Read Time:27 Minute
ധുരമെന്നു കേട്ടാൽ ഉടനെ നാവിൻ തുമ്പിൽ തേൻ തുള്ളികൾ ചാഞ്ചാടും. അതിന് വയസ്സിന്റെ സീമകളോ സാമ്പത്തിക അതിർവരമ്പുകളോ ഇല്ല. പക്ഷെ ഭയക്കുന്നവർ കാണും ശരീരത്തിൽ പാൻക്രിയാസ് അതിന്റെ ജോലി കൃത്യമായി നിർവഹിപ്പിക്കാൻ പാടുപെടുന്നവർ. എന്താണ് മധുരം?ചില പദാർത്ഥങ്ങൾ അല്ലെങ്കിൽ ഫലങ്ങൾ എന്നിവ കഴിക്കുമ്പോൾ നമ്മുടെ നാവിന്റെ സ്വാദുമുകുളങ്ങൾ തലച്ചോറിന് നൽകുന്ന ഒരു അറിയിപ്പാണ് മധുരം. മധുരപദാർഥങ്ങളിൽ ഏറ്റവും കൂടുതൽ ലഭ്യമാകുന്നതും ഉപയോഗിക്കുന്നതും പഞ്ചസാരയാണ്. പഞ്ചസാരയെന്നാൽ ഒരു ഗ്ലുകോസും ഒരു ഫ്രക്ടോസും തന്മാത്രകൾ ചേർന്നുണ്ടാകുന്ന ഒരു ഇരട്ട തന്മാത്രയാണ്. ഇത്‌ എവിടെ നിന്ന്‌ ലഭിക്കുന്നു ?. ഉഷ്ണമേഖലാ പ്രദേശത്തു ആണെങ്കിൽ മുഖ്യമായും കരിമ്പിൽ നിന്നും ശൈത്യ മേഖലയിലാണെങ്കിൽ ഷുഗർ ബീറ്റിൽ നിന്നും. രണ്ടും പ്രകൃതിദത്തമായ സസ്യങ്ങളിൽ പ്രകാശ സംശ്ലേഷണം വഴി ഉണ്ടാക്കുന്ന കാർബോഹൈഡ്രേറ്റ് പഞ്ചസാരയായി കോശങ്ങളിൽ നിറച്ചു വെയ്ക്കുന്നു. പഞ്ചസാര ഉത്പാദനം കരിമ്പും ഷുഗർ ബീറ്റും മാത്രമേ ചെയ്യുന്നുള്ളു ? അല്ല!! എല്ലാ സസ്യങ്ങളും അവയുടെ പ്രകാശ സംശ്ലേഷണം വഴി കാർബോ ഹൈഡ്രേറ്റ്സ് (അന്നജം, ഷുഗേഴ്‌സ്, സെല്ലുലോസ്) ഉണ്ടാക്കി അവയുടെ വളർച്ചയ്ക്ക് വേണ്ടി ഉപയോഗിക്കുന്നു. മിക്കവാറും ചെടികൾ അവയെ ഉപയോഗിച്ച്, തേനൂറുന്ന പൂക്കളും മധുരിക്കുന്ന ഫലങ്ങളും ഉണ്ടാക്കുന്നു. കരിമ്പിനെ പോലേ ചുരുക്കം ചില സസ്യങ്ങൾ അവയുടെ വേരിലോ കാണ്ഡത്തിലോ, ഫലത്തിലോ അന്നജമായോ പഞ്ചസാരയായോ സൂക്ഷിക്കുന്നു. നമ്മൾ ഉഷ്ണമേഖലയിൽ താസിക്കുന്നവരായതുകൊണ്ടു നമുക്ക് പഞ്ചസാരയെ പറ്റിയും അവ ഉത്പ്പാദിപ്പിക്കുന്ന കരിമ്പിനെ പറ്റിയും കൂടുതലായി അറിയാൻ ശ്രമിക്കാം.

കരിമ്പ്, സക്കാരം ഓഫീസിനാരം എന്ന ശാസ്ത്രീയ നാമമുള്ള പുൽവർഗ്ഗത്തിൽപ്പെടുന്ന ചെടിയാണ്. പുൽ വർഗത്തെ അത്ര നിസ്സാരമായി കാണേണ്ട. കോടാനുകോടി മനുഷ്യരെ പോറ്റിവളർത്തുന്നത് ഇത്തിരി പോന്ന പുല്ലുകളായ നെല്ലും ഗോതമ്പും തന്നെയല്ലേ? ഏറ്റവും വേഗത്തിൽ വളരുന്ന സസ്യവും നമ്മുടെ പുൽ വർഗത്തിലുള്ള ഭീമാകാരനായ മുള അല്ലേ ? ഇവിടെയിതാ  ഏറ്റവും കൂടുതൽ മധുരം ഉത്പാദിക്കുന്ന ചെടിയും വെറും ഒരു തൃണം!!!.

കരിമ്പിന്റെ ജന്മദേശം പസഫിക് ദ്വീപ സമൂഹങ്ങളിലാണ്, പ്രത്യകിച്ചും ഇന്നത്തെ പാപുവ ന്യൂ ഗിനിയ ഉൾപ്പെടുന്ന ഭൂപ്രദേശം. ഏതാണ്ട് 8000-6000 ബിസി കാലഘട്ടത്തിൽ. അന്നത്തെ സഞ്ചാരികൾ വഴിയോ, കച്ചവടക്കാർ വഴിയോ കരിമ്പ് ഭാരതത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തു കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെട്ടു എന്നാണ് അനുമാനിക്കുന്നത്.

വളരെ മൃദുലമായ കാണ്ഡങ്ങളോട് കൂടിയതും, നല്ല നീരും ഭംഗിയും ഉള്ളതുമായ ഈ കരിമ്പിന്റെ ഇനങ്ങൾ നോബിൾ കെയ്‌ൻ എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷെ ഈ ഇനങ്ങൾ പൊതുവേ  രോഗ കീട പ്രതിരോധ ശേഷി കുറഞ്ഞതും അതുപോലെ അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ വളരാൻ പറ്റാത്തതുമായ ഇനങ്ങളാണ്. ഈ ഇനങ്ങൾ അവയുടെ കുടിയേറ്റ പാതയിൽ പുൽ വർഗ്ഗത്തിൽ പെടുന്ന സക്കാരം സ്പൊണ്ടേനിയം എന്ന ചെടിയുമായി സങ്കരയിനങ്ങളുണ്ടാവുകയും അതു സക്കാരം ബാർബേറി എന്ന ഒരു സ്പീഷീസിനു ജന്മം നൽകുകയും ചെയ്‌തു. ഈ സ്പീഷീസ് ഉത്തരേന്ത്യയിൽ വ്യാപകമായി കൃഷി ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അവ ഉത്തരേന്ത്യൻ കരിമ്പ് എന്നും അറിയപ്പെട്ടിരുന്നു .

കോയമ്പത്തൂരിലുള്ള ICAR-Sugarcane Breeding Institute

ജനിതക ശേഖരമാണ് ഏതു കാർഷിക വിളകളുടെയും പുരോഗതിക്ക് സുപ്രധാനമായ ഘടകം. കരിമ്പു കൃഷിയുടെ കാര്യവും മറ്റൊന്നല്ല. ഇന്ത്യയിൽ,  കരിമ്പിന്റെ ആദ്യത്തെ സങ്കരയിനം (Co 205) ഉണ്ടാക്കിയിരിക്കുന്നത് സക്കാരം എന്ന ജീനസ്സിന്റെ രണ്ടു സ്പീഷീസുകൾ  തമ്മിലുള്ള  കൃത്രിമ പരാഗണം വഴിയാണ്. കേരളത്തിന്റെ വടക്കൻ ജില്ലയായ കണ്ണൂരിൽ സ്ഥിതിചെയ്യുന്ന കരിമ്പ് ഗവേഷണ കേന്ദ്രത്തിലാണ് ലോകത്തിലെ തന്നെ സുപ്രധാനമായ കരിമ്പിന്റെ ജനിതക ശേഖരം സംരക്ഷിച്ചു പോരുന്നത്.

കണ്ണൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രം

അറുപത്തിയഞ്ച്  വർഷത്തെ പ്രവൃത്തി പരിചയമുള്ള ഈ സ്ഥാപനത്തിന്റെ തുടക്കം 1956 ഒക്ടോബറിൽ അമേരിക്കയിൽ നിന്നും 500 -ഓളം കരിമ്പി ന്റെ  ഇനങ്ങൾ ഇറക്കുമതി ചെയ്തായിരുന്നു.  കരിമ്പിന്റെ ജനിതകശേഖരം അമേരിക്കയിലെ കനാൽ പോയിൻറ്, ഫ്ലോറിഡയിലാണ് ആദ്യമായി സ്ഥാപിക്കപ്പെട്ടത്. ഇത് പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെടാതിരിക്കാൻ  വേറൊരിടത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ശാസ്ത്ര സമൂഹത്തിനു ബോധ്യപ്പെടുകയും അതിനായി കോയമ്പത്തൂരിലുള്ള കരിമ്പ് ഗവേഷണ സ്ഥാപനത്തിനെ തിരഞ്ഞെടുക്കുകയും ചെയ്തു. 1961ൽ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ  കരിമ്പിന്റെ ജനിതകശേഖരം സംരക്ഷിക്കുന്നതിനായി, ഒരു ഗവേഷണ കേന്ദ്രം തുടങ്ങാനുള്ള പ്രാരംഭ നടപടികൾ തുടങ്ങുകയും 1962 ൽ കോയമ്പത്തൂരിലുള്ള ഷുഗർകേൻ ഇൻസ്റ്റിററ്യൂട്ടിൻറെ കീഴിൽ വെസ്റ്റ് കോസ്റ്റ് ഷുഗർകേൻ സബ്സ്റ്റേഷൻ കണ്ണൂരിൽ സ്ഥാപിക്കുകയും ചെയ്തു. ഇറക്കുമതി ചെയ്ത 2163 ഇനങ്ങളെ കൂടാതെ ഇന്ത്യയിലും അയൽ രാജ്യങ്ങളിലും നടത്തിയ പര്യവേക്ഷണത്തിന്റെ  ഫലമായി ലഭിച്ച വന്യഇനങ്ങളും  അതേ പോലെ സക്കാരം ഓഫീസിനാരത്തിന്റെ ഇനങ്ങളും ജനിതക ശേഖരത്തിൽ ചേർക്കുകയും ചെയ്തു.

ജനിതകശേഖരം

കണ്ണൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ 3377 ജനിതക ശേഖരമാണ്  സംരക്ഷിച്ചു പോരുന്നത് ഇതിൽ സക്കാരം ഓഫീസിനാരം (757) സക്കാരം ബാർബെറി (42) , സക്കാരം സൈനെൻസേ (30) , സക്കാരം റോബസ്റ്റം (129) സക്കാരം എഡ്യൂൾ  (16) സക്കാരം സ്പോൺണ്ടെനിയം (79) ഇന്ത്യൻ സങ്കരഇനങ്ങൾ (1035) വിദേശ സങ്കര ഇനങ്ങൾ (614) ഇന്ത്യയിൽ നിന്ന് സമാഹരിച്ച വന്യ ഇനങ്ങൾ   (393) ഇൻഡോ- അമേരിക്കൻ  സങ്കര ഇനങ്ങൾ(130), വിദേശത്തു നിന്ന് സമാഹരിച്ച ബന്ധപ്പെട്ട ജനുസ്സുകൾ കൂടാതെ  മറ്റു പ്രകൃതിദത്തമായ സങ്കരയിനങ്ങളും ഉൾപ്പെടുന്ന ശേഖരം (152 ) എന്നിവ ഉൾപ്പെടുന്നു.

കരിമ്പ് ഉത്പാദനം (2019)

ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കൃഷി ചെയ്യുന്ന കരിമ്പിന്റെ ഇനങ്ങൾ സക്കാരം ഓഫീസിനാരം, സക്കാരം, സ്പൊണ്ടേനിയം , സക്കാരം ബാർബെറി , സക്കാരം സൈനെൻസേ, സക്കാരം റോബസ്റ്റം എന്നീ സ്പീഷീസുകൾ ഉൾപ്പെടുന്ന  മനുഷ്യ നിർമിത സങ്കര ഇനങ്ങളാണ്. ‘നോബിൾ കേൻ’ എന്നറിയപ്പെടുന്ന സക്കാരം ഓഫീസിനാരം എന്ന സ്പീഷീസ് വണ്ണമുള്ളതും, മൃദുവായ കാണ്ഡത്തോടു  കൂടിയതും മധുരം മിതമായ തോതിൽ അടങ്ങിയതുമാണ്. ഇന്ത്യയിലും ചൈനയിലും പ്രാചീനകാലങ്ങളിൽ കൃഷിചെയ്തിരുന്ന ഇനങ്ങൾ യഥാക്രമം  സക്കാരം ബാർബെറി (ഉത്തരേന്ത്യൻ കരിമ്പ്), സക്കാരം സൈനെൻസേ (ചൈനീസ് കരിമ്പ്) എന്നും അറിയപ്പെടുന്നു  പുതിയ സങ്കരയിനത്തോളം വിളവ് ലഭിക്കാത്തതു കൊണ്ട്  ഇവ  ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ല.

ലോകത്തിൽ പലയിടങ്ങളിലും കാണപ്പെടുന്ന പുല്ലുപോലുള്ള സക്കാരം സ്പൊണ്ടേനിയം എന്ന വന്യ  സ്പീഷീസും ന്യൂ ഗിനിയയിലും ഇന്തോനേഷ്യൻ ദീപ സമൂഹത്തിലും മാത്രമായി കാണപ്പെടുന്ന സക്കാരം റോബസ്റ്റം എന്ന വന്യ  സ്പീഷീസും  ഭക്ഷ്യയോഗ്യമായ പൂങ്കുലയോടുകൂടിയ സക്കാരം എഡ്യൂൾ  എന്ന സ്പീഷീസും ഈ ജനിതക ശേഖരത്തിൽ ഉൾപ്പെടുന്നു. മിക്കവാറും എല്ലാ സക്കാരം ഓഫീസിനാരത്തിന്റെ ശേഖരവും അതുപോലെ മുഴുവൻ സക്കാരം  റോബസ്റ്റത്തിന്റെ ശേഖരവും ന്യൂ ഗിനിയയിൽ നിന്നും  ഇന്തോനേഷ്യൻ ദ്വീപ സമൂഹങ്ങളിൽ നിന്നും  ശേഖരിച്ചവയാണ്.

സക്കാരം സ്പീഷീസുകൾക്കു പുറമേ ഈ ജനുസ്സിനോട് സാമ്യമുള്ള എരിയാന്തസ്, മിസ്കാന്തസ്‌, നരംഗ, സ്‌ക്‌ളീറോസ്റ്റാക്കിയ  എന്നീ ജനുസ്സുകളും ശേഖരത്തിലുണ്ട്. ഉത്പാദനം വർദ്ധിപ്പിക്കാനും, ഗുണനിലവാരം ഉയർത്തുവാനും  രോഗ കീടങ്ങളെ പ്രതിരോധിക്കാനും  ആവശ്യമായ ജീനുകൾ ഉള്ളതിനാലാണ്  ഇവ സംരക്ഷിക്കുന്നത്.

ഈ ജനിതകശേഖരത്തിൽ നിന്നും വിവിധ ഇനങ്ങൾ ജൈവ വൈവിധ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയിലും വിദേശത്തും ഗവേഷണങ്ങൾക്കായി ആവശ്യാനുസരണം നൽകിവരുന്നു. ജനിതക ശേഖരം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ സക്കാരം ഓഫീസിനാരം , സക്കാരം ബാർബെറി, സക്കാരം സൈനെൻസേ, സക്കാരം റോബസ്റ്റം എന്നിവയുടെ സ്വഭാവഗുണങ്ങൾ അപഗ്രഥിച്ചു എല്ലാ ഗുണങ്ങളും അടങ്ങുന്നതും, എളുപ്പത്തിൽ മനസ്സിലാക്കുന്നതിനു വേണ്ടി ചിത്രങ്ങളോട് കൂടിയ ഡിജിറ്റൽ ഡാറ്റാബേസും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തണ്ടിന്റെ നിറം ,തണ്ടിന്റെ വണ്ണം   ,തണ്ടിന്റെ നീളം, പഞ്ചസാരയുടെ അളവ്  തുടങ്ങി പലതരം സ്വഭാവസവിശേഷതകളെ പ്രതിപാദിക്കുന്നതാണ് ഈ ഡാറ്റാബേസ്. ഇങ്ങനെ ചെയ്യുന്നതിനാൽ ഒരു ഇനത്തെ മറ്റൊന്നിൽ നിന്നും വേർതിരിച്ചറിയാനും  ജനിതക പരിശുദ്ധിയോട് കൂടി സംരക്ഷിക്കാനും കഴിയുന്നു.

ജനിതകശേഖരം സംരക്ഷിക്കാനുള്ള ബദൽ സംവിധാനം  

ജനിതകശേഖരം തനതുരീതിയിൽ കൃഷിയിടത്തിൽ സംരക്ഷിക്കുമ്പോൾ പ്രകൃതിക്ഷോഭത്താലോ രോഗകീടശല്യത്താലോ എന്നെന്നേക്കുമായി നശിച്ചുപോകാനുള്ള സാധ്യത നിലനിൽക്കുന്നു. ആയതിനാൽ അവയെ കൃഷിയിടത്തിൽ നിന്നും മാറി സുരക്ഷിതമായി ടിഷ്യുകൾച്ചർ സംവിധാനം വഴി ലബോറട്ടറിയിൽ വളർത്തുന്നു. കരിമ്പിന്റെ മെരിസ്റ്റമാണ് ഇതിനായി ഉപയോഗിക്കുന്നത്. മെരിസ്റ്റം പൂർണ്ണ സസ്യമായി വളർന്നുവരാനാവശ്യമായ എല്ലാ ഘടകങ്ങളും ഇതിൽഅടങ്ങിയിട്ടുണ്ട്. ഈ ഭാഗത്തുള്ള  കോശങ്ങൾ പ്രായംകുറഞ്ഞതിനാലും ത്വരിതമായി വളരുന്നതിനാലും മെരിസ്റ്റത്തിൽ നിന്നും വളരുന്ന ചെടികൾ വൈറസിൽ നിന്നും മുക്തമായിരിക്കും. മെരിസ്റ്റംകൾച്ചർ  ഏതു കാലാവസ്ഥയിലും ചെയ്യാവുന്നതാണ്. മെരിസ്റ്റം കൾച്ചറിൽ വളർത്തുന്ന ജനിതകശേഖരങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾക്വാറൻറ്റീൻ ഉപാധികൾ ലഘൂകരിക്കാൻ സഹായിക്കും.

ഇന്ന് ഇന്ത്യയിൽ കൃഷി ചെയ്തുവരുന്ന എല്ലാ  കരിമ്പിന്റെ ഇനങ്ങളും മനുഷ്യ നിർമ്മിത സങ്കരയിനങ്ങളാണ് .ഇന്ത്യയിൽ ഏതാണ്ട് 5  മില്യൺ ഹെക്ടർ സ്ഥലത്താണ് കരിമ്പ് കൃഷി നടത്തി വരുന്നത്. ഏതാണ്ട് 355 മില്യൺ ടൺ കരിമ്പ് ഉത്പാദിപ്പിക്കുന്നുണ്ട്. അത് പോലെ ഏതാണ്ട് 5 മില്യൺ ജനങ്ങൾ  കരിമ്പ്കൃഷിയെ ആശ്രയിക്കുന്നുണ്ട് എന്നാണ് കണക്കുകൾസൂചിപ്പിക്കുന്നത്. ഇത് കൂടാതെ 4% ആളുകൾക്ക്  കരിമ്പ് കൃഷിയെ ബന്ധപ്പെട്ട്  നേരിട്ടോ അല്ലാതെയോ  ആശ്രയിച്ചുള്ള  ജോലി ലഭിക്കുന്നുണ്ട്. മൊത്തം  കൃഷി ഭൂമിയുടെ കേവലം 2.57 % ശതമാനം മാത്രമേ കരിമ്പ് കൃഷി ഉള്ളു എങ്കിലും ഇന്ത്യയുടെ GDP യുടെ 1 .1 %  ലഭ്യമാകുന്നു  എന്നത് സമ്പദ് വ്യവസ്ഥ കരിമ്പ് കൃഷിയെയും അതിന്റെ അനുബന്ധ വ്യവസായങ്ങളെയും  എത്ര എത്രകണ്ട് ആശ്രയിക്കുന്നു എന്ന് മനസ്സിലാക്കി തരുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കരിമ്പിന്റെ മുക്കാൽ ഭാഗവും പഞ്ചസാര ഉത്പാദനത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ മറ്റു ഉത്പന്നങ്ങൾക്കും.

കരിമ്പിൽ നിന്നുള്ള  മൂല്യവർദ്ധിത ഉത്പന്നങ്ങളും അവയുടെ പ്രാധാന്യവും 

പഞ്ചസാര : കരിമ്പിൽ നിന്നും ഉണ്ടാക്കുന്ന മുഖ്യ ഉത്പന്നമാണ് പഞ്ചസാര. പഞ്ചസാര ഉത്പ്പാദനത്തിൽ ഇന്ത്യ ഇന്ന് ലോകത്തിൽ തന്നെ ഒന്നാമതാണ്, കരിമ്പിന്റെ ഉത്പ്പാദനത്തിൽ രണ്ടാം സ്‌ഥാനാവും. കരിമ്പ് ക്രഷ് ചെയ്തു നീര് എടുത്തു അതിൽ നിന്നാണ് പഞ്ചസാര ഉത്പാദിപ്പിക്കുന്നത്. മറ്റു ഉപോത്പന്നങ്ങളാണ് മൊളാസ്സസ്, പ്രസ് മഡ്, ബഗാസ്സേ എന്നിവ. മൊളാസ്സസ്സിൽ നിന്നാണ് റെക്ടിഫൈഡ് സ്പിരിറ്റ് അഥവാ എഥനോൾ ഉണ്ടാക്കുന്നത്.

മധുരനൊമ്പരം

പഞ്ചസാര ഊർജ്ജദായകമായ പദാർത്ഥമാണ്. പക്ഷെ വിദ്യാർപ്പണം പാത്രമറിഞ്ഞു വേണമെന്ന് പറയുന്നതു പോലെ പഞ്ചസാരയുടെ ഉപയോഗം ശരീരത്തെ അറിഞ്ഞുവേണം എന്ന് പറയുന്നതാകും ശരി. ശരീരത്തിലെ അവയങ്ങളുടെയും അവ ഉത്പ്പാദിപ്പിക്കുന്ന എന്‍സൈമുകളുടെയും പ്രവർത്തനത്തെ ആശ്രയിച്ചായിരിക്കും ഓരോ ശരീരത്തിലും പഞ്ചസാരയുടെ പ്രവർത്തനം. പഞ്ചസാര കഴിക്കുമ്പോൾ തന്നെ ഉന്മേഷം കിട്ടുന്നത് ബീറ്റാ എൻഡോർഫിൻ എന്ന പദാർത്ഥം ഉണ്ടായി സ്‌പൈനൽ ഫ്ലൂയിഡ് വഴി തലച്ചോറിലേക്ക് എത്തുന്നതുകൊണ്ടാണ്. പക്ഷെ പഞ്ചസാരയുടെ തുടർച്ചയായതും അമിതവുമായ ഉപയോഗം ശരീരത്തിന്റെ പ്രതിരോധ ശേഷിക്കു (immunity) ഹാനികരമാണ്. അതുപോലെ അമിതമായ ശരീര ഭാരത്തിനും ഇടയാക്കുന്നു (Malik et al 2003, Kanosky and Davidson 2011). ചെറുകുടലിൽ വെച്ച്  പഞ്ചസാര, ഗ്ലൂക്കോസും  ഫ്രക്ടോസും  ആയി  വിഘടിക്കുന്നു. ഫ്രക്ടോസ് തന്മാത്രകൾ രക്തത്തിൽ കലരുന്നത് ഗ്ലൂക്കോസിനെക്കാളും മന്ദഗതിലയിലാണ് അതുകൊണ്ടുതന്നെ പാൻക്രിയാസിലുള്ള ബീറ്റാ കോശങ്ങൾക്ക്  ഇന്സുലിൻ  ഉത്പാദിപ്പിക്കുന്നതിനുള്ള ഉത്തേജനം മന്ദഗതിയിൽ ആവുകയും (Kyriaziz et al 2012) അത് മെറ്റബോളിക് ഒബേസിറ്റിക്കു  കാരണമാവുകയും ചെയ്യുന്നു (Nakagawa et al 2006). അതുപോലെ പഞ്ചസാരയുടെ അമിതമായ ഉപയോഗം ദഹനപ്രക്രിയയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതുകൊണ്ട് ആവശ്യത്തിലധികം ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഉണ്ടാവുകയും അതും അമിത വണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതൊക്കെ പറയുമ്പോഴും പഞ്ചസാരയുടെ പ്രതിശീർഷ  ഉപഭോഗത്തിൽ വലിയ വളർച്ച ഉണ്ടായിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (പട്ടിക 1).

കരിമ്പിൻ നീര് സമ്പൂർണവും ആരോഗ്യദായകവുമായ ഒരു പാനീയമാണ്. കരിമ്പിൻ നീരിന്റെയും കരിമ്പിൽ നിന്ന് തന്നെയുള്ള അധികം ശുദ്ധീകരിക്കാത്ത മധുരമായ ശർക്കരയുടെ ഉപയോഗവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പഞ്ചസാര നിർമാണത്തിൽ ചെയ്യുന്നത് കരിമ്പിൻ നീരിലുള്ള എല്ലാ ആരോഗ്യദായകമായ പദാർഥങ്ങളെയും മാറ്റി ബ്ലീച് ചെയ്തു, പരലാക്കുകയാണ്‌ (crystallization). ഇതിനു പല തരത്തിലുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നു മുഖ്യമായും സൾഫൈറ്റേഷൻ, ബ്ലീച്ചിങ് ഫ്ളോക്കുലേഷൻ, സാന്ദ്രത കുറയ്ക്കൽ ഏജൻറ്സ്, ഡീഫോമേഷൻ ഏജൻറ്സ്, ആന്റിസെറ്റലിങ് ഏജൻറ്സ് , മിൽ സാനിറ്റയിസേഷൻ  കെമിക്കൽസ് എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ പ്രക്രീയകളിൽ കരിമ്പിൻ നീരിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ, വിറ്റാമിനുകൾ, ആൻറി ഓഡിക്സന്റുകൾ (പട്ടിക 2, 3) എന്നിവ നഷ്ടപ്പെടുന്നു. കൃത്യമായി പറഞ്ഞാൽ നല്ല ആരോഗ്യദായകമായ മധുരത്തെ ശുദ്ധീകരിച്ചു ഗുണമേന്മയില്ലാത്ത മധുരമാക്കി മാറ്റുന്നു എന്നതാണ് യാഥാർഥ്യം.

പട്ടിക 1. പഞ്ചസാരയുടെയും ശർക്കരയുടെയും പ്രതിശീർഷ  ഉപഭോഗം

YearPer capita consumption of sugar (kg/year)Per capita consumption of Gur / khandsari (kg/year)Total

(Kg/year)

2001-0216.18.024.1
2002-0317.35.422.7
2003-0416.06.622.6
2004-0516.97.524.4
2005-0616.75.221.9
2006-0717.73.020.7
2007-0819.24.523.7
2008-0919.99.329.2
2009-1018.26.224.4
2010-1117.55.122.6
2011-1218.34.723.0
2012-1318.93.722.6
2013-1420.15.725.8
2014-1520.53.323.8
2015-1619.63.122.7
2016-1718.84.122.9
2017-1819.34.123.4
2018-1919.14.123.2
(Source: cooperative sugar, March 2023)

പട്ടിക 2. കരിമ്പിൻ നീരിന്റെ  പോഷക ഘടന (100g Juice)

ഘടകങ്ങൾമാത്ര
ജലാംശം %85.54±0.99
പ്രോട്ടീൻ (g)0.16±0.03
ചാരം (g)0.23±0.02
ചാരം (g)0.40±0.05
നാരുകൾ (in soluble ) (g)0.40±0.05
നാരുകൾ (soluble ) (g)0.16±0.05
കാർബോ ഹൈഡ്രേറ്റ് (g) )/100g13.11±0.93
എനർജി  ( KJ)242±18
Table 3. കരിമ്പിൻ നീരിന്റെ ധാതു ഘടന (Longvah et al. 2017).

പട്ടിക 3. കരിമ്പിൻ നീരിന്റെ ധാതു ഘടന (Longvah et al. 2017).

ഘടകങ്ങൾമാത്ര (mg)/100g
അലൂമിനിയം0.14±0. 1 2
കാൽസ്യം18±4.07
ക്രോമിയം0.002±0.00
കൊബാൾട്0.001±0.00
കോപ്പർ0.03 ± 0 .01
അയൺ1.12 ± 0.27
ലെഡ്0.001±0.001
ലിഥിയം0.001±0.000
മഗ്‌നീഷ്യം13 . 03±6.37
മാംഗനീസ്‌0.33±0. 2 3
നിക്കൽ0.002±0.000
ഫോസ്‌ഫറസ്22. 08±5.08
പൊട്ടാസിയം150±47 . 2
സോഡിയം1.16 ± 0 . 2 8
സിങ്ക്0.14 ± 0.07
Table 3. കരിമ്പിൻ നീരിന്റെ ധാതു ഘടന (Longvah et al. 2017).
ശർക്കര ഉപയോഗിച്ചുള്ള കുക്കീസ്

മധുര പദാർത്ഥമായി കരിമ്പിൻ നീരോ ശർക്കരയോ ബേക്കിംഗ് ഇൻഡസ്ട്രിയിൽ ഉപയോഗിക്കുകയാണെങ്കിൽ പഞ്ചസാരയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ  പറ്റും. ശർക്കരയുടെ ഉത്പ്പാദനത്തിലും വലിയതോതിൽ മായം ചേർക്കപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. മറ്റു രാസപദാർത്ഥങ്ങൾ ചേർക്കാതെ മായമൊന്നുമില്ലാത്ത ശർക്കര നിർമാണവും അവ ഉപയോഗിച്ചുള്ളതും കരിമ്പിൻ നീര് നേരിട്ട് ഉപയോഗിച്ചും ബേക്കറി ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യകളും ഇന്ന് ലഭ്യമാണ്.

ദ്രാവകരൂപത്തിലുള്ള ശർക്കര ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ, ഈയിടെ കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ    വികസിപ്പിച്ചെടുത്തിട്ടുണ്ട്.  കൂടുതൽ shelf life ഉള്ള പൊടി ശർക്കര നിർമ്മാണത്തിനുള്ള സാങ്കേതിക വിദ്യ, കൂടാതെ കരിമ്പിൻ ജ്യൂസ് കൊണ്ടുള്ള “സിപ് അപ്പ്”, കരിമ്പിൻ ജൂസിന്റെ ഫ്രോസൺ ബ്ലോക്ക്, ശർക്കരയും, കരിമ്പിൻ നീരും ഉപയോഗിച്ചുള്ള ഐസ്ക്രീം, ശർക്കര ഉപയോഗിച്ചുള്ള കേക്ക്, കുക്കീസ് എന്നിവ, കരിമ്പിൻ നീരിൽ നിന്നുള്ള വൈൻ എന്നീ സാങ്കേതിക വിദ്യകളും ഇന്ന് ലഭ്യമാണ്‌.

കരിമ്പിൻ നീരിൽ നിന്നുള്ള വൈൻ

അതുകൊണ്ട് പഞ്ചസാരയുടെ നേരിട്ടുള്ള ഉപയോഗം കുറയ്ക്കുകയും ബേക്കറി ഉത്പന്നങ്ങളിൽ ശർക്കരയും, കരിമ്പിൻ നീരുമൊക്കെ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾക്ക് മുൻതൂക്കം കൊടുക്കുകയും ചെയ്താൽ കുറച്ചുകൂടി നല്ല ഒരു ആരോഗ്യ മധുര ഭക്ഷണക്രമം പാലിക്കാൻ പര്യാപ്തമാകും

കരിമ്പിൻ ജൂസിന്റെ ഫ്രോസൺ ബ്ലോക്ക്, കരിമ്പിൻ ജ്യൂസ് കൊണ്ടുള്ള “സിപ് അപ്പ്”, ഐസ് കാൻഡി എന്നിവ

അധിക വായനയ്ക്ക്

  1. Klenowski, P.M., et al., 2016. Prolonged consumption of sucrose in a binge-like manner,alters the morphology of medium spiny neurons in the nucleus accumbens shell. Front. Behav. Neurosci. 10, 54.
  2. Malik, V.S., Pan, A., Willett, W.C., Hu, F.B., 2013. Sugar-sweetened beverages and weight gain in children and adults: a systematic review and meta-analysis. Am. J. Clin. Nutr. 98, 1084–1102.
  3. Kim, S., Shou, J., Abera, S., Ziff, E.B., 2018. Sucrose withdrawal induces depression and anxiety-like behavior by Kir2. 1 upregulation in the nucleus accumbens. Neuropharmacology 130, 10–17.
  4. Lindgren, E., et al., 2018. Food addiction: a common neurobiological mechanism with drug abuse. Frontiers in bioscience (Landmark edition) 23, 811–836.
  5. Nakagawa, T., et al., 2006. A causal role for uric acid in fructose-induced metabolic syndrome. Am. J. Physiol. Renal Physiol. 290, F625–F631.
  6. Kyriazis, G.A., Soundarapandian, M.M., Tyrberg, B., 2012. Sweet taste receptor signalling in beta cells mediates fructose-induced potentiation of glucose-stimulated insulin secretion. Proc. Natl. Acad. Sci. 109, E524–E532.
  7. Brown, R.J., Rother, K.I., 2012. Non-nutritive sweeteners and their role in the gastro- intestinal tract. J. Clin. Endocrinol. Metab. 97, 2597–2605.
Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കരിമ്പിന്റെ ജനിതകശേഖരവും മൂല്യവർദ്ധിത ഉത്പന്നങ്ങളും

  1. Sir,
    Any statistics pertaining to cultivation in Kerala is available and its significance in the economy of Kerala.

Leave a Reply

Previous post ലേസറാണ് താരം
Next post തുല്യതയും പുരോഗതിയും – വനിതാദിനം 2024
Close