Naked ape) എന്ന് മനുഷ്യനെ വിളിച്ചത് ഇക്കാരണത്താലായിരുന്നു. തഴച്ചു വളർന്നിരുന്ന ദേഹരോമം പോയതോടെ പേനുകൾക്കും നിൽക്കക്കള്ളിയില്ലാതായി. അവ തലയിലും ഗുഹ്യഭാഗത്തും മാത്രമായി ഒതുങ്ങി.

മനുഷ്യൻ, വെറും തുകൽ അല്ലാത്ത, പല തരം നാരുകൾ കൊണ്ട് തുന്നിയ വസ്ത്രങ്ങൾ ഉടുക്കാൻ തുടങ്ങിയതോടെ തലയിലെ പേനുകളിൽ ചിലത് ഈ വസ്ത്രങ്ങളിലേക്ക് കുടിയേറി അവിടെ ജീവിക്കാൻ തുടങ്ങി. ദിവസവും നാലോ അഞ്ചോ തവണ വസ്ത്രത്തിൽ നിന്ന് ദേഹത്തോട്ട് ഇറങ്ങി ചോര കുടിച്ച് തിരിച്ചു കയറുന്ന ജീവിതരീതി അവലംബിച്ചു. ക്രമേണ ഇവയിൽ ഈ ജീവിതരീതിയ്ക്കനുസരിച്ച മാറ്റങ്ങൾ വരികയും തലപ്പേനിൽ നിന്ന് വേറിട്ട് ഒരു ഉപസ്പീഷീസ് ആയിത്തീരുകയും ചെയ്തു.

ഇന്നത്തെ ഡി.എൻ.എ സീക്വെൻസിങ്ങ് രീതികൾ വെച്ച് നമുക്ക് തലപ്പേനും ദേഹപ്പേനും വേർതിരിഞ്ഞതെന്നെന്ന് അവയുടെ സീക്വെൻസ് വ്യത്യാസങ്ങൾ വെച്ച് കണക്കുകൂട്ടിയെടുക്കാൻ പറ്റും.

ഈ കണക്കുകൾ പറയുന്നത് സുമാർ 72000 മുതൽ 120000 വർഷം മുൻപു വരെയുള്ള ഒരു കാലഘട്ടത്തിലാണ് ഇതു സംഭവിച്ചതെന്നാണ്. അതായത് നാം തുന്നിയ വസ്ത്രം ധരിക്കാൻ തുടങ്ങിയത് പുരാവസ്തു ഗവേഷകർ പറയുന്നതിനേക്കാൾ ഏറെ വർഷം മുൻപായിരുന്നിരിക്കണം എന്ന്. ഒരു പക്ഷെ, പുതിയ പുരാവസ്തു പഠനങ്ങൾ ഇത് സ്ഥിരീകരിക്കുമായിരിക്കും.

ഏതായാലും ഒരു കാര്യം ഉറപ്പ്. ജിനോമിക ശാസ്ത്രം ചരിത്രത്തിലും പുരാവസ്തു ശാസ്ത്രത്തിലുമൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തുടങ്ങിയിരിക്കുന്നു. ഈ മേഖലകളിൽ മുൻപ് ചോദിക്കാൻ കഴിയാത്ത ചോദ്യങ്ങൾ ഇപ്പോൾ ചോദിക്കാമെന്നായിരിക്കുന്നു. ചരിത്രം, പുരാവസ്തുശാസ്ത്രം എന്നീ മേഖലകളിലൊക്കെ സിലബസ്സിൽ മോളിക്യുലർ ബയോളജി ഉൾപ്പെടുത്തണം എന്ന അവസ്ഥ സംജാതമായിരിക്കുന്നു.

അധിക വായനയ്ക്ക്

  1. Gross L. How Charles Nicolle of the Pasteur Institute discovered that epidemic typhus is transmitted by lice: reminiscences from my years at the Pasteur Institute in Paris. >>>
  2. Amanzougaghene  N et al. Where Are We With Human Lice? A Review of the Current State of Knowledge. >>>
  3.  Kittler et al. Molecular Evolution of Pediculus humanus and the Origin of Clothing. >>>
  4. Toupes MA et al. Origin of Clothing Lice Indicates Early Clothing Use by Anatomically Modern Humans in Africa >>>
  5. Hallett EY et al. A worked bone assemblage from 120,000–90,000 year old deposits at Contrebandiers Cave, Atlantic Coast, Morocco. >>>

വീഡിയോ കാണാം

ലൂക്ക പ്രസിദ്ധീകരിച്ച പേൻ ലേഖനങ്ങൾ

ഡോ.കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമവിശേഷങ്ങൾ പംക്തി ഇതുവരെ

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാസർഗോഡിലെ എൻഡോസൾഫാൻ പ്രശ്നം – ഒരു പുനരവലോകനം – LUCA Colloquium പയ്യന്നൂരിൽ
Next post ചിത്രിത ശലഭങ്ങളുടെ യാത്രാവിശേഷങ്ങള്‍
Close