അന്താരാഷ്ട്ര ജൈവവൈവിധ്യദിനം മെയ് 22 ന് ആണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ ജൈവവൈവിധ്യദിനത്തിന്റെ പ്രമേയം ‘പ്ലാനിന്റെ ഭാഗമാകൂ’ (Be part of the Plan) എന്നതാണ്. ഏതാണ് ഈ പ്ലാൻ അല്ലെങ്കിൽ പദ്ധതി എന്ന് ചിന്തിക്കുന്നവരുണ്ടാകും. ‘കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക്’(GBF) ആണ് ‘ബയോഡൈവേഴ്സിറ്റി പ്ലാൻ’എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ‘ജൈവവൈവിധ്യ പദ്ധതി’ അഥവാ ‘ആഗോള ജൈവവൈവിധ്യ ചട്ടക്കൂട്’ നടപ്പിലാക്കുന്നതിനെ പിന്തുണച്ച് ജൈവവൈവിധ്യനഷ്ടം തടയുന്നതിനും തിരിച്ചെടുക്കുന്നതിനുമുള്ള 2024ലെ അന്താരാഷ്ട്ര ജൈവ വൈവിധ്യദിനത്തിന്റെ പ്രമേയമാണ് ‘പ്ലാനിന്റെ ഭാഗമാകൂ’ എന്നത്.
അന്താരാഷ്ട്രതലത്തിൽ പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൈവരുന്നതു് 1992 ജൂൺ അഞ്ചാം തീയതി ബ്രസീലിലെ റിയോ ഡി ജനീറോയിൽ ഏറെ പ്രതീക്ഷകളുണർത്തിയ ഭൗമ ഉച്ചകോടി (Earth Summit)നടക്കുന്നതോടെയാണ്. ഭൗമ ഉച്ചകോടിയിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്നു സുപ്രധാന ഉടമ്പടികൾ അംഗീകരിക്കപ്പെട്ടു. ലോക ജൈവവൈവിധ്യ ഉടമ്പടി (The Convention on Biodiversity, CBD), കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷൻ (United Nations Framework Convention on Climate Change, UNFCC), മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള കൺവെൻഷൻ (The United Nations Convention to Combat Desertification, UNCCD) എന്നിവയാണവ.
ലോക ജൈവവൈവിധ്യ ഉടമ്പടിയിൽ(CBD) ഒപ്പുവെച്ച 168 രാജ്യങ്ങളിൽ ഇന്ത്യയും ഉള്‍പ്പെടുന്നു (ഇതേവരെ 196 രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പ് വെച്ചിട്ടുണ്ട്). 1993 ഡിസംബർ 29നു ജൈവവൈവിധ്യ ഉടമ്പടി പ്രാബല്യത്തിലായി. ലോക ജൈവവൈവിധ്യ ഉടമ്പടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ ജൈവ വൈവിധ്യ സംരക്ഷണം, ജൈവ വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം, ജൈവ വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്ന് ഉണ്ടാകുന്ന നേട്ടങ്ങളുടെ ന്യായവും നീതിയുക്തവുമായ (fair and equitable)പങ്കുവയ്ക്കൽ എന്നിവയാണ്.
ജൈവവൈവിധ്യ ഉടമ്പടി (CBD) അംഗീകരിക്കപ്പെട്ടതോടെ ജൈവവൈവിധ്യ സംരക്ഷണവും പരിപാലനവും ഇതിൽ പങ്കെടുത്ത ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമായി മാറി. ഈ ഉടമ്പടിക്ക് അനുരൂപമായാണ് ഇന്ത്യൻ പാര്‍ലിമെന്റ് 2002ൽ പാസ്സാക്കിയ ജൈവവൈവിധ്യ നിയമം. തുടർന്ന് 2003ൽ ദേശീയ ജൈവവൈവിദ്ധ്യ അതോറിട്ടിയും (National Biodiversity Authority, NBA), 2005ൽ കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡും ( Kerala State Biodiversity Board, KSBB) നിലവിൽ വന്നു. 2023 ൽ ജൈവ വൈവിധ്യ ആക്ടിൽ ചില ഭേദഗതികൾ വരുത്തിക്കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്, 2024 ഏപ്രിൽ 1 മുതൽ പുതുക്കിയ ആക്ടിനാണ് പ്രാബല്യം.
ഐക്യരാഷ്ട്ര സഭയുടെ 2000 ഡിസംബറിൽ നടന്ന ജനറൽ അസംബ്ലി, എല്ലാ വർഷവും മെയ് 22 അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനമായി (World Biodiversity Day) ആചരിക്കണമെന്ന് നിർദേശിച്ചു. ജൈവവൈവിധ്യം ഭാവിതലമുറകൾക്ക് അമൂല്യമായ ആഗോള സ്വത്താണെന്ന തിരിച്ചറിവ് പകരുകയാണ് ലക്ഷ്യം. ലോക ജൈവവൈവിദ്ധ്യ ഉടമ്പടിയുടെ എഴുത്ത്(text) അംഗീകരിച്ചത് 1992 മെയ് 22ന് ആയിരുന്നു എന്നതാണ് ആ തീയതി തന്നെ ജൈവവൈവിദ്ധ്യ ദിനമായി തിരഞ്ഞെടുക്കപ്പെടാൻ കാരണം.
വൈവിധ്യമാർന്ന സസ്യങ്ങൾ, പക്ഷി-മൃഗാദികൾ, സൂക്ഷ്മാണുക്കൾ എന്നിവയെ അടിസ്ഥാനമാക്കിയാണ്ജൈവവൈവിധ്യത്തെ നാം മനസ്സിലാക്കുന്നതും നിർവചിക്കുന്നതും. കാർഷിക വിളകളുടെയും കന്നുകാലികളുടെയും ഇനങ്ങളുടെ വൈവിധ്യവും അവയുടെ വിഭിന്നമായ ആവാസവ്യവസ്ഥകളുമൊക്കെ ജൈവവൈവിധ്യത്തിന്റെ ഭാഗം തന്നെയാണ്. മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ജൈവവൈവിധ്യ വിഭവങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഉദാഹരണത്തിന്, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ 80 ശതമാനവും നൽകുന്നത് വിവിധ സസ്യങ്ങളാണ്. ലോകത്തെ വിവിധങ്ങളായ മൽസ്യങ്ങൾ 330 കോടി ജനങ്ങൾക്ക് അവർക്ക് ആവശ്യമുള്ള മൃഗപ്രോട്ടീന്റെ 20 ശതമാനം നൽകുന്നു. വികസ്വര രാജ്യങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന 80 ശതമാനം ആളുകളും അടിസ്ഥാന ആരോഗ്യ സംരക്ഷണത്തിനായി പരമ്പരാഗത സസ്യ-അധിഷ്ഠിത മരുന്നുകളെ ആശ്രയിക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. ജൈവവൈവിധ്യനഷ്ടം നമ്മെ ബാധിക്കുന്നത് പലതരത്തിലാണ്. നമ്മുടെ ആരോഗ്യത്തെ അത് ബാധിക്കുന്നുണ്ട്. ജൈവവൈവിധ്യനഷ്ടം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ വർദ്ധിച്ചുവരുന്നതിനും കാരണമാകുന്നുണ്ട്.
അതാതു രാജ്യത്തിന്റെ ഭൂപ്രദേശ പരിധിക്കുള്ളിലുള്ള ജൈവവിഭവങ്ങളുടെ മേൽ ആ രാജ്യത്തിന് മാത്രമേ പരമാധികാരമുള്ളൂ എന്ന പ്രഖ്യാപനവും ലോക ജൈവവൈവിധ്യ ഉടമ്പടി പ്രകാരം ഉണ്ടായി. ജൈവവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഓരോ രാജ്യവും കൈക്കൊള്ളണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ വിവിധ ജനവിഭാഗങ്ങൾ അവരുടെ പാരമ്പര്യ അറിവിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ജൈവവൈവിധ്യ സംരക്ഷണത്തിനും അവയുടെ സുസ്ഥിരമായ ഉപയോഗത്തിനും നല്‍കി വരുന്ന സംഭാവനകളെ അംഗീകരിക്കുകയും, ഈ പാരമ്പര്യ അറിവുകൾ വാണിജ്യവത്കരിക്കുമ്പോൾ ഉളവാകുന്ന ലാഭം അത്തരം വിഭാഗങ്ങളുമായി നീതിപൂര്‍വമായി പങ്കു വെക്കണമെന്നും ആവശ്യപെടുന്നു.
ജൈവവൈവിധ്യ ആക്ട് പ്രകാരം പ്രാദേശിക തലത്തിൽ ജൈവവിഭവങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്താനും, അവയുടെ സുസ്ഥിര ഉപയോഗം പ്രോത്സാഹിപ്പിക്കാനും, പാരമ്പര്യ സസ്യജന്തു ജാതികളെ സംരക്ഷിക്കുന്നതിനും, അവയെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്താനും മറ്റുമായി എല്ലാ തദ്ദേശ ഭരണകൂടങ്ങളും ജൈവവൈവിധ്യ പരിപാലന സമിതികൾ (Biodiversity, Management Committee, BMC) രൂപീകരിക്കണമെന്നു നിഷ്കർഷയുണ്ട്. പ്രാദേശികമായി ജൈവവൈവിധ്യത്തിന്റെ കാവലാൾ സംഘങ്ങളായി ബി.എം.സി. കൾ പ്രവർത്തിക്കണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പ്രവർത്തനങ്ങൾ ബി.എം.സി. കൾ വഴിയാണ് നടത്തുക.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷന് (UNFCC) എന്ന പോലെ ജൈവവൈവിധ്യ ഉടമ്പടിക്കും (CBD) ക്കും COP (Conference of the parties) ഉണ്ട്; രണ്ട് വർഷം കൂടുമ്പോഴാണ് എന്ന് മാത്രം. 2022 ഡിസംബർ 19 ന് കാനഡയിലെ മോൺട്രിയലിൽ അവസാനിച്ച 15-ാമത് ജൈവവൈവിധ്യ ഉച്ചകോടിയിൽ (COP15) വെച്ച് ‘കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക്’(GBF)അംഗീകരിക്കപ്പെട്ടു (2020 ഒക്ടോബറിൽ COP15 ന്റെ ആതിഥേയ നഗരമാകാൻ പദ്ധതിയിട്ടിരുന്ന നഗരത്തിന്റെ പേരാണ് ചൈനയിലെ കുൻമിംഗ്. എന്നാൽ കോവിഡ് കാരണം ഇത് മാറ്റിവയ്ക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന്, COP15 ന്റെ ആതിഥേയത്വം മോൺട്രിയൽ ഏറ്റെടുത്തു, അങ്ങിനെയാണ് ‘കുൻമിംഗ്-മോൺട്രിയൽ’ എന്ന പേര് വന്നത്).
ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനും സുസ്ഥിരമായി ഉപയോഗിക്കുന്നതിനുമായി 2030-ഓടെയും അതിനുശേഷവും കൈവരിക്കേണ്ട ആഗോള ലക്ഷ്യങ്ങളാണ് GBF ലുള്ളത്. അസംഖ്യം ജീവജാലങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാവുകയും ജനകോടികളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ അപകടകരമായ തകർച്ച തടയാനും പുനഃസ്ഥാപ്പിക്കാനും GBF അഥവാ ‘ബയോഡൈവേഴ്സിറ്റി പ്ലാൻ’ ലക്ഷ്യമിടുന്നു.
2030 വരെയുള്ള ദശാബ്ദത്തിൽ അടിയന്തര നടപടിക്കായി 23 ആഗോളലക്ഷ്യങ്ങൾ ഫ്രെയിംവർക്കിനുണ്ട്. 2030 ഓടെ ഭൗമ, സമുദ്ര ആവാസ വ്യവസ്ഥകളുടെ 30 ശതമാനം സംരക്ഷിക്കാൻ ആഗോള സമൂഹം നടത്തുന്ന ശ്രമങ്ങളെ മുപ്പതിന് മുപ്പത് (30 by 30) എന്ന് സൂചിപ്പിക്കാറുണ്ട്. ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്കിലെ(GBF) 23 ആഗോള ജൈവവൈവിധ്യ ലക്ഷ്യങ്ങളിൽ രണ്ടും മൂന്നും, മുപ്പതിന് മുപ്പത് ആണ്! അതായത്, രണ്ടാമത്തെ ലക്ഷ്യം ജീർണിച്ച കുറഞ്ഞത് 30 ശതമാനം കര, കടൽ, ഉൾനാടൻ ജലാശയങ്ങൾ ഉൾപ്പെട്ട ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനവും (restoration), മൂന്നാമത്തെ ലക്ഷ്യം കുറഞ്ഞത് 30 ശതമാനം കരയുടെയും കടലിന്റെയും, ഉൾനാടൻ ജലാശയങ്ങളുടെയും പരിരക്ഷണവും (conservation) ആണ്. മറ്റ് ചില GBF ലക്ഷ്യങ്ങൾ, ആഗോളതലത്തിൽ ഭക്ഷണം ഉപയോഗിക്കാതെ നശിച്ചു പോകുന്നതിന്റെ അളവ് പകുതിയായി കുറയ്ക്കുക, അമിത ഉപഭോഗം ഗണ്യമായി കുറയ്ക്കുക, അധിനിവേശ ജീവികളുടെ വ്യാപനം പകുതിയായി കുറയ്ക്കുക, ഓരോ വർഷവും പരിസ്ഥിതിക്ക് ദോഷകരമായ സർക്കാർ സബ്‌സിഡികൾ പ്രതിവർഷം 500 ശതകോടി ഡോളർ എന്ന കണക്കിന് കുറയ്ക്കുക, മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് മനുഷ്യ-വന്യജീവി ഇടപെടലുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നിവയാണ്.
ഓരോ GBF ലക്ഷ്യത്തിനും നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കുകയും 2030-ഓടെ പൂർത്തിയാക്കുകയും വേണം. പ്രഖ്യാപിച്ച പല ക്യാമ്പയിനുകളും 2030 ഓടെ ലക്ഷ്യത്തിലെത്തുമെന്ന സ്വപ്നമാണ് ഐക്യരാഷ്ട്ര സഭ പങ്ക് വെക്കുന്നത്. 2015 ൽ പ്രഖ്യാപിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ, 2021 ൽ പ്രഖ്യാപിച്ച പരിസ്ഥിതി പുനസ്ഥാപന ദശകം എന്നിവയൊക്കെ 2030 ഓടെ ലക്ഷ്യം കാണുമെന്നാണ് പ്രതീക്ഷ.
ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഫ്രെയിംവർക്ക് ഉണ്ടാക്കിയത് നേട്ടമാണ്, ഇവ സമയബന്ധിതമായി, ഫലപ്രദമായി നടപ്പിലാക്കാനും കഴിയണം. ജനങ്ങൾ GBF ലക്ഷ്യങ്ങളെക്കുറിച്ച് അറിയുകയും പ്ലാനിന്റെ ഭാഗമാകുകയും വേണം. തൽപരകക്ഷികൾക്കിടയിൽ സഹകരണത്തിനും പങ്കാളിത്തത്തിനും ‘ജൈവവൈവിധ്യ പ്ലാൻ ’ അവസരങ്ങൾ നൽകുന്നു. സർക്കാരുകളും, പ്രാദേശിക സമൂഹങ്ങളും, സർക്കാരിതര സംഘടനകളും, നിയമനിർമ്മാതാക്കളും, ബിസിനസ്സുകാരും, വ്യക്തികളും ജൈവവൈവിധ്യ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. എല്ലാവർക്കും ഒരു പങ്കുണ്ട്, അതിനാൽ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും.
2024 ഒക്ടോബർ 21 മുതൽ നവംബർ 1 വരെ കൊളംബിയയിൽ നടക്കുന്ന പതിനാറാമത് ജൈവ വൈവിധ്യ ഉച്ചകോടിയുടെ (COP 16) മുന്നോടിയായുള്ള ദൃശ്യപരത വർധിപ്പിക്കാനും 2024 ജൈവവൈവിധ്യദിനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലോഗോയിൽ പേര് ചേർക്കൂ
അധിക വായനയ്ക്ക്
- CBD 2022. Kunming-Montreal Global Biodiversity Framework >>>
- CBD 2024. The Biodiversity Plan: For Life on Earth. 2030 Targets (with Guidance Notes). >>>