Read Time:4 Minute


വിജയകുമാർ ബ്ലാത്തൂർ

ഒച്ചുകളുടെ കണ്ണിൽ കയറിക്കൂടി  ഡിസ്കോ ബൾബു പോലെ മിന്നി മിന്നിക്കളിച്ച് പക്ഷികളെ ആകർഷിച്ച് കൊത്തിത്തിന്നിപ്പിക്കുന്ന തന്ത്രശാലി വിരകൾ ! 

പന്നികളുടെയും മറ്റും  ഉള്ളിലാണ്  നമ്മുടെ വയറ്റിൽ  എത്തുന്നതിനു മുമ്പ് ഇടത്താവള കേന്ദ്രമായി മുട്ടവിരിയിച്ച്  വളരാൻ  പരാദ നാടവിരകൾ തിരഞ്ഞെടുക്കുന്നത് എന്ന്  നമുക്ക് പണ്ടേ അറിയാമല്ലോ. അവയിൽ പെട്ടതല്ലെങ്കിലും Leucochloridium paradoxum എന്ന പരാദ നാടവിരയുടെ  വളർച്ചാഘട്ടങ്ങൾ  പൂർത്തിയാകുക പക്ഷികളുടെ ഉള്ളിൽ വെച്ചാണ്. അവിടെ എത്താൻ ഉള്ള ഇടത്താവളവും വഴിയും ഒച്ചുകളാണ്.  

green-banded broodsac, എന്നും  പേരുള്ള ഇവരുടെ ബ്രൗൺ നിറമുള്ള മുട്ടകൾ പക്ഷിക്കാഷ്ടം പോലുള്ള ഭക്ഷണങ്ങളിലൂടെ ഒച്ചുകളുടെ ഉള്ളിലെത്തി – വിരിഞ്ഞാൽ, ആ ലാർവകൾ അതി ലോല സിലിയകൾ ചലിപ്പിച്ച് വളരാനുള്ള ഇടം തേടി ഒച്ചുകളുടെ വയറ്റിൽ തുഴഞ്ഞ് നടക്കും.  വളർച്ചയുടെ ആദ്യ ഘട്ടം കഴിഞ്ഞ് സ്പോറോ സൈറ്റുകളായി മാറിക്കഴിഞ്ഞാൽ സഞ്ചാരം പുതിയൊരു സ്ഥലത്തേക്കാവും.

ഒച്ചുകളുടെ തലയിൽ സേമിയപ്പായസത്തിലെ കഷണം പോലുള്ള സ്പർശനികളുടെ അഗ്രത്തിലെ കൺ പൊട്ട് ലക്ഷ്യമാക്കി ഉള്ളിലൂടെ തുഴഞ്ഞ് എത്തും. പിന്നെയാണ് കളി. ഇടത് കണ്ണ് ആണ് ഇഷ്ടം. ആ ലോലമായ സുതാര്യമായ ആന്റിന കണ്ണിനകം മുഴുവൻ ലാർവ നിറഞ്ഞ്  വിങ്ങി വീർക്കും – എന്നിട്ട് അതിനുള്ളിൽ നിന്ന് മിന്നി മിനുങ്ങി സ്പന്ദിച്ചു പിടച്ച് കളിക്കും.

സുതാര്യമായ ആ സ്പർശിനിക്കുള്ളിൽ മിടിക്കുന്ന ആ ലാർവയുടെ ചലനവും രൂപവും കാഴ്ചയിൽ ഒരു ശലഭ -ഈച്ചപ്പുഴുവിനെ അനുസ്മരിപ്പിക്കും. പ്രകാശഗ്രാഹികളായ കണ്ണുകളുടെ പ്രവർത്തനം താറുമാറാകുന്നതോടെ ഒച്ചിന്റെ സ്വാഭാവിക പെരുമാറ്റ രീതികളൊക്കെ മാറും.  ഇരപിടിയന്മാരുടെ കണ്ണിൽ പെടാതിരിക്കാൻ നൂറ്റാണ്ടുകളായി പരിണാമപരമായി  ആർജിച്ച ഒളിച്ച് കഴിയൽ  ശീലമൊക്കെ വിട്ടൊഴിയും. 

സാധാരണ പകൽ ചൂടും വെളിച്ചവും ഉള്ള ഇടങ്ങളിൽ ഇഴഞ്ഞ് മാറി മറവുകളിൽ ഒളിക്കുന്ന ശീലം കൈവിടും.  നല്ല തെളിച്ചമുള്ള ഇടത്തേക്ക് ഒച്ച് ഇഴഞ്ഞ് വന്ന് നിൽക്കും.  ഇലചാർത്തുകളുടെ അടിഭാഗത്ത് നിന്ന് മുകൾപ്പരപ്പിൽ കയറി ഒരു ഭയവും ഇല്ലാതെ തല ഉയർത്തി നിൽക്കും.

അപ്പോഴും കണ്ണുകൾക്ക് ഉള്ളിലെ ഈ വിരലാർവ പച്ച മഞ്ഞ ചുവപ്പ് വർണങ്ങളിൽ ഡെക്കറേഷൻ ബൾബ് മിന്നും പോലെ പൾസേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നുണ്ടാവും. ഒളിവിടങ്ങളിൽ നിൽക്കാതെ  ഇരപിടിയന്മാരായ പക്ഷികളുടെ  കണ്ണിൽ പെടുക എന്നത് എളുപ്പമായി. സ്പന്ദിച്ച്കൊണ്ടിരിക്കുന്ന കണ്ണ് കാണുമ്പോൾ പക്ഷികൾക്കൊക്കെ ഏറ്റവും ഇഷ്ടമുള്ള തീറ്റയായ ഷഡ്പദ ലാർവപ്പുഴുവിനെപ്പോലെ (മാഗട്ടുകൾ) തന്നെ തോന്നും. പുഴുവെന്ന് കരുതി പക്ഷികൾ ആവേശത്തോടെ ഒച്ചിന്റെ കണ്ണ് കൊത്തി അകത്താക്കും.   അതാണ് വിര ലാർവയ്ക്കും വേണ്ടത്. ഹാവൂ ആശ്വാസമായി എന്ന് നെടുമുടി സ്റ്റൈലിൽ അത് ദീർഘ നിശ്വാസം വിടുമായിരിക്കും.  പക്ഷിക്ക്  പുഴു ബിരിയാണികിട്ടിയ സന്തോഷം! green-banded broodsac – പരാദ വിരക്കുഞ്ഞിന് അതിന്റെ ജന്മലക്ഷ്യമായ പക്ഷിയെ കണ്ടെത്തിയ സന്തോഷം!  

 പക്ഷിയുടെ വയറ്റിൽ എത്തിയ ഈ സ്പോറോസൈറ്റ് ദഹിക്കാതെ വളർന്ന് വലിയ പരാദ നാട വിരയാകും. മുട്ടകൾ ഇട്ട് കൂട്ടും. പക്ഷി കാഷ്ടിക്കുമ്പോൾ ഇവയുടെ മുട്ടയും പുറത്ത് വരും. ഈ കാഷ്ടം തിന്നുന്ന ഒച്ചുകളുടെ ഉള്ളിലെത്തി ഇതേ ചക്രം തുടരും.


ഒച്ചിനെക്കുറിച്ച് കൂടുതലറിയാൻ

 

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2022 അടിസ്ഥാനശാസ്ത്രങ്ങളുടെ അന്താരാഷ്ട്ര വർഷം
Next post ചൊവ്വയൊന്നു കുലുങ്ങി
Close