രാജ്യം ഒട്ടാകെ കാണപ്പെടുന്ന ഇന്ത്യൻ മഞ്ഞക്കിളി ദേശാടകർ ആണ്. വേനൽകാലത്തു ഇവർ പാകിസ്താനിലേക്കും ഹിമാലയത്തിലേക്കും പിന്നെ മഞ്ഞുകാലത്തു തെക്കേ ഇന്ത്യയുടെ ഭാഗങ്ങളിലേക്കും ദേശാടനം ചെയ്യുന്നു. ആൺകിളിയുടെ ശരീരം നല്ല ശോഭയുള്ള മഞ്ഞ നിറം ആണ്. കൂടാതെ മഞ്ഞ നിറത്തിൽ അടയാളങ്ങളോട് കൂടിയ കറുത്ത ചിറകുകളും, ചുവന്ന ചുണ്ടും, ചുവന്ന കണ്ണുകളും കണ്ണുകൾക്ക് കറുത്ത പട്ടയും ഉണ്ട്. വാലിന്റെ നടുക്ക് കറുപ്പും വശങ്ങളിൽ മഞ്ഞയും ആണ്. പെൺകിളിയുടെ ശരീരം മഞ്ഞ കലർന്ന പച്ച നിറം ആണ്. അടിവശം മങ്ങിയ വെള്ളനിറവും അതിൽ ഇരുണ്ട വരകളും ഉണ്ട്. ചിറകുകളും വാലും പച്ച കലർന്ന തവിട്ടു നിറവും ആണ്. പ്രായപൂർത്തി ആകാത്ത ആൺകിളിയുടെ രൂപം ഏറെക്കുറെ പെൺകിളിയുടേത് പോലെ ആണ് പക്ഷെ കൊക്കും കണ്ണും ഇരുണ്ടതായിരിക്കും. ദേശാടകരായ ഇന്ത്യൻ മഞ്ഞക്കിളികൾ വടക്കേ ഇന്ത്യയിൽ മഞ്ഞു കാലം തുടങ്ങുമ്പോൾ നമ്മുടെ നാട്ടിലേക്ക് വരുന്നു. മഴക്കാലം തുടങ്ങുന്നതിനു മുന്നേ തിരികെ പോവുകയും ചെയ്യും. ഈ സമങ്ങളിൽ മഞ്ഞക്കിളിയെ വനപ്രദേശങ്ങളിലും നാട്ടുമ്പുറങ്ങളിലും പട്ടണങ്ങളിലും ഉള്ള വൃക്ഷത്തലപ്പുകളിൽ കാണാവുന്നതാണ്. പൊതുവെ ഇവർ മരങ്ങളിൽ നിന്നും താഴെ ഇറങ്ങാറില്ല. കൃമികീടങ്ങൾ, പുഴുക്കൾ, ചെറുഫലങ്ങൾ പൂന്തേൻ എന്നിവയാണ് പ്രധാന ഭക്ഷണം. ഏപ്രിൽ മുതൽ ജൂലൈ വരെ ആണ് പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ