സൗജന്യ കോവിഡ് വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണ് – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പൊതുജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പുതിയ വാക്സിനേഷൻ നയം പിന്‍വലിക്കണമെന്നും പൊതു ധനസഹായത്തോടെയുള്ള സാർവത്രികവും സൗജന്യവുമായ വാക്സിനേഷൻ പരിപാടി അടിയന്തിരമായി നടപ്പിലാക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന കേരള സര്‍ക്കാറിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഈ മാതൃക കേന്ദ്രസര്‍ക്കാറും പിന്തുടരുകയാണ് വേണ്ടത്.
പുതിയ വാക്സിനേഷൻ നയമനുസരിച്ച് 50% വാക്സിൻ മാത്രമേ വാക്സിൻ നിർമ്മാതാക്കൾ കേന്ദ്രസർക്കാറിനു വില നിയന്ത്രണത്തോടെ നൽകേണ്ടതുള്ളൂ. ബാക്കി 50 ശതമാനം സംസ്ഥാനങ്ങൾക്കും പൊതുവിപണിയിലും കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് വിൽപ്പന നടത്താനുള്ള സ്വാതന്ത്ര്യമാണ് ഇതിലൂടെ അവർക്ക് ലഭിക്കുന്നത്. സംസ്ഥാനങ്ങൾക്ക് യാതൊരുവിധ ധനസഹായവും ഇതിലേക്കായി ലഭ്യമാക്കിയിട്ടുമില്ല. വിതരണ നീതി പൂർണമായി ഇല്ലാതാക്കുന്ന ഈ നയം മൂലം സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും എല്ലാം വിപണിയിൽ വാക്സിൻ കിട്ടാൻ മത്സരിക്കേണ്ടി വരും.
ഉൽപ്പാദനത്തെക്കാൾ അധികം ആവശ്യം വരുമ്പോൾ സ്വാഭാവികമായും വില കൂടുകയും കരിഞ്ചന്ത വ്യാപകമാവുകയും ചെയ്യും. വാക്സിൻ വിലകൊടുത്തു വാങ്ങി ഉപയോഗിക്കാൻ ശേഷിയില്ലാത്ത വലിയ വിഭാഗം ജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാവാതിരിക്കുക എന്നതായിരിക്കും ഇതിന്റെ അനന്തരഫലം. രാജ്യത്തിന്റെ രോഗപ്രതിരോധ പദ്ധതി വിപണിക്ക് വിട്ടുകൊടുക്കുന്ന ഈ നയം കോവിഡ് പ്രതിരോധത്തെ പൂർണമായും തകർക്കുന്ന നടപടിയാണ്.
നിലവിലുള്ള നിരവധി പൊതുമേഖലാ വാക്സിൻ നിർമ്മാതാക്കൾക്ക് മതിയായ സാമ്പത്തിക സഹായം കേന്ദ്രസർക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ പക്ഷപാത സമീപനം ഉപേക്ഷിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാക്സിൻ നിർമ്മാതാക്കൾക്ക് മതിയായ പിന്തുണ നല്‍കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത്. അതുവഴി വാക്സിന്റെ ആഭ്യന്തര ഉൽപാദനശേഷി വർദ്ധിപ്പിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആവശ്യാനുസരണം വാക്സിന്‍ ലഭ്യമാക്കുന്നതിനുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.
ഈ സാഹചര്യത്തിൽ പുതിയ വാക്സിനേഷൻ നയം പിൻവലിച്ച് എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.