Read Time:10 Minute

അമേരിക്കയിലെ അപ്രത്യക്ഷമാകുന്ന ദ്വീപ്

അമേരിക്കയിലെ ആദ്യത്തെ കാലാവസ്ഥാ അഭയാർഥികളാകാൻ ഒരുങ്ങുകയാണ് കരീബിയൻ ദ്വീപിലെ ഗുണ ജനത

100 വർഷത്തിലേറെയായി തദ്ദേശീയരായ ഗുണ ജനത ഒരു ചെറിയ കരീബിയൻ ദ്വീപിലാണ് താമസിക്കുന്നത്. ഇപ്പോൾ, അവർ അമേരിക്കയിലെ ആദ്യത്തെ കാലാവസ്ഥാ അഭയാർഥികളാകാൻ ഒരുങ്ങുകയാണ്. അമേരിക്കയിലെ അപ്രത്യക്ഷമാകുന്ന ദ്വീപ് ആണ് ഗാർഡി സുഗദബ്  ദ്വീപ്. പനാമയിലെ ഗുണ യാല പ്രവിശ്യയിലെ സാൻ ബ്ലാസ് ദ്വീപസമൂഹത്തിലെ ഒരു ദ്വീപാണ്  ഗാർഡി സുഗ്ദബ്  

തദ്ദേശീയ ഗുണ സമുദായത്തിലെ ഏകദേശം 1,300 അംഗങ്ങൾ ഇവിടെ താമസിക്കുന്നു. ഗാർഡി സുഗ്ദബ് ദ്വീപിലെ ജനങ്ങൾ പനാമയുടെ പ്രധാന ഭൂപ്രദേശത്തേക്ക് മാറാനുള്ള പ്രക്രിയയിലാണ്, കാരണം സമുദ്രനിരപ്പ് ഉയരുന്നതിനാൽ ഈ ദ്വീപ് ഉടൻ കടലിനടിയിൽ അപ്രത്യക്ഷമാകും .

Photo Credit : Wikimedia Commons

പനാമ സിറ്റിയിൽ നിന്ന് 110 കിലോമീറ്റർ വടക്കു കിഴക്കു ദിശയിൽ കരമാർഗം സഞ്ചരിച്ചു കാർട്ടിയിലെ തീരദേശ വാസസ്ഥലത്തേക്ക് എത്താം. അല്ലെങ്കിൽ വിമാന മാർഗം കാർട്ടി വിമാനത്താവളത്തിലേക്ക് എത്താം. അവിടെ നിന്ന് ദ്വീപിലെത്താനുള്ള ഏക മാർഗം പ്രാദേശിക ഗുണ അംഗങ്ങൾ നടത്തുന്ന ബോട്ട്-ടാക്സി വഴിയാണ്.

Photo Credit : Arnulfo Franco/AP PHOTO

1990 കൾ മുതൽ, ഈ ദ്വീപിലെ നിവാസികൾ അവരുടെ ഓടുമേഞ്ഞതും തകര മേൽക്കൂരയുള്ളതുമായ വീടുകളിൽ പതിവായി വെള്ളപ്പൊക്കം ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ട്, പ്രത്യേകിച്ചും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മഴക്കാലത്ത്. ഗാർഡി സുഗദബിനു ചുറ്റുമുള്ള സമുദ്രനിരപ്പ് പ്രതിവർഷം 3.4 മില്ലിമീറ്റർ വർദ്ധിക്കുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഗാർഡി സുഗ്ദബ് ദ്വീപ് സമുദ്രനിരപ്പിൽ നിന്ന് 0.5 മീറ്റർ മുതൽ 1 മീറ്റർ വരെ മാത്രം ഉയരത്തിലായതിനാൽ, ഈ ദ്വീപ് 2100 ഓടെ അപ്രത്യക്ഷമാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.

Photo Credit : Michael Adams

അതിനാൽ ഈ ദ്വീപിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ 2017 ൽ ഫണ്ടിന്റെ കുറവ് കാരണം ഈ നീക്കം നിർത്തിവച്ചു. 2024 ജൂണിൽ 300 കുടുംബങ്ങൾ ദ്വീപിനടുത്തുള്ള പുതിയ മെയിൻ ലാൻഡ് സെറ്റിൽമെന്റായ ന്യൂവോ കാർട്ടിയിലേക്ക് മാറിയതോടെ പുനരധിവാസ പ്രക്രിയ വീണ്ടും ആരംഭിച്ചു. അടുത്താണെങ്കിലും, പുതിയ വാസസ്ഥലം ഒരു വനഭൂമിയാണ്, ഇത് സമുദ്ര പരിസ്ഥിതിയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇത് അവരുടെ ജീവിതശൈലിയിലും 200 വർഷം പഴക്കമുള്ള സംസ്കാരത്തിലും മാറ്റത്തിന് കാരണമായേക്കാം.

സമുദ്ര നിരപ്പ് ഉയരാനുള്ള കാരണങ്ങൾ

മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം ഭൂമിയുടെ ശരാശരി ഉപരിതല താപനിലയിലെ ദീർഘകാല വർദ്ധനവിനെ ആഗോളതാപനം എന്ന് വിളിക്കുന്നു. പ്രധാനമായും കാർബൺ ഡൈ ഓക്സൈഡ് (CO₂), മീഥെയ്ൻ (CH₄), നൈട്രസ് ഓക്സൈഡ് (N₂O) തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ (GHG) പുറന്തള്ളൽ മൂലമാണ് ആഗോള താപനം ഉണ്ടാകുന്നത്.

Photo Credit : BBC
ആഗോളതാപനം മൂലം പ്രധാനമായും രണ്ട് മാർഗങ്ങളിലൂടെയാണ് സമുദ്ര നിരപ്പ് ഉയരുന്നത്
  1. ജലത്തിന്റെ താപ വികാസം (Thermal expansion of water)
  2. ഐസ് ഷീറ്റുകളും ഹിമാനികളും ഉരുകൽ (The melting of ice sheets and glaciers)

ലോകത്തിലെ ഹിമാനികളിൽ ഭൂമിയിലെ ശുദ്ധജലത്തിന്റെ ഗണ്യമായ അളവ് സംഭരിക്കപ്പെട്ടിരിക്കുന്നു. ഗ്രീൻലാൻഡിലെയും അന്റാർക്ടിക്കിലെയും ഹിമാനികൾ ഒഴികെയുള്ള ലോകത്തെ ഹിമാനികളിൽ എല്ലാം കൂടി ലോകത്തിലെ ശുദ്ധജലത്തിന്റെ 69% വും സംഭരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ഹിമാനികൾ ഉരുകുന്നത് സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നു. ആഗോള താപനില വർദ്ധിക്കുന്നതിനനുസരിച്ച് ജലം വികസിക്കുന്നു, ഈ പ്രതിഭാസത്തെ ജലത്തിന്റെ താപ വികാസം എന്ന് വിളിക്കുന്നു. ജലത്തിന്റെ വ്യാസത്തിലുണ്ടാകുന്ന ഈ വർദ്ധനവ് സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നു.

വാക്ക് : കാലാവസ്ഥാ അഭയാർത്ഥി (Climate Refugee)

കാലാവസ്ഥാവ്യതിയാനവും അതിന്റെ അനന്തരഫലങ്ങളും മൂലം സ്വന്തം വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ രാജ്യത്തുനിന്നോ കുടിയേറാൻ നിർബന്ധിതരായ വ്യക്തികളോ സമൂഹങ്ങളോ ആണ് കാലാവസ്ഥാ അഭയാർത്ഥികൾ. സമുദ്രനിരപ്പ് ഉയരൽ, തീവ്രമായ കാലാവസ്ഥാസംഭവങ്ങൾ, വരൾച്ച, കാർഷിക ഉൽപ്പാദനത്തിലെ നഷ്ടം എന്നിങ്ങനെ വിവിധ പാരിസ്ഥിതിക വെല്ലുവിളികൾക്ക് കാലാവസ്ഥാമാറ്റം കാരണമാകുന്നുണ്ടെന്ന് അറിയാമല്ലോ? ഈ മാറ്റങ്ങൾ വ്യക്തികളുടെ ഉപജീവനമാർഗങ്ങൾ, വിഭവലഭ്യത, ജീവിതനിലവാരം എന്നിവയിൽ എല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ഈ വെല്ലുവിളികൾ അവരുടെ യഥാർത്ഥ സ്ഥലത്ത് ജീവിതം തുടരുന്നത് ബുദ്ധിമുട്ടുള്ളതോ അസാധ്യമോ ആക്കുന്നു. അങ്ങനെ അവർ മറ്റിടങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്നു.

കാലാവസ്ഥാ അഭയാർത്ഥി” എന്ന പദത്തിന് അന്താരാഷ്ട്ര നിയമസംഹിതകളിൽ  അംഗീകൃതനിർവചനം ഒന്നും ഇല്ല കേട്ടോ. 1951 ലെ അഭയാർത്ഥി കൺവെൻഷൻ പോലെ നിലവിലുള്ള നിയമ ചട്ടക്കൂടുകൾ, അഭയാർത്ഥിത്വത്തിന്റെ കാരണം എന്ന രീതിയിൽ കാലാവസ്ഥാ വ്യതിയാനത്തെ വ്യക്തമായി ഉൾപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനം മൂലം കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികളുടെയും സമൂഹങ്ങളുടെയും സംരക്ഷണആവശ്യങ്ങൾ വിലയിരുത്തുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനുമായി നിരവധി ചർച്ചകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ ആഗോളതലത്തിൽ കാലാവസ്ഥാ അഭയാർത്ഥി എന്ന വാക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നു.

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
50 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Previous post ചിപ്പുകൾ ചലിപ്പിക്കുന്ന ലോകക്രമം 
Next post ജൂലൈ 11 – ലോക ജനസംഖ്യാ ദിനം
Close