Read Time:67 Minute

ബയോസ്റ്റാറ്റിസ്റ്റിക്സിന്റെ  വളർച്ച

കഴിഞ്ഞ നൂറ്റിയൻപതോളം വർഷങ്ങളിൽ എപ്പിഡെമിയോളജി തികച്ചും ഒരാധുനിക ശാസ്ത്രമായി വളർന്നു. ഈ വളർച്ചയിൽ മറ്റു വിജ്ഞാനശാഖകൾക്കുള്ള പങ്ക് പ്രത്യേകം പറയേണ്ടതാണ്. ജെന്നർ വാക്സിനേഷൻ കണ്ടുപിടിക്കുമ്പോഴും, ജോൺ സ്നോയുടെ കോളറാപഠനങ്ങളുടെ സമയത്തുപോലും, എപിഡെമിയോളജി തികച്ചും ശാസ്ത്രീയമായ ഒരു സമീപനത്തിലേക്ക് എത്തീട്ടില്ലായിരുന്നു. സൂക്ഷ്മാണുക്കൾ രോഗം പരത്തുമെന്ന ആശയം അംഗീകാരം നേടിയിട്ടില്ലായിരുന്നു. മാത്രമല്ല അതൊരു വിചിത്ര കഥയായിട്ടാണ് പല പ്രമുഖരും കണക്കാക്കിയത്. പാസ്റ്ററിന്റെയും കോഖിന്റെയും കാലമായപ്പോഴേക്കും സുക്ഷ്മാണുക്കളെക്കുറിച്ചുള്ള അറിവ് സയൻസിന്റെ ഒരു പ്രത്യേകശാഖ തന്നെ ആയിക്കഴിഞ്ഞിരുന്നു: സൂക്ഷ്മാണുശാസ്ത്രം അഥവാ മൈക്രോബയോളജി.  എപിഡെമിക്കുകളെക്കുറിച്ചുള്ള പഠനങ്ങളും വാക്സിൻ നിർമ്മാണവും മറ്റും ഇതിൽ ഒരു പ്രധാന പങ്കു വഹിച്ചു എന്നു പറയേണ്ടതില്ലല്ലോ. എന്നാൽ ഇതിലൊക്കെ അപ്പുറം എപ്പിഡെമിയോളജിയുടെ വളർച്ചയിൽ ഏറ്റവുമധികം സഹായിച്ച രണ്ടു വിജ്ഞാനശാഖകൾ പ്രത്യേകം പരാമർശം അർഹിക്കുന്നു. അവയാണ് സംഖ്യാശാസ്ത്രവും കമ്പ്യൂട്ടേഷന്റെ വളർച്ചയും.

സ്റ്റാറ്റിസ്റ്റിക്സ് അഥവാ സംഖ്യാശാസ്ത്രം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനകാലമായപ്പോൾ ഗണീതത്തിന്റെ ഒരു പ്രത്യേകശാഖയായി മാറിക്കഴിഞ്ഞിരുന്നു. ഒരു പക്ഷേ ദൈന്മ്കിനജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒരു ഗണിതശാഖ. അന്വേഷണരീതികളിൽ സമൂലമായ മാറ്റങ്ങളും പുതിയ സമീപനങ്ങളും വളരെവേറ്റത്തിൽ ഉരുത്തിരിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം കഴിഞ്ഞപ്പോഴേക്കും സ്റ്റാറ്റിസ്റ്റിക്സിന്റെ മുഖച്ഛായതന്നെ മാറി എന്നു പറയാം. ഈ മാറ്റം കൊണ്ട് ഏറ്റവും പ്രയോജനം ലഭിച്ച ഒരു വിജ്ഞാന മേഖലയാണ് എപ്പിഡെമിയോളജി. ഡോക്ടർമാരെക്കാൾ, സൂക്ഷ്മാണുശാസ്ത്രജ്ഞരെക്കാൾ കൂടുതൽ ഇക്കാലത്ത് എപിഡെമിയോളജിയെ മുന്നോട്ട് നയിച്ചത് സംഖ്യാശാസ്ത്രജ്ഞൻമാരായിരുന്നു. ഈ കഥ പറയുമ്പോൾ  രണ്ടു പേരുകൾ എടുത്തുപറയേണ്ടതാണ്: കാൾ പിയേഴ്സൻ, റൊണാൽഡ് ഫിഷർ.

കാൾ പിയേഴ്സൻ – 1910 ലെ ചിത്രം കടപ്പാട് വിക്കിപീഡിയ

1857ൽ ഇംഗ്ലണ്ടിൽ ജനിച്ച കാൾ പിയേഴ്സൻ കേംബ്രിജ്ജ് യുണിവേഴ്സിറ്റിയിൽ നിന്ന് ഗണിതപഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ താല്പര്യങ്ങൾ പക്ഷേ ഗണിതത്തിൽ മാത്രം ഒതുങ്ങിനിന്നില്ല; തത്വശാസ്ത്രം, ജർമ്മൻ സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങൾ, നിയമം, ബയോളജി, തുടങ്ങി അനേകം മേഖലകളിൽ അദ്ദേഹത്തിന്റെ ധിഷണ വ്യാപരിച്ചു. ഫ്രാൻസിസ് ഗാൽട്ടൻ എന്ന അതികായന്റെ സ്വാധീനത്തിൽ വന്ന പിയേഴ്സൻ, അദ്ദേഹത്തിന്റെ പ്രത്യേകതാല്പര്യമായ ‘യൂജെനിക്സ്’ പഠനങ്ങൾ മുൻപോട്ടുകൊണ്ടുപോകുന്നതിൽ പ്രമുഖ പങ്കു വഹിച്ചു. മനുഷ്യപരിണാമത്തെക്കുറിച്ച് തെറ്റായ പല ആശയങ്ങളും യൂജെനിക്സ് പ്രോൽസാഹിപ്പിച്ചിരുന്നു. മനുഷ്യർ തമ്മിൽ ജനിതകമായി പല അന്തരങ്ങളുമുള്ളതിനാൽ കൂടുതൽ ‘ശുദ്ധമായ‘ ഒരു മനുഷ്യകുലത്തിനു വേണ്ടിയുള്ള ഒരു ശ്രമത്തിൽ ഏർപ്പെടണം എന്നുള്ളതായിരുന്നു അവയിൽ ഒന്ന്.

ലണ്ടൻ യൂണിവേഴ്സിറ്റിയിൽ സ്റ്റാറ്റിസ്റ്റിക്സിനുള്ള ലോകത്തിലെ ആദ്യത്തെ പ്രൊഫെസ്സർ പദം സൃഷ്ടിക്കപ്പെട്ടപ്പോൾ അതിൽ നിയമിച്ചത് പിയേഴ്സനെ ആയിരുന്നു. പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റി കോളജിൽ ഫ്രാൻസിസ് ഗാൽറ്റന്റെ പേരിൽ യൂജെനിക്സിൽ ഒരു പ്രൊഫെസ്സർ പദവി ഏർപ്പെടുത്തിയപ്പോൾ അതും ഏറ്റെടുത്തത് പിയേഴ്സൻ തന്നെയായിരുന്നു. ജീവശാസ്ത്രത്തിൽ അളവുകളുടെ പ്രാധാന്യത്തെക്കുറിച്ച് ആദ്യം പറഞ്ഞ ആളുകളിൽ പിയേഴ്സനും ഉണ്ടായിരുന്നു. അന്നത് ഒരു നൂതന ആശയമായിരുന്നു: ജീവശാസ്ത്രം ആദ്യനാളുകളിൽ തരം തിരിക്കലിൽ (ക്ലാസ്സിഫിക്കേഷൻ) ആണ് കൂടുതൽ ശ്രദ്ധവെച്ചിരുന്നത്. രോഗപഠനങ്ങളിൽ പ്രധാനമായ കോറിലേഷൻ എന്ന ആശയം പിയേഴ്സന്റെ ഒരു ഗവേഷണവിഷയമായിരുന്നു. രണ്ടുകാര്യങ്ങൾ തമ്മിലുള്ള പരസ്പരബന്ധം എത്രത്തോളം ഗാഢമാണ് എന്ന്  അളക്കാൻ ഉപയോഗിക്കുന്ന കോറിലേഷൻ കോഎഫിഷ്യന്റ് (ഗുണകം) എന്ന സൂചകം ആവിഷ്കരിച്ചത് പിയേഴ്സൻ ആയിരുന്നു: ഇന്നും ‘പിയേഴ്സന്റെ കോറിലേഷൻ കോഎഫിഷ്യന്റ് ‘ എന്നാണ് അത് അറിയപ്പെടുന്നത്. മിക്കവാറും എല്ലാവിജ്ഞാനശാഖകളിലും ഉപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റ് ആയ ‘ഖൈ സ്ക്വയർ ടെസ്റ്റ്’ അവതരിപ്പിച്ചതും പിയേഴ്സൻ ആണ്. ഇന്നും സ്റ്റാറ്റിസ്റ്റിക്സിലെ ഒന്നാം നമ്പർ ജേർണലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ‘ബയോമെട്രിക്ക’യുടെ സ്ഥാപകനും മറ്റാരുമല്ല. ഒരു യുക്തിവാദിയും സ്വതന്ത്രചിന്തകനുമായി സ്വയം പ്രഖ്യാപിച്ചിരുന്ന പിയേഴ്സൻ, ഇക്കാരണം കൊണ്ടുതന്നെ ബ്രിട്ടീഷ് രാജാവ് കൊടുത്ത ‘സർ’ സ്ഥാനമടക്കമുള്ള സിവിൽ പദവികൾ നിരസിച്ചു. ബയോളജി, എപ്പിഡെമിയോളജി, ജനിതകം എന്നീ വിജ്ഞാൻശാഖകൾക്ക് ഗണിതത്തിന്റെ ഒരു അടിത്തറ സൃഷ്ടിക്കുന്നതിൽ പിയേഴ്സന്റെ പങ്ക് അദ്വിതീയമാണ്. അദ്ദേഹത്തിന്റെ പല ആശയങ്ങളും ഇന്ന് പിന്തിരപ്പനായി എണ്ണപ്പെടുമെങ്കിലും (ഉദാഹരണം: യൂജെനിക്സ്. യൂജെനിക്സുമായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപിത ബന്ധം കാരണം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന രണ്ടു കെട്ടിടങ്ങളെ ലണ്ടൻ യൂനിവേഴ്സിറ്റി അടുത്തകാലത്ത് പുനർനാമകരണം ചെയ്തു), അദ്ദേഹത്തിന്റെ ഈടുള്ള സംഭാവനകളെ കുറച്ചുകാണാൻ വയ്യ.

റൊണാൽഡ് ഫിഷർ

പിയേഴ്സനെക്കാൾ ഒരു പക്ഷെ എപിഡെമിയോളജിയുടെ വളർച്ചയിൽ സംഭാവന ചെയ്തത് റൊണാൽഡ് ഫിഷർ ആയിരുന്നു. അദ്ദേഹവും പിയേഴ്സനെപ്പോലെ ബ്രിട്ടിഷുകാരനും, ഗണിതജ്ഞനും ആയിരുന്നു. 1890ൽ ആയിരുന്നു ജനനം. ജീവശാസ്ത്രശാഖകളിൽ ഗണിതതത്വങ്ങൾ ഇണക്കിച്ചേർത്തുകൊണ്ട് ‘ബയോസ്റ്റാറ്റിസ്റ്റിക്സ്’ (ജൈവസംഖ്യാശാസ്ത്രം) എന്ന ഒരു പുതിയ വിജ്ഞാനശാഖ തന്നെ ഫിഷറുടെ സംഭാവനകളിൽകൂടി ഉദയം ചെയ്തു എന്നു പറയാം. എപിഡെമിയോളജിയിൽ വ്യാപകമായി ഉപയോഗിക്കുന്ന പല പഠനഡിസൈനുകളും, വിശകലന രീതികളും – ആർ സി ടി അടക്കം- ഫിഷറുടെ സംഭാവനയാണ്. ഒരു പരീക്ഷണത്തിൽ പരീക്ഷണം ചെയ്യപ്പെടുന്ന പദാർത്ഥം സ്വീകരിക്കുന്നവരും (ടെസ്റ്റ് ഗ്രൂപ്പ്), അവരുമായി താരതമ്യം ചെയ്യപ്പെടേണ്ട അന്യരും (കണ്ട്രോൾ ഗ്രൂപ്പ്) തമ്മിലുള്ള തരംതിരിവ് ആകസ്മികമായിരിക്കേണ്ടതിനെയാണ് ‘റാൻഡമൈസേഷൻ’ എന്നു പറയുന്നത്. റാൻഡമൈസേഷൻ പഠനങ്ങളുടെ ഒരു അവിഭാജ്യഘടകമാക്കിയത് ഫിഷറുടെ സംഭാവനയാണ്. റൊഥാംസ്റ്റെഡ് പരീക്ഷണകേന്ദ്രം എന്ന കാർഷികപഠനങ്ങൾക്കുവേണ്ടിയുള്ള കേന്ദ്രത്തിൽ ചെലവഴിച്ച പതിന്നാലു വർഷം അദ്ദേഹം പല കാർഷിക പരീക്ഷണങ്ങൾക്കും നേതൃത്വം നൽകി. ഫിഷറുടെ ആശയങ്ങളിൽ നിന്നാണ് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന പല പഠനമാതൃകകളും (റിസർച്ച് ഡിസൈൻ) സംഖ്യാശാസ്ത്രത്തിൽ ഉദയം ചെയ്തത്. ഒരു റാൻഡം സാമ്പിളിൽ പരീക്ഷണം നടത്തുമ്പോൾ പരീക്ഷണഫലം എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ‘സംഖ്യാശാസ്ത്രപരമായ സാർത്ഥകത’- സ്റ്റാറ്റിസ്റ്റിക്കൽ സിഗ്നിഫിക്കൻസ്- എന്ന ആശയവും അത് കണക്കാക്കുന്ന രീതികളും ഫിഷറുടെ സംഭാവനയാണ്. കൂടാതെ ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് ജനിതകവും സംഖ്യാശാസ്ത്രപരവുമായ അടിസ്ഥാനം തീർക്കുന്നതിനും അതു വഴി ‘നവ ഡാർവീനിയൻ ഉദ്ഗ്രഥനം’ (നിയോ ഡാർവീനിയൻ സിന്തസിസ്) എന്ന പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള പരിണാമ സിദ്ധാന്തത്തിന്റെ ആധുനിക വ്യാഖ്യാനത്തിനും വലിയ സംഭാവന നൽകിയ വ്യക്തിത്വമാണ് ഫിഷർ.

പക്ഷേ ഫിഷറും പിയേഴ്സനെപ്പോലെ യൂജെനിക്സ് എന്ന ആശയത്തിൽ ആകൃഷ്ടനായിരുന്നു. വംശീയ ശ്രേഷ്ടതയെ അംഗീകരിക്കുന്നതും, കൂടുതൽ ‘ശുദ്ധമായതും’, ‘മെച്ചപ്പെട്ടതു’മായ മനുഷ്യവർഗത്തെ സൃഷ്ടിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുന്നതുമായ ആശയങ്ങളുടെ ഒരു സഞ്ചയമാണ് യൂജെനിക്സ്. പിന്നീടുള്ള കാലത്ത് യൂറോപ്പിൽ നാത്‌സികൾ ഒരു ഔദ്യോഗികനയമായി ഈ ആശയം ഏറ്റെടുത്തപ്പോഴാണ് ഇതിന്റെ ഭീകരത കൂടുതൽ വ്യാപകമായി മനസ്സിലാക്കപ്പെട്ടത്. ഈ രണ്ടു മഹാപ്രതിഭകളും- അവരുടെ മുൻഗാമിയും പിയേഴ്സന്റെ ഗുരുവുമായിരുന്ന ഗാൽറ്റണും- മനുഷ്യാവകാശ വിരുദ്ധമായ ഈ പിന്തിരിപ്പൻ ആശയത്തോട് എങ്ങിനെ മാനസികമായി അടുത്തു എന്നത് ചിന്തനീയമാണ്. ചെടികളിലും മൃഗങ്ങളിലും കൂടുതൽ ‘മെച്ചപ്പെട്ടവ’യെ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമം കർഷകർ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. ഈ ശ്രമങ്ങളെ ശാസ്ത്രീയമായി പരിഷ്കരിക്കാൻ ജനറ്റിക്സിന്റെ നിയമങ്ങൾക്ക് കഴിഞ്ഞു. ഈ മൂന്നുപേരും ശൈശവാവസ്ഥയിലുള്ള ജനറ്റിക്സ് വിജ്ഞാനത്തെ പരിപോഷിപ്പിച്ചവരാണ്.  ‘സൂര്യനസ്തമിക്കാത്ത’ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സന്തതികളായ ഗാൽറ്റണും പിയേഴ്സനും ഫിഷറും ചില ‘വംശങ്ങൾ’ കൂടുതൽ ശ്രേഷ്ടരാണെന്ന മിഥ്യയിൽ കുടുങ്ങിപ്പോയത് മനസ്സിലാക്കാൻ സാധിക്കും; അത് പൊറുക്കാൻ കഴിഞ്ഞില്ലെങ്കിലും. പിന്നീടുള്ള കാലഘട്ടത്തിൽ അവരുടെ പേരുകളിലുള്ള പല സ്മാരകങ്ങളും വേണ്ടെന്നുവെക്കാനും പുനർനാമകരണം ചെയ്യാനും ബ്രിട്ടീഷ് അധികൃതർ ഒരുമ്പെട്ടത് ഈ നാണം കെട്ട ചരിത്രം ഉള്ളതുകൊണ്ടാണ്. ‘വംശം’ എന്ന ആശയത്തിന് ശാസ്ത്രീയമായ യാതൊരു അടിത്തറയും ഇല്ലെന്നുള്ളത് ഇന്ന് തെളിഞ്ഞുകഴിഞ്ഞു. ഇവരുടെ തന്നെ ഏറ്റവും വലിയ സംഭാവനകളിൽപെട്ട ജനിതകപഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത് എന്നത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ ഒരു ‘ഐറണി’യായി എണ്ണപ്പെടും.

ഫ്രാൻസിസ് ഗാൽട്ടൺ

ഗാൽട്ടണും പിയേഴ്സനും ഫിഷറും മറ്റും സൃഷ്ടിച്ച ബയോ സ്റ്റാറ്റിസ്റ്റിക്സിന്റെ സഹായമാണ് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ആർ.സി.റ്റി.കളും കൊഹോർട്ട് പഠനങ്ങളും കേസ് കണ്ട്രോൾ പഠനങ്ങളും ആവിഷ്കരിക്കാൻ മറ്റുള്ളവരെ സഹായിച്ചത്. ആധുനിക എപ്പിഡെമിയോളജിയുടെ അടിത്തറ തന്നെ സംഖ്യാശാസ്ത്രം ആണെന്നതാണ് വാസ്തവം. എന്നാൽ ബയോസ്റ്റാറ്റിസ്റ്റിക്സിന്റെ വളർച്ചയെ – കുതിച്ചുചാട്ടത്തെ എന്നു തന്നെ പറയാം- സാധ്യമാക്കിയ മറ്റൊന്നുണ്ട്- അതാണ് ആധുനിക കമ്പ്യൂട്ടിങ്ങ്. അനേകലക്ഷം പേരുടെ ഡാറ്റ ഒരേ സമയം ഉൾകൊള്ളാനും, അനേകം ആവർത്തനങ്ങൾ വേണ്ടിവരുന്ന അൽഗോരിഥങ്ങൾ ഞൊടിയിടയിൽ പൂർത്തിയാക്കാനും ഒരു ഡെസ്ക്ടോപ്പിനുപോലും കഴിയും. കമ്പ്യൂട്ടിങ്ങിന്റെ താത്വികമാതൃകകൾ ബ്രിട്ടിഷ് ഗണിതജ്ഞനായ അലൻ ടുറിംഗും, ഹംഗേറിയൻ-അമേരിക്കൻ ഗണിതജ്ഞനായ ഫോൺ ന്യൂമാനും രണ്ടാം ലോകമഹായുദ്ധകാലത്തുതന്നെ ആവിഷ്കരിച്ചിരുന്നു. പിന്നീട് ഈ തത്വങ്ങൾ പ്രായോഗികമായി മഷീനുകളിൽ പ്രയോഗത്തിൽ വരുത്തുക എന്ന ജോലി മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. എഴുപതുകളും എൺപതുകളും ആയപ്പോഴേക്കും വലിയ ഡാറ്റാശേഖരങ്ങളെ ഉൾകൊള്ളാനും അപഗ്രഥിക്കാനും കഴിയുന്ന കമ്പ്യൂട്ടറുകൾ ഒരു മുറിക്കുള്ളിലും ക്രമേണ ഒരു ഡെസികിന്റെ പുറത്തും വയ്ക്കാവുന്നത്ര ചെറുതായിത്തീർന്നു.

പുതിയ മേച്ചിൽപ്പുറങ്ങൾ: ബയോ എത്തിക്സ്

എപ്പിഡെമിയോളജിയുടെ സാങ്കേതിക അടിത്തറ ബയോസ്റ്റാറ്റിസ്റ്റിക്സിലും കമ്പ്യൂട്ടിങ്ങിലും ഉറപ്പിച്ചതാണെങ്കിൽ, ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥകളെക്കുറിച്ച് പഠിക്കുമ്പോൾ  പാലിക്കേണ്ട നൈതികതയെക്കുറിച്ചുള്ള ബോധവും എപ്പിഡെമിയോളജിയുടെ ഭാഗമാണ്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടുകൂടി നാത്‌സികൾ, അവർ പൂർണ്ണ മനുഷ്യരല്ലെന്നു വിശ്വസിച്ചിരുന്ന ‘അധമ’വംശക്കാരെ- ജൂതന്മാരും സ്ലാവ് രാഷ്ട്രങ്ങളും ഉൾപ്പടെ- ഉപയോഗിച്ച് മെഡിക്കൽ പഠനങ്ങൾ നടത്തിവന്നിരുന്നു എന്നത് ന്യൂറംബർഗ് വിചാരണയുടെ വേളയിൽ വെളിവായി. ലോകത്തെമ്പാടും മനുഷ്യരെ ഞെട്ടിച്ച ഒരു ക്രൂരതയായിരുന്നു അത്. അതുകൊണ്ടുതന്നെ മനുഷ്യചരിത്രത്തിൽ ഇവ ആവർത്തിക്കപ്പെട്ടുകൂടാ എന്നുള്ള ബോധവുമുണ്ടായി. അതിന്റെ ഫലമായിട്ടാണ് മരുന്നു പരീക്ഷണങ്ങളും മറ്റു വൈദ്യപഠനങ്ങളും നടത്തുമ്പോൾ അവശ്യം പാലിച്ചിരിക്കേണ്ട ചിട്ടകളെ ക്രോഡീകരിച്ച ഹെൽസിങ്കി പ്രസ്താവന (ഹെൽസിങ്കി ഡിക്ലറേഷൻ) ഉണ്ടായത്. ഏതു പഠനത്തിലും പഠനത്തിൽ പങ്കാളികൾ ആവുന്നവരുടെ ‘അറിവോടെയുള്ള സമ്മതം’ അത്യാവശ്യമാണെന്നുള്ള ആശയം അംഗീകരിക്കപ്പെട്ടു.

എങ്കിലും ഒന്നോ രണ്ടോ മീറ്റിംഗുകളിൽക്കൂടി കാര്യങ്ങൾ എല്ലാം ശരിയായി എന്നർത്ഥമില്ല. പഠനങ്ങളുടെ വ്യാപ്തി കൂടിവരുംതോറും പ്രശ്നങ്ങളുടെ സങ്കീർണ്ണതയും വർദ്ധിച്ചു. മനുഷ്യരെ പഠനവിധേയരാക്കുമ്പോൾ ഉണ്ടാകുന്ന നൈതിക സമസ്യകളെയും അവയുടെ പരിഹാരങ്ങളെയും പഠിക്കാൻ ഒരു പുതിയ വിജ്ഞാനശാഖതന്നെ ഉയർന്നു വന്നു: ബയോ എഥിക്സ്. തൊണ്ണൂറുകളിൽ എച് ഐ വി എയ്ഡ്സ് രോഗം ഉദയം ചെയ്തപ്പോൾ നൈതികത പല പുതിയ മാനങ്ങളിലുള്ള വെല്ലുവിളികൾ നേരിട്ടു. സ്വവർഗ്ഗ ലൈംഗികതയോടും, പൊതുവെ ലൈംഗിക സ്വാതന്ത്ര്യത്തോടുമുള്ള ചികിത്സകരുടെയും പൊതു സമൂഹത്തിന്റെയും നിലപാടുകളിലെ അനീതികൾ പുറത്തുകൊണ്ടുവന്നത് രോഗികളുടെ കൂട്ടായ്മകൾ തന്നെയായിരുന്നു. എപ്പിഡെമിക്കുകളുടെ കാലത്ത് രോഗം ഉണ്ടോ എന്നറിയാനുള്ള ടെസ്റ്റിങ്ങിൽ അടങ്ങിയിട്ടുള്ള മനുഷ്യാവകാശസമസ്യകൾ എയ്ഡ്സ് എടുത്തുകാണിച്ചു. സ്വവർഗ്ഗ രതി, ഞരമ്പുകളിൽ കുത്തിവെക്കുന്ന മയക്കുമരുന്നുകളുടെ ഉപയോഗം ഇങ്ങിനെ പലപ്പോഴും പല രാജ്യങ്ങളിലും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെട്ടിരുന്ന പ്രവർത്തനങ്ങൾ കൊണ്ടുണ്ടാകാവുന്ന രോഗപ്പകർച്ചയെ നേരിടുമ്പോൾ, നിയമലംഘനം അമർച്ച ചെയ്യുന്നതിനെക്കാൾ രോഗവ്യാപനം തടയുന്നതിനാണു പ്രാധാന്യം കൊടുക്കേണ്ടത് എന്ന തത്വവും പൊതുജനാരോഗ്യവിദഗ്ദ്ധർക്കിടയിൽ  അംഗീകരിക്കപ്പെട്ടത് എയ്ഡ്സിന്റെ കാലത്താണ്; ചില തർക്കങ്ങൾ തുടരുന്നുണ്ടെങ്കിലും.

പുതിയ മരുന്നുകൾ മനുഷ്യരിൽ പരീക്ഷിക്കാനായി ആർ.സി.റ്റി.കൾ കൂടുതൽ കൂടുതൽ പങ്കാളികളെത്തേടി വികസ്വര രാജ്യങ്ങളിലേക്ക് എത്തിയപ്പോൾ, പലപ്പോഴും കണ്ട്രോൾ ഗ്രൂപ്പിന് ഏതു തരത്തിലുള്ള ചികിത്സ ലഭ്യമാക്കണം എന്നത് ഒരു വെല്ലുവിളിയായിരുന്നു. ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സയായിരിക്കണം അവർക്ക് കൊടുക്കേണ്ടത് എന്നതാണ് ഉയർന്നുവന്ന ഒരു വാദം. എന്നാൽ ഇങ്ങിനെയുള്ള ചികിത്സ സാധാരണ ഗതിയിൽ അവർക്ക് അപ്രാപ്യമായിരിക്കും എന്നും, അതുകൊണ്ട് അവർക്ക് സാമാന്യേന ലഭിക്കാൻ സാധ്യതയുള്ള ഏറ്റവും നല്ല ചികിത്സ കൊടുത്താൽ മതി എന്നും മറുവാദവും ഉണ്ടായി. ഇത് ഇപ്പോഴും ഒരു തർക്ക വിഷയമാണ്. ഇന്ത്യയിൽ വ്യാപകമായി ക്ലിനിക്കൽ ട്രയലുകൾ അനുവദിക്കപ്പെട്ടപ്പോൾ പല വിവാദങ്ങളും ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ സർക്കാരുകൾ നൈതികതക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നിയമങ്ങൾ പുതുക്കാൻ തയ്യാറാവുകയുണ്ടായി. ഈ പ്രക്രിയ ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ മാറ്റങ്ങളെല്ലാം പൊതുവിൽ എപ്പിഡെമിയോളജിയെ കൂടുതൽ ബൃഹത്തായ ഒരു ശാസ്ത്രമാക്കുന്നതിനു വഴിവെച്ചു.

സോഷ്യൽ മീഡിയയുടെ വളർച്ചമൂലം ഉണ്ടായിട്ടുള്ള സ്വകാര്യതാ പ്രശ്നങ്ങളും ബയോ എഥിക്സിന്റെ പഠനപരിധിയിൽ വരുന്നതാണ്. ഇന്ന് നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ- ഇഷ്ടാനിഷ്ടങ്ങൾ, രോഗാവസ്ഥകൾ, എന്നിങ്ങനെ പലതും- ചോർത്തിയെടുക്കാൻ ഇന്റർനെറ്റിലൂടെ സാധിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. പോരാത്തതിനു സർക്കാരുകൾ തന്നെ ആരോഗ്യവിവരശേഖരണം എന്ന പേരിൽ  നമ്മുടെ വ്യക്തിഗതവിവരങ്ങൾ സമാഹരിക്കുന്നു. ജനങ്ങളെ പറ്റിയുള്ള വളരെ സ്വകാര്യമായ ആരോഗ്യവിവരങ്ങൾ അറിയുവാൻ ഇൻഷ്വറൻസ് കമ്പനികൾക്ക് താല്പര്യമുണ്ടാവും, എന്തെന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ അവരുടെ പ്രീമിയങ്ങൾ കുറച്ചും കൂട്ടിയും ചിലപ്പോൾ ഇൻഷ്വറൻസ് തന്നെ നിഷേധിച്ചും കൂടുതൽ ലാഭമുണ്ടാക്കാൻ അവർക്കു സാധിക്കും. അതുകൊണ്ട് ഈ വിധത്തിലുള്ള വിവരങ്ങൾ ചോർത്തിയ വിവരസഞ്ചയങ്ങൾക്ക് വലിയ വില കൊടുക്കാൻ അവർ തയ്യാറാകും. എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ ആധുനിക കാലഘട്ടത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് സ്വകാര്യതയുടെ ചോർച്ച. അത് ശരിയായി കൈകാര്യം ചെയ്യാൻ ലോകം പഠിച്ചുവരുന്നതേയുള്ളു.

പൊതുജനാരോഗ്യത്തിന്റെ എപ്പിഡെമിയോളജിയും ‘റിസ്ക് ഫാക്റ്റർ’ എപ്പിഡെമിയോളജിയും 

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടുകൂടി പല പുതിയ പഠനരീതികളും എപ്പിഡെമിയോളജിയിൽ സർവസാധാരണമായി. കോഹോർട്ട്, കേസ് കണ്ട്രോൾ എന്നീ ഡിസൈനുകൾ പല പഠനങ്ങളിലും ആവർത്തിച്ചു. ആർ സി റ്റികൾ പല ചോദ്യങ്ങൾക്കുമുള്ള മറുപടിയായിത്തീർന്നു. കൊക്രെയ്ൻ കൂട്ടായ്മ ഇതിൽ വലിയ പങ്കു വഹിച്ചു. പഠനങ്ങൾ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഭീമമായ രാജ്യാന്തര പഠനങ്ങളായി രൂപാന്തരപ്പെട്ടു. ആദ്യമൊക്കെ പുകയിലയുടെ ഉപയോഗം, ആസ്ബെസ്റ്റോസ് എന്നിങ്ങനെ സമൂഹത്തെ കാര്യമായി ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനാണ് എപ്പിഡെമിയോളജിസ്റ്റുകൾക്ക് താല്പര്യം ഉണ്ടായിരുന്നതെങ്കിലും പിന്നീട് പഠനങ്ങളുടെ സ്വഭാവം മാറി.

ഒരു റിസ്ക് ഫാക്റ്റർ അഥവാ സാധ്യതാഘടകം  രോഗം ഉണ്ടാക്കുമോ എന്ന് സൂചിപ്പിക്കുന്ന സൂചികയാണ് റിസ്ക് റേഷ്യോ എന്നു നമ്മൾ കണ്ടു. റിസ്ക് റേഷ്യോ രണ്ട് എന്നാണെന്നിരിക്കട്ടെ. ഇതിന്റെ അർത്ഥം, എക്സ്പോഷർ ഇല്ലാത്തവരെ അപേക്ഷിച്ച് ഉള്ളവർക്ക് ഇരട്ടി രോഗസാധ്യത ഉണ്ടെന്നാണല്ലോ. എന്നാൽ ഈ സാധ്യതയുടെ ശരിയായ തോത് വളരെ വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന്, സാധ്യതാഘടകം ഇല്ലാത്തവരിൽ ഒരുകോടിയിൽ ഒരാൾക്കും ഉള്ളവർക്ക് ഒരുകോടിയിൽ രണ്ടാൾക്കും രോഗം വരാനുള്ള സാധ്യത ഉണ്ടെന്നിരിക്കട്ടെ. എങ്കിൽ ഈ റിസ്ക് ഘടകം കൊണ്ട് രോഗം വരാനുള്ള സാധ്യതാനുപാതം രണ്ട് എന്നതായിരിക്കും. എന്നാൽ ഇതേ സാധ്യതാനുപാതം തന്നെ, എക്സ്പോഷർ ഇല്ലാത്തവർക്ക് ആയിരത്തിൽ ഒന്നും, എക്സ്പോഷർ ഉള്ളവർക്ക് ആയിരത്തിൽ രണ്ടും രോഗസാധ്യത ഉള്ളപ്പോഴും ഉണ്ടായിരിക്കും. എന്നാൽ ഒരു കോടിയിൽ ഒന്ന് എന്നതിനെ അപേക്ഷിച്ച് ആയിരത്തിൽ ഒന്ന് എന്നത് വളരെ വലിയ രോഗസാധ്യതയാണ്; പൊതുജനാരോഗ്യ കാഴ്ചപ്പാടിൽനിന്ന് കൂടുതൽ ശ്രദ്ധയും അർഹിക്കുന്നു. പക്ഷേ സാധ്യതാഘടകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിൽ അങ്ങിനെയൊരു വേർതിരിവില്ല. വളരെ നേരിയതോതിൽ റിസ്ക് വർദ്ധിപ്പിക്കുന്ന ഘടകങ്ങളെപ്പോലും ഗവേഷണവിഷയമാക്കാൻ ശാസ്ത്രജ്ഞന്മാർ ശ്രമിക്കുന്നതായി കാണുന്നു. കാൻസർ, ഹൃദ്രോഗം മുതലായി ഒരുപാട് റിസ്ക് ഫാക്റ്ററുകൾ ഉണ്ടായേക്കാവുന്ന ദീർഘസ്ഥായീരോഗങ്ങളുടെ കാര്യത്തിൽ ഈ പ്രവണത വളരെ പ്രകടമാണ്.ഇതിന് ‘റിസ്ക് ഫാക്റ്റർ വേട്ട’ എന്നൊരു പേരും പലപ്പോഴും പറയാറുണ്ട്. ശാസ്തജ്ഞന്മാരുടെ എണ്ണം വർദ്ധിക്കുകയും, ഓരോരുത്തരുടെയും ജോലിയിലെ പ്രാഗൽഭ്യം നിർണ്ണയിക്കുന്നതിന് അവരുടെ ഗവേഷണഫലങ്ങൾ കൂടുതൽ പ്രധാനമാകുകയും ചെയ്തത് ഇതിനു വളം വെച്ചുകൊടുത്തിട്ടുണ്ട്. നമുക്കുചുറ്റും  കാണുന്ന പുകയില, വാഹനങ്ങളെക്കൊണ്ടുള്ള മലിനീകരണം എന്നിവയെ ഒക്കെ അവഗണിച്ച് വളരെ അപൂർവമായ കെമിക്കൽ കാർസിനോജനുകളെക്കുറിച്ച് സമൂഹത്തിൽ ഭീതി വിതക്കുന്നത് സർവസാധാരണമായി കണ്ടുവരുന്നതാണ്.

കൂടുതൽ കൂടുതൽ വിചിത്രവും അപൂർവവുമായ റിസ്ക്ഫാക്റ്ററുകളെ തിരിച്ചറിയാനുള്ള ആവേശത്തെ ‘റിസ്ക് ഫാക്റ്റർ എപ്പിഡെമിയോളജി’ എന്നു പറയാറുണ്ട്. ഈ പരക്കം പാച്ചിൽ പലപ്പോഴും വ്യർത്ഥമാണ് എന്നുള്ളതാണ് വസ്തുത; കാരണം അപൂർവമായതും രോഗസാധ്യതയിൽ വളരെച്ചെറിയ വ്യത്യാസം മാത്രം വരുത്തുന്നതുമായ റിസ്ക് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുന്നതു വഴി സമൂഹത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യാവസ്ഥയിൽ വലിയ മാറ്റമൊന്നും വരുത്താൻ ആവുകയില്ല. മാത്രമല്ല പലപ്പോഴും ഇങ്ങിനെയുള്ള അപൂർവ റിസ്ക് ഫാക്റ്ററുകൾ പ്രതിരോധിക്കാൻ ബുദ്ധിമുട്ടുള്ളവയായിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ പുറകെ പോകുന്നത് എപ്പിഡെമിയോളജി ഗവേഷണത്തിന് വലിയ പ്രയോജനം ചെയ്യുകയില്ല എന്ന് വാദിക്കുന്ന ഒരു കൂട്ടം വിദഗ്ദ്ധർ ഉണ്ട്. ഇവ പൊതുവെ പ്രായോഗികതാവാദികളാണ്. പൊതുജനാരോഗ്യത്തിന് ഗുണമുണ്ടാകുന്ന ഗവേഷണം മാത്രമേ എപ്പിഡെമിയോളജിസ്റ്റുകൾ ചെയ്യേണ്ടതുള്ളു എന്ന അഭിപ്രായക്കാരായതുകൊണ്ട്, ഇവരുടെ സമീപനത്തെ ‘പൊതുജനാരോഗ്യ എപ്പിഡെമിയോളജി’ എന്നു പറയാറുണ്ട്. എന്നാൽ ഇതിനു വിപരീതമായി എപ്പിഡെമിയോളജി ഒരു ശുദ്ധ ശാസ്ത്രശാഖയാണെന്നും, അത് വികസിക്കണമെങ്കിൽ ഇങ്ങിനെയുള്ള നിയന്ത്രണങ്ങൾ അനാവശ്യവും ഒഴിവാക്കേണ്ടതും ആണെന്നും ചിലർ വാദിക്കുന്നു. ഇവരുടെ അഭിപ്രായത്തിൽ ഏതു റിസ്ക് ഫാക്റ്ററും- അതെത്ര തുച്ഛമോ നിസ്സാരമോ ആണെങ്കിലും, പഠനാർഹമാണ്.  ഈ കാഴ്ചപ്പാടിനു പൊതുവെ പറയുന്ന പേരാണ് ‘റിസ്ക് ഫാക്റ്റർ എപ്പിഡെമിയോളജി’. ഇവതമ്മിലുള്ള ആശയ സംഘട്ടനം എപ്പിഡെമിയോളജിയിൽ ഇന്നു സജീവമാണ്.

ഒരു കാലത്ത് നിയന്ത്രണ വിധേയമായി എന്ന് വിചാരിച്ചിരുന്ന സാംക്രമിക രോഗങ്ങൾ വലിയ തോതിൽ തിരിച്ചുവരവ് നടത്തുന്നതാണ് അടുത്തകാലത്ത് നാം കാണുന്നത്. എച് ഐ വി- എയ്ഡ്സിന്റെ വരവോടുകൂടി സാംക്രമികരോഗങ്ങളും ദീർഘസ്ഥായീ രോഗങ്ങളും തമ്മിലുള്ള വേർതിരിവ് വളരെ നേർത്തതായി. എച് ഐ വി ഒരു സാംക്രമിക രോഗമാണ്; അതേ സമയം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗവുമാണ്. രോഗങ്ങളെ കൃത്രിമമായ കള്ളികളിൽ ഒതുക്കുന്നതിന്റെ വ്യർത്ഥതയാണ് ഇതു കാണിക്കുന്നത്. എച് ഐ വിയുടെ വരവോടുകൂടി ക്ഷയരോഗവും വലിയതോതിൽ ശ്രദ്ധാവിഷയമായിരിക്കുകയാണ്. വാക്സിൻ വിരുദ്ധത ലോകത്തെല്ലായിടത്തും വളർന്നു വന്നതോടുകൂടി സാംക്രമികരോഗനിയന്ത്രണം ഒരു സാങ്കേതികവിഷയം അല്ലാതായി; മറിച്ച് രോഗനിയന്ത്രണത്തിന് മാനസികവ്യവഹാരങ്ങളെ മനസ്സിലാക്കുന്നതിന്റെ ആവശ്യകത വ്യക്തമായി. എബോള, എച്1 എൻ1, സാർസ്, മെർസ്, നിപ്പാ, ഇപ്പോൾ കോവിഡ് ഇവയെല്ലാം വൈറസുകൾ പരത്തുന്ന രോഗങ്ങളാണ്; പലതും മൃഗവൈറസുകളിൽനിന്ന് രൂപാന്തരം പ്രാപിച്ച വൈറസുകളുമാണ്. ഇവയുടെ വ്യാപനം, സാംക്രമികരോഗങ്ങളുടെ എപ്പിഡെമിയോളജിയെപ്പറ്റി നമുടെ അജ്ഞതയെ തുറന്നുകാണിക്കുയാണു ചെയ്തത്. അതോടൊപ്പം ഊന്നിപ്പറയേണ്ട ഒന്നാണ് വർദ്ധിച്ചുവരുന്ന ആന്റിബയോട്ടിക്കുകളൊടുള്ള സൂക്ഷ്മജീവികളുടെ പ്രതിരോധക്ഷമത. ലോകത്തിനുമുൻപുള്ള ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയായി വളരുവാൻ കഴിവുള്ള ഒന്നാണത്. മേൽപ്പറഞ്ഞ ഭീഷണികളെ നേരിടാൻ ഏറ്റവും നല്ല സമീപനം ‘വൺ ഹെൽത്ത്’ (ഏകാരോഗ്യം) എന്നറിയപ്പെടുന്ന രീതി സ്വീകരിക്കുക എന്നതാണെന്നത് ഇപ്പോൾ ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി നടപ്പിൽ വരുത്തുന്നത് ഒരു വെല്ലുവിളിയായി തുടരുന്നു. മൃഗങ്ങളുടെ പരിപാലനവും അവയുടെ രോഗങ്ങളും പഠനവിഷയമാക്കുന്ന വെറ്റിനേറിയന്മാർ, ഡോക്ടർമാർ, പരിസ്ഥിതിശാസ്ത്രജ്ഞർ, സൂക്ഷ്മാണുശാസ്ത്രജ്ഞർ എന്നിങ്ങനെ രോഗവ്യാപനവുമായി ബന്ധപ്പെട്ട എല്ലാ വിദഗ്ദ്ധരും പൊതുജനാരോഗ്യകാര്യങ്ങളിൽ ഒരൊറ്റ ടീം ആയി പ്രവർത്തിക്കുക എന്നതാണ് ചുരുക്കത്തിൽ ‘ഏകാരോഗ്യം’ കൊണ്ട് ഉദ്ദേശിക്കുന്നത്.

തന്മാത്രാ എപ്പിഡെമിയോളജി

രോഗങ്ങളുടെ സാധ്യതയെ സൂചിപ്പിക്കുന്ന റിസ്ക് ഘടകങ്ങളെ ഏതു തലത്തിലും നിർവചിക്കാമെന്ന് നേരത്തെ പറഞ്ഞു. പുകവലി, മദ്യപാനം, വിവേചനരഹിതമായ ലൈംഗിക ബന്ധങ്ങൾ തുടങ്ങിയ സ്വഭാവവിശേഷങ്ങൾ റിസ്ക് ഘടകങ്ങളാകാം. പരിസ്ഥിതിയിലുള്ള വസ്തുക്കൾ, ആഹാരരീതി, എന്നിവയും രോഗസാധ്യത വർദ്ധിപ്പിക്കാം. ജെൻഡർ (ആണോ പെണ്ണോ എന്നുള്ളത്), വരുമാനവും സ്വത്തും, ഗ്രാമവാസിയോ നഗരവാസിയോ എന്നത്, പ്രായം എന്നിവയൊക്കെയും സമൂഹത്തിൽ രോഗത്തിന്റെ തോത് നിശ്ചയിക്കുന്ന ഘടകങ്ങളാണ്. ഇവയോടൊപ്പമോ, ഇവയെക്കാളേറെയോ രോഗങ്ങളുടെ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു ഘടകമാണ് ജീനുകൾ.

ജീനുകൾ രോഗങ്ങൾക്കു കാരണമാകും എന്നത് ഒരു പുതിയ അറിവല്ല. ഒറ്റ ജീൻ മ്യൂട്ടേഷനുകൾ കൊണ്ടുണ്ടാവുന്ന പല രോഗങ്ങളും ഡോക്ടർമാർക്ക് സുപരിചിതമാണ്. അതിൽ ഏറ്റവും പ്രസിദ്ധമായ ചിലവയാണ് ഫീനൈൽ കീറ്റോണൂറിയ, സിക്കിൾ സെൽ രോഗം, ഹീമോഫീലിയ എന്നിവ. ഫീനൈൽ അലാനിൻ എന്ന അമൈനോ ആസിഡിന്റെ അപചയപ്രക്രിയയിൽ സഹായിക്കുന്ന ഒരു എൻസൈമിന്റെ അഭാവമാണ് ഫീനൈൽ കീറ്റോണൂറിയ എന്ന രോഗത്തിനു കാരണം. അമൈനോ ആസിഡുകൾ പ്രോട്ടീനുകളുടെ ആധാരശിലകളാണെന്നു പറയാം; ഇരുപതു അമൈനോ ആസിഡുകൾ ചേർന്നാണ് ശരീരത്തിലെ എല്ലാ പ്രോട്ടിനുകളും നിർമ്മിച്ചിരിക്കുന്നത്. ഈ നിർമ്മാണപ്രക്രിയയിലും അഴിച്ചുപണിയിലും സഹായിക്കുന്നത് ജൈവകാറ്റലിസ്റ്റുകളായ എൻസൈമുകളാണ്. ഓരോ എൻസൈമിന്റെയും ശരീരത്തിലെ സാന്നിദ്ധ്യം നിയന്ത്രിക്കുന്നത് ഒരു ജീനാണ്. ഫീനൈൽ അലനിൻ എന്ന അമൈനോ ആസിഡിന്റെ ചയാപചയപ്രക്രിയക്ക് (മെറ്റബോളിസ്ം) അത്യാവശ്യമായ ഒരു എൻസൈമിന്റെ അഭാവം മൂലം തലച്ചോറിൽ ചില വിഷവസ്തുക്കൾ വർദ്ധിക്കാൻ ഇടവരികയും അതുമൂലം ബുദ്ധിമാന്ദ്യം സംഭവിക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ഫീനൈൽ കീറ്റോണൂറിയ. ജനിച്ച് ഏതാനും ദിവസങ്ങൾക്കകം കണ്ടുപിടിച്ചുകഴിഞ്ഞാൽ, ഇതുമൂലമുണ്ടാകുന്ന ഹാനി പ്രതിരോധിക്കാൻ പറ്റും. ഫീനൈൽ അലനിൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ പാടെ ഒഴിവാക്കിയാൽ മതി, ഒരു സാധാരണ ജിവിതം ഇവർക്ക് സാധ്യമാണ്.  പ്രസ്തുത എൻസൈമിന്റെ ശരീരത്തിലെ സാന്നിദ്ധ്യം നിയന്ത്രിക്കുന്ന ഒരൊറ്റ ജീനിന്റെ അഭാവമാണ് രോഗകാരണം. ഇതുപോലെ ഒറ്റ ജീനുകളുടെ അഭാവം മൂലമോ വ്യത്യസ്തത മൂലമോ ഉണ്ടാകുന്ന രോഗങ്ങളാണ് സിക്കിൾ സെൽ രോഗവും ഹീമോഫീലിയയും. സിക്കിൾ രോഗത്തിൽ ഹീമോഗ്ലോബിൻ തന്മാത്രയിലാണ് ‘സ്പെല്ലിംഗ് മിസ്റ്റേക്’ സംഭവിക്കുന്നത്. സാധാരണ കാണപ്പെടുന്ന ഹീമോഗ്ലൊബിനുകളിൽനിന്ന് വ്യത്യസ്തമായ ഹീമോഗ്ലോബിൻ- എസ് എന്ന തരം ഹീമോഗ്ലോബിൻ ആണ് ഈ രോഗികളിൽ കാണപ്പെടുക. ഇതിന്റെ പ്രത്യേകതകൾ കാരണം ചുവന്ന രക്താണുക്കളുടെ രൂപത്തിൽ വ്യത്യാസമുണ്ടാകുകയും പല രോഗലക്ഷണങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. രക്തം കട്ട പിടിക്കുന്ന പ്രക്രിയക്ക് സംഭവിക്കുന്ന തകരാറാണ് ഹീമോഫീലിയക്ക് കാരണം. പല പ്രോട്ടിനുകളുടെയും പ്രവർത്തനഫലമാണ് രക്തം കട്ടപിടിക്കുന്നത്. ഇത് പല അവസരങ്ങളിലും ചോരവാർന്നു മരിക്കുന്നതിൽനിന്നും ജീവികളെ രക്ഷിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ഇവയിൽ ഒരു പ്രോട്ടീനിന്റെ അഭാവംകൊണ്ട് നിസ്സാരമായ മുറിവുകൾ പോലും മാരകമാകുന്ന അവസ്ഥ വരും. ഇതിനെയാണ് നാം ‘ഹീമോഫീലിയ’ എന്ന രോഗമായി കണക്കാക്കുന്നത്. ഈ പ്രോട്ടിനിന്റെ സാന്നിദ്ധ്യം നിയന്ത്രിക്കുന്ന ജീൻ എക്സ് ക്രോമോസോമിൽ ആണ് സ്ഥിതി ചെയ്യുന്നത്. സ്വാഭാവികമായി രണ്ട് എക്സ് ക്രോമോസോമുകൾ ഉള്ളതുകൊണ്ട് സ്ത്രീകളെ ഈ രോഗം ബാധിക്കുകയില്ല- ഒരു എക്സ് ക്രോമോസോമിൽ ജീൻ സാന്നിദ്ധ്യം ഇല്ലെങ്കിലും മറു ക്രോമോസോമിലെ സാന്നിദ്ധ്യം കൊണ്ട് കുറവുതീർക്കാം. എന്നാൽ അമ്മയിൽനിന്ന് ലഭിക്കുന്ന ഏക എക്സ് ക്രോമൊസോമിൽ ഈ ജീനിന്റെ അഭാവം, ആൺകുട്ടികളിൽ ഹീമോഫീലിയാ രോഗത്തിനു വഴിവയ്ക്കുന്നു. റോത്ത്മാന്റെ ഭാഷയിൽ, ഈ രോഗങ്ങളുടെ ‘കാരണസമുച്ചയം’ പരിശോധിച്ചാൽ, ഒരു ജീനിന്റെ തകരാറ് അഥവാ അഭാവമാണ് അവശ്യകാരണം; അതു തന്നെയാണ് പര്യാപ്തകാരണവും. അതായത് ഒരു ജീനിന്റെ തകരാറില്ലാതെ ഈ രോഗങ്ങൾ ഉണ്ടാകുന്നില്ല; ആ ജീനിന്റെ തകരാറോ അഭാവമോ ഉണ്ടെങ്കിൽ രോഗം നിശ്ചയമായും പ്രകടമാകുകയും ചെയ്യും.

എന്നാൽ ഒറ്റ ജീൻ മ്യൂട്ടേഷൻ കൊണ്ടുണ്ടാകുന്ന രോഗങ്ങൾ അപൂർവങ്ങളാണ്. കൂടുതൽ വ്യാപകമായി കണ്ടു വരുന്ന പല രോഗങ്ങൾക്കും ജനിതക പശ്ചാത്തലമുണ്ട്. ഡയബെറ്റിസ്, രക്താതിമർദ്ദം, സ്തനകാൻസർ മുതലായ പല രോഗങ്ങളുടെ ഉദ്ഭവത്തിലും ജീനുകൾക്ക് പങ്കുണ്ട് എന്നാണിപ്പോൾ മനസ്സിലാക്കുന്നത്. പക്ഷേ ഇവയൊന്നും ഒരൊറ്റ ജീനിന്റെ തകരാറുകൊണ്ട് സംഭവിക്കുന്നതല്ല. ഏതെങ്കിലും ജീനുകളുടെ തകരാറുകൊണ്ട് കൃത്യമായി പ്രവചിക്കാനാകുകയുമില്ല. എന്നു പറയുമ്പോൾ ജനിതക തകരാറുകൾ അവക്ക് അവശ്യകാരണമോ പര്യാപ്തകാരണമോ ആകുന്നില്ല, മറിച്ച് ഒരു റിസ്ക് ഫാക്റ്റർ- സാധ്യതാഘടകം- മാത്രമെ ആകുന്നുള്ളൂ എന്നത് വ്യക്തമാണ്.

തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിലാണ് മനുഷ്യജീനുകളുടെ ‘മാപ്പിങ്ങ്’- വിശദമായ പഠനം- ആരംഭിച്ചത്. ഈ മില്ലെനിയത്തിന്റെ ആരംഭത്തോടുകൂടി അത് ഏകദേശം പൂർത്തിയാവുകയും ചെയ്തു. തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നതിനെക്കാൾ വളരെക്കൂടുതൽ വിശദവും ചെലവേറിയതുമായിരുന്നു പഠനം. മനുഷ്യജീനുകളുടെ എണ്ണം പ്രതീക്ഷിച്ചിരുന്നതിലും വളരെക്കൂടുതലായിരുന്നു. ഈ വിശദമായ മാപ്പിംഗിൽനിന്ന് മനസ്സിലായത് ജനിതകസ്വഭാവമുള്ള പല രോഗങ്ങൾക്കും ഒന്നിൽ കൂടുതൽ ജീനുകളുമായി ബന്ധമുണ്ടെന്നുള്ളതാണ്. ഇതോടുകൂടി ജീനുകളും രോഗങ്ങളും പഠിക്കുന്നതിനായി ഒരു പുതിയ ശാഖതന്നെ എപ്പിഡെമിയോളജിയിൽ ഉദയം ചെയ്തു. ഇതിനു സാധാരണ പറയുന്ന പേരാണ് ‘ജനറ്റിക് ആൻഡ് മോളിക്യൂലാർ എപ്പിഡെമിയോളജി’ അഥവാജനിതക- തന്മാത്രാതല എപ്പിഡെമിയോളജി’. 

ആദ്യമാദ്യം ചെയ്തിരുന്ന പഠനങ്ങളെ ‘ജീനോംവൈഡ് അസ്സോസിയേഷൻ പഠനങ്ങൾ’ അഥവാ ‘ജിവാസ്’ എന്നാണു പറഞ്ഞിരുന്നത്- അതായത് രോഗമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ജനിതകവ്യതിയാനങ്ങളുടെ പഠനം. എന്നാൽ വളരെ പെട്ടെന്ന് ഈ പഠനങ്ങൾക്ക് കൃത്യത പോരാ എന്നുള്ളത് വ്യക്തമായി. രോഗമുള്ളവരിൽ ഏതെങ്കിലും ജീനിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാധ്യത സ്റ്റാറ്റിസ്റ്റിക്കലായി കൂടുതലായി ഉണ്ടായാൽ പോലും അത് കൃത്യമായി രോഗത്തെ പ്രവചിക്കാൻ ഉതകുന്നില്ല. മാത്രമല്ല ഈ ബന്ധം സംഖ്യാശാസ്ത്രപരമായി സ്ഥാപിക്കാൻ സാധാരണ ഉപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങൾ പോരാ, മറിച്ച് അവയെ കൂടുതൽ നിഷ്കർഷയുള്ളവയാക്കി മാറ്റണം. (സാങ്കേതികമായി പറഞ്ഞാൽ, സാധാരണ ഉപയോഗിക്കപ്പെടുന്ന ‘0.05′ എന്ന നിലയിൽ നിന്നും തീരെ ചെറിയ നിലയിലേക്ക് ‘പി’ സംജ്ഞയെ കുറച്ചുകൊണ്ടുവരണം). ആദ്യത്തെ ആവേശത്തിനുശേഷം ജിവാസുകൾ വളരെയൊന്നും പ്രതീക്ഷനൽകുന്നില്ല.

എന്നാൽ ഇന്ന് കൂടുതൽ കൃത്യതയോടുകൂടിയുള്ള ‘നിർദ്ദിഷ്ട ജീൻ പഠനങ്ങൾ’ പല രോഗങ്ങളുടെ കാര്യത്തിലും ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ഇതോടൊപ്പം പ്രതീക്ഷയുളവാക്കുന്ന ഒരു പുതിയ സങ്കേതവും ജനിതക എപ്പിഡെമിയോളജിസ്റ്റുകൾ കരുപ്പിടിപ്പിച്ചിട്ടുണ്ട്: എപ്പിജനിതക (എപ്പിജെനറ്റിക്) എപ്പിഡെമിയോളജി. ആരംഭത്തിലുള്ള ധാരണയിൽനിന്ന് വ്യത്യസ്തമായി, ജീനുകൾ എല്ലായ്പോഴും ഒരേ നിലയിലല്ല പ്രവർത്തിക്കുന്നത്. അവ പലപ്പോഴും ‘ഓൺ’ , ‘ഓഫ്’ എന്നിങ്ങനെ ഇടവിട്ട് പ്രവർത്തനോന്മുഖവും വിമുഖവുമായി മാറിക്കൊണ്ടിരിക്കും. ജീനുകളെ ‘സ്വിച്ച് ഓൺ’ അഥവാ ‘സ്വിച്ച് ഓഫ്’ ചെയ്യാൻ ഗർഭാവസ്ഥയിലുള്ള സൂക്ഷ്മപരിസ്ഥിതി (മൈക്രോ എൻവയോണ്മെന്റ്) ക്കു കഴിയും. അതായത് ഗർഭസ്ഥശിശു വളർന്നു വരുന്ന മൈക്രോ എൻവയോണ്മെന്റിലുണ്ടാകുന്ന ചില മാറ്റങ്ങൾ, ചില ജീനുകളെ ഉത്തേജിപ്പിക്കുകയോ, നിർവീര്യമാക്കുകയോ ചെയ്തേക്കാം. ഈ മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് ‘എപ്പിജനറ്റിക്സ്’. ജീവിതകാലം മുഴുവൻ വ്യക്തിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന ചില മാറ്റങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇങ്ങിനെ രോഗപഠനങ്ങളെയാകെ മാറ്റി മറിക്കാവുന്ന കണ്ടുപിടിത്തങ്ങളാണ് ഇനിയുള്ള നാളുകളിൽ നാം എപ്പിജനിതക എപ്പിഡെമിയോളജിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ജനിതക എപ്പിഡെമിയോളജിയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള മറ്റൊരു ശക്തമായ സങ്കേതമാണ് ‘മെൻഡീലിയൻ റാൻഡമൈസേഷൻ പഠനങ്ങൾ’. പലപ്പോഴും ഒരു ജീൻ ഒരു മാറ്റം ശരീരത്തിൽ ഉണ്ടാക്കുന്നു; ഈ മാറ്റം കാലക്രമത്തിൽ ഒരു രോഗാവസ്ഥയിൽ കലാശിച്ചേക്കാം. ഉദാഹരണത്തിന് ഏതെങ്കിലും ജീൻ ഉയർന്ന രക്തമർദ്ദത്തിനു കാരണമാകുന്നു എന്നിരിക്കട്ടെ. ഉയർന്ന രക്തമർദ്ദം ക്രമേണ പക്ഷാഘാതത്തിലോ, ഹൃദയാഘാതത്തിലോ കലാശിക്കാൻ സാധ്യതയുണ്ട്. ഇതിന് ‘മീഡിയേഷൻ’ അഥവാ മാദ്ധ്യസ്ഥം എന്നു പറയാം. ഇടയിൽ വരുന്ന അസ്ഥിരത്തിനെ (വേരിയബിൾ) ‘ഇൻസ്റ്റ്രമെന്റൽ വേരിയബിൾ’ അഥവാ പ്രേരക അസ്ഥിരം എന്നു വിളിക്കും. ജീൻ പ്രേരകാസ്ഥിരത്തിൽകൂടി രോഗത്തിനു ഹേതുവാകുന്നു. പ്രേരകാസ്ഥിരത്തിന്റെ സമൂഹത്തിലെ വിതരണം ആകസ്മികം (റാൻഡം) ആണെന്നു സങ്കല്പിക്കുകയാണെങ്കിൽ, ജീനിനു രോഗമുണ്ടാക്കുന്നതിലുള്ള സ്വാധീനം സ്റ്റാറ്റിസ്റ്റിക്കലായി അളക്കുവാൻ പറ്റും. ഇതാണ് വളരെ ചുരുക്കി പറഞ്ഞാൽ മെൻഡീലിയൻ റാൻഡമൈസേഷൻ പഠനങ്ങളുടെ തത്വം. അടുത്തകാലത്തായി വളരെ ഉൾകാഴ്ചയുള്ള പല പഠനങ്ങളും ഈ രീതിയിൽ പുറത്തു വന്നിട്ടുണ്ട്. ഏതൊക്കെ ജീനുകൾ ഏതൊക്കെ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ പട്ടികകൾ പ്രകാശിപ്പിച്ചിരിക്കുന്നത്  ഇത്തരത്തിലുള്ള പഠനങ്ങളെ സഹായിച്ചിട്ടുണ്ട്.

കുതിപ്പും കിതപ്പും 

എപ്പിഡെമിയോളജി ശരിയായ സയൻസ് ആയിത്തീർന്നിട്ട് നൂറ്റൻപതോളം വർഷങ്ങളേ ആയിട്ടുള്ളൂ. ഈ ചെറിയ കാലയളവിൽ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിൽ ഈ ശാസ്ത്രശാഖയുടെ സംഭാവന അദ്വിതീയമാണ്. വസൂരി, പോളിയോ, കോളറാ, മലേറിയാ തുടങ്ങി ഒരു കാലത്ത് മനുഷ്യന്റെ ഏറ്റവും വലിയ പേടിസ്വപ്നങ്ങളായിരുന്ന മഹാമാരികളെ ഓർമ്മയിൽനിന്നുപോലും തുടച്ചുനീക്കാനുള്ള ശ്രമത്തിൽ ഏറ്റവും മുന്നിൽ നിന്നത് എപ്പിഡെമിയോളജിസ്റ്റുകളാണ്. നിരവധി രോഗങ്ങൾക്കെതിരെ വാക്സിനുകൾ സജ്ജമാക്കി. പുകയില എന്ന വലിയ ദുരന്തത്തെക്കുറിച്ച് മനുഷ്യരാശിയെ ബോധവൽക്കരിച്ചതും വലിയ നേട്ടമാണ്. അതോടൊപ്പം ദീർഘസ്ഥായീരോഗങ്ങളുടെ പ്രത്യേകതകളെക്കുറിച്ചും എപ്പിഡെമിയോളജിക്കൽ ട്രാൻസിഷനെക്കുറിച്ചും നാം പഠിച്ചു. സമൂഹമാറ്റങ്ങളും രോഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പുതിയ അവബോധം വളർന്നു. കാൻസറും ജീനുകളുമായുള്ള ബന്ധത്തെക്കുറിച്ചും, കാൻസറും പരിസ്ഥിതിയുമായുള്ള ബന്ധത്തെക്കുറിച്ചും ലോകം അറിഞ്ഞു. മേധാക്ഷയത്തെക്കുറിച്ചും പ്രായം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് ഇന്നറിയാം.

പുതിയ അറിവുകൾ മാത്രമല്ല, പുതിയപഠനരീതികളും ആവിർഭവിച്ചു. കേസ് കണ്ട്രോൾ പഠനങ്ങളുടെ രീതി വെറും അൻപതുവർഷത്തിനുള്ളിൽ ഉരുത്തിരിഞ്ഞതാണെങ്കിലും ഇന്ന് ഏറ്റവുമധികം പ്രയോഗിക്കപ്പെടുന്ന ഒരു പഠനഡിസൈനായി അത് വളർന്നു. കമ്പ്യൂട്ടർ സയൻസിന്റെ പെട്ടെന്നുള്ള കുതിപ്പ് മൾട്ടിസെന്റ്രിക് പഠനങ്ങൾ യാഥാർത്ഥ്യമാക്കി. ആർ സി റ്റി കൾ ശരിയായ നൈതികനിയമങ്ങൾക്കകത്ത് ക്രമപ്പെടുത്താനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. മെഡിക്കൽ ഗവേഷണം മനുഷ്യാവകാശങ്ങൾക്ക് ഒരു തരത്തിലും വിഘാതമാകരുത് എന്ന തത്വം ഇന്ന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ‘മെറ്റാ അനാലിസിസ്’ പോലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതങ്ങൾ പുതുതായി ഉണ്ടായി. എപ്പിജെനെറ്റിക് എപ്പിഡെമിയോളജിയും മെൻഡീലിയൻ റാൻഡമൈസേഷൻ പഠനങ്ങളും ജനിച്ചു.

അറിവിന്റെയും പ്രയോഗത്തിന്റെയും മുന്നോട്ടുള്ള ഗതിക്കിടയിലും ഇടർച്ചകൾ ഉണ്ടാകും. അങ്ങിനെയുള്ള ഒരു കാലത്താണ് ഈ പുസ്തകം എഴുതുന്നത്. പുതുതായി ഉദയം ചെയ്ത ഒരു വൈറസ് ലോകത്തെയാകമാനം വീടുകളിൽ തളച്ചിടും എന്നത് ആരും തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു. എങ്കിലും വളരെ പെട്ടെന്ന്തന്നെ പ്രതികരിക്കാനും ഉൾക്കാഴ്ചയോടുകൂടി ഈ രോഗത്തിനെ നേരിടാനും ലോകം ശ്രമിക്കുന്നു എന്നത് ആശയുളവാക്കുന്നു. ഈ ശ്രമത്തിൽ എപ്പിഡെമിയോളജി എന്ന സയൻസ് മനുഷ്യന്റെ ഒരു പ്രധാന ഉപകരണമാകുന്നതെങ്ങിനെ എന്ന് ചുരുക്കി പറയാനാണ് ഈ പുസ്തകം ഉദ്യമിച്ചിരിക്കുന്നത്. 


ആരോഗ്യത്തിന്റെ  സാമൂഹ്യനിർണ്ണായകങ്ങൾ (സോഷ്യൽ ഡെറ്റർമിനന്റ്സ് ഓഫ് ഹെൽത്ത്)

എപ്പിഡെമിയോളജിയുടെ ഒരു പ്രത്യേകത, അത് ഭൗതികവിജ്ഞാനത്തിന്റെയും, സാമൂഹ്യവിജ്ഞാനത്തിന്റെയും അതിരുകൾ ഭേദിച്ചുകൊണ്ട് അറിവിന്റെ ഒരു മേഖല സൃഷ്ടിക്കുന്നു എന്നതാണ്. അതുകൊണ്ടാണ് അത് പൊതുജനാരോഗ്യം എന്ന വൈജ്ഞാനികശാഖയുടെ അടിസ്ഥാനശാസ്ത്രമാകുന്നത്. രോഗവും ജീവിതചുറ്റുപാടുകളുമായി അഭേദ്യമായ ബന്ധമുണ്ടെന്നുള്ളത് ഒരു പുതിയ അറിവല്ല. ഹിപ്പോക്രറ്റസിന്റെ കാലം മുതൽ പാശ്ചാത്യവൈദ്യശാസ്ത്രവും, ഇന്ത്യയിൽ തന്നെ ആയുർവേദവും, രോഗിയുടെ ജീവിത പശ്ചാത്തലത്തെക്കുറിച്ചുള്ള അറിവ് ചികിത്സകന് എത്രത്തോളം പ്രധാനമാണ് എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മനിയിൽ റുഡോൾഫ് ഫെർക്കോവ് ഈ ബന്ധം എടുത്തുപറഞ്ഞ ഒരു ശാസ്ത്രജ്ഞനാണ്. മേൽ സൈലേഷ്യ എന്ന പ്രദേശത്തെ ടൈഫസ് എപ്പിഡെമിക്കിന്റെക്കുറിച്ച് പഠിക്കാൻ നിയുക്തനായ അദ്ദേഹം, രോഗകാരണങ്ങളായി കണ്ടെത്തിയത് ദാരിദ്ര്യം, വൃത്തിശൂന്യമായ പരിസരം, പോഷണക്കുറവ്, തിങ്ങിപ്പാർക്കൽ എന്നിങ്ങനെ ജീവശാസ്ത്രത്തിനുപുറത്തുള്ള ചില ഘടകങ്ങളെയാണ്. ‘വൈദ്യം സാമൂഹ്യവിജ്ഞാനമാണ്; രാഷ്ട്രീയം എന്നത് വലുതായി എഴുതപ്പെട്ട വൈദ്യവിജ്ഞാനമാണ്’ എന്ന അദ്ദേഹത്തിന്റെ വാക്യം പ്രശസ്തമാണ്.

ഇരുപതാം നൂറ്റാണ്ടിൽ നാം കണ്ടത് സാമൂഹ്യാനീതികൾ കുറക്കാനുള്ള ശ്രമങ്ങൾ ഭരണകൂടങ്ങൾ നടത്തുന്ന അവസരങ്ങളിലെല്ലാം ആ സമൂഹങ്ങളുടെ ആരോഗ്യാവസ്ഥ മെച്ചപ്പെടുന്നതായാണ്. റഷ്യയിൽ ബോൽഷെവിക് വിപ്ലവത്തിനുശേഷവും ചൈനീസ് വിപ്ലവത്തിനുശേഷവും വിയറ്റ്നാമിലും ഏറ്റവും പ്രധാനമായ ഒരു മാറ്റം ജനങ്ങളുടെ ആരോഗ്യസ്ഥിതിയിലും സാക്ഷരതയിലുമായിരുന്നു. ക്യൂബൻ വിപ്ലവത്തിനുശേഷം ക്യൂബയിലും ഇതുതന്നെ സംഭവിച്ചു. കോസ്റ്റാറിക്ക, ശ്രീലങ്ക എന്നീ ചെറിയ രാജ്യങ്ങളിലും സാമൂഹ്യമാറ്റം മെച്ചപ്പെട്ട ആരോഗ്യത്തിന്റെ പ്രാരംഭമായിരുന്നു. ഇതു തന്നെയാണ് ‘കേരളമാതൃക’ എന്ന് കൊണ്ടാടുന്ന നമ്മുടെ സംസ്ഥാനത്തിലും  സംഭവിച്ചത്. വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും കുതിപ്പും സ്ത്രീപുരുഷ അസമത്വങ്ങൾ പരിഹരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളും രാഷ്ട്രീയമായ അവകാശങ്ങളെക്കുറിച്ചുള്ള ബോധവും നമ്മുടെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെ ആധാരശിലകളായി എണ്ണപ്പെടുന്നു.

ഈ അറിവുകൾ എപ്പിഡെമിയോളജിയിലും പ്രതിഫലിച്ചിട്ടുണ്ട്. തോമസ് മക്കിയോണിന്റെ ‘ദി റോൾ ഒഫ് മെഡിസിൻ’ എന്ന ഗ്രന്ഥത്തിൽ, ബ്രിട്ടനിലെ മരണനിരക്കിൽ പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഉണ്ടായ മാറ്റങ്ങളെ പ്രതിപാദിക്കുന്നു. അദ്ദേഹത്തിന്റെ പ്രധാന നിഗമനം മരണനിരക്കുകൾ കുറഞ്ഞത് കൂടുതൽ മെച്ചപ്പെട്ട കൃഷിരീതികളിൽകൂടി പോഷകാഹരത്തിന്റെ ലഭ്യത വർദ്ധിചത്, ജനങ്ങളുടെ പ്രതിശീർഷവരുമാനം ക്രമേണ ഉയർന്നത്, വിദ്യാഭ്യാസനിലവാരത്തിന്റെ ഉയർച്ച തുടങ്ങിയ സാമൂഹ്യപ്രവണതകളാണ് ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളെക്കാൾ മരണനിരക്കിനെ കുറച്ചു കൊണ്ടുവന്നത് എന്നുള്ളതാണ്. ബ്രിട്ടനിൽ പലവർഷങ്ങൾക്ക് മുൻപുതന്നെ പ്രസിദ്ധപ്പെടുത്തിയ ‘ബ്ലാക്ക് റിപ്പോർട്ടി’ൽ, സമൂഹത്തിൽ വരുമാനത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ആരോഗ്യത്തിൽ വരുത്തുന്ന മാറ്റങ്ങളെ സൂചിപ്പിച്ചു. പിന്നീട് മൈക്കേൽ മാർമട്ടിന്റെ റിപ്പോർട്ടിലും ഇതു പറയുകയും അന്താരഷ്ട്രത്തലത്തിൽ ഇത് ചർച്ചാവിഷയമാകുകയും ചെയ്തു. കേരളത്തിൽതന്നെ ശാസ്ത്രസാഹിത്യപരിഷത്ത് 1985ൽ നടത്തിയ ബൃഹത്തായ ആരോഗ്യസർവ്വേയിൽ നിന്നു പുറത്തുവന്ന സന്ദേശം നമ്മുടെ നാട്ടിലും  സാമൂഹ്യപദവിയും ആരോഗ്യാവസ്ഥയുമായി അഭേദ്യമായ ബന്ധമുണ്ട് എന്നുതന്നെയാണ്. ദാരിദ്ര്യമാണ് മിക്കവാറും എല്ലാ രോഗങ്ങൾക്കുമുള്ള പ്രധാന സാധ്യതാഘടകം എന്നതാണ് ഇതെല്ലാം നമ്മോടു പറയുന്നത്. ലെസ്ലീ ഡൊയാളിന്റെ ‘പൊളിറ്റിക്കൽ ഇക്കോണമി ഓഫ് ഹെൽത്ത്’ എന്ന പ്രശസ്ത ഗ്രന്ഥം ആരോഗ്യത്തിന്റെ രാഷ്ട്രീയം അന്താരാഷ്ട്രതലത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുകയുണ്ടായി. അമേരിക്കയിലും വംശത്തിന്റെ അടിസ്ഥാനത്തിലുള്ള ആരോഗ്യ അസന്തുലിതാവസ്ഥകൾ പഠനവിഷയമായിട്ടുണ്ട്. തുടർന്നുള്ള ചർച്ചകളാണ് ‘മില്ലിനിയം വികസനലക്ഷ്യങ്ങളു’ം ‘സസ്റ്റൈനബിൾ വികസനലക്ഷ്യങ്ങളു’ം ലോകരാഷ്ട്രങ്ങൾ അംഗീകരിക്കുന്നതിലേക്ക് നയിച്ചത്. ഇവ രണ്ടും ലോകപുരോഗതിയിലേക്കുള്ള പാതയിൽ രാഷ്ട്രങ്ങൾ കൈവരിക്കേണ്ട നേട്ടങ്ങളുടെ നാഴികക്കല്ലുകളെയാണ് സൂചിപ്പിക്കുന്നത്. ഈ ലക്ഷ്യങ്ങളിൽ പലതും ആരോഗ്യസംബന്ധിയായവ ആണെന്നുള്ളത് യാദൃച്ഛികമല്ല. 2005ൽ ലോകാരോഗ്യസംഘടന മുൻകൈ എടുത്തു സൃഷ്ടിച്ച ‘ആരോഗ്യത്തിന്റെ സാമൂഹ്യനിർണ്ണായകങ്ങളെ’ പറ്റിയുള്ള കമ്മിഷൻ ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ജനങ്ങളുടെ ആരോഗ്യനില ഒരു വലിയ അളവിൽ അവരുടെ ജീവിതസാഹചര്യങ്ങൾ, വരുമാനം, ലിംഗം, സാമൂഹ്യശ്രേണിയിലുള്ള പദവി, സാമൂഹ്യമായ ഒഴിവാക്കൽ, ഗവണ്മെന്റ് നയങ്ങൾ, ആഗോളവൽക്കരണത്തിന്റെ അനന്തരഫലങ്ങൾ, വിപണിയുടെ പ്രവർത്തനം എന്നിങ്ങനെ സാമൂഹ്യാവസ്ഥകളുമായി ബന്ധപ്പെട്ടവയാണെന്നതായിരുന്നു റിപ്പോർട്ടിന്റെ രത്നച്ചുരുക്കം. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും രണ്ടാം യു പി ഏ സർക്കാരിന്റെ കാലത്ത് ‘സോഷ്യൽ ഡിറ്റർമിനന്റ്സ് ഓഫ് ഹെൽത്തി’നു വേണ്ടി ഒരു കമ്മിഷനെ നിയമിക്കുകയും അവർ ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. അങ്ങിനെ വർഷങ്ങളായി പല രാജ്യങ്ങളിലായി സാമൂഹ്യശാസ്ത്രജ്ഞന്മാരും ആക്റ്റിവിസ്റ്റുകളും മറ്റും ആവർത്തിച്ചുകൊണ്ടിരുന്നത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.


എപ്പിഡെമിയോളജിയും ഡാറ്റ സയൻസും

എപ്പിഡെമിയോളജിയുടെ വളർച്ചയിൽ സ്റ്റാറ്റിസ്റ്റിക്സ് വഹിച്ച പങ്കിനെക്കുറിച്ച് സൂചിപ്പിച്ചുവല്ലോ. ‘ബയോസ്റ്റാറ്റിസ്റ്റിക്സ്’ എന്ന ശാസ്ത്രശാഖതന്നെ ഈ ഉഭയബന്ധത്തിന്റെ ഒരു സൃഷ്ടിയാണ്. അടുത്തകാലത്തായി സമാന്തരമായി വളർന്നുവന്നിട്ടുള്ള അറിവിന്റെ മേഖലയാണ് ‘ഡാറ്റ സയൻസ്’. (ഇന്നും അത് പൂർണ്ണമായി എന്താണ് എന്നുള്ളതിനെക്കുറിച്ച് ഒരു പൊതുധാരണ ഉണ്ടായിട്ടില്ല എന്നു പറയാം; പലരും പല അർത്ഥത്തിൽ പ്രയോഗിച്ചുകാണുന്നുണ്ട്). പൊതുവേ പറഞ്ഞാൽ വിവരസാങ്കേതികവിദ്യയിലുണ്ടായിട്ടുള്ള വിപ്ലവം മുൻപെങ്ങുമുണ്ടായിട്ടില്ലാത്തവിധം വിവരശേഖരണത്തിനുള്ള നമ്മുടെ അവസരങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് ലഭ്യമായ വിപുലമായ വിവരശേഖരത്തെ ജീവിതനിലവാരം ഉയർത്തുന്ന വിധത്തിൽ പ്രയോഗിക്കാൻ കഴിയുന്ന സങ്കേതങ്ങളെയാണ് മൊത്തത്തിൽ ‘ഡാറ്റ സയൻസു’കൊണ്ട് ഉദ്ദേശിക്കുന്നത്. സംഖ്യാശാസ്ത്രത്തിന്റെയും (സ്റ്റാറ്റിസ്റ്റിക്സ്), കമ്പ്യൂട്ടിങ്ങിനെയും (പ്രോഗ്രാമിങ്ങ്) ഒരു സങ്കരസൃഷ്ടിയാണ് ഡാറ്റാ സയൻസ് എന്നു പറയാം. ‘ഡാറ്റ സയൻസിന്റെ പ്രയോഗത്തിന് പ്രോഗ്രാമർമാരെക്കാൾ കൂടുതൽ സ്റ്റാറ്റിസ്റ്റിക്സും, സ്റ്റാറ്റിസ്റ്റീഷ്യന്മാരെക്കാൾ കൂടുതൽ പ്രോഗ്രാമിങ്ങും അറിഞ്ഞിരിക്കണം’ എന്നു പറയാറുണ്ട്.

എപ്പിഡെമിയോളജിയിലും ഡാറ്റാ സയൻസിന്റെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഒരു ഉദാഹരണം അടുത്തിടയുണ്ടായ ഒരു സംഭവമാണ്. ഗൂഗീളിൽ കൂടുതൽ ആളുകൾ ജലദോഷപ്പനിയുടെ മരുന്നിനെപ്പറ്റി തെരഞ്ഞത് ഒരു സൂചനയായി എടുത്ത് ഇൻഫ്ലുവെൻസയുടെ ഒരു എപ്പിഡെമിക് ആരംഭിച്ചിട്ടുണ്ട് എന്ന് പ്രവചിക്കാൻ കഴിഞ്ഞു. ഔദ്യോഗികമായി ഈ എപ്പിഡെമിക്കിന്റെ ആവിർഭാവം സ്ഥിരീകരിക്കുന്നതിനുമുൻപ് ഡാറ്റ സയൻസ് സങ്കേതങ്ങൾ ഉപയോഗിച്ച് ഇതിനു കഴിഞ്ഞു എന്നത് പ്രധാനമാണ്. ഇപ്പോഴത്തെ കോവിഡ് പാൻഡെമിക്കിന്റെ കാലത്ത് മുൻപെന്നുമില്ലാത്ത വിധം ലോകമെമ്പാടുനിന്നും രോഗവ്യാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവർക്കും ലഭ്യമാണ്. ഇതുപയോഗിച്ച് പല പ്രവചനങ്ങളും അനൗദ്യോഗികമായും ഔദ്യോഗികമായും നടത്തിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടിങ്ങിലെ ‘ഓപ്പൻ സോഴ്സ്’ മൂവ്മെന്റും ഇതിനു സഹായകമായിട്ടുണ്ട്.

ഡാറ്റ സയൻസ് ആരോഗ്യമേഖലയിൽ ഏറ്റവുമധികം സ്വാധീനം ഉണ്ടാക്കാൻ പോകുന്നത് ഒരു പക്ഷേ ഇമേജ് പ്രൊസസ്സിംഗ്- പല തരത്തിലുള്ള മെഡിക്കൽ പ്രതിബിംബങ്ങളെ അപഗ്രഥിച്ച് തരം തിരിക്കുന്ന പ്രക്രിയ- മേഖലയിലായിരിക്കും. ഇപ്പോൾ തന്നെ സി റ്റി സ്കാനുകളിലും മറ്റും മനുഷ്യസഹായമില്ലാതെ കൃത്യമായി രോഗനിർണ്ണയം നടത്താൻ പറ്റുന്ന കമ്പ്യൂട്ടർ അൽഗൊരിഥങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റെറ്റിനൽ സ്കാൻ (കണ്ണിന്റെ നേത്രാന്തരപടലത്തിന്റെ സ്കാൻ) ചിത്രങ്ങൾ സൂക്ഷമായി അപഗ്രഥിച്ച് രോഗനിർണ്ണയം നടത്തുന്ന അൽഗൊരിഥങ്ങൾ ഇപ്പോൾ ലോകത്തിന്റെ പല ഭാഗത്തും പരീക്ഷണവിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഇതിനായുള്ള ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ‘മെഷീൻ ലേർണിംഗ്’ (യന്ത്രജ്ഞാനം) എന്ന നിർമ്മിതബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള സങ്കേതമാണ് ഇതിനായി ഉപയോഗിക്കുന്നത്. വളരെ വൈകുന്നതിനുമുൻപെ ഇത്തരത്തിലുള്ള സാങ്കേതികവിദ്യ സർവസാധാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടുകൂടി മെഡിക്കൽ പ്രാക്റ്റീസിൽ ഇന്നു മനുഷ്യൻ ചെയ്യുന്ന പല കാര്യങ്ങളും ഏറ്റെടുക്കാൻ കമ്പ്യൂട്ടറുകൾക്ക് കഴിയും.

ജനിതകശ്രേണികളുടെ പഠനത്തിനും കമ്പ്യൂട്ടിംഗും വിവരസാങ്കേതികവിദ്യയും അനിവാര്യമാണ്. ‘കമ്പ്യൂട്ടേഷനൽ ബയോളജി’ എന്ന ശാസ്ത്രശാഖ ഈ പ്രയത്നത്തിൽ മുൻപന്തിയിൽ നിൽക്കുന്നു. കോവിഡ് പാൻഡെമിക്ക് ആരംഭിച്ചിട്ട് ചുരുക്കം മാസങ്ങൾ ആയപ്പോഴേക്കും വൈറസിന്റെ ജീനോമിനെ തരം തിരിച്ച് അതിന്റെ വ്യാപനത്തെക്കുറിച്ചുള്ള ഏകദേശധാരണയിലെത്താൻ കഴിഞ്ഞത് ജീനോം പഠനങ്ങളിൽ നിന്നാണ്. വാക്സിൻ നിർമ്മാണത്തിലും, പുതിയ മരുന്നുമോളിക്യൂളുകൾ ഉത്പാദിപ്പിക്കുന്നതിലും കമ്പ്യൂട്ടിങ്ങും ഡാറ്റ സയൻസും ഉപയോഗിക്കപ്പെടുന്നുണ്ട്. ഹെൽത്ത് സർവേകളിൽ വിവരസാങ്കേതികവിദ്യ വ്യാപകമായി കടന്നുവന്നിരിക്കുന്നു. മുൻപത്തെപോലെ പേപ്പറിൽ വിവരങ്ങൾ ശേഖരിക്കുന്ന സമ്പ്രദായം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്; അതിനു പകരം പഠനം നടത്തുന്നവർ ടാബ്ലറ്റ് കമ്പ്യൂട്ടറിലോ, മൊബൈൽ ഫോണിലോ വിവരങ്ങൾ ശേഖരിച്ച് അപ്പപ്പോൾതന്നെ ‘ക്ലൗഡ് സെർവറി’ലേക്ക് അപ്‌ലോഡ് ചെയ്യുകയാണ് ഇപ്പോൾ പതിവ്. വിവരങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ സൂപ്പർവൈസർക്ക് അപ്പോൾ തന്നെ ചൂണ്ടിക്കാണിക്കാനും തിരുത്താനും അവസരം കിട്ടുന്നു. ആരോഗ്യവിവരങ്ങൾ തുടർച്ചയായി ആശുപത്രികളിൽനിന്ന് ശേഖരിക്കുന്നതിനും, അത് വ്യക്തിഗതവിവരങ്ങളുമായി കൂട്ടിയിണക്കി ഓരോരുത്തരുടെയും ആരോഗ്യചരിത്രം രേഖപ്പെടുത്താനും സാധിക്കും. കേരളത്തിലും ഇന്ത്യയിലും ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. പക്ഷേ ഇതുമായി ബന്ധപ്പെട്ട് സ്വകാര്യതയുടെ ലംഘനം ഒരു സാധ്യതയായി ഉയർന്നുവരുന്നു. എങ്കിലും സ്വകാര്യതാലംഘനമില്ലാതെ വ്യക്തിയുടെ ആരോഗ്യവിവരങ്ങൾ ദീർഘകാലത്തേക്ക് സൂക്ഷിച്ച് വെയ്ക്കാൻ കഴിഞ്ഞാൽ പൊതുജനാരോഗ്യരംഗത്ത് വലിയനേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞെക്കും. ഇത് വലിയ ഒരു വെല്ലുവിളിയാണ്.


എന്തുകൊണ്ട് എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം – ലൂക്ക ഇ-ബുക്ക് ആയി ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.

ലേഖനങ്ങൾ ഒരുമിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലേഖനത്തിന്റെ എട്ടാംഭാഗം

 

ലേഖനത്തിന്റെ ഏഴാംഭാഗം

ലേഖനത്തിന്റെ ആറാംഭാഗം

ലേഖനത്തിന്റെ അഞ്ചാംഭാഗം വായിക്കാം

ലേഖനത്തിന്റെ നാലാം ഭാഗം വായിക്കാം

ലേഖനത്തിന്റെ മൂന്നാം ഭാഗം വായിക്കാം

ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാം

ലേഖനത്തിന്റെ ഒന്നാം ഭാഗം -വായിക്കാം

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഐറീൻ ക്യൂറിയ്ക്ക് ഇന്ന് 123-ാം പിറന്നാൾ
Next post 2020 സെപ്തംബറിലെ ആകാശം
Close