[tie_full_img] [/tie_full_img] [dropcap]ലോ[/dropcap]കത്തിന്റെ പല ഭാഗങ്ങളിലും (ഉദാഹരണം: ആഫ്രിക്കൻ മൺസൂൺ, ആസ്ത്രേലിയൻ മൺസൂൺ) ഇത്തരം മൺസൂൺ കാണാമെങ്കിലും, ഏഷ്യൻ മൺസൂൺ പോലെ പ്രബലവും സങ്കീർണ്ണവുമല്ല മറ്റൊരു മൺസൂണും. അതുകൊണ്ടുതന്നെ മൺസൂണിന്റെ പ്രവചനവും ഇനിയും പൂർണ്ണമായും കൈപ്പിടിയിൽ ഒതുക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. എന്നിരിക്കിലും പ്രവചനം സംബന്ധിച്ച കാര്യങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.നമുക്ക് മൺസൂൺ എന്നാൽ മഴക്കാലമാണ്. പ്രത്യേകിച്ച് , ജൂൺ മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ. എല്ലാ വർഷവും ഏതാണ്ട് കൃത്യസമയം പാലിച്ച്, ജൂൺ ഒന്നാം തിയത്തിയോടെ കേരളത്തിൽ തുടക്കം കുറിക്കാറുണ്ടെങ്കിലും ഈ കാലയളവിൽ ലഭിക്കുന്ന മഴയിൽ വർഷം തോറും പ്രകടമായ വ്യത്യാസങ്ങൾ കാണാറുണ്ട്. ഇതിന്റെ പ്രധാന കാരണം, മൺസൂൺ എന്ന പ്രതിഭാസത്തിന്റെ സങ്കീർണ്ണതകൾ തന്നെയാണ്.
യഥാർത്ഥത്തിൽ, മൺസൂൺ എന്നാൽ, വർഷം തോറും നിശ്ചിത കാലത്ത് കാറ്റിന്റെ ഗതിയിൽ സംഭവിക്കുന്ന ദിശാവ്യത്യാസത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി രണ്ടു മൺസൂണുകളാണ് ഉള്ളത് (1) ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest monsoon), (2) ഒക്ടോബർ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന വടക്കുകിഴക്കൻ മൺസൂൺ (northeast monSoon). പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, ജൂൺ മാസത്തിലെ കാറ്റ് രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നും വീശുന്നു എങ്കിൽ, ഡിസംബർജനുവരി സമയത്തു് കാറ്റിന്റെ ദിശ വടക്ക്-കിഴക്ക് ഭാഗത്തുനിന്നാണ്. ഇന്ത്യയെന്ന രാജ്യത്തിന്റെ കാർഷിക സംരംഭങ്ങൾ ഭൂരിഭാഗവും തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്തെ മഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ മഴയുടെതോതിൽ ഉണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും വളരെ പ്രാധാന്യത്തോടെയാണ് ശാസ്ത്രസമൂഹം നോക്കിക്കാണുന്നത്.
ഏതാനും വർഷങ്ങൾക്കു മുൻപ്, ശാസ്ത്രജ്ഞരുടെ ഇടയിൽ മാത്രം പരിചിതമായിരുന്ന എൽ നിനോ (El Nino) എന്ന പ്രതിഭാസം, ഈയിടെയായി ഏറെ വാർത്താ പ്രാധാന്യം നേടുന്നതും മൺസൂണിനു മുൻപുതന്നെ ചർച്ച ചെയ്യപ്പെടുന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ. എന്താണ് എൽ നിനോ ? എൽ നിനോ സതേൺ ഓസിലേഷൻ (ENSO) എന്ന ആഗോള പ്രതിഭാസത്തിന്റെ ഒരു ഭാഗം മാത്രമാണ് മേൽ സൂചിപ്പിച്ച എൽ നിനോ.
സാധാരണ അവസരങ്ങളിൽ ആസ്ത്രേലിയയോട് ചേർന്നുകിടക്കുന്ന പസഫിക്കിന്റെ പടിഞ്ഞാറുഭാഗത്ത് താപനില അൽപ്പം കൂടുതലും ദക്ഷിണ അമേരിക്കയോട് ചേർന്ന് കിടക്കുന്ന പസഫിക്കിന്റെ കിഴക്കുഭാഗത്ത് താപനില താരതമ്യേന കുറവും ആയിരിക്കും. എന്നാൽ ചിലയവസരങ്ങളിൽ അന്തരീക്ഷത്തിലെ കാറ്റിന്റെ വേഗത കുറയുന്നതിന്റെ ഫലമായി ഭൂമധ്യരേഖയോടു ചേർന്നുള്ള സമുദ്ര പ്രവാഹങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാവുകയും അതിനോടനുബന്ധിച്ചു പസഫിക്കിന്റെ മധ്യഭാഗം മുതൽ കിഴക്കേ അറ്റം വരെ വളരെയധികം ചൂടുപിടിക്കുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് തെക്കേ അമേരിക്കയിലെ പെറു തീരത്ത് കാണപ്പെടുന്ന ഉഷ്ണജലപ്രവാഹത്തെയാണ് അടിസ്ഥാനപരമായി എൽ നിനോ എന്ന് വിശേഷിപ്പിക്കുന്നത്. എൽ നിനോയുടെ വരവോടുകൂടി, നന്നേ മഴ കുറവായ ഈ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപം കൊള്ളുകയും വളരെയധികം മഴ ലഭിക്കുകയും ചെയ്യുന്നു . അതേസമയം, നല്ലപോലെ മഴലഭിക്കുന്ന ആസ്‌ത്രേലിയ, ഇൻഡോനേഷ്യ മുതലായ പ്രദേശങ്ങൾ മഴയിലെ കുറവുമൂലം വരൾച്ചയിലേയ്ക്ക് നീങ്ങുന്നു. സമുദ്രതല താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾക്കനുസരിച്ചു, അന്തരീക്ഷപ്രവാഹങ്ങളിലും (atmospheric circulation) പ്രകടമായ വ്യത്യാസങ്ങൾ സംഭവിക്കുന്നു. ഇതാണ് സതേൺ ഓസിലേഷൻ (Southern Oscillation).
[tie_full_img] [/tie_full_img]ചിത്രം 1. സാധാരണ സമയത്തെയും എൽ നിനോ സമയത്തെയും സമുദ്രതല താപനിലയിലെയും കാറ്റിന്റെ ഗതിയിലെയും വിന്യാസം. ചുവന്ന നിറത്തിൽ ഷേഡ് ചെയ്തിരിക്കുന്നത് താപനില കൂടിയ ഭാഗങ്ങളും നീല നിറത്തിൽ ഷേഡ് ചെയ്തിരിക്കുന്നത് താപനില കുറഞ്ഞ പ്രദേശങ്ങളും.
അന്തരീക്ഷവും സമുദ്രവും തമ്മിൽ ഒരു നിരന്തരമായ കൊടുക്കൽ- വാങ്ങൽ പ്രക്രിയ (atmosphere – Ocean interaction) നിലനിൽക്കുന്നുണ്ട്. പറഞ്ഞുവരുന്നത്, എൽ നിനോയ്ക്കോ സതേൺ ഓസിലേഷനോ സ്വതന്ത്രമായി ഒരു നിലനിൽപ്പില്ല എന്നർത്ഥം. ഇനി ഈ അവസ്ഥയുടെ നേരെ വിപരീതമായ അവസ്ഥയും ഉണ്ട് – ലാ നിന (La Nina). അതായത്, മധ്യ – കിഴക്കൻ പസഫിക് ഭാഗത്തു് മഴ വളരെ കുറയുകയും, ആസ്ത്രേലിയ ഭാഗത്തു് വളരെയധികം മഴ ലഭിക്കുകയും ചെയ്യുന്ന അവസ്ഥ. ENSO എന്ന പ്രതിഭാസത്തിന്റെ warm phase ആണ് എൽ നിനോ, cold phase ലാ നിനയും. 2 മുതൽ 7 വരെ വർഷങ്ങളുടെ ഇടവേളകളിൽ കടന്നുവരുന്ന ഇത്തരം ഓരോ എൽ നിനോ/ലാ നിന പ്രതിഭാസവും ഏതാണ്ട് 12-18 മാസം നീണ്ടുനിൽക്കുന്നു. എന്നാൽ, മേൽസൂചിപ്പിച്ച പ്രതിഭാസങ്ങൾക്ക് ഇന്ത്യൻ മൺസൂണുമായി എന്താണ് ബന്ധം ?
മേൽ സൂചിപ്പിച്ചതുപോലെ, എൽ നിനോ, ലാ നിന സമയങ്ങളിൽ അന്തരീക്ഷപ്രവാഹങ്ങളിൽ സാരമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. സാധാരണ സമയങ്ങളിൽ ഇന്ത്യൻ മൺസൂൺ പ്രദേശങ്ങളിലെ മേഘങ്ങളുണ്ടാവുന്നതിനെ സഹായിക്കുന്ന ഒന്നാണ് കിഴക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന വാക്കർ സർക്കുലേഷൻ (Walker Circulation). എന്നാൽ എൽ നിനോ സമയത്തു മുകളിൽ പറഞ്ഞ Walker Circulation നു സ്ഥാനചലനം സംഭവിക്കുകയും ഇതിന്റെ ഫലമായി ഇന്ത്യയുടെ പലഭാഗങ്ങളിലും മഴമേഘങ്ങൾ രൂപംകൊള്ളുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. അതേസമയം, ലാ നിന സമയത്ത് ഈ Walker Circulation പതിവിലും ശക്തി പ്രാപിക്കുകയും അതുകൊണ്ടുതന്നെ കൂടുതൽ മഴമേഘങ്ങൾ രൂപംകൊള്ളുന്നതിനു സഹായകരമാകുകയും ചെയ്യുന്നു.
Indian Ocean Dipole
[box type=”warning” align=”” class=”” width=””]കണക്കുകൾ പരിശോധിച്ചാൽ, പല ശക്തിയേറിയ എൽ നിന്നോ വർഷങ്ങളിലും ഇന്ത്യൻ മൺസൂൺ വളരെ മോശമായിരുന്നെന്നും ശക്തമായ ലാ നിന സംഭവിച്ച വർഷങ്ങളിൽ പലപ്പോഴും ശക്തമായ മഴലഭിച്ചിരുന്നെന്നും കാണാം (ഉദാ: 1994, 2004, 2009). എന്നാൽ, വിശദമായ പഠനങ്ങളിൽ മറ്റൊരുകാര്യം ശ്രദ്ധിക്കപ്പെട്ടു. എല്ലാ എൽ നിനോ വർഷങ്ങളിലും മൺസൂൺ മോശമാവുകയോ എല്ലാ ലാ നിന വർഷങ്ങളിലും മൺസൂൺ ശക്തിപ്പെടുകയോ ചെയ്യുന്നില്ല. പിന്നീട് നടന്ന പഠനങ്ങളിൽ എൽ നിനോ പോലെ ഇന്ത്യൻ മഹാസമുദ്രത്തിൽ സംഭവിക്കുന്ന മറ്റൊരു പ്രതിഭാസത്തിന്റെ ചുരുളുകൾ അഴിഞ്ഞു – ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (Indian Ocean Dipole – IOD).[/box]ഇന്ത്യൻ മഹാസമുദ്രത്തിലെ പശ്ചിമ ഭാഗത്തെയും തെക്ക് കിഴക്കൻ ഭാഗത്തെയും സമുദ്രതല താപനിലയിലെ അസാധാരണ പാറ്റേൺ ആണ് IOD ക്ക് കാരണമാകുന്നത്. ENSO ലെ warm, cold എന്നീ അവസ്ഥകൾ പോലെ IOD യ്ക്കും രണ്ടു വ്യത്യസ്ത അവസ്ഥകളുണ്ട്- പോസിറ്റീവ് ഫേസും നെഗറ്റീവ് ഫേസും. പോസിറ്റീവ IOD സമയത്തു് അറബിക്കടലിനോട് ചേർന്നുകിടക്കുന്ന, ഇന്ത്യൻ ഓഷ്യന്റെ പടിഞ്ഞാറ് ഭാഗം കൂടുതൽ ചൂടുപിടിച്ച അവസ്ഥയിലും തെക്ക്-കിഴക്കൻ ഭാഗം താരതമ്യേന ചൂട് കുറഞ്ഞ അവസ്ഥയിലും ആയിരിക്കും. ചൂട് കൂടിയ പ്രദേശം കൂടുതൽ ബാഷ്പീകരണത്തിനു വിധേയമാവുകയും, അതുവഴി കൂടുതൽ മഴമേഘങ്ങൾ ഉണ്ടാവുന്നതിന് സഹായകമാവുകയും ചെയ്യുന്നു. എന്നാൽ, താരതമ്യേന താപനിലകുറഞ്ഞ തെക്കു-കിഴക്കൻ പ്രദേശങ്ങളിൽ (ഇൻഡോനേഷ്യക്കടുത്തുള്ള ഭാഗങ്ങൾ) മേഘങ്ങൾ കുറവായിരിക്കും. ഇത്തരത്തിൽ അറബിക്കടലിലെ സൊമാലി തീരത്തെല്ലാം ശക്തിപ്രാപിക്കുന്ന സംവഹനപ്രക്രിയ (Strong convection) അതുവഴി കടന്നുവരുന്ന മൺസൂൺ പ്രവാഹവുമായി പ്രതിപ്രവർത്തിക്കുകയും തത്ഫലമായി മൺസൂൺ കൂടുതൽ ശക്തിപ്പെടുകയും ചെയ്യുന്നു. അതിനോടൊപ്പം, ഇന്ത്യൻ ഓഷ്യന്റെ തെക്ക്-കിഴക്കൻ ഭാഗങ്ങൾ ,മഴയിൽ ഉണ്ടാകുന്ന ഗണ്യമായ കുറവുമൂലം, വരൾച്ചയിലേക്കും നീങ്ങുന്നു. എന്നാൽ നെഗറ്റിവ് IODയുടെ സമയത്താകട്ടെ, കാര്യങ്ങൾ വിപരീത ദിശയിലാവുകയും അറബിക്കടൽ ഭാഗത്തെ സംവഹന പ്രവർത്തനങ്ങളിലെ കുറവ് (reduced convection) മൺസൂണിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ചിത്രം 2. ഇന്ത്യൻ ഓഷ്യൻ ഡൈപോളിന്റെ പോസിറ്റീവ് ഫേസിലും നെഗറ്റീവ് ഫേസിലും സമുദ്രതല താപനില , മഴമേഘങ്ങൾ ഇവയുടെ വിന്യാസം. ചുവന്ന നിറത്തിൽ ഷേഡ് ചെയ്തിരിക്കുന്നത് താപനില കൂടിയ ഭാഗങ്ങളും നീല നിറത്തിൽ ഷേഡ് ചെയ്തിരിക്കുന്നത് താപനില കുറഞ്ഞ പ്രദേശങ്ങളും, വെളുത്ത നിറത്തിൽ കാണുന്നത് മേഘങ്ങൾ. (ചിത്രത്തിന് കടപ്പാട്: http://econintersect.com)
നമ്മുടെ മൺസൂണിനെ സംബന്ധിച്ചിടത്തോളം, ഓരോ വർഷവും സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളിൽ (inter-annual variabilities) നല്ലൊരുപങ്കും ENSO, IOD എന്നീ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. അതിൽത്തന്നെ, IOD ക്ക് ENSOയെക്കാള്‍ കൂടുതൽ സ്വാധീനമുള്ളതായി കണ്ടുവരുന്നു. പറഞ്ഞുവരുന്നത്. ശക്തിയേറിയ ഒരു എൽ നിനോ/ലാ നിന പ്രതിരോധിക്കാൻ ഒരു ശരാശരി പോസിറ്റീവ് നെഗറ്റീവ് IOD യ്ക്ക് കഴിയുന്നു. ഇനി, എൽ നിനോയും നെഗറ്റീവ് IOD യും ഒരുമിച്ചു സംഭവിച്ചാലോ ? കടുത്ത വരൾച്ചയായിരിക്കും ഫലം. കഴിഞ്ഞ ഒന്ന് രണ്ട് ദശകങ്ങളിലായി നടക്കുന്ന പഠനങ്ങളിൽ ENSO യ്ക്ക് ഇന്ത്യൻ മൺസൂണിൽ ഉള്ള സ്വാധീനം കുറഞ്ഞുവരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കൂടുതലായി സംഭവിക്കുന്ന IOD എപ്പിസോഡുകൾ ആണ് ഇതിനുകാരണം എന്ന് വിലയിരുത്തപ്പെടുന്നു.
മൺസൂൺ മഴയിൽ ഉണ്ടാകുന്ന പ്രധാന വ്യത്യാസങ്ങൾ ഒരു പരിധിവരെ ENSO, IOD എന്നീ പ്രതിഭാസങ്ങൾ കൊണ്ട് വിശദീകരിക്കാൻ കഴിയുമെങ്കിലും, മൺസൂണിന്റെ സ്വഭാവം മുഴുവനായി ഇനിയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ കൃത്യമായ അന്തരീക്ഷ മോഡലുകളും (Atmospheric models) വേഗയേറിയ സൂപ്പർ കമ്പ്യൂട്ടറുകളും സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള നിരന്തരമായ നിരീക്ഷങ്ങളുമെല്ലാം, അനുദിനം അന്തരീക്ഷ പ്രവചനങ്ങൾ (weather predictions) കൂടുതൽ മികവുറ്റതാക്കുന്നു.