ഡോ. ഷാന ഷിറിൻ
വൈറോളജിയുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിക്കുന്ന ലേഖനപരമ്പയിലെ ആദ്യ ലേഖനം.
പകർച്ചവ്യാധികളുടെ ഒരു പ്രത്യേക വിഭാഗമാണ് വൈറസ് രോഗങ്ങൾ. വൈറസിന്റെ ലളിതമായ ഘടനയും പെരുകുന്ന രീതിയും അവയെ തികച്ചും വ്യത്യസ്തമാക്കുന്നു. അവ ഭൂമിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കളാണ്, മാത്രമല്ല, എല്ലാത്തരം സെല്ലുലാർ ജീവികളെയും ബാധിക്കുകയും ചെയ്യുന്നു. ലാറ്റിൻ ഭാഷയിൽ ‘വൈറസ്’ എന്ന വാക്കിന്റെ അർത്ഥം വിഷം എന്നാണ്. വ്യത്യസ്ത രാസസ്വഭാവങ്ങളുള്ള ഈ പ്രത്യേക ബയോളജിക്കൽ എന്റിറ്റികൾക്ക് ഈ പേര് നൽകുന്നതിന് മുൻപായി എല്ലാ ദോഷകരമായ ഏജന്റുകളെയും വൈറസ് എന്ന് വിളിച്ചിരുന്നു. വൈറസുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള ധാരണ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തന്നെ ലഭിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങളായി അറിയപ്പെടുന്ന പല മാരക രോഗങ്ങൾക്കും കാരണം വൈറസുകൾ തന്നെ എന്നും കണ്ടുപിടിച്ചിരിക്കുന്നു. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനുള്ള പ്രതിരോധ രീതികൾ കാര്യകാരണ ബന്ധങ്ങൾ പൂർണമായും അറിയാതെതന്നെ നാം കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന്, എഡ്വേർഡ് ജെന്നർ 1796 ൽ തന്നെ വാക്സിനേഷൻ വഴി വസൂരി (സ്മോൾ പോക്സ്) തടയുന്നതിനുള്ള ഫലപ്രദമായ ഒരു രീതി വികസിപ്പിച്ചെടുത്തു. ഇത് ഈ ഭയാനകമായ രോഗത്തിൽ നിന്ന് ആയിരക്കണക്കിന് ജീവൻ രക്ഷിച്ചു. 1979 ഓടെ ഈ രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാനും കഴിഞ്ഞു. എന്നാൽ ജെന്നറിന് അതിനു കാരണമായ സ്മാൾ പോക്സ് വൈറസുകളുടെ സ്വഭാവം അറിയില്ലായിരുന്നു.
ഏകദേശം 100 വർഷത്തിനുശേഷമാണ് 1885 ൽ ലൂയി പാസ്ചർ റാബിസിനെ പ്രതിരോധിക്കാന്‍ ഒരു വാക്സിൻ കണ്ടുപിടിച്ചത്. റാബിസിന് കാരണമാകുന്ന വൈറസിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ആദ്യത്തെ സൂചന ലഭിച്ചത് പാസ്ചറിന്റെ ലബോറട്ടറിയിലാണ്. ബാക്റ്റീരിയകൾ കടന്നുപോകുന്നത് തടഞ്ഞ അരിപ്പയ്ക്ക് ഈ പകർച്ചവ്യാധിയെ തടയാൻ കഴിയില്ലെന്ന് ചാൾസ് ചേംബർലാൻഡ് കണ്ടെത്തി. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളോടടുപ്പിച്ച് ബാക്ടീരിയയേക്കാൾ വലുപ്പം കുറഞ്ഞ ഒരു പുതിയ തരം ബയോളജിക്കൽ ഏജന്റുകൾ മൃഗങ്ങളിലും മനുഷ്യരിലും രോഗങ്ങൾക്ക് കാരണമാകുമെന്ന് വ്യക്തമായി. ഇവയ്ക്ക് പൊതുവായി വൈറസ് എന്ന് പേര് നല്കി.
1932 ൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിക്കുന്നതുവരെ നമുക്ക് വൈറസുകളുടെ രൂപത്തെയും ഘടനയെയും കുറിച്ചുള്ള അറിവ് നാമമാത്രമായിരുന്നു. വൈറസുകളുടെ വലുതും വ്യക്തവുമായ ചിത്രങ്ങൾ നിർമ്മിക്കാൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് വളരെയധികം സഹായിച്ചു. വൈറസുകളുടെ രാസ സ്വഭാവത്തെക്കുറിച്ചുള്ള ആദ്യത്തെ സൂചന ലഭിച്ചത് ഡബ്ല്യു.എം. സ്റ്റാൻലി (1935) പുകയില മൊസൈക് വൈറസ് ഒരു ക്രിസ്റ്റലൈസബിൾ പ്രോട്ടീൻ ആണെന്ന് റിപ്പോർട്ട് ചെയ്തപ്പോളാണ്. അധികം താമസിക്കാതെ ടിഎംവിയിൽ പ്രോട്ടീന് പുറമേ ചെറുതാണെങ്കിലും എന്നാൽ സ്ഥിരവുമായ റൈബോന്യൂക്ലിക് ആസിഡ് (ആർഎൻഎ) അടങ്ങിയിരിക്കുന്നതായി ബോഡനും പിറിയും കണ്ടെത്തി. അതിനാൽ, രാസഘടനയെ സംബന്ധിച്ചിടത്തോളം വൈറസുകൾ ന്യൂക്ലിയോപ്രോട്ടീൻ എന്നറിയപ്പെട്ടു. വൈറസുകൾ ഒബ്ലിഗേറ്റ് പരോപജീവികളായതിനാൽ കൃത്രിമമായി വളർത്താൻ കഴിയില്ല. ഇത് വൈറസ് ഗവേഷണത്തിലെ ഒരു പരിമിതിയായി. ബീജസങ്കലനം ചെയ്ത കോഴിമുട്ടയിൽ ചില വൈറസുകൾ കൾച്ചർ ചെയ്യാമെന്ന് കണ്ടെത്തിയപ്പോൾ ഒരു മുന്നേറ്റമുണ്ടായി. പിന്നീട്, വളരുന്ന വൈറസുകൾക്ക് അനുയോജ്യമായ ഒരു മാധ്യമമായി അനിമൽ സെൽ കൾച്ചർ ഉപയോഗിച്ചു.
വൈറസുകൾ ചരിത്രത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന്: എ.ഡി. 150 മുതൽ 180 വരെയും എ.ഡി. 251 മുതൽ 266 വരെയും പ്രത്യക്ഷപ്പെട്ട എലിപ്പനി, വസൂരി രോഗങ്ങൾ എന്നിവ റോമൻ സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണമായി. മെക്സിക്കോയിലെ ആസ്ടെക് സാമ്രാജ്യം 1520 കളിൽ സ്പാനിഷുകാരനായ ഹെർനാൻ കോർട്ടസ് പിടിച്ചെടുത്തു. സ്പാനിഷ് സൈന്യത്തിന്റെ മികച്ച ആയുധങ്ങളും മെക്സിക്കോ നഗരത്തെ നശിപ്പിച്ച വസൂരി പകർച്ചവ്യാധിയുമാണ് ഇതു സാധ്യമാക്കിയത്.
വൈറസുകളുടെ ചില പ്രത്യേകതകൾ
- വൈറസുകൾക്ക് അവരുടേതായ ഉപാപചയ പ്രവർത്തനങ്ങളില്ലാത്തതിനാലും കോശങ്ങളുടെ മെറ്റബോളിസം ഉപയോഗിക്കുന്നതിനാലും ആന്റിബയോട്ടിക്കുകൾക്ക് അവയിൽ യാതൊരു സ്വാധീനവുമില്ല.
- അവ ജീവനുള്ള ആതിഥേയ കോശങ്ങൾക്കുള്ളിൽ മാത്രം പെരുകുകയും പുറത്ത് പ്രവർത്തനരഹിതമായി തുടരുകയും ചെയ്യുന്നു.
- വൈറസിന്റെ ജനിതക വസ്തു, ഒന്നുകിൽ ഡിഎൻഎ അല്ലെങ്കിൽ ആർഎൻഎ ആകാം. രണ്ട് ന്യൂക്ലിക് ആസിഡുകൾ ഒരിക്കലും ഒരു വൈറസിൽ ഉണ്ടാകില്ല. വൈറസിന്റെ ഈ ന്യൂക്ലിക് ആസിഡുകളാണ് പകർച്ചവ്യാധികൾക്കു കാരണമുന്നയ്.
- വൈറസുകൾ അതീവ സൂക്ഷ്മമാണ്, അവയെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയൂ. അറിയപ്പെടുന്ന ഏറ്റവും ചെറിയ വൈറസ് വെറും 0.002 മൈക്രോ മീറ്റർ വ്യാസമുള്ളതാണ്, അതേസമയം ഏറ്റവും വലിയവ 0.8 മൈക്രോ മീറ്റർ വ്യാസമുള്ളവയും. ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊന്നാണ് ഒരു മൈക്രോ മീറ്റർ.
- വൈറസ് രോഗബാധയുള്ള ഒരാളിൽ നിന്ന് വിവിധ മാധ്യമങ്ങളിലൂടെ ഇതു മറ്റൊരാൾക്ക് പകരാം. ഒരു വ്യക്തിയിൽ നിന്ന് (അല്ലെങ്കിൽ ഹോസ്റ്റിൽ നിന്ന്) മറ്റൊരാളിലേക്ക് പകരാനുള്ള വൈറസിന്റെ കഴിവ് വ്യത്യസ്തമാണ്. ഇൻകുബേഷൻ കാലയളവ് എന്നത് ഒരു വൈറസ് എക്സ്പോഷറും രോഗലക്ഷണങ്ങളുടെ ആവിർഭാവവും തമ്മിലുള്ള സമയത്തെ സൂചിപ്പിക്കുന്നു. ഒരു വൈറസിന്റെ പകർച്ചവ്യാധി കാലഘട്ടവും ഇൻകുബേഷൻ കാലഘട്ടവും ഒന്നാവണമെന്നില്ല. അണുബാധ എപ്പോൾ, എവിടെയാണ് സംഭവിച്ചതെന്ന് അറിയാൻ ഇൻകുബേഷൻ കാലയളവ് നിർണ്ണായകമാണ്. ഒരു വ്യക്തിയെ എത്രനാൾ ക്വാറന്റൈൻ ചെയ്യണമെന്ന് നിർണ്ണയിക്കാനും ഇത് സഹായിക്കുന്നു.
ന്യൂക്ലിക് ആസിഡിനെ അടിസ്ഥാനമാക്കി വൈറസുകളെ 2 ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവ രണ്ടും വീണ്ടും ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
ഫാമിലി | RNA വൈറസുകളുടെ ഉദാഹരങ്ങൾ |
പികോർണ വിറിഡേ | പോളിയോ വൈറസ്
ഹെപ്പറ്റൈറ്റിസ് A റൈനോ വൈറസ് |
കാൽസി വിറിഡേ | ഹെപ്പറ്റൈറ്റിസ് E |
ടോഗ വിറിഡേ | റൂബെല്ല വൈറസ് |
ഫ്ലാവി വിറിഡേ | യെല്ലോ ഫീവർ, ഡെങ്കു,
വെസ്റ്റ് നൈൽ, ഹെപ്പറ്റൈറ്റിസ് C |
കൊറോണ വിറിഡേ | കൊറോണ വൈറസുകൾ |
റാബ്‌ഡോ വിറിഡേ | റാബീസ് വൈറസ് |
ഫൈലോ വിറിഡേ | എബോള വൈറസ് |
പാരാമിക്സോ വിറിഡേ | മുംപ്സ്, മീസിൽസ്
പാരാ ഇൻഫ്ലുൻസ വൈറസ് |
ഓർത്തോമിക്സോ വിറിഡേ | ഇൻഫ്ലുൻസ A,B,C |
ബുന്യ വിറിഡേ | സാൻഡ്‌ഫ്‌ലൈ വൈറസ് |
അരേന വിറിഡേ | ലാസ്സ ഫീവർ വൈറസ് |
റിയോ വിറിഡേ | റോട്ട വൈറസ്, റിയോ വൈറസ് |
റിട്രോ വിറിഡേ | എച് ഐ വി വൈറസ് |
ഫാമിലി | DNA വൈറസുകളുടെ ഉദാഹരങ്ങൾ |
പോക്സ് വിറിഡേ | വേരിയോള , വാക്‌സിനിയ വൈറസ്, മോളുസ്ക്കും കോൺടെജിയോസും വൈറസ് |
പാപോ വിറിഡേ | ഹ്യൂമൻ പാപ്പിലോമാ വൈറസ് |
പാർവോ വിറിഡേ | പാർവോ വൈറസ് |
ഹെർപീസ് വിറിഡേ | ഹെർപീസ് സിംപ്ലെക്സ് വൈറസ്, വെരിസെല്ല സോസ്റ്റർ വൈറസ്, എബ്സ്റ്റീൻ ബാർ വൈറസ് |
ഹെപാദിന വിറിഡേ | ഹെപ്പറ്റൈറ്റിസ് B വൈറസ് |
അഡിനോ വിറിഡേ | അഡിനോ വൈറസ് |
വൈറസുകൾ പലവിധത്തിൽ പകരാം. സ്പർശനം, ഉമിനീർ തുള്ളികൾ എന്നിവയിലൂടെയും വായുവിലൂടെയും ചിലത് പകരാം. ലൈംഗികബന്ധത്തിലൂടെയോ മലിനമായ സൂചികൾ പങ്കിടുന്നതിലൂടെയോ ചില വൈറസുകൾ പകരും. കൊതുകുകൾ ഉൾപ്പെടെയുള്ള പ്രാണികൾക്ക് വെക്ടറുകളായി (രോഗവാഹകരായി) പ്രവർത്തിക്കാൻ കഴിയും. ഇവ ഒരു ഹോസ്റ്റിൽ നിന്ന് മറ്റൊന്നിലേക്ക് വൈറസ് പകർത്തുന്നു. മലിനമായ ഭക്ഷണവും വെള്ളവും വൈറൽ അണുബാധയുടെ മറ്റ് ഉറവിടങ്ങളാണ്. പ്രതിവിധിയേക്കാൾ നല്ലതു പ്രതിരോധമാണ്.
അപ്പോൾ വൈറൽ രോഗങ്ങൾ എങ്ങനെയൊക്കെ തടയാൻ പറ്റും?
- ഒന്നാമതായി, രോഗത്തെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അത് എങ്ങനെ തടയാം എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.
- പതിവായി സോപ്പ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക.
- ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടുക
- രോഗം ബാധിച്ച വ്യക്തികളുമായി സമ്പർക്കം ഒഴിവാക്കുക
- ഫർണിച്ചറുകൾ, വസ്ത്രങ്ങൾ എന്നിവ അണുവിമുക്തമാക്കുക.
- കണ്ണുകൾ, മൂക്ക്, വായ, മുഖം എന്നിവ സ്പർശിക്കാതിരിക്കുക.
- പൊതു ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, പാർക്കുകൾ എന്നിവയിലൂടെ വൈറസുകൾ പടരാം എന്നതിനായ അവ ഒഴിവാക്കുക
- കാറുകളും ലിഫ്റ്റുകളും പോലുള്ള അടഞ്ഞ ഇടങ്ങൾ വൈറസ് വ്യാപനം എളുപ്പമാക്കുന്നു എന്നോർക്കുക.
- ഒന്നിലധികം ലൈംഗികപങ്കാളികളിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഒരാൾക്ക് ലൈംഗികമായി പകരുന്ന വൈറൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. കോണ്ടം ഉപയോഗിക്കുന്നതും അപകടസാധ്യത കുറയ്ക്കുന്നു.
- പ്രതിരോധ കുത്തിവയ്പ്പുകൾ ഒരു പ്രധാന മെഡിക്കൽ കണ്ടെത്തലാണ്. മീസിൽസ്, മംപ്സ്, റുബെല്ല, ചിക്കൻപോക്സ്, ഫ്ലൂ തുടങ്ങിയ ചില വൈറൽ രോഗങ്ങൾക്ക് വാക്സിനുകൾ നിലവിലുണ്ട്. അവ ആ രോഗങ്ങളിൽ നിന്ന് സംരക്ഷണം നല്കുന്നതിന് സഹായിക്കുന്നു.
പല വൈറൽ അണുബാധകളും ചികിത്സയില്ലാതെ സ്വയം പരിഹരിക്കപ്പെടുന്നു. മറ്റ് സമയങ്ങളിൽ, വൈറൽ അണുബാധയ്ക്കുള്ള ചികിത്സ വൈറസിനെതിരെ നേരിട്ട് പോരാടാതെ രോഗലക്ഷണ പരിഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വൈറസുകളിൽ നേരിട്ട് പ്രവർത്തിക്കുന്ന ചില മരുന്നുകളുമുണ്ട്. ഇവയെ ആന്റിവൈറൽ മരുന്നുകൾ എന്ന് വിളിക്കുന്നു. വൈറസ് കണങ്ങളുടെ ഉത്പാദനം തടയുന്നതിലൂടെയോ ഹോസ്റ്റ് സെല്ലിലേക്ക് വൈറസ്പ്രവേശിക്കുന്നത് തടയുന്നതിലൂടെയോ അവ പ്രവർത്തിക്കുന്നു.
(തുടരും)- അടുത്ത ലേഖനത്തില്‍ എബോള വൈറസിനെക്കുറിച്ച് വായിക്കാം.
ഡോ. ഷാന ഷിറിൻ – എം.ഡി കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥിനി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി
പരമ്പരയില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍
1 | വൈറോളജിക്ക് ഒരാമുഖം | ഡോ. ഷാന ഷിറിൻ |
2 | എബോള വൈറസ് | ഡോ. സ്റ്റെഫി ആൻ വര്‍ഗീസ് |
3 | നിപ വൈറസ് | ഡോ. സ്നേഹ ജോർജി |
4 | സാര്‍സ് വൈറസ് |
ഡോ. ബേസിൽ സാജു |