ഐറീൻ ക്യൂറിയ്ക്ക് ഇന്ന് 123-ാം പിറന്നാൾ

ഇന്ന് ഐറീൻ ക്യൂറിയുടെ 123-ാമത്‌ ജന്മവാർഷിക ദിനം 

ഐറീൻ ഷോലിയൊ ക്യൂറി (1897 – 1956) 

മേരി ക്യൂറിയുടെയും പിയറി ക്യൂറിയുടെയും – മകളായി, 1897 സെപ്റ്റംബർ 12ന്   ഐറീൻ ക്യൂറി ജനിച്ചു. കുറച്ചുനാൾ മാത്രമേ – സ്കൂളിൽ പോയി പഠിച്ചിരുന്നുള്ളൂ. അതിനുശേഷം  അമ്മ ഭൗതികവും പ്രശസ്ത ഭൗതികജ്ഞനായ പോൾ ലാൻഷെവിൻ ഗണിതവും പഠിപ്പിച്ചു. ശേഷം സോർബോൺ സർവകലാശാലയിൽ ചേർന്നു പഠിച്ചു. പൊളോണിയത്തിൽ നിന്നുളള ആൽഫാ വികിരണങ്ങളെക്കുറിച്ചുളള പഠനത്തിന് 1925-ൽ ഡോക്റ്ററേറ്റു ബിരുദം ലഭിച്ചു. 1926, ഒക്റ്റോബർ 4-ന് ഇറേൻ സഹപ്രവർത്തകനായ ഫ്രെഡെറിക് ജോലിയോയെ വിവാഹം ചെയ്തു. വിവാഹശേഷം ഷോലിയൊ ക്യൂറി എന്ന ഇരട്ടപ്പേരിലാണ് ഇരുവരും അറിയപ്പെട്ടത്.

മാഡം ക്യൂറിയുടെ റേഡിയം – ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു പില്‍ക്കാല ഗവേഷണം. മാഡം ക്യൂറിയുടെ മരണശേഷം (1946) അതിന്റെ ഡയറക്ടറുമായി. പരാഫിൻ മെഴുകിൽ നിന്ന് ശക്തമായ റേഡിയേഷൻ ഉപയോഗിച്ച് പ്രോട്ടോണുകളെ പുറംതളളാമെന്ന് ഐറീൻ  കണ്ടുപിടിച്ചിരുന്നു. ഈ ഗവേഷണം ന്യൂട്രോണിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിക്കുമായിരുന്നു. പക്ഷേ, അതിനു മുമ്പുതന്നെ ചാഡ് വിക്  ന്യൂട്രോൺ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. അണുകേന്ദ്രങ്ങളെ , ആണവവികിരണം കൊണ്ട് ഭേദിക്കുക വഴി, അസ്ഥിരമെങ്കിലും അണുവികിരണസ്വഭാവമുളള മറ്റു മൂലകങ്ങളായി മാറ്റിയെടുക്കാമെന്ന സാധ്യത (കൃത്രിമ റേഡിയോ ആക്റ്റിവിറ്റി) കണ്ടെത്തിയതിനാണ് ജോലിയോ-ക്യൂറി ദമ്പതിമാർക്ക് 1935-ലെ രസതന്ത്രത്തിനുളള നോബൽ സമ്മാനം ലഭിച്ചത്. 1946-51 വരെ ഫ്രഞ്ച് ആണവോർജ പ്രൊജക്ടിന്റെ  കമ്മീഷണർമാരിൽ ഒരാളായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത്, ക്ഷയരോഗബാധിതയായി കുറെ വർഷങ്ങൾ ഐറീന്‍ കുടുംബത്തെപ്പിരിഞ്ഞ് സ്വിറ്റ്സർലൻഡിൽ ചെലവഴിച്ചു. അണുവികിരണവസ്തുക്കളുമായുളള നിരന്തരസമ്പർക്കം മൂലമാവണം ഇറേൻ രക്താർബുദം പിടിപെട്ട് 1956 മാർച്ച് 17ന് 59-ാമത്തെ വയസ്സിൽ അന്തരിച്ചു.

ശാസ്ത്രരംഗത്തെ അനന്യമായ കുടുംബം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒരൊറ്റ ഉത്തരമേയുള്ളു – ക്യൂറി കുടുംബം.  ഒരേ കുടുംബത്തിലേക്ക് അഞ്ച് നൊബേല്‍ സമ്മാനങ്ങള്‍ കൊണ്ടുവന്നവര്‍ വേറെയില്ല.

 

Leave a Reply