Read Time:34 Minute

ഇഗ്‌ നൊബേൽ 2022 : ചിരിക്കാനും ചിന്തിക്കാനും

സാധാരണ മനുഷ്യർക്ക് ദൈനംദിന ജീവിതവുമായി എളുപ്പം ബന്ധപ്പെടുത്താവുന്ന, തികച്ചും നിസ്സാരമെന്നും വിചിത്രമെന്നും  തോന്നാവുന്ന  വിഷയങ്ങളിൽ  നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളെയും അവയിൽ നിന്നുള്ള പ്രാധാന്യമുള്ള  കണ്ടുപിടുത്തങ്ങളെയും ആണ് ഇഗ്‌ നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. 2022 ലെ ഇഗ്‌ നൊബേൽ സമ്മാനങ്ങൾക്കർഹമായ ഗവേഷണങ്ങൾ എന്തെല്ലാമെന്ന്  നോക്കാം

മനില ഒ.വി. എഴുതുന്നു…

നൊബേല്‍ സമ്മാനം എന്താണെന്നും എന്തിനാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും സമാധാനത്തിനും സാഹിത്യത്തിനും ഉള്ള നൊബേലുകൾ ഒഴിച്ച് നിർത്തിയാൽ,  മറ്റ്  നൊബേൽ ജേതാക്കളുടെ സമ്മാനാർഹമായ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അതിന്റെ പ്രാധാന്യവും ഒന്നും സാധാരണയായി പൊതു ജനങ്ങൾക്ക് അധികം മനസ്സിലാകാറില്ല. ലളിതമായ ഗവേഷണങ്ങൾ അല്ല ഇവയൊന്നും എന്നത് തന്നെ കാര്യം.

എന്നാൽ സാധാരണ മനുഷ്യർക്ക് ദൈനംദിന ജീവിതവുമായി എളുപ്പം ബന്ധപ്പെടുത്താവുന്ന, തികച്ചും നിസ്സാരമെന്നും വിചിത്രമെന്നും  തോന്നാവുന്ന  വിഷയങ്ങളിൽ  നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളെയും അവയിൽ നിന്നുള്ള പ്രാധാന്യമുള്ള  കണ്ടുപിടുത്തങ്ങളെയും ആണ് ഇഗ്‌ നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. അതിനാൽ തന്നെ ഈ സമ്മാനത്തിന് യഥാർത്ഥ നൊബേൽ സമ്മാനത്തിന്റെ  തനതായ  ഗൗരവസ്വഭാവം ഇല്ല. പകരം ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏറെ ആക്ഷേപഹാസ്യ സ്വാഭാവമുള്ള, അസംബന്ധം എന്ന് തോന്നിക്കാവുന്ന  ഒരു സമ്മാനമാണിത്.

ഓരോ വർഷവും, ഇത്തരത്തിൽ അസാധാരണമായ  പത്ത് ഗവേഷണങ്ങളാണ്  ഈ പുരസ്ക്കാരത്തിനു പരിഗണിക്കപ്പെടുന്നത്.പരമ്പരാഗതമായി  നൊബേൽ സമ്മാനത്തിനു പരിഗണിക്കാറുള്ള മേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്,എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടും. 

ഇഗ്‌ നൊബേൽ പുരസ്കാരത്തിന്റെ ഔദ്യോഗിക അടയാളം ” The Stinker”

Ig Nobel എന്ന നാമകരണത്തിന്റെ ഉല്പത്തി   നികൃഷ്ടമായ  എന്ന അർത്ഥം വരുന്ന  ignoble എന്ന ഇംഗ്ലീഷ് പദമാണ്. നൊബേൽ സമ്മാനത്തിന് സമാന്തരമായ, അതിന്റെ ഒരു ഹാസ്യാനുകരണം ആണിതെന്നാണ് ഈ പുരസ്‌കാരം നൽകുന്ന ഇമ്പ്രോബബിൾ റിസർച്ച് എന്ന യുഎസിലെ കേംബ്രിജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പറയുന്നത്. ഹാസ്യസ്വഭാവമാണ് ഉള്ളതെങ്കിൽ കൂടി പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാൻ യഥാർത്ഥ ഗവേഷണ പ്രബന്ധങ്ങൾ തന്നെ വേണമെന്ന് നിബന്ധനയുണ്ട്. യഥാർത്ഥ നൊബേൽ ജേതാക്കളാണ് ഇഗ്‌ നൊബേൽ സമ്മാനദാനം നിർവഹിക്കുന്നത്. ഇഗ് നൊബേല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന് പിന്നീട് യഥാര്‍ഥ നൊബേല്‍ സമ്മാനം ലഭിച്ച ചരിത്രവും ഉണ്ട് !

2022 ലെ ഇഗ്‌ നൊബേൽ പുരസ്കാരങ്ങൾ

2022 ലെ ഇഗ്‌ നൊബേൽ പുരസ്‌കാരദാന ചടങ്ങ്  ഇക്കഴിഞ്ഞ സെപ്റ്റംബർ 15 ന് ഓൺലൈനായാണ് സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിൽ  നൊബേൽ സമ്മാനജേതാക്കൾ പുതിയ Ig നൊബേൽ ജേതാക്കൾക്ക് സമ്മാനങ്ങൾ കൈമാറി. ഇഗ്‌ നൊബേൽ സമ്മാനദാന ചടങ്ങിൽ സ്റ്റേജിലേക്കോ ഓൺലൈൻ ചടങ്ങാണെങ്കിൽ സ്‌ക്രീനിലേക്കോ കടലാസു വിമാനം പറത്തുന്ന വിചിത്രമായ ആചാരം കൂടിയുണ്ട്. സാധാരണയായി നൊബേൽ ജേതാക്കൾ പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം  ഒരു ഔപചാരിക നൊബേൽ പ്രഭാഷണം നടത്തുന്ന പതിവുമുണ്ട്. ഇഗ്‌ നൊബേൽ സമ്മാന ദാന ചടങ്ങിൽ തികച്ചും അനൗപചാരിക പ്രഭാഷണങ്ങൾ ആണ് ജേതാക്കൾ നടത്താറുള്ളത്.

പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങൾ. ഇത്തവണത്തെ ഇഗ്‌ നൊബേൽ സമ്മാനങ്ങൾക്കർഹമായ ഗവേഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം

അപ്ലൈഡ് കാർഡിയോളജി

നമ്മളിൽ  ഭൂരിപക്ഷവും ഏതെങ്കിലും ഒരുഘട്ടത്തിൽ ഹ്രസ്വമോ ദീർഘമോ ആയ പ്രണയ ബന്ധത്തിലേർപ്പെടാത്തവർ  ആകാനിടയില്ല. പലപ്പോഴും ഒരാളോട് ആകർഷണം തോന്നുമ്പോൾ  എന്താണിതിന്റെ ഗുട്ടൻസ് എന്ന് പിടികിട്ടാറുമില്ല.  ഞൊടിയിടയിൽ സംഭവിക്കുന്ന പരസ്പരാകർഷണത്തിന്റെ പൊരുൾ തേടുകയാണ് ഇവിടെ  ഒരു കൂട്ടം ഗവേഷകർ.  ഇരു ഹൃദയങ്ങൾ ഒന്നാകുമ്പോൾ സംഭവിക്കുന്നത് എന്ന വിഷയത്തെ സംബന്ധിച്ചുള്ള പഠനത്തിനാണ് അപ്പ്ളൈഡ് കാർഡിയോളജി വിഭാഗത്തിൽ ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ്, യുകെ, സ്വീഡൻ, അരൂബ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എലിസ്ക പ്രോചസ്‌കോവ, എലിയോ സ്ജാക്ക്-ഷി, ഫ്രെഡറിക് ബെഹ്‌റൻസ്, ഡാനിയൽ ലിൻഡ്, മാരിസ്‌ക ക്രെറ്റ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത്.

പ്രണയ പങ്കാളികൾ ആദ്യമായി കണ്ടുമുട്ടുകയും പരസ്പരം ആകർഷിക്കപ്പെടുകയും ചെയ്യുമ്പോൾ അവരുടെ ഹൃദയമിടിപ്പ് സമന്വയിപ്പിക്കപ്പെടുന്നു (ഒരേ നിരക്കിലുള്ള ഹൃദയമിടിപ്പ്)  എന്നതിന്റെ തെളിവുകൾ കണ്ടെത്തിയതിനാണ് ഇവരെ ആദരിച്ചത്. നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന ജേർണലിൽ “ആദ്യമായി കണ്ടുമുട്ടുന്ന യുവതീ യുവാക്കൾക്കിടയിൽ ഉടലെടുക്കുന്ന പരസ്പരാകർഷണം  അവരുടെ ശരീരശാസ്ത്രങ്ങളുടെ താദാത്മ്യപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു ” എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ച  പ്രബന്ധത്തിലാണ് ഈ പഠനത്തെ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തിയത്.

ശാരീരികമായ  സവിശേഷതകൾക്കപ്പുറം, ചില ചലനങ്ങൾ, ചേഷ്ടകൾ, ശാരീരിക പ്രതികരണങ്ങൾ, സൂക്ഷ്മമായ ഭാവങ്ങൾ എന്നിവയൊക്കെ ഇത്തരം ആകർഷണം പ്രോത്സാഹിപ്പിക്കാൻ സഹായിച്ചേക്കാം. അതിനോടനുബന്ധിച്ച് ഡേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ള യുവതീ യുവാക്കളിൽ ഇവർ പഠനം നടത്തി. ഹൃദയമിടിപ്പും ചർമ്മത്തിന്റെ പ്രതികരണശേഷിയും ഉൾപ്പെടെയുള്ള ശരീരശാസ്ത്രപരമായ സിഗ്നലുകൾ അളക്കുന്നതിനുള്ള എംബഡഡ് ക്യാമറകളും ഉപകരണങ്ങളും ഉള്ള ഐ-ട്രാക്കിംഗ് ഗ്ലാസുകൾ ഈ പഠനത്തിൽ പങ്കെടുക്കുന്ന കമിതാക്കളെ  ധരിപ്പിച്ചായിരുന്നു ഗവേഷണം. പുറത്തേക്ക് പരസ്യമായി  പ്രതിഫലിക്കുന്ന സൂചകങ്ങളായ  പുഞ്ചിരി, ചിരി,  നോട്ടം തുടങ്ങിയ പ്രതികരണങ്ങൾക്കൊന്നും പരസ്പരാകർഷണവുമായി കാര്യമായി ബന്ധമൊന്നുമില്ലെന്നു  ഇവർ കണ്ടെത്തി . പകരം, ഹൃദയമിടിപ്പിന്റെ നിരക്കിലെയും ചർമ്മ ചാലകതയിലെയും (വൈദ്യുത സിഗ്നലുകളോട് പ്രതികരിക്കാനുള്ള ചർമത്തിന്റെ കഴിവ് ) അസാധാരണമായ സാമ്യതയാണ്  ആകർഷണത്തിന്റെ കാരണം എന്ന് ശാസ്ത്രീയമായി കണ്ടെത്തി. എന്നാൽ ഇവയൊന്നും ബോധാവസ്ഥയിൽ നടക്കുന്നതല്ലതാനും.  അതിനാൽ തന്നെ നിയന്ത്രിക്കാൻ പ്രയാസവും. ആത്യന്തികമായി ഇവരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് സംവദിക്കുന്ന പങ്കാളികളുടെ ഉപബോധമനസ്സിന്റെ സമന്വയത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ അവർ തമ്മിലുള്ള  ആകർഷണത്തിലും അതേ ക്രമത്തിൽ പ്രതിഫലിക്കുന്നു എന്നാണ്.

സാഹിത്യം

നിയമരേഖകൾ, കൈവശ ഭൂമിയുടെ ക്രയ വിക്രയം സംബന്ധിച്ച രേഖകൾ മുതലായവ വായിക്കുമ്പോൾ അവയിലുപയോഗിക്കുന്ന വിചിത്രമായ പദങ്ങൾ  മനസ്സിലാക്കാൻ  ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ ? ഇതൊക്കെ മനുഷ്യന് മനസ്സിലാകുന്ന  ഭാഷയിൽ ഒന്ന് ലളിതമായി എഴുതിക്കൂടെ എന്നൊക്കെ?  കാനഡ, യുഎസ്എ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എറിക് മാർട്ടിനെസ്, ഫ്രാൻസിസ് മോളിക്ക, എഡ്വേർഡ് ഗിബ്സൺ എന്നിവർക്കാണ് ഇത്തവണ ഇത് സംബന്ധിച്ചുള്ള പഠനത്തിന് സാഹിത്യത്തിനുള്ള സമ്മാനം ലഭിച്ചത്. നിയമ രേഖകളിൽ ഉപയോഗിക്കുന്ന ഭാഷ എന്തുകൊണ്ട് സാധാരണ ആളുകൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിഷയത്തിൽ നടത്തിയ വിശകലനമാണ്‌  പുരസ്കാരത്തിനര്ഹമായത്.

കോഗ്നിഷൻ എന്ന ജേണലിലാണ്  ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള ദശലക്ഷക്കണക്കിനു വാക്കുകളുള്ള നിയമരേഖകളാണ് ഇതിനായി പരിഗണിക്കപ്പെട്ടത്.

ചില പ്രത്യേക സത്യവാങ്മൂലങ്ങൾ, പ്രസ്താവനകൾ, നിബന്ധനകൾ മുതലായവ മുഴുവനായും വലിയക്ഷരങ്ങളിൽ എഴുതുന്നതുകൊണ്ട്,വായിക്കുന്ന ആളിന്റെ അപഗ്രഥന ശേഷിയിൽ കാര്യമായി സ്വാധീനമൊന്നും ഉണ്ടാക്കുന്നില്ലെന്നും, കേട്ടുകേൾവിയില്ലാത്ത, ദൈനംദിന സംസാരത്തിൽ കടന്നുവരാത്ത പദങ്ങളുടെ പ്രയോഗം വായനക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും, ലളിതമായ കർത്തരി പ്രയോഗത്തിന് പകരം വാചകങ്ങളെ കർമണി പ്രയോഗത്തിലൂടെ സങ്കീർണമാക്കുന്നത് വായനക്കാരിൽ ആശയ കുഴപ്പം സൃഷ്ടിക്കുമെന്നും വിശകലനത്തിൽ പറയുന്നു.  നിലവിലുള്ള നിയമഗ്രന്ഥങ്ങളും രേഖകളും  ഒരു തിരുത്തലിനു വിധേയമാകുന്നത് നന്നായിരിക്കുമെന്നും, ഭാഷാപരമായുള്ള സങ്കീർണതകൾ ഒഴിവാക്കി ലളിതവൽക്കരിക്കപ്പെടണം എന്നുമുള്ള നിർദേശങ്ങളാണ് പഠനം പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

ജീവശാസ്ത്രം 

സ്വയരക്ഷാർത്ഥം വാൽ മുറിച്ചോടുന്നതിലൂടെ തേളുകളിൽ ഉണ്ടാകുന്ന മലബന്ധം അവയുടെ  ഇണചേരൽ സാധ്യതകളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള  സോളിമേരി ഗാർസിയ-ഹെർണാണ്ടസിനും  ഗ്ലോക്കോ മച്ചാഡോക്കും ജീവശാസ്ത്രത്തിനുള്ള ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്.

ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രത്യേകിച്ച് സ്വാധീനമൊന്നും ഇണ ചേരലിനെ ബാധിക്കുന്നില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവയുടെ ചലന ശേഷിയെയും ദഹനവ്യവസ്ഥയെയും ഇത്തരത്തിലുള്ള അറ്റ കൈ പ്രയോഗങ്ങൾ  സ്വാധീനിക്കുമെന്നും, ഇതിന്റെ പരിണതഫലമായി പ്രത്യുല്പാദന വ്യവസ്ഥയെയും അത് ബാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ഇന്റഗ്രേറ്റീവ് സുവോളജി, അമേരിക്കൻ നാച്ചുറലിസ്റ്റ്, അനിമൽ ബിഹേവിയർ  എന്നീ ജേണലുകളിലാണ്  ഇത് സംബന്ധിച്ച  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വൈദ്യശാസ്ത്രം 

കാൻസർ ചികിത്സക്കുപയോഗിക്കുന്ന കീമോ തെറാപ്പി വളരെ വേദനാജനകമായ അനുഭവങ്ങളാണ് രോഗികൾക്ക് സമ്മാനിക്കാറുള്ളത്. എന്നാൽ ഈ വേദനയുടെ കാഠിന്യം കുറച്ചെങ്കിലും കുറക്കാൻ വെറും  ഒരു  ഐസ്ക്രീമിന് സാധിക്കും എന്നാണ് പോളണ്ടിൽ നിന്നുള്ള ഗവേഷകരായ മാർസിൻ ജാസിൻസ്‌കി, മാർട്ടിന മസിജ്യൂസ്ക, അന്ന ബ്രോഡ്‌സിയാക്ക്, മൈക്കൽ ഗോർക്ക, കമില സ്‌ക്വിയറോവ്‌സ്ക, വീസ്‌ലാവ് ജെഡ്‌ർസെജ്‌സാക്ക്, അഗ്‌നീസ്‌ക ടോമാസ്‌സെവ്‌സ്ക, ഗ്രെസെഗോർസ്‌കെമിയൻ ബാസക്‌, എമിലിയ സ്നാർസ്‌കി എന്നിവർ അവരുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 

കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകളിലെ ഒരു രാസപദാർത്ഥത്തിനു പകരം ഐസ് ക്രീം ഉപയോഗിച്ചുള്ള ക്രയോ തെറാപ്പി, വേദന അടക്കമുള്ള പാർശ്വഫലം കുറക്കുമെന്നുള്ള കണ്ടെത്തലിനാണ് വൈദ്യശാസ്ത്രത്തിനുള്ള  ഇഗ്‌  നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള ക്രയോതെറാപ്പിയുടെ സാധ്യതകളെ കുറിച്ചുള്ള  പഠനങ്ങളുടെ അഭാവം കണക്കിലെടുക്കുമ്പോൾ, ഇവരുടെ  ഈ പഠനം ഈ മേഖലയിലെ ഒരു വിജ്ഞാന വിടവ് നികത്തുന്നു. സയന്റിഫിക് റിപോർട്സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശകലനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എഞ്ചിനീയറിംഗ്

ജനറൽ മാറ്റ്‌സുസാക്കി, കസുവോ ഒഹുച്ചി, മസാരു ഉഹറ, യോഷിയുകി യുനോ, ഗോറോ ഇമുറ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞർക്കാണ്  ഒരു നോബ് തിരിക്കുമ്പോൾ  ഏറ്റവും കാര്യക്ഷമമായി വിരലുകൾ ഉപയോഗിക്കുന്നതിനുള്ള  മാർഗം കണ്ടെത്താൻ ശ്രമിച്ചതിന് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇഗ്  നൊബേൽ സമ്മാനം ലഭിച്ചത്.

ജനറൽ മാറ്റ്‌സുസാക്കി

ഇതിനായി മരം കൊണ്ട് നിർമിച്ച, 50 മില്ലീമീറ്റർ ഉയരവും, എന്നാൽ വ്യത്യസ്ത വ്യാസവുമുള്ള (7 മുതൽ 130 മില്ലിമീറ്റർ വരെ ) 45 സ്തംഭങ്ങൾ രൂപകല്പന ചെയ്തു.  ഇവയെല്ലാം ഒരു മേശയിൽ  പിടിപ്പിച്ചതിനു ശേഷം പഠനത്തിന് സഹായ സന്നദ്ധരായ 19 നും 20 നുമിടയിൽ പ്രായമുള്ള 23 പുരുഷന്മാരോടും 9 സ്ത്രീകളോടും , ഈ സ്തംഭങ്ങൾ ഘടികാരദിശയിൽ തിരിക്കാൻ ആവശ്യപ്പെട്ടു. തിരിക്കുന്ന അതെ സമയം വിരലുകളുടെ സ്ഥാനം, ചെലുത്തുന്ന മർദ്ദം, ഉപയോഗിക്കുന്ന വിരലുകളുടെ എണ്ണം എന്നിവ ഒരു ക്യാമറയിൽ പകർത്തി. നോബിന്റെ വ്യാസവും ഉപയോഗിക്കുന്ന വിരലുകളുടെ സ്ഥാനവും ബന്ധപ്പെടുത്തികൊണ്ടുള്ള രണ്ടാംകൃതി സമവാക്യം രൂപപ്പെടുത്തി. ബുള്ളറ്റിൻ ഓഫ് ജാപ്പനീസ് സൊസൈറ്റി ഫോർ ദി സയൻസ് ഓഫ് ഡിസൈൻ എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കലാചരിത്രം 

മായൻ കാലഘട്ടത്തിലെ മൺപാത്രങ്ങളിൽ അടയാളപ്പെടുത്തിയിട്ടുള്ള  ആചാരപരമായ വസ്തിപ്രയോഗങ്ങൾ സംബന്ധിച്ചുള്ള പഠനത്തിനാണ്  നെതർലാൻഡ്സ്, ഗ്വാട്ടിമാല, യുഎസ്എ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പീറ്റർ ഡി സ്മെറ്റ്  നിക്കോളാസ് ഹെൽമുത്ത് എന്നിവർക്ക്  കലാചരിത്രത്തിലുള്ള ഇഗ്‌ നൊബേൽ  സമ്മാനം ലഭിച്ചത്.

ക്ലാസിക് മായൻ  മൺപാത്രങ്ങളിൽ കാണപ്പെട്ട ചിത്രങ്ങളിൽ നിന്നും അവിടുത്തെ ആളുകൾ ആചാരപരമായി വിവിധ തരം ലഹരിവസ്തുക്കൾ മലദ്വാരം വഴി  ശരീരത്തിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന ആശയമാണ്  ഇവരുടെ വിശകലനത്തിൽ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. 

ഈ കണ്ടെത്തൽ  പുരാതന മായന്മാർ  ആചാരപരമായ ആനന്ദത്തിൽ ഏർപ്പെടാത്ത ധ്യാനാത്മകരായ ഒരു ജനതയായിരുന്നു എന്ന പരമ്പരാഗത കാഴ്ചപ്പാടിന്  തികച്ചും വിരുദ്ധമാണ്. ഛർദ്ദിക്കുന്ന ജനങ്ങളുടെ ചിത്രം, അവർ എന്തുകൊണ്ട് മലാശയം വഴിയുള്ള പ്രയോഗങ്ങൾ തെരെഞ്ഞെടുത്തു എന്നും സൂചിപ്പിക്കുന്നു. മദ്യം, പുകയില, വാട്ടർ ലില്ലി പൂക്കളിൽ നിന്നുള്ള സത്ത് എന്നിവയൊക്കെ വസ്തി പ്രയോഗത്തിനായി ഇവർ ഉപയോഗിച്ചിരുന്നെന്നും, പുകയിലയുടെ ഫൈറ്റോകെമിസ്ട്രിയും സൈക്കോഫാർമക്കോളജിയും വരെ  രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു .

ഫിസിക്സ് 

തോടുകളിലോ തടാകങ്ങളിലോ ഒക്കെ താറാകൂട്ടങ്ങൾ വരി വരിയായി നീന്തുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. അതിൽ സൂക്ഷ്മമായ​ ഒരു ​ നിഗൂഢതയുണ്ട്​ എന്ന് മനസ്സിലാക്കിയ ​ ജീവശാസ്ത്രജ്ഞനും ​അമേരിക്കയിലെ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയിലെ പ്രൊഫസറുമായ ഫ്രാങ്ക് ഫിഷ്​,​ 1990 കളുടെ തുടക്കത്തിൽ ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ നടത്തി. ​ഇതിനായി അദ്ദേഹം  ഒരു കൃത്രിമ അമ്മ താറാ​വിനെ  ഒരു ഫ്ലോ ടാങ്കിൽ വിന്യസിച്ചു,​ കൂട്ടത്തിൽ ഏതാനും ​യഥാർത്ഥ​ താറാക്കുഞ്ഞുങ്ങളെയും. എന്നിട്ട് അമ്മത്താറാവിന്റെ പിന്നാലെ മറ്റുള്ളവർ നീന്തുന്ന  പശ്ചാത്തലത്തിൽ നീന്തുമ്പോൾ ​അവയുടെ ചലങ്ങങ്ങളെ ഭൗതികശാസ്ത്ര​പരമായി ​ വിശകലനം ചെയ്തു. ​ജലത്തിലുണ്ടാകുന്ന ചുഴികളാണ്  നീന്തലിന്റെ കാര്യക്ഷമതയെ​ സ്വാധീനിക്കുന്നതെന്ന നിഗമനത്തിൽ ഫിഷ് എത്തി.

കാൽനൂറ്റാണ്ടിനുശേഷം, ​ജലശക്തിശാസ്ത്രത്തിൽ (hydrodynamics) ഗവേഷണം നടത്തുന്ന  ഷി​ ​മിംഗ് യുവാനും ​സംഘവും ​ഇത്തരത്തിൽ ​​താറാക്കൂട്ടങ്ങൾ വരിവരിയായി നീന്തുന്നതിന്റെ കമ്പ്യൂട്ടർ മോഡലുകൾ വികസിപ്പിച്ചെടുത്തു. വേവ്-റൈഡിംഗ്, വേവ്-പാസിംഗ്​ എന്നീ ഭൗതിക പ്രതിഭാസങ്ങളാണിതിന്റെ കാരണമെന്ന് ​ യുവാന്റെ ഗ്രൂപ്പ് ​കണ്ടെത്തി. ​അമ്മ താറാവ് ​ സൃഷ്ടിക്കുന്ന ജലതരംഗങ്ങളിലൂടെ മുന്നേറുമ്പോൾ  , പിന്നാലെ സഞ്ചരിക്കുന്ന താറാവുകൾക്ക് സാധാരണയായി അനുഭവപ്പെടുന്നതിനേക്കാളും കുറവ് ഇഴച്ചിൽ അനുഭവപ്പെടുന്നുവെന്നും ഏറ്റവും കൃത്യമായ  ഒരു സഞ്ചാര സ്ഥാനം സ്വീകരിക്കുന്നതിലൂടെ മുന്നിൽപോകുന്ന താറാവുണ്ടാക്കുന്ന തരംഗങ്ങളുമായി വിനാശാത്മക വ്യതികരണം (destructive interference) ഉണ്ടാവുകയും, അത് പിന്നാലെ പോകുന്ന താറാവുകൾക്ക് ഊർജ്ജക്ഷമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയും  ചെയ്യുന്നുവെന്നും ഈ പഠനത്തിൽ പറയുന്നു.

ഈ പ്രതിഭാസം കേവലം ഏറ്റവും മുന്നിൽ പോകുന്ന താറാവിൽ മാത്രമായി ഒതുങ്ങുന്നതല്ല, പിന്തുടരുന്ന എല്ലാ താറാവുകളും, വരിയിൽ ഏറ്റവും പുറകിലുള്ള താറാവിലേക്ക് വരെ നിലനിർത്തുകയും ചെയ്യുന്നു എന്നതും പ്രത്യേകതയാണ്. ഈ കണ്ടെത്തലിനു ​ ഫ്രാങ്ക് ​​ഫിഷും യുവാൻ ടീമും സംയുക്തമായി ഈ വർഷത്തെ ​ ​​ഫിസിക്സ് ഇഗ് നോബൽ ​സമ്മാനം നേടി. ​

ചിത്രം : താറാവുകൾ സൃഷ്ടിക്കുന്ന തരംഗങ്ങളുടെ മാതൃക

വളരെ ലളിതമെന്നു തോന്നാവുന്ന എന്നാൽ  ഒരു സങ്കീർണമായ പ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ചൈന, യു കെ, തുർക്കി ,അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള  ശാസ്ത്രജ്ഞർ എങ്ങനെ   വ്യത്യസ്തമായ  രീതികൾ  ​​ ഉപയോഗിച്ചു എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണിത്.

സമാധാനം 

പരദൂഷണം പറയുമ്പോൾ എപ്പോഴൊക്കെ സത്യം പറയണം  എന്നും  ​എപ്പോഴൊക്കെ നുണ പറയണം എന്നും തിരിച്ചറിഞ്ഞു  തീരുമാനിക്കാൻ സഹായകരമായ അൽഗോരിതം വികസിപ്പിച്ചെടുത്തതിനാണ് ചൈന, ഹംഗറി, കാനഡ, നെതർലൻഡ്‌സ്, യുകെ, ഇറ്റലി, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, യുഎസ്എ എന്നീ രാജ്യങ്ങളിൽ  നിന്നുള്ള ജുൻഹുയി വു ,സാബോൾക്സ് സാമഡോ ,പാറ്റ് ബാർക്ലേ,ബിയങ്ക ബിയർസ്മ,ടെറൻസ് ഡി. ഡോർസ് ക്രൂസ്,സെർജിയോ ലോ ഐക്കോണോ,അന്നിക എസ്. നീപ്പർ,കിം പീറ്റേഴ്സ്,വോജ്ടെക് പ്രസെപിയോർക്ക,ലിയോ ടിയോഖിൻ, പോൾ എഎം വാൻ ലാൻജ്  എന്നിവർക്ക് സംയുക്തമായി സമാധാനത്തിനുള്ള 2022 ലെ ഇഗ്‌ നൊബേൽ പുരസ്‌കാരം ലഭിച്ചത്.

വ്യക്തികളുടെ ഗോസിപ്പ് തന്ത്രങ്ങൾക്ക് സൈദ്ധാന്തിക അടിത്തറ നൽകുന്നതിന് ഇവർ ആവിഷ്കരിച്ച മോഡലുകൾ സംബന്ധിച്ച പഠനങ്ങൾ  ഫിലോസോഫിക്കൽ  ട്രാൻസാക്ഷൻസ് ഓഫ്   റോയൽ സൊസൈറ്റി ബി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇതിൽ , ബയോളജിക്കൽ സിഗ്നലിംഗ് സിദ്ധാന്തത്തിൽ നിന്നുള്ള മോഡലുകൾക്ക് അനുസൃതമായി സത്യസന്ധവും സത്യസന്ധമല്ലാത്തതുമായ ഗോസിപ്പുകളെ മാതൃകയാക്കാനും വിശകലനം ചെയ്യാനും ഇവർ  ഒരു പുതിയ സമീപനമാണ് ഉപയോഗിച്ചിരിക്കുന്നത്.

സാമ്പത്തിക ശാസ്ത്രം 

കഴിവ് മാത്രം പോരാ, ഭാഗ്യം കൂടി വേണം ചില വിജയങ്ങളൊക്കെ നേടാൻ എന്ന് ചിലരെ കാണുമ്പോൾ  നമ്മളിൽ പലർക്കും തോന്നാറുണ്ട്.   ഗണിതശാസ്ത്രപരമായി, എന്തുകൊണ്ടാണ് വിജയം  കഴിവുള്ളവരിലേക്കല്ല, മറിച്ച് ഭാഗ്യവാന്മാർക്ക് കൂടുതലായി  ലഭിക്കുന്നത് എന്ന്  വിശദീകരിച്ചതിനാണ്  ഇറ്റലിയിൽ നിന്നുള്ള അലസ്സാൻഡ്രോ പ്ലൂച്ചിനോ, അലെസിയോ ഇമാനുവേൽ ബിയോണ്ടോ, ആൻഡ്രിയ റാപിസാർഡ എന്നിവർക്ക്  സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്.

അലസ്സാൻഡ്രോ പ്ലൂച്ചിനോ, അലെസിയോ ഇമാനുവേൽ ബിയോണ്ടോ, ആൻഡ്രിയ റാപിസാർഡ

അഡ്വാൻസസ് ഇൻ കോംപ്ലക്സ് സിസ്റ്റംസ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള  ഇവരുടെ  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്ലൂച്ചിനോയ്ക്കും റാപിസാർദയ്ക്കും ലഭിക്കുന്ന രണ്ടാമത്തെ ഇഗ് നോബൽ ആണിത്. 2010 ൽ സഹപ്രവർത്തകനായ  സിസേർ ഗരോഫാലോടൊപ്പമായിരുന്നു  ഇവരുടെ ആദ്യ ഇഗ്‌ നൊബേൽ. ഒരു സംഘടനയിൽ  പ്രത്യേകിച്ചൊരു  ക്രമം പിന്തുടരാതെ ആളുകളെ പ്രോത്സാഹിപ്പിച്ചാൽ സംഘടനകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഗണിതശാസ്ത്രപരമായി തെളിയിച്ചതിനായിരുന്നു മാനേജ്‌മെന്റ് വിഷയത്തിലുള്ള ആ ഇഗ് നൊബേൽ.

സേഫ്റ്റി എഞ്ചിനീയറിംഗ് 

സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു വന്യ ജീവിയാണ് കടമാൻ (moose ,ചില പ്രദേശങ്ങളിൽ എൽക്ക് എന്ന് വിളിക്കപ്പെടുന്നു) . ഈ രാജ്യങ്ങളിൽ ഇത്തരം കടമാനുകളും വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ  ഒരു വലിയ പ്രതിസന്ധിയാണ് . കാറുകൾ ഇവയുമായി  കൂട്ടിയിടിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കുകളുടെ എണ്ണം കുറയ്ക്കുന്നതിന്, ഘട്ടം ഘട്ടമായുള്ള അപകടങ്ങൾ ക്രമീകരിക്കുന്നതിന് സാധുതയുള്ളതും ആവർത്തിക്കാവുന്നതുമായ ഒരു രീതി ആവശ്യമാണ്. ഇതിനാണ്  സ്കാന്ഡിനേവിയൻ  രാജ്യമായ സ്വീഡനിൽ നിന്നുള്ള  മാഗ്നസ് ജെൻസ് എന്ന ഗവേഷകന് ഈ വിഷയത്തിൽ നടത്തിയ സമഗ്രമായ ഗവേഷണ പ്രവർത്തനങ്ങൾക്കും  ഒരു കടമാനും (moose) കാറും  തമ്മിലുള്ള  ക്രാഷ്-ടെസ്റ്റിന്റെ ഡമ്മി നിർമ്മിച്ചതിനും  2022 ലെ സേഫ്റ്റി എഞ്ചിനീറിങ്ങിനുള്ള  ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്.

യഥാർത്ഥ കടമാനും പഠനത്തിനുപയോഗിച്ച ഡമ്മിയും.

കടമാനിന്റെ  ശാരീരിക സവിശേഷതകൾ നന്നായി അറിയാൻ മാഗ്നസ്  കോൾമോർഡനിലെ  ഒരു മൃഗശാല സന്ദർശിച്ചു. വെറ്ററിനറി  ഉദ്യോഗസ്ഥൻ  ബെംഗ്ത് റോക്കൻ  തന്റെ വൈദഗ്ധ്യം  അടിസ്ഥാനമാക്കി  അവയെക്കുറിച്ചുള്ള  അവശ്യമായ വിവരങ്ങളും മാഗ്നസിന്  നൽകി. തുടർന്ന്, അടുത്തിടെയായി  കൊല്ലപ്പെട്ട  ഒരു കടമാനിനെ ആഴത്തിൽ  പഠിക്കുകയും അവയുടെ  ആന്തരിക-ബാഹ്യ ശരീര ഘടനയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുകയും ചെയ്തു.  രണ്ട് പുത്തൻ സാബുകളും ഒരു പഴയ വോൾവോയുമാണ് ഡമ്മിയുമായി പരീക്ഷിച്ചത്. ക്രാഷ് ടെസ്റ്റ് ഫലങ്ങൾ വിജയകരമായിരുന്നു , കാരണം തകർന്ന കാറുകൾ യഥാർത്ഥ അപകടത്തിൽ പെട്ട  കാറുകളെപ്പോലെയാണ് ഉണ്ടായിരുന്നത്.


2022 ലെ ഇഗ് നൊബേൽ പുരസ്കാരചടങ്ങ് കാണാം – രസകരമായ വീഡിയോ


അധികവായനയ്ക്ക്

  1. “Physiological Synchrony is Associated with Attraction in a Blind Date Setting,” Eliska Prochazkova, Elio Sjak-Shie, Friederike Behrens, Daniel Lindh, and Mariska E. Kret, Nature Human Behaviour, vol. 6, no. 2, 2022, pp. 269-278.
  2. “Poor Writing, Not Specialized Concepts, Drives Processing Difficulty in Legal Language,” Eric Martínez, Francis Mollica, and Edward Gibson, Cognition, vol. 224, July 2022, 105070.
  3. “Short- and Long-Term Effects of an Extreme Case of Autotomy: Does ‘Tail’ Loss and Subsequent Constipation Decrease the Locomotor Performance of Male and Female Scorpions?” Solimary García-Hernández and Glauco Machado, Integrative Zoology, epub 2021.
  4. “Fitness Implications of Nonlethal Injuries in Scorpions: Females, but Not Males, Pay Reproductive Costs,” Solimary García-Hernández and Glauco Machado, American Naturalist, vol. 197, no. 3, March 2021, pp. 379-389.
  5. ” ‘Tail’ Autotomy and Consequent Stinger Loss Decrease Predation Success in Scorpions,” Solimary García-Hernández and Glauco Machado, Animal Behaviour, vol. 169, 2020, pp. 157-167.
  6. “Ice-Cream Used as Cryotherapy During High-Dose Melphalan Conditioning Reduces Oral Mucositis After Autologous Hematopoietic Stem Cell Transplantation,” Marcin Jasiński, Martyna Maciejewska, Anna Brodziak, Michał Górka, Kamila Skwierawska, Wiesław W. Jędrzejczak, Agnieszka Tomaszewska, Grzegorz W. Basak, and Emilian Snarski, Scientific Reports, vol. 11, no. 22507, 2021.
  7. “How to Use Fingers during Rotary Control of Columnar Knobs,” Gen Matsuzaki, Kazuo Ohuchi, Masaru Uehara, Yoshiyuki Ueno, and Goro Imura, Bulletin of Japanese Society for the Science of Design, vol. 45, no. 5, 1999, pp. 69-76.
  8. “A Multidisciplinary Approach to Ritual Enema Scenes on Ancient Maya Pottery,” Peter A.G.M. de Smet and Nicholas M. Hellmuth, Journal of Ethnopharmacology, vol. 16, no. 2-3, 1986, pp. 213-262.
  9. “Energy Conservation by Formation Swimming: Metabolic Evidence from Ducklings,” Frank E. Fish, in the book Mechanics and Physiology of Animal Swimming, 1994, pp. 193-204.
  10. “Wave-Riding and Wave-Passing by Ducklings in Formation Swimming,” Zhi-Ming Yuan, Minglu Chen, Laibing Jia, Chunyan Ji, and Atilla Incecik, Journal of Fluid Mechanics, vol. 928, no. R2, 2021.
  11. “Honesty and Dishonesty in Gossip Strategies: A Fitness Interdependence Analysis,” Junhui Wu, Szabolcs Számadó, Pat Barclay, Bianca Beersma, Terence D. Dores Cruz, Sergio Lo Iacono, Annika S. Nieper, Kim Peters, Wojtek Przepiorka, Leo Tiokhin and Paul A.M. Van Lange, Philosophical Transactions of the Royal Society B, vol. 376, no. 1838, 2021, 20200300.
  12. “Talent vs. Luck: The Role of Randomness in Success and Failure,” Alessandro Pluchino, Alessio Emanuele Biondo, and Andrea Rapisarda, Advances in Complex Systems, vol. 21, nos. 3 and 4, 2018.
  13. “Moose Crash Test Dummy,” Magnus Gens, Master’s thesis at KTH Royal Institute of Technology, published by the Swedish National Road and Transport Research Institute, 2001.
  14. “Ig Nobel prizes 2022: The unlikely science that won this year’s awards”, New Scientist Magazine issue 3405 , published 24 September 2022
  15. https://improbable.com/ig/winners/#ig2022
Happy
Happy
67 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post നിങ്ങൾക്കും ആസ്ട്രോണമർ ആകാം – LUCA BASIC ASTRONOMY COURSE ൽ ചേരാം
Next post പാരഡി നൊബേൽ അഥവാ ഇഗ് നൊബേൽ
Close