Read Time:7 Minute

ചൈനയിൽ കൊടും വരള്‍ച്ച

ചൈന ഏറ്റവും നീണ്ട വരൾച്ചയിലൂടെ കടന്നുപോകുകയാണ്…നദികളും റിസര്‍വ്വോയറുകളും വറ്റി, വൈദ്യുതിയില്ലാത്തതിനാല്‍ ഫാക്ടറികളടച്ചുപൂട്ടി, വിശാലമായ കൃഷിയിടങ്ങളും തകരാറിലായി.

വര്‍ഷപാതത്തിലുണ്ടായ വലിയ കുറവും അനിതരസാധാരണമായ ചൂടും കാരണം ചൈനയുടെ വലിയൊരു പ്രദേശം ദുരിതബാധിതമായിരിക്കുകയാണ്. നദികളും റിസര്‍വ്വോയറുകളും വറ്റി, വൈദ്യുതിയില്ലാത്തതിനാല്‍ ഫാക്ടറികളടച്ചുപൂട്ടി, വിശാലമായ കൃഷിയിടങ്ങളും തകരാറിലായി. അത്  ഭക്ഷ്യവിതരണത്തെ ബാധിക്കുകയും ആഗോള ഭക്ഷ്യപ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു. രണ്ടുമാസമായി ഉയര്‍ന്ന താപനിലയാണ്. നൂറുകണക്കിന് സ്ഥലങ്ങളില്‍ ചൂട് 40OC മുകളിലാണ്. സബ് വേ റയില്‍ സ്റ്റേഷനുകളില്‍ ജനങ്ങള്‍ക്ക് ചൂടില്‍ നിന്ന് രക്ഷപ്പെടാനായി വിശ്രമമുറികള്‍ തുറന്നു. ആഗസ്റ്റ് 18 ന് സിച്ചുവാന്‍ പ്രോവിന്‍സിലെ ചോങ്കിംഗില്‍ 45OC. ആയിരുന്നു താപനില.

ചൈനയില്‍ ദേശീയതലത്തില്‍ അന്തരീക്ഷോഷ്മാവ് രേഖപ്പെടുത്താന്‍ തുടങ്ങിയ 1961 നു ശേഷം കണ്ട ഏറ്റവും നീണ്ടതും ചൂടേറിയതുമായ ഉഷ്ണതരംഗമാണിത്. ലോകത്തെമ്പാടുമുള്ള  തീവ്ര താപനിലകള്‍ മോണിട്ടര്‍ ചെയ്യുന്ന കാലാവസ്ഥാ ചരിത്രകാരന്‍ മാക്സിമിലിയാനോ ഹെരേരാ(Maximiliano Herrera) യുടെ വാക്കുകളില്‍ എവിടെയും രേഖപ്പെടുത്തപ്പെട്ട കഠിനമായ ഉഷ്ണതരംഗങ്ങളില്‍ ഏറ്റവും തീവ്രമായതും ഇതാണ്. 

“കാഠിന്യത്തില്‍ ഏറ്റവും തീവ്രമായതും ഏറ്റവുമധികം കാലദൈര്‍ഘ്യമുള്ളതും അതേ സമയം അവിശ്വസനീയമാം വിധം ഏറ്റവുമധികം പ്രദേശത്ത്  ബാധിച്ചതും എല്ലാം   ചേര്‍ന്നതാണിത്. ചൈനയിലിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി നേരിയ തോതില്‍ പോലും താരതമ്യം ചെയ്യാവുന്നതായി ലോക ചരിത്രത്തില്‍ മറ്റൊരു സംഭവമില്ല” മാക്സിമിലിയാനോ ഹെരേരാ(Maximiliano Herrera)

തീവ്രമായ ചൂടിനോടൊപ്പം ചൈനയുടെ ചില ഭാഗങ്ങളില്‍ മഴ കുറഞ്ഞത് നദികളിലെ ജലനിരപ്പ് താഴാനും ഇടയാക്കി. 66 എണ്ണം സമ്പൂര്‍ണ്ണമായും വറ്റി. യാങ്സിയുടെ ചില ഭാഗങ്ങളില്‍ 1865 ല്‍ രേഖപ്പെടുത്താനാരംഭിച്ചതു മുതല്‍ കാണപ്പെട്ട ഏറ്റവും താണ നിലയാണ്. പല സ്ഥലങ്ങളിലും കുടിവെള്ളം ട്രക്കുകളില്‍ എത്തിക്കേണ്ടതായി വന്നു. ആഗ.19 ന് ഒമ്പതു കൊല്ലത്തിലാദ്യമായി ചൈന ദേശീയ വരള്‍ച്ചാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ചൈനയിലെ ചോങ്‌കിംഗിൽ Jialing നദി വറ്റിയ ദൃശ്യം കടപ്പാട് : Zhong Guilin/VCG via Getty Images

വെള്ളമില്ലാതായതോടെ ജലവൈദ്യുതി ഉല്പാദനം നിലച്ചു. വൈദ്യുതിയുടെ 80 ശതമാനവും ജലത്തെ ആശ്രയിക്കുന്ന സിച്ചുവാന്‍ ആണ് ഏറ്റവുമധികം ബാധിക്കപ്പെട്ടത്. വൈദ്യതോല്പാദനം കുറയുകയും എയര്‍ കണ്ടീഷനിംഗിന് ആവശ്യമേറുകയും ചെയ്തതോടെ  ആ പ്രോവിന്‍സിലെ ആയിരക്കണക്കിന് ഫാക്ടറികളുടെ പ്രവര്‍ത്തനം നിലച്ചു. ഓഫീസുകളിലും ഷോപ്പിംഗ് മാളുകളിലും വിളക്കുകളും എര്‍കണ്ടീഷനിംഗും നിയന്ത്രിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ടു.

സിച്വാനില്‍ മാത്രം 47,000ഹെക്ടറിലെ കൃഷി നശിച്ചു. വേറെയൊരു 4,33,000 ഹെക്ടറും കേടായി. ക്ലൗഡ് സീഡിംഗ് വഴി മഴപെയ്യിക്കാനുള്ള ശ്രമം നടത്തുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഫലമുണ്ടാകുമോ എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.

ചൈനയില്‍ മാത്രമല്ല വരള്‍ച്ച ബാധിക്കുന്നത്. യൂറോപ്പ് 500 കൊല്ലത്തിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണ്. എറിട്രിയയും എത്യോപ്യയും സോമാലിയയുമെല്ലാം അടങ്ങുന്ന’ആഫ്രിക്കയുടെ കൊമ്പ്’,  അമേരിക്കയിലെ വലിയൊരു പ്രദേശം, മെക്സിക്കോ എന്നിവിടങ്ങളെല്ലാം വരള്‍ച്ചയുടെ പിടിയിലാണ്. ഇവിടെയെല്ലാം കാര്‍ഷികോല്പാദനം കുറയുന്നത് ആഗോള ഭക്ഷ്യപ്രതിസന്ധിയ്ക്ക് കാരണമാകും. റഷ്യ ഉക്രൈനിനെ ആക്രമിക്കുന്നതിനു മുന്നേ തന്നെ ഭക്ഷ്യവില കുതിച്ചുയര്‍ന്നിരുന്നു. മാര്‍ച്ചില്‍ വില കുറഞ്ഞെങ്കിലും ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കുറേ വര്‍ഷങ്ങളിലായി ചൈന വലിയ ഒരു ധാന്യശേഖരം കെട്ടിപ്പടുത്തിട്ടുള്ളതിനാല്‍  അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകും.

ഐപിസിസി യുടെ 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ആഗോള താപനത്തിന്റെ ഫലമായി വരള്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിയും കൂടി വരികയും  ചെയ്യും.


അവലംബം: New Scientist, 23 Aug 2022.

Happy
Happy
12 %
Sad
Sad
72 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
4 %
Surprise
Surprise
12 %

Leave a Reply

Previous post പ്രായം കൂടുന്തോറുമുള്ള മസ്തിഷ്കവളർച്ചയുടെ ചാർട്ട്
Next post ഇന്ത്യൻ നാനാത്വത്തിന്റെ നാൾവഴികൾ – ഒരു തിരിഞ്ഞുനോട്ടം
Close