Read Time:17 Minute


ഡോ.പി.കെ.സുമോദൻ

ഗ്രിഗർ മെൻഡലിന്റെ 200ാം ജന്മവാർഷികത്തിന്റെ ഭാഗമായി ലൂക്ക പ്രസിദ്ധീകരിക്കുന്ന ജനിതകശാസ്ത്ര ലേഖന പരമ്പര

ആധുനിക ജീവശാസ്ത്രജ്ഞരിലെ രണ്ട് മഹാരഥന്മാരാണല്ലോ ഗ്രിഗർ മെൻഡലും ചാൾസ് ഡാർവിനും. രണ്ടുപേരും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. മെൻഡലിന്റെ ജനനം 1822 ലും മരണം 1884 ലുമായിരുന്നെങ്കിൽ ഡാർവിന്റെ ജീവിത കാലം 1809 മുതൽ 1882 വരെയായിരുന്നു. ആദ്യത്തെയാൾ ജനിതക ശാസ്ത്രത്തിന്റെ പിതാവും രണ്ടാമത്തെയാൾ ജൈവപരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും. ഡാർവിൻ പ്രശസ്തിയുടെ പ്രഭാപൂരത്തിൽ ജ്വലിച്ചു നിന്നപ്പോൾ മെൻഡൽ ലോകത്തിന്റെ ഒരു കൊച്ചു  മൂലയിൽ അധികമാരാലും അറിയപ്പെടാതെ ജീവിച്ചു മരിക്കുകയും ചെയ്തു. എന്നാൽ മെൻഡലിന്റെ കണ്ടെത്തലുകളുടെ മൂല്യം ഡാർവിന്റേതിനേക്കാൾ ഒട്ടും കുറവല്ലെന്ന് ഇന്ന് നമുക്കറിയാം. പ്രശസ്തിയുടെ കാര്യത്തിലുള്ള ഈ വ്യത്യാസത്തിന് മൂന്ന്  പ്രധാന കാരണങ്ങളുണ്ട്. ഭൂമിശാസ്ത്രവും ഭാഷയും വ്യക്തിത്വവും.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന നിലയ്ക്ക് ലോകത്തിന്റെ കേന്ദ്രമായിരുന്ന ഇംഗ്ലണ്ടിലായിരുന്നല്ലോ ഡാർവിൻ ജീവിച്ചത്. ഭാഷ ലോകത്തിൽ  ഏറ്റവും പ്രചുരപ്രചാരമുള്ള ഇംഗ്ലീഷും. ഇതിന് പുറമേ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും. അന്നും ഇന്നും അപ്രശസ്തമാണ് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ബെർണോ (Brno) എന്ന കൊച്ചു നഗരം. ഭാഷ ഇംഗ്ലീഷിനോളം പ്രചാരമില്ലാത്ത ജർമനും. അതിന് പുറമേ  മെൻഡലിന്റെ അന്തർമുഖത്വവും.

മെൻഡലും ഡാർവിനും

ലോകപ്രശസ്തനായ ഡാർവിനെ മെൻഡൽ അറിയാതിരിക്കില്ലല്ലോ. അറിയുക മാത്രമല്ല അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെ സസൂക്ഷ്മം പിന്തുടരുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. 1863  ൽ  പ്രസിദ്ധീകരിച്ച, ഒറിജിൻ ഓഫ് സ്പീഷീസിന്റെ (Origin of species) രണ്ടാം പതിപ്പിന്റെ ജർമ്മൻ പരിഭാഷയാണ് മെൻഡൽ വായിച്ചത്. മെൻഡലിന്റെ ജനിതക പരീക്ഷണങ്ങൾ വിവരിക്കുന്ന 1866 ലെ പ്രശസ്ത ലേഖനത്തിന്റെ രചനയെ ഒറിജിൻ ഓഫ് സ്പീഷീസ് വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ചില ശാസ്ത്രജ്ഞർ വാദിക്കുന്നത്. ഒറിജിൻ ഓഫ് സ്പീഷീസിലെ ചില പ്രയോഗങ്ങൾ അതേപടി മെൻഡൽ തന്റെ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്.  എന്നാൽ  മെൻഡലിനെ കുറിച്ചോ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളെ കുറിച്ചോ ഡാർവിന് അറിവുണ്ടായിരുന്നുവെന്നതിന് തെളിവുകളൊന്നുമില്ല. മെൻഡൽ തന്റെ ലേഖനത്തിന്റെ 40 പകർപ്പുകളെടുത്തതായി തെളിവുണ്ട്. അവ പല ശാസ്ത്രജ്ഞർക്കും അയച്ചു കൊടുത്തിട്ടുമുണ്ട്. കൂട്ടത്തിൽ ഒരാൾ ഡാർവിൻ ആയിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഡാർവിന്റെ മരണാനന്തരം നടന്ന തിരച്ചിലിൽ അങ്ങനെയൊരു ലേഖനം അദ്ദേഹത്തിന്റെ പുസ്തകശേഖരത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മെൻഡലിന്റെ ലേഖനത്തെ പ്രതിപാദിക്കുന്ന ഒരു പുസ്തകം ആ കൂട്ടത്തിലുണ്ടായിരുന്നു- സങ്കര സസ്യങ്ങളെ കുറിച്ച് ഫോക്ക് (Focke WO, 1881) എഴുതിയ പുസ്തകം. എന്നാൽ അത് ഡാർവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്നതിന് തെളിവൊന്നുമില്ല. ഡാർവിന്റെ സിദ്ധാന്തത്തിന് നേരെ ഉയർന്ന ഒരു പ്രധാന വിമർശനം ഒരു തലമുറയിൽ ഉണ്ടായ വ്യതിയാനങ്ങൾ (variations) അടുത്ത തലമുറയിലേക്ക്  പ്രേഷണം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് വിശദീകരിച്ചിട്ടില്ല എന്നതായിരുന്നു. അതിന് പരിഹാരമായി അദ്ദേഹം നിർദേശിച്ച താൽക്കാലിക പരികല്പനയായിരുന്നു പാൻജനസിസ് (A provisional hypothesis of pangenesis).  1868 ൽ പ്രസിദ്ധീകരിച്ച  The Variation of Animals and Plants under Domestication എന്ന പുസ്തകത്തിന്റെ രണ്ടാം വോളിയത്തിലാണ്  ഇത് വിവരിക്കുന്നത് .

ഡാർവിന്റെ പുസ്തകത്തിലെ മെൻഡലിന്റെ പെൻസിൽ കുറിപ്പുകൾ

പാൻജനസിസ്

ജീവികൾ വളർന്നു വരുമ്പോൾ ഓരോ കോശത്തിൽ  നിന്നും ജെമ്മ്യൂളുകൾ (gemmules) എന്ന കണികകൾ വിസർജ്ജിക്കപ്പെടുകയും അവ പ്രത്യുൽപാദനാവയവങ്ങളിലെത്തുകയും ചെയ്യുമെന്നും ബീജസങ്കലനവേളയിൽ പുരുഷ-സ്ത്രീ ജെമ്മ്യൂളുകൾ ഇടകലരുകയും സന്താനങ്ങളുടെ സ്വഭാവ സവിശേഷതകൾ നിയന്ത്രിക്കുകയും ചെയ്യും എന്നുമാണ് പാൻജനസിസ് പറയുന്നത്പുരുഷ ജെമ്മ്യൂളുകളുടെ അളവ് സ്ത്രീ ജെമ്മ്യൂളുകളുടേതിനെക്കാൾ കൂടുതൽ വേണമെന്നും പറയുന്നുണ്ട്. അതിന് തെളിവായി പറയുന്നത് ഒരു പൂവിലെ അണ്ഡവുമായി ഒന്നിൽ കൂടുതൽ പരാഗങ്ങൾ സങ്കലനം ചെയ്താൽ മാത്രമേ വിത്തുണ്ടാവുകയുള്ളൂ എന്നാണ്. ഡാർവിന് തന്നെ തൃപ്തമെന്ന് തോന്നാത്ത ഈ പരികല്പന അധികം വൈകാതെ തന്നെ തിരസ്കരിക്കപ്പെടുകയും ചെയ്തു. മെൻഡലിന്റെ പ്രബന്ധം വായിച്ചിരുന്നെങ്കിൽ ഡാർവിൻ ഇങ്ങനെയൊരു സാഹസത്തിന് മുതിരില്ലായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഡാർവിൻ തന്റെ പാൻജനസിസ് പരികല്പന രൂപീകരിച്ചത് മെൻഡലിന്റെ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പായിരുന്നു  എന്നതിന് തെളിവുണ്ട്. 1968 ൽ പീറ്റർ വോർസിമ്മർ  (Peter J. Vorzimmer) എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു : “പാൻജനസിസ്, ഒരു താൽക്കാലിക പരികല്പന എന്ന ലേഖനത്തിന്റെ ഒരു കൈയെഴുത്തുപ്രതി ഡാർവിൻ തന്റെ സുഹൃത്തായ തോമസ് ഹെൻറി ഹക്സ്ലിക്ക് ( Thomas Henry Huxley) 1865 മെയ് അവസാനത്തോടെ അയച്ചുകൊടുത്തു.” മെൻഡലിന്റെ പ്രബന്ധം അച്ചടിച്ചുവരുന്നത് 1866 ലാണ്.

മെൻഡലിന്റെ ലേഖനം (കൈയെഴുത്തുപ്രതി)

നേഗലിക്കുള്ള എഴുത്തുകൾ 

മെൻഡലിന്റെ ലേഖനം കൈപ്പറ്റിയതിന് ശേഷം ഒരേ ഒരാൾ മാത്രമാണ് മറുപടിയെഴുതിയത്. പ്രശസ്ത സ്വിസ്സ് സസ്യശാസ്ത്രജ്ഞൻ കാൾ നേഗലി (Carl Nageli).  നേഗലിയും മെൻഡലിന്റെ നിഗമനങ്ങളെ പൂർണമായി വിശ്വസിച്ചിരുന്നില്ല എന്നുവേണം കരുതാൻ. മറ്റു ചില  സസ്യങ്ങളിൽ കൂടി തന്റെ പഠനങ്ങൾ തുടരാനുള്ള നിർദേശവും ഉപദേശവുമാണ് നേഗലി നല്കിയത്. മെൻഡലുമായി എഴുത്തുകുത്തുകൾ നടത്തുന്ന അതേ കാലഘട്ടത്തിൽ തന്നെ നേഗലി ഡാർവിനുമായും സമ്പർക്കം പുലർത്തുന്നുണ്ടായിരുന്നു.  മെൻഡലിന്റെ നിഗമനങ്ങൾ അർഹിക്കുന്ന ഗൌരവത്തിലെടുക്കാത്തതുകൊണ്ടാവാം അദ്ദേഹത്തിന്റെ പഠനങ്ങൾ നേഗലി ഡാർവിനുമായി പങ്കുവെക്കാതിരുന്നത്. മെൻഡലും നേഗലിയുമായുള്ള എഴുത്തുബന്ധം 1866 മുതൽ 1873 വരെ നീണ്ടുനിന്നു. 1905 ൽ കാൾ കോറൻസ് (Carl Correns) സമാഹരിച്ച പത്ത് എഴുത്തുകളിൽ മെൻഡൽ ഡാർവിന്റെ പേര് മൂന്നു പ്രാവശ്യം  പരാമർശിക്കുന്നുണ്ട്. 1870 ജൂലൈ മൂന്നിനയച്ച എഴുത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

“എനിക്ക് കണ്ണിന് നല്ല സുഖമില്ലെങ്കിലും ഒരു പരീക്ഷണം നീട്ടിവെക്കുക അസാദ്ധ്യമായിരുന്നു. അത് കോഡിന്റേയും ഡാർവിന്റേയും അഭിപ്രായവുമായി ബന്ധപ്പെട്ടതാണ്. അവർ പറയുന്നത് നാലുമണി പൂവിന്റെ (Mirabilis jalappa ) പരാഗണത്തിന് ഒരു പരാഗം മാത്രം മതിയാവില്ലെന്നതാണ്. എന്നാൽ ഞാൻ നടത്തിയ പരീക്ഷണത്തിൽ ഒരു പരാഗം കൊണ്ട് പരാഗണം നടത്തി 18 വിത്തുകൾ ഉണ്ടാക്കാൻ കഴിഞ്ഞു. അവയെല്ലാം മുളയ്ക്കുകയും പത്തെണ്ണം ഇപ്പോൾ തന്നെ പൂവിടുകയും ചെയ്തു.” 

നാലുമണിപ്പൂവ് (Mirabilis jalappa ) കടപ്പാട് : വിക്കിമീഡിയ കോമൺസ്

രണ്ടാമത്തെ പരാമർശവും അതേ എഴുത്തിൽ തന്നെയാണ്. “മറ്റുചില ഗവേഷകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ‘the variation of animals and plants under domestication’ എന്ന തന്റെ പുസ്തകത്തിൽ സങ്കര സസ്യങ്ങളെ കുറിച്ച് ഡാർവിൻ നടത്തുന്ന പരാമർശങ്ങൾ തിരുത്തേണ്ടതുണ്ട്.”    1870 സപ്തംബർ 27 ന് എഴുതിയ കത്തിലാണ് മൂന്നാമത്തേയും അവസാനത്തേയും പരാമർശം. “ഡാർവിനും വിർച്ചോവും പരാമർശിക്കുന്ന, ചെടികളുടെ സ്വഭാവ വിശേഷങ്ങളുടെ (characters) സ്വതന്ത്രമായ നിലനിൽപ്പിനെ സാധൂകരിക്കുന്നവയാണ് സങ്കര സസ്യങ്ങളുടെ സ്വഭാവ രീതി.” ഈ പരാമർശങ്ങൾ തെളിയിക്കുന്നത്  ഡാർവിന്റെ പഠനങ്ങൾ അദ്ദേഹം വസ്തുനിഷ്ഠവും കർക്കശവുമായ വിശകലനങ്ങൾക്ക് വിധേയമാക്കിയിരുന്നുവെന്നാണല്ലോ. ഇതിന് പുറമേ ഡാർവിന്റെ പുസ്തകങ്ങളിൽ പെൻസിൽ കൊണ്ടുള്ള അടയാളപ്പെടുത്തലുകളും കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പൊതുവേ ഡാർവിനിസത്തോട് അനുകൂലമായ നിലപാടാണ് മെൻഡലിനുണ്ടായിരുന്നതെങ്കിലും മൂന്ന് കാര്യങ്ങളിൽ വിയോജിപ്പുമുണ്ടായിരുന്നു. 

 1. പാൻജനസിസ്
 2. പ്രത്യുല്പാദനത്തിൽ  പുരുഷ ഘടകങ്ങൾക്ക് സ്ത്രീഘടകങ്ങളെക്കാൾ  പ്രാമുഖ്യമുണ്ടെന്ന കാഴ്ചപ്പാട്
 3. മാറുന്ന ജീവിത സാഹചര്യങ്ങൾ പാരമ്പര്യ പ്രേഷണം ചെയ്യാൻ കഴിവുള്ള വ്യതിയാനങ്ങൾ (heritable variations) ഉണ്ടാക്കാമെന്ന നിരീക്ഷണം.

സ്വന്തം പരീക്ഷണാനുഭവങ്ങളുടെ വെളിച്ചത്തിലായിരുന്നു ഈ മൂന്ന് വിയോജിപ്പുകളും എന്നത് ഒരു ശാസ്ത്രജ്ഞൻ  എന്ന നിലയിലുള്ള മെൻഡലിന്റെ ഔന്നത്യത്തിന് തെളിവാണ്.

ചാൾസ് ഡാർവ്വിനും റസ്സൽ വാലസ്സും

പ്രതിഭാ സംഗമങ്ങൾ

പ്രതിഭാ സംഗമങ്ങൾ ശാസ്ത്രഗതിയെ എങ്ങനെ ത്വരിതപ്പെടുത്തുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഡാർവിൻ- വാലസ് സംഗമം. 1836 ൽ, സുപ്രസിദ്ധമായ എച്ച് . എം.എസ്സ് ബീഗിൾ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളാണ് ചാൾസ് ഡാർവിൻ  പ്രകൃതി നിർദ്ധാരണം വഴിയുള്ള ജൈവപരിണാമം എന്ന ആശയം രൂപപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട പ്രഥമലേഖനം എഴുതുന്നത് 1844 ലാണ്. ഭാര്യയും സുഹൃത്തുക്കളും ഏറെ നിർബന്ധിച്ചെങ്കിലും ലേഖനം ഉടനെ  പ്രസിദ്ധപ്പെടുത്താൻ ഡാർവിൻ തയാറായില്ല. കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ആ കാത്തിരിപ്പ് പതിനാല് വർഷം നീണ്ടുപോയി. അങ്ങനെയിരിക്കെ 1858 ൽ മലായ് ദ്വീപസമൂഹത്തിൽ ഗവേഷണം ചെയ്യുന്ന ആൽഫ്രെഡ് റസ്സൽ വാലസ്സിൽ  (Alfred Russel Wallace) നിന്നും ഒരെഴുത്തും കൂടെ ഒരു ഗവേഷണ ലേഖനവും ഡാർവിനെ തേടിയെത്തുന്നു. ലേഖനം വായിച്ച് ഡാർവിൻ അക്ഷരാർഥത്തിൽ ഞെട്ടി. തന്റെ അതേ ആശയം തന്നെ മറ്റൊരാൾ കണ്ടെത്തിയിരിക്കുന്നുവെന്ന സത്യം അദ്ദേഹത്തെ പരിഭ്രാന്തനാക്കി. തന്റെ രണ്ടു പതിറ്റാണ്ട് നീണ്ടു നിന്ന കഠിനപ്രയത്നം വൃഥാവിലായോ  എന്നദ്ദേഹം ഭയന്നു. ഇനിയും കാത്തുനില്ക്കുന്നത് ശുദ്ധ വിഡ്ഡിത്തമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ഡാർവിൻ പൂഴ്ത്തിവെച്ച തന്റെ ലേഖനവും വാലസിന്റെ ലേഖനവും ഒരു കുറിപ്പുസഹിതം സുഹൃത്തുകൂടിയായ സർ ചാൾസ് ലൈലിന് (Sir Charles Lyell) അയച്ചുകൊടുത്തു. ഡാർവിന്റേയും വാലസിന്റെയും അഭാവത്തിൽ ഇരുലേഖനങ്ങളും 1858 ജൂലൈ ഒന്നിന് ലണ്ടനിലെ ലിനയൻ സൊസൈറ്റിയിൽ വായിക്കപ്പെട്ടു. ഒരു വർഷത്തിന് ശേഷം 1859ൽ ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസും പുറത്തുവന്നു. ഒരുപക്ഷേ മേൽപറഞ്ഞ ആശയസംഗമം നടന്നിരുന്നില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് ഒരു ദശകമെങ്കിലും കഴിഞ്ഞുമാത്രമേ ലോകചരിത്രം തന്നെ മാറ്റിമറിച്ച ആ മഹദ്ഗ്രന്ഥം പ്രകാശം കാണുമായിരുന്നുള്ളൂ.

നഷ്ടം ആർക്ക് ?

നടക്കാതെ പോയ മെൻഡൽ-ഡാർവിൻ സംഗമം കൊണ്ട് ആർക്കാണ് നഷ്ടമുണ്ടായത്? ഏതായാലും ഡാർവിനല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ അർഹമായതോ അതിൽ കൂടുതലോ പ്രശസ്തി ലഭിച്ചിട്ടുണ്ട് ഡാർവിന് എന്ന് നിസ്സംശയം പറയാം. എന്നാൽ ശാസ്ത്രത്തിന് വലിയ നഷ്ടം തന്നെയാണ് സംഭവിച്ചത്- നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾ. ഡാർവിനും വാലസും ഒന്നിച്ചതുപോലെ ഒരു ഡാർവിൻ- മെൻഡൽ സംഗമം ഒരു പക്ഷേ പരിണാമശാസ്ത്രത്തിന്റെ ചരിത്രഗതിതന്നെ മാറ്റിമറിക്കുമായിരുന്നു. ഏറ്റവും വലിയ നഷ്ടം മെൻഡലിന് തന്നെ. ജീവിച്ചിരുന്ന കാലത്ത് അർഹതപ്പെട്ട പ്രശസ്തിയുടെ ഒരു കണികപോലും അദ്ദേഹത്തിന് ലഭിച്ചില്ലല്ലോ.  ജനിതക സിദ്ധാന്തങ്ങളെയും പരിണാമ സിദ്ധാന്തങ്ങളെയും സംയോജിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച തിയോഡോസിയസ് ഡോബ്ഴാൻസ്കി (Theodosius Dobzhanski) പറയുന്നത് കേൾക്കൂ:

“ശാസ്ത്രചരിത്രത്തിലെ ദുരന്ത കഥാപാത്രങ്ങളിൽ ഓരാളാണ്  ഗ്രിഗർ മെൻഡൽ. 1865 ലെ ജീവശാസ്ത്രജ്ഞർ മെൻഡലിന്റെ ആശയങ്ങൾ മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിവുള്ളവരായിരുന്നില്ല. എന്നാൽ 1865 ൽ മേൽപ്പറഞ്ഞ ഗണത്തിൽ പെടാത്ത ഒരു ജീവശാസ്ത്രജ്ഞൻ ജീവിച്ചിരുന്നു. ചാൾസ് ഡാർവിനായിരുന്നു ആ ജീവശാസ്ത്രജ്ഞൻ.”    


അവലംബം

 1. Bishop, BE  (1996). Mendel’s Opposition to Evolution and to Darwin. Journal of Heredity. 87: 205-213
 2. Darwin, Charles (1868). The variation of animals and plants under domestication.
 3. Dobzhansky, T (1965). Mendelism, Darwinism, and Evolutionism: Proceedings of the American Philosophical Society, Vol. 109, No. 4, Commemoration of the Publication of Gregor Mendel’s Pioneer Experiments in Genetics (Aug. 18, 1965), pp. 205-215.
 4. Fairbank DJ (2020).  Mendel and Darwin: untangling a persistent enigma.  Heredity. Volume 124, pages 263–273.
 5. Mendel, G (1950). Gregor Mendel’s Letters to Carl Nageli. Genetics, 35(5, pt 2): 1–29.
 6. Shermer, Michael (2002). In Darwin’s shadow: The life and science of Alfred Russel Wallace. Oxford University Press.
 7. Vorzimmer, JP (1968).  Darwin and Mendel: The Historical connection.  Isis, Vol. 59, No. 1 (Spring, 1968), pp. 77-82.
 8. Yongsheng Liu and Xiuju Li (2015).  Darwin and Mendel today: a comment on “Limits of
 9. imagination: the 150th Anniversary of Mendel’s Laws, and why Mendel failed to see the importance of his discovery for Darwin’s theory of evolution. NRC Research Press.

Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “മെൻഡലും ഡാർവിനും കണ്ടുമുട്ടിയിരുന്നെങ്കിൽ 

Leave a Reply

Previous post ഫീൽഡ്സ് മെഡൽ 2022
Next post വിക്ടോറിയ ബൊളീവിയാന – ലോകത്തിലെ ഏറ്റവും വലിയ വാട്ടർലില്ലി
Close