Read Time:28 Minute

കാലാവസ്ഥ മാറ്റവും മഴവിൽ രൂപീകരണവും തമ്മിൽ ബന്ധമുണ്ടോ ?


പ്രകൃതിയിലെ അതിമനോജ്ഞദൃശ്യങ്ങളിലൊന്നാണ് മഴവില്ലുകൾ.  മഴവില്ലുകളുടെ വർണ്ണമനോഹാരിതമാത്രമല്ല, അവയുടെ ക്ഷണികതയും, അവ പ്രത്യക്ഷപ്പെടാറുള്ള സാഹചര്യങ്ങളുടെ വിരളതയും ആണ് അവയോടുള്ള അടങ്ങാത്ത കൗതുകത്തിന്റെ പ്രധാനകാരണങ്ങൾ.  രാവിലെയോ വൈകീട്ടോ തെളിഞ്ഞസൂര്യപ്രകാശമുള്ള സന്ദർഭങ്ങളിലാണ് സാധാരണഗതിയിൽ മഴവില്ലുകൾ ദൃശ്യമാവാറുള്ളത്. അന്തരീക്ഷം ജലകണങ്ങളാൽ സമ്പന്നമായിരിക്കുകയും അതിസൂക്ഷ്മജലകണങ്ങളിൽ തട്ടി സൂര്യപ്രകാശം പ്രകീർണ്ണനം (dispersion) എന്ന പ്രക്രിയക്ക് വിധേയമാകുകയും  ചെയ്യുമ്പോഴാണ് മഴവില്ലുകൾ രൂപംകൊള്ളുന്നത്.  ഏതാനും വർഷങ്ങൾ മുൻപ് വരെ മഴവില്ലുകൾ ഉണ്ടാകുന്നവേളകൾ വളരെവിരളമായിരുന്നു. എന്നാൽ, കാലാവസ്ഥാവ്യതിയാനപശ്ചാത്തലത്തിൽ, അന്തരീക്ഷതാപനം ഏറിയതോടെ മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന  സന്ദർഭങ്ങൾ വർദ്ധിച്ചുവരുന്നതായി കണ്ടത്തിയിരിക്കുന്നു.  ഇത് എന്തുകൊണ്ടാണ് എന്ന പരിശോധിക്കുന്നതിനു മുൻപേ മഴവില്ലുകളുടെ ഭൗതികശാസ്ത്രം  കൂടി അറിയേണ്ടതുണ്ട്.

വർണങ്ങൾ ചാലിച്ച ഈ ദൃശ്യവിരുന്നൊരുക്കാൻ പ്രകൃതിക്ക് സാധിക്കുന്നതെങ്ങനെ? ചില ഘടകങ്ങൾ ഒത്തുവന്നാലേ മഴവില്ലുണ്ടാകൂ. ഒന്ന്, തെളിഞ്ഞ സൂര്യപ്രകാശവും അന്തരീക്ഷത്തിൽ ജലകണികകളുടെ സാന്നിധ്യവും; രണ്ട്, സൂര്യനും ഈ ജലകണികകളും നിരീക്ഷകയുടെ ഇരുവശത്തുമായി എതിർദിശകളിൽ വരണം. രാവിലെ പടിഞ്ഞാറും വൈകീട്ട് കിഴക്കും മഴവില്ല് കാണാനുള്ള കാരണം ഇതാണ്.

മഴവിൽ വർണ്ണങ്ങൾ

വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ  വർണങ്ങൾ ചേർന്നതാണ് സൂര്യപ്രകാശം. (ശരിക്കും മഴവില്ലിൽ ഏഴുനിറങ്ങൾ മാത്രമുള്ളോ – വീഡിയോ കാണാം). പ്രിസം ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ 1666ൽ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടൻ ആണ് ഇത് കണ്ടെത്തിയത്. വായുവിൽ തങ്ങിനിൽക്കുന്ന ജലകണികകൾ പ്രിസങ്ങളെപ്പോലെ പ്രവർത്തിച്ച് സൂര്യപ്രകാശത്തെ അതിന്റെ ഘടകവർണങ്ങളായി വേർതിരിക്കുന്നതാണ് മഴവില്ലിന് കാരണം. പ്രകാശത്തിന് വായുവിലൂടെ സഞ്ചരിക്കുന്ന അത്ര എളുപ്പമല്ല വായുവിനേക്കാൾ സാന്ദ്രത കൂടിയ മറ്റൊരു മാധ്യമത്തിലൂടെ സഞ്ചരിക്കാൻ. അതിനാൽ, സാന്ദ്രതയേറിയ മാധ്യമത്തിൽ പ്രവേശിക്കുമ്പോൾ പ്രകാശത്തിന്റെ വേഗംകുറയുകയും തൽഫലമായി വളയുകയും ചെയ്യും. ഇതാണ് അപവർത്തനം (refraction). സാന്ദ്രതയേറിയ മാധ്യമത്തിൽ നിന്നും പുറത്തുകടക്കുമ്പോൾ സാന്ദ്രതകുറഞ്ഞ വായു പ്രകാശ സഞ്ചാരം വീണ്ടും എളുപ്പമാക്കുന്നു. അതിനാൽ, അത് എതിർദിശയിൽ വീണ്ടും അപവർത്തനത്തിന് വിധേയമാകുന്നു.

ഇഴപിരിയുന്ന പ്രകാശം

സൂര്യപ്രകാശത്തിലെ ഓരോ ഘടകവർണ്ണങ്ങൾക്കും വ്യത്യസ്ത തരംഗദൈർഘ്യമാണുള്ളത്.  ഓരോ ഘടകവർണ്ണവും വ്യത്യസ്തവേഗതയിലാണ് സഞ്ചരിക്കുന്നതും.   വ്യത്യസ്ത തരംഗദൈർഘ്യമാണ് വ്യത്യസ്ത നിറങ്ങളുടെ അടിസ്ഥാനം.  തരംഗദൈർഘ്യം ഏറ്റവും കുറവുള്ള വയലറ്റ്നിറത്തിനാണ് ഏറ്റവും വേഗതക്കുറവ്.  വേഗത നന്നെ കുറവായതിനാൽ, സാന്ദ്രതയേറിയ മാധ്യമങ്ങളിൽ പ്രവേശിക്കുമ്പോൾ നീലനിറത്തിലുള്ള പ്രകാശം കൂടുതൽ വളയുന്നു.  നീലയിൽ നിന്ന് ചുവപ്പിലേക്ക് വരുംതോറും തരംഗദൈർഘ്യം ക്രമമായി കൂടി വരുന്നു.  ഒപ്പം വേഗതയും ക്രമത്തിൽ കൂടിവരുന്നു.  അതിനനുസരിച്ച് അപവർത്തനം കുറയുന്നു.  ഈ തത്വമനുസരിച്ച്, സൂര്യപ്രകാശത്തിലെ  സപ്തവര്ണങ്ങൾ അവയുടെ തരംഗദൈർഘ്യം, സഞ്ചാരവേഗത എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത തീവ്രതയിൽ അപവർത്തനവിധേയമായി പുറത്തുകടക്കുന്നു. സമാനതീവ്രതയിൽ അപവർത്തനവിധേയമാകുന്ന, ഘടകവർണ്ണങ്ങളിലെ ഓരോവർണ്ണവും മഴവില്ലിന്റെ  വർണ്ണരാജിയിൽ (spectrum) കൃത്യമായ ക്രമത്തിൽ ഓരോ നിറങ്ങളായി പ്രതിനിധാനം ചെയ്യപ്പെടുന്നു.  ഇപ്രകാരം വെളുത്തനിറമുള്ള പ്രകാശം അതിന്റെഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രക്രിയയാണ് പ്രകീർണ്ണനം (dispersion)

മഴവില്ലുണ്ടാകുന്നത് പ്രകീർണനം വഴിയാണ്. മഴവിൽ രൂപീകരണത്തിന് സൂര്യപ്രകാശവും, ജലകണികാസാന്നിധ്യവും അവശ്യമാണെന്ന് സൂചിപ്പിച്ചല്ലോ? ഇവിടെ പ്രകീർണനമുണ്ടാകുന്നത് ജലകണികകൾക്കുള്ളിൽ വെച്ച് സൂര്യപ്രകാശത്തിന് സംഭവിക്കുന്ന രണ്ട് പ്രതിഭാസങ്ങൾ മൂലമാണ്. ഒന്ന്, അപവർത്തനം തന്നെ. പൂർണആന്തരികപ്രതിപതനം (total internal reflection) ആണ് രണ്ടാമത്തെ പ്രതിഭാസം.

മഴവില്ലുണ്ടാകുനന്തെങ്ങനെ ?

ജലകണികകളിൽ പ്രവേശിക്കുന്ന വെളുത്ത പ്രകാശരശ്മി, അപവർത്തനവിധേയമായി ഏഴുനിറങ്ങളായി വേർപിരിഞ്ഞ്, ജലകണികയുടെ ഉൾഭിത്തിയിൽ ഏഴിടങ്ങളിലാണ് പതിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയോരോന്നിെൻറയും പതനകോണുകൾ (angles of incidence) വ്യത്യസ്​തമായിരിക്കും. അതിനനുസരിച്ച് പ്രതിപതന കോണുകളും (angles of reflection) വ്യത്യസ്​തമാകുന്നു. ഇതാണ് പ്രകീർണനത്തിന് ഇടയാക്കുന്ന രണ്ടാമത്തെ ഘടകം. ജലകണികകളിൽ പ്രവേശിക്കുന്ന സൂര്യപ്രകാശത്തിലെ വയലറ്റ് രശ്മി പുറത്തുവരുന്നത് 139.4 ഡിഗ്രി ദിശമാറിയാണ്. ചുവപ്പാകട്ടെ 137.6 ഡിഗ്രിയും. മറ്റു രശ്മികളോരോന്നും ഇവക്കിടയിലുള്ള അളവിലും ദിശ മാറുന്നു. പുറത്തുവരുന്ന രശ്മികളിൽ പുറം ഭാഗത്ത് ചുവപ്പും ഉൾഭാഗത്ത് വയലറ്റുമാണ്. അതാണ് മഴവില്ലിൽ ഏറ്റവും പുറമെ ചുവപ്പും ഉള്ളിൽ വയലറ്റും വരാൻ കാരണം. ലക്ഷോപലക്ഷംജലകണികകളിൽ വെച്ച് സൂര്യപ്രകാശം ഇപ്രകാരം പ്രകീർണന വിധേയമാകുമ്പോൾ വേർതിരിയുന്നഘടകവർണ്ണങ്ങൾ ചേർന്ന് മനോഹരമായ മഴവില്ലുണ്ടാക്കുന്നു.പൂർണവൃത്തമായാണ് ആകാശത്ത് മഴവില്ലുണ്ടാകുന്നത് എന്നാൽ എന്തു കൊണ്ട് നാം അത് വില്ലുപോലെ കാണുന്നു? അതി​ന്റെ കാരണം വൃത്തത്തി​െൻറ കേന്ദ്രം സൂര്യ​ന്റെ നേരെ എതിർദിശയിലായിരിക്കും എന്നതാണ്.   അതിനാൽ മഴവില്ലി​െൻറ പകുതിഭാഗം എപ്പോഴും ചക്രവാളത്തിനു താഴെയായിരിക്കും.  ആ ഭാഗം നമുക്ക് കാണാനാവാത്തതാണ് മഴവില്ലിനെ വില്ലുപോലെ കാണാൻ കാരണം. എങ്കിലും വിമാനത്തിൽ സഞ്ചരിക്കുന്ന ആളുകൾക്ക് മഴവില്ലിനെ വൃത്താകൃതിയിൽ കാണാൻ സാധിക്കാറുണ്ട്.  സൂര്യനെപ്പോലെ ചന്ദ്രനും അപൂർവമായി മഴവില്ലുണ്ടാക്കാറുണ്ട്. തെളിഞ്ഞ നിലാവുള്ള രാത്രികളിലേ ഇത് കാണാനൊക്കൂ. നമ്മുടെ കണ്ണുകൾക്ക് കുറഞ്ഞ വെളിച്ചത്തിൽ നിറങ്ങളെ തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ ചന്ദ്രൻ സൃഷ്​ടിക്കുന്ന മഴവില്ല് മിക്കവാറും വെളുപ്പ് നിറത്തിലാണ് കാണുന്നത്.

എന്തുകൊണ്ട് മഴവില്ലുകൾ കൂടുന്നു

കാലാവസ്ഥാവ്യതിയാനസാഹചര്യങ്ങൾ എപ്രകാരം ജനങ്ങളുടെ ദൈനംദിന ജീവിതശൈലിയെയും ആരോഗ്യത്തെയും ബാധിക്കുന്നുവെന്നുള്ള വസ്തുതകളിൽ മാത്രമാണ് പഠനങ്ങൾ ഇതുവരെയും ശ്രദ്ധപതിപ്പിച്ചിട്ടുള്ളത്.  എന്നാൽ, ചില ഗവേഷണങ്ങളാകട്ടെ നാം ജീവിക്കുന്ന പരിസ്ഥിതിയുടെ സൗന്ദര്യാത്മകഗുണങ്ങളിൽ കാലാവസ്ഥാവ്യതിയാനം എപ്രകാരമുള്ള ഇടപെടലുകളാണ് നടത്തുന്നതെന്ന് പരിശോധിക്കുകയുണ്ടായി.  യു..എസിലെ മനോവ സ്കൂൾ ഓഫ് ഓഷ്യൻ ആൻഡ്  എർത്ത് സയൻസ് ആൻഡ് ടെക്നോളജി യിലെ  ഒരു കൂട്ടം ഗവേഷകരാണ്  ഈ ദിശയിൽ ഒരു അന്വേഷണത്തിന് തുടക്കം കുറിച്ചത്.  ഇതിന്റെഭാഗമായി, മഴ, മേഘസാന്നിധ്യം, സൂര്യന്റെസാന്നിധ്യവും, പ്രകാശതീവ്രതയും എന്നിവയോടൊപ്പം മഴവില്ലുകൾ പ്രത്യക്ഷമായ ഇടങ്ങളുടെ വിശദാംശങ്ങളും ക്രോഡീകരിച്ച് ഒരു മഴവിൽ പ്രവചനമോഡൽ തയ്യാറാക്കി. ഈ മോഡലുപയോഗിച്ച് ഇപ്പോഴുണ്ടാകുന്നതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ  മഴവിൽ രൂപീകരണസാഹചര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.  ഈ മോഡലുകൾ പ്രകാരം, ദ്വീപുകളാണ് ഏറ്റവും കൂടുതൽ മഴവിൽ രൂപീകരണസാധ്യതയുള്ള ഇടങ്ങൾ എന്ന് കണ്ടെത്തി.

മഴവില്ലുകളുടെ  ദൃശ്യവിസ്മയം ആസ്വദിക്കുവാൻ  ഏറ്റവും  മികച്ച  ഇടങ്ങളാണ് ദ്വീപുകൾ.   ഇതിന് കാരണം മറ്റൊന്നുമല്ല.  ദ്വീപുകൾക്ക് ചുറ്റും സാധാരണ ഗതിയിൽ തെളിഞ്ഞ ആകാശമായിരിക്കും.  നിരീക്ഷകരുടെ ദൃശ്യതയെ തടസ്സപ്പെടുത്തുന്ന പ്രതിബന്ധങ്ങൾ താരതമ്യേന കുറവായിരിക്കും.  മാത്രമല്ല, കടലിൽ നിന്നും നിരന്തരം വീശുന്ന ജലബാഷ്പസമ്പന്നമായ കാറ്റ് മുകളിലേക്കുയർന്ന് ദ്വീപുകളിൽ പ്രാദേശികമായ മഴപെയ്ത് ഉണ്ടാക്കാറുണ്ട്.  സൂര്യരശ്മികളുടെ   പ്രകീർണ്ണനം സാധ്യമാക്കുന്ന ജലകണങ്ങളുടെ സാന്നിധ്യം ദ്വീപുകളിൽ സദാസമയവും ഉണ്ടാവും.  ജലകണങ്ങളുടെ സമ്പന്നമായ സാന്നിധ്യം, സൂര്യപ്രകാശത്തിന്റെ സുഗമമായ     പ്രകീർണ്ണനം അനുവദിക്കുന്ന തെളിഞ്ഞ ആകാശം, നിർമ്മലമായഅന്തരീക്ഷം  എന്നിവയാണ് മഴവിൽ രൂപീകരണത്തെ സംബന്ധിച്ചിടത്തോളം ദ്വീപുകളിലെ അനുകൂല സാഹചര്യങ്ങൾ.

മഴവില്ലുകളുടെ ഈറ്റില്ലം

ദ്വീപുകളിൽ തന്നെ  “മഴവില്ലുകളുടെആസ്ഥാനം”  എന്നറിയപ്പെടുന്നവയാണ്ഹവായ് ദ്വീപ് സമൂഹം. ഈ ദ്വീപ് സമൂഹത്തിൽ സമീപകാലത്തായി മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന വേളകൾ കൂടുതലായി കണ്ടു വരുന്നു.  പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഹവായ് ദ്വീപ്സമൂഹത്തിൽ മഴവില്ലുകളുടെ നിരന്തരസാന്നിധ്യം അതിശയിപ്പിക്കുന്നതാണ്.  മഴവില്ലുകളുടെ മനോഹാരിത ഏറ്റവും നന്നായി ആസ്വദിക്കുവാൻ സാധിക്കുന്ന ഭൂമിയിലെ ഏറ്റവും മികച്ച ഇടമാണ് ഹവായ് ദ്വീപ്.  “മഴവില്ലുകളുടെ സ്വർഗ്ഗം” എന്നറിയപ്പെടുന്ന ഹവായ് ദ്വീപിൻറെ  ഭാഷാസാഹിത്യത്തിലും മഴവില്ലുകൾ പല രൂപങ്ങളിൽ പല ഭാവങ്ങളിൽ ഇടം പിടിച്ചിരിക്കുന്നു.  നിലത്തോട് ചേർന്ന് നിൽക്കുന്ന തരത്തിലുള്ള മഴവില്ലുകൾ, എഴുന്നു നിൽക്കുന്ന മഴവില്ലുകൾ, സപ്തവർണ്ണമായി  വ്യക്തമായി ദർശിക്കാവുന്ന മഴവില്ലുകൾ, നിലാവിൽ തെളിയുന്ന മഴവില്ലുകൾ എന്നിവ ദ്വീപിലെ സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്ന അത്തരത്തിലുള്ള ചിലപരാമർശങ്ങളാണ്.   ഹവായിയുടെ പുരാണങ്ങളിൽ ഭൂമിയ്ക്കും സ്വർഗ്ഗത്തിനും ഇടയിൽനിലകൊള്ളുന്ന ഒരു ഇടത്തിന്റെ പ്രതീകമാണ് മഴവില്ലുകൾ.  

ഹവായ് ദ്വീപിലെ മലനിരകളിലെ മഴവില്ല് കടപ്പാട് : Steven Businger

എന്തുകൊണ്ട് ഹവായ്?

മഴ, സൂക്ഷ്മജലകണങ്ങൾ സൂര്യപ്രകാശം എന്നിവയാണ് മഴവില്ലുകൾ രൂപം കൊള്ളൂന്നതിനാവശ്യമായ അവശ്യഘടകങ്ങൾ. ഭൂതലത്തിൽ നിന്ന് നോക്കുന്ന ഒരാൾക്ക് മഴവില്ല് ദൃശ്യമാകണമെങ്കിൽ ചക്രവാളവുമായി സൂര്യന്  ഏകദേശം 40 ഡിഗ്രി യോടടുത്ത്  ചരിവുണ്ടായിരിക്കണം.  ഉദയാസ്തമയ വേളകളിൽ ആണ് സൂര്യന്റെ സ്ഥാനത്തിന് എതിർദിശയിൽ മഴവില്ലുകൾ പ്രത്യക്ഷപ്പെടുക.  ഈ രണ്ട്  വേളകളിലും സൂര്യരശ്മികൾ   40 ഡിഗ്രിയിൽ പതിക്കുന്ന ഘട്ടത്തിലാണ് മഴവില്ലുകൾ ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത്.  മഴവില്ല് ഏറ്റവും ഉയരത്തിൽ ദൃശ്യമാവുന്നത് അസ്തമയത്തിന്റെ തൊട്ട് മുൻപാണ്

പസഫിക് സമുദ്രത്തിൽ ഉപോഷ്ണ മേഖലയിലാണ് ഹവായ് ദ്വീപുകൾ സ്ഥിതിചെയ്യുന്നത്.  ദ്വീപിലെ കാലാവസ്ഥയുടെ ആത്യന്തികമായ നിയന്ത്രണം വാണിജ്യ വാതങ്ങൾക്കാണ് (Trade winds). തെളിഞ്ഞ ആകാശവും ഇടക്കിടയ്ക്ക് ലഭിക്കുന്ന മഴയും ഈ മേഖലയിലെ പ്രത്യേകതകളാണ്.

ഹവായിയൻ ദ്വീപുകൾ മഴവിൽ കാഴ്ചകളാൽ സമ്പന്നമാകുവാൻ പ്രധാനമായും താഴെപറയുന്ന കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നു:

  • രാത്രി സമയങ്ങളിൽ, ചൂട് പിടിച്ച് കിടക്കുന്ന സമുദ്രവുമായി സമ്പർക്കത്തിൽ വരുന്ന അന്തരീക്ഷത്തിന്റെ താഴ്ന്ന  പാളികളിൽ ചൂടേറുന്നു. അതേസമയം രാത്രികാലങ്ങളിൽ, ഭൂമിയിൽനിന്നുള്ള താപവികിരണങ്ങൾ ബാഹ്യാകാശത്തേക്ക് തിരിച്ച് പ്രതിഫലിക്കുന്നതിനാൽ    പ്രസ്തുത മേഖലയിലെ മേഘങ്ങളുടെ മുകൾ ഭാഗം തണുക്കുകയും ചെയ്യുന്നു. തണുത്ത മേഘങ്ങളിൽ നിന്നും പ്രഭാതവേളകളിൽ നല്ലമഴ ലഭിക്കുവാനിടയാകുന്നു. ദ്വീപുകളിൽ,    പ്രഭാതവേളകളിൽ പ്രത്യക്ഷപ്പെടുന്ന മഴവില്ലുകൾക്ക് മേൽപറഞ്ഞ അന്തരീക്ഷസ്ഥിതി യാണ്  അനുകൂലഘടകമാകുന്നത്.
  • പർവതങ്ങളുടെ സാന്നിധ്യമാണ് ഹവായ് ദ്വീപ്സമൂഹത്തിൽ  മഴവില്ലുകൾ രൂപം കൊള്ളുന്നതിന് സഹായകമാവുന്ന മറ്റൊരു  പ്രധാന ഘടകം.  സമുദ്രത്തിൽ നിന്ന് വീശുന്ന വാണിജ്യവാതങ്ങളെ തടഞ്ഞ് നിർത്തി മുകളിലേക്ക് തള്ളിവിടുന്നത് ഈ ഉയർന്നപർവ്വതനിരകളാണ്. ഇപ്രകാരം, ഉയർന്ന് പൊങ്ങുന്ന ജലബാഷ്പസമ്പന്നമായ വായു മഴമേഘരൂപീകരണത്തിനും കനത്തമഴയ്ക്കും ഇടയാക്കുന്നു.  വാണിജ്യവാതങ്ങളെ ഇപ്രകാരം തടഞ്ഞ് നിർത്തുന്ന പർവ്വതനിരകൾ ഇല്ലായിരുന്നുവെങ്കിൽ വർഷത്തിൽ വെറും 43 സെന്റീമീറ്റർ  മാത്രം മഴലഭിക്കുന്ന മരുസമാനമായ ഒരു പ്രദേശമായി മാറുമായിരുന്നു ഹവായ് ദ്വീപുകൾ.
  •   മഴവിൽ രൂപീകരണത്തിന് അനുകൂലമായ മറ്റൊരു ഘടകം ദ്വീപിൽ അനുഭവപ്പെടുന്ന പകൽതാപനിലയാണ്.  പകൽസമയങ്ങളിൽ ദ്വീപിൽ അനുഭവപ്പെടുന്ന ഏറിയ ചൂട് മൂലം ദ്വീപിനുള്ളിൽ തന്നെ ചുറ്റിത്തിരിയുന്ന ഈർപ്പഭരിതമായ  ചെറിയ വായുപര്യയനങ്ങൾ ഉണ്ടാകുന്നു.  ഇവ ദ്വീപിന്റെ ഉയർന്നതലങ്ങളിൽ തട്ടി തടഞ്ഞ് നിർത്തപ്പെടുമ്പോൾ അത് ഉച്ചയ്ക്ക് ശേഷം ലഭിക്കുന്ന മഴപ്പെയ്ത്തിന് വഴിയൊരുക്കുന്നു. അസ്തമയവേളകളിൽ ദ്വീപ് മേഖലയിൽ പ്രത്യക്ഷപ്പെടുന്ന മഴവില്ലുകൾക്ക് കാരണം ഇത്തരം മഴയാണ്.
  • വിശാലമായ പസഫിക് സമുദ്രത്തിൽ മറ്റ് ഭൂഖണ്ഡങ്ങളിൽ നിന്ന് വളരെ അകലെയാണ് ഹവായ് ദ്വീപുസമൂഹങ്ങൾ സ്ഥിതിചെയ്യുന്നത്.  ആയതിനാൽ ദ്വീപ് വൻകരകളിൽ നിന്നുള്ള മാലിന്യങ്ങൾ, പൊടിപടലങ്ങൾ, പരാഗരേണുക്കൾ എന്നിവകളിൽ നിന്നും തികച്ചും വിമുക്തമാണ്. ദ്വീപിലെ അന്തരീക്ഷം   മഴവില്ലുകൾ അനന്യസാധാരണമായ വ്യക്തതയോടെയും വർണ്ണപകിട്ടോടെയും പ്രത്യക്ഷപ്പെടുന്നതിന് ഈ ദ്വീപുകളിലെ നിർമ്മലമായ അന്തരീക്ഷം ഒരു പ്രധാന ഘടകമാണ്.

കാലാവസ്ഥ മാറ്റവും മഴവിൽ രൂപീകരണവും

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുന്നതിന് അനുകൂല സാഹചര്യമൊരുക്കുന്നവയാണെന്നാണ് അനുമാനിതപഠനങ്ങൾ പറയുന്നത്. 2100-ഓടെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടങ്ങളിൽ മഴവില്ലുകൾ പ്രത്യക്ഷപ്പെട്ടിരുന്ന ദിവസങ്ങളുടെ എണ്ണത്തെ അപേക്ഷിച്ച്  5 ശതമാനം കൂടുതൽ ദിവസങ്ങളിൽ മഴവില്ലുകൾ കാണപ്പെടുമെന്ന്  ഈ  പഠനങ്ങൾ പറയുന്നു.  താപനം മൂലം പൊതുവെ മഴ കൂടുമെന്നും ഹിമസാന്നിധ്യം കുറയുമെന്നും പ്രവചിക്കപ്പെട്ടിട്ടുള്ള ഉത്തര അക്ഷാംശങ്ങൾ, വളരെ ഉയർന്ന സ്ഥലങ്ങൾ എന്നിവിടങ്ങളാണ് മഴവില്ലിന്റെ സാന്നിധ്യം കൂടുതലായി ഉണ്ടാകുവാൻ ഇടയുള്ള സ്ഥലങ്ങൾ. ആഫ്രിക്കയിലെ ചില രാജ്യങ്ങളും ഇന്ത്യയും ഇക്കൂട്ടത്തിൽപ്പെടുന്നു മധ്യധരണ്യാഴിമേഖലപോലെ, മഴകുറയും എന്ന് പ്രവചിക്കപ്പെട്ടിട്ടുള്ള ഇടങ്ങളിൽ മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന വേളകളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ മഴ വർദ്ധിക്കാനുള്ള സാധ്യതകൾ ഉള്ളതിനാലാണ് മഴവില്ലുകൾ കൂടുതലായി പ്രത്യക്ഷപ്പെടുമെന്നതിന്റെ അനുമാനങ്ങളുടെ അടിസ്ഥാനം. ഹരിതഗൃഹവാതകപുറന്തള്ളൽ ഏറിവരുന്ന പശ്ചാത്തലത്തിൽ സ്വാഭാവികമായും താപനസാധ്യതയും ഏറും. താപനം വർദ്ധിക്കുമ്പോൾ ബാഷ്പീകരണം, സംവഹനം, മേഘരൂപീകരണം, മഴ എന്നിവയും അധികരിക്കുവാൻ തന്നെയാണ് സാധ്യത.

മഴ ഏറുന്ന പശ്ചാത്തലത്തിൽ മഴവില്ലുകൾ കാണപ്പെടുന്ന അവസരങ്ങളും വർദ്ധിക്കുന്നു. 2100 മാണ്ടോടെ മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന സന്ദർഭങ്ങളിൽ 5% വരെ വർദ്ധനവ് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.  കാലാവസ്ഥാവ്യതിയാന പശ്ചാത്തലം എപ്രകാരമാണ് മഴവില്ലുകൾ രൂപപ്പെടുന്ന  പ്രക്രിയയിൽ അനുകൂല പ്രഭാവം ഉളവാക്കുന്നത് എന്നുപരിശോധിക്കാം.  താപനമാണ് കാലാവസ്ഥ മാറുന്നതിന്റെ പ്രത്യക്ഷവും പ്രകടവുമായ ലക്ഷണം.  ഹരിതഗൃഹവാതക പുറന്തള്ളൽ പോലെ, മനുഷ്യപ്രേരിത കാരണങ്ങളാൽ അന്തരീക്ഷത്തിൽ താപമാനം കൂടിക്കൊണ്ടിരിക്കുകയാണ്.  ചൂട് ഏറുമ്പോൾ, ജലബാഷ്പങ്ങളെ ഉൾക്കൊള്ളുവാനുള്ള അന്തരീക്ഷത്തിന്റെ ശേഷി വർധിക്കുന്നു. ജലബാഷ്പങ്ങളുടെ  ഖനീഭവനത്തിന് സഹായകമായ ഖനീഭവനമർമ്മങ്ങൾ അന്തരീക്ഷത്തിൽ  വേണ്ടത്ര ലഭ്യമാണെങ്കിൽ വലിയതോതിൽ മേഘരൂപീകരണം നടക്കുകയും സമൃദ്ധമായ മഴ ലഭിക്കുകയും ചെയ്യുന്നു.  അന്തരീക്ഷതാപം ഒരു ഡിഗ്രി വർധിക്കുമ്പോൾ ജലബാഷ്പത്തെ ഉൾക്കൊള്ളാനുള്ള അന്തരീക്ഷശേഷി 7% വർധിക്കുന്നു.  മഴലഭ്യതയിലാകട്ടെ 10% വർധനയുണ്ടാകും.  വ്യവസായവിപ്ലവാന്തര കാലഘട്ടത്തിലാണ് അന്തരീക്ഷതാപനത്തിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത്.  കൂടാതെ, വ്യവസായവൽക്കരണം വ്യാപകമായ അന്തരീക്ഷത്തിൽ മലിനീകരണത്തിനും വഴിയൊരുക്കിയിട്ടുണ്ട്.  അന്തരീക്ഷത്തിൽ അധികരിച്ച തോതിൽ നിക്ഷേപിക്കപ്പെടുന്ന മാലിന്യധൂളികൾ, പൊടിപടലങ്ങൾ എന്നിവയ്ക്ക് മേഘരൂപീകരണത്തിന് സഹായകമാവുന്ന ഖനീഭവന മർമ്മങ്ങളായി വർത്തിക്കുവാനാകും.  താപനാധിക്യത്തോടൊപ്പം, മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കൂടിയാവുമ്പോൾ കൂടുതൽ മഴ ലഭിക്കുന്നതിനുള്ള സാധ്യതയേറുന്നു.  മഴയ്ക്ക് ശേഷമോ, ചാറ്റൽ മഴയുള്ള സമയത്തോ അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ജലകണസാന്നിധ്യമാണ് മഴവിൽ രൂപീകരണത്തിന് സഹായകമായ ഒരു ആവശ്യഘടകം.  ആഗോളതാപനപശ്ചാത്തലത്തിൽ മഴ ലഭിക്കുന്ന സന്ദർഭങ്ങൾ ഏറുമ്പോൾ സ്വാഭാവികമായും മഴവില്ല് ഉണ്ടാകാനിടയുള്ള സാഹചര്യങ്ങളും വർധിക്കുന്നുഎന്നതാകാം ഇതിനു പിന്നിലെ കാരണം.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://doi.org/10.1016/j.gloenvcha.2022.102604

ഹരിതഗൃഹവാതക പുറന്തള്ളൽ അന്തരീക്ഷതാപം വർദ്ധിപ്പിക്കുകയും തൽഫലമായി മഴപ്പെയ്ത്ത് കൂടുകയും ചെയ്യുമെങ്കിലും ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും ഈ പ്രവണത ഒരേ പോലെ അനുഭവപ്പെടണമെന്നില്ല. 21-34 ശതമാനം സ്ഥലങ്ങളിൽ മഴവില്ലുകൾ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായേക്കാം. 66-79% സ്ഥലങ്ങളിലും പക്ഷേ മഴവില്ല് രൂപീകരണവേളകൾ വർദ്ധിക്കുവാനാണ് സാധ്യത.

മഴവിൽ ദിനങ്ങൾ ഏറുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ സുഡാൻ, എത്യോപ്യ, മാലി, നൈജർ, ഛാഡ് എന്നിവിടങ്ങളിലും മഴ ദിനങ്ങൾ കൂടാനാണ് സാധ്യത കാണുന്നത്. ഉയർന്ന അക്ഷാംശങ്ങളിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ, തിബറ്റൻ പീഠഭൂമിപോലെ വളരെ ഉയർന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മഴവില്ല് രൂപീകരിക്കപ്പെടുന്ന വേളകൾ കാണുന്ന ദിനങ്ങൾ വളരെ ഏറുമെന്നാണ് നിഗമനം.  താപനംമൂലം ഇത്തരം സ്ഥലങ്ങളിൽ മഞ്ഞ് കുറയുകയും കൂടുതൽ മഴ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നുവെന്നതാണ് കാരണം. കിഴക്കൻ ബോർണിയോ, ഉത്തര ജപ്പാൻ എന്നിവിടങ്ങളിൽ ഭാവിയിൽ മഴയില്ലാത്ത ദിനങ്ങളുടെ എണ്ണം വർദ്ധിക്കുമെങ്കിൽ പോലും ലഭിക്കുന്ന മഴയും മഴയുടെ തോതും വർദ്ധിക്കുമെന്നും ഈ സ്ഥലങ്ങളിൽ മഴവില്ലുകൾ ധാരാളമായി പ്രത്യക്ഷപ്പെടുമെന്നും അനുമാനിക്കുന്നു.

ബാഷ്പീകരണം, ഈർപ്പഭരിതമായ വായുവിന്റെ കേന്ദീകരണം എന്നിവ താപന സാഹചര്യങ്ങളിൽ കൂടുതലായി സംഭവിക്കുന്നതിനാൽ മഴ, മഴമേഘരൂപീകരണം എന്നിവയുടെ പ്രകൃതത്തിലും വർദ്ധനവുണ്ടാക്കുന്നു. താപനാധിക്യം അതിനാൽ മഴവിൽ രൂപീകരണത്തിന് അനുകൂലമായ സാഹചര്യങ്ങളാണ് ഒരുക്കുന്നത്.

ഒരർത്ഥത്തിൽ മഴവില്ലുകളുടെ അധിക സാന്നിധ്യമെന്നത്  താപനപ്രധാനമായ കാലാവസ്ഥാഭേദങ്ങളുടെ പ്രതീകവും സൂചനയും ആകുന്നു.  ഇവ കൂടുതലായി, കൂടുതൽ മിഴിവോടെ ആസ്വദിക്കാൻ കഴിയുമെന്ന് കരുതുന്ന ഇടങ്ങളുടെ, പ്രത്യേകിച്ച്  ദ്വീപരാഷ്ട്രങ്ങളുടെ വിനോദസഞ്ചാരമേഖല മെച്ചപ്പെടാനിടയാകുമെന്നത്  ആ  വകയിൽ ആ  രാജ്യങ്ങളുടെ വരുമാന സാധ്യതയും മെച്ചപ്പെടുത്തിയേക്കാം.  അതിനപ്പുറം, കാലാവസ്ഥാവ്യതിയാന പ്രഭാവങ്ങൾ മനുഷ്യരുടെ ജീവിത-സാമൂഹ്യമണ്ഡലങ്ങളിലുളവാക്കിയേക്കാനിടയുള്ള പരിണതഫലങ്ങൾ അല്ലാതെ കൂടുതലായോ, പ്രത്യേകമായോ മറ്റൊന്നും തന്നെ മഴവില്ലുകൾ സൃഷ്ടിക്കുകയില്ല.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കോവിഡ് വൈറസിന് മുമ്പേ നടന്ന യുൻലോംഗ് കാവോ
Next post ഇന്ത്യ : ശാസ്ത്രപഠനവും ജാതിമതിലും  
Close