Read Time:6 Minute

പേനുകളും മൂട്ടകളുമെഴുതുന്ന മനുഷ്യചരിത്രം

മനുഷ്യരുടെ ഡി.എൻ.എ.യ്‌ക്കോ പുരാവസ്‌തുക്കൾക്കോ പിടിച്ചെടുക്കാൻ കഴിയാത്ത പലതരം പുരാതനചാർച്ചകൾ ഒരുപക്ഷേ ഈ പേനുകളുടെ ഡി.എൻ.എ. എഴുതുന്ന ചരിത്രം കണ്ടെത്തിയേക്കാൻ സാധ്യതയുണ്ട്.

ഡാലി ഡേവിസ് എഴുതുന്ന പംക്തി Vacuum chamber

‘എന്താ തല ചൊറിയുന്നത്, തലയിൽ പേനുണ്ടോ,’ എന്നു കേൾക്കാത്തവരും ‘ഹേയ് പേനോ, എന്റെ തലയിലോ’ എന്നു പറയാത്ത വരും അധികമുണ്ടാകില്ല. നീണ്ട മുടിക്കാരുടെ തലയിൽ നിന്നും പേനിനെ കൊല്ലുക എന്നത് ഒരു അവധിക്കാല സമയംകൊല്ലൽ വിനോദം പോലുമായിരുന്നു പണ്ടൊക്കെ. ഇപ്പോൾ പേൻ തലകൾ കുറവാണെങ്കിലും രണ്ടരക്കോടി വർഷങ്ങളായി മനുഷ്യരുടെ പൂർവികരുമായും പിന്നീട് മനുഷ്യരുമായും സഹവസിച്ചുവരുന്നവരാണ് പേനുകൾ.

മനുഷ്യചരിത്രത്തിൽ ഒട്ടും നിസ്സാരമല്ലാത്ത സ്ഥാനമാണ് പേനുകൾക്കുള്ളത്. പതിനായിരക്കണക്കിനു വർഷം പഴക്കമുള്ള പുരാവസ്‌തു സൈറ്റുകളിലെ മനുഷ്യശേഷിപ്പുകളിൽ പേനിന്റെ ഈരുകൾ കണ്ടെത്തിയിട്ടുണ്ട്. വലിയ യോദ്ധാവായിരുന്ന നെപ്പോളിയൻ ചക്രവർത്തിയെ റഷ്യൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയതിൽ പ്രധാനപങ്ക് പേനുകൾ (നഞ്ഞികൾ എന്ന് നമ്മൾ വിളിക്കുന്ന ശരീരപ്പേനുകൾ)ക്ക് അവകാശപ്പെട്ടതാണെന്ന് കുറച്ചുകാലം മുമ്പ് ശാസ്ത്രജ്ഞരും കണ്ടെത്തിയിരുന്നു.

ചരിത്രകാരന്മാരുംമരിച്ചുപോയവരുടെ പല്ലും മുടിയുമൊക്കെയുപയോഗിച്ച് നമ്മൾ മനുഷ്യചരിത്രമെഴുതും. എന്നാൽ ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് മാത്രം പകരുന്ന ഈ പേനുകളെക്കൊണ്ട് മനുഷ്യരുടെ ദേശാന്തരഗമനങ്ങളുടെ ചരിത്രമെഴുതാൻ തുനിഞ്ഞാലോ? അത് കിടുവായിരിക്കുമെന്നാണ് ഫ്ലോറിഡ യൂണിവേഴ്‌സിറ്റി യിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

ഇരുപത്തിയഞ്ച് വിവിധ ഭൂപ്രദേശങ്ങളിൽനിന്നും ശേഖരിച്ച 274 പേനുകളുടെ ജനിതകവ്യത്യാസം ന്യൂക്ലിയസ്സിലെയും മൈറ്റോകോൺഡ്രിയൽ ഡി.എൻ.എയിലെയും ശ്രേണീക്രമം (nuclear microsatellite loci & mitochondrial DNA) കണ്ടെത്തിയാണവർ തീർത്തും വ്യത്യസ്‌തമായ ഈ ചരിത്രമെഴുത്തിന് തയ്യാറെടുത്തത്.

അമേരിക്കൻ പേനുകളും യൂറോപ്യൻ പേനുകളും പങ്കിടുന്ന പൊതുസ്വഭാവങ്ങൾ യൂറോപ്യന്മാരുടെ അമേരിക്കൻ കോളനിവത്കരണകാലത്തോളം നീളുന്നതാണ്. മനുഷ്യരുടെ ഡി.എൻ.എ.യ്‌ക്കോ പുരാവസ്‌തുക്കൾക്കോ പിടിച്ചെടുക്കാൻ കഴിയാത്ത പലതരം പുരാതനചാർച്ചകൾ ഒരുപക്ഷേ ഈ പേനുകളുടെ ഡി.എൻ.എ. എഴുതുന്ന ചരിത്രം കണ്ടെത്തിയേക്കാൻ സാധ്യതയുണ്ട്. മനുഷ്യ ഡി.എൻ.എ. യ്ക്ക് കണ്ടെത്താനാവാത്ത ചരിത്രബന്ധങ്ങളും ജനതയുടെ കുടിയേറ്റങ്ങളും അന്വേഷിക്കാൻ പേനുകളെ മാത്രമല്ല, മുട്ടകളെയും ക്ഷയരോഗാണുക്കളെയും മറ്റും ശാസ്ത്രജ്ഞർ ആശ്രയിക്കാറുണ്ട്. കച്ചവടത്തിനായി ഒരു സ്ഥലത്തെത്തുന്ന മനുഷ്യൻ അവിടെ കുടുംബമോ കുട്ടികളെയോ ഉണ്ടാക്കണമെന്നില്ല. വരുന്നു, കച്ചവടം ചെയ്യുന്നു, പോകുന്നു. പക്ഷേ പോകുന്ന പോക്കിൽ പേനുകളെയും മൂട്ടകളെയുമൊക്കെ അവിടെ ഉപേക്ഷിച്ചുപോകാം. ഈ പേനുകളും മൂട്ടകളും അവിടുത്തുകാരായ പേനുകളും മൂട്ടകളുമായി ചേർന്ന് പുതിയ ഡി.എൻ.എ.കളുള്ള പേനുകളേയും മൂട്ടകളേയും ഉണ്ടാക്കുന്ന കൂട്ടത്തിൽ മനുഷ്യന്റെ യാത്രയുടെ ചരിത്രവും അതിൽ ചേർത്തുവെക്കും. പിന്നീട് വരുന്ന തലമുറയ്ക്ക് വായിച്ചെടുക്കാനായി. രസമല്ലേ ഈ ചരിത്രമെഴുത്ത്?

അധിക വായനയ്ക്ക്

  • Nuclear genetic diversity of head lice sheds light on human dispersal around the world, Marina S. Ascunce , Ariel C. Toloza, Angélica González-Oliver, David L. Reed, November 8, 2023 >>>>

അനുബന്ധ വായനയ്ക്ക്

Happy
Happy
60 %
Sad
Sad
0 %
Excited
Excited
30 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
10 %

Leave a Reply

Previous post ഭോപ്പാൽ കൂട്ടക്കൊല – നാം മറക്കരുത്
Next post ഡോ.എം. കുഞ്ഞാമൻ വിട പറയുമ്പോൾ
Close