Read Time:24 Minute

എന്താണ് ശാസ്ത്രവും മിത്തും ? വില്യം ഹാർവിയുടെയും കോപ്പർനിക്കസിന്റെയും ചാൾസ് ഡാർവ്വിന്റെയും സംഭാവനകളെ മുൻനിർത്തി പരിശോധിക്കുന്നു.

ഹൃദയത്തിൽ എന്തിരിക്കുന്നു ?

ലോകമെമ്പാടും നിലവിലുണ്ടായിരുന്ന മിത്ത് ഹൃദയത്തെ സംബന്ധിക്കുന്നതാണ്. ഹൃദയം ചിന്തയുടെയും സ്നേഹം, വാത്സല്യം, പ്രണയം, ദുഃഖം തുടങ്ങി എല്ലാ വികാരങ്ങളുടെയും ഇരിപ്പിടമായി സങ്കല്പിച്ചുപോന്നു. ഹൃദയവുമായി ബന്ധപ്പെട്ട ഭാഷാപ്രയോഗങ്ങള്‍ നോക്കിയാല്‍ മതി, ഇത് മനസ്സിലാക്കാന്‍. ഇത്ര ആഘോഷിക്കപ്പെട്ട മറ്റൊരു മനുഷ്യാവയവം ഇല്ലെന്നുതന്നെ പറയാം. മനസ്സിന്റെ കേന്ദ്രമായി കരുതപ്പെട്ട ഹൃദയത്തിന് ഒരു വികാരവും നേരിട്ടനുഭവിക്കാനാവില്ല എന്നത് ഞെട്ടിക്കുന്ന കണ്ടെത്തലായിരുന്നു.

ചാള്‍സ് ഒന്നാമന്റെ കൊട്ടാരത്തില്‍ 1641-ല്‍ ഒരു വിശേഷ സംഭവം നടന്നു. ഐറിഷ് പ്രഭുവായ മോണ്ട്ഗോമറി വൈകൗണ്ടിന്റെ (Viscount of Montgomery) 19 വയസ്സുള്ള പുത്രന്റെ ഹൃദയത്തില്‍ രാജാവ് സ്പര്‍ശിച്ചു. എന്നിട്ട് ചോദിച്ചു, “എന്തെങ്കിലും വൈഷമ്യമുണ്ടോ?” ഒന്നുമില്ലെന്നയാള്‍ ഉറപ്പുനല്‍കി. യുവാവ്, തന്റെ പത്താം വയസ്സില്‍ കുതിരപ്പുറത്തുനിന്ന് ഉന്തിനില്‍ക്കുന്ന പാറയില്‍ വന്നു പതിക്കുകയും ഏതാനും വാരിയെല്ലുകള്‍ പൊട്ടി ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. മുറിവ് പഴുത്തു സങ്കീര്‍ണ്ണമായി. എങ്കിലും, കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു; പക്ഷേ, ഇടതുഭാഗത്ത് നെഞ്ചില്‍ വിടവ് നിലനിന്നു. ഇതിലൂടെ ഹൃദയമിടിപ്പ് കാണാനാകും എന്നത് അക്കാലത്തെ അദ്ഭുതങ്ങളിലൊന്നായിരുന്നു. പത്തൊമ്പതാം വയസ്സില്‍ അയാള്‍ യൂറോപ്യന്‍ പര്യടനം നടത്തുകയുണ്ടായി. മിടിക്കുന്ന ഹൃദയം നേരിട്ടുകാണുവാന്‍ വന്‍ ജനാവലിയായിരുന്നു പര്യടനം നടന്ന പട്ടണങ്ങളിലെല്ലാം തടിച്ചുകൂടിയത്. പര്യടനം വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വില്യം ഹാര്‍വീയില്‍നിന്ന് ഇക്കഥകള്‍ കേട്ട ചാള്‍സ് ഒന്നാമന് യുവാവിന്റെ ഹൃദയമിടിപ്പ് നേരില്‍ കാണണമെന്ന ആഗ്രഹമുണ്ടായി. ഹാര്‍വീ അക്കാലത്തെ പ്രശസ്തനായ ഗവേഷകനും ചാള്‍സ് രാജാവിന്റെ ഭിഷഗ്വരനും ആയിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം കൃത്യമായി വിവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ധമനികളിലെ വികാസസങ്കോചങ്ങള്‍ ഹൃദയമിടിപ്പുമായി പൊരുത്തപ്പെട്ടു കാണുന്നുവെന്നും അദ്ദേഹം കണ്ടെത്തി. ഹൃദയത്തിന്റെ ഇടത്തെ കീഴറ ധമനികളിലേക്കും വലത്തേത് ശ്വാസകോശത്തിലേക്കും രക്തം പമ്പ് ചെയ്യുന്നതായും അദ്ദേഹത്തിന് മനസ്സിലായി.

വില്യം ഹാർവി

ഹൃദയത്തെക്കുറിച്ചും രക്ത ചംക്രമണത്തെക്കുറിച്ചും ഇതുവരെയുള്ള അബദ്ധധാരണകള്‍ മാറ്റിക്കുറിക്കാന്‍ സഹായിച്ച പ്രതിഭയാണ് ഹാര്‍വീ. ധമനികളില്‍ ദ്വാരമിട്ടാല്‍ രക്തം ശക്തിയോടെ പുറത്തേക്ക് പ്രവഹിക്കുമെന്നും ശ്വാസകോശ ധമനി മുറിഞ്ഞത് ഹൃദയത്തിന്റെ വലത്ത് കീഴറയില്‍ നിന്ന് രക്തം വാര്‍ന്നുപോകുമെന്നുമുള്ളത് അദ്ദേഹത്തിന്റെ കണ്ടെത്തലുകളില്‍പ്പെടുന്നു. ഹൃദയഭിത്തികള്‍ മാംസപേശികള്‍കൊണ്ട് നിര്‍മ്മിതമാണെന്നതിനാല്‍ അതിന് സ്വമേധയാ ചലിക്കാനാവും. ഇത് തെളിയിക്കാന്‍ സങ്കീര്‍ണ്ണമായ ഒരു പരീക്ഷണം അദ്ദേഹമൊരുക്കി. പരീക്ഷണം ചെയ്തുകൊണ്ടിരുന്ന പ്രാവിന്റെ ഹൃദയം പ്രവര്‍ത്തനരഹിതമാവുകയും അറകള്‍ നിശ്ചലമാവുകയും ചെയ്തപ്പോള്‍ ഉമിനീരില്‍ കുതിര്‍ത്ത കൈവിരല്‍ അതിന്റെ ഹൃദയത്തില്‍ വെച്ചു. വിരലിലെ ചൂടുകൊണ്ട് അതിനെ തടവുകയും ചെയ്തു. മെല്ലെ ഹൃദയഭിത്തികള്‍ക്ക് അനക്കം വെച്ചു, അറകള്‍ക്ക് സങ്കോചവും വികാസവും തിരിച്ചുവന്നു.

ഹര്‍വീയുടെ ജീവചരിത്രകാരന്‍, സര്‍ ഡ’ആര്‍സി പവര്‍ പറയുന്നത് ഇങ്ങനെ:We now know that this was due to the warmth, to the moisture, and to the alkalinity of Harvey’s saliva, so that he performed crudely, and no doubt by accident, one of the most modern experiments to show that the heart, under suitable conditions, has the power of recovering from fatigue.’

ഹൃദയത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളെ പരിമിതപ്പെടുത്താന്‍ ഇതൊക്കെ സഹായിച്ചിട്ടുണ്ടെങ്കിലും ചിന്ത, സ്നേഹം എന്നിവയുടെ കേന്ദ്രം ഹൃദയം തന്നെയെന്ന വിശ്വാസം വലിയ കോട്ടം തട്ടാതെ തുടര്‍ന്നു. അങ്ങനെയാണ് വൈകൗണ്ട് മോണ്ട്ഗോമറിയുടെ പുത്രന്‍ യൂറോപ്യന്‍ യാത്രകഴിഞ്ഞ് ഇംഗ്ലണ്ടില്‍ എത്തിയത്. ഹര്‍വീ ആ ചെറുപ്പക്കാരനെ രാജാവിനെ മുമ്പിലെത്തിച്ചു. ഹൃദയം നേരിട്ടു കണ്ടുനിന്ന രാജാവ് മെല്ലെ അതില്‍ സ്പര്‍ശിച്ച് ഹൃദയമിടിപ്പ് ഗ്രഹിച്ചു. രാജാവിന്റെ സ്പര്‍ശം താനറിഞ്ഞില്ലെന്നും യാതൊരു തരം സംവേദനവും ഉണ്ടായില്ലെന്നും അയാള്‍ പറഞ്ഞപ്പോള്‍ രാജാവും അദ്ഭുതം കൂറി. അന്ന്, 1641 CE ദിനത്തില്‍ ഒരു വലിയ ശാസ്ത്രസത്യം രാജമുദ്രയാല്‍ അംഗീകരിക്കപ്പെടുകയും ചെയ്തുവെന്ന് പറയാം. ഹൃദയം രക്തചംക്രമണം നടത്തുന്ന ഒരവയവം മാത്രം; സ്വയം ചിന്തിക്കാനോ തൊട്ടറിയാനോ പറ്റാത്ത ഒന്ന്. ഒരുപക്ഷേ, ഹൃദയം എന്ന മിത്തും ഭാഷയില്‍ അതിനു നല്‍കിയ ആലങ്കാരിക പ്രൗഢിയുമാകാം ഹൃദയാന്വേഷികളായ ശാസ്ത്രജ്ഞരെ സൃഷ്ടിച്ചത്.

നിക്കോളാസ് കോപ്പർനിക്കസ്

കോപ്പർനിക്കസും പ്രപഞ്ചവീക്ഷണവും

അതിനും ഉദ്ദേശം ഒരു നൂറ്റാണ്ടിനു മുമ്പായിരുന്നു കോപ്പര്‍നിക്കസ് (കൃത്യമായി പറഞ്ഞാല്‍ 1543 CE) മരിച്ചത്. രോഗബാധിതനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സുപ്രധാന കൃതി പ്രസിദ്ധീകരിക്കപ്പെട്ടു. രചനകഴിഞ്ഞ് 36 വര്‍ഷം കഴിഞ്ഞാണ് അച്ചടി പൂര്‍ത്തിയാക്കിയത്. സൂര്യനെ ചുറ്റുന്ന ഭൂമി എന്ന ആശയം സ്ഥാപിതമാകുന്നത് കോപ്പര്‍നിക്കസ് മുതലാണെന്നു പറയാം. മിത്തും ശാസ്ത്രവും ഒരുവേള ഇടതൂര്‍ന്നുകിടക്കുന്ന മറ്റൊരു സിദ്ധാന്തമില്ലെന്നു പറയാം. സമോസിലെ അരിസ്റ്റാര്‍ക്കസ് (Aristarchus of Samos, 4 century BC) ഭൂമി സൂര്യനെ ചുറ്റുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഉരുണ്ടഭൂമി, സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതും വൃത്ത പാതയില്‍ സൂര്യനെ ചുറ്റുന്നതും അദ്ദേഹത്തിന്റെ കണ്ടെത്തലില്‍ പെടും. ബെര്‍ട്രാന്‍ഡ് റസ്സല്‍ (Bertrand Russell) പറയുന്നത്, അരിസ്റ്റാര്‍ക്കസ് എഴുതിവെച്ചതാവണം കോപ്പര്‍നിക്കസിന് എഴുതാനുള്ള ധൈര്യം നല്‍കിയത് എന്നാണ്. യൂറോപ്യന്‍ നവോത്ഥാന കാലഘട്ടത്തില്‍ എഴുത്തിലും കുറെ നിയന്ത്രണമുണ്ടെന്നു കരുതണം. പുരാതനകാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന ആശയങ്ങള്‍ ശരിയെന്നും അവര്‍ ശ്രദ്ധിച്ചിട്ടില്ലാത്ത വിഷയങ്ങള്‍ പരിഗണനാര്‍ഹമല്ലെന്നും പൊതുധാരണയുണ്ട്. പതിനാറാം നൂറ്റാണ്ടുവരെ ഭൂമി കേന്ദ്രീകൃതമായ സംവിധാനം പൊതുസമ്മതമായിരുന്നു; അതോടെ ശാസ്ത്രീയമായ, മറിച്ചുള്ള സിദ്ധാന്തം കോപ്പര്‍നിക്കസിനെ കാത്തു കിടന്നു.

ദ് റിവൊല്യൂഷനിബസ് (de revolutioibus) എന്ന കോപ്പര്‍നിക്കന്‍ പുസ്തകത്തിനുമുണ്ട് സങ്കീര്‍ണ്ണമായ കഥ. പ്രസിദ്ധീകരണം വൈകിയത് മാത്രമല്ല, അന്നത്തെ ഭൗമകേന്ദ്രീകൃത മിത്തുകളെ വെല്ലുവിളിക്കുക എളുപ്പമല്ലെന്ന തിരിച്ചറിവും ഒപ്പം വായിക്കേണ്ടതാണ്. അരിസ്റ്റാര്‍ക്കസിനു ശേഷം ഏതാണ്ട് 1800 വര്‍ഷങ്ങള്‍ വേണമെല്ലോ കോപ്പര്‍നിക്കസിലെത്താന്‍. അക്കാലമത്രയും ഭൂമിയെ കേന്ദ്രമാക്കി ഗ്രഹങ്ങളെ കാണാനുള്ള ശ്രമം തുടര്‍ന്നു. കോപ്പര്‍നിക്കസിന്റെ പുസ്തകം ആരും വായിച്ചിരിക്കാനിടയില്ലെന്ന് അര്‍ത്തൂര്‍ കോസ്തലര്‍ (Arthur Koestler), അഭിപ്രായപ്പെട്ടതിന്റെ സാംഗത്യം ഇതാണ്. ഉദാഹരണത്തിന്, ജിയോര്‍ദാനോ ബ്രൂണോ (Giordano Bruno) തന്റെ വിശ്വാസങ്ങള്‍ കാരണം 1600-ല്‍ കൊല്ലപ്പെട്ടു. സ്വന്തം കൈപ്പടയില്‍ വലിയ ഒപ്പ് ചാര്‍ത്തിയ കോപ്പര്‍നിക്കസ് പുസ്തകം അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കോപ്പര്‍നിക്കന്‍ പുസ്തകങ്ങളെല്ലാം കണ്ടെത്തി പഠനം നടത്തിയ ഓവന്‍ ഗിഞ്ചറിച്ച് (Owen Gingerich) പറയുന്നത് ബ്രൂണോ തന്റെ കൈവശം ഉണ്ടായിരുന്ന കോപ്പര്‍നിക്കന്‍ പുസ്തകം വായിച്ചിരിക്കാന്‍ ഇടയില്ലെന്നുതന്നെ. മിത്തുകള്‍ക്കെതിരെ ശാസ്ത്രീയ മനോവൃത്തിക്കായി പൊരുതി രക്തസാക്ഷിയായ ആദ്യ വ്യക്തിയാവണം ബ്രൂണോ. അതുപോലും അംഗീകരിക്കപ്പെടുന്നത് 19-ാം നൂറ്റാണ്ടില്‍ മാത്രമാണെന്നും കാണാം.

ഭൂമിയില്‍ നിന്ന് സൂര്യനിലേക്ക് കേന്ദ്രസ്ഥാനം മാറ്റിപ്പറയുന്നതിന്റെ പ്രശ്നങ്ങള്‍ അന്നത്തെ എല്ലാ ചിന്തകര്‍ക്കും ഉണ്ടായിരുന്നുവെന്നുവേണം കരുതാന്‍. കോപ്പര്‍നിക്കന്‍ പുസ്തകത്തിന്റെ അച്ചടിച്ചുമതല ആന്‍ഡ്രിയസ് ഓസിയന്‍ഡര്‍ (Andreas Osiander) എന്ന വ്യക്തിക്കായിരുന്നു. കോപ്പര്‍നിക്കസിന്റെ മുഖവുരയ്ക്കു മുന്നേ ‘ഈ കൃതിയിലെ സങ്കല്പങ്ങളെക്കുറിച്ച് വായനക്കാര്‍ക്കൊരു കത്ത്’ (To the reader concerning the hypotheses of this work) ചേര്‍ത്തുവെച്ചു. ഇതില്‍ രചയിതാവിന്റെയോ ഓസിയന്‍ഡര്‍ തന്റെയോ മുദ്രകള്‍ ചേര്‍ത്തിരുന്നുമില്ല. കോപ്പര്‍നിക്കസ് സിദ്ധാന്തം കണക്കുകളുടെ ഒരു സമ്പ്രദായം മാത്രമാണെന്നും യാഥാര്‍ഥ്യമാകണമെന്നില്ലെന്നും ആയിരുന്നു ധ്വനി.

മിത്തുകള്‍ ശക്തിയാര്‍ജിച്ച കാലത്ത് ശാസ്ത്രത്തിന്റെ വെളിച്ചം കടന്നുവരുന്നത് എത്രാക്ലേശകരമാണെന്നു ‘വായനക്കാര്‍ക്കുള്ള കത്ത്’ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിന്റെ ഒരു ഭാഗം ഇങ്ങനെപോകുന്നു: “It is the duty of an astronomer to compose the history of the celestial motions through careful and expert study. Then he must conceive and devise the causes of these motions or hypotheses about them. Since he cannot in any way attain to the true causes, he will adopt whatever suppositions enable the motions to be computed correctly… The present author has performed both these duties excellently. For these hypotheses need not be true nor even probable. On the contrary, if they provide a calculus consistent with the observations, that alone is enough… For this art, it is quite clear, is completely and absolutely ignorant of the causes of the apparent [movement of the heavens].”

ഗലീലിയോ ഗലീലി

കോപ്പര്‍നിക്കസിന്റെ മരണം കഴിഞ്ഞ് 21 വര്‍ഷമായപ്പോഴാണ് ഗലീലിയോയുടെ ജനനം. ശാസ്ത്രീയ ചിന്താപദ്ധതി (scientific method) ആരംഭിക്കുന്നത് ഗലീലിയോ മുതല്‍ക്കാണെന്ന് ബെര്‍ട്രാന്‍ഡ് റസ്സല്‍ കരുതുന്നു. അതിനു കാരണമുണ്ട്. പരീക്ഷണങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ശാസ്ത്രാന്വേഷണം. അതിന്റെ മറുവശങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് കണ്ടെത്തലുകളെ സാധൂകരിക്കുക കൂടി വേണം. ഉദാഹരണത്തിന്, ഒന്നിന്റെയും ആശ്രയമില്ലാതെ അന്തരീക്ഷത്തില്‍ കാണപ്പെടുന്ന വസ്തു താഴേയ്ക്ക് പതിക്കും. ഇത്രയും നാം കാണുന്ന സത്യമാണ്; തെളിയിക്കാനുമാകും. ബലൂണുകള്‍, ചിത്രശലഭങ്ങള്‍, വിമാനങ്ങള്‍ എന്നിവ മറ്റാശ്രയങ്ങളില്ലാതെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നുണ്ടല്ലോ. ഇതിന്റെ കാരണങ്ങള്‍ കൂടി കണ്ടെത്തുമ്പോഴാണ് ശാസ്ത്രം പൂര്‍ണ്ണമായി ആവിഷ്കരിക്കപ്പെടുന്നത്. ശാസ്ത്രവും മിത്തും തമ്മില്‍ വ്യത്യാസങ്ങളില്‍ പ്രധാനം ഇതുതന്നെ. പഴയകാല ക്രേനിയോളോജിസ്റ്റുകള്‍ (cranilogists) ശരീരത്തിന്റെയും തലയോട്ടിയുടെയും അളവുകള്‍ കണ്ടെത്തി സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ബുദ്ധികുറവാണെന്നു പറഞ്ഞിരുന്നത് ഓര്‍ക്കാവുന്നതാണ്. 

കോപ്പർനിക്കൻ സിസ്റ്റത്തിന്റെ ആൻഡ്രിയാസ് സെലാരിയസിന്റെ ചിത്രീകരണം

കോപ്പര്‍നിക്കസ് സൂര്യകേന്ദ്രീകൃതമായ പ്രപഞ്ചത്തെ കണ്ടെത്തി; കെപ്ലര്‍, തന്റെ പഠനങ്ങളില്‍ ഇതംഗീകരിച്ചതായി കാണാം. പൂര്‍ണ്ണമായും ശാസ്ത്രമനോവൃത്തിയായിരുന്നില്ല അദ്ദേഹത്തിന് പ്രചോദനമായത്. കെപ്ലര്‍ സൂര്യദേവരാധനയില്‍ വിശ്വസിച്ചിരുന്നു. അതിനാല്‍, പ്രപഞ്ചം രൂപകല്പന ചെയ്യുമ്പോള്‍ സൂര്യന്‍ കേന്ദ്രബിന്ദു ആകുന്നതിനേക്കാള്‍ മനോഹര സങ്കല്പം അദ്ദേഹത്തിനില്ലായിരുന്നു എന്നും വരാം. അതാണ് റസ്സല്‍ പറയുന്നത്: കണ്ടെത്തലുകളല്ല, അവയിലേക്കെത്തുന്ന രീതിശാസ്ത്രമാണ് മുഖ്യം. പിസാ ഗോപുരത്തില്‍ നടന്ന ഗലീലിയോയുടെ പ്രസിദ്ധമായ പരീക്ഷണം വിശ്വാസത്തിന് ക്ഷതമേല്‍ക്കുന്ന ആദ്യ ഘട്ടമായിരുന്നു. 

ഡാർവ്വിന്റെ സംഭാവന

ഗണിതത്തില്‍ ഉപയോഗിച്ചു മൂര്‍ച്ചവരുത്തിയ രീതിശാസ്ത്രം ഗണിതേതര വിഷയങ്ങളില്‍ മികവോടെ പ്രയോഗിച്ചത് ചാള്‍സ് ഡാര്‍വിന്‍ തന്നെ. പരിണാമം എന്ന ആശയം ഡാര്‍വിനു മുമ്പും ശാസ്ത്രാന്വേഷികളുടെ മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനനുകൂലമാകുന്ന തെളിവുകളുടെ കൂമ്പാരമൊരുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ മികച്ച പഠനങ്ങള്‍ പില്‍ക്കാലത്ത് ഇക്കോളജി (ecology) എന്ന ശാസ്ത്രശാഖയായി രൂപപ്പെട്ടു. ഡാര്‍വിന്റെ കാലത്തെ ജീവശാസ്ത്രജ്ഞര്‍ വിശ്വാസികളായിരുന്നു. സ്വര്‍ഗരാജ്യത്ത് നായ, പൂച്ച എന്നുവേണ്ട എല്ലാ മൃഗങ്ങളുടെയും കുറ്റമറ്റ മാതൃകകള്‍ സൂക്ഷിച്ചിരുന്നുവെന്നും ആ ദിവ്യമാതൃകകളുടെ അത്ര മെച്ചപ്പെട്ടതല്ലാത്ത രൂപങ്ങള്‍ ഭൂമിയില്‍ കാണപ്പെടുന്നുവെന്നും അവര്‍ വിശ്വസിച്ചു. മൃഗങ്ങളില്‍ കാണുന്ന ചില വ്യതിയാനങ്ങളെ ഇങ്ങനെ ദൈവ സങ്കല്പത്തിനിണങ്ങും വിധം ചിന്തിച്ചുറപ്പിക്കാന്‍ അക്കാലത്താര്‍ക്കും മടിയില്ലായിരുന്നു. പൊതു പൂര്‍വികര്‍ എന്ന ആശയം കോപ്പര്‍നിക്കസ് മുന്നോട്ടുവെച്ച സൂര്യന്‍ എന്ന കേന്ദ്രം എന്നതുപോലെ സങ്കീര്‍ണ്ണമായിരുന്നു. പരിണാമത്തെ അതിലളിതവല്‍ക്കരിച്ച്, കുരങ്ങില്‍ നിന്ന് മനുഷ്യര്‍ എന്ന് മനസ്സിലാക്കി തള്ളിക്കളയുന്ന പ്രചാരണവും ശക്തമായിരുന്നു. മനുഷ്യര്‍ക്ക് ആത്മാവുണ്ടെന്ന് അംഗീകരിക്കപ്പെട്ടിരുന്നതിനാല്‍ കുരങ്ങിന് ആത്മാവുണ്ടോ എന്ന ചര്‍ച്ച ഡാര്‍വിനെ തള്ളിക്കളയാന്‍ ഉപയോഗിച്ച മിത്തിക്കല്‍ വാദങ്ങളില്‍ പെടും.

നിലവിലുള്ള മിത്തുകള്‍ക്കും യക്ഷിക്കഥകള്‍ക്കും പകരം തെളിവുകളുടെ പിന്‍ബലമുള്ള പൊതുനിയമങ്ങള്‍ കണ്ടെത്തി ശാസ്ത്രവഴികള്‍ തുറന്നിട്ടതാണ് ഡാര്‍വിന്റെ സംഭാവന. റസ്സല്‍ ഇങ്ങനെ പറയുന്നു: ‘Human beings find it difficult in all spheres to base their opinions upon evidence rather than upon their hopes. When their neighbours are accused of lapses from virtue, people find it almost impossible to wait for the accusation to be verified before believing it.’

മിത്തുകളെയും പഴങ്കഥകളെയും വിശ്വാസയോഗ്യമായി കാണുകയും തെളിവുകളെ അടിസ്ഥാനപ്പെടുത്തിയ ശാസ്ത്രത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നത് അപ്രത്യക്ഷമായിട്ടില്ല. അമേരിക്കയില്‍ അടിമത്തം 1865-ല്‍ നിരോധിക്കപ്പെട്ടു. എങ്കിലും തുല്യത പ്രാപ്യമായിരുന്നില്ല. സുപ്രീം കോടതി വിധി (1896) അനുസരിച്ച് ‘വ്യതിരിക്തം എന്നാല്‍ തുല്യം’ (separate but equal) എന്ന നയം അംഗീകരിച്ചു. പെന്റഗണ്‍ സ്ഥാപിച്ചപ്പോള്‍ കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പ്രത്യേകം ശുചിമുറികള്‍ വേണ്ടിവന്നു. വര്‍ണ്ണം, ജനനം തുടങ്ങി മിത്തുകളില്‍പ്പെട്ട നിയമങ്ങള്‍ അങ്ങനെ 20-ാം നൂറ്റാണ്ടിലേക്കും ഒഴുകിയിറങ്ങി. രണ്ടാം ലോകയുദ്ധം പടിക്കലെത്തിയപ്പോള്‍ പുതിയ പ്രശ്നങ്ങളുണ്ടായി. യുദ്ധാവശ്യത്തിന് രക്തദാനം അനിവാര്യമായി വന്നു. അപ്പോള്‍ കറുത്തവര്‍ഗക്കാരുടെ രക്തം തുല്യതയുടെ അടിസ്ഥാനത്തില്‍ ശേഖരിക്കുമെങ്കിലും വ്യതിരിക്തതയുടെ അടിസ്ഥാനത്തില്‍ വെള്ളക്കാര്‍ക്ക് നല്‍കാനാവില്ല. ഇത് വലിയ സംഘര്‍ഷത്തിന് കാരണമായി. അമേരിക്കന്‍ ജനതയുടെ ആഗ്രഹം ഇത്തരം വേര്‍തിരിക്കലിനെതിരാണ് എന്ന് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ പരസ്യമായ നിലപാടെടുത്തു. കറുത്ത രക്തം, വെളുത്ത രക്തം എന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്ന നിലപാടും ശക്തിയാര്‍ജിച്ചു. മിത്തുകള്‍ ശാസ്ത്രാഭിപ്രായത്തിന് വഴങ്ങുന്നതിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കാണാം.

ജൂലൈ 1942-ല്‍ അമേരിക്കന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി. അതിങ്ങനെയായിരുന്നു: ‘The segregation of the blood of white persons from the blood of Negroes in the blood ban is not only unscientific but is a grievous affront to the largest minority in our country.”

മിത്തുകള്‍ അവസാനിക്കുന്നില്ല. ഈ കോവിഡനന്തര കാലത്തുപോലും യക്ഷിക്കഥകള്‍പോലെ അസംഭവ്യമായ പല വിശ്വാസങ്ങളിലും പെട്ട് ശാസ്ത്രനേട്ടങ്ങളെയും ശാസ്ത്രസത്യങ്ങളെയും തിരസ്കരിക്കുന്നത് അപൂര്‍വമല്ലാതെ കാണാനാകും.


അധിക വായനയ്ക്ക്

  1. Power, Sir D’Arcy-William Harvey, (Ch: 7; Harvey’s Anatomical Works: Pp 188 – 238), T Fisher Unwin, 1897
  2. Figureredo, Vincent M – The Curious History of the Heart: Columbia University Press; 2023
  3. Russell, Bertrand – The Scientific Outlook; George Allen & Unwin Ltd, 1931
  4. https://en.wikipedia.org/wiki/De revolutionibus orbium_coelestium >>>
  5. Gingerich, Owen – The Book Nobody Read: Penguin Books, 2004
  6. Zimmerman, Dwight Jon – The American Red Cross African-American Blood Ban Scandal: Defense Media Network; Feb 2022

അനുബന്ധ വായനയ്ക്ക്

Happy
Happy
70 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
10 %
Surprise
Surprise
20 %

One thought on “മിത്തുകള്‍ സയന്‍സിനെ സ്വാധീനിക്കുന്നത് എങ്ങനെ?

Leave a Reply

Previous post മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും
Next post The One: How an Ancient Idea Holds the Future of Physics
Close