ഇന്ത്യൻ നാനാത്വത്തിന്റെ നാൾവഴികൾ – ഒരു തിരിഞ്ഞുനോട്ടം
ഭൂമിശാസ്ത്രപരമായും, ഭാഷാപരമായും, സാംസ്കാരികമായും, വംശപരമായും ബഹുസ്വരമായ ഇന്ത്യയുടെ ചരിത്രം പഠിച്ചു മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ജീന എ.വി എഴുതുന്നു
ഭൂമിശാസ്ത്രപരമായും, ഭാഷാപരമായും, സാംസ്കാരികമായും, വംശപരമായും ബഹുസ്വരമായ ഇന്ത്യയുടെ ചരിത്രം പഠിച്ചു മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള പല സമൂഹങ്ങളുടെ അധിനിവേശ-കുടിയേറ്റ ചരിത്രം വായിച്ചു പഠിക്കാൻതന്നെ വർഷങ്ങളെടുക്കും! ഒപ്പം ഓർക്കുക, ഇന്ന് കാണുന്ന ഭൂപ്രദേശത്തേക്കാൾ വലിപ്പമുണ്ട് ഇന്ത്യൻ ചരിത്രം പഠിക്കുമ്പോൾ പരിഗണിക്കേണ്ട ഭൂപ്രദേശം.
ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന ഇന്ത്യൻ ഭൂമി 1947-ൽ പാകിസ്ഥാനും ഇന്ത്യയുമെന്ന രണ്ടു സ്വയംഭരണ രാജ്യങ്ങളായി വിഭജിക്കപ്പെട്ടതിനെയാണ് വിദേശാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യമായി നാം കാണുന്നത്. അന്ന് ഇന്ത്യയോട് ചേരാതെ നിന്ന നാട്ടുരാജ്യങ്ങൾ പിൽക്കാലത്ത് നയതന്ത്രപരമായോ സൈനികബലം കൊണ്ടോ ഒക്കെ പിടിച്ചടക്കിയിട്ടുണ്ട് ആ ‘നവ ഇന്ത്യ’.
ബ്രിട്ടീഷുകാർക്ക് മുൻപ് അധിനിവേശം പരിചയമില്ലാതിരുന്ന ഭൂപ്രദേശമല്ല ഇന്ത്യയുടേത്. ശിലായുഗം മുതൽ, സിന്ധുനാഗരികത (3300-1800 BCE, വെങ്കലയുഗം), വേദകാല ജനപദങ്ങൾ (1500-500 BCE, ഇരുമ്പുയുഗം), അഹോം സാമ്രാജ്യം CE 1228–1826, മധ്യകാലഘട്ടത്തിന്റെ അവസാനകാലം), മുഗൾ സാമ്രാജ്യം (CE 1526–1857, ആദ്യകാല ആധുനികയുഗം), എന്നിങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യം (CE, 1757-1858, 1858–1947, ആധുനികയുഗം) വരെ കുടിയേറ്റത്തിന്റെയും, അധിനിവേശത്തിന്റെയും, കീഴടങ്ങലുകളുടെയും, സാമൂഹിക ജീവിത വൈവിധ്യത്തിന്റെയും ചരിത്രമാണ് ഇന്ത്യക്കുള്ളത്. ‘നമ്മുടെ’ എന്ന് അഭിമാനത്തോടെ മുദ്ര കുത്തിയിട്ടുള്ള എല്ലാം ഈ വൈവിധ്യമാർന്ന ചരിത്രത്തിന്റെ ബാക്കിപത്രങ്ങളാണ്.
സ്വദേശ-വിദേശ കുടിയേറ്റ/ആധിപത്യചരിത്രം – CE 1500കൾ വരെ.
ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം സാമ്രാജ്യങ്ങളിലൂടെ
ഇന്ത്യയിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്‌താൽ കയ്യിലൊതുങ്ങാത്തവണ്ണം ഭാഷാ- സാംസ്‌കാരിക- വംശ വൈവിധ്യങ്ങൾ കാണാം. ചരിത്രത്തിലുടനീളമുണ്ടായ കുടിയേറ്റങ്ങളുടെ പരിണിതഫലമാണ് ഈ വൈവിധ്യം. പുതിയ ജനിതക-പഠനങ്ങൾ പ്രകാരം, ആഫ്രിക്കയിൽ നിന്നും 73,000 – 55,000 വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ ആദ്യമായി മനുഷ്യർ എത്തിയത്. ഇന്നത്തെ അറിവ് വച്ച്, ആദ്യത്തെ കുടിയേറ്റക്കാർ! എടക്കൽ ഗുഹാചിത്രങ്ങൾ വരച്ച മനുഷ്യർ BCE 6000-ങ്ങളിൽ (ആധുനിക ശിലായുഗം) തന്നെ കേരളത്തിൽ ജീവിച്ചിരുന്നു. അവരെന്തു ഭാഷ സംസാരിച്ചിരുന്നു എന്ന് നമുക്കറിയില്ല. അതും കഴിഞ്ഞു ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാണ് (സിന്ധുനാഗരികതയുടെ ക്ഷയത്തിന്റെ കാലഘട്ടം, BCE 1800-1600കൾ) പ്രോട്ടോ-ദ്രാവിഡ ഭാഷ(കൾ) സംസാരിച്ചിരുന്ന സമൂഹം ദക്ഷിണേന്ത്യയിൽ എത്തുന്നത്. ദ്രാവിഡർ തെക്കേ ഇന്ത്യയിൽ എത്തിയത് കുടിയേറ്റം തന്നെയാണ്.
പിന്നീട്, BCE 1500-കളിലാണ് (വെങ്കലയുഗത്തിന്റെ അവസാനം & ഇരുമ്പു യുഗം) ഇന്ത്യൻ ചരിത്രത്തിൽ തനതായ ഇടം നേടിയ കുടിയേറ്റങ്ങൾ ഉണ്ടായിട്ടുള്ളത്. ഇന്തോ-യൂറോപ്യൻ ഭാഷയായ സംസ്കൃതം സംസാരിച്ചിരുന്ന ഗോത്രങ്ങൾ മധ്യ-ഏഷ്യയിൽ നിന്നും പഞ്ചാബ് വഴി ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിലായി, ഗംഗാ സമതലത്ത് താമസമുറപ്പിച്ചു. BCE 1500-600 ലെ ഈ യുഗം ‘വേദകാലഘട്ടം’ എന്നറിയപ്പെടുന്നു. ആദ്യകാലത്ത് ഇടയവൃത്തി ആയിരുന്നുവെങ്കിലും BCE 1000-ത്തോടടുത്ത് ഇരുമ്പു-ഉപകരണ വിദ്യ സ്വായത്തമാക്കുകയും കിഴക്ക്, ഗംഗാസമതലത്തിൽ കാർഷികവൃത്തിയിലേക്ക് മാറുകയും ചെയ്തിരുന്നു അവർ. അറിവിന്റെയും ചരിത്രത്തിന്റെയും ഒരു കലവറ തന്നെ വേദകാലം ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. ചതുർവേദങ്ങൾ, വേദാതാംഗ, ഉപനിഷദ്കൾ, ആരണ്യകങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങൾ അവിടത്തെ ജനതയുടെ ജീവിതരീതികൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ, അറിവുകൾ എന്നിവയിലേക്ക് വെളിച്ചമേകുന്നവയാണ്. ‘മഹാജനപദങ്ങൾ’ (‘മഹത്തായ രാഷ്ട്രങ്ങൾ’ എന്നർത്ഥം) എന്നറിയപ്പെടുന്ന പതിനാറ് ദേശങ്ങളിലായി ഈ വേദകാല ജനത ഉത്തരേന്ത്യയിൽ വ്യാപിച്ചു.
ഗാന്ധാരം, കംബോജം, കുരു, പാഞ്ചാലം, കോസലം, മഗധ, കാശി തുടങ്ങിയ ജനപദങ്ങൾ സുപരിചിതമാണ് നമുക്ക് (ഇന്നത്തെ ഇന്ത്യയിലെ പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന തുടങ്ങിയ ഭൂപ്രദേശം). വേദകാല കുടിയേറ്റത്തിനു ശേഷം ഏതാനും നൂറ്റാണ്ടുകൾ വരെ ആധിപത്യത്തിനുവേണ്ടി പുതിയ വിദേശീയരുടെ വരവ് ഉണ്ടായില്ല. പക്ഷേ ‘സ്വദേശീയ’ സാമ്രാജ്യശക്തികളുടെ ഇടയിൽ ആധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ ഉണ്ടായിരുന്നു. BCE 300കൾ ആവുമ്പോഴേക്കും മഹാജനപദങ്ങൾ ക്ഷയിക്കുകയും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായി മൗര്യ സാമ്രാജ്യം വളരുകയും ചെയ്തിരുന്നു. ഒരു നൂറ്റാണ്ടിലധികം നിലനിന്ന ആ സാമ്രാജ്യവും പിന്നീട് ക്ഷയിച്ചു. ഇതിനിടെ തെക്കേ ഇന്ത്യയിൽ ചേര-ചോള-പാണ്ഡ്യ വംശവും, ശതവാഹനരാജവംശവും സ്ഥാപിക്കപ്പെട്ടിരുന്നു. BCE 2-1 നെ തുടർന്ന് ശതവാഹന വംശം ചെറിയ തോതിൽ വടക്കോട്ട് വ്യാപിച്ചു. ഇങ്ങിനെ ഓരോ കാലത്തും ഭൂവിസ്തൃതി കൂട്ടാനായി ഇന്ത്യയുടെ ഉള്ളിലെ ചെറു രാജ്യങ്ങൾ പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരുന്നു. ഗുപ്ത സാമ്രാജ്യവും (~CE അഞ്ചാം നൂറ്റാണ്ട്) ഹർഷ സാമ്രാജ്യവും (~CE ഏഴാം നൂറ്റാണ്ട്) ഇതിനിടെ ഉത്തരേന്ത്യയാകെ വ്യാപിക്കുകയും ചെയ്തു.
സമയരേഖ – ഇന്ത്യൻ കുടിയേറ്റ ചരിത്രം
ഇന്ത്യയിൽ ആദ്യത്തെ “കുടിയേറ്റക്കാർ” എത്തുന്നു
73000-55000
വർഷങ്ങൾക്ക് മുമ്പ്
ഇന്ത്യയിൽ ആദ്യത്തെ “കുടിയേറ്റക്കാർ” എത്തുന്നു
സിന്ധുനദീതട നാഗരികത (വെങ്കലയുഗം), ഇപ്പോഴത്തെ ഇന്ത്യ -പാക്കിസ്ഥാൻ അതിർത്തി പ്രദേശം
3300-1800/1600 BCE
സിന്ധുനദീതട നാഗരികത (വെങ്കലയുഗം), ഇപ്പോഴത്തെ ഇന്ത്യ -പാക്കിസ്ഥാൻ അതിർത്തി പ്രദേശം
ആസ്ടോ-ഏഷ്യാറ്റിക് ഭാഷ സംസാരിച്ചിരുന്ന ഖാസി, മുണ്ട ഗോത്രങ്ങൾ തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്നും വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് കുടിയേറി.
3000-2000 BCE
ആസ്ടോ-ഏഷ്യാറ്റിക് ഭാഷ സംസാരിച്ചിരുന്ന ഖാസി, മുണ്ട ഗോത്രങ്ങൾ തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്നും വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് കുടിയേറി.
പ്രോട്ടോ-ദ്രാവിഡ ഭാഷ സമൂഹം ദക്ഷിണേന്ത്യയിലേക്ക് കുടിയേറി
1800-1600 BCE
പ്രോട്ടോ-ദ്രാവിഡ ഭാഷ സമൂഹം ദക്ഷിണേന്ത്യയിലേക്ക് കുടിയേറി
ഇന്തോ-യൂറോപ്യൻ ഭാഷയായ സംസ്കൃതം സംസാരിച്ചിരുന്ന ഗോത്രങ്ങൾ മധ്യ ഏഷ്യയിൽ നിന്നും വടക്ക്-കിഴക്ക് ഇന്ത്യയിലേക്ക് കുടിയേറി
1500 BCE
ഇന്തോ-യൂറോപ്യൻ ഭാഷയായ സംസ്കൃതം സംസാരിച്ചിരുന്ന ഗോത്രങ്ങൾ മധ്യ ഏഷ്യയിൽ നിന്നും വടക്ക്-കിഴക്ക് ഇന്ത്യയിലേക്ക് കുടിയേറി
മധ്യ ഏഷ്യയിൽ നിന്നും വടക്ക് കിഴക്കൻ അതിർത്തി വഴി പേർഷ്യൻ സംസാരിച്ചിരുന്ന ഗോർ, തുടർന്ന് ഡൽഹി സുൽത്താനത് ഇന്ത്യയിലെത്തുന്നു
1150 – 1450 BCE
മധ്യ ഏഷ്യയിൽ നിന്നും വടക്ക് കിഴക്കൻ അതിർത്തി വഴി പേർഷ്യൻ സംസാരിച്ചിരുന്ന ഗോർ, തുടർന്ന് ഡൽഹി സുൽത്താനത് ഇന്ത്യയിലെത്തുന്നു
തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്നും തായ്-അഹോം ഭാഷ സംസാരിച്ചിരുന്ന അഹോം രാജവംശം വടക്കു കിഴക്കൻ ഇന്ത്യ കീഴടക്കുന്നു
1228-1826 CE
തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്നും തായ്-അഹോം ഭാഷ സംസാരിച്ചിരുന്ന അഹോം രാജവംശം വടക്കു കിഴക്കൻ ഇന്ത്യ കീഴടക്കുന്നു
ഇന്ത്യയിൽ മുഗൾ ഭരണം
1526 – 1757 CE
ഇന്ത്യയിൽ മുഗൾ ഭരണം
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം
1757 – 1858 CE
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരണം
ബ്രിട്ടീഷ് രാജ്
1858 – 1947
ബ്രിട്ടീഷ് രാജ്
സ്വതന്ത്ര ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങൾ
1947
ആഗസ്റ്റ് 15
സ്വതന്ത്ര ഇന്ത്യ, പാക്കിസ്ഥാൻ രാജ്യങ്ങൾ
ഇന്ത്യാചരിത്രം -നാൾവഴികൾ വീഡിയോ
പിന്നീടുള്ള വലിയ ‘വിദേശ അധിനിവേശം’ പേർഷ്യൻ ഭാഷ സംസാരിച്ചിരുന്ന ‘ഡൽഹി സുൽത്താനത്’ ആയിരുന്നു (CE 1206 മുതൽ). രാജ്യം വികസിപ്പിച്ചുവികസിപ്പിച്ച് തെക്കേ ഇന്ത്യയിൽ ഏതാണ്ട് പാണ്ഡ്യസാമ്രാജ്യം വരെ എത്തിയിരുന്നു ഡൽഹി സുൽത്താനത്. 1500കളാവുമ്പോഴേക്കും ആ സാമ്രാജ്യവും ക്ഷയിച്ച് ഉത്തര-പശ്ചിമ ഇന്ത്യയിൽ ഒതുങ്ങിത്തുടങ്ങി. തെക്ക് വിജയനഗര സാമ്ര്യാജ്യം വികസിക്കുകയും ചെയ്തു.
ഇതേ കാലയളവിൽ (CE 1228-1826) തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്നും തായ്-അഹോം ഭാഷ സംസാരിച്ചിരുന്ന അഹോം രാജാവ് ‘മോങ് മാഓ’ (ഇന്നത്തെ ചൈനയിലെ പ്രദേശം) യിൽ നിന്നും തന്റെ രാജ്യം ബ്രഹ്മപുത്ര താഴ്വരയിലേക്ക് വികസിപ്പിച്ചു (ഇന്നത്തെ ഇന്ത്യയിലെ അരുണാചൽ പ്രദേശ്, ആസ്സാം ഭാഗങ്ങൾ). അതുവരെ സംസ്‌കൃതം, ടിബെറ്റോ-ബർമൻ, ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ സംസാരിച്ചിരുന്ന കാമരൂപ സംസ്ഥാനത്തിൽ, അഹോം ഭരണത്തെത്തുടർന്ന് ‘അഹോം ഭാഷ’യും വന്നു. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഒരു ചെറിയ പ്രദേശത്തു മാത്രമേ അഹോം രാജ്യം വികസിച്ചിരുന്നു എങ്കിലും, തന്റെ രാജ്യത്തിൻറെ മേല്‍ക്കോയ്‌മയും അധികാരവും നീണ്ട 600 വർഷങ്ങൾ നിലനിർത്താൻ ഈ രാജവംശത്തിനു പറ്റിയിരുന്നു. മാത്രമല്ല, വടക്കു-കിഴക്കൻ പ്രദേശത്തേക്കുള്ള മുഗൾ സാമ്രാജ്യത്തിന്റെ വ്യാപനത്തെ വിജയകരമായി പ്രതിരോധിക്കാനും കഴിഞ്ഞിരുന്നു.
ഇതിനു ശേഷം ഇന്ത്യയിലെക്കുണ്ടായ രണ്ടു വിജയകരമായ വിദേശാധിനിവേശം 1500-1700കളിലെ മുഗൾ സാമ്ര്യാജ്യവും, പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യവുമാണ്. ഇന്ത്യയുടെ വടക്കു-പടിഞ്ഞാറു മുതൽ വടക്കു-കിഴക്കും, മധ്യ ഇന്ത്യയും കടന്നു മൈസൂർ രാജ്യം വരെ വ്യാപിച്ചിരുന്നു മുഗൾ സാമ്രാജ്യം. മുഗൾ സാമ്രാജ്യം കൊണ്ടുവന്ന സാംസ്‌കാരിക സ്വാധീനം ഇന്നത്തെ ഇന്ത്യൻ സംസ്കാരത്തിൽ നിന്നും വിഭിന്നമാണ്. ആഹാരങ്ങൾ മുതൽ കലാ-സാഹിത്യത്തിൽ വരെ കാണാം ഇത്. അരി, സുഗന്ധ ദ്രവ്യങ്ങൾ, പച്ചക്കറി/മാംസങ്ങൾ ചേർത്തുണ്ടാക്കുന്ന രുചികരമായ പുലാവ് (pulao/polo (പേർഷ്യൻ), ഹിന്ദുസ്ഥാനി സംഗീതം, കഥക് നൃത്തം, ലോകാത്ഭുതങ്ങളിൽ ഇടം നേടിയ 17ആം നൂറ്റാണ്ടിലെ താജ്‌മഹൽ, ഖഗോള ശാസ്ത്രത്തിന്റെ ജന്തർ മന്തർ എന്ന് തുടങ്ങി ഹിന്ദി ഭാഷയിലെ പദസഞ്ചയത്തിൽ വരെ കാണാം മുഗൾ സ്വാധീനം.
ഏതാനും പ്രസക്തമായ വിദേശാധിനിവേശത്തെക്കുറിച്ചു മാത്രമാണ് മുകളിൽ പറഞ്ഞത്. ഇതിനിടയ്ക്ക് അലക്സാണ്ടറും, ഇന്തോ-ഗ്രീക്ക്, ഇറാനിയൻ, കുശാനസാമ്രാജ്യം, മംഗോൾ വംശവുമൊക്കെ ഇന്ത്യൻ ഭൂമി കയ്യടയ്ക്കാൻ ശ്രമിച്ചിരുന്നു. അതിനേക്കാളേറെ, ആയിരക്കണക്കിന് വർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുനിന്നുമൊക്കെ വന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സ്ഥിരതാമസമാക്കിയ ഓരോ സമൂഹവും പരസ്പരം എപ്പോഴും വലിയതും ചെറിയതുമായ തോതിൽ യുദ്ധങ്ങ ളിൽ ഏർപ്പെട്ടിരുന്നു.
വിദേശ ആധിപത്യത്തേക്കാളേറെ ഇന്ത്യൻ ജനത അടിച്ചമർത്തലുകളും ദുരിതവുമനുഭവിച്ചിട്ടുള്ളത് സ്വദേശീയ ആധിപത്യങ്ങളിലാണ്. കലിംഗദേശം ആരു ഭരിക്കണമെന്നു തീരുമാനിക്കാൻ അവിടത്തെ ഒരു സാധാരണക്കാരന് കഴിയില്ലായിരുന്നു. മൗര്യ സാമ്രാജ്യം വികസിപ്പിക്കപ്പെട്ടപ്പോൾ, നിശബ്ദമായി സാക്ഷ്യം വഹിക്കാൻ മാത്രമേ പറ്റുമായിരുന്നുള്ളു.
കുടിയേറ്റ-സാമ്രാജ്യത്തിലധിഷ്ഠിതമായ പുറത്തുനിന്നും അകത്തുനിന്നുമുള്ള വൈവിധ്യത്തിന്റെ പരപ്പ് ഭാഷകളിലൂടെയും വ്യക്തമായി കാണാം.
ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഭാഷകളിലൂടെ
ഏറ്റവും കൂടുതൽ ഉപയോഗിക്കാറുള്ള ഇന്ത്യയുടെ രണ്ടു പര്യായങ്ങളാണ് ഹിന്ദുസ്ഥാൻ/ഹിന്ദ്, ഭാരതം എന്നിവ.
‘ജയ് ഹിന്ദ്’, ‘ഹിന്ദുസ്ഥാൻ ഹമാരാ’ എന്നെല്ലാം അഭിമാനത്തോടെ പറയുമ്പോൾ, സംസ്‌കൃതം, പേർഷ്യൻ, ഹിന്ദി എന്നീ ഭാഷകളുടെ കലർപ്പാണ് ഈ പ്രയോഗങ്ങൾ എന്ന് നാമോർക്കാറില്ല. ‘സിന്ധു’ (നദി) എന്ന സംസ്‌കൃത നാമത്തിനു തത്തുല്യമായ പഴയ പേർഷ്യൻ ഭാഷാ പദമായിരുന്നു ‘ഹിന്ദു’. ‘ഹിന്ദു’ നദിയുടെ സമതലത്ത് ജീവിച്ചിരുന്ന ആളുകൾ ‘ഹിന്ദു’ക്കളും, ആ ദേശം ‘ഹിന്ദ്’ ദേശവുമായി വിളിക്കപ്പെട്ടു. അതിൽ നിന്നാണ് ഇന്ത്യയുടെ പര്യായമായ ഹിന്ദ്, ഹിന്ദുസ്ഥാൻ എന്നീ നാമങ്ങൾ വരുന്നത്. ‘ജയ്’ എന്ന വാക്കിന്റെ ഉത്ഭവം സംസ്കൃതവും, ‘ഹമാരാ’ എന്നത് ഹിന്ദിയുമാണ്.
‘ഭാരതം’ എന്ന നാമധേയം വരുന്നത് മറ്റൊരു ഇന്തോ-യൂറോപ്യൻ ഭാഷയായ സംസ്‌കൃതത്തിൽ നിന്നും. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ‘ഇന്ത്യൻ ജനത’ പോരാടുന്നതുവരെയും ഇന്ത്യയുടെ ഈ രണ്ടു പേരുകളും വടക്കു-പടിഞ്ഞാറു മുതൽ, വടക്കു-കിഴക്കു വരെ ഇന്ത്യയിൽ പടർന്നു കിടന്ന ഭൂപ്രദേശത്തെ മാത്രം വിളിച്ചിരുന്ന പേരുകളായിരുന്നു.
ഇന്നത്തെ ഇന്ത്യയിൽ പ്രധാനമായും നാല് ഭാഷാ-കുടുംബങ്ങളാണുള്ളത് (language-families). ഇന്തോ-യൂറോപ്യൻ ഭാഷ കുടുംബം (78.05% ഇന്ത്യൻ ജനത സംസാരിക്കുന്നു), ദ്രാവിഡ ഭാഷാകുടുംബം(19.64%), ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷാകുടുംബം, സിനോ-ടിബറ്റൻ ഭാഷാകുടുംബം എന്നിവ. ഇതിനു പുറമെ വേറേയും ചെറു ഭാഷ സമൂഹങ്ങൾ ഇന്ത്യയിലുണ്ട്. ഉദാ തായ്-കടായ് ഭാഷകുടുംബം.
മലയാളം(കേരളം, ദ്രാവിഡ ഭാഷ), ഹിന്ദി (ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, ഇന്തോ-യൂറോപ്യൻ ഭാഷ) മണിപ്പൂരി (മണിപ്പൂർ, സിനോ-ടിബറ്റൻ ഭാഷ), മുണ്ട (ജാർഖണ്ഡ്, ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷ) എന്നീ നാല് ഇന്ത്യൻ ഭാഷകളിൽനിന്നും ഏതൊരു ജോഡി ഭാഷ എടുത്താലും, അവയ്ക്ക് പൊതുവായ ഒരു പൂർവിക ഭാഷ ഇല്ല.
അതേ സമയം, ഹിന്ദി, ഉർദു, പേർഷ്യൻ, ജർമൻ, ഇംഗ്ലീഷ് എന്നീ ഭാഷകൾക്ക് പൊതു പൂർവിക ഭാഷ ഉണ്ട്. ആദ്യം പറഞ്ഞ നാലു ഇന്ത്യൻ ഭാഷകൾ പരസ്പരം അപരിചിതർ ആവുമ്പോൾ, ഹിന്ദിയും ജർമനും അകന്ന ബന്ധുക്കളാണെന്നു പറയാം. ഹിന്ദിയും ഉർദുവും ഒരമ്മ പെറ്റ മക്കളാണ് (ഹിന്ദുസ്ഥാനി ഭാഷ). മലയാളവും തമിഴും തമ്മിലുള്ള സാദൃശ്യത്തേക്കാളും ഉണ്ട് ഹിന്ദിയും ഉർദുവും തമ്മിലുള്ള സാദൃശ്യം. ഹിന്ദുസ്ഥാനി ഭാഷയുടെ രണ്ടു ‘ഭാഷാഭേദം’ മാത്രം. ഇന്തോ-പാക് വിഭജനത്തെ തുടർന്ന് വ്യത്യസ്ത ലിപികളും പേരുകളും സ്വീകരിച്ചു പിരിഞ്ഞുവെന്നു മാത്രം. ഹിന്ദിയും പേർഷ്യനും അടുത്ത കസിൻസും ആണ്! ഇരുവരും ഇന്തോ-ഇറാനിയൻ ശാഖയിൽ നിന്നും വരുന്നു.
ഈ ബന്ധുത്വം BCE 1000-ങ്ങളിലെ ഇന്ത്യൻ ഭാഷയിലും കാണാം. ഇന്തോ-യൂറോപ്യൻ ഭാഷ കുടുംബത്തിലെ ‘ഇറ്റാലിക്’ ശാഖയിലെ ലാറ്റിനും ‘ഇന്തോ-ഇറാനിയൻ’ ശാഖയിലെ സംസ്കൃതവും തന്നെ ഒരുദാഹരണം. സാദൃശ്യത്തിന്റെ വേരന്വേഷിച്ചു കൂടുതൽ ദൂരം പോവേണ്ട കാര്യമില്ല, ഫോൺ തുറന്ന് കലണ്ടർ എടുത്താൽ മതി! ഇന്നത്തെ ഗ്രിഗോറിയൻ കലണ്ടറിൽ ‘സെപ്റ്റംബർ’ ഒമ്പതാമത്തെ മാസമാണ്. എന്നാൽ, ജൂലിയസ് സീസറിനെയും, അഗസ്റ്റസ് സീസറിനെയും പിന്തുടർന്നുള്ള ‘ജൂലൈ’, ‘ആഗസ്റ്റ്’ മാസങ്ങൾ കലണ്ടറിൽ ചേർക്കുന്നതിന് മുൻപ് ‘സെപ്റ്റംബർ’ മുതൽ ‘ഡിസംബർ’ വരെയുള്ള മാസങ്ങൾ 7-10 വരെയുള്ള മാസങ്ങളായിരുന്നു. ഈ മാസങ്ങളുടെ പേരുകൾ ലാറ്റിൻ ഭാഷയിൽ നിന്നാണ് വരുന്നത്. വല്യ സങ്കീർണതയൊന്നുമില്ലാതെ ഏഴാം മാസത്തെ ‘സെപ്‌തംബർ’ എന്ന് വിളിച്ചു. ലാറ്റിനിൽ ‘സെപ്തെം (Septem)’ എന്നാൽ ‘ഏഴ്’ എന്ന സംഖ്യയാണ്. അതുപോലെ, ഒക്.തൊ (Octo, 8), നൊവെം(Novem, 9), ഡെസെം/ഡെകെം (Decem, 10) എന്നീ സംഖ്യകളിൽ നിന്നും എട്ടാമത്തെയും, ഒമ്പതാമത്തെയും, പത്താമത്തെയും മാസങ്ങൾക്ക് പേരിട്ടു. സംസ്കൃതത്തിലെ സപ്ത, അഷ്ട, നവ, ദശ എന്നീ അക്കങ്ങൾ മലയാളികൾക്ക് സുപരിചിതമാണ്. സംസ്‌കൃതത്തിൽ നിന്നും മലയാളീകരിച്ച ‘ദ്വാദശി’യ്ക്ക് ലാറ്റിനിൽ എന്താണ് പറയുക എന്നൂഹിക്കാമോ? ‘ഡ്യുഓ (2)’, ‘ഡെസെം (10)’ എന്നീ പദങ്ങൾ ചേർത്തുവച്ചാൽ മതി!
സംഖ്യ | ലാറ്റിൻ | സംസ്കൃതം |
---|---|---|
7 | സെപ്തം (Septem) | സപ്ത |
8 | ഒക്തൊ(Octo) | അഷ്ട |
9 | നൊവെം (Novem) | നവ |
10 | ഡെസെം (Decem) /ഡെകെം | ദശ |
അതുപോലെ മറ്റു ചില വിദേശ ബന്ധുക്കളും മുകളിൽ പറഞ്ഞ ഓരോ ഇന്ത്യൻ ഭാഷയ്ക്കുമുണ്ട്. മണിപൂരി-മാൻദരിൻ(ചൈനീസ്), മലയാളം-ബ്രഹൂയി(പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ), മുണ്ട (ജാർഖണ്ഡ്) – ഖ്മേർ (തായ്‌ലൻഡ്) എന്നിങ്ങനെ പോവുന്നു ആ വിദേശ ബന്ധുത്വം.
ഓരോ ഭാഷകളും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പരന്നത് പല കാലഘട്ടങ്ങളിലായാണ്. BCE 3000-2000ങ്ങളിൽ തെക്കു-കിഴക്കൻ ഏഷ്യയിൽ നിന്നും ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷ സംസാരിച്ചിരുന്ന ഖാസി, മുണ്ട ഗോത്രങ്ങൾ വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് കുടിയേറി. വേദകാല ജനപദങ്ങളുടെ വരവോടെ, പ്രാകൃതം, സംസ്കൃതം എന്നെ ഭാഷ സംസാരിച്ചുരുന്നവരുമായി ഇടകലർന്ന സമൂഹമായി മാറി. പിൽകാലത്ത് 1200CE-ളിൽ അഹോം രാജവംശത്തിന്റെ കാലത്ത് ക്രാ-ധായ് ഭാഷ സമൂഹം ഇന്ത്യയിലേക്കെത്തി (അഹോം ഭാഷ), 1700-1800CE കളിൽ സാമ്രാജ്യവികസനത്തെ തുടർന്ന് സിനോ-ടിബറ്റൻ ഭാഷയായ ബർമീസ് സംസാരിച്ചിരുന്ന കോങ്ബാങ് രാജവംശം മണിപ്പൂർ, ആസ്സാം പ്രദേശങ്ങൾ ഭരിച്ചു, അങ്ങിനെ ഇന്ത്യൻ ഭാഷ വൈവിധ്യം വികസിച്ചുകൊണ്ടേയിരുന്നു.
ദക്ഷിണേന്ത്യൻ ഭാഷകൾക്ക് ഉണ്ടായതിനേക്കാൾ മാറ്റങ്ങളും സ്വാധീനങ്ങളും ഉത്തരേന്ത്യൻ ഭാഷകൾക്കുണ്ടായിട്ടുണ്ട്. മധ്യ ഏഷ്യ വഴി ഇന്നത്തെ ഇന്ത്യയുടെ വടക്കു-പടിഞ്ഞാറൻ അതിർത്തി വിജയകരമായി കടന്നു വന്ന വിദേശ സാമ്രാജ്യങ്ങളിൽ പ്രസക്തം പേർഷ്യൻ ഭാഷ സമൂഹങ്ങളായിരുന്നു. ഉത്തരേന്ത്യൻ സംസ്കാരത്തിലും ഹിന്ദി ഭാഷയിലുമുള്ള പേർഷ്യൻ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. പേർഷ്യൻ സ്വാധീനവും സംസ്കാരം അടർത്തി മാറ്റിയാൽ ഇന്ത്യയുടെ ആത്മാവാണ് മരിക്കുക.
പ്രാഥമികമായും ദക്ഷിണേന്ത്യയിൽ സംസാരിക്കപ്പെടുന്ന ഒന്നാണ് മലയാളമുൾപ്പെടുന്ന ദ്രാവിഡഭാഷാ-കുടുംബം (മലയാളം, തമിഴ്, കന്നഡ, തെലുഗു). ഇന്ത്യയിൽ തന്നെ ദ്രാവിഡ ഭാഷകൾ വേറെയും ഉണ്ട്; തുളു, ഗൊന്തി എന്നീ ദക്ഷിണേന്ത്യൻ ഭാഷകൾക്കൊപ്പം, അസ്സം, ഒഡീഷ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ‘നഗെസിയ’ ഗോത്രവർഗക്കാർ സംസാരിക്കുന്ന ‘കുറുഖും’ (kurukh) ഒരു ദ്രാവിഡഭാഷയാണ്. ഇന്ത്യയ്ക്ക് പുറത്തും ദ്രാവിഡ ഭാഷ സംസാരിക്കുന്ന ചെറു സമൂഹങ്ങൾ ഉണ്ട്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് അതിർത്തിയ്ക്കടുത്ത്, പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ബ്രഹൂയി ഗോത്രം സംസാരിക്കുന്ന ‘ബ്രഹൂയി’ മറ്റൊരുദാഹരണം.
ഈ ദ്രാവിഡ ഭാഷകളുടെ പൂർവിക-ഭാഷ അന്വേഷിച്ചു പോയാൽ സിന്ധു-നദീതട നാഗരികതയിൽ എത്തും. വെങ്കലയുഗത്തിൽ (BCE 3300-1800 കൾ) അവിടെ സംസാരിച്ചിരുന്ന ഭാഷകളിൽ ഒന്ന് പൂർവിക-ദ്രാവിഡ ഭാഷയാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ലോകത്തിന്റെ ഏതു കോണിൽ നിന്നാണ് ദ്രാവിഡ ഭാഷ സംസാരിക്കുന്ന സമൂഹം സിന്ധുനദീതടത്തിലെത്തിയതെന്നും, ഏതൊക്കെയാണാ പൂർവിക ദ്രാവിഡ ഭാഷ(കൾ) എന്നതും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നതും ചര്‍ച്ചാവിധേയവുമായ ഒന്നാണ്.
അടിസ്ഥാനപരമായ രൂപകൽപ്പനയും വ്യാകരണനിയമങ്ങളുമൊക്കെ ദ്രാവിഡ ഭാഷകളിൽ ഒരുപോലെയാണ്. അപ്പോഴും, കടമെടുത്തിട്ടുള്ളതും പൂർവിക ഭാഷയിൽ നിന്ന് നിലനിന്നിട്ടുള്ളതുമായ പദങ്ങളിലൂടെ ഓരോ കാലഘട്ടത്തിലെയും പ്രാദേശിക-സാംസ്‌കാരിക സ്വാധീനങ്ങൾ ഓരോ ഭാഷകളിലും കാണാം.
പൂർവിക-ദ്രാവിഡഭാഷയിലെ പല പദങ്ങളും മലയാളത്തെ അപേക്ഷിച്ച് തമിഴിൽ കുറേക്കൂടെ നിലനിർത്തപ്പെട്ടിട്ടുണ്ട്. സിന്ധുനദീതട നാഗരിക കളിമൺ ഫലകത്തിലെ ‘മീൻ’ ചിഹ്നം എടുക്കാം. ‘നക്ഷത്രം’ എന്നും ‘മീൻ’ എന്നും അർത്ഥമുണ്ടായിരുന്നു അതിന്*. ശുക്രൻ ‘വെൾ(ള്ളി)മീനും’, സപ്തർഷി ‘ഏളു-മീനും’ ആയിരുന്നു അന്ന്. ‘നക്ഷത്ര’ത്തെ ഇന്നത്തെ മലയാളത്തിൽ ‘നക്ഷത്രം’ എന്ന് വിളിക്കുമ്പോൾ, തമിഴിൽ ‘വിൺമീൻ’ (ആകാശമീൻ) എന്നാണ് വിളിക്കുന്നത് (‘നച്ചത്തിരം’ എന്നും വിളിക്കാറുണ്ട്). മലയാളത്തിലും കാണാം ശേഷിപ്പുകൾ; ഉൽക്ക (സംസ്‌കൃതപദം) എന്ന് പൊതുവെ വിളിക്കുന്ന ‘കൊള്ളിമീനും’ ഒരു മീൻ തന്നെ. കൊള്ളാമല്ലേ ഭാവന, ആകാശത്തു നീന്തി നടക്കുന്ന മീനുകളാണത്രെ നക്ഷത്രങ്ങൾ!
സംസ്കൃതപദമായ ‘മത്സ്യ’ ത്തിലെ ‘മ’ എന്ന ശബ്ദത്തെ സൂചിപ്പിക്കുന്നതാണു ‘മീൻ-ചിഹ്‌നം’ എന്നും അനുമാനങ്ങളുണ്ട്.
അതുപോലെ, മലയാളത്തിന്റെ അസ്ഥികൂടം ദ്രാവിഡ ഭാഷാ വ്യാകരണ നിയമങ്ങളാണെങ്കിലും സംസ്‌കൃത പദങ്ങൾ മാറ്റി നിർത്തിയാൽ മലയാളം സംസാരിക്കുക എന്നത് നടക്കുന്ന കാര്യമല്ല. സംസ്‌കൃത ഭാഷ പണ്ഡിതരായിരുന്നു പ്രാഥമികമായും ആധുനിക-മലയാളഭാഷയെ രൂപപ്പെടുത്തിയെടുത്തത് എന്നതുകൊണ്ട് തന്നെ സംസ്‌കൃത സ്വാധീനം മലയാളത്തിലൊരുപാടുണ്ട്. ഉത്തരേന്ത്യയെ അപേക്ഷിച്ചു സ്വദേശ-വിദേശാധിപത്യമാറ്റങ്ങളുടെ തോത് ദക്ഷിണേന്ത്യയിൽ കുറവായിരുന്നുവെങ്കിലും, കടൽ വഴിയുള്ള മദ്ധ്യേഷ്യൻ, യൂറോപ്യൻ കച്ചവട (യുദ്ധ) ബന്ധങ്ങൾ ദക്ഷിണേന്ത്യൻ ഭാഷകളെ സ്വാധീനിച്ചിട്ടുണ്ട്.
‘ഒരു പിഞ്ഞാണത്തിൽ ഗോതമ്പു-ഹലുവയും കാപ്പിയുമായി നീലി ജനാലയ്ക്കടുത്തുള്ള മെത്തമേലിരുന്നു. സുഹൃത്തിനു കത്തെഴുതാൻ അവൾ മേശപ്പുറത്തിരുന്ന കടലാസും പേനയുമെടുത്തു’
ഈ വാക്യം കണ്ടാൽ ‘പച്ച’ മലയാളമാണെന്നു നിസ്സംശയം തോന്നാം. പക്ഷെ, ദ്രാവിഡ ഭാഷയുടെ വ്യാകരണവും, വാക്കുകളുടെ ‘agglutinative’ പരിവർത്തനവും, ‘അവൾ’ എന്ന ‘സര്‍വ്വനാമ’വും ഒഴികെ ബാക്കിയൊന്നും ദ്രാവിഡഭാഷയിൽനിന്നും വന്ന പദങ്ങളല്ല, മറ്റു ഭാഷകളിൽ നിന്നും കടമെടുത്തവയാണ്.
- പിഞ്ഞാണം – അറമായിക് (pinkā)
- ഗോതമ്പ് – പേർഷ്യൻ (gandom)
- ഹലുവ – ഹിബ്രു/ അറബി (halwah/ halwā)
- കാപ്പി – ഡച്ച് (koffie)
- മെത്ത – ഹിബ്രു (metah)
- സുഹൃത്ത് – സംസ്‌കൃതം
- കത്ത് – അറബി (khaṭ)
- ജനാല, മേശ, കടലാസ്, പേന – പൊർത്തുഗീസ്(portuguese) (janela, mesa, cartaz, pena)
ഇത് മലയാളത്തിന്റെയോ ഹിന്ദിയുടെയോ മാത്രമല്ല, ലോകത്തിലെ ഏതൊരു ഭാഷയുടെയും പ്രത്യേകതയാണിത്. ഭാഷാ-സാംസ്‌കാരിക സമ്പർക്കങ്ങൾക്കനുസരിച്ച് ഒരു ഭാഷ എന്നും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാഷകൾ എത്ര പുതുക്കപ്പെടുമ്പോഴും ഇന്ത്യയിലെ വൈവിധ്യമാർന്ന ഭാഷാസമൂഹങ്ങൾ അതുല്യതയുടെയും നാനാത്വത്തിന്റെയും ഭംഗി നിലനിർത്തും.
ഇന്ത്യ – ബ്രിട്ടീഷ് സാമ്രാജ്യവും അറ്റ്ലാന്റിക് ചാർട്ടറും
മുകളിൽ കണ്ട അധിനിവേശങ്ങളുടെയും സാംസ്‌കാരിക കൂടിച്ചേരലുകളുടെയും കഥകളിൽനിന്നും വ്യത്യസ്തമായി 1500കൾ മുതൽ തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡം പുതിയ രൂപത്തിലുള്ള കടന്നുകയറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു. പണ്ടത്തെപോലെ സൈന്യവുമായി വന്ന് ഭൂമി പിടിച്ചടക്കുന്നതിനു പകരം ‘ഫാക്ടറികൾ’ ആയാണ് ഈ ആധുനിക കടന്നുകയറ്റം വരുന്നത്. കടൽ വഴി ഇന്ത്യയിലെത്തിയ വാസ്കോ ഡി ഗാമ കോഴിക്കോടും കൊച്ചിയിലുമായി ഫാക്ടറി നിർമിച്ചു. എന്നാൽ മലബാർ പ്രദേശത്തെ ‘സ്വദേശീയ’രുമായി സൈനിക യുദ്ധത്തിൽ ഏർപ്പെട്ടാണ് ഈ ഫാക്ടറി നിർമ്മാണമൊക്കെ! ഇന്ത്യയുടെ കടൽ തീരങ്ങൾ പതിയെ യൂറോപ്യൻ ഫാക്ടറികളുടെയും തുറമുഖങ്ങളുടെയും നഗരങ്ങളായിത്തുടങ്ങി. CE 1500-1700 വരെയുള്ള രണ്ടു നൂറ്റാണ്ടിനിടെ ഗുജറാത്ത് മുതൽ പശ്ചിമബംഗാൾ വരെയുള്ള പല തുറമുഖനനഗരങ്ങളോട് ചേർന്ന് ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച്, പോർത്തുഗീസ്, ഡാനിഷ് എന്നീ യൂറോപ്യൻ കമ്പനികൾ സ്ഥാപിതമായി. അതിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിമാത്രമാണ് ഇന്ത്യയൊട്ടാകെ വ്യാപൃതമായി പച്ചപിടിച്ചത്. CE 1850 ആവുമ്പോഴേയ്ക്കും ഇന്നത്തെ ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ ഭൂപ്രദേശങ്ങൾ ഏറെക്കുറെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായി. ബ്രിട്ടീഷ് രാജ് വന്നതിനു ശേഷം, നേരിട്ട് ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥലങ്ങളും (ഉദാ: മദ്രാസ് പ്രവിശ്യ), ചെറു നാട്ടുരാജ്യങ്ങളുമായി (ഉദാ: തിരുവിതാംകൂർ) ഇന്ത്യൻ ഉപഭൂഖണ്ഡം വേർതിരിക്കപ്പെട്ടു. പിന്നീടുള്ള ചരിത്രം കുറച്ചൊക്കെ നമ്മൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ആ ഭാഗം ഇവിടെ പരാമർശിക്കുന്നില്ല.
പക്ഷെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഇന്ത്യയുടെ ഉള്ളിൽ നിന്നുകൊണ്ടു മാത്രം കണ്ടാൽ പോര. അറബിക്കടലിൽ ചുഴലിക്കാറ്റുണ്ടാവുമ്പോൾ അതേത്തുടർന്ന്, കേരളത്തിൽ മഴ പെയ്യാറുണ്ട്. അതുപോലെ, ലോകത്തു നടക്കുന്ന ഓരോ മാറ്റങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ബ്രിട്ടീഷ് സാമ്രാജ്യത്തെയും ബാധിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ 25 ലക്ഷത്തിലധികം ഇന്ത്യൻ സൈനികർ റോം-ബെർലിൻ-ടോക്യോ എന്ന ‘അച്ചുതണ്ട് ശക്തി’കൾക്കെതിരെ (Axis powers) പോരാടാൻ ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഏഷ്യ, വടക്കേ-ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പോയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും വലിയ സന്നദ്ധ സേവകസൈന്യം ആയിരുന്നു അത്.
ആഗസ്റ്റ് 1941, രണ്ടാം ലോകമഹായുദ്ധമുഖത്ത് ജർമനിയ്ക്കു മുന്നിൽ ഫ്രാൻസ് തളർന്നു. ജർമ്മനി ബ്രിട്ടന് നേരെ തിരിഞ്ഞു. ജർമനിയെ ഒറ്റയ്ക്ക് നേരിടാനാവില്ലെന്നു തിരിച്ചറിഞ്ഞ ബ്രിട്ടൻ സൈനിക, ആയുധ സഹായത്തിനായി അമേരിക്കയെ സമീപിച്ചു. ബ്രിട്ടനെ സഹായിക്കാൻ അമേരിക്ക തയ്യാറായി, പക്ഷെ ചില നിബന്ധനകളുണ്ടായിരുന്നു; രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ലോകസമാധാനവും സ്വാതന്ത്ര്യവും മുൻനിർത്തിയുള്ള ബ്രിട്ടീഷ്-അമേരിക്കൻ ലക്ഷ്യങ്ങളായിരുന്നു അതിന്റെ ഉള്ളടക്കം.
അമേരിക്കൻ പ്രസിഡന്റ് F. D. റൂസ്‌വെൽറ്റ് മുന്നോട്ടു വച്ച തീരുമാനങ്ങൾ അംഗീകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിൽ ആദ്യം തയ്യാറായില്ല എങ്കിലും, നിവൃത്തികേട് കൊണ്ട് അതിനു വഴങ്ങേണ്ടി വന്നു. ‘അറ്റ്ലാന്റിക് ചാർട്ടർ’ എന്ന ആ സമ്മതപത്രം രണ്ടാം ലോക മഹായുദ്ധത്തിന്റെയും ലോകത്തെ ബ്രിട്ടീഷ് സാമ്രാജ്യങ്ങളുടെ നിലനില്പിന്റെയും ഒരു വഴിത്തിരിവായിരുന്നു.
- ഭൂവിസ്തൃതി സംബന്ധിച്ച വികസനങ്ങൾക്ക് തങ്ങളുടെ രാജ്യങ്ങൾ മോഹിക്കുകയില്ല.
- ബന്ധപ്പെട്ട ജനങ്ങളുടെ ആഗ്രഹത്തിന്റെ അംഗീകാരമില്ലാത്ത പ്രദേശപരമായ മാറ്റങ്ങൾ ഉണ്ടായിക്കാണാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല.
- എല്ലാ ജനവിഭാഗങ്ങൾക്കും അവരുടേതായ ഭരണസംവിധാനം തിരഞ്ഞെടുക്കാൻ അവകാശമുണ്ടായിരിക്കണം. ബലപ്രയോഗം മൂലം അവരിൽനിന്നും അപഹരിക്കപ്പെട്ട പരമാധികാരവും സ്വതന്ത്രഭരണവും പുനഃസ്ഥാപിക്കപ്പെടണം.
- ലോകത്തിലെ വാണിജ്യവിഭവങ്ങളും അസംസ്കൃത വസ്തുക്കളും തോറ്റതും ജയിച്ചതുമായ എല്ലാ ജനങ്ങൾക്കും സമാനമായ വ്യവസ്ഥകളോടുകൂടി ലഭിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉദ്യമിക്കേണ്ടതാണ്.
- എല്ലാവർക്കും മെച്ചപ്പെട്ട തൊഴിൽ നിലവാരങ്ങളും സാമ്പത്തിക ക്രമീകരണവും സാമൂഹിക സുരക്ഷിതത്വവും ഭദ്രമാക്കുവാൻ വേണ്ടി തങ്ങൾ അന്താരാഷ്ട്ര സഹകരണം വളർത്തുന്നതാണ്.
- എല്ലാ ജനങ്ങൾക്കും അവരുടെ രാജ്യാതിർത്തിക്കുള്ളിൽ സുരക്ഷിതമായി കഴിഞ്ഞുകൂടുവാൻ സാധിക്കണം. ജനങ്ങളെ ദാരിദ്യത്തിൽനിന്നും ഭയത്തിൽ നിന്നും മോചിപ്പിക്കണം.
- അന്താരാഷ്ട്ര നിയമപ്രകാരം തുല്യമായി അവകാശപ്പെട്ട പുറംകടലുകളും സമുദ്രങ്ങളും മുറിച്ചുകടക്കുന്നതിന് എല്ലാ രാഷ്ട്രങ്ങൾക്കും സ്വാതന്ത്ര്യമുണ്ടായിരിക്കണം.
- കൂടുതൽ വ്യാപകവും ശാശ്വതവുമായ പൊതുരക്ഷാനടപടികൾ ഏർപ്പെടുത്തിയും അതേസമയം ആയുധവത്കരണത്തിന്റെ ഭാരത്തെ ലഘൂകരിക്കാനുതകുന്ന പ്രായോഗിക നടപടികൾക്കെല്ലാം സാമ്പത്തിക സഹായവും പ്രോത്സാഹനവും നല്കിയും ആക്രമണകാരികളായ രാഷ്ട്രങ്ങളെ നിരായുധരാക്കാൻ സഹായിക്കണം.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തിന്റെ പല കോണിലുമുള്ള തങ്ങളുടെ കോളനികൾ സ്വതന്ത്രമാക്കാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. 1945-ലെ ബ്രിട്ടീഷ് പൊതു -തിരഞ്ഞെടുപ്പിൽ ജയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ലേബർ പാർട്ടി നേതാവ് ക്ലമന്റ് അറ്റ്ലീ ‘ഇന്ത്യയുടെ സ്വാതന്ത്രം’ എന്ന ആശയം ചർച്ചിലിന്റെ ഭരണകാലത്തു തന്നെ മുന്നോട്ടു വച്ചിരുന്നു. 1945-51കളിൽ പ്രധാനമന്ത്രിയായിരിക്കവെ, അതിനുവേണ്ട നടപടികളും ചെയ്തു. 3 ജൂൺ 1947 – ‘The 3rd June Plan’ – ഇന്ത്യ-പാക് വിഭജനം, സ്വതന്ത്ര ഭരണഘടനയ്ക്കുള്ള അവകാശം, ഏതു രാജ്യത്തു ചേരണമെന്ന നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യം, എന്നിവ അടങ്ങിയ പ്രമേയത്തെ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടു വച്ചു. പട്ടേൽ, നെഹ്‌റു, മറ്റു INC നേതാക്കൾ അതിനെ അംഗീകരിച്ചു. തുടർന്ന്, 18 ജൂലൈ 1947 – ‘ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്‘ എന്ന ‘ഇന്ത്യ-പാക് വിഭജനം’ ബ്രിട്ടീഷ് പാർലിമെന്റ് അംഗീകരിച്ചു. 14-15 ആഗസ്റ്റ് 1947, ആ ആക്ട് യാഥാർഥ്യമാവുകയും ചെയ്തു.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയിൽ, ഇന്ത്യൻ ജനതയുടെ ശക്തമായ പോരാട്ടത്തിനൊപ്പം അറ്റ്ലാന്റിക് ചാർട്ടറിനും നന്ദി!
ഇന്ത്യ സ്വരാജിലേക്ക്
വിദേശ ഭരണം മാറി സ്വയം ഭരണം നേടുക എന്നതിൽ നിന്നും വ്യത്യസ്തമാണ് ‘സ്വാതന്ത്ര്യം’ എന്ന ആശയത്തെ മനസിലാക്കുക എന്നത്. ആയിരക്കണക്കിന് വർഷങ്ങളായി മാറി മാറി വന്ന സ്വദേശ വിദേശ ആധിപത്യത്തിനടിയിൽ ഇന്ത്യയിൽ ജീവിക്കുന്ന സാധാരണ ജനത്തിന് ‘സ്വാതന്ത്ര്യം’ എന്നാൽ എന്താണ്?
പലപ്പോഴും വിദേശ ആധിപത്യത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിയെക്കാൾ ഒരുപാട് ബുദ്ധിമുട്ടാണ് സ്വദേശ ആധിപത്യത്തിൽ നിന്നുമുള്ള സ്വതന്ത്ര്യലബ്ധി. വിദേശ-അടിച്ചമർത്തലിനെതിരെ വിരൽ ചൂണ്ടി ‘ഞങ്ങളുടെ നാട് വിട്ടു പോവുക’ എന്ന് സ്വദേശീയർക്ക് പറയാം. സ്വദേശ- അടിച്ചമർത്തലിനെതിരെ വിരൽ ചൂണ്ടിപ്പറയാൻ ‘അവർ/ നിങ്ങൾ’ എന്ന വേറിട്ട ഒരു വിഭാഗമില്ല. എല്ലാം ‘നമ്മൾ/ ഞങ്ങൾ’ ആണ്. അത്തരം സാഹചര്യത്തിൽ എന്ത് നടക്കുന്നു എന്നത് പൊതു ജനത്തിന്റെ രാഷ്ട്രീയ അവബോധം, ഐക്യം, സാമൂഹിക-സാമ്പത്തികാവസ്ഥ, ഭരണകൂടഘടന എന്നിവയ്ക്കനുസരിച്ചിരിക്കും.
കൗടില്യൻ ‘അർത്ഥശാസ്ത്ര’ത്തിൽ (മൗര്യസാമ്രാജ്യം, ~BCE രണ്ടാം നൂറ്റാണ്ട്) പറയുന്നുണ്ട്, ‘സ്വന്തം സന്തതിയുടെ ജീവൻ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യുന്നത് മ്ലേച്ചർക്ക് കുറ്റമല്ല. എന്നാൽ ഒരു ആര്യൻ ഒരിക്കലും അടിമത്തത്തിന് വിധേയനാകരുത്’ എന്ന്. അന്നത്തെ കാലത്തു ജനിച്ച മ്ലേച്ഛനായ ഒരു വ്യക്തിയ്ക്ക് ആ സാമ്രാജ്യത്തിനെതിരെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. സ്വന്തം ഭരണകൂടത്തിന്റെ അടിച്ചമർത്തൽ ചോദ്യം ചെയ്യാൻ വേറെ ആരുമില്ലതാനും. ആകെ പറ്റുമായിരുന്നത്, അടുത്ത ഭരണാധികാരി ഈ സാമ്രാജ്യത്തെ കീഴടക്കും വരെ കാത്തിരിക്കുക എന്നത് മാത്രമാണ്. സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾ പിന്നിടുമ്പോൾ, ലോകജനസംഖ്യയുടെ ഏതാണ്ട് 18% മാത്രമാണ് ഇന്ത്യൻജനസംഖ്യ. എന്നാൽ ലോകത്തിലെ ‘ആധുനിക അടിമത്തത്തി’ന്റെ ഏകദേശം 39.66%വും ഇന്ത്യയിൽനിന്നുള്ളവയാണ്. ആധുനിക അടിമത്തം അനുഭവിക്കുന്നവർക്ക് ‘സ്വരാജ്’ എന്നാൽ എന്താണ്? ചന്ദ്രഗുപ്തനോ, ബാബറോ, ബ്രിട്ടീഷുകാരോ, ഭരിച്ചാലും തന്റെ ജീവിതം ദുരിതപൂർണവും അരക്ഷിതവുമാണെങ്കിൽ ഭരണമാറ്റത്തിൽ എടുത്തുപറയത്തക്ക ഒന്നുമില്ല ഒരു സാധാരണക്കാരന്, അത് സ്വന്തം ഭരണകൂടമാണെങ്കിലും.
1947ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ സ്വതന്ത്രമായി നിൽക്കാമെന്ന തീരുമാനമായിരുന്നു ആദ്യം തിരുവിതാംകൂർ രാജ്യത്തിന്റെത്. പാകിസ്ഥാനിൽ ചേരാൻ നിന്ന ജോധ്പുർ, ജുനഗഡ് എന്നീ രാജ്യങ്ങളെ ഇന്ത്യയിലേക്ക് ചേർത്തത് പട്ടേലിന്റെ നയതന്ത്രമായിരുന്നു. ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന ഇന്ത്യയെയും ഒന്നിച്ചു ചേർക്കുക എന്നത് ആഴത്തിലുള്ള ദീർഘ വീക്ഷണത്തിന്റെ ഫലമാണ്. അന്നത്തെ ഇന്ത്യയിലെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക വൈവിധ്യത്തെ പരിഗണിച്ചുകൊണ്ട് ഒരു ജനാധിപത്യ ഭരണഘടനയും കൊണ്ടുവന്നു.
ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യത്തെ മനസ്സിലാകാതെയോ അംഗീകരിക്കാതെയോ ഇന്ത്യൻ ജനാധിപത്യമെന്താണെന്നു മനസിലാക്കാനാവില്ല, എന്ന് മാത്രമല്ല ശരാശരിക്ക് മുകളിൽ പ്രാവർത്തികമാക്കാനുമാവില്ല. ബിഹാറിൽ 25.54% ആളുകൾ ഹിന്ദിയും 24.86% ആളുകൾ ഭോജ്‌പുരിയും സംസാരിക്കുമ്പോഴും ഭോജ്‌പുരി ഔദ്യോഗിക ഭാഷയല്ല എന്നത് കൗതുകകരമല്ലേ?
സ്വാതന്ത്ര്യത്തിൻറെ 75 വർഷങ്ങൾ പിന്നിടുമ്പോൾ നാം ജനാധിപത്യത്തിൽ നിന്നും അകലുന്നതാണ് കാണുന്നത്. ഭരണകൂടം തീരുമാനിക്കുന്ന ജീവിതം നയിക്കാൻ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ ആവശ്യമില്ല. ഒരു രാജാവോ ഏകാധിപതിയോ മതിയാവും. വീടുകളിൽ പതാകയുയർത്തി സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും അയൽവാസിയെ തനിക്കു തുല്യരായി കാണാൻ കഴിയാത്തിടത്തോളം ജനാധിപത്യം അർത്ഥവത്താവുന്നില്ല. സ്വരാജ് വെറും വാക്കുകളിൽ ഒതുങ്ങുകയും ചെയ്യും.
തുല്യത/സമത്വം എന്നാൽ വ്യക്തികളും സമൂഹങ്ങളും ജീവിതരീതികളും തമ്മിലുള്ള വ്യത്യാസങ്ങളെ മനസിലാക്കുകയും, ആ വ്യത്യാസത്തെ അംഗീകരിക്കുകയും, സാമൂഹിക ജീവിതത്തിൽ സമന്വയിപ്പിക്കുക എന്നതുമാണ്. സ്വരാജിലേക്കിനിയും എത്ര ദൂരം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.