Read Time:12 Minute
ഇപ്പോള്‍ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം അനിവാര്യമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണല്ലോ.. ശാസ്ത്ര- സാങ്കേതിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളഭാഷയ്ക്കുള്ള ശേഷിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് മുഖ്യമായും നടക്കുന്നത്. ഈ പശ്ചാത്തലത്തില്‍  1962 സെപ്റ്റംബര്‍ 10 നു രൂപീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്ത് ഉദ്ഘാടന സുവനീറില്‍ കെ. ജി. അടിയോടി എഴുതിയ  ഈ ലേഖനം ഇന്നും പ്രസക്തമാണ്.  1962ല്‍ ശാസ്ത്രബോധവും ശാസ്ത്രവിജ്ഞാനവും മലയാളത്തില്‍ പ്രചരിപ്പിക്കാനായി രൂപീകരിക്കപ്പെട്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ അൻപത്തി ഏഴാമത് പിറന്നാളാണ് ഇന്ന്.  
ശാസ്ത്രസാഹിത്യകാരന്മാർക്ക് ഒരു സംഘടന
ശാസ്ത്രഗവേഷണത്തിൽ ഏര്‍പ്പെട്ടവർക്ക് പലേ സംഘടനകളും ഇന്ത്യയിൽ നിലവിലുണ്ടെങ്കിലും പ്രാദേശികഭാഷയിൽ ശാസ്ത്രസാഹിത്യം പോഷിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഒരേ ഒരു സംഘടന ശാസ്ത്രസാഹിത്യപരിഷത്താകുന്നു.
– കെ. ജി. അടിയോടി, സിക്രട്ടറി , ശാസ്ത്രസാഹിത്യ പരിഷത് .

ശാസ്ത്രത്തിന്റെതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. പദാർത്ഥത്തെയും സമയത്തെയും ദൂരത്തെയും ജയിക്കാൻ നമ്മെ സഹായിച്ചതു് ശാസ്ത്രമാകുന്നു : സവ്വശക്തന്റെ സിംഹാസനത്തിൽ കേറിയിരിക്കാമെന്ന നിലവരെ അങ്ങിനെ മനുഷ്യന്നു കൈവന്നു. ഏതു വിഘ്നത്തേയും തെല്ലും കൂസാതെ കുത്തി യൊലിച്ചുപോകുന്ന ശക്തിയേറിയ ഒരു പ്രവാഹത്തിന്റെ ചിത്രമാണ് ശാസ്ത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോൾ മനസിൽ വരുന്നത്. അന്ധവിശ്വാസങ്ങളുടെ അനേകം കരിംപാറക്കെട്ടുകൾ ആ ഒഴുക്കിൽ പെട്ടു തകർന്നു. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യ നിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ദ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല ; സാധാരണക്കാരന്നു മനസ്സിലാവുന്ന ഭാഷയിൽ അവനെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട ഭാരം ആ വിദഗ്ദ്ധർതന്നെയോ, മററാരെങ്കിലുമോ ഏറെറടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്തു് “നാട്ടുഭാഷകളോടു” നിലവിലുണ്ടായിരുന്ന ചിററമ്മനയംമൂലം ശാസ്ത്രസാഹിത്യത്തിന്നു കാര്യമായ വളർച്ചയൊന്നും ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഉണ്ടായില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക – അതായിരുന്നു പരിഷ്കാരം. സാങ്കേതികപദങ്ങളുടെ പ്രശ്നം പ്രാദേശികഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്കു വലിയ ഒരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ ‘ശാസ്ത്രജ്ഞന്മാർ വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിന്നു മാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്കൃതത്തിലും പ്രാദേശികഭാഷകളിലുമുള്ള ശാസ്ത്രഗ്രന്ഥങ്ങളോടു സാധാരണക്കാക്കുണ്ടായ ആരാധനാമനോഭാവംമൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്തബോധത്തെ സംബന്ധിച്ചേടത്തോളം മററുള്ളവരുടെ എത്രയോ പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശിക ഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിൻറ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങളിലേയ്ക്കു എത്തിക്കുകയെന്ന മഹത്തായ കര്‍ത്തവ്യമാണ് ശാസ്ത്രസാഹിത്യകാരന്മാക്കു മലയാളത്തിലായാലും, മറേറതു ഭാഷയിലായാലും ഇന്നു നിര്‍വ്വഹിക്കാനുള്ളത്.

ചില പ്രശ്നങ്ങൾ
മലയാളത്തിൽ ധാരാളം വികസനസാധ്യതയുള്ള ഒരു സാഹിത്യശാഖയാകുന്നു ശാസ്ത്രമെന്നു പറയേണ്ടതില്ല. നമ്മുടെ ശാസ്ത്രസാഹിത്യം ഇന്നും ബാല്യദശയിൽ ഇരിക്കുന്നതേയുള്ള. അടിസ്ഥാനശാസ്ത്രങ്ങളിൽ കൊള്ളാവുന്ന പുസ്തകങ്ങളൊന്നുംതന്നെ മല യാളത്തിൽ പുറത്തുവന്നിട്ടില്ല. ഭാവനാശക്തിയും ഭാഷാവൈദഗ്ദ്ധ്യവുമുണ്ടായാൽ ശുദ്ധസാഹിത്യനിര്‍മ്മാണം വിഷമമല്ല. ശാസ്ത്രസാഹിത്യകാരന്നാകട്ടെ ഇവയ്ക്കുപുറമെ ശാസ്ത്രനൈപുണിയും ഉണ്ടായേ പറ്റൂ. ശാസ്ത്രവിദഗ്ദ്ധരിൽ ചെറിയൊരു ശതമാനത്തിന്നു മാത്രമേ സാഹിത്യനിമ്മാണം ചെയ്യാൻ കഴിവുള്ളുവെന്നതാണ് സത്യം. അക്കൂട്ടർ മുമ്പോട്ടുവന്നു എന്നുവെച്ചാൽ തന്നെ ലഭിക്കുന്ന സഹായസഹകരണങ്ങൾ പ്രോത്സാഹജനകമല്ല. ശാസ്ത്രപുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും പ്രസിദ്ധീകരണം ഇന്നും വലിയ ഒരു പ്രശ്നമാണ്. പ്രശസ്ത പ്രസിദ്ധീകരണാലയങ്ങൾപോലും ശാസ്ത്രപുസ്തകങ്ങൾ അച്ചടിക്കാൻ നല്കിയാൽ സവ്യസനം തിരിച്ചയക്കുകയാണു് പതിവ്. നോവലും ചെറുകഥാസമാഹാരവും മാത്രമേ നമ്മുടെ ആളുകൾക്കു വേണ്ടുവെങ്കിൽ ഈ പ്രസിദ്ധീകരണശാലക്കാരെ കുററം പറയാമോ? ലേഖനങ്ങളെ സംബന്ധിച്ചേടത്തോളം ആശാവഹമായ ഒരു വ്യതിയാനം ഈ ഇടക്കാലത്തു കാണുന്നുണ്ടു് എന്നു സമ്മതിക്കാം. കേരളത്തിലെ എന്നല്ല പുറത്തെയും പത്രമാസികകൾക്കു് ശാസ്ത്രലേഖനങ്ങൾ ഒരാവശ്യമായി തീര്‍ന്നിട്ടുണ്ട്. എഴുതി ഫലിപ്പിക്കാനാണെങ്കിൽ പാട്; പ്രതിഫലവും വായനക്കാരും കുറവ്; പ്രസിദ്ധീകരിച്ചുകിട്ടാൻ തപസ്സ് – പിന്നെ ഈ വയ്യാവേലിയ്ക് ആരെങ്കിലും കച്ചകെട്ടി പുറപ്പെടുമോ ?
ആദ്യത്തെ ഉദ്യമം
ശാസ്ത്രസാഹിത്യകാരന്മാർ സംഘടിച്ച പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി 1957-ൽ ശാസ്ത്രസാഹിത്യ സമിതി എന്നൊരു സഘടന ഒററപ്പാലത്തുവെച്ച് രൂപീകരിക്കപ്പെടുകയുണ്ടായി. ഡോ. എസ്. പരമേശ്വരൻ, ഓ. പി. നമ്പൂതിരിപ്പാട്, എം. സി. നമ്പൂതിരിപ്പാട്, ഭാസ്കര പണിക്കർ എന്നിവർ അതിന്നുവേണ്ടി ഉത്സാഹിച്ചവരിൽ പെടും. ഓ. പി. നമ്പൂതിരിപ്പാടായിരുന്നു ശാസ്ത്രസാഹിത്യ സമിതിയുടെ കാര്യദര്‍ശി. “സയൻസു് ന്യൂസിന്റെ” മാതൃകയിൽ ലേഖനങ്ങൾ സമാഹരിച്ച് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കാനുള്ള ഒരു പരിപാടിയുടെ ഭാഗമായി ‘ആധുനികശാസ്ത്രം’ മംഗളോദയത്തിൽനിന്നും 1958-ൽ പുറത്തു വന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ അതിന്റെ പ്രവര്‍ത്തനം നിലച്ചുപോവുകയാണുണ്ടായത്.
ശാസ്ത്രസാഹിത്യപരിഷത്
സംഘടിതമായ പ്രവര്‍ത്തനംകൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയ കൂറും. ശുദ്ധസാഹിത്യകാരന്മാര്‍ക്കു സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ഇത്തരമൊരു സംഘടനയുടെ ആശാസ്യതയെ ചോദ്യം ചെയ്യാനിടയില്ല. സാങ്കേതിക പദപ്രശ്നത്തെ സംബന്ധിച്ച് ചർച്ചകൾ നടത്തി സ്വീകാര്യമായി തോന്നുന്ന ഒരു തീരുമാനത്തിലെത്തുക; ശാസ്ത്രലേഖനങ്ങളുടെയും പുസ്തകങ്ങളുടെയും പ്രസിദ്ധീകരണം സുഗമമാക്കുക; വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക; മലയാളത്തിൽ ശാസ്ത്രസാഹിത്യത്തിന്റെ വളർച്ചക്കുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ നിർമ്മിക്കുകയും തര്‍ജ്ജമ നടത്തുകയും ചെയ്യുക; ശാസ്ത്രസാഹിത്യ പ്രവത്തനത്തിൽ ഏര്‍പ്പെട്ടവരുടെ ഒരു “ഹൂ ഈസ് ഹു” തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക; മലയാളത്തിൽ ചെടികൾക്കും ജന്തുക്കൾക്കും മറ്റുമുള്ള പ്രാദേശികപ്പേരുകൾ സംഭരിച്ച് ഏററവും യുക്തമെന്നു തോന്നുന്നവ അംഗീകരിക്കുക; ചര്‍ച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്രപ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതല്പരരാക്കുക; ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പം പരസ്പരധാരണയും വളർത്തുക – എന്നീ കാര്യങ്ങൾ ഒരു സംഘടനയ്ക്കു ചെയ്യാൻ കഴിയും. ശാസ്ത്ര സാഹിത്യസമിതിയുടെ അഭാവത്തിൽ ഒരു സംഘടന കൂടിയേ കഴിയൂ എന്ന നില വന്നു.
മേൽപറഞ്ഞ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും മുൻ നിര്‍ത്തി 1962 ഏപ്രിൽ 8നു കോഴിക്കോട്ടുവെച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപവൽകരിക്കപ്പെട്ടു. ഡോ. കെ. കെ. നായർ, കോന്നിയൂർ നരേന്ദ്രനാഥ്, പ്രൊഫ. സി. കെ. ഡി. പണിക്കർ, കെ. കെ. പി. മേനോൻ എന്നിവർ ഇക്കാര്യത്തിൽ മുൻ കയ്യെടുത്തു പ്രവർത്തിക്കുകയുണ്ടായി. ഈ സംഘടനയുടെ രൂപീകരണത്തിന്നു നല്ല സഹകരണം ശാസ്ത്രസാഹിത്യകാരന്മാരിൽനിന്നു ലഭിച്ചു. ഇപ്പോൾ ഇരുപത്തഞ്ചു പേർ ഇതിൽ അംഗങ്ങളാണു്: ഭൂരിഭാഗം പേരും സജീവമായ ശാസ്ത്രസാഹിത്യസൃഷ്ടിയിൽ ഏര്‍പ്പെട്ടവരുമാകുന്നു.
ശാസ്ത്രസാഹിത്യ സമിതിക്കു ലഭിച്ചതിനേക്കാൾ പിന്തുണ നാനാഭാഗത്തുനിന്നും പരിഷത്തിന്നു കിട്ടുന്നുണ്ട് എന്ന കാര്യം ശുഭോദര്‍ക്കംതന്നെ. ശാസ്ത സാഹിത്യപരമായ കാര്യങ്ങളിൽ ഗവര്‍മ്മേന്റിന്നും പൊതുജനങ്ങൾക്കും താല്പര്യം കൂടിവരുന്നുവെന്നതിന്നു ദൃഷ്ടാന്തമായി ഇതിനെ വ്യാഖ്യാനിക്കാം. പരിഷത് അതിന്റെ പ്രവത്തനം തുടങ്ങിയിട്ടേ ഉള്ളു. മലയാള സാഹിത്യമണ്ഡലത്തിൽ ഒരു പുതിയ ശക്തിയായി അതു വളരുമാറാവട്ടെ.
(1962 ലെ പരിഷത്ത്  ഉദ്ഘാടന  സുവനീറില്‍ നിന്നും)

അധിക വായനയ്ക്ക് 
  1. ഗ്രന്ഥപ്പുര – പരിഷത്ത്  ഉദ്ഘാടന സ്മരണിക – ആര്‍ക്കൈവ് 
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post “ഹൊ ഞാനൊക്കെ എത്ര വട്ടം ചാവേണ്ടതാ…”
Next post സോഡിയം – ഒരു ദിവസം ഒരു മൂലകം
Close