Read Time:24 Minute

കഥാപാത്രങ്ങൾ

പൂവങ്കോഴികളില്ലാത്ത കാലം

‘വിശക്കുന്നല്ലോ വിശക്കുന്നല്ലോ..
ഡിം ഡിം ഡിം .. .. ഡിം ഡിം ഡിം..

ഭക്ഷണം തായോ ഭക്ഷണം തായോ..
ഡിം ഡിം ഡിം .. .. ഡിം ഡിം ഡിം..’

‘എന്തൂട്ടാണിവിടെ .. ഈ മേശിപ്പോ പൊളിക്കോ. പതിക്കെ അടിക്കറാ ചെക്കാ..’

‘പെണ്ണമ്മിച്ചി വെശന്നട്ട് കണ്ണ് കാണാൻ വയ്യ. മണി അഞ്ചായി. നോ ചായ.. നോ കടി..’

‘എന്തൂട്ടണ്ടാ കുഞ്ഞുമോനെ നിൻ്റെ ചായദിവസം ആറായാലും ചായയിലല്ലോ.’

‘ഒന്നടങ്ങ് പെണ്ണമ്മിച്ചി. ഇന്നൊരു സ്പെഷൽ ഐറ്റമാണു. മുട്ടമാല ട്ടങ് ..ട്ട ..ടാങ്.’.

‘ഇതാ ഈ കുടുംബത്തിൽ ആദ്യമായി അവതരിപ്പിക്കുന്നു, മലബാറിൻ്റെ പൊന്നോമന പുത്രൻ ..ഛെ അല്ല മലബാറിലെ പുയ്യാപ്ല പലഹാരം “മുട്ടമാല” ടിഷ്യം’

കുറച്ച് നേരം ഊണുമേശയിൽ പ്രാർത്ഥനയുടെ നിശബ്ധത..

പയ്യെ കോറസ്

‘അയ്യയ്യോ ..പണി പാളിലോ

മുട്ടമാല വായിൽ വയ്ക്കാൻ പറ്റുന്നില്ലല്ലോ ..

അയ്യയ്യോ പണി പാളിലോ’

‘എന്തൂട്ടണ്ട ഇവനെ.. നിനക്ക് ഇണ്ടാക്കാനറിയണ വല്ലതും ഇണ്ടാക്കിയാൽ പോരെ വല്ല പരിപ്പു വടയോ, പഴമ്പൊരിയോ.. ഇനി ഇന്നത്തെ വകയും സ്വിഗ്ഗി ശരണം’.

‘ഇത് ഏറ്റവും ബെസ്റ്റ് റെസീപിയാണു’.

‘കുഞ്ഞുമോനേ പാചകത്തിന്റെ ഒരു അടിസ്ഥാന തത്വം ഞാൻപറഞ്ഞരാം. റെസീപ്പി നോക്കി ഇണ്ടാക്കുമ്പോ പിന്നെ കമ്മച്ചം ഇടരുത്.’

‘അല്ലെന്റെ പെണ്ണമ്മിച്ചി..ഞാൻ ഒരു പണത്തൂക്കം അങ്ങടോ ഇങ്ങടോ ഇല്ലാണ്ടാണു എല്ലാം അളന്നത്. ഇതാ മുട്ടയുടെ പ്രശ്നമാണു. ഒക്കെ ബ്രോയലർ കോഴിമുട്ടയാണു. നാടൻ കോഴിമുട്ട പോലെ ഒന്നും ശരിയ്ക്കുള്ള മുട്ടയല്ല, അണ്ഡം മാത്രേ ഉള്ളൂ. നോ പൂവൻ കോഴി നോ സിക്താണ്ഡം സോ നോ റ്റേസ്റ്റ്.’

‘ഹേയ് കുഞ്ഞുണ്ണി ഡ്യൂഡ്, വാട്ടീസ് ദിസ് അണ്ഡം സിക്താണ്ഡം തിങ്’.

‘അതൊന്നല്ലറാ കുഞ്ഞൂഞ്ഞേ.. അൺഫെർട്ടിലൈസ്ഡ് എഗ്ഗ് (Unfertilized) പിന്നെ സൈഗോട്ട് (zygote).’

‘ഓ.. ഡിയർ ..  ഐ നെവെർ ലേൺ ദിസ് മലയാളം നേംസ്’

‘ഒന്നു പോടെറ്ക്കാ.. ഒന്നാമത്തെ കാര്യം ബ്രോയലർ കോഴി മാംസത്തിനായി വളർത്തുന്നതാണു. അതിന്റെ മുട്ടൊയൊന്നും മാർക്കെറ്റിൽ കിട്ടില്ല. ഇത് വൈറ്റ്ലെഗോണിന്റെ മൊട്ടയായിരിക്കും. പിന്നെ..ദേ ദീ കുഞ്ഞൂഞ്ഞും കുഞ്ഞുണ്ണിയൊന്നും അവർടെ ജീവിതത്തിൽ  പൂവങ്കോഴിം പെടക്കോഴിം കൂടി ഉണ്ടാക്കിയ മൊട്ട തിന്നട്ടുണ്ടാവില്യ. പിന്ന്യാണു അവന്റെ നോ കുന്ത്രാണ്ടം നോ റ്റേസ്റ്റ്.’

‘വാട്ട് അപ്പോ പിടക്കോഴി മാത്രം മത്യോ മൊട്ടയുണ്ടാക്കാൻ ..’

‘മൊട്ടയുണ്ടാകാൻ പിടക്കോഴി മാത്രം മതി. പക്ഷേ കോഴിയുണ്ടാവാൻ പൂവങ്കോഴി കൂടെ വേണം’.

‘നോട്ട് നെസ്സസ്സറി ..യുവർ ഓണർ ഉണ്ണിയച്ചൻ. പിടക്കോഴി തന്നെയായാലും കോഴിയുണ്ടാകും.’

‘ഒന്നു പോടി ഉണ്ണിമോളെ ഗുണ്ടടിക്കാണ്ട്.’

‘കുട്ടാ.. നീ സങ്കടപ്പെട്ടട്ട് കാര്യല്യ ഇതുള്ളതാ. പിടക്കോഴിക്ക് മാത്രം കോഴിയെ ഉണ്ടാക്കാൻ പറ്റും അതിൻ്റെ പേരാണു പാർത്തനോജെനസ്സിസ്സ് അതായത് ബീജരഹിത ജനനം വേണങ്കെ അനിഷേക ജനനം എന്നും പറയാം.’

‘അനിഷേക ജനനം നഹി. ബീജരഹിതം ആയിക്കോട്ടെ’

‘പുതിയ വല്ല ശാസ്ത്രാബദ്ധം ആയിരിക്കും. അല്ലെങ്കിലും ക്ലോണിങ്ങും ജീൻ വെട്ടലും, വിത്തില്ലാത്ത നെല്ലുണ്ടാക്കലും ഒക്കെയല്ലേ ഈ ശാസ്ത്രജ്ഞരുടെ പണി.  ഈ ലോകം വെണ്ണൂറാക്കും അവറ്റോളു.’

‘ശാസ്ത്രം വളർത്തിയ നെല്ലെടുത്ത് കുത്തിയുണ്ടീട്ട് അങ്ങനെ പറയല്ലേര മോനച്ചാ.. പാർത്തനോജെനസ്സിസ് ഒക്കെ പണ്ടേക്ക് പണ്ടേ ഉണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ തന്നെ അതിന്റെ സയന്റിഫിക് റിപ്പോർട്ടുകൾ ഉണ്ട്. നീയൊക്കെ സ്കൂളിൽ പഠിച്ചീട്ടുണ്ട് ഇതൊക്കെ. ആ പാഠം പഠിപ്പിക്കുമ്പോ ബയോളജി മാഷ്ടെ പറമ്പിലെ മാവിൽ കല്ലെറിയാൻ പോയാൽ ഇങ്ങനെയിരിക്കും . കുരുത്തംകെട്ടവൻ.’

‘ആ ദാ വരുന്നു അച്ചൻ കുഞ്ഞ് സയന്റിസ്റ്റ്. എന്നാൽ പോരട്ടെ ഇന്നത്തെ കഥ ദി അച്ചങ്കുഞ്ഞ് സയൻ്റിസ്റ്റ് വക.’

‘എന്റെ കുഞ്ഞൂഞ്ഞ് മോനെ ഇതൊക്കെ അറിയാൻ സയന്റിസ്റ്റ് ഒന്നും ആവണ്ട. അത്യാവശം ശാസ്ത്രവാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രം വായിച്ചാൽ മതി’.

‘വാവ് ദാറ്റീസേ റെവലീഷൻ. ഒക്കെ റ്റെൽ മി ദ നേംസ് ഒഫ് സയൻസ് ന്യൂസ് റിപ്പോർട്ടിങ്ങ് മലയാളം ന്യൂസ് പേപ്പേഴ്സ്.’

‘മലയാളമില്ലെങ്കിൽ ഇംഗ്ലീഷ് വായിക്കണം. ഈ മൊബൈലിൽ കുത്തിയാൽ ഇൻസ്റ്റയും സ്നാപ്പ് ചാറ്റും മാത്രല്ല ഗാർഡിയനും എൻ.പി.ആറും ഒക്കെ കിട്ടുമല്ലോ’

‘ശേഡാ നിങ്ങളെന്തിനാ മനുഷ്യാ ഇതൊക്കെ ഇത്ര കാര്യയിട്ടെടുക്കണത്. ഇന്നത്തെ ഞാറാഴ്ചകഥ  പറയാൻപറ്റുമെങ്കി പറ. അല്ലെങ്കിൽ എണീറ്റ് പോ..’

‘പെണ്ണമ്മച്ചി..  പെണ്ണമ്മച്ചി..പെണ്ണമ്മച്ചി..പെണ്ണമ്മച്ചി..പെണ്ണമ്മച്ചി.’.

[പെങ്കുട്ടികൾ ആർപ്പ്]

‘അച്ചങ്കുഞ്ഞ് ..അച്ചങ്കുഞ്ഞ് ..അച്ചങ്കുഞ്ഞ് ..അച്ചങ്കുഞ്ഞ് ..’

[ആങ്കുട്ടികൾ ആർപ്പ്]

‘ഇന്നത്തെ കഥ അച്ചങ്കുഞ്ഞ് വകയാകട്ടെ’ – വല്യമ്മിച്ചി വക ഉത്തരവ്

‘ശ്രദ്ധിച്ച് കേൾക്കണം. കഥകഴിഞ്ഞാൽ ചോദ്യോത്തരം ഉണ്ടായിരിക്കും. ഏറ്റവും അധികം ഉത്തരം പറയുന്ന ആൾക്ക് ഒരു കോഴിമുട്ട സമ്മാനം.’

‘ഉത്തരവ് ..ഉത്തരവ് ..ഉത്തരവ് .’.[കോറസ്]

‘ഒരിടത്തൊരിടത്തൊരു ഒരു പെൺകുട്ടി ഉണ്ടായിരുന്നു, അലെക്സിസ്, അലെക്സിസ് സ്പെർലിങ് (Alexis Sperling). അവൾക്ക് ചെറിയ ജീവികളെ പെറ്റുകളാക്കി വളർത്തുന്നത് ഇഷ്ടമായിരുന്നു. അക്കാലത്ത് അവൾക്കൊരു കുഞ്ഞി പെറ്റുണ്ടായിരുന്നു, ഒരുതൊഴുകയ്യൻ പ്രാണി’.

‘വാട്ടീസ് ദാ തൊഴുകയ്യൻ പ്രാണി?’

‘അതീ പച്ചകുതിര പോലെ ഇരിക്കും പക്ഷേ, അതല്ല, ഈ പ്രാണി എപ്പോഴും രണ്ട് കയ്യും പ്രാർത്ഥിക്കുന്ന പോലെ കൂട്ടി പിടിച്ചിരിക്കും. അത് കൊണ്ട് പ്രെയിങ് മാൻ്റിസ് (praying mantis) എന്നാണു പേരു. പ്രാർത്ഥനയൊന്നല്ല, ഇര വരുമ്പോൾ ചാടി പിടിക്കാനാണീ തൊഴുകയ്യുമായിർ ഇരിക്കണത്.. ആ. അത് പോട്ടെ . കഥയിലേക്ക് വരാം.’

‘ഈ അലക്സിസിനു ഈ പ്രാണിയെ ജീവനായിരുന്നു. എന്നുമതിനെ എടുത്ത് ഓമനിച്ച് വർത്തമാനം പറഞ്ഞാണു ഉറക്കം. ഒരു ദിവസം കാലത്ത് നോക്കിയപ്പോൾ തൊഴുകൈയത്തിയുടെ അടുത്ത് ഒരു കുഞ്ഞ് തൊഴുകയ്യത്തിയെ കൂടെ കണ്ട അലെക്സിസ് ഞെട്ടി. ഇതെങ്ങനെ? തൊഴുകയ്യത്തി പ്രസവിച്ചോ?  അപ്പോഴാണവളറിയുന്നത് ഇത് ബ്രൂനേറിയ ബോറിയാലിസ് (Brunneria borealis) എന്ന വർഗ്ഗത്തിൽ പെട്ട തൊഴുകയ്യത്തി ആണു. ഇവരുടെ ജനനം മൊത്തത്തിൽ കന്യാജനനം ആണു. അതായത് ഈ വർഗ്ഗത്തിൽ ആണുങ്ങളില്ല. മൊത്തം പെണ്ണുങ്ങൾ മാത്രം.’

‘നോ വേ.. അങ്ങനെയാണെങ്കിൽ ഇത് ചെടിത്തണ്ട് വെട്ടി വച്ച് പുതിയ ചെടി ഉണ്ടാവണ പോലെ ആണോ. ഇറ്റ് ഈസ് ക്രേസി’

‘അല്ലറാ.. ഇതിനെ അലൈംഗീക പ്രജനനം  (asexual reproduction) എന്ന് പറായാൻ പറ്റില്ല. സെൽ ഡിവിഷനും പകുതി ക്രോമസോമുള്ള സെല്ലുകളും രണ്ട് കോശങ്ങളുടെ കൂടിചേരലുമൊക്കെ (meiosis)  നടക്കുന്നുണ്ട്. പക്ഷേ, ആണുങ്ങളുടെ ബീജവുമായി കൂടിചേരുന്നതിനു പകരം പെണ്ണുങ്ങളിലുണ്ടാകുന്ന പകുതി ക്രോമസോമുകൾ ഉള്ള  രണ്ട് കോശങ്ങൾ കൂടിചേരുന്നു.’

‘വൈ ദിസ് കൊലവെറി ഡീ’

‘പലപ്പോഴും ലൈംഗിക പ്രജനനം നടത്താനാവാത്ത അവസ്ഥയിലാണു ഇങ്ങനെ സംഭവിക്കുന്നത്. മിക്കപ്പോഴും കാഴ്ചബംഗ്ലാവിലൊക്കെ ഒറ്റയ്ക്ക് കഴിയുന്ന ജീവികൾ ചിലപ്പോഴൊക്കെ ഇങ്ങനെ പ്രജനനം നടത്താൻ ശ്രമിയ്ക്കും.’

‘യെസ് യെസ് ഐ റിബെംബെർ.. ഈയടുത്ത് കോസ്റ്ററിക്കയിലെ ഒരു മുതല ഇങ്ങനെ ഒരു ശ്രമം നടത്തിയിരുന്നു. ഞാനതിൻ്റെ റിസേർച്ച് പേപ്പർ എടുത്ത് വച്ചീട്ടുണ്ട്.’

ആ അത് 2018 ലു. കോസ്റ്ററികയിലെ കാഴ്ചബംഗ്ലാവിൽ 16 വർഷമായി ആൺമുതലകളെ കാണാതിരുന്ന പെണ്മുതല 14 മുട്ടയിട്ടു.’

‘കുഞ്ഞുമോൾ കഥയിലേക്ക് കടക്കാൻ നോക്കുന്നത് തടഞ്ഞ് അച്ചങ്കുഞ്ഞ് തുടർന്നു.’

‘മുട്ടകൾ വിരിയാൻ വച്ചപ്പോൾ അതിലൊരു മുട്ടയ്ക്കുള്ളിൽ ഒരു കുഞ്ഞുമുതലുണ്ടായിരുന്നു. പക്ഷേ വിരിയും മുമ്പേ ചത്തുപോയി.  മുതലകളിലെ കന്യാജനനം അല്ലെങ്കിൽ ബീജരഹിത ജനനത്തിന്റെ ആദ്യത്തെ റെക്കോർഡ് ഇതാണു. കഴിഞ്ഞമാസമാണു അതിന്റെ മുഴുവൻ പഠനത്തിന്റെ പേപ്പർ പുറത്ത് വന്നത്. ആ 14 മുട്ടകളിലെ ഒരു മുട്ടയിലുണ്ടായിരുന്നത് ഒരു പെണ്മുതലയായിരുന്നു! മുതലകളിൽ ലിംഗം തീരുമാനിക്കുന്നത് ലിംഗക്രോമസോമുകളല്ല, ചൂടാണെന്നോർക്കണം! പാർത്തനോജനിസിസ് എന്ന ബീജരഹിത ജനനം മുതലകളിൽ  ജനിതക പഠനങ്ങളിലും  ബയോഇൻഫോർമാറ്റിക്സ് പഠനങ്ങളിലുമൊക്കെ ഉണ്ടാക്കാൻ പോകുന്ന സ്വാധീനം നമ്മൾ ചിന്തിക്കുന്നതിലും  ഭയങ്കര വലുതായിരിക്കാം.

കുഞ്ഞുമോളെ നീ എന്നെ വഴിതിരിച്ചു വിട്ടു. നമുക്ക് അലക്സിസിന്റെ കഥയിലേക്ക് വരാം. കുഞ്ഞു തൊഴുകയ്യനെ കണ്ടതോടെ കന്യാജനനത്തെ കുറിച്ച് പഠിക്കണമെന്ന് അലക്സിസ് വിചാരിച്ചു. ഗവേഷണം ചെയ്യാൻ അവസരം കിട്ടിയപ്പോൾ പഴ ഇച്ചകളുടെ ജീനുകളെ കുറിച്ചും പിന്നെ അവയുടെ ബീജരഹിത ജനനത്തെ കുറിച്ചും പഠിക്കാൻ തുടങ്ങി.’

‘വെയ്റ്റ് വെയ്റ്റ്. ദിസ് ഗൈ .. ദിസ് പഴ ഈച്ച .. ദാറ്റ് മീൻസ് ഡ്രോസോഫീലിയ.. ഇറ്റ് ഈസ് എ ന്യൂയിസെൻസ് എവെരി വേർ. തെൻ വൈ ദിസ് സയൻ്റിസ്റ്റ് ആർ ഓൾവെയ്സ് സ്റ്റഡിയിങ് ദിസ് ഗൈ? വൈ സോ?’

‘ഒഹ് അതോ. അത് സയന്റിസ്റ്റുകൾ അവരുടെ ക്ലിഷ്ടത നിറഞ്ഞ ജീവിതം  ഒരല്പം എളുപ്പമാക്കുന്നതാ. ആകെ 4 ജോഡി ക്രോമസോമേ ഈ പഴ ഈച്ചയ്ക്കുള്ളൂ. അതും വളരെ എളുപ്പം തിരിച്ചറിയാവുന്ന നാലെണ്ണം. അതിൽ തന്നെ വൈവിധ്യമുള്ള ജീനുകൾ ഉണ്ട്. പിന്നെ ആകെ രണ്ടാഴ്ച കൊണ്ട് മുട്ടയിട്ട് ഒരുകുന്ന് കുട്ടി ഈച്ചകളുണ്ടാകും. മാത്രമല്ല, ലാബിൽ വളർത്താൻ വളരെ എളുപ്പവുമാണു. അപ്പോൾ മോഡൽ പഠനങ്ങളൊക്കെ ചെയ്യാൻ ഈ കുഞ്ഞൻ ജീവി സയൻ്റിസ്റ്റുകൾക്കൊരു അനുഗ്രഹമാണു.’

‘വെയ്റ്റ് വെയ്റ്റ് .. വാട്ടീസ് ക്ലിഷ്ടത?’

‘ഗൂഗ്ഗിൾ ട്രാൻസ്ലേറ്റർ എടുത്ത് നോക്കറീ ഉണ്ണിമോളെ കഥയുടെ രസം കളയാതെ.’

‘അങ്ങനെ അലക്സിസിന്റെ ഗ്രൂപ്പ് ആദ്യമായി പഴഈച്ചയിൽ ജെനറ്റിക് എഞ്ചിനീയറിങ്ങിലൂടെ ബീജരഹിത ജനനം നടത്തി. അത് മാത്രമല്ല. ഈ ഈച്ചകളുടെ കുഞ്ഞുങ്ങൾക്കും പിന്നീട് ജനിതക എഞ്ചിനീയറിങ്ങ് നടത്താതെ തന്നെ ബീജരഹിത ജനനത്തിനു സാധിച്ചു.’

‘ഇതെങ്ങനെ ചെയ്തപ്പാ?’

‘അവരു സാധാരണ ലൈംഗീക പ്രജനനം നടത്തുന്ന ഈച്ചയുടെ ജീനിന്റെ ക്രമം കണ്ടുപിടിച്ചു. പിന്നെ ബീജരഹിത പ്രജനനം നടത്താൻ കഴിവുള്ള ഈച്ചയുടെ ക്രമം കണ്ടുപിടിച്ചു. ഇതിൽ നിന്നും  ലൈംഗീക പ്രജനനം നടത്താൻ മാത്രം കഴിയുന്ന ഈച്ചയിൽ ബീജരഹിതജനനം നടത്താൻ കഴിയുന്ന ജീനിനെ തിരിച്ചറിഞ്ഞ് അത് ലൈംഗീക പ്രജനനം നടത്താൻ മാത്രം കഴിയുന്ന ഈച്ചയുടെ ജീനിൽ  സന്നിവേശിപ്പിച്ചു. ജെനിറ്റിക് എഞ്ചിനീയറിങ് വഴി ഉണ്ടായ ഈ ഈച്ചകൾ ബീജരഹിതജനനം നടത്തി. അവയുടെ കുട്ടികളിൽ ചിലതും മറ്റൊരു ജീൻ സന്നിവേശമോ ജെനറ്റിക് എഞ്ചിനീയറിങ്ങോ ഇല്ലാതെ തന്നെ ബീജരഹിത പ്രജനനം നടത്തി. അതായത്, ബീജരഹിത ജനനം തലമുറകളിലേക്ക് കൈമാറപ്പെട്ടു.’

‘ഞാനൊരു കാര്യം ചോയ്ക്കട്ടെ, ഈ കന്യാജനനം ഒരു പുതിയകാര്യമൊന്നുമല്ലല്ലൊ. ഇങ്ങനെ കൊട്ടിഘോഷിക്കാൻ. കന്യാമറിയത്തിന്റെ  കന്യാജനനം വഴിയല്ലേ ഈശോയുണ്ടായത്!’

‘അയ്യട കുഞ്ഞുമോനേ .. ജിഞ്ചിലാക്കടീ.. ഇതൊക്കെ ഈച്ചകളിലും, കോഴികളിലും, മുതലകളിലും തൊഴുകൈനിലുമൊക്കെയുണ്ടെങ്കിലും മനുഷ്യരിൽ ഒന്നും ഇപ്പോൾ നടക്കാൻ പോണ കാര്യമല്ല. അത്രയ്ക്കും സങ്കീർണ്ണമായ ജീൻ ക്രമവും ബയോളജി പ്രിക്രിയകളുമാണു ആണു മനുഷ്യനുള്ളത് ഇനിപ്പോ അങ്ങനെയൊക്കെ കണ്ടുപിടിച്ചാ നിന്റെയൊക്കെ കാര്യം കട്ടപൊക’.

‘കർത്താവേ.. ഇനി ഈ ആണുങ്ങളില്ലാത്ത ലോകം ഇങ്ങ് വരുമോ?’

‘പുരുഷസ്പർശമില്ലാത്ത കന്യകയ്ക്കുണ്ടായ കർത്താവിനോട് ചോയ്ക്കാൻ പറ്റിയ ബെസ്റ്റ് ചോദ്യം.’

‘കർത്താവനുഗ്രഹിക്കട്ടെ!’

‘അപ്പോ ചോദ്യണ്ട് – പാർത്തനോജെനിസ് വഴി പെണ്ണുങ്ങൾ മാത്രമേ ഉണ്ടാകൂ? ശരിയ്ക്കും പൂവങ്കോഴികളില്ലാത്ത കാലം വരുമോ?

ഉത്തരം പോരെടേരാ ഗഡ്യോളെ..’

വായനക്കാരുടെ അഭിപ്രായം രേഖപ്പെടുത്താം

വായനക്കാർക്ക് ഉത്തരങ്ങൾ കമന്റ് ചെയ്യാം അല്ലെങ്കിൽ [email protected] എന്ന ഐഡിയിലേക്ക് അയക്കാം.


വിശദമായ വായനയ്ക്ക്

എന്താണീ ഇല്ലനക്കരി ?

പണ്ട് വിറകടുപ്പുകള്‍ ഉപയോഗിച്ചിരുന്ന കാലത്ത് അടുപ്പ് സ്ഥിതി ചെയ്യുന്ന സ്ലാബിന് (പാതിയമ്പുറം) മുകളിലായി വിറക് സൂക്ഷിക്കാന്‍ ഒരു പറം അഥവാ മേക്കട്ടി ഉണ്ടായിരുന്നു. വിറകടുപ്പില്‍ നിന്നും വരുന്ന പുക പറത്തിലും ചുമരിന്റെ വശങ്ങളിലും തട്ടി അവിടെ ഘനീഭവിച്ച് കിടക്കും. കുറേ കാലത്തെ ഈ പുകകരി ചുമരിലും പറത്തിലും കട്ടപ്പിടിച്ച് ഒലിക്കാന്‍ തുടങ്ങും ഇതാണ് ഇല്ലനക്കരി. ശ്രദ്ധിച്ചീട്ടുണ്ടെങ്കില്‍ അറിയാം അടുക്കളയുടെ ഈ ഭാഗം എത്ര കുമ്മായം അടിച്ചാലും കറുത്ത് തന്നെ കിടക്കും. അന്നത്തെ സ്ത്രീയുടെ അധ്വാനത്തിന്റെ അളവാണ് ആ പുകകരിയുടെ കനം! ഈ ഇല്ലനക്കരി അന്ന് മുറിവുണക്കുന്നതിനു ബെസ്റ്റ് ആയിരുന്നു. സ്തീകളും കുട്ടികളും വലിയ മുറിവുകള്‍ പോലും വച്ചുകെട്ടാന്‍ ധാരാളമായി ഉപയോഗിച്ചിരുന്നത് ഇല്ലനക്കരിയാണ്. ഭയങ്കര നീറ്റലുണ്ടാവും അതോടെ ആ മുറിവ് കരിയുകയും ചെയ്യും.

ഒരുപക്ഷെ ഈ വാക്ക് ഇല്ലം എന്നതില്‍ നിന്ന് തന്നെ വന്നതായിരിക്കാം. എന്നാല്‍ ഇല്ലം അടുക്കളയെ മാത്രം സൂചിപ്പിക്കുന്ന ഒന്നല്ല. ഇല്ലനം അല്ലെങ്കില്‍ ഇല്ലന എന്നതിന് തമിഴിലോ സംസ്കൃതത്തിലോ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ? (തമിഴില്‍ ഇല്ലാന എന്നു പറഞ്ഞാല്‍ ഇല്ലെങ്കില്‍ എന്നര്‍ത്ഥം അതല്ലാതെ എന്തെങ്കിലും ഉണ്ടോ). ഈ വാക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ?


കഥാപാത്രങ്ങൾ


ഇല്ലനക്കരി – അടുക്കള സയൻസ് കോർണർ ഒന്നാംഭാഗം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
17 %

One thought on “പൂവങ്കോഴികളില്ലാത്ത കാലം

  1. ലേഖനം ഗംഭീരം! ഞങ്ങൾ ഇല്ലനക്കരിക്ക് ഇല്ലരുത്തുങ്കരി എന്നാണ് പറഞ്ഞു പോന്നിരുന്നത് ഗഡ്യോളേ

Leave a Reply

Previous post ചുമരില്‍ ചലിക്കും കുമ്പളക്കുരു
Next post അസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ആദ്യ വനിത 
Close