Read Time:19 Minute

2024 മാർച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ്.  സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് നിലവിലുള്ള സാമൂഹ്യ  സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ ആവശ്യമായ കരുത്ത് പകർന്ന് നൽകാൻ സഹായിക്കുന്നതാണ്.

#InvestInWomen

മാർച്ച് 8 ലോക വനിതാദിനമാണ്. സമത്വാധിഷ്ഠിതമായ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിനായി ലോകത്തെമ്പാടും നടക്കുന്ന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ വനിതാ ദിനങ്ങൾ സഹായിക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം സമത്വം, സ്വാതന്ത്ര്യം എന്നിവയൊക്കെ ലക്ഷ്യമിട്ട് കൊണ്ടുള്ള  പ്രചാരണങ്ങളും   ബോധവൽക്കരണ പ്രവർത്തനങ്ങളുമാണ് ലോകവ്യാപകമായി വനിതാ ദിനത്തിൽ നടക്കുന്നത്.

തുല്യതക്കായുള്ള പോരാട്ടം

കൂടുതൽ സമയം ജോലിയും കുറഞ്ഞ വേതനവും എന്ന അവസ്ഥയ്ക്കെതിരെ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി 1857 മാർച്ച് 8 ന്  ന്യൂയോർക്കിൽ തുണിമിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടവും ,  അതിനെ തുടർന്ന് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ലോകത്തിൻ്റെ വിവിധയിടങ്ങളിൽ ഉണ്ടായിട്ടുള്ള ശബ്ദമുയർത്തലുകളും വനിതാ ദിനമെന്ന ആശയത്തിലേക്ക് ലോകത്തെ നയിക്കുന്നതിനു് കാരണമായിട്ടുണ്ട്.

1909 ഫെബ്രുവരി 28ന് അമേരിക്കയിലെ തുണിമിൽ തൊഴിലാളികളോടുള്ള വിവേചനത്തിൽ പ്രതിക്ഷേധിച്ച്  അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയാണ്  ആദ്യ വനിതാ ദിനം ആചരിക്കുന്നതിന് ആഹ്വാനം നൽകിയത്.

1910 ൽ കോപ്പൻഹേഗനിൽ ചേർന്ന രണ്ടാം സോഷ്യലിസ്റ്റ് ഇൻറർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ഉയർന്നു വന്നതിനെ തുടർന്ന് 1911 മുതൽ മാർച്ച് 8 അന്താരാഷ്ട്ര തലത്തിൽ വനിതാ ദിനമായി ചില രാജ്യങ്ങൾ ആചരിക്കുകയുമുണ്ടായി. 1917 മാർച്ച് 8-ന് റഷ്യയിൽ നടത്തിയ വനിതാദിന പ്രകടനത്തിനും  വനിതാദിനമെന്ന ആശയത്തിന് ശക്തി പകർന്നതിൽ വലിയ പങ്കുണ്ട്.

ഇത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഐക്യരാഷ്ട്ര സംഘടന നേതൃത്വത്തിൽ 1975 മുതൽ മാർച്ച് 8 അന്താരാഷ്ട്ര  വനിതാ ദിനമായി ആചരിക്കാൻ തീരുമാനിക്കുന്നത്. “സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു  ഐക്യരാഷ്ട്ര സംഘടന   ആദ്യ വനിതാ ദിനസന്ദേശമായി പ്രഖ്യാപിച്ചിരുന്നത്.

ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ സഹായിക്കുന്ന ആശയങ്ങളും സന്ദേശങ്ങളും മുന്നോട്ട് വയ്ക്കാറുണ്ട്.

2024 മാർച്ച് 8 – വനിതാ ദിനം

2024 മാർച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം സ്ത്രീകൾക്കായി നിക്ഷേപിക്കുക. പുരോഗതിയെ ത്വരിതപ്പെടുത്തുക. (Invest in Women Accelerate Progress) എന്നതാണ്.  സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് നിലവിലുള്ള സാമൂഹ്യ  സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാൻ ആവശ്യമായ കരുത്ത് പകർന്ന് നൽകാൻ സഹായിക്കുന്നതാണ്. വിവേചനങ്ങളും, അസമത്വവും, അസന്തുഷ്ടിയും അസമത്വവും ,പട്ടിണിയും, കാലാവസ്ഥാമാറ്റം അടക്കമുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങളും എല്ലാം വളരെ പ്രധാനപ്പെട്ടതും സാമൂഹികമായ കടുത്ത ജാഗ്രത അനിവാര്യമായതുമായ പ്രശ്നങ്ങളായി നിലനിൽക്കുകയാണ്. ഈ സന്ദർഭത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അനുകൂലമായ മാറ്റങ്ങൾ  രൂപപ്പെടുത്തിയെടുക്കുകയും അത് ലോകത്തിൻ്റെയാകെ വികസനത്തിനു വേണ്ടി ഉപയോഗിക്കുകയും ചെയ്യുക എന്നത്  വളരെ പ്രധാനമാണ്.

ലിംഗസമത്വം

അസമത്വവും അസന്തുഷ്ടിയും ദിനംപ്രതി വർദ്ധിച്ച് വരുന്ന ഇന്നത്തെ ലോകസാഹചര്യത്തിൽ ലിംഗസമത്വം നേടിയെടുക്കുക എന്നത് വളരെ  ശ്രമകരമാണ്. ലിംഗസമത്വം ഇന്ന്  വളരെ പ്രധാനപ്പെട്ട  ഒരു മനുഷ്യാവകാശ വെല്ലുവിളിയായി മാറുകയാണ്. 2023ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ട് (വേൾഡ് എക്കണോമിക്സ് ഫോറം ,ജൂലൈ 2023) പറയുന്നത്. ലിംഗസമത്വം നേടിയെടുക്കുന്നതിനായി ഇനിയും 131 വർഷം കാത്തിരിക്കേണ്ടി വരും എന്നാണ്. ഒരു രാജ്യത്തിനും ഇതുവരെ സമ്പൂർണ്ണ ലിംഗസമത്വം നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.

ഐസ് ലാൻഡ് 91.2 സ്കോറുമായി  ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 64.3 സ്കോറുമായി 146 രാജ്യങ്ങളുടെ പട്ടികയിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. നോർവെ, ഫിൻലൻ്റ്, ന്യൂസിലാൻറ്, സ്വീഡൻ , ജർമ്മനി,നിക്കരാഗ്വ, നമീബിയ, ലിത്വാനിയ  തുടങ്ങിയ രാജ്യങ്ങൾ 80 ശതമാനത്തിനു മുകളിൽ ലിംഗസമത്വം നേടിയിട്ടുള്ള രാജ്യങ്ങളാണ്.  വിദ്യാഭ്യാസം ,ആരോഗ്യം എന്നീ മേഖലകളിൽ ലോകത്താകെ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത്  ലിംഗസമത്വത്തിVDjZ കാര്യത്തിലും നന്നായി പ്രതിഫലിക്കുന്നുണ്ട്.

ആരോഗ്യം വിദ്യാഭ്യാസം എന്നി മേഖലകളിൽ ഇപ്പോൾ തന്നെ 95 ശതമാനത്തിനുകളിൽ ലിംഗസമത്വം  നേടിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു. പക്ഷേ സാമ്പത്തിക പങ്കാളിത്തത്തിൽ 60.1 ശതമാനവും രാഷ്ട്രീയ ശാക്തീകരണത്തിൽ 22.1 ശതമാനവും എന്നതാണ് അവസ്ഥ.  ഇന്ത്യയ്ക്ക്  സാമ്പത്തിക പങ്കാളിത്ത കാര്യത്തിൽ 36.7 ശതമാനവും രാഷ്ട്രീയ ശാക്തീകരണത്തിൽ 25.3 ശതമാനവുമാണ് നേടാൻ കഴിഞ്ഞത്. 73 ,74 ഭരണഘടനാ ഭേദഗതികളിലൂടെ നമ്മുടെ രാജ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടതിൻ്റെ ഫലമായി പ്രാദേശിക ഭരണകൂടങ്ങളിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുകയുണ്ടായി. (ഇന്ത്യയിൽ പ്രാദേശിക സർക്കാരുകളിൽ സ്ത്രീ പങ്കാളിത്തം 44.4 ശതമാനമാണ്) അത് കൂടി പരിഗണിക്കുന്നത് കൊണ്ടാണ് ഇന്ത്യക്ക് 25 .3 ശതമാനം രാഷ്ട്രീയ ശാക്തീകരണത്തിലേക്കെത്താൻ കഴിയുന്നത്. സാമ്പത്തിക പങ്കാളിത്തത്തിൽ ലിംഗസമത്വത്തിനായി ഇനിയും 169 വർഷം കാത്തിരിക്കേണ്ടി വരുമെന്നാണ് ജെൻഡർ ഗ്യാപ് റിപ്പോർട്ട് പറയുന്നത്. രാഷ്ടീയ ശാക്തികരണരംഗത്ത് സമത്വത്തിനായി കാത്തിരിക്കേണ്ടത് 162 വർഷങ്ങളാണ്.

ലോകത്തിൻ്റെ ഏത് കോണിലുമുള്ള സ്ത്രീകൾ രാഷ്ട്രീയ രംഗത്ത് പല കാരണങ്ങളാൽ പാർശ്വവൽക്കരിക്കപ്പെടുകയാണ്  ചെയ്യുന്നത്. രാഷ്ട്രീയ തീരുമാനം എടുക്കുന്ന വേദികളിൽ സ്ത്രീ പങ്കാളിത്തം വളരെ  പ്രധാനമാണ്. അത് വികസന മുൻഗണനകളെ മാറ്റും എന്നും നമുക്കറിയാം. പക്ഷേ  അതിലേക്കുള്ള യാത്രയുടെ വേഗത വർദ്ധിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്.

പൊതുഇടങ്ങളിലെ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ

ആഗോളതലത്തിൽ പാർലമെന്റ് സീറ്റുകളിലെ 26.7 ശതമാനവും പ്രാദേശിക ഭരണകൂടങ്ങളിൽ 35.5 ശതമാനവും പ്രാതിനിധ്യം ഇപ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ ഭരണ മേൽനോട്ട  മേഖലയിൽ 28.2 ശതമാനം തസ്തികകളിലും ഇപ്പോൾ  സ്ത്രീകളാണ്. (Gender Snap Shot 2023 ,United Nations)

പക്ഷേ ലോകത്താകെ പാർലമെൻറുകളിൽ പ്രതിനിധികളായ  സ്ത്രീകളിൽ പകുതിയിലധികം പേരും ഒരിക്കലെങ്കിലും അവരെ മാനസികമായി തകർക്കുന്ന ആക്രമണങ്ങളെ നേരിടുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  മോശമായ പരാമർശങ്ങൾ, അംഗവിക്ഷേപങ്ങൾ,  മോശമായചിത്രങ്ങൾ ബോധപൂർവ്വമായി പ്രദർശിപ്പിക്കൽ , തുടങ്ങിയവയെല്ലാം ഈ ആക്രമണങ്ങളിൽ ഉൾപ്പെടും.  ഇത്തരത്തിലുള്ള ആക്ഷേപങ്ങൾക്ക് വിധേയരാകുന്നതിൻ്റെ ഫലമായി  അവർ അനുഭവിക്കേണ്ടിവരുന്ന മാനസികവിഷമതകൾ വളരെ വലുതാണ്. സ്വാഭാവികമായും   അവർ നിശബ്ദരാകുകയും  പൊതു ഇടങ്ങളിൽ നിന്നും പിൻവലിയുന്നതിന് ഇതൊക്കെ കാരണമാകുകയും ചെയ്യും.

സോഷ്യൽ മീഡിയകളും മറ്റുമാണ്  ഇത്തരത്തിലുള്ള  ആക്രമണങ്ങളുടെ പ്രധാന ഇടം. (44 ശതമാനത്തോളം ). അവരുടെ കുടുംബത്തിന് നേർക്കും  ഇത്തരത്തിൽ ആക്ഷേപങ്ങൾ ഉയർത്തിക്കൊണ്ടുവരികയെന്നത് മറ്റൊരു പ്രധാന തന്ത്രമാണ്. ഇത്  വളരെ ഗൗരവമേറിയതാണ്. ഒപ്പം ജീവിതത്തിൽ സ്ത്രീകൾ പ്രത്യേകിച്ചും  പൊതുരംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയുമാണ്.

ദാരിദ്യം മറ്റൊരു വെല്ലുവിളി

ദാരിദ്ര്യം മറ്റൊരു പ്രധാന മനുഷ്യാവകാശ  പ്രശ്നമായി നമ്മുടെ മുൻപിൽ തന്നെ നിൽക്കുകയാണ്. കോവിഡ് മഹാമാരി , കാലാവസ്ഥാമാറ്റം, സാമൂഹ്യ രാഷ്ടീയ പ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്കൾ, യുദ്ധവും അതുമൂലം രൂപപ്പെട്ട് വന്ന അസ്വസ്ഥതകളും  എല്ലാം കൂടിചേർന്നു് ലോകത്തിൻ്റെ മുന്നോട്ടുള്ള യാത്രയെ കൂടുതൽ ദുഷ്കരമായ  മറ്റൊരു പാളത്തിലേക്ക് കടത്തിക്കൊണ്ട് പോകുകയാണ്.   2020 നു ശേഷം 7.5 കോടി ജനങ്ങളാണ് പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടത്.

ഇന്നത്തെ ലോകസാഹചര്യം  ഇതേ രീതിയിൽ തന്നെ തുടരുകയാണെങ്കിൽ 2030 ആകുമ്പോഴേക്കും 34.കോടി സ്ത്രീകളും പെൺകുട്ടികളും സമ്പൂർണ്ണമായ ദാരിദ്ര്യത്തിലേക്ക്   വലിച്ചെറിയപ്പെടും. (Gender Snapshot 2023, United Nations). 2050 ആകുമ്പോഴേക്കും കാലാവസ്ഥ മാറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും മൂലം 15.8 കോടി സ്ത്രീകളും പെൺകുട്ടികളുമാണ് പുതുതായി ദാരിദ്ര്യത്തിലേക്ക് തള്ളിയിടപ്പെടാൻ പോകുന്നത് (U N. Women). ഇന്ന് പത്തിൽ ഒരു സ്ത്രീ സമ്പൂർണ്ണമായ ദാരിദ്യത്തിലാണ് ജീവിക്കുന്നത്.

പട്ടിണി, അസമത്വം, അസംതൃപ്തി പരിസ്ഥിതി രംഗത്തെ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി പോകൽ എന്നിവയുടെയെല്ലാം ഫലമായി രൂപപ്പെട്ട് വരുന്ന ഏതൊരു മാറ്റവും സ്ത്രീകളെയും അരിക് വൽക്കരിക്കപ്പെട്ട ജനസമൂഹത്തെയുമാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. സമ്പത്ത്.  ലിംഗപദവി, ഭിന്നശേഷി ജാതി ,മതം, അവസരങ്ങൾ എന്നിവയുടെയെല്ലാം  പേരിൽ ലോകത്താകെ അസമത്വങ്ങൾ നിറഞ്ഞു നിൽക്കുകയാണ്.

സമ്പത്തിന്റെ 76 ശതമാനവും കയ്യാളുന്നത് ലോകജനസംഖ്യയുടെ 10% പേരാണ്. അതേസമയം ഏറ്റവും താഴെത്തട്ടിൽ ഉള്ള 50 ശതമാനം ജനങ്ങളുടെ കൈവശം രണ്ട് ശതമാനം  സമ്പത്ത് മാത്രമാണ് നിലവിലുള്ളത്. ലോകത്ത് ആറ് പേരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നുമുണ്ട്.

സാമൂഹികവും സാമ്പത്തികവുമായ വികസന മുന്നേറ്റങ്ങളെ  തടസ്സപ്പെടുത്തുന്നതിനും,  പട്ടിണിയും ദാരിദ്ര്യവും വർദ്ധിപ്പിക്കുന്നതിനും, കൂടുതൽ ബുദ്ധിമുട്ടുകളിലേക്ക് ജനങ്ങളെ തള്ളിവിടുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതിനും രോഗങ്ങളുടെ വ്യാപനത്തിനും, പരിസ്ഥിതി പ്രശ്നങ്ങൾക്കുമെല്ലാം അസമത്വവും വിവേചനങ്ങളും പ്രധാന കാരണമാകും. ഈ സാഹചര്യത്തിൽ നമുക്ക് ഒരിക്കലും സുസ്ഥിരമായ ഒരു വികസനം സാധ്യമാക്കാൻ കഴിയുകയില്ല. ജനങ്ങൾക്ക് വളരെ മെച്ചപ്പെട്ട ഒരു ജീവിതം നൽകാനും കഴിയില്ല.

സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടേണ്ടി വരുന്നത്. അതു കൊണ്ട് സ്ത്രീകൾക്കായി കടുതൽ നിക്ഷേപിക്കുകയെന്നത് വളരെ പ്രസക്തമാകുകയാണ്. എങ്കിൽ മാത്രമേ സാമൂഹ്യ പുരോഗതിയിൽ അനുഗുണമായ മാറ്റങ്ങൾ സാധ്യമാകു. ലോകത്താകമാനം ഗവൺമെൻ്റുകൾ  അവരുടെ പൊതു ചെലവുകളിലും വലിയ കുറവുകൾ വരുത്തി കൊണ്ടിരിക്കുകയാണ്. ലോകത്ത് വിവിധയിടങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളും,  ശക്തമായവില വർദ്ധനവും ഒക്കെ ഇതിന് സഹായകമായ വാദങ്ങളായി അവർ ഉയർത്തുകയും ചെയ്യുന്നു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പൊതു ചെലവുകൾ കുറയ്ക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ ഗവൺമെന്റുകൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.

ഈ കുറവും യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ലോക സാമ്പത്തിക അവസ്ഥയിലുണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും സ്ത്രീകളെയാണ് പ്രതികൂലമായി  ബാധിക്കുക.അത്  തരണം ചെയ്ത് മുന്നോട്ടു പോകുന്നതിന് സ്ത്രീകൾക്കായി നിക്ഷേപിക്കുക എന്നത് വികസനത്തിന്റെ ആണിക്കല്ലായി മാറണം. സ്ത്രീകളുടെ ശബ്ദം ഉയർന്നു കേൾക്കാൻ കഴിയുന്ന ബദൽ സ്ത്രീ സാമ്പത്തിക സാമൂഹിക വ്യവസ്ഥയുടെ മാതൃകകൾ  ഉയർന്ന് വരണം. എങ്കിൽ മാത്രമേ  പുരോഗതി സാധ്യമാക്കാൻ കഴിയൂ.

സ്ത്രീപഠനം

കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം.

വനിതാദിന ലേഖനങ്ങൾ

ലേഖനം വായിക്കാം
ലേഖനം വായിക്കാം
Happy
Happy
33 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
33 %
Surprise
Surprise
33 %

Leave a Reply

Previous post കരിമ്പിന്റെ ജനിതകശേഖരവും മൂല്യവർദ്ധിത ഉത്പന്നങ്ങളും
Next post തീയിലേക്ക് കുതിക്കുന്ന ശലഭം
Close