Read Time:22 Minute

ഇന്റർനെറ്റിലെ പരസ്യങ്ങൾ

ഇന്റർനെറ്റിലെ പരസ്യങ്ങളും നമുക്ക് പരിചിതമായ മറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ് ?

നമ്മൾ നിത്യേന ഉപയോഗിക്കുന്ന ബ്രൗസർ, ഇമെയിൽ, ചാറ്റ്, സെർച്ച് എൻജിൻ എന്നിങ്ങനെ പല സോഫ്റ്റ്‌വെയറുകളും, അവയിലൂടെ നമുക്ക് ലഭ്യമാകുന്ന സേവനങ്ങളും സൗജന്യമായി ലഭിക്കുന്നവയാണ്. ഈ സോഫ്റ്റ്‌വെയറുകളും സേവനങ്ങളും വികസിപ്പിച്ചെടുത്ത സ്വകാര്യ കമ്പനികകൾക്ക്,  ഇവ ലഭ്യമാക്കുന്നതിന് വലിയ ചിലവുണ്ട്. സ്വകാര്യ കമ്പനികളുടെ ആത്യന്തികമായ ലക്ഷ്യം ലാഭമുണ്ടാക്കലാണെന്നിരിക്കെ അവരുടെ ഉത്പന്നങ്ങളെല്ലാം സൗജന്യമായി കൊടുത്ത് ഈ കമ്പനികളെങ്ങനെ ലാഭമുണ്ടാക്കും?

പരസ്യങ്ങളിലൂടെ എന്നതാണ് ആ ചോദ്യത്തിന്റെ ശരിയുത്തരം. നേരത്തെ പറഞ്ഞ സേവനങ്ങൾ ലഭ്യമാക്കുന്ന ചില ഭീമൻ കമ്പനികൾ പരസ്യത്തിലൂടെ നേടുന്ന വരുമാനം എത്രയാണെന്ന് അറിയേണ്ടേ? 2023 മൂന്നാം പാദത്തിൽ (3rd quarter), ഗൂഗിൾ നേടിയത് 59.6 ബില്യൺ ഡോളറാണ് (4.76 ലക്ഷം കോടി രൂപ). ഫേസ്ബുക്കിന്റെ ഉടമസ്ഥരായ ‘മെറ്റ’ ഇക്കൊല്ലം നാലാം പാദത്തിൽ (4th quarter) പരസ്യങ്ങളിലൂടെ 40 ബില്യൺ ഡോളറാണ് (3.2 ലക്ഷം കോടി രൂപ) വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇത്ര ഭീമമായ തുകകൾ  ഇവർക്കെങ്ങിനെയാണ് പരസ്യങ്ങളിലൂടെ നേടിയെടുക്കാൻ പറ്റുന്നത്?

ആ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കാനായി ഇന്റർനെറ്റിലെ പരസ്യങ്ങളും നമുക്ക് പരിചിതമായ മറ്റ് മാധ്യമങ്ങളിലെ പരസ്യങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് നോക്കാം.

വഴിയരികിലെ ബോർഡുകൾ, ദിനപത്രങ്ങൾ, ടീവി ഇവയിലൂടെ വരുന്ന പരസ്യങ്ങളെല്ലാം നൂറോ ആയിരമോ ലക്ഷമോ ആളുകൾക്ക്  ഒരേ സന്ദേശമാണ് (content) നൽകുന്നത്. ഈ പരസ്യങ്ങൾ കാണുന്ന ആളുകൾ അത് ശ്രദ്ധിക്കുന്നുണ്ടോ, അവർക്കതിൽ താല്പര്യമുണ്ടോ, അതിൽ ആരെയെല്ലാം ഈ പരസ്യങ്ങൾ വഴി സ്വാധീനിക്കാൻ കഴിയും എന്നൊന്നും കമ്പനികൾക്ക് കണിശമായി തിട്ടപ്പെടുത്താൻ കഴിയില്ല. മുൻപരിചയം വെച്ചും, ഉപഭോക്‌തൃ സർവ്വേകൾ നടത്തിയും, പൊതുവായ ചില സംഭാവ്യത കണക്കുകൾ വെച്ചുമാണ് കമ്പനികൾ ഇത്തരം പരസ്യങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

ഇത്തരം മാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് വ്യക്തിവത്കരിച്ച (personalized / customized) പരസ്യം അവതരിപ്പിക്കാനും, അത്തരമൊരു പരസ്യത്തിന് ഉപഭോക്താവിനെ സ്വാധീനിക്കാൻ കഴിഞ്ഞുവോ എന്ന് അളക്കാനുമുള്ള കഴിവാണ് ഇന്റർനെറ്റിലൂടെയുള്ള പരസ്യങ്ങളെ വ്യത്യസ്തമാക്കുന്നത്. ഇതിന് ലളിതമായ ഒരു ഉദാഹരണം നോക്കാം. ഞാൻ ഒരു നിഘണ്ടു വാങ്ങിക്കാനായി ഗൂഗിളിൽ “buy dictionary” എന്ന് സെർച്ച് ചെയ്യുന്നു എന്ന് കരുതുക. അതുമായി ബന്ധപ്പെട്ട് വരുന്ന സെർച്ച് റിസൾട്ടുകളുടെ കൂടെ “sponsored” എന്ന് രേഖപ്പെടുത്തിയ ചില ചിത്രങ്ങളും ലിങ്കുകളും പ്രദര്ശിപ്പിക്കപ്പെടും. താഴെ കാണുന്ന ചിത്രത്തിൽ ഇത് കാണാൻ കഴിയും.

അതിൽ ആമസോണിൽ ലഭ്യമായ ഓക്‌സ്‌ഫോർഡ് ഡിക്ഷണറിയുടെ ചിത്രത്തിനോട് ചേർന്നുള്ള ലിങ്ക് പരിശോധിച്ചാൽ, അതിന്റെ രൂപം https://www.amazon.in/Pocket-Oxford-English-Dictionary-Dictionaries/dp/0198700989/ref=asc_df_0198700989/?tag=googleshopdes-21& ആണെന്ന് കാണാം. ആ ലിങ്ക് ക്ലിക്ക് ചെയ്ത് ഞാൻ ആമസോണിൽ എത്തിയാൽ, അതിലെ “tag=googleshopdes-21” എന്ന ഭാഗം മൂലം നിഘണ്ടു വാങ്ങിക്കാൻ ഞാൻ അവിടെ എത്തിയത് എത്തിയത് ഗൂഗിൾ വഴിയാണെന്ന് ആമസോണിന് മനസിലാക്കാം. അത് പോലെ “buy dictionary” എന്ന സെർച്ച് മൈക്രോസോഫ്റ്റിന്റെ ബിങ് സൈറ്റിൽ ആണ് ചെയ്തതെങ്കിൽ അതിലെ സെർച്ച് റിസൾട്ടുകളുടെ തുടക്കത്തിൽ “Ad” എന്ന് രേഖപ്പെടുത്തിയ റിസൾട്ടുകൾ കാണാൻ കഴിയും (താഴത്തെ ചിത്രം). അതിലെ ആമസോണിന്റെ ലിങ്ക് പരിശോധിച്ചാൽ മൈക്രോസോഫ്റ്റ് വഴി അതിലേക്ക് എത്തി എന്ന് കുറിക്കുന്ന tag=msndeskstdin-21” ആ ലിങ്കിൽ ഉണ്ടെന്നും കാണാം.

ഇങ്ങനെ ഫലവത്താവുന്ന പരസ്യങ്ങൾക്കുള്ള തുക, സാധനങ്ങൾ വാങ്ങപ്പെടുന്നതിന് അനുസരിച്ചോ (pay-per-sale) അല്ലെങ്കിൽ ലിങ്കുകൾ വഴി ഉപഭോക്താക്കൾ അത്തരം സൈറ്റുകളിൽ എത്തുന്നതിന് അനുസരിച്ചോ (pay-per-click), കമ്പനികൾ ഈ സോഫ്റ്റ്‌വെയർ പ്ലാറ്റ്-ഫോമുകൾക്ക് നൽകും.

മേൽ പറഞ്ഞ ഉദാഹരണത്തിൽ ഒരു ഡിക്ഷണറി വാങ്ങിക്കണം എന്ന് തീരുമാനിച്ചിട്ടാണ് ഞാൻ ആ സെർച്ച് ചെയ്യുന്നത്. ആ സെർച്ച് വഴി എൻ്റെ ആവശ്യം സെർച്ച് എൻജിൻ കമ്പനിക്കും നിഘണ്ടു വിൽക്കുന്ന കമ്പനികൾക്കും പ്രകടവും സ്പഷ്ടവുമാണ്. എൻ്റെ ആവശ്യം സാധിക്കാനുള്ള ഒരു വഴി മാത്രമാണ് പരസ്യത്തിലൂടെ എൻ്റെ മുന്നിലേക്ക് എത്തിയത്. എന്നാൽ പരസ്യങ്ങളുടെ ഉദ്ദേശം ഉപഭോക്താക്കളുടെ തീരുമാനിച്ചുറച്ച ആവശ്യങ്ങൾ പൂർത്തീകരിക്കുക മാത്രമല്ലല്ലോ. അവരെ സാധനങ്ങളും സേവനങ്ങളും വാങ്ങിക്കാൻ പ്രേരിപ്പിക്കുക, അവ ആവശ്യമാണെന്നുള്ള ചിന്ത ഉപഭോക്താക്കളിൽ ഉണ്ടാക്കിയെടുക്കുക എന്നിവ കൂടിയാണ്. പക്ഷേ ആയിരക്കണക്കിന് സാധനങ്ങളും ലക്ഷക്കണക്കിന് ഉപഭോക്താക്കളും ഉണ്ടെന്നിരിക്കെ ആർക്ക് എന്ത് പരസ്യം കാണിക്കണം എന്ന് എങ്ങനെ ഈ കമ്പനികൾ തീരുമാനിക്കും?  ഇതിനായി ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് “ബിഹേവിയറൽ ടാർഗെറ്റിങ്” (behavioral targeting). ആളുകളുടെ പ്രവർത്തികളും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി അവരെ ഉന്നം വെക്കുന്ന പ്രക്രിയയാണിത്.

ബിഹേവിയറൽ ടാർഗെറ്റിങ്

നമ്മൾ ഇന്ന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെല്ലാം ഇന്റർനെറ്റുമായി യോജിപ്പിച്ചിട്ടുള്ളവയാണ്. അവ വഴി നമ്മളെ കുറിച്ച് വലിയ തോതിൽ വിവരങ്ങൾ നിരന്തരം ശേഖരിക്കപ്പെടുന്നുണ്ട്. സ്ഥിരമായി സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, ക്ലിക്ക് ചെയ്യുന്ന ലിങ്കുകൾ, സെർച്ച് ചെയ്യുന്ന വാക്കുകൾ, സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്ന ഇഷ്ടാനിഷ്ടങ്ങൾ, പിന്തുടരുന്ന പേജുകൾ, ഇടപെടുന്ന വ്യക്തികൾ, ഇന്റർനെറ്റിലൂടെ സാധനങ്ങൾ വാങ്ങിക്കുന്നുണ്ടോ എന്ന വസ്തുത, ഉണ്ടെങ്കിൽ എന്തെല്ലാം തരം സാധനങ്ങളാണ് പൊതുവെ വാങ്ങിക്കുന്നത്, താമസസ്ഥലം, സന്ദർശിക്കുന്ന സ്ഥലങ്ങൾ (location history) എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ശേഖരിക്കപ്പെടുന്നവയിൽ ഉൾപ്പെടും. നിരന്തരം നടക്കുന്ന  ഉപഭോക്‌തൃ സർവ്വേ ആയി നമുക്കിതിനെ കാണാം. ഈ വിവരങ്ങളെല്ലാം ശേഖരിച്ച് വെക്കുന്ന ഉപാധികളെ ഡാറ്റ മാനേജ്‌മന്റ് പ്ലാറ്റ്-ഫോം (DMP) എന്ന് വിളിക്കും.

ഗൂഗിൾ, ഫേസ്ബുക് തുടങ്ങിയവരും മറ്റ് കമ്പനികളും ഇത്തരം ഡാറ്റ മാനേജ്‌മന്റ് പ്ലാറ്റ്-ഫോമുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അവർ ഉപഭോക്താക്കളെ പല വിഭാഗങ്ങളായി തരം തിരിക്കും. “കളികളിൽ താല്പര്യമുള്ളവർ”, “ധാരാളം വായിക്കുന്നവർ”, “സ്ഥിരമായി യാത്ര ചെയ്യുന്നവർ”, “ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും താല്പര്യമുള്ളവർ” എന്നിങ്ങനെ പല വിഭാഗങ്ങളിൽ ഉപഭോക്താക്കൾ തരം തിരിക്കപ്പെടും. ഇതിന് യൂസർ സെഗ്മെന്റേഷൻ (user segmentation) എന്നാണ് പറയുന്നത്. ഒരു ഉപഭോക്താവിന്റെ താൽപര്യങ്ങൾക്കനുസരിച്ച് അവരെ ഒന്നിലധികം വിഭാഗങ്ങളിൽ ഉൾപെടുത്തിയെന്ന് വരാം

പരസ്യ കമ്പനികൾ ഡാറ്റ മാനേജ്‌മന്റ് പ്ലാറ്റ്-ഫോമുകൾ ഉപയോഗിച്ചോ, അവരിൽ നിന്ന് ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ വാങ്ങിച്ചോ ആണ് തങ്ങൾക്ക് ലക്ഷ്യം വെക്കേണ്ടതാരെ എന്ന് തീരുമാനിക്കുന്നത്. ഇന്റർനൈറ്റിലൂടെ ഒരാൾ ഉത്സവസമയത്ത് പുത്തൻ വസ്ത്രങ്ങളോ സമ്മാനങ്ങളോ വാങ്ങുന്നു എന്ന് കരുതുക. ഒന്നോ രണ്ടോ തവണ ഇത് ചെയ്ത് കഴിയുമ്പോൾ ആ വ്യക്തി അതിനനുസരിച്ച് ഒരു വിഭാഗത്തിലേക്ക് ചേർക്കപ്പെട്ടിരിക്കും. പിന്നീട് ഉത്സവകാലമാവുമ്പോൾ ഇത്തരം ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾ ആ വിഭാഗത്തിൽ പെട്ട എല്ലാ ആളുകളിലേക്കും അതുമായി ബന്ധപ്പെട്ട  പരസ്യങ്ങൾ ഇമെയിലുകൾ വഴിയോ, വെബ്സൈറ്റുകൾ വഴിയോ കാണിച്ച് തുടങ്ങും. ഉപഭോക്താക്കളുടെ സ്ഥലവിവരം (location data) കൂടി ചേർത്താൽ, ആ പ്രദേശത്തെ കടകൾക്കും ഇത്തരം പരസ്യങ്ങൾ ഫലവത്തായി ഉപയോഗിക്കാം.

ഉപഭോക്താക്കൾ സെർച്ച് ചെയ്യുന്ന വാക്കുകളെ അവരുൾപ്പെടുന്ന വിഭാഗവുമായി (segment) കൂട്ടിച്ചേർത്താൽ, പരസ്യങ്ങൾ വളരെ ഫലവത്താവുന്ന രീതിയിൽ വ്യക്തിവത്കരിക്കാം. ഒരു വ്യക്തി “Tourist attractions in Hyderabad” എന്ന് സെർച്ച് ചെയ്യുന്നു എന്ന് കരുതുക. ആ വ്യക്തി ഒരു പക്ഷെ തൻ്റെ കുട്ടിയെ സാമൂഹ്യപാഠത്തിലെ ഗൃഹപാഠം ചെയ്യാൻ സഹായിക്കുന്നതാവാം, അല്ലെങ്കിൽ ഹൈദരാബാദിലേക്ക് ഒരു യാത്ര പോവാൻ തീരുമാനിക്കുകയാവാം. ഈ വ്യക്തി “സ്ഥിരമായി യാത്ര ചെയ്യുന്നവർ” എന്ന വിഭാഗത്തിൽ പെട്ട ആളാണെങ്കിൽ, ഇതിൽ രണ്ടാമത്തേതാവാനാണ് സാധ്യത എന്ന് പരസ്യ കമ്പനികൾക്ക് അനുമാനിക്കാം. ഇനി, Hyderabad എന്ന വാക്ക് ഒന്നിലധികം തവണ സെർച്ച് ചെയ്തിട്ടുണ്ടെങ്കിൽ, അവിടേക്ക് തന്നെ പോവാനാണ് സാധ്യത എന്ന് കരുതാം. അപ്പോൾ അവിടേക്കുള്ള വിമാന യാത്ര, അവിടത്തെ താമസം, എന്തെങ്കിലും വിനോദ യാത്രകൾ ഇതെല്ലാം സംബന്ധിയായിട്ടുള്ള പരസ്യങ്ങൾക്ക് ഈ വ്യക്തിയെ ഉന്നം വെക്കാവുന്നതാണ്. നേരെ മറിച്ച് “Tourist attractions in Hyderabad” എന്ന് സെർച്ചിലൂടെ Hyderabad എന്ന വാക്ക് ആദ്യമായിട്ടാണ് തിരയുന്നത് എങ്കിൽ ഒരു പക്ഷെ മറ്റ് പട്ടണങ്ങളുമായി ബന്ധപ്പെട്ട സമാനമായ പരസ്യങ്ങൾ കാണിച്ച് ഏത് സ്ഥലത്തേക്ക് യാത്ര ചെയ്യണം എന്ന് ആ വ്യക്തി എടുക്കാൻ പോകുന്ന തീരുമാനത്തെ തന്നെ സ്വാധീനിക്കാനും പരസ്യങ്ങൾക്ക് കഴിഞ്ഞേക്കും.

ഒരു പാട് വലിയ വിവര ശേഖരങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മൾ കാണുന്ന പരസ്യങ്ങളെല്ലാം പ്രദർശിപ്പിക്കപ്പെടുന്നത് എന്ന് ഈ പറഞ്ഞതിൽ നിന്ന് വ്യക്തമാണല്ലോ. ഇത്തരം വിശകലനങ്ങൾ അതി വേഗത്തിൽ ചെയ്യാൻ മനുഷ്യർക്ക് സാധ്യമല്ല. സോഫ്റ്റ്‌വെയറുകൾ വെച്ച് ഇതെല്ലാം സാധ്യമാക്കി എടുക്കുന്ന സംവിധാനത്തിനെ പ്രോഗ്രമാറ്റിക് അഡ്വെർടൈസിങ് (programmatic advertising) എന്ന് പറയും.

പ്രോഗ്രമാറ്റിക് അഡ്വെർടൈസിങ്

പ്രോഗ്രമാറ്റിക് അഡ്വെർടൈസിങ് എന്നതിൽ മൂന്ന് ഘടകങ്ങൾ (components) ഉണ്ട്. ഒന്നാമത്തേത് വില്പനക്കാരുടെ വശം ആണ്. നമ്മൾ സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, അവർ ഉപയോഗിക്കുന്ന പരസ്യ സെർവർ, ഡാറ്റ മാനേജ്‌മന്റ് പ്ലാറ്റ്-ഫോം എന്നിവയെയെല്ലാം ചേർത്ത് “സപ്ലൈ സൈഡ് പ്ലാറ്റ്-ഫോം” അല്ലെങ്കിൽ “സെൽ സൈഡ് പ്ലാറ്റ്-ഫോം” എന്ന് വിളിക്കും. എന്താണ് ഇവർ വിൽക്കുന്നത്? ഇന്റർനെറ്റ് ഉപയോഗക്കാരുടെ പ്രവർത്തനങ്ങളും അവരുടെ അഭിരുചികളും. ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികൾ സപ്ലൈ സൈഡ് പ്ലാറ്റ്-ഫോമുകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. മറുപുറത്ത് വാങ്ങുന്നവരുടെ വശം ആണ്. പരസ്യ ഏജൻസികളും അവർ വഴി പരസ്യങ്ങൾ കാണിക്കാൻ തയാറായിട്ടുള്ള കമ്പനികളുമാണ് ഈ വശത്ത്. ഈ ഭാഗത്തുള്ള ഉപാധികളെ പൊതുവായി “ഡിമാൻഡ് സൈഡ് പ്ലാറ്റ്-ഫോം” എന്ന് പറയും. ഉപഭോക്താക്കളാണ് അവരുടെ ആവശ്യം അഥവാ ഡിമാൻഡ് . ഈ രണ്ട് വിഭാഗങ്ങളെയും കൂട്ടി യോജിപ്പിക്കുക എന്ന പണിയാണ് പരസ്യ ചന്ത അഥവാ “ആഡ് എക്സ്ചേഞ്ച്”-നുള്ളത്.

ഞൊടിയിടയിൽ നടക്കുന്ന ലേലങ്ങൾ

ഒരു വെബ്സൈറ്റ് സന്ദർശിക്കുന്ന ആളുടെ മുന്നിലേക്ക് മുകളിൽ പരാമർശിച്ച കണ്ണികൾ എല്ലാം ചേർന്ന് ഒരു  പരസ്യം എങ്ങിനെ എത്തിക്കുന്നു എന്ന് നോക്കാം. തനിക്ക് വേണ്ട വെബ്സൈറ്റിന്റെ അഡ്രസ്സ് ഒരു യൂസർ ബ്രൗസറിൽ ടൈപ്പ് ചെയ്യുമ്പോൾ ആ വെബ്സൈറ്റിൻറെ ഉള്ളടക്കം അത് പ്രസിദ്ധീകരിക്കുന്ന സെർവർ ആ വ്യക്തിയുടെ ബ്രൗസെറിലേക്ക് അയക്കും. ഒരു വെബ് പേജിന്, അതിൽ അടങ്ങിയിട്ടുള്ള ലിങ്കുകൾ മുഖാന്തരം ഒന്നിലധികം സെർവറുകളിൽ നിന്നുള്ള വിവരങ്ങൾ ആവശ്യപ്പെടാനുള്ള കഴിവുണ്ട്. അത്തരം ലിങ്കുകൾ വഴി വ്യക്തിയുടെ ബ്രൗസറിൽ വരുന്ന പേജ്, പരസ്യ സെർവറുമായി ബന്ധപ്പെടുന്നു. ഇങ്ങനെ ബന്ധപ്പെടുന്ന സമയത്ത് ആ പേജിൽ പരസ്യങ്ങൾ കാണിക്കാനുള്ള ഇടം, ആ പേജ് കാണുന്ന വ്യക്തിയെ തിരിച്ചറിയാനുള്ള വിവരങ്ങൾ എന്നിവ പരസ്യ സെർവറിലേക്ക് അയക്കപ്പെടും. തിരിച്ചറിയൽ വിവരങ്ങൾ കൈമാറുന്നതിൽ ബ്രൌസർ കുക്കികൾക്ക് പ്രധാനമായ പങ്കുണ്ട്. തിരിച്ചറിയൽ വിവരങ്ങൾ ആധാരമാക്കി ആ വ്യക്തി ഉൾപ്പെടുന്ന ഉപഭോക്‌തൃ വിഭാഗം മനസ്സിലാക്കാൻ പരസ്യ സെർവറിനെ സഹായിക്കുന്നത് ഡാറ്റ മാനേജ്‌മന്റ് പ്ലാറ്റ്-ഫോമാണ്. ഈ പറഞ്ഞ വിവര വിനിമയങ്ങൾ നടക്കുന്നത് സെൽ സൈഡ് പ്ലാറ്റ്-ഫോം ഭാഗത്താണ്. ഉപഭോക്‌തൃ വിഭാഗത്തെ കുറിച്ചുള്ള വിവരവും പരസ്യം കാണിക്കാനുള്ള ഇടത്തെക്കുറിച്ചുള്ള വിവരവും ഈ സമയത്ത് സെൽ സൈഡ് പ്ലാറ്റ്-ഫോം, ആഡ് എക്സ്ചേഞ്ച്-ലേക്ക് കൈമാറുന്നു.

ഈ വിവരങ്ങൾ ആസ്പദമാക്കി ആഡ് എക്സ്ചേഞ്ച് ഒരു ലേലം തുടങ്ങും. ഡിമാൻഡ് സൈഡ് പ്ലാറ്റ്-ഫോമുകൾ വഴി പരസ്യ ഏജൻസികൾ, അവരിലൂടെ പരസ്യങ്ങൾ കാണിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്ക് വേണ്ടി ലേലം വിളിയിൽ ഏർപ്പെടും. ഏകദേശം 10 മില്ലി സെക്കന്റ് ആണ് ലേലം വിളിയിൽ ഏർപ്പെടാൻ ഇവർക്ക് കിട്ടുന്ന സമയം. ലേലത്തിൽ വിജയിക്കുന്ന ഏജൻസി, അവരുടെ ക്ലയന്റ് ആയ കമ്പനിയുടെ പരസ്യത്തിന്റെ ലിങ്ക്, ആഡ് എക്സ്ചേഞ്ച് വഴി  സെൽ സൈഡ് പ്ലാറ്റ്-ഫോമിലേക്കും അവിടെ നിന്ന് വ്യക്തിയുടെ ബ്രൗസെറിലേക്കും എത്തുന്നു. ആ ലിങ്ക് പരസ്യ ഏജൻസിയുടെ സെർവറിലേക്കുള്ളതായത് കൊണ്ട് ഇത്തരത്തിൽ വിജയിച്ച ലേലം വഴി പരസ്യം വ്യക്തിക്ക് കാണാൻ കഴിഞ്ഞു എന്നത് പരസ്യ ഏജൻസിക്ക് തീർച്ചയാക്കാനും കഴിയും. ഞൊടിയിടയിൽ നടക്കുന്ന ഈ പ്രക്രിയയിലൂടെയാണ് ലക്ഷക്കണക്കിന് പരസ്യങ്ങൾ നിരന്തരം ഉപഭോക്താക്കളുടെ മുന്നിലേക്ക് എത്തുന്നത്

“സ്വന്തം ഉത്പന്നങ്ങളെല്ലാം സൗജന്യമായി കൊടുത്താൽ വമ്പൻ സോഫ്റ്റ്‌വെയർ കമ്പനികളെങ്ങനെ ലാഭമുണ്ടാക്കും?” എന്ന ചോദ്യത്തിൽ നിന്നാണ് നമ്മൾ തുടങ്ങിയത്. “പരസ്യങ്ങൾ വഴി” എന്ന ലളിതമായ അറിവിൽ നിന്നും കുറെക്കൂടെ സൂക്ഷ്മമായ “ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളെ കുറിച്ചുള്ള വിവരങ്ങൾ വിറ്റിട്ട്”, അല്ലെങ്കിൽ അല്പം കൂടി ദോഷദര്‍ശിത്വത്തോടെ (cynically) “ഈ ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളെ വിറ്റിട്ട്” എന്ന ഉത്തരത്തിലേക്ക് നമ്മൾ എത്തി. ഇതിന് പിന്നിലെ സാങ്കേതിക വിദ്യ മുഴുവനായി മനസ്സിലാക്കിയില്ലെങ്കിലും, ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളെല്ലാം ഈ സാങ്കേതിക വിദ്യയുടെ നിരന്തര നിരീക്ഷണത്തിലാണെന്നും, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനങ്ങളെയും സ്വാധീനിക്കാൻ ആ സാങ്കേതിക വിദ്യക്കും അത് നിയന്ത്രിക്കുന്ന ആളുകൾക്കും അപാരമായ കഴിവുണ്ടെന്നും നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.

അധികവായനയ്ക്ക്

  1. https://en.wikipedia.org/wiki/Targeted_advertising
  2. https://en.wikipedia.org/wiki/Online_advertising
  3. https://segment.com/resources/cdp/cdp-vs-dmp/
  4. https://www.lotame.com/what-is-behavioral-targeting/
  5. https://www.lotame.com/what-is-a-data-management-platform/

മറ്റു ലേഖനങ്ങൾ

Happy
Happy
25 %
Sad
Sad
25 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post ഓപ്പൺ എ.ഐ.യിൽ എന്തു സംഭവിക്കുന്നു?
Next post 2023 ഡിസംബറിലെ ആകാശം
Close