Read Time:9 Minute

എല്ലാവർക്കും ആരോഗ്യം

ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്‍കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയം അല്‍മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്നസമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വ്വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളര്‍ന്ന് വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗിക നടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അരനൂറ്റാണ്ട് കാലത്തെ ദേശീയ സാര്‍വ്വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുള്ള വിലപ്പെട്ട ഗ്രന്ഥം.

ഡോ. ബി ഇക്ബാലിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ നിന്നും ഒരു ഭാഗം.

എംഗൽസ്, വിർക്കോ, അലൻഡെ

ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളുടെ സൈദ്ധാന്തിക അടിത്തറ അവതരിപ്പിക്കുന്നതിൽ എംഗൽസും വിർക്കോയും അലൻഡെയും ഒരേപോലെ മൗലികമായ സംഭാവനകൾ നൽകി. എന്നാൽ സാമൂഹികാരോഗ്യത്തെ സംബന്ധിച്ച കാഴ്ചപ്പാടിലും സമീപനങ്ങളിലും ഊന്നലുകളിലും ഇവർ തമ്മിൽ സാമ്യങ്ങളോടൊപ്പം ചില വ്യത്യസ്തതകളും കാണാൻ കഴിയും. എംഗൽസ് ആരോഗ്യപ്രശ്‌നങ്ങളെ ഉല്പാദനപ്രക്രിയയും ഉല്പാദനബന്ധങ്ങളുമായി ബന്ധപ്പെടുത്തിയാണ് കണ്ടത്. ഉല്പാദനമേഖലയിലെ അനാരോഗ്യകരമായ ചുറ്റുപാടുകളിൽ നിന്നാണ് തൊഴിൽജന്യരോഗങ്ങൾ ജന്മംകൊള്ളുന്നത്. ലാഭവും സുരക്ഷയും (Profit and Safety) തമ്മിലുള്ള വൈരുധ്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. തൊഴിൽജന്യരോഗങ്ങൾ തടയുന്നതിനുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് അധികച്ചെലവ് വേണ്ടിവരും. ഇത് ലാഭവിഹിതം കുറയ്ക്കുമെന്നതുകൊണ്ടാണ് അതിലേക്കുള്ള നടപടികൾ സ്വീകരിക്കാൻ ഫാക്ടറി ഉടമകൾ തയ്യാറാവാത്തത്. അങ്ങനെ മുതലാളിത്തത്തിൽ അന്തർലീനമായ വൈരുധ്യങ്ങളുടെ ഉറവിടം ഉല്പാദനമേഖലയിലാണ് അന്തർലീനമായിരിക്കുന്നതെന്ന നിഗമനത്തിലാണ് എംഗൽസ് എത്തിച്ചേർന്നത്. ഇത്തരം കാഴ്ചപ്പാടുകളിലൂടെ തികച്ചും സ്വാഭാവികമായിട്ടായിരുന്നു തൊഴിൽജന്യരോഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഇംഗ്ലണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി എന്ന പുസ്തകം എഴുതുന്നതിൽനിന്നും മാർക്‌സിനോടൊപ്പം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിലേക്ക് എംഗൽസ് വളർന്നത്. താൽക്കാലികമായി ജനങ്ങൾക്കാശ്വാസം പകരാമെങ്കിലും കേവലമായ ചില പരിഷ്കാരങ്ങൾകൊണ്ട് പ്രശ്‌നങ്ങൾ സമൂലമായി പരിഹരിക്കപ്പെടില്ലെന്നും സാമ്പത്തികബന്ധങ്ങളിൽ സമ്പൂർണമാറ്റം വരുത്തിക്കൊണ്ടുള്ള സാമൂഹിക -സാമ്പത്തിക വിപ്ലവം തന്നെ അതിനാവശ്യമാണെന്നുമുള്ള കമ്യൂണിസ്റ്റ് നിലപാടാണ് എംഗൽസ് സ്വീകരിച്ചത്.

വിർക്കോയാവട്ടെ ഭക്ഷണം, കുടിവെള്ളം, പാർപ്പിടം തുടങ്ങിയ സാമൂഹികവിഭവങ്ങളുടെയും ആരോഗ്യസേവനത്തിന്റെയും അസന്തുലിതമായ വിതരണമാണ് സമൂഹത്തിലെ ദുർബലജനവിഭാഗങ്ങളെ രോഗങ്ങൾക്ക് അടിമകളാക്കുന്നതെന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്. തൊഴിലാളികളും മറ്റ് ദുർബലജനവിഭാഗങ്ങളും താരതമ്യേന കൂടുതൽ രോഗാവസ്ഥകൾക്ക് വിധേയരാവുന്നുണ്ട് എന്ന വസ്‌തുത വിർക്കോ അംഗീകരിക്കുന്നുണ്ട്. എന്നാൽ സമ്പത്തിൻ്റെ തുല്യവിതരണത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന താരതമ്യേന പരിഷ്കരണവാദപരമായ സമീപനമാണ് വിർക്കോ സ്വീകരിക്കുന്നത്. സോഷ്യലിസ്റ്റ് പരിഷ്കാരങ്ങൾക്കപ്പുറമുള്ള കമ്യൂണിസ്റ്റ് വിപ്ലവപരിപാടി വിർക്കോക്ക് സ്വീകാര്യമായിരുന്നില്ല. കമ്യൂണിസ്റ്റ്പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനുള്ള മാർക്‌സിന്റെയും എംഗൽസിന്റെയും ക്ഷണത്തോട് വിർക്കോ അനുകൂലമായി പ്രതികരിക്കാൻ തയ്യാറായതുമില്ല.

അലൻഡെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അംഗീകരിക്കുകയും ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള സാമൂഹികപ്രതിസന്ധികൾ വിശകലനം ചെയ്യാൻ വർഗ്ഗപരമായ സമീപനം സ്വീകരിക്കയും ചെയ്യുന്നുണ്ട്. അതേയവസരത്തിൽത്തന്നെ കാലത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് ചിലി പോലുള്ള മൂന്നാംലോകരാജ്യങ്ങളുടെ വികസനപ്രതിസന്ധികളുടെ മുഖ്യകാരണം സാമ്രാജ്യത്വചൂഷണമാണെന്ന നിലപാടാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. തൊഴിലാളികളുടെ കുറഞ്ഞവേതനം, പോഷണക്കുറവ്, ദാരിദ്ര്യം, പട്ടിണി തുടങ്ങിയ ദുരിതങ്ങളെല്ലാം ചിലി നേരിടുന്ന സാമ്രാജ്യത്വചൂഷണത്തിന്റെ ഫലമായുണ്ടാവുന്നതാണെന്ന നിലപാടാണ് അലൻഡെ സ്വീകരിച്ചത്.

മുതലാളിത്ത ഉല്പാദനപ്രക്രിയയിൽ അന്തർലീനമായ പ്രതികൂലപ്രത്യാഘാതങ്ങൾ, സാമൂഹികഉല്പന്നങ്ങളുടെ വിതരണത്തിലെ അസന്തുലിതാവസ്ഥ, വികസ്വരരാജ്യങ്ങളുടെ സാമ്പത്തികപിന്നാക്കാവസ്ഥയ്ക്ക് കാരണമായ സാമ്രാജ്യത്വചൂഷണം എന്നീ പരസ്പരപൂരകങ്ങളായ മേഖലകൾ വിശകലനം ചെയ്യുന്നതിലൂടെ ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളുടെ ബഹുമുഖഘടകങ്ങൾ എംഗൽസും വിർക്കോയും അലൻഡെയും സുവ്യക്തമായി അനാവരണം ചെയ്തു. വ്യത്യസ്‌തമായ ചരിത്രകാലഘട്ടങ്ങളിലായി ഇവർ മുന്നോട്ടുവച്ച ആശയങ്ങളാണ് ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളെ സംബന്ധിച്ചുള്ള സമഗ്രമായകാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ പിൽക്കാലത്ത് സാമൂഹികാരോഗ്യപ്രവർത്തകരെ സഹായിച്ചത്.


എല്ലാവർക്കും ആരോഗ്യം
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മാനങ്ങൾ. ഡോ ബി ഇക്ബാൽ.
ചിന്ത പബ്ലിക്കേഷൻസ്‌
മുഖ വില: ₹340. ഓഫർ വില: ₹306
ഓൺലൈനായി ഓർഡർ ചെയ്യാൻ ലിങ്ക്‌


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജീവിക്കുന്ന ഫോസിലുകൾ
Next post ചന്ദ്രൻ താണിറങ്ങി വന്നതോ…
Close