ചന്ദ്രനു ചുറ്റും കറങ്ങുന്ന നാസയുടെ പേടകമായ ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ വർഷങ്ങളെടുത്താണ് ചന്ദ്രോപരിതലത്തെ മുഴുവൻ പകർത്തിയത്. ആ ചിത്രങ്ങൾ ആർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. കൂട്ടിയിണക്കാം.
ലൂക്ക് ജെറോമിന് ഇതുകണ്ടപ്പോൾ മറ്റൊരു ആശയമാണ് ഉദിച്ചത്. LRO പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ച് ഒരു ചന്ദ്രനെ അങ്ങ് പുനസൃഷ്ടിച്ചാലെന്ത്. അങ്ങനെ നിർമ്മിച്ചെടുത്ത കലാരൂപമാണ് മ്യൂസിയം ഓഫ് മൂൺ. പ്രത്യേകതരം തുണിയിൽ ചിത്രങ്ങൾ മുഴുവൻ പ്രിന്റു ചെയ്തെടുത്തു. എന്നിട്ട് അവ കൃത്യതയോടെ തുന്നിച്ചേർത്ത് ഏഴുമീറ്റർ ഉയരമുള്ള ഒരു ബലൂൺ രൂപത്തിലാക്കി. അതിനുള്ളിൽ ബൾബുകളും മറ്റും സ്ഥാപിച്ചതോടെ ചന്ദ്രൻ ഭൂമിയിലേക്കിറങ്ങിവന്നു.
ചന്ദ്രന്റെ ഒരു വശം മാത്രമേ നേരിട്ടുനോക്കിയാൽ നമുക്ക് കാണാനാവൂ. ചന്ദ്രന്റ മറുവശം നമുക്ക് നേരിട്ടു കാണാനാവില്ല. ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ചന്ദ്രനെ പൂർണ്ണമായും പകർത്തിയെടുത്തിട്ടുണ്ട്. അതിനാൽത്തന്നെ അതുപയോഗിച്ച് ഉണ്ടാക്കിയ ചന്ദ്രന്റെ ഇൻസ്റ്റലേഷനിൽ ചന്ദ്രന്റെ എല്ലാ വശങ്ങളും ദൃശ്യമാണ്.
കനകക്കുന്നിലെ തിരക്കുകണ്ട് ലൂക്ക് ജെറോം ശരിക്കും അദ്ഭുതപ്പെട്ടിട്ടുണ്ടാകും. സംഘാടകർപോലും പ്രതീക്ഷിക്കാത്തത്ര ജനം. ലൂക്ക് ജെറോമിനൊപ്പം സെൽഫിയെടുക്കാനും സംസാരിക്കാനും എല്ലാവർക്കും താത്പര്യം. ഒരു കലാകാരന്റെ ജീവിതത്തിൽ നേടിയ ഏറ്റവും വലിയ സമ്മാനമാകും തിരുവനന്തപുരം ലൂക്ക് ജെറോമിനൊരുക്കിയത്.
പക്ഷേ മ്യൂസിയം ഓഫ് മൂൺ ഒരു ചെറിയ പരിപാടിയാണ്. വലിയ പരിപാടി ജനുവരി 15 മുതൽ തോന്നക്കലിൽ നടക്കും. ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള! അതിന്റെ കർട്ടർ റൈസർ മാത്രമാണ് കനകക്കുന്നിലെത്തിയ മ്യൂസിയം ഓഫ് മൂൺ. ഇതുപോലെ ആയിരക്കണക്കിനു പരിപാടികളാവും ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയിൽ ഉണ്ടാവുക