തീപ്പൊരികളെ കാത്തുകൊണ്ട്


പ്രഭ ചാറ്റർജി

പ്രശസ്ത ശാസ്ത്രജ്ഞയായ പ്രഭ ചാറ്റര്‍ജി ശാസ്ത്രഗവേഷണലോകത്തിലേക്ക് എത്തിയതെങ്ങിനെയെന്നു പങ്കിടുന്നു…

ഞാൻ പത്താം ക്ലാസിൽ പഠിച്ചിരുന്നപ്പോൾ ഞങ്ങളുടെ രസതന്ത്രം ക്ലാസ്സുകൾ ലബോട്ടറിയിൽ തന്നെയാണ് നടത്തിയിരുന്നത്. രസതന്ത്രം ടീച്ചർ സമവാക്യങ്ങൾ ബോർഡിൽ എഴുതി വിശദീകരിക്കുന്നതോടൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ചെയ്തുകാണിക്കും. ചിലപ്പോഴൊക്കെ നിത്യജീവിതത്തിലെ ഉദാഹരണങ്ങളും അവർ പറയും. അടുത്തുള്ള സോപ്പ് ഫാക്ടറിയിലേക്കും റബ്ബർ ഫാക്ടറിയിലേക്കും അവർ ഞങ്ങളെ കൊണ്ടുപോയത് എനിക്കോർമയുണ്ട്. ഞാനും എന്റെ ചേച്ചിയും രസതന്ത്രത്തിലെ ഈ ആനന്ദം പങ്കുവച്ചിരുന്നു. ചിലപ്പോൾ അടുക്കളയും ഭക്ഷണമേശയും ഞങ്ങളുടെ പരീക്ഷണശാലകളാകും. ഇതെല്ലാം തന്നെ ശാസ്ത്രത്തിലുള്ള താൽപര്യം വർധിപ്പിക്കാൻ സഹായകമായി. പരീക്ഷാഫലം വന്നപ്പൊഴും ഞങ്ങളുടെ മികവ് പ്രകടമായി. സ്വാഭാവികമായും പ്രീഡിഗ്രിക്ക് (അന്നത്തെ പ്ലസ്ടു) ഞാൻ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളാണെടുത്തത്. നഗരത്തിൽ നിന്ന് ഞങ്ങളുടെ ഗ്രാമത്തിലെ തറവാട്ടിലേയ്ക്ക് താമസം മാറിയത് സംഭവങ്ങളുടെ ഗതി തിരിച്ചുവിട്ടു. (ഞങ്ങൾ കുട്ടികൾക്ക് തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ യാതൊരു പങ്കും ഉണ്ടായിരുന്നില്ല). ഒരു ഗ്രാമത്തിലെ കോളജിൽ നിന്ന് എന്ത് ലഭിക്കാനാണ്? ഞാനും ചേച്ചിയും തീർത്തും നിരാശരായി. ശാസ്ത്രത്തിലേയ്ക്കുള്ള പ്രയാണത്തിന്റെ അവസാനമായെന്നു തന്നെ ഞങ്ങൾക്ക് തോന്നി.

പ്രൊഫ. കെ.ആര്‍ ജനാര്‍ദ്ദനന്‍

പക്ഷെ, അത്ഭുതമെന്നു പറയട്ടെ, അതല്ല സംഭവിച്ചത്. ഒറ്റപ്പാലത്തിനടുത്ത് കഷ്ടിച്ച് രണ്ടുകൊല്ലം മുമ്പ് മാത്രം നിലവിൽവന്ന ഈ അണ്ടർഗ്രാജ്വേറ്റ് കോളജ് ഞങ്ങളെ ശാസ്ത്രത്തിലേയ്ക്ക്, പ്രത്യേകിച്ച് രസതന്ത്രത്തിലേയ്ക്ക്, കൈപിടിച്ചുയർത്തുകയായിരുന്നു. വേണ്ടത്ര സൗകര്യങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും അവിടത്തെ അർപ്പണബോധമുള്ള അധ്യാപകർ മാത്രം മതിയായിരുന്നു വിദ്യാർത്ഥികളുടെ ഭാവി ഉറപ്പാക്കാൻ. പാഠപുസ്തകങ്ങൾക്കപ്പുറത്തേയ്ക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയ പ്രഗത്ഭരായ അധ്യാപകരാണ് രസതന്ത്രം പഠിപ്പിച്ചിരുന്നത്. അവരിൽ പ്രത്യേകം പറയേണ്ട വ്യക്തിയാണ് കെ ആർ ജെ എന്ന അധ്യാപകൻ. (ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രസിഡണ്ടായിരുന്ന പ്രൊഫ.കെ ആർ ജനാർദ്ദനൻ : വിവ) ഗവേഷണം എന്ന സങ്കൽപം ഞങ്ങൾക്ക് നൽകിയത് അദ്ദേഹമായിരുന്നു. ഒരു കുറ്റാന്വേഷണകഥ പോലെ ഗവേഷണം ആസ്വാദ്യമായി തോന്നാൻ ആ അധ്യാപകന്റെ ക്ലാസുകളാണ് പ്രചോദനമായത്. ഏറ്റവും നല്ല നാളുകൾ വരാനിരിക്കുകയായിരുന്നു. ഞങ്ങളിൽ ആറ് പേരെ കെ ആർ ജെ പുകഴ്ത്തിയും പാട്ടിലാക്കിയും ശകാരിച്ചും, എന്നുവേണ്ട എല്ലാ രീതികളും ഉപയോഗിച്ച് എൻസിഇആർടിയുടെ സയൻസ് ടാലന്റ് പരീക്ഷയ്ക്ക് തയ്യാറാക്കി. ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ താൽപര്യവും ദൃഢനിശ്ചയവും ഞങ്ങളെ മുന്നോട്ടുകൊണ്ടുപോയി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടക്കുന്ന ഇന്റർവ്യൂവിലേക്ക് ഞങ്ങൾ ആറുപേരെയും തെരഞ്ഞെടുത്തത് അറിഞ്ഞപ്പോൾ കെ ആർ ജെ സന്തോഷം കൊണ്ട് നിലത്തൊന്നുമല്ലാതായി. തുടർന്ന് ഞങ്ങളിൽ മൂന്ന് പേർക്ക് നാഷണൽ സയൻസ് ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ് ലഭിക്കുക കൂടി ചെയ്തതോടെ അദ്ദേഹം വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വിധം ആഹ്ലാദചിത്തനായി.
അവിടെ നിന്ന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പോസ്റ്റ് ഗ്രാജ്വേഷനും പിഎച്ച്.ഡിയും പൂർത്തിയാക്കി ശാസ്ത്രഗവേഷണമേഖലയിൽ നിലയുറപ്പിക്കാൻ എനിക്ക് സഹായകമായത് ആ സ്‌കോളർഷിപ്പ് ആയിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ഗുരുവും അഭ്യുദയകാംക്ഷിയുമായ ആ അധ്യാപകനാണ് എന്റെ ജീവിതത്തിൽ എല്ലാ വഴിത്തിരിവുകളും ഉണ്ടാക്കിയത്. കോളേജിന്റെ അപര്യാപ്തതകളെ മറികടക്കാനും, ഗ്രാമത്തിന്റെ അതിർത്തികൾ ഭേദിക്കാനും അറിവിനെ പിന്തുടരുന്നതിൽ മാത്രം ശ്രദ്ധയൂന്നാനും പഠിപ്പിച്ചത് കെ ആർ ജെ എന്ന അധ്യാപകനാണ്.

സ്‌കോളർഷിപ്പ് ലഭിച്ചതോടെ പല നേട്ടങ്ങളുമുണ്ടായി. പുസ്തകങ്ങൾ വാങ്ങാനുള്ള ഗ്രാന്റും ഓരോ വർഷവും ഒരുമാസം നീളുന്ന സമ്മർ സ്‌കൂളിൽ പോകാനുള്ള അനുമതിയും ലഭിച്ചു. ഇതെല്ലാം ശാസ്ത്രത്തിലുള്ള അഭി രുചിയും താൽപര്യവും വർധിപ്പിക്കാൻ സഹായിച്ചു. പുസ്തകഗ്രാന്റ് വലിയൊരു സഹായമായിരുന്നു. രസതന്ത്രത്തിലെ ക്ലാസിക് പുസ്തകങ്ങൾ വാങ്ങാൻ എനിക്ക് കഴിഞ്ഞു. ഇന്നും അവയിൽ പലതും എന്റെ വീട്ടിലെ ലൈബ്രറിയിൽ ഉണ്ട്.

സമ്മർ സ്‌കൂളുകൾ രസകരം കൂടിയായിരുന്നു. സ്‌കൂൾ നടത്തിയിരുന്നത് ഐഐഎസ്‌സി, നാഷണൽ കെമിക്കൽ ലബോറട്ടറി, നാഷണൽ ഫിസിക്കൽ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ഗവേഷണം ചെയ്യുന്നതെങ്ങനെയെന്ന് അടുത്തറിയാൻ കഴിഞ്ഞു. രാവിലെ ക്ലാസുകളും ഉച്ചതിരിഞ്ഞ് പരീക്ഷണങ്ങളുമായിരുന്നു സമ്മർ സ്‌കൂളുകളിലെ രീതി. ഐഐഎസ്‌സിയിലെ ഒരു സമ്മർ സ്‌കൂളിൽ എ കെ എൻ റെഡ്ഡിയുടെ ഭൗതികരസതന്ത്രം ക്ലാസുകൾ ലഭിച്ചത് അവിസ്മരണീയ അനുഭവമാണ്. ജേണലുകൾ നോക്കാനും പ്രോട്ടോകോൾ പിന്തുടരാനും പരീക്ഷണങ്ങൾ ചെയ്യാനും അവയുടെ ഫലം വിശകലനം ചെയ്യാനും ഞങ്ങൾക്കവിടെ പരിശീലനം ലഭിച്ചു. അതിൽ പലതും ഞങ്ങൾക്ക് ചെയ്യാനാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ഗവേഷണലോകത്തിലേക്കുള്ള നല്ലൊരു കാൽവയ്പ്പായിരുന്നു അത്.

എനിക്ക് എല്ലാ സമ്മർ ക്ലാസുകളിലും പോകാനായില്ല. 1970കളിൽ വിദ്യാർഥി സമരങ്ങൾ മൂലം പരീക്ഷകൾ പലപ്പോഴും നീട്ടിവച്ചതുകൊണ്ട് സമ്മർ സ്‌കൂളിൽ പങ്കെടുക്കാനായില്ല. എന്തായാലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഗവേഷകരുമായി അടുത്തിടപഴകാൻ സമ്മർ സ്‌കൂളുകൾ ഞങ്ങൾക്ക് അവസരം നൽകി. വൈകുന്നേരങ്ങളിൽ നടത്തിയിരുന്ന സാംസ്‌കാരികപരിപാടികൾ ഞങ്ങൾക്ക് നല്ല സുഹൃദ്ബന്ധങ്ങൾ വളർത്താൻ അവസരമേകി.

ദശകങ്ങൾ കടന്നുപോയി. എന്റെ ഗവേഷണം അക്കാദമികരംഗത്തുനിന്ന് സർക്കാരിന്റെ റിസർച്ച് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തിലേയ്ക്കും ഒടുവിൽ, ഇപ്പോൾ വ്യവസായമേഖലയിലേയ്ക്കും എത്തിപ്പെട്ടിരിക്കുന്നു. ഒരു കണക്കെടുപ്പ് നടത്തിയാൽ, നാഷണൽ സയൻസ് ടാലന്റ് സെർച്ച് സ്‌കോളർഷിപ്പ് ലഭിച്ച ഞങ്ങളുടെ ഗ്രൂപ്പിലെ ഏറെപ്പേരൊന്നും ശാസ്ത്രത്തിൽ തുടർന്നിട്ടില്ലെന്ന് കാണാം. എന്നാൽ തുടർന്ന ചുരുക്കം ചിലരാകട്ടെ, ശാസ്ത്രഗവേഷണമേഖലയിൽ വളരെ നല്ല സംഭാവനകൾ നൽകുകയും ശാസ്ത്രീയ ചിന്താഗതി വളർത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എണ്ണം നോക്കുന്നതിൽ കാര്യമില്ല ; 0.1 ശതമാനം പേർ മാത്രമേ ശാസ്ത്രമേഖലയിൽ തുടർന്നുള്ളൂ എങ്കിൽപ്പോലും അതൊരു മഹത്തായ കാര്യമാണ്.

എന്നെപ്പോലെ തന്നെ ഗ്രാമത്തിലെ ആ കോളേജിലെ എന്റെ ജൂനിയറായിരുന്ന പലർക്കും എൻഎസ്ടിഎസ് സ്‌കോളർഷിപ്പ് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ഇത്തരം സ്‌കോളർഷിപ്പ് പദ്ധതികൾ എത്തിക്കണം. ആരെങ്കിലുമൊക്കെ ഒരു തീപ്പൊരിക്കായി കാത്തിരിക്കുന്നുണ്ടാവാം!

പ്രഭ ആർ. ചാറ്റർജി –  ഇപ്പോള്‍ ജോൺ. എഫ്.വെൽഷ് ടെക്നോളജി സെന്ററിലെ (മുമ്പ് ജെനറൽ ഇലക്ട്രിക് ഗോബൽ റിസർച്ച് ആന്റ് ടെക്നോളജി ഡെവലപ്മെന്റ് സെന്റർ), ബെംഗളൂരുവിൽ ശാസ്ത്രജ്ഞയാണ്. കേരളത്തിലെ ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍‍ നിന്നാണ് ബിരുദം നേടിയത്. വിദ്യാർത്ഥിനി ആയിരുന്നപ്പോൾ IISc- ബെംഗളൂരുവിലെ  നാഷണൽ ടാലന്റ് സെർച്ച് സ്കോളർഷിപ് നേടിയിരുന്നു. 1977 ല്‍ IISc ബാഗ്ലൂരില്‍ നിന്നും പിഎച്ച്.ഡി. കരസ്ഥമാക്കി. ഹൈദ്രാബാദിലെ ഇന്ത്യൻ ഇൻസ്റ്റുറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിൽ മുതിന്ന ശാസ്ത്രജ്ഞയായിരുന്നു. സൊസൈറ്റി ഫോർ ബയോമെറ്റീരിയൽസ് & ആർട്ടിഫിഷ്യൽ ഓർഗൻസ് ന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗമായിരുന്നു. വ്യാവസായിക ഗവേഷണത്തിനുള്ള വാസ്‌വിക് (vasvik) അവാർഡ്, എം.ആർ.എസ്.ഐ ലക്ചർ അവാർഡ് എന്നിവ ലഭിച്ചു. ഇന്ത്യയിലെ ശാസ്ത്രസാങ്കേതികവിദ്യാഭ്യാസം സംബന്ധിച്ച നയരൂപീകരണത്തിൽ പങ്കാളിയാണ്. ശാസ്ത്രരംഗത്തിന് പുറമെ സാഹിത്യരംഗത്തും പ്രഭ ചാറ്റര്‍ജി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അല്‍ബേര്‍ട്ട് കാമ്യു, കാഫ്ക തുടങ്ങിയവരുടെയടക്കം ഒട്ടേറെ  നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കെ.രമ വിവര്‍ത്തനം ചെയ്ത് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച വനിതാശാസ്ത്രജ്ഞരെക്കുറിച്ചുള്ള ലീലാവതിയുടെ പെണ്‍മക്കള്‍ എന്ന പുസ്തകത്തില്‍ നിന്നും.

Leave a Reply