Read Time:13 Minute

മിഥുൻ ഷാ
അസിസ്റ്റൻറ് പ്രൊഫസർ, ഭൗതിക ശാസ്ത്ര വിഭാഗം
ഫറൂക്ക് കോളേജ്, കോഴിക്കോട്

ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഒരു ഒളിമ്പിക്സ് മെഡൽ എന്നത് ഇന്ത്യയുടെ ഒരു സ്വപ്നമായിരുന്നു. 1900 പാരീസ് ഒളിംപിക്സിൽ നോർമൻ പ്രിച്ചാർഡ് (Norman Pritchard) നേടിയ രണ്ടു വെള്ളി മെഡലുകൾ മാറ്റി നിർത്തിയാൽ അത്ലറ്റിക്സിൽ ഒരു മെഡൽ പോലും ലഭിക്കാത്ത രാജ്യം. പ്രിച്ചാർഡിന്റെ ആ മെഡലുകൾ പോലും നമ്മുടെ പേരിൽ ഉൾകൊള്ളിക്കാമോ എന്നത് സംബന്ധിച്ച തർക്കങ്ങൾ ഇന്നും തുടരുന്നു. ഈ അവസ്ഥയിലാണ് നീരജ് ചോപ്ര തന്റെ  ജാവലിൻ തൊടുത്തു വിട്ട് മെഡൽ നേടിയത്. നീരജ് ചോപ്രയുടെ നിരന്തരമായ പരിശ്രമങ്ങളുടെയും പരിശീലനങ്ങളുടെയും അനുഭവപാഠങ്ങൾ നിരന്തരം മാധ്യമങ്ങളിൽ നിറയുമ്പോൾ ആ നേട്ടത്തിൽ ചേർത്ത് വെക്കേണ്ട ഒരു പേരാണ്  ഉവെ ഹൊനിന്റേത് (Uwe Hohn).

1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ  ഉവെ ഹൊൻ (Uwe Hohn).

ഇന്ത്യയുടെ ജർമ്മൻകാരനായ ജാവലിൻ കോച്ച്.  1984 ജൂലൈ 20 നു ബെർലിനിൽ നടന്ന ഫ്രണ്ട്ഷിപ്പ് ഗെയിംസിൽ  104.80 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച് ലോകത്തെ സ്തബ്ധനാക്കിയ – ഈസ്റ്റ് ജർമ്മനി 1984-ലെ ഒളിമ്പിക്സ് ബഹിഷ്കരിച്ചത് കാരണം ഒരു ഒളിമ്പിക്സ് മെഡൽ പോലും സ്വന്തം അക്കൗണ്ടിൽ ഇല്ലാത്ത – ലോക റെക്കോർഡ് ഹോൾഡർ. കൂടുതൽ മികവുള്ള, കായിക ക്ഷമതയുള്ള താരങ്ങൾ ഓരോ ഇനങ്ങളിലുമുള്ള ലോക റെക്കോഡുകൾ തിരുത്തുന്ന ഈ കാലത്ത് ഇത് തകർക്കാനാവാത്ത ഒരു റെക്കോർഡ് “eternal world record”  ആയാണ് കരുതപ്പെടുന്നത്. ടോക്കിയോ ഒളിംപിക്സിൽ നീരജ് ജാവലിൻ എറിഞ്ഞ ദൂരം 87.58 മീറ്റർ മാത്രമാണ്. ഉവെ ഹോനിന്റെ ലോക റെക്കോർഡ് ദൂരത്തേക്കാൾ 17.22 മീറ്റർ ദൂരം കുറവ് ! ലോക നിലവാരമുള്ള ഒരു മത്സരത്തിൽ സ്വർണം സ്വന്തമാക്കിയ താരം നേടിയ ദൂരവും ആ ഇനത്തിലെ ലോക റെക്കോർഡും തമ്മിൽ ഇത്രയും അന്തരമോ?

നീരജ് ചോപ്രയും കോച്ച് ഉവെ ഹൊനും

അതിന്റെ ഉത്തരമാണ് നമ്മൾ തേടുന്നത്.

പുരാതന ഒളിമ്പിക്സ് മത്സരങ്ങളിൽ തന്നെ ജാവലിൻ ത്രോ നിലവിലുണ്ടായിരുന്നു. ആധുനിക ഒളിംപിക്‌സിന്റെ ഭാഗമായി ഈ ഇനം വന്നത് 1906 ലാണ് (1906 Intercalated Games). ആദ്യ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന ജാവലിനുകൾ  പൂർണമായും  മരം കൊണ്ട് ഉണ്ടാക്കിയവ ആയിരുന്നു. വീഴുന്ന സ്ഥലത്തു തറച്ചു നിൽക്കാൻ അഗ്രം മൂർച്ച കൂട്ടിയും  ഇരുമ്പിന്റെ മുനകൾ വെച്ചും ഒക്കെ അതിന്റെ രൂപത്തിൽ മാറ്റങ്ങൾ വരുത്തി. നിയതമായ ചില ചട്ടക്കൂടുകൾ ഏത് മത്സരങ്ങൾക്കും ഉണ്ടാകും. മറ്റ്  ത്രോ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പ്രകടമായ വ്യത്യാസം ഏറിന്റെ രീതിയിൽ നമുക്ക് കാണാൻ പറ്റും. ഷോട്ട് പുട്ട്, ഡിസ്‌കസ്, ഹാമെർ ഇനങ്ങളിൽ കൂടുതൽ ആക്കം (Momentum) ലഭിക്കാനായി ശരീരത്തെ കറക്കി എറിയുന്ന വസ്തുവിനെ ചുഴറ്റി വിടുന്ന രീതി ജാവലിൻ ത്രോയിൽ അനുവദനീയമല്ല.

ബിസി 525 B.C. ൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ പെന്റത്‌ലോൺ മത്സരത്തിന്റെ ഭാഗമായിരുന്നു ജാവലിൻ ത്രോ. – British Museum ത്തിൽ നിന്നും

ശരീരം ഒരു വില്ലു പോലെ വളച്ചു ജാവലിൻ എറിയുന്ന രീതിയാണ് കൂടുതൽ ദൂരം താണ്ടാൻ അഭികാമ്യം. നീരജിന്റെ പരിശീലന വീഡിയോകളിൽ ഇത്തരം ഫ്ലെക്സിബിലിറ്റി വ്യായാമ മുറകൾ നമുക്ക് കാണാനാവും. എറിയുന്ന രീതിയി മുതൽ ഉപയോഗിക്കുന്ന ജാവലിന്റെ നീളവും ഭാരവും പിടിയും എല്ലാം ഇത്തരത്തിൽ ചില നിയമങ്ങൾക്ക് വിധേയമാണ്. International Amateur Athletic Federation (World athletics) ആണ് ഈ നിയമങ്ങൾ ഉണ്ടാക്കുന്നത്. 2.6 – 2 .7 മീറ്റർ നീളം 800  ഗ്രാം മാസ്സ് (Male event), 2.2 – 2.3 മീറ്റർ നീളം 600 ഗ്രാം മാസ്സ് (Female event) എന്നതായിരുന്നു ആദ്യമായി തുടങ്ങിയ നിയമാവലികളിൽ പരാമർശിക്കപ്പെട്ടത്.

ഭൗതിക ശാസ്ത്രത്തിൽ മെക്കാനിക്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പഠന മേഖലയാണ് പ്രോജെക്റ്റയിൽ മോഷൻ (Projectile Motion). ഒരു നിശ്ചിത  സ്ഥാനത്ത് നിന്നും പ്രയോഗിക്കപ്പെടുന്ന ബലത്താൽ ലഭിക്കുന്ന നിയതമായ ഒരു വേഗത്താൽ (Velocity) ഒരു പ്രത്യേക കോണളവിൽ എറിയപ്പെടുന്ന ഒരു വസ്തുവിന്റെ (Projectile) ചലനം നമ്മൾ നിർധാരണം ചെയ്യുന്നത് ഫിസിക്സിന്റെ സമവാക്യങ്ങൾ  ഉപയോഗിച്ചാണ്. വസ്തു സഞ്ചരിക്കുന്ന ദൂരം എന്നത് അതിൽ പ്രയോഗിക്കപ്പെട്ട ബലത്തെയും അത് എറിഞ്ഞ കോണിനേയും വായുവുമായുള്ള ഘർഷണത്തേയും ഒക്കെ ആശ്രയിച്ചാണ് നിർണയിക്കപ്പെടുന്നത്. ഏറ്റവും ലളിതവത്കരിച്ച സമവാക്യങ്ങൾ അനുസരിച്ച് കൂടുതൽ ദൂരം താണ്ടാൻ അനുയോജ്യമായത് 45 ഡിഗ്രി കോണളവിൽ എറിയുന്നതാണ്. പക്ഷെ വസ്തു വായുവിലേക്ക് എറിയുന്നത് ഏത് ഉയരത്തിൽ നിന്ന് കൊണ്ടാണ് എന്നതും ഈ കോണിനെ നിർണയിക്കുന്ന ഘടകമാണ്. പ്രൊജക്റ്റ് ചെയ്യപ്പെടുന്ന ഉയരത്തിനനുസരിച് ഈ കോണളവ് കുറഞ്ഞു വരും. ജാവലിൻ എറിയുന്ന ആളിന്റെ ഏകദേശ ഉയരം വെച്ചു കൊണ്ട് അഭികാമ്യമായ കോണളവ് 34 ഡിഗ്രി മൂതൽ 36 ഡിഗ്രി വരെ ആണ്. എറിയുന്ന സമയത്തെ കാറ്റിന്റെ സ്വഭാവവും ഈ കോണളവിനെ നിർണയിക്കുന്നുണ്ട്. ജാവലിന്റെ ചലനത്തിന് എതിരായാണ് കാറ്റ് വീശുന്നതെങ്കിൽ കോണളവ് കുറച് എറിയുന്നതാണ് അഭികാമ്യം. മറിച്ചാണെങ്കിൽ കോണളവ് കൂട്ടി എറിയേണ്ടി വരും. ഈ തത്വങ്ങളൊക്കെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഒരു കായികതാരം  ഇത് എറിയുന്നതും.

ഇനി നമുക്ക് ഉവെ ഹൊന്റെ ത്രോയിലേക്ക് വരാം. രണ്ട് പ്രശ്നങ്ങളാണ് ആ കാലഘട്ടത്തിൽ ജാവലിൻ ത്രോയുമായി ബന്ധപ്പെട്ട നിലവിൽ ഉണ്ടായിരുന്നത്.

  1. 100 മീറ്ററിലധികം ജാവലിൻ പോയാൽ  പല സ്റ്റേഡിയങ്ങളിലും  കളിക്കളത്തിനു പുറത്തേക്ക് – കാണികളും ഒഫീഷ്യൽസും ഉള്ള ഭാഗങ്ങളിലേക്ക് – അതു ചെന്ന് പതിക്കാനും അപകടങ്ങൾ ഉണ്ടാവാനും സാധ്യതകൾ ഉണ്ടായിരുന്നു.
  2. ജാവലിന്റെ കൂർത്ത അഗ്രം ചെന്ന്  പതിക്കുന്ന  പോയിൻറ് വരെയുള്ള ദൂരമാണ്  സമ്മാനത്തിനു പരിഗണിക്കേണ്ട ദൂരം (നീരജിന്റെ കാര്യത്തിൽ 87.58 മീറ്റർ). ജാവലിന്റെ അഗ്രം  തറച്ചു നിൽക്കുന്നതിന് പകരം അതിന്റെ വേറെ ഭാഗങ്ങൾ ഗ്രൗണ്ടിൽ ആദ്യം തട്ടിയാൽ അത് അയോഗ്യമാക്കപ്പെട്ടിരുന്നു. പലപ്പോഴും ജാവലിൻ മുഴുവനായി (Flat ) ഗ്രൗണ്ടിൽ തട്ടുന്ന രീതിയിൽ വീഴുകയും വലിയ രീതിയിലുള്ള തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

ഈ കാര്യങ്ങൾ മുൻനിർത്തി ജാവലിന്റെ രൂപത്തിൽ വരുത്തിയ രണ്ട് കാര്യങ്ങളാണ് നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം.

  1. ജാവലിന്റെ ഗുരുത്വ കേന്ദ്രം (Centre of Gravity) 4 സെന്റി മീറ്റർ മുന്നോട്ട് മാറ്റപ്പെട്ടു.
  2. ജാവലിന്റെ അഗ്രം ജാവലിനെ കറക്കാൻ സഹായിക്കുന്ന രീതിയിൽ മാറ്റപ്പെട്ടു.

1986 ഏപ്രിൽ 1 മുതലാണ് ജാവലിന്റെ രൂപത്തിൽ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കപ്പെടുന്നത്. ഇതോടെ  ജാവലിൻ താണ്ടുന്ന ദൂരത്തിൽ കാര്യമായ കുറവുകൾ ഉണ്ടായി.

ജാവലിന്റെ സഞ്ചാരത്തെ  ഏറ്റവുമധികം സ്വാധീനിക്കുന്ന  രണ്ടു കേന്ദ്രങ്ങളാണ് ഗുരുത്വ കേന്ദ്രവും (Centre of Gravity) മർദ്ദ കേന്ദ്രവും (Centre of pressure). ജാവലിനെ കയ്യിൽ നിന്നും അനുയോജ്യമായ രീതിയിൽ തൊടുക്കുന്ന സമയത് വായു അതിനെ ലിഫ്റ്റ് ചെയ്യുന്നു. ഈ രണ്ടു കേന്ദ്രങ്ങളും ഒരേ സ്ഥലത്തു തന്നെ വരുന്ന രീതിയിൽ ആയിരുന്നു 1986 നു മുൻപുള്ള ജാവലിനുകൾ രൂപകൽപന ചെയ്തത്. അതുകൊണ്ടു തന്നെ ജവലിനെ താഴേക്ക് വീഴാൻ പ്രേരിപ്പിക്കുന്ന ബലം പലപ്പോഴും വായുവിൽ അതിനെ ഉയർത്തി നിർത്തുന്ന ലിഫ്റ്റിങ് ബലത്തേക്കാളും കുറയുകയും ജാവലിൻ കൂടുതൽ ‘പറന്നു’ പോകാൻ കാരണമാവുകയും ചെയ്തു.

1986 നു മുൻപുള്ള ജാവലിനുകൾ

ഗുരുത്വ കേന്ദ്രം (Centre of Gravity) മുന്നോട്ട് നീക്കിയതോടെ  ഈ പ്രവണത മാറുകയും ജവലിന്റെ കൂർത്ത അഗ്രത്തെ പെട്ടെന്ന് ഗ്രൗണ്ടിലേക്ക് താഴാൻ സഹായിക്കുകയും ചെയ്തു. അഗ്രത്തിന്റെ രൂപമാറ്റം കാരണം വായുവിന്റെ ഘർഷണം കൂടുകയും ചെയ്തു. നമ്മൾ പേപ്പർ കൊണ്ട് ഉണ്ടാക്കുന്ന പ്രാവിന്റെ മുകളിൽ കുറച്ച ഭാരമുള്ള  പേപ്പർ കഷണം മുൻ ഭാഗത്ത് ഒട്ടിച്ചു വെച്ച് പറത്തി നോക്കിയാൽ ഈ മാറ്റം നമുക്ക് കാണാം.

1986 നു ശേഷമുള്ള ജാവലിനുകൾ

കൂടുതൽ ഭാരം മുന്നോട്ട് കൊടുത്താൽ അത് കൂപ്പു കുത്തുന്നത് കാണാം. അത്തരത്തിൽ ഒരു നിയന്ത്രിതമായ കൂപ്പുകുത്തലാണ് ജാവലിൻ ചെയ്യുന്നത്. ഈ  രണ്ട മാറ്റങ്ങളും വന്നതോടെ ജവലിന്റെ ദൂരത്തിൽ ഏകദേശം 10 ശതമാനം കുറവ് വന്നു എന്നാണ് കണക്കാക്കുന്നത്. ഇതാണ് നമ്മൾ പറഞ്ഞ ചോപ്രയിൽ നിന്ന് ഹോനിലേക്കുള്ള ദൂരത്തിനുള്ള പ്രധാന വിശദീകരണം.

അപ്പോൾ ഉവെ ഹോൻ എറിഞ്ഞതിൽ നിന്ന് ഒരു 10 മീറ്റർ കുറവ് ചെയ്‌താൽ 94 .8 മീറ്റർ. ഈ ദൂരം താണ്ടിയ ഒരുപാട് താരങ്ങൾ കായിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. 

ഇപ്പോൾ ഉപയോഗിക്കുന്ന ജാവലിനുകൾ (നീല പുരുഷന്മാരുടെത്, വെള്ള നിറം വനിതകളുടേത്)

അധികവായനയ്ക്ക്

  1. https://www.washingtonpost.com/sports/olympics/chopra-wins-indias-1st-gold-in-olympic-track-and-field/2021/08/07/8edc6a34-f77a-11eb-a636-18cac59a98dc_story.html
  2. https://engineeringsport.co.uk/2012/09/21/the-story-of-the-javelin-bringing-it-back-down-to-earth/
  3. https://en.wikipedia.org/wiki/Javelin_throw
  4. https://www.quinticsports.com/wp-content/uploads/2016/06/Case-Study-15-Projectile-Motion.pdf
  5. https://luca.co.in/olympics-fosbury-flop/

ലൂക്കയിൽ പ്രസിദ്ധീകരിച്ച ഒളിമ്പിക്സ് ലേഖനങ്ങൾ വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് -19 വാക്സിനുകളും ബ്രേക്ക്ത്രൂ  രോഗപ്പകർച്ചയും – നമ്മൾ ആശങ്കപ്പെടേണ്ടതുണ്ടോ ?
Next post ഏലിയൻ – ഭീഷണിയുമായി എത്തുന്ന അജ്ഞാത ജീവികൾ
Close