Read Time:15 Minute


ഡോ ബി ഇക്ബാൽ

രോഗാണുസിദ്ധാന്തം ആവിഷ്‌കരിക്കുന്നതിൽ മൗലിക സംഭാവന നൽകിയ ത്രിമൂർത്തികളിൽ ഒരാളായ ജോസഫ് ലിസ്റ്ററിന്റെ ചരമദിനമാണ് ഫെബ്രുവരി 10

രോഗങ്ങളുണ്ടാവുന്നതിനുള്ള കാരണങ്ങൾ ഹ്യൂമറുകൾ മിയാസ്മ എന്നിവയൊക്കെയാണെന്നായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനംവരെയുണ്ടായിരുന്ന ധാരണ.   പിത്തനീര് (Bile), ശ്ലേഷ്മം (Phlegm) എന്നിവയാണ് ഹ്യൂമറുകൾ (Humors). മനുഷ്യശരീരത്തിന് ഹാനിയുണ്ടാക്കുന്ന  അശുദ്ധ വാതകമാണ് മിയാസ്മ (Miasma). ജന്തുക്കളും സസ്യങ്ങളും ചീഞ്ഞ് ഉണ്ടാകുന്നതാണിത്. ഇത്തരം അശാസ്ത്രീയ  സിദ്ധാന്തങ്ങളുടെ സ്ഥാനത്ത് ശാസ്തീയ നീരീക്ഷണ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള രോഗാണുസിദ്ധാന്തം (Germ Theory of Disease) അവതരിപ്പിച്ച ത്രിമൂർത്തികളായാണ് ലൂയി പാസ്ചർ, ജോസഫ് ലിസ്റ്റർ, റഡോൾഫ്  വിർക്കോ എന്നിവരെ കണക്കാക്കുന്നത്.


ഡച്ച് വ്യവസായിയും ശാസ്ത്രജ്ഞനുമായിരുന്ന ആൻറൺ വാൻ ല്യൂവൻഹോക്ക് (1632-1723) മൈക്രോസ്കോപ്പ് ഉപയോഗിച്ച് 1674ൽ  സൂക്ഷ്മജീവികളെ നിരീക്ഷിച്ചതോടെയാണ് സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനശാഖയായ സൂക്ഷ്മജീവിശാസ്ത്രം  (മൈക്രോബയോളജി)  പ്രചാരത്തിലായത്. ഭക്ഷണപദാർഥങ്ങൾ പുളിച്ചുപോകുന്നത് സൂക്ഷ്മാണുക്കളുടെ പ്രവർത്തനം മൂലമാണെന്ന്  ഫ്രഞ്ച് രസതന്ത്രജ്ഞനും സൂക്ഷ്മാണുശാസ്ത്രജ്ഞനുമായ  ലൂയി പാസ്ചർ  (1822-1895) തെളിയിച്ചു. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷ്മജീവികളാണ് പകർച്ച വ്യാധികളുണ്ടാക്കുന്നതെന്ന് ആദ്യം തിരിച്ചറിഞ്ഞത് പാസ്ച്ചറാണ്.  പേവിഷബാധ, ആന്ത്രാക്സ് എന്നിവയ്ക്കുള്ള ആദ്യ പ്രതിരോധ മരുന്നുകൾ കണ്ടുപിടിച്ചതും, സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള പാസ്ചുറൈസേഷൻ വിദ്യ പ്രയോഗിച്ചതും  ലൂയി പാസ്ചറായിരുന്നു.  സൂക്ഷ്മാണുശാസ്ത്രശാഖയുടെ പിതാക്കളിലൊരാളായ  ജർമ്മൻ   ഭിഷഗ്വരൻ റോബർട്ട് കോക്ക് (1843-1910) ക്ഷയം, ആന്ത്രാക്സ്, കോളറ  എന്നീ രോഗങ്ങൾക്ക് കാരണമായ രോഗാണുക്കളെ കണ്ടെത്തുകയും സൂക്ഷ്മാണു ശാസ്ത്രശാഖക്ക് അടിത്തറപാവുകയും ചെയ്തു.


രോഗാണുക്കളെ കുറിച്ച് അറിവില്ലായിരുന്ന കാലത്താണ് ‘പ്യൂർപെറൽ ഫീവർ’ (Puerperal Fever) എന്നറിയപ്പെട്ടിരുന്ന പ്രസവപനി  ബാധിച്ച് അമ്മമാർ മരണമടയുന്നത് തടയാൻ  പ്രസവമെടുക്കുന്നവർ   കൈകഴുകണമെന്ന്   ഹംഗേറിയൻ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായിരുന്ന ഇഗ്നാസ് ഫിലിപ്പ് സെമ്മൽ‌വെയ്സ് (Ignaz Philipp Semmelweis: 1818-1865) നിഷ്കർഷിച്ചത്.  സെമ്മൽ വെയ്സ് പറഞ്ഞതനുസരിച്ച് കൈകഴുകി പ്രസവമെടുത്ത മറ്റ് ആശുപത്രികളിലും അമ്മമാരുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞു.  “അമ്മമാരുടെ രക്ഷകൻ” എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ജോസഫ് ലിസ്റ്റർ 1855 ലെ ഫോട്ടോ

ബ്രിട്ടീഷ് സർജൻ  ജോസഫ് ലിസ്റ്റർ (Joseph Lister: 5 April 1827 – 10 February 1912) ആയിരുന്നു അണുവിമുക്ത ശസ്ത്രക്രിയയുടെ (Antiseptic Surgery) ഉപജ്ഞാതാവ്. ലിസ്റ്ററിന്റെയും സെമ്മൽ വെയ്സിന്റെയും സിദ്ധാന്തങ്ങൾ ലിസ്റ്റർ പഠിക്കയും അംഗീകരിക്കയും ചെയ്തിരുന്നു, ഇവരുടെ നിർദ്ദേശങ്ങൾ പിന്തുടർന്നുകൊണ്ട്  അണുനാശക സ്വഭാവമുള്ള കാർബോളിക്ക് ആസിഡ്  ഉപയോഗിച്ച് ശസ്ത്രക്രിയോപകരണങ്ങളും, മുറിവുകളും  വൃത്തിയാക്കുക വഴി അണുബാധവിമുക്തവും സുരക്ഷിതവുമായ ശസ്ത്രക്രിയകൾ നടത്താൻ കഴിയും എന്ന് തെളിയിച്ചതാണ് ലിസ്റ്ററിന്റെ പ്രധാന സംഭാവന.

ജോസഫ് ലിസ്റ്റർ

യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ മെഡിക്കൽ സ്കൂളിൽ നിന്നും 1852 ൽ വൈദ്യവിദ്യാഭ്യാസം പൂർത്തിയാക്കിയ ലിസ്റ്റർ 1853 മുതൽ എഡ്വിൻബറോ സർവകലാശാലയിൽ  ഓർത്തോപീഡിക്സ് ശസ്ത്രക്രിയയിൽ ഒട്ടനവധി സംഭാവനകൾ നൽകിയിട്ടുള്ള പ്രസിദ്ധ സർജൻ ജെയിംസ്  സൈമിന്റെ (James Syme  1799 –1870) അസിസ്റ്റന്റായി സേവനമാരംഭിച്ചു.  സൈമിന്റെ കുടുംബവുമായി വ്യക്തിപരമായ അടുപ്പം പുലർത്തിയിരുന്ന ലിസ്റ്റർ പിന്നീട് സൈമിന്റെ മകൾ ആഗ്നസ് സൈമിനെ  (Agnes Syme Lister: 1834-1893) വിവാഹം കഴിച്ചു.

അക്കാലത്ത് രക്തവാർച്ച, ശസ്ത്രക്രിയനടത്തുമ്പോൾ രോഗികൾ അനുഭവിക്കേണ്ടിവരുന്ന വേദന, ശസ്ത്രക്രിയയെ തുടർന്ന് മുറിവിലും രക്തത്തിലുമുണ്ടാകുന്ന രോഗാണുബാധ എന്നിവയായിരുന്നു ശസ്ത്രക്രിയ നേരിട്ടിരുന്ന പ്രധാന പ്രശ്നങ്ങൾ.  ശസ്ത്രക്രിയയിലെ വേദന പരിഹരിക്കുന്നതിനായി ഈതറും നൈട്രസ് ഓക്സൈഡും ഉപയോഗിച്ച് കൊണ്ടുള്ള അനസ്തീസ്യ 1840 കളിൽ നിലവിൽ വന്നു. ശസ്ത്രക്രിയാരീതികളിലും ഉപകരണങ്ങളിലുമുണ്ടായ  പരിഷ്കാരത്തിലൂടെ ഒരു പരിധിവരെ രക്തവാർച്ച പരിഹരിക്കാനും കഴിഞ്ഞിരുന്നു. അവശേഷിച്ചിരുന്ന വെല്ലുവിളി രോഗാണുബാധയുടേതായിരുന്നു  ശസ്ത്രക്രിയയെ തുടർന്ന് നശിച്ചു പോകുന്ന ശരീരഭാഗങ്ങളിൽ നിന്നും അനിവാര്യമായും  രോഗാണുബാധയുണ്ടാവുമെന്നാണ് കരുതപ്പെട്ടിരുന്നത്.  അങ്ങനെയല്ല, അന്തരീക്ഷത്തിൽ നിന്നുമുള്ള  സൂക്ഷ്മ ജീവികളാണ് ശസ്ത്രക്രിയയെ തുടർന്നുള്ള രോഗസംക്രമത്തിന് കാരണമെന്ന് വിശദീകരിച്ച് ലൂയി പാസ്ചർ പ്രസിദ്ധീകരിച്ച  പ്രബന്ധം (Germ Theory and Its Application to Medicine and Surgery)  ലിസ്റ്റർ ശ്രദ്ധിച്ചിരുന്നു. ശസ്ത്രക്രിയാനന്തര അണുബാധയ്ക്ക് പരിഹാരമായി രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതിന് മുൻപ് നശിപ്പിക്കാനായി പാസ്ചർ മുന്നോട്ട് വച്ച രോഗാണുനാശിനി പ്രയോഗം  ലിസ്റ്റർ അംഗീകരിച്ചു, ഇക്കാര്യം വിശദീകരിച്ച് കൊണ്ട് പാസ്ചർ 1867 ൽ മറ്റൊരു പ്രബന്ധവും  (On the Antiseptic Principle in the Practice of Surgery) പ്രസിദ്ധീകരിച്ചിരുന്നു. ശസ്ത്രക്രിയയുടെ പ്രത്യാഘാതം കൊണ്ടല്ല തുടർന്നുണ്ടാകുന്ന രോഗാണുബാധമൂലമാണ് രോഗികളുടെ ജീവൻ  പലപ്പോഴും അപകടത്തിലാവുന്നതെന്ന് പാസ്ചർ അഭിപ്രായപ്പെട്ടു.  ചികിത്സാജന്യ രോഗം (Iatrogenesis)  എന്ന അർത്ഥത്തിൽ  ഈ പ്രതിഭാസത്തെ   ഹോസ്പിറ്റലിസം  (Hospitalism) എന്നാണ് ലിസ്റ്റർ വിശേഷിപ്പിച്ചത്.

On the Antiseptic Principle in the Practice of Surgery – 1867 ൽ പ്രസിദ്ധീകരിച്ച പ്രബന്ധം കടപ്പാട് വിക്കിപീഡിയ

ശസ്ത്രക്രിയയിലൂടെ ഉണ്ടാവുന്ന രോഗാണുബാധ തടയാനാ‍യി മൂന്ന് രീതികൾ  ലിസ്റ്റർ മുന്നോട്ട് വച്ചു:  ശസ്ത്രക്രിയക്ക് മുൻപ് കൈകൾ വൃത്തിയായി കഴുകുക, ശസ്ത്രക്രിയാ ഉപകരണങ്ങൾ രോഗാണു വിമുക്തമാക്കുക (Sterilize), ശസ്ത്രക്രിയാ മുറിവിലേക്കും രോഗിക്ക് ചുറ്റുമുള്ള വായുവിലേക്കും അനുനാശിനിയായ കാർബോളിക്ക് ആസിഡ് സ്പ്രേ ചെയ്യുക.  തന്റെ നിർദ്ദേശങ്ങൾ വിശദീകരിച്ചു കൊണ്ട് ലിസ്റ്റർ വൈദ്യലോകത്തെ അഭിസംബോധന ചെയ്ത് ബ്രിട്ടനിലും അമേരിക്കയിലും നിരവധി പ്രഭാഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കയും ചെയ്തു. എന്നാൽ വൈദ്യസമൂഹത്തിൽ ഒരു വിഭാഗം കാർബോളിക്ക് ആസിഡ് കൈകൾക്കും കണ്ണുകൾക്കും ഹാനികരമാണെന്നും ശസ്ത്രക്രിയക്ക് മുൻപ് ഉപകരണങ്ങൾ രോഗാണുവിമുക്തമാക്കുന്നതിനായി ധാരാളം സമയം ചെലവാക്കേണ്ടിവരുമെന്നും മറ്റും ആരോപിച്ച് ലിസ്റ്ററിന്റെ നിർദ്ദേശങ്ങളെ പുച്ഛിച്ച് തള്ളിക്കളയാനാണ് ശ്രമിച്ചത്. മാത്രമല്ല സൂക്ഷ്മ ജീവികൾ ദൃഢഗാത്രരായ മനുഷ്യരുടെ മരണത്തിന് കാരണമാവുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അവർ പ്രചരിപ്പിച്ചു. എന്നാൽ ലിസ്റ്ററുടെ നിർദ്ദേശങ്ങൾ പിന്തുടർന്ന് ശസ്ത്രക്രിയ നടത്തിയ ആശുപത്രികളിലെല്ലാം രോഗാണുബാധയും ശസ്ത്രക്രിയാ മരണനിരക്കും വലിയ തോതിൽ കുറഞ്ഞുവന്നു.  വിക്ടോറിയാ മഹാറാണിയുടെ (Queen Alexandrina Victoria  1819 –1901)  ശരീരത്തിലുണ്ടായ പഴുപ്പ് താൻ മുന്നോട്ട് വച്ച രീതികൾ പാലിച്ച് ലിസ്റ്റർ സുരക്ഷിതമായി ശസ്ത്രക്രിയചെയ്ത് നീക്കുകയും സന്തുഷ്ടയായ രാജ്ഞി ലിസ്റ്ററിനെ നൈറ്റ് പദവി നൽകി ബഹുമാനിക്കയും ചെയ്തതോടെ  ലിസ്റ്ററിന്റെ നിർദ്ദേശങ്ങൾക്ക് സാർവ്വത്രികമായ സ്വീകാര്യതയുണ്ടായി.

ലിസ്റ്ററുടെ കാർബോളിക് സ്റ്റീം സ്പ്രേ ഉപകരണം – Glasgowയിലെ Hunterian മ്യൂസിയത്തിൽ നിന്നും കടപ്പാട് വിക്കിപീഡിയ

ലിസ്റ്ററിന്റെ ശസ്ത്രക്രിയാ പെരുമാറ്റ ചട്ടങ്ങൾ ലിസ്റ്ററിസം (Listerism) എന്ന പേരിൽ ലോകമെമ്പാടുമുള്ള വൈദ്യസമൂഹം പിന്തുടരാനും പ്രചരിപ്പിക്കാനും തുടങ്ങി. ലൂയി പാസ്ചറും ജോസഫ് ലിസ്റ്ററും  മുന്നോട്ട് വച്ച രോഗാണുനാശക (Antisepsis; ആ‍ന്റി സെപ്റ്റിസ്)  സിദ്ധാന്തത്തിൽ നിന്നും മുന്നോട്ട് പോയി റോബർട്ട് കോക്കിന്റെ അനുയായികൾ രോഗാണുമുക്തം/രഹിതം (Asepsis)  എന്ന ആശയം മുന്നോട്ട് വച്ചു.  ഗ്ലൌസൊ, പ്രത്യേക ശസ്ത്രക്രിയ വസ്ത്രങ്ങളോ ധരിക്കാതെ സർജന്മാർ രോഗികളെ അവരുടെ വീട്ടിലോ ആശുപത്രികളിലെ ഏതെങ്കിലും മുറിയിലോ വച്ചാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നത്. ഇതത്ര സുരക്ഷിതമല്ലെന്ന് വാദിച്ച് കോക്കിന്റെ അനുയായികൾ സർജന്മാർ ഗ്ലൌസും ഏപ്രണും ധരിച്ചു കൊണ്ട് പ്രത്യേക അണുവിമുക്ത ഓപ്പറേഷൻ തീയേറിൽ ശസ്ത്രക്രിയ നടത്തുന്ന ആധുനിക രീതി ആവിഷ്കരിച്ചു. അതേസമയം, ആന്റിസെപ്റ്റിക്ക് രീതി പാടേ ഉപേക്ഷിക്കപെട്ടില്ല  പിൽക്കാലത്ത്  ശസ്ത്രക്രിയക്ക് മുൻപ് രോഗികൾക്ക് രോഗനിവാരണ അന്റിബയോട്ടിക്ക് (Prophylactic Antibiotics) നൽകുന്നത്  ആന്റി സെപ്റ്റിക്ക് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്.  പാസ്ചർ ലിസ്റ്റർ, കോക്ക് എന്നിവരുടെ ആശയങ്ങൾ സമന്വ്യയിപ്പിച്ച് കൊണ്ടുള്ള  രോഗണുനിയന്ത്രണ  രീതികളാണ് ഇപ്പോൾ ശസ്ത്രക്രിയയിൽ പിന്തുടർന്ന് വരുന്നത്.

ലിസ്റ്റർ ശസത്രക്രിയക്കുമുമ്പായി ഫിനോൾ സ്പ്രേ ചെയ്ത് അണുവിമുക്തമാക്കുന്നു കടപ്പാട് വിക്കിപീഡിയ

1877 മുതൽ ലിസ്റ്റർ ലണ്ടനിലെ കിംഗ്സ് കോളേജിലാണ് സേവനമനുഷ്ഠിച്ചത്. 1893 ൽ സഹധർമ്മിണി ആഗ്നസ് മരണമടഞ്ഞതിനെ തുടർന്ന്  വൈദ്യരംഗത്ത് നിന്നും ലിസ്റ്റർ വിരമിച്ച് വിശ്രമ ജീവിതം നയിക്കാനാരംഭിച്ചു. എങ്കിലും ഇക്കാലത്ത്  എഡ്വേർഡ് എഴാമൻ രാജാവിനെ (Edward VII: Albert Edward; 1841 –1910) 1902 ആഗസ്റ്റ് 24 നു അപ്പൻഡിസൈറ്റിസിനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയത് ലിസ്റ്ററിന്റെ  നിർദ്ദേശങ്ങൾ പിന്തുടർന്ന് കൊണ്ടായിരുന്നു. കെന്റിലുള്ള തന്റെ ഗ്രാമീണ ഭവനത്തിൽ വച്ച് 1912 ഫെബ്രുവരി 10 ന് 84-ാമത്തെ വയസ്സിൽ ലിസ്റ്റർ നിര്യാതനായി.

ലണ്ടനിലെ  Wellcome Institute ൽ പ്രദർശിപ്പിച്ചിരിക്കുന്ന ശിലാഫലകം കടപ്പാട് വിക്കിപീഡിയ

ജോസഫ് ലിസ്റ്ററിന്റെ പുസ്തകങ്ങൾ

  1. On the Antiseptic Principle of the Practice of Surgery Book 1867
  2. Germ Theory and Its Applications to Medicine & on the Antiseptic Principle of the Practice of Surgery Prometheus Books; Reprint edition (1 May 1996)

ജോസഫ് ലിസ്റ്ററിന്റെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന പുസ്തകങ്ങൾ:

  1. Pasteur and the Invisible Giants by Edward Dolan (Dodd, Mead 1958)
  2. Joseph Lister, 1827-1912 by Richard B. Fisher (Stein & Day, U.S. 1977)
  3. Louis Pasteur, free lance of Science by René Dubos (Hachette Books, 1986)
  4. Louis Pasteur: Father of Modern Medicine by Beverley Birch and Fiona Macdonald (Blackbirch Press 2001)
  5. Great Scientists Pasteur Book by Steve Parker (Pavilion Books, 2003)
  6. Louis Pasteur and the Founding of Microbiology by Jane Ackerman by Morgan Reynolds Publishing 2003)
  7. Joseph Lister and the Story of Antiseptics Book by Bankston John (Mitchell Lane Publishers, 2004)
  8. Louis Pasteur: Revolutionary Scientist Book by Allison Lassieur ( Franklin Watts, 2005)
  9. Louis Pasteur Book by Liz Miles (Capstone, 2008)
  10. Joseph Lister, Father of Modern Surgery Book by Rhoda Truax ( Kessinger Publishing 2010}
  11. Louis Pasteur: Groundbreaking Chemist & Biologist by Sue Vander Hook (Essential Library 2011)
  12. The Butchering Art: Joseph Lister’s Quest to Transform the Grisly World of Victorian Medicine b Lindsey Fitzharris (Barnes and Nobles: 2017)

അനുബന്ധ ലൂക്ക ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

3 thoughts on “ജോസഫ് ലിസ്റ്ററും രോഗാണുസിദ്ധാന്തവും

Leave a Reply

Previous post കോവിഡ് കാലാനുഭവങ്ങൾ ചെറുകഥകളിലൂടെ…
Next post കെ.എസ്. കൃഷ്ണൻ
Close