Thu. Apr 9th, 2020

LUCA

Online Science portal by KSSP

കുമിളുകൾക്കും റെഡ്‌ ഡാറ്റാ ബുക്ക്

ഫംഗസുകളുടേതു മാത്രമായ ഒരു റെഡ്‌ ഡാറ്റാബുക്കിന് രൂപം നൽകാൻ  ഇന്ത്യൻ ശാസ്ത്രജ്ഞരും ശ്രമം തുടങ്ങി.
എൻ എസ്‌ അരുൺകുമാർ
ഫംഗസുകളുടേതു മാത്രമായ ഒരു റെഡ്‌ ഡാറ്റാബുക്കിന് രൂപം നൽകാൻ  ഇന്ത്യൻ ശാസ്ത്രജ്ഞരും ശ്രമം തുടങ്ങി.
വംശനാശഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുന്നതാണ് ‘ചുവന്ന വിവര’ങ്ങളുടെ പട്ടിക എന്നറിയപ്പെടുന്ന റെഡ്‌ ഡാറ്റാബുക്ക്. സസ്യങ്ങളേയും ജന്തുക്കളേയും റെഡ്‌ ഡാറ്റാബുക്കിൽ ഉൾപ്പെടുത്താറുണ്ട്. സസ്തനികളും ഉരഗങ്ങളും ഉഭയജീവികളും ഔഷധസസ്യങ്ങളുമടക്കം അനവധി ജീവികൾ ഇന്ന് വംശനാശം കാത്തുനിൽക്കുന്നവയുടെ പട്ടികയിൽ ഉൾപ്പെട്ടുകഴിഞ്ഞു. ആഗോളതാപനത്തിന്റേതായ പുതുകാലത്തിൽ ജീവിവർഗങ്ങളുടെയെല്ലാം വംശനാശസാധ്യത അധികരിച്ചിട്ടുണ്ട്‌. ലോകത്തിലെമ്പാടുമായി 7000  ജീവി സ്പീഷീസ്‌ സമ്പൂർണവംശനാശത്തിന്റെ നിഴലിലാണെന്നാണ് കണക്ക്. ഇക്കൂട്ടത്തിലുള്ള  കുമിളുകൾ അഥവാ  ഫംഗസുകളുടേതു മാത്രമായ ഒരു റെഡ്‌ ഡാറ്റാബുക്കിന് രൂപം നൽകാൻ  ഇന്ത്യൻ ശാസ്ത്രജ്ഞരും ശ്രമം തുടങ്ങി.
ഭൂമുഖത്ത് നിലനിൽക്കുന്ന ജീവനെ അഞ്ച് വിഭാഗത്തിൽ പെടുന്നവ ആയാണ് ശാസ്ത്രജ്ഞർ തരംതിരിച്ചിരിക്കുന്നത്. അമേരിക്കൻ പരിസ്ഥിതിശാസ്ത്രജ്ഞനായ റോബർട്ട് വിറ്റേക്കർ (1920–- 1980) ആയിരുന്നു ഇത്തരമൊരു വർഗീകരണവ്യവസ്ഥ ആദ്യം ഉന്നയിച്ചത്. ഇതനുസരിച്ച് പരിണാമത്തിന്റെ ഏറ്റവും താഴെയുള്ള പടിയിൽ നിൽക്കുന്നവയെന്ന് വിശ്വസിക്കപ്പെടുന്ന ഏകകോശജീവികളെ മൊണീറ (Monera) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാക്ടീരിയകളെല്ലാം ഈ വിഭാഗത്തിലാണുൾപ്പെടുന്നത്. പിന്നീടുള്ളത് ആൽഗകൾ എന്ന പേരിലറിയപ്പെടുന്ന പായലുകളെ ഉൾപ്പെടുന്ന പ്രോട്ടിസ്റ്റ (Protista) എന്ന വിഭാഗമാണ്. മൂന്നാമതായി വരുന്നതാണ് കുമിളുകളെ ഉൾക്കൊള്ളുന്ന ഫൻജൈ (Fungi) വിഭാഗം. സസ്യങ്ങളെയും ജന്തുക്കളെയും പ്ലാന്റൈ  (Plantae), അനിമാലിയ (Animalia) എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങളിലായും ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇതിൽ ഫൻജൈ വിഭാഗത്തിൽപ്പെടുന്ന ജീവിസ്പീഷീസുകളുടെ വംശനാശത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ റെഡ്‌ ബുക്ക് അത്രയ്ക്കും ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. ഇത് പരിഹരിക്കാനാണ് ഡെറാഡൂൺ ആസ്ഥാനമായുള്ള ഇന്ത്യൻ വനഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ ശ്രമം.റെഡ്‌ ഡാറ്റാ ബുക്കിന്റെ പുതിയ അനുച്ഛേദം
1965ലാണ് റെഡ്‌ ഡാറ്റാ ബുക്കിന് തുടക്കമാവുന്നത്. വിപുലമായ രാജ്യാന്തരസംവിധാനങ്ങൾ സ്വന്തമായുള്ള ഐയുസിഎൻ(ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്‌ നാച്വർ) എന്ന ലോകപരിസ്ഥിതി സംഘടനയാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജീവികളുടെ വംശനാശനില നിർണയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അതാതു ജീവികൾ അധിവസിക്കുന്ന ഭൂമേഖല അവകാശമാക്കുന്ന ലോകരാജ്യങ്ങൾക്ക് അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധ്യപ്പെടുത്തുകയുമാണ് ഐയുസിഎന്നിന്റെ ജോലി.വംശനാശം സംഭവിച്ചത് (Extinct), വംശനാശഭീഷണി നേരിടുന്നത് (Endangered), വംശനാശസാധ്യതയുള്ളത് (Vulnerable)  എന്നിങ്ങനെയാണ് ജീവികളെ അവയുടെ വംശനാശതീവ്രതയുടെ അടിസ്ഥാനത്തിൽ വർഗീകരിച്ചിരിക്കുന്നത്. ഈ മാതൃകയിലുള്ള തരംതിരിക്കൽ സാധ്യമാവുന്നതരത്തിൽ കുമിളുകളുടെ വംശനാശനില ആഗോളതലത്തിൽ നിർണയിക്കാനുള്ള ഏകീകൃതമായ ശ്രമങ്ങൾ മുൻകാലങ്ങളിൽ നടന്നിരുന്നില്ല. 2014ൽ മാത്രമാണ് ഐയുസിഎൻ ഇതേക്കുറിച്ച് ചിന്തിക്കുന്നത്. ഫംഗൽ റെഡ്‌ ഡാറ്റാ ഇനിഷ്യേറ്റീവ് എന്നായിരുന്നു ഇതറിയപ്പെട്ടത്. തുടർന്ന് ബൾഗേറിയ ഉൾപ്പെടെയുള്ള 36 രാജ്യങ്ങൾ ഇതേത്തുടർന്ന് കുമിളുകൾക്ക് മാത്രമായുള്ള റെഡ്‌ ഡാറ്റാ ബുക്ക് തയ്യാറാക്കി.

കുമിളുകളുടെ റെഡ്‌ ഡാറ്റാ ബുക്ക് എന്തിന്‌ ?

പരിണാമപരമായി ബാക്ടീരിയകളിൽനിന്നും ഒരുപടി മുകളിൽ നിൽക്കുന്ന ഫംഗസുകളുടെ സഹായത്തോടെ മാത്രമേ മനുഷ്യന് രോഗകാരികളായ ബാക്ടീരിയകളെ തോൽപ്പിക്കാനാവൂ. ആദ്യത്തെ ആന്റിബയോട്ടിക് ആയ പെൻസിലിൻ നിർമിച്ചത്‌ ഒരു ഫംഗസിൽനിന്നുമായിരുന്നു; പെനിസിലിയം നൊട്ടേറ്റം. മഹാരാഷ്‌ട്രയിലെ പിംപിരിയിൽ ഒരു പെൻസിലിൻ ഫാക്ടറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വരക് (Rye) പോലുള്ള ചെടികളുടെ പൂവുകൾക്കുള്ളിൽ ജീവിക്കുന്ന ഫംഗസുകൾ അവയിൽ ഒരു രോഗാവസ്ഥ (Ergot of Rye) സൃഷ്ടിക്കാറുണ്ട്. ഇത്തരം പൂവുകളിലെ അണ്ഡങ്ങളിൽനിന്ന്‌ വേർതിരിക്കപ്പെടുന്ന ജൈവസംയുക്തം വിലയേറിയ ഔഷധമാണ്. ആൽക്കഹോൾ നിർമിക്കുന്നതിന് ഫംഗസ് കൂടിയേ തീരൂ. അനവധി രാസാഗ്നികൾ, ദഹനരസങ്ങൾ, കാർബണിക അമ്ലങ്ങൾ, സസ്യഹോർമോണുകൾ, വൈറ്റമിനുകൾ എന്നിവ കൃത്രിമമായി നിർമിക്കുന്നത് ഫംഗസുകളെ ഉപയോഗിച്ചാണ്. കേക്ക്, ചീസ് തുടങ്ങിയവയുടെ നിർമാണത്തിലും ഫംഗസുകൾ വേണം. അതുകൊണ്ട് വ്യാവസായിക വിപണിയുടെ നിലനിൽപ്പിനായി നാം പുതിയ ഫംഗസുകളെ അന്വേഷിച്ചേ തീരൂ.

പ്രവർത്തനപങ്കാളികൾ
രൂപപരമായി വളരെയധികം വൈവിധ്യപ്പെടുന്നവയാണ് ഫംഗസുകൾ. നഗ്നനേത്രങ്ങൾകൊണ്ടു നോക്കിയാൽ കാണാൻകഴിയാത്ത സൂക്ഷ്മശരീരികൾമുതൽ വലിയ തൊപ്പിക്കൂണുകൾവരെ ഫംഗസുകൾക്കിടയിലുണ്ട്. മഷ്റൂമുകൾ (Mushrooms) എന്നാണ് വലിയതരം കൂണുകൾ അറിയപ്പെടുന്നത്. ഇവയിൽത്തന്നെ ഭക്ഷ്യയോഗ്യമായതും അല്ലാത്തവയുമുണ്ട്. അതുകൊണ്ടുതന്നെ വിവിധ ലക്ഷ്യങ്ങളിലൂടെ ഗവേഷണം നടത്തുന്ന ഒന്നിലധികം സ്ഥാപനങ്ങളുടെ സഹായത്തോടെ മാത്രമേ ഇന്ത്യൻ ഫംഗസുകളുടെ വംശനാശനിലാപഠനം പൂർത്തീകരിക്കാനാവൂ. കോയമ്പത്തൂർ, ജബൽപുർ, ജോധ്പുർ, സിംല, ജോർഹട് എന്നിവിടങ്ങളിലെ വനഗവേഷണസ്ഥാപനങ്ങൾ ഈ മഹാസംരംഭത്തിൽ പങ്കാളികളാവുന്നുണ്ട്. ഒപ്പം ജമ്മു സർവകലാശാലയിലെ സസ്യശാസ്ത്ര വിഭാഗവും. ഇൗ വർഷം ഇന്ത്യൻ കുമിളുകളുടെ റെഡ്‌ ഡാറ്റാബുക്ക് യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.


കടപ്പാട് :  ദേശാഭിമാനി

%d bloggers like this: