Read Time:6 Minute

ഡോ. വി. ഉണ്ണിക്കൃഷ്ണൻ

2022 അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചും നമുക്ക് ആഘോഷമാക്കാം

സുസ്ഥിര വികസനത്തിനായി യുഎൻ അംഗരാജ്യങ്ങൾ അംഗീകരിച്ച 2030 അജണ്ട നേടിയെടുക്കാൻ ഈ വർഷത്തെ അന്താരാഷ്ട്രവർഷ പ്രവർത്തനങ്ങളിൽ നമ്മളോരോരുത്തരും പങ്കാളികളാകണം. സുസ്ഥിരവികസനം സാധ്യമാക്കുന്നതിന് യുഎൻ മുന്നോട്ടു വെച്ചിട്ടുള്ള 17 സുസ്ഥിര വികസന ലക്ഷ്യങ്ങളായ ദാരിദ്ര്യമില്ലായ്മ, വിശപ്പില്ലാത്ത അവസ്ഥ, നല്ല ആരോഗ്യവും ക്ഷേമവും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ വെള്ളവും ശുചിത്വവും, താങ്ങാനാവുന്നതും ശുദ്ധവുമായ ഊർജ്ജം, മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും, വ്യവസായം, നവീകരണം, അടിസ്ഥാന സൗകര്യങ്ങൾ, അസമത്വം കുറയ്ക്കൽ, സുസ്ഥിര നഗരങ്ങളും കമ്മ്യൂണിറ്റികളും, ഉത്തരവാദിത്ത ഉപഭോഗവും ഉൽപാദനവും, കാലാവസ്ഥാ പ്രവർത്തനം, വെള്ളത്തിന് താഴെയുള്ള ജീവിതം, കരയിലെ ജീവിതം, സമാധാനം, നീതി, ശക്തമായ സ്ഥാപനങ്ങൾ, ലക്ഷ്യങ്ങൾക്കുള്ള പങ്കാളിത്തം എന്നിവ 2030-ഓടെ നേടിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ

ഭാവി തലമുറയുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിര വികസനമെന്ന ബ്രണ്ട്ലാൻഡ് കമ്മീഷൻ (The Brundtland Commission) നൽകിയിട്ടുള്ള നിർവചനമാണ് വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

2022 ജനുവരി ഒന്നിനും 2023 ജൂൺ 30 നും ഇടയിലായി നടത്തുന്ന ഈ അന്താരാഷ്ട്ര വർഷ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങും സമ്മേളനവും 2022 ജൂലൈ എട്ടിന് പാരീസിലെ യുനസ്കോ ആസ്ഥാനത്ത് നടക്കും.  ഈ പ്രോഗ്രാം നടപ്പാക്കുന്നതിന് അടിസ്ഥാന ശാസ്ത്രങ്ങൾക്ക് പ്രധാന സംഭാവന നൽകാനുണ്ട്. ഭക്ഷണം, ഊർജ്ജം, ആരോഗ്യപരിരക്ഷ, ആശയവിനിമയ സാങ്കേതികവിദ്യകൾ എന്നിവയിലേക്കുള്ള നിർണായക വെല്ലുവിളികളെ നേരിടാൻ ഇതിലൂടെ നമുക്ക് കഴിയും. ഭൂമിയിലെ 800 കോടി ജനങ്ങൾ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാനും പരിമിതപ്പെടുത്താനും വേണ്ടിവന്നാൽ അത് നിയന്ത്രിക്കാനും ഇതിലൂടെ സാധ്യമാകും.

അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം – 2022 – ലക്ഷ്യങ്ങൾ വീശദീകരിക്കുന്ന വീഡിയോ

ഓസോൺ പാളിയുടെ ശോഷണം, കാലാവസ്ഥാവ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ശോഷണം, ജീവജാലങ്ങളുടെ വംശനാശം ഇവ നമ്മൾ നേരിടുന്ന പ്രശ്നങ്ങളിൽ ചിലതാണ്. ഗവേഷകർ, രാഷ്ട്രീയക്കാർ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞർ, ദേശീയ- അന്തർദേശീയ സംഘടനകൾ, സംരംഭകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനം ഇതിൻ്റെ ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമാണ്.

2022 ഡിസംബർ 2 ന് ഐക്യരാഷ്ട്രസഭയുടെ 76-ാമത് പൊതുസഭ വൈദ്യശാസ്ത്രം, വ്യവസായം, കൃഷി, ജലവിഭവ ഊർജ്ജ ആസൂത്രണം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പുരോഗതിക്ക് അടിസ്ഥാന ശാസ്ത്രങ്ങളുടെ പ്രയോഗങ്ങൾ അനിവാര്യമാണെന്ന് ഊന്നി പറയുകയുണ്ടായി. ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സും മറ്റു 28 സയൻസ് സംഘടനകളും ചേർന്ന് മൈക്കൽ സ്പിറോയുടെ അധ്യക്ഷതയിൽ വൈസ് ചെയർ ജീൻ ട്രാൻ താൻ വാനുമായി ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു.  ഇത് 2017 മുതൽ യുഎൻ പൊതുസഭയുടെ പ്രഖ്യാപനം പ്രോത്സാഹിപ്പിക്കുകയായിരുന്നു. അങ്ങനെ സുസ്ഥിര വികസനത്തിനായുള്ള അടിസ്ഥാന ശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷമായി 2022 മാറി. എൺപതിലധികം  സംഘടനകളും നിരവധി ദേശീയ ശാസ്ത്ര അക്കാദമികളും അവരുടെ ശൃംഖലകളും ഈ സംരംഭത്തെ പിന്തുണക്കുന്നു.

2030 അജണ്ടയും അതിൻ്റെ 17 സുസ്ഥിരവികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ഞങ്ങൾക്ക് കൂടുതൽ അടിസ്ഥാന ശാസ്ത്രങ്ങൾ ആവശ്യമാണെന്ന് 2021 ഡിസംബർ രണ്ടിന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ലോകത്തിന് അയച്ച സന്ദേശത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.
മാനവരാശിക്ക് ഉയർന്ന മൂല്യം നൽകി സുസ്ഥിര വികസനം കൈവരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാന ശാസ്ത്രങ്ങളെ കുറിച്ചുള്ള ആഗോള അവബോധം വർദ്ധിപ്പിക്കുകയും വിദ്യാഭ്യാസം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ് എന്ന വസ്തുതയും ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തിന് പ്രേരണ നൽകി. 

വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിച്ചും പാരിസ്ഥിതിക ആഘാതങ്ങൾ കുറച്ചുകൊണ്ടുമുള്ള വികസനമാണ് സുസ്ഥിരവികസനത്തിനാവശ്യം. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ മാത്രമേ അവ വരുംതലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ കഴിയുകയുള്ളൂ. 


 

 

 

 

 

Happy
Happy
48 %
Sad
Sad
22 %
Excited
Excited
9 %
Sleepy
Sleepy
4 %
Angry
Angry
4 %
Surprise
Surprise
13 %

Leave a Reply

Previous post ആദ്യ വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാമൂൺ റോക്കറ്റ്
Next post ഒച്ചിനെ ആപ്പിലാക്കുന്ന പരാദവിര !
Close