ആദ്യ വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാമൂൺ റോക്കറ്റ്

ഡോ.ദീപ.കെ.ജി

2024-ഓടെ ആദ്യ വനിതയെയും വെള്ളക്കാരനല്ലാത്ത ആദ്യ ബഹിരാകാശ സഞ്ചാരിയെയും ചന്ദ്രനിലേക്കെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസ് (Artemis) മിഷന്റെ ഭാഗമായാണ് നാസയുടെ മെഗാമൂൺ റോക്കറ്റിന്റെ വിക്ഷേപണം.

നാസ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും വലിയ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് ഇത്. ആർട്ടെമിസ് ക എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ ഓറിയോൺ പേടകത്തെയാണ് ബഹിരാകാശത്തെത്തിക്കുന്നത്. ആർട്ടെമിസ് എന്നാൽ, ഗ്രീക്ക് മിത്തോളജിയിൽ ചാന്ദ്രദേവതയും അപ്പോളോയുടെ ഇരട്ട സഹോദരിയുമാണ്. അങ്ങനെ ആർട്ടെമിസ് മിഷൻ ആദ്യ ചാന്ദ്ര ദൗത്യവുമായി പേരിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ മിഷനിൽ യാത്രക്കാരുണ്ടാവില്ല.

26 ദിവസത്തെ പര്യവേഷണം ഓറിയോൺ വിജയകരമായി പൂർത്തിയാക്കുകയാണെങ്കിൽ, അടുത്ത പടിയായ ആർട്ടെമിസ് ll മിഷനിൽ നാലു പേരെ അയക്കാനും തീരുമാനിച്ചിട്ടുണ്ട്. 1972-ന് ശേഷമുള്ള മനുഷ്യരുടെ ആദ്യത്തെ ലാൻഡിങ് ആയിരിക്കും ഇത്. ആർട്ടെമിസ് II മിഷനിലൂടെയായിരിക്കും ആദ്യമായി ഒരു വനിത ചന്ദ്രനിൽ കാൽ കുത്തുന്നത്. ചന്ദ്രനിലേക്കുള്ള യാത്ര വിജയകരമാകുകയാണെങ്കിൽ, തുടർന്ന് ചൊവ്വയിലേക്കും പര്യവേഷണം വ്യാപിപ്പിക്കാമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.


അവലംബം: www.nasa.gov


കടപ്പാട് : 2022 ഏപ്രിൽ ലക്കം ശാസ്ത്രഗതി

Leave a Reply