Read Time:16 Minute

ഡോ.കാവുമ്പായി ബാലകൃഷ്ണൻ

1956 ഡിസംബർ 18 ലെ മാതൃഭൂമിപത്രത്തിൽ പി.ടി.ഭാസ്‌കരപ്പണിക്കരുടേതായി ഒരഭ്യർത്ഥന വന്നു. അതിതാണ്:

”മലയാളത്തിൽ നവീന ശാസ്ത്രത്തെസ്സംബന്ധിച്ചുള്ള പുസ്തകങ്ങൾ വളരെ കുറവാണ്. ശാസ്ത്രത്തെപ്പറ്റി എഴുതുന്നവരുടെ എണ്ണവും തുലോം പരിമിതമാണ്. മലയാളഭാഷയിൽ വളരെയധികം ശാസ്ത്രസംബന്ധിയായ പുസ്തകങ്ങൾ ഉണ്ടാവേണ്ടതായിട്ടുമുണ്ട്. ഇതിനെപ്പറ്റിയെല്ലാം കൂടിയാലോചിക്കുന്നത് നന്നായിരിക്കും. അതിന്നായി 1956 ഡിസംബർ 23-ാം തീയതി (പകൽ 2 മണിക്ക്) ഒറ്റപ്പാലം ഹൈസ്‌കൂളിൽ വെച്ച് മലയാളത്തിലെ ശാസ്ത്രലേഖകന്മാരുടെ ഒരു സുഹൃത്‌സമ്മേളനം ചേരുന്നുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ ശാസ്ത്രലേഖകന്മാരേയും ഞാൻ ക്ഷണിച്ചുകൊള്ളുന്നു. വല്ല കാരണവശാലും അന്നവിടെ വരാൻ സൗകര്യപ്പെടാത്തവർ ശ്രീ.ഒ.പി.നമ്പൂതിരിപ്പാട്, ഹൈസ്‌കൂൾ, ഒറ്റപ്പാലം എന്ന മേൽവിലാസത്തിൽ അവരുടെ വിലപിടിച്ച അഭിപ്രായങ്ങൾ സദയം എഴുതി അറിയിക്കുകയെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.”

ഒറ്റപ്പാലം ഹൈസ്‌കൂളിൽ നടക്കുന്ന ഐക്യകേരള കലോത്സവത്തോടനുബന്ധിച്ചാണ് ഇത്തരമൊരു യോഗം വിളിച്ചുചേർത്തത്. കലോത്സവവേദിക്ക് പട്ടിക്കാന്തൊടി നഗരമെന്നാണ് പേരിട്ടിരുന്നത്. രണ്ടു ദിവസം നീണ്ടുനിന്ന കലോത്സവം മഹാകവി ശങ്കരക്കുറുപ്പാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാംദിവസം ഭദ്രകലാ (ക്ലാസിക്കൽ കല) സമ്മേളനമായിരുന്നു. അന്നാണ് സ്‌കൂളിലെ ഒരുമുറിയിൽ ശാസ്ത്രസാഹിത്യകാരന്മാർ ഒത്തുകൂടിയത്.
ഈ ഒത്തുകൂടലിന്റെ വാർത്ത ഡിസംബർ 26-ന് മാതൃഭൂമി വിസ്തരിച്ചുതന്നെ കൊടുക്കുകയുണ്ടായി: ”ഗണിതം, ഭൗതികവിജ്ഞാനം, രസതന്ത്രം, തത്വശാസ്ത്രം, ശരീരശാസ്ത്രം, ഭൂഗർഭശാസ്ത്രം തുടങ്ങിയ വിജ്ഞാനവിഭാഗങ്ങളിൽ, ആധുനികകാലത്തുണ്ടായിട്ടുള്ള പുരോഗതിയെ ലളിതമായി പ്രതിപാദിച്ച് ഭാഷയിൽ ശാസ്ത്രസാഹിത്യത്തിന്റെ വൈരള്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുന്നതിന് ഇന്നലെ ഒറ്റപ്പാലത്ത് പട്ടിക്കാന്തൊടി നഗരത്തിൽ നടക്കുന്ന അഖിലകേരള കലോത്സവത്തോടനുബന്ധിച്ച് ശാസ്ത്രസാഹിത്യകൃത്തുക്കളുടെയും അനുഭാവികളുടെയും ഒരു ചർച്ചായോഗം നടക്കുകയുണ്ടായി.

മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്‌കരപ്പണിക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സാങ്കേതികപദങ്ങളെപ്പറ്റിയും പാഠ്യപുസ്തകങ്ങളിൽ ഇന്നുള്ള വൈകല്യങ്ങളെപ്പറ്റിയും ശാസ്ത്രപ്രതിപാദനത്തിൽ മലയാളഭാഷയ്ക്ക് ഇന്നുള്ള പരിമിതികൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളെപ്പറ്റിയും യോഗം വസ്തുനിഷ്ഠവും പ്രയോജനപ്രദവുമായി ചർച്ച നടത്തി. അന്താരാഷ്ട്രീയ പ്രതിഷ്ഠ ലഭിച്ച സാങ്കേതികപദങ്ങൾ മലയാളത്തിലേക്ക് അങ്ങിനെതന്നെ പകർത്തുന്നതായിരിക്കും കൂടുതൽ അഭിലഷണീയമെന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം. വ്യക്തവും സുപരിചിതവുമായ സാധാരണ പദങ്ങളും അതുപോലെ ഉപയോഗിക്കാവുന്നതാണ്.
ക്രമേണ കേരളാടിസ്ഥാനത്തിലുള്ള ഒരു സംഘടനയായി പരിഗണിക്കണമെന്ന ലക്ഷ്യത്തോടുകൂടി യോഗത്തിൽവച്ച് മി.പി.ടി.ഭാസ്‌കരപ്പണിക്കർ പ്രസിഡണ്ടായും മി.ഒ.പി.നമ്പൂതിരിപ്പാട് സെക്രട്ടറിയായും മെ.പി.കെ.കോരു, സി.കെ.മൂസ്സത്, എം.എൻ.സുബ്രഹ്മണ്യൻ, ചേറ്റൂർ കൃഷ്ണൻകുട്ടിനായർ, കുറുമാപ്പള്ളി കേശവൻ നമ്പൂതിരി എന്നിവർ അംഗങ്ങളായും ഒരു ശാസ്ത്രസാഹിത്യസമിതി തെരഞ്ഞെടുക്കപ്പെട്ടു.  അടുത്തകാലത്ത് പ്രസിദ്ധീകരിച്ചതും പഴയവയുമായ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രലേഖനങ്ങൾ ശേഖരിച്ച് ശാസ്ത്രസാഹിത്യസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു സമാഹാരം പ്രസിദ്ധപ്പെടുത്തുവാനും അതിൽനിന്നു കിട്ടുന്ന ആദായം സമിതിയുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാനും തീർച്ചയാക്കി.


സമസ്ത കേരള സാഹിത്യപരിഷത്തിന്റെ അടുത്ത സമ്മേളനത്തിൽ ഒരു സമ്പൂർണയോഗം ശാസ്ത്രസാഹിത്യത്തിന് നീക്കുവെക്കുവാൻ ഭാരവാഹികളോട് ആവശ്യപ്പെടുവാനും യോഗം നിശ്ചയിച്ചു. സമിതിയുടെ മേൽവിലാസം ശ്രീ.ഒ.പി.നമ്പൂതിരിപ്പാട്, സെക്രട്ടറി, ശാസ്ത്രസാഹിത്യസമിതി എന്നായിരിക്കുന്നതാണ്. ‘ശാസ്ത്രസാഹിത്യമെന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് ഇവിടെയാണ്. ശാസ്ത്രസംബന്ധികളായ ലേഖനങ്ങളെക്കുറിച്ച് ‘ശാസ്ത്രകാര്യങ്ങൾ ചർച്ചചെയ്യുന്ന സാഹിത്യം’ എന്ന് ആദ്യം എഴുതിയത് 1955-ൽ എം.സി.നമ്പൂതിരിപ്പാടാണ്. ശാസ്ത്രസാഹിത്യം എന്ന സമസ്തപദം രൂപപ്പെടുത്തിയത് പി.ടി.ഭാസ്‌കരപ്പണിക്കരാണെന്നാണ് എം.സി.എഴുതിയിട്ടുള്ളത്. ശാസ്ത്രസാഹിത്യസമിതി എന്ന പേര് നിർദേശിച്ചതും പി.ടി.ബി.തന്നെ.

ആദ്യയോഗത്തിലെ തീരുമാനമനുസരിച്ച് ശാസ്ത്രലേഖനങ്ങളുടെ സമാഹാരം ആധുനികശാസ്ത്രം എന്ന പേരിൽ സമിതി പ്രസിദ്ധീകരിച്ചു. അതിന്റെ ആമുഖത്തിൽ ഒ.പി.നമ്പൂതിരിപ്പാട് ഇപ്രകാരം എഴുതി:

”ആധുനികശാസ്ത്രം പണ്ടെന്നത്തേക്കാളുമധികം പുരോഗമിച്ചുകൊണ്ടിരിക്കുകയാണിന്ന്. നമ്മുടെ നാട്ടുകാർക്കു സയൻസിൽ താൽപര്യം വർധിച്ചുവരികയാണ്. ശാസ്ത്രത്തിന്റെ വിവിധശാഖകളെക്കുറിച്ചു പലതും അറിയണമെന്ന് അവർക്കാഗ്രഹമുണ്ട്. എന്നാൽ, നിർഭാഗ്യമെന്നു പറയട്ടെ, മലയാളത്തിൽ ആധുനികശാസ്ത്രത്തെസ്സംബന്ധിച്ചേടത്തോളം പുസ്തകങ്ങൾ നന്നെ കുറവാണ്. ശാസ്ത്രഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം ഇന്നേറ്റവും വലിയ ഒരാവശ്യമായിത്തീർന്നിരിക്കുകയാണ്. കഴിയുന്നത്ര ലളിതമായ ഭാഷയിൽ, ശാസ്ത്രതത്വങ്ങൾ പ്രതിപാദിക്കുന്ന ‘പോപ്പുലർ സയൻസ്’ പുസ്തകങ്ങൾ ഭാഷയിൽ ഇന്നെത്രയും ആവശ്യമാണ്. അടിസ്ഥാനപരമായ ശാസ്ത്രഗ്രന്ഥങ്ങളും നമുക്കുണ്ടാവണം. വിവിധ വിഷയങ്ങളെപ്പറ്റി ഏറ്റവും വിദഗ്ധമായി എഴുതുന്ന ലേഖകന്മാരുടെ ശാസ്ത്രലേഖനങ്ങൾ ഉൾക്കൊള്ളുന്ന, ആനുകാലികപ്രസിദ്ധീകരണങ്ങളും അത്യാവശ്യമത്രെ. ആ നില കൈവരുത്താൻ ശാസ്ത്രസാഹിത്യകാരന്മാർക്കേ തികച്ചും സാധിക്കുകയുള്ളു. അങ്ങിനെ ശാസ്ത്രസാഹിത്യശാഖയ്ക്കു മുതൽക്കൂട്ടുകയും, ഒരു പ്ലാനനുസരിച്ചു ഗ്രന്ഥങ്ങളും, ലേഖനങ്ങളും മറ്റും തയ്യാറാക്കുകയും വേണമെങ്കിൽ, ശാസ്ത്രലേഖകന്മാർക്ക് ഒരു സംഘടന കൂടിയേ കഴിയൂ. ഈ ആവശ്യങ്ങൾക്കു വേണ്ടിയാണ് ‘ശാസ്ത്രസാഹിത്യസമിതി’ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. സമിതിയുടെ ആദ്യത്തെ പ്രസിദ്ധീകരണമാണിത്. കൂടുതൽ നല്ല പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കാൻ ശാസ്ത്രസാഹിത്യസമിതിക്ക് ആഗ്രഹമുണ്ട്; പ്ലാനുമുണ്ട്. അതിന്നു ശാസ്ത്രസാഹിത്യത്തിൽ അഭിരുചിയുള്ള എല്ലാവരും സമിതിയുമായി ബന്ധപ്പെടണമെന്നും, അവരുടെ ഉപദേശനിർദേശങ്ങൾകൊണ്ട് ഞങ്ങളുടെ പരിശ്രമത്തെ വിജയിപ്പിക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.”

7 ലേഖനങ്ങളുടെ സമാഹാരമാണ് ആധുനികശാസ്ത്രം. പി.കെ.കോരു (ഗണിതവും ജ്യോതിശ്ശാസ്ത്രവും), എസ്.പരമേശ്വരൻ (ആറ്റം – പരമാണു), പി.ടി.ഭാസ്‌കരപ്പണിക്കർ (പ്രോട്ടോപ്ലാസം), എം.സി.നമ്പൂതിരിപ്പാട് (നമ്മുടെ ശാസ്ത്രപാരമ്പര്യം), ഒ.പി.നമ്പൂതിരിപ്പാട് (നാളത്തെ ഭക്ഷണം), സി.കെ.മൂസ്സത് (ശാസ്ത്രപുരോഗതി), ഇ.വി.ദേവ് (ആധുനികശാസ്ത്രത്തിന്റെ കർമപദ്ധതിയും വീക്ഷണഗതിയും) എന്നിവരാണ് ലേഖകർ. ഇവരെല്ലാം അന്നത്തെ പ്രശസ്തരായ ശാസ്ത്രസാഹിത്യകാരന്മാരായിരുന്നു.

1957 മാർച്ചിൽ നടന്ന കേരളനിയമസഭയിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തി. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായി, ഐക്യകേരളം നിലവിൽവന്നതോടെ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇല്ലാതായിക്കഴിഞ്ഞിരുന്നു. ബോർഡിന്റെ പ്രഗത്ഭനായ അധ്യക്ഷനായിരുന്നുവല്ലൊ പി.ടി.ബി. പരിമിതികൾക്കും പരാധീനതകൾക്കുമുള്ളിൽനിന്നുകൊണ്ടുതന്നെ ഭരണസംവിധാനത്തെ ജനോപകാരപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്നു പി.ടി.ബി. കാണിച്ചുതന്നു. പി.ടി.ബി.യുടെ വിവിധ മേഖലകളിലെ അറിവും അനുഭവവും കണക്കിലെടുത്തുകൊണ്ട് അദ്ദേഹത്തെ മുണ്ടശ്ശേരി മാസ്റ്ററുടെ പ്രൈവറ്റ് സെക്രട്ടറിയായി കമ്യൂണിസ്റ്റ് പാർട്ടി നിയോഗിച്ചു. കേരള വിദ്യാഭ്യാസ ബില്ല് തയ്യാറാക്കുകയെന്ന തീവ്രപരിശ്രമത്തിലാണ് പി.ടി.ബി.ക്ക്. ആദ്യമേ ആമഗ്നനാകേണ്ടിവന്നത്. അതോടെ ശാസ്ത്രസാഹിത്യസമിതിയുടെ പ്രവർത്തനത്തിൽനിന്നു മാറേണ്ടിവന്നു. അതോടെ സമിതി പ്രവർത്തനരഹിതമായി.

1962-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകരിക്കുന്ന സന്ദർഭത്തിൽ പി.ടി.ബി. പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു. പരിഷത്ത് രൂപീകരണത്തിന് നേതൃത്വം നൽകിയത് ഡോ.കെ.ജി.അടിയോടിയായിരുന്നു. മലയാളത്തിൽ ശാസ്ത്രസാഹിത്യകാരന്മാർ നേരിടുന്ന അസ്വീകാര്യത അടക്കമുള്ള പ്രശ്‌നങ്ങൾ വിവരിച്ച് അവർക്ക് അവരുടേതായ ഒരു സംഘടന എന്തുകൊണ്ടു വേണം എന്ന് വിശദീകരിച്ച് അദ്ദേഹം ഒരു കത്ത് തയ്യാറാക്കി. ക്ഷണിക്കുന്നവരുടെ കൂട്ടത്തിൽ അടിയോടിയോടൊപ്പം ഡോ.കെ.കെ.നായർ, സി.കെ.ഡി.പണിക്കർ, കോന്നിയൂർ നരേന്ദ്രനാഥ്, കെ.കെ.പി.മേനോൻ എന്നിവരുടെ പേരുകൾകൂടി ചേർത്തു. 1962 ഏപ്രിൽ 8 നാണ് യോഗം ചേർന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പേര് നിർദേശിച്ചത് കോന്നിയൂർ നരേന്ദ്രനാഥാണ്. ഡോ.കെ.ഭാസ്‌കരൻനായരെ അധ്യക്ഷനായും കെ.ജി.അടിയോടിയെ ജന.സെക്രട്ടറിയായും എൻ.വി.കൃഷ്ണവാരിയരെ ട്രഷററായും തെരഞ്ഞെടുത്തു. 1962 സെപ്തംബർ 10-ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജിൽവച്ച് പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു. പ്രശസ്ത ശാസ്ത്രജ്ഞനായ ജെ.ബി.എസ്.ഹാൽഡെയ്ൻ ഉദ്ഘാടനത്തിന് വരാമെന്ന് സമ്മതിച്ചിരുന്നുവെങ്കിലും വരാൻസാധിച്ചില്ല. പിന്നീട് കേന്ദ്രമന്ത്രി ഹുമയൂൺ കബീറിനെ ക്ഷണിച്ചു. അദ്ദേഹം രേഖാമൂലം സമ്മതം അറിയിച്ചു. കോഴിക്കോട് വന്നെങ്കിലും അന്നത്തെ കോഴിക്കോട് ജില്ലാകളക്ടർ മലയാറ്റൂർ രാമകൃഷ്ണന്റെ വാശി കാരണം പരിഷത്തിന്റെ ഉദ്ഘാടനത്തിന് എത്തിയില്ല. (ദേവഗിരി കോളേജിൽവച്ച് ഉദ്ഘാടനം നടത്തുന്നതിനോട് മലയാറ്റൂരിന് താൽപര്യമില്ലായിരുന്നുവത്രെ. ടൗൺഹാളിലാണെങ്കിൽ ആകാമെന്നും അദ്ദേഹം സംഘാടകരോട് പറഞ്ഞിരുന്നു). മന്ത്രിയുടെ അഭാവത്തിൽ ദേവഗിരി കോളേജ് പ്രിൻസിപ്പാൾ റവ.ഫാ. തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. വിപുലമായ ശാസ്ത്രപ്രദർശനവും ശാസ്ത്രസിമ്പോസിയവും ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ആദ്യകാലത്ത് പരിഷത്തിന്റെ പ്രവർത്തനം സെമിനാറുകളിലും പ്രദർശനങ്ങളിലും മറ്റുമായി ഒതുങ്ങിനിന്നു. അംഗത്വമാകട്ടെ ശാസ്ത്രസാഹിത്യകാരന്മാർക്കു മാത്രവും. (അന്നത്തെ അംഗത്വഫോറത്തിൽ ഒരു ചോദ്യമുണ്ടായിരുന്നു: ”നിങ്ങൾ ശാസ്ത്രലേഖനങ്ങൾ എഴുതിയിട്ടുണ്ടോ?”) 1966 മാർച്ചിൽ കോഴിക്കോട് വച്ച് നടന്ന വാർഷിക ജനറൽബോഡി യോഗം ജന.സെക്രട്ടറിയായി പി.ടി.ബി.യെ തെരഞ്ഞെടുത്തു. ശാസ്ത്രഗതി എന്ന പേരിൽ ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത് അവിടെവച്ചാണ്.

1966 മെയ്മാസത്തിൽ ഒലവക്കോട് ചേർന്ന മൂന്നാംവാർഷികമാണ് ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്കെല്ലാം പരിഷത്തിൽ അംഗത്വം നൽകാമെന്ന് തീരുമാനിച്ചത്.  1967 മെയ്മാസത്തിൽ തൃശ്ശൂരിൽ ചേർന്ന 4-ാം വാർഷികസമ്മേളനം പരിഷത്തിന് ഒരു ഭരണഘടന അംഗീകരിച്ചു. പി.ടി.ബി.യാണ് ഭരണഘടനയുടെ നിർദേശങ്ങൾ അവതരിപ്പിച്ചത്. ഭരണഘടനയുണ്ടാവുകയും സംഘടനാരൂപം കൈവരിക്കുകയും ശാസ്ത്രതൽപരർക്കെല്ലാം അംഗങ്ങളാകാമെന്ന് വരികയും ചെയ്തതോടെ പരിഷത്ത് വളർച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. നിരവധി അധ്യാപകരും സാമൂഹ്യപ്രവർത്തകരും പരിഷത്തംഗങ്ങളായി; പരിഷത്ത് ഒരു ജനകീയപ്രസ്ഥാനമായി മാറുകയായിരുന്നു. വ്യത്യസ്ത ജനകീയപ്രസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളിലൂടെ പി.ടി.ബി. ആർജിച്ച അനുഭവങ്ങളും ഉൾക്കാഴ്ചയും ദീർഘവീക്ഷണവുമെല്ലാം ഈ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാക്കാനാകും.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പഴയകാല പുസ്തകങ്ങൾക്കും ലഘുലേഖകൾക്കും ആർക്കൈവ് സന്ദർശിക്കാം

1962 ല്‍ നാം തുടങ്ങിയ ഭാഷാസമരം

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് മൺസൂൺ?
Next post ജനകീയ ശാസ്ത്ര പ്രസ്ഥാനം ഇന്ത്യയിൽ
Close