ഏറെക്കുറെ ഇന്ത്യ ഒട്ടാകെ കാണപ്പെടുന്ന താലിക്കുരുവിക്കു കാഴ്ചയിൽ തുന്നാരനോടാണ് സാമ്യം. ആൺകിളിയും പെൺകിളിയും രൂപത്തിൽ ഒരേപോലെ ആണ്. പ്രജനന കാലത്തു താലിക്കുരുവിയുടെ ഉപരിഭാഗമെല്ലാം ചാരനിറത്തിലും അടിവശം വെള്ളനിറത്തിലും ആയിരിക്കും. മാറിൽ ചങ്ങല പോലെ ചാര നിറത്തിൽ ഒരു പട്ട ഉണ്ടാകും. വാലിന് അറ്റത്തു വെള്ളയും അതിനു തൊട്ടു താഴെ കടുത്ത തവിട്ടു നിറത്തിലുള്ള പുള്ളികളും കാണാം. മറ്റു കാലങ്ങളിൽ ഉപരിഭാഗം ഒലിവു തവിട്ടു നിറത്തിലും അടിവശം ചാരനിറവും വെള്ളാനിറവും ഇടകലർന്നതും ആയിരിക്കും. ഈ കാലഘട്ടത്തിൽ ഇവയ്‌ക്ക് ഇരുണ്ട കൊക്കുകളും വെള്ള പുരികവും കണ്ണിനും കൊക്കിനും ഇടയിൽ ഇരുണ്ട നിറവും ഉണ്ടായിരിക്കും. ഇവയുടെ വാലിന് നടുക്കുള്ള രണ്ടു തൂവലുകൾ നീളം കൂടിയവയും ഇരുവശത്തും ഉള്ളവ ക്രമേണ നീളം ചുരുങ്ങിയവയും ആണ്. മിക്ക സമയവും വാല് പൊന്തിച്ചു വിറപ്പിക്കുന്ന സ്വഭാവവും ഉണ്ട്. കീടങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. സദാ സമയം പുല്ലിലും ചെടിപടർപ്പുകളിലും ചെറു പ്രാണികളെ തിരഞ്ഞു നടക്കുന്ന താലിക്കുരുവികൾ മിക്കപ്പോഴും താഴ്ന്ന സ്വരത്തിൽ ശബ്ദിച്ചുകൊണ്ടിരിക്കും. കേരളത്തിൽ താലിക്കുരുവികളെ വനപ്രദേശങ്ങളിൽ പുല്ലുകളും കുറ്റിച്ചെടികളും മുൾചെടികളും വളർന്നു നിൽക്കുന്ന ഭാഗങ്ങളിൽ കാണുവാൻ കഴിയും. ജൂൺ മുതൽ ഒക്ടോബർ വരെ ആണ് ഇവയുടെ പ്രജനന കാലഘട്ടം.
ശബ്ദം കേൾക്കാം
ചിത്രം, വിവരങ്ങൾ : സന്തോഷ് ജി കൃഷ്ണ