മണികണ്ഠൻ

 Flame – Throated bulbul ശാസ്ത്രീയ നാമം : pycnonotus gularis

ബുള്‍ബുള്‍ കുടുംബത്തില്‍പ്പെട്ടതും പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്നതുമായ ഒരു പക്ഷിയാണ് മണികണ്ഠന്‍. ഈ പക്ഷിയുടെ തലയും പിന്‍കഴുത്തും കറുപ്പാണ്, മാത്രമല്ല തലയുടെയും മുഖത്തിന്റെയും പാര്‍ശ്വഭാഗങ്ങളും കറുപ്പ് നിറത്തില്‍ ആണ്. താടി, തൊണ്ട, കഴുത്തിന്‍റെ മുന്‍പകുതി എന്നിവ നല്ല ചുവപ്പ് നിറവും ആണ്. ശരീരത്തിന്‍റെ പുറംഭാഗം, ചിറകുകള്‍, വാല്‍ എന്നിവയെല്ലാം മഞ്ഞ കലര്‍ന്ന ഇളം പച്ചയും ചിറകുകളുടെ പിന്‍പകുതി തവിട്ടു നിറവും ദേഹത്തിന്‍റെ അടിഭാഗം ശോഭയുള്ള മഞ്ഞ നിറവും ആണ്. കൂടാതെ നല്ല വെളുത്ത കണ്ണുകളും ആണ് ഈ പക്ഷിക്ക്. ആണ്‍ പക്ഷിയും പെണ്‍പക്ഷിയും രൂപത്തില്‍ ഒരേപോലെ ആണ്. ഗോവ മുതല്‍ തെക്കോട്ട്‌ ഉള്ള പശ്ചിമഘട്ടത്തിലെ നിത്യഹരിത വനപ്രദേശങ്ങളില്‍ മണികണ്ഠനെ കാണുവാന്‍ സാധിക്കും. പ്രധാനമായും കാട്ടരുവികള്‍ക്ക് അരികിലുള്ള അടികാടുകളില്‍ ഇണചേര്‍ന്നും കൂട്ടങ്ങളായും ആണ് മണികണ്ഠനെ കാണുന്നത്. ഗോവ സംസ്ഥാനത്തിന്റെ സംസ്ഥാന പക്ഷിയാണ് മണികണ്ഠന്‍. ചെറുഫലങ്ങളും കൃമികീടങ്ങളും ആണ് ഇവയുടെ ആഹാരം. ജനുവരി മുതല്‍ ഓഗസ്റ്റ്‌ വരെ ആണ് ഇവയുടെ പ്രജനന കാലഘട്ടം.


ശബ്ദം കേൾക്കാം


ചിത്രം, വിവരങ്ങൾ : സന്തോഷ്‌ ജി കൃഷ്ണ

Leave a Reply