Read Time:20 Minute


യുകിയോ ഥുവിയ
വിവർത്തനം : വി.കെ.ജയ്‌സോമനാഥൻ

ഈ യഥാർത്ഥ കഥ യുദ്ധവും മനുഷ്യരും മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. വെട്ടും കുത്തും ലഹളകളും യുദ്ധങ്ങളുമൊന്നുമില്ലാത്തൊരു ലോകം സാദ്ധ്യമാവണം. ആ ലോകത്തുണ്ടാകേണ്ടത് മഹത്തായ മാനവികതയെക്കുറിച്ചുള്ളൊരു സുന്ദര സ്വപ്നങ്ങളാണ്. എന്നാൽ അത്തരമൊരു സ്വപ്നം സാക്ഷാത്ക്കരിക്കാനായിട്ടില്ല എന്നത് ദുഃഖകരമായൊരു വസ്തുതയാണ്.

സമാധാനത്തിന്റെ ഭാരിച്ച ഉത്തരവാദിത്വം രാഷ്ട്രീയ നേതാക്കളുടേയും നയതന്ത്രജ്ഞരുടേയും സൈനിക മേധാവികളുടേയും കൈകളിൽ മാത്രമാണെന്ന ധാരണ തെറ്റാണ്. ഈ കൂട്ടരെ മാത്രം ഏൽപ്പിച്ച് മാറി നിൽക്കുന്നത് ആണവ വ്യാപന സാഹചര്യമുള്ള യുദ്ധങ്ങൾ മൂലം അസംഖ്യം പേർ മരിച്ച് കൊണ്ടിരിക്കുന്ന ഇന്നത്തെ ലോക സാഹചര്യത്തിൽ കൂടുതൽ ഗുരുതരമായ ഭവിഷത്ത് വിളിച്ചു വരുത്താനെ സഹായിക്കു. യുദ്ധങ്ങൾക്കെതിരെ ലോക സമാധാനത്തിനു വേണ്ടി ലോകത്തെങ്ങുമുള്ള ഓരോ മനുഷ്യനും ശക്തിയായി പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. ഒരു വ്യക്തിക്ക് ചെയ്യാൻ പരിമിതികളുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ ഒരുപാട് ആളുകൾ കൂടിച്ചേരുമ്പോഴുണ്ടാവുന്ന സാമൂഹ്യമായ കരുത്ത് വളരെ വലുതാണ്. കൊച്ചു തുള്ളികൾ കൂടിചേർന്നതാണല്ലോ സമുദ്രം രൂപപ്പെടുന്നത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി നിരവധി റേഡിയോ പ്രഭാഷണങ്ങളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം വിശ്വസ്ഥരായ ആനകളെന്ന ഈ കഥ ഞാൻ പറഞ്ഞിട്ടുണ്ട്. 1951 ലാണിതെഴുതിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത് ടോക്കിയോവിൽ ബോംബുകൾ വീഴുന്നത് സാധാരണ സംഭവമായിരുന്നു. നഗരത്തിൽ സ്ഥിതി ചെയ്യുന്ന കാഴ്ച ബംഗ്ലാവിന്റെ നടത്തിപ്പുകാരെ സംബന്ധിച്ചേടത്തോളം ഈ ബോംബു വർഷം പരിഭ്രാന്തി സൃഷ്ടിച്ചു. കാഴ്ച ബംഗ്ലാവിൽ ബോംബ് വീണാൽ കുറേ മൃഗങ്ങളെങ്കിലും നഗരത്തിലെത്തി ഒട്ടേറെ നാശനഷ്ടങ്ങളുണ്ടാക്കിയേക്കാമെന്നവർ ഭയന്നു. കുറെ മൃഗങ്ങളെ അവർക്ക് കൊല്ലേണ്ടതായി വന്നു. ഇങ്ങനെ കൊന്നവരുടെ കൂട്ടത്തിൽ യുനൊ കാഴ്ച ബംഗ്ലാവിലെ മൂന്ന് ആനകളും ഉൾപ്പെട്ടിരുന്നു. അതിനെക്കുറിച്ചുള്ള ഹൃദയ സ്പർശിയായ വിവരണമാണ് ഈ കൊച്ചു പുസ്തകത്തിന്റെ ഉള്ളടക്കം.

ഈ പുസ്തകം വായിച്ചു പോകുന്നത് നിങ്ങളെ സംബന്ധിച്ചേടത്തോളം തികച്ചും സാധാരണമായൊരു കാര്യമായിരിക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെക്കാലമായി യുദ്ധത്തിനെതിരെ തോൽവിയും ക്ഷീണവുമറിയാതെ നടത്തിവരുന്ന പ്രവർത്തനങ്ങളുടേയും സമാധാനത്തിന്റെ വിത്തുകൾ പാകിയതിന്റെയും ചില ഫലങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്. വളരുന്ന തലമുറയിൽ സമാധാനത്തിന്റെ സന്ദേശമെത്തിക്കാനായിട്ടുണ്ട്. യുദ്ധം സൃഷ്ടിക്കുന്ന നാശനഷ്ടങ്ങൾ അനാവശ്യ ചെലവുകൾ എന്നതിനെയെല്ലാം ആളുകൾ വെറുപ്പോടെ നോക്കാൻ തുടങ്ങിയിരിക്കുന്നു.

യുദ്ധം സൃഷ്ടിക്കുന്ന അതിവിനാശകാരിയായ ഭവിഷത്തുകളെക്കുറിച്ച് തങ്ങളുടെ കുട്ടികളെ ബോധവാന്മാരാക്കുവാൻ അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും കഴിയും. സമാധാന പൂർണ്ണമായ ലോകത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരോട് പറയണം. സമാധാനം നിലനിൽക്കുമെന്ന ലോകമാവണം. പ്രായം കൂടിയവർ പുതു തലമുറയോട് പകർന്ന് നല്‌കേണ്ട സമ്മാനം

ലോകരാഷ്ട്രങ്ങളിലെല്ലാം ഈ പുസ്തകം വായിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇതിലൂടെ ജനമനസ്സുകളിൽ യുദ്ധത്തെ വെറുക്കാനും, ശക്തിയുടേയും സൗഖ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനുമാകും. സമാധാന ബീജങ്ങൾ പൂക്കളായി വിടരുമെന്നും അതിൽ നിന്നും പ്രസരിക്കുന്ന സുഗന്ധം ഞാൻ കരുതുന്നു.

(ചികു അകിയാമ-ടെലിവിഷൻ അവതാരകൻ, നിരൂപകൻ,ടോക്കിയോ – 1988)
വിശ്വസ്ഥരായ ആനകൾ എന്ന ഈ കൊച്ചു പുസ്തകത്തിന്റെ എഴുപത് പതിപ്പുകൾ ഇതിനകം പ്രസിദ്ധീകരിച്ച് കഴിഞ്ഞു.

വിശ്വസ്തരായ ആനകൾ

ജപ്പാനിലെ യുനോ കാഴ്ച ബംഗ്ലാവിൽ നിരവധി ചെറി മരങ്ങൾ പൂത്തു നിൽപ്പുണ്ടായിരുന്നു. അതിലെ റോസ് നിറത്തിലുള്ള മനോഹരമായ പൂക്കൾ സന്ദർശകരുടെ മനം കവർന്നു. പൂക്കളുടെ ഇതളുകൾ വെയിലിൽ വെട്ടിത്തിളങ്ങി. കാറ്റ് വീശുമ്പോൾ പൂക്കൾ നിലത്ത് വീണുകൊണ്ടിരുന്നു. അന്നൊരു ഒഴിവുദിനമായിരുന്നു. ആഹ്ലാദാരവങ്ങളോടെ സന്ദർശകർ കൂടി കൂടി വന്നുകൊണ്ടേയിരുന്നു.


തലയെടുപ്പുള്ള രണ്ട് കൊമ്പനാനകൾ ജനങ്ങളെ രസിപ്പിക്കാനായി പല വിധത്തിലുള്ള വിദ്യകൾ കാണിക്കുന്നുണ്ടായിരുന്നു. മരപ്പലകയിൽ കയറി നിന്ന് ബാലൻസ് ചെയ്യുന്നത് അതിലൊന്നായിരുന്നു. ഇടക്ക് തുമ്പിക്കൈ ഉയർത്തി കാഹളം മുഴക്കുകയും ചെയ്തു. ആ സ്ഥാപനത്തിന് കുറച്ചപ്പുറത്തായി കല്ലുകൾ പതിച്ചൊരു ശവകുടീരം സ്ഥിതി ചെയ്തിരുന്നു. ടോക്കിയോവിലെ യുനോ കാഴ്ച ബംഗ്ലാവിൽ വന്ന് പോകുന്ന സന്ദർശകരുടെ ശ്രദ്ധ ശവകുടീരത്തിൽ പതിയാറില്ല. ഒരിക്കൽ ഞാനവിടെ എത്തിയപ്പോൾ ഒരാളിരുന്ന് ശവകുടീരത്തിൽ പതിച്ചിരുന്ന കല്ലുകൾ തുടച്ച് മിനുസപ്പെടുത്തുന്നത് കാണാനിടയായി. അവിടെ കുഴിച്ച് മൂടിയിരുന്ന ആനകളെക്കുറിച്ചുള്ള കഥ അയാളാണ് എന്നോട് പറഞ്ഞത്.
സന്ദർശകരെ സന്തോഷിപ്പിക്കാനായി മൂന്ന് ആനകളിപ്പോൾ നമ്മുടെ കാഴ്ച ബംഗ്ലാവിലുണ്ട്. കുറേ വർഷങ്ങൾക്ക് മുമ്പ് ഇത് പോലെ മൂന്ന് ആനകൾ ഈ കാഴ്ച ബംഗ്ലാവിലുണ്ടായിരുന്നു. ജോൺ, ടോങ്കി, വാൻലി എന്നീ പേരുകളിലാണവർ അറിയപ്പെട്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ജപ്പാനും യുദ്ധത്തിൽ പങ്കാളിയായിരുന്നു. എന്നും എവിടെയെങ്കിലും ബോംബ് വീഴാത്ത ദിവസം ജപ്പാനിൽ അക്കാലത്തുണ്ടായിരുന്നില്ല. ചില ദിവസങ്ങളിലാകട്ടെ ബോംബുകൾ പേമാരി പോലെ ചിലയിടങ്ങളിൽ പതിച്ചിരുന്നു.

ഒരു ബോംബെങ്ങാനും ഈ കാഴ്ച ബംഗ്ലാവിൽ വീണ് പൊട്ടിച്ചിതറിയാലുണ്ടാകുന്ന ഭവിഷത്ത് അതിഭയങ്കരമായിരിക്കും. മൃഗങ്ങളെ പാർപ്പിച്ചിരുന്ന കൂടുകൾ പലതും തകരും. കൂട്ടത്തോടെ അവർ പുറത്തിങ്ങി ജനനിബിഡമായ നഗരത്തിലെത്തും. പിന്നെയുണ്ടാവുന്ന നാശനഷ്ടങ്ങൾ ഊഹിക്കാൻ പോലുമാവില്ല. ഈ ആപത്ത് ഒഴിവാക്കുന്നതിനായി അവിടെയുള്ള മൃഗങ്ങളെ വിഷം കൊടുത്ത് കൊന്നുകളയാൻ സൈന്യം ഉത്തരവ് നൽകി. സാവധാനത്തിലാണെങ്കിൽ കൂടി സിംഹങ്ങൾ, പുള്ളിപ്പുലികൾ, കരടികൾ, സർപ്പങ്ങൾ എന്നിങ്ങനെ ഓരോരുത്തരേയായി വിഷം കൊടുത്ത് കൊന്ന് കൊണ്ടിരുന്നു.

അവസാനം ബാക്കിയായത് മൂന്ന് ആനകൾ മാത്രം. അവരേയും കൊല്ലുന്നതിനുള്ള ഏർപ്പാടുകൾ തുടങ്ങി. ആദ്യം ജോണിനെകൊല്ലാനാണ് കാഴ്ച ബംഗ്ലാവിന്റെ നടത്തിപ്പുകാർ തീരുമാനിച്ചത്. ഉരുളക്കിഴങ്ങ് ഒരുപാട് ഇഷ്ടപ്പട്ടിരുന്ന ജോണിന് വിഷം ചേർത്തതും ചേർക്കാത്തതും ഇടകലർത്തി ഉരുളക്കിഴങ്ങുകൾ വെച്ചു കൊടുത്തു. സമർത്ഥനായ ജോൺ വിഷം ചേർക്കാത്ത ഉരുളക്കിഴങ്ങുകൾ മാത്രം തെരഞ്ഞെടുത്ത് ഭക്ഷിച്ചു. വിഷം ചേർത്ത ഉരുളക്കിഴങ്ങുകളോരോന്നായി എടുത്ത് അവൻ ദൂരേക്ക് വലിച്ചെറിഞ്ഞു.
ഇനി എന്താണ് മാർഗ്ഗം? കാഴ്ചബംഗ്ലാവിന്റെ നടത്തിപ്പുകാർ ആലോചിച്ചു. ജോണിന്റെ ശരീരത്തിൽ വിഷം വെച്ചുകൊല്ലാം. ഒരാൾ പറഞ്ഞു.
കുതിരകൾക്ക് കുത്തിവെപ്പിനുപയോഗിക്കുന്ന വലിയ സൂചി അതിനു വേണ്ടി ഉപയോഗിക്കാൻ തീരുമാനിച്ചു. അതിൽ വിഷം നിറച്ചു. എന്നാൽ ജോണിന്റെ തൊലിക്ക് കട്ടിയുള്ള കാരണം സൂചി ശബ്ദത്തോടെ പൊട്ടിപ്പോയി. വിഷം കുത്തിവെച്ച് കൊല്ലാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ ഇനി പട്ടിണിക്കിട്ടു കൊല്ലുകയെ നിർവ്വാഹമുള്ളൂ എന്നായി. ജോണിന് ഭക്ഷണവും വെള്ളവും കൊടുക്കുന്നത് നിർത്തി. പാവം ജോൺ 17 ദിവസം വിശപ്പും ദാഹവും സഹിച്ച് ജീവിച്ചു. ഭക്ഷണത്തിനും ഒരിറ്റ് ദാഹജലത്തിനും വേണ്ടി പിടഞ്ഞ് പിടഞ്ഞ് അവസാനം അവൻ ചെരിഞ്ഞു. ജോണിന് ശേഷം ടോക്കിയുടേയും, വാൻലിയുടേയും ഊഴമായി. ഇരുവരും എപ്പോഴുമെന്നപോലെ തങ്ങളുടെ സ്‌നേഹം വഴിയുന്ന കണ്ണുകളുമായി എല്ലാവരെയും വീക്ഷിച്ചു. വലിയ ശരീരമുള്ളവരെങ്കിലും ശാന്തരും സൽസ്വഭാവികളുമായിരുന്നു അവർ. കാഴ്ചബംഗ്ലാവിന്റെ നടത്തിപ്പുകാർക്കാകട്ടെ അവരെ വലിയ ഇഷ്ടവുമായിരുന്നു. അവരെ ടോക്കിയോവിന്റെ വടക്കുഭാഗത്തുള്ള സെൻഡായി കാഴ്ചബംഗ്ലാവിലേക്കയക്കുന്നതിനെ കുറിച്ചവർ ആലോചിച്ചു. എന്നാൽ സെൻഡായി കാഴ്ചബ്ലംഗ്ലാവിൽ ബോംബു വീണാലും മൃഗങ്ങൾ കാഴ്ചബംഗ്ലാവ് തകർത്ത് നഗരത്തിലെത്തുന്ന അവസ്ഥ വരും. അതിനാൽ യുറോ കാഴ്ചബംഗ്ലാവിൽ വെച്ചുതന്നെ ടോക്കിയേയും വാൻലിയേയും കൊന്നുകളയാമെന്ന് അവസാനം അവർ തീരുമാനിച്ചു. ടോക്കിക്കും, വാൻലിക്കും ഭക്ഷണം നൽകുന്നത് നിർത്തി. ദിവസം ചെല്ലുന്തോറും ഭക്ഷണത്തിന്റെ അഭാവം അവരെ തളർത്തി. ശരീരം ശോഷിച്ചു. ആ സാധു മൃഗങ്ങൾ അവശരായി. കാഴ്ചബംഗ്ലാവിലെ ജോലിക്കാർ ആ കൂടിനു സമീപത്തു കൂടെയെങ്ങാനും പോകുമ്പോൾ ആനകൾപിൻകാലുകളിലൂന്നി എന്തിനോയാചിക്കുന്നതുപോലെ ഉയർന്നുനിൽക്കും. ഇങ്ങനെ പട്ടിണിക്കിടാൻ ഞങ്ങൾ നിങ്ങളോടെന്ത് തെറ്റാണ് ചെയ്തത്? അല്പം ഭക്ഷണവും വെള്ളവും തരൂ…. എന്ന് യാചിക്കുന്നതുപോലെ തോന്നും. വിശപ്പിന്റെ കാഠിന്യം ആനകളുടെ മുഖങ്ങളേയും ബാധിച്ചു. അത് ചുരുങ്ങിവന്നു. മനോഹരമായിരുന്ന കണ്ണുകളിപ്പോൾ റബ്ബർ പന്തുകൾപോലെയായി. വിശറിപോലെ നിൽക്കുന്ന ചെവികൾ ചുളുങ്ങിപ്പോയ ശരീരത്തേക്കാൾ വലുതെന്ന് തോന്നിച്ചു. വനത്തിലായിരുന്നെങ്കിൽ രാജാധിരാജന്മാരായി കഴിയേണ്ടവർ ഒന്ന് നോക്കാൻപോലും പറ്റാത്തത്ര വിധം ദയനീയമായ അവസ്ഥയിലായി.


ടോക്കിയുടേയും വാൻലിയുടേയും പരിചാരകൻ അവരെ തന്റെ കുട്ടികളേക്കാളും സ്‌നേഹിച്ചിരുന്നു. ഈ ജീവികളുടെ വിധിയെ പഴിച്ചുകൊണ്ട് അയാൾ ആ കൂടിന്റെ പരിസരങ്ങളിൽ തന്നെ ചുറ്റിപ്പറ്റി നിന്നു. എന്റെ ചങ്ങാതി മാരെ, നിങ്ങൾ എത്ര ദുഃഖിതരാണ്? ഈ അവസ്ഥയിൽ നിങ്ങളെ കാണുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നില്ലല്ലോ. അയാൾ ആത്മഗതം ചെയ്തു.
ഒരു ദിവസം ടോക്കിയും വാൻലിയും തങ്ങളുടെ വലിയ ശരീരം സർവ്വ ശക്തിയുപയോഗിച്ച് ഉയർത്തി. തുമ്പിക്കൈ വായുവിൽ ചുഴറ്റി. ആദ്യമൊക്കെ പരിചാരകൻ തിന്നാനും കുടിക്കാനും എന്തെങ്കിലും നൽകുമായിരുന്നു. ഇത്തവണയും അങ്ങനെയുണ്ടാവുമെന്നവർ പ്രതീക്ഷിച്ചുകാണും. പരിചാരകന് ഈ കാഴ്ച കണ്ട് സഹിക്കാനായില്ല. എന്റെ ടോക്കി, വാൻലി എന്നലറി വിളിച്ചുകൊണ്ട് അയാൾ ഓടി. ഒരു കയ്യിൽ ആനകൾക്കുള്ള തീറ്റയും മറുകയ്യിൽ ബക്കറ്റിൽ നിറയെ വെള്ളവുമായി അയാൾ ആനകൾക്കരികിലെത്തി. ഭക്ഷണവും വെള്ളവും അവർക്ക് നൽകി. എന്റെ ചങ്ങാതിമാരെ, നിങ്ങൾ എത്ര വേണേലും ഭക്ഷണം കഴിക്കൂ… വെള്ളം കുടിക്കൂ. അതും പറഞ്ഞയാൾ ആനയുടെ കാലുകളിൽ കെട്ടിപിടിച്ചുകരഞ്ഞു. പരിപാരകൻ ചെയ്തത് കാഴ്ചബംഗ്ലാവിലെ മറ്റ് ജീവനക്കാർ കണ്ടില്ലെന്ന് നടിച്ചു. കാഴ്ചബംഗ്ലാവിന്റെ ഡയറക്ടർ പോലും ചുണ്ട് കടിച്ചു പിടിച്ച് നിർന്നിമേഷനായി നോക്കിനിന്നതേയുള്ളൂ. ആനകൾക്ക് ഭക്ഷണം നൽകാനിവിടെ ആർക്കും അനുവാദമുണ്ടായിരുന്നില്ല. ആനകളുടെ ആയുസ്സ് ഒരു ദിവസം കൂടിയെങ്കിലും നീട്ടിത്തരണേ എന്നായിരുന്നു കാഴ്ചബംഗ്ലാവിലുള്ള ഏവരുടേയും ആഗ്രഹവും പ്രാർത്ഥനയും. ഒരു പക്ഷെ യുദ്ധം നാളെ അവസാനിക്കുകയാണെങ്കിൽ ആനകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു ശ്രമം നടത്തി നോക്കാമല്ലോ. എന്നാൽ ടോക്കിയും വാൻലിയും ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും പറ്റാത്ത വിധം തീർത്തും അവശരായിരുന്നു. അവർ ഒരു വശത്തേക്ക് മാത്രം ചെരിഞ്ഞുകിടന്നു. കാഴ്ചബംഗ്ലാവിന്റെ മുകളിൽ ആകാശത്ത് ഒഴുകി നടക്കുന്ന വേള്ള മേഘക്കൂട്ടങ്ങളെ നോക്കി കാണാൻ അവർക്ക് കഴിയുമായിരുന്നില്ല. എന്നിട്ടും അവരുടെ കണ്ണുകളുടെ സൂക്ഷ്മതക്കും ഭംഗിക്കും ഒരു കുറവും സംഭവിച്ചിരുന്നില്ല.
ഞങ്ങൾക്കേവർക്കും പ്രിയങ്കരനായ ഈ സാധുമൃഗങ്ങളിങ്ങനെ ഇഞ്ചിഞ്ചായി പിടഞ്ഞു മരിക്കുന്നത് കണ്ടു നില്ക്കുന്ന പരിചാരകന് അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഹൃദയഭേദകമായ ഈ കാഴ്ച ഇനിയും തനിക്ക് കണ്ട് നിൽക്കാനാവില്ലെന്ന് അയാൾക്ക് തോന്നി. കാഴ്ചബംഗ്ലാവിലെ മറ്റ് ജീവനക്കാർക്കും ഇതേ വികാരമായിരുന്നു.

ഇനി ആനകളുടെ കൂടിനടുത്തേക്ക് പോകേണ്ടെന്ന് അവർ തീരുമാനിച്ചു. രണ്ടാഴ്ചകൂടി കഴിഞ്ഞപ്പോൾ ടോക്കിയും വാൻലിയും മൃത്യഗതി പ്രാപിച്ചു. കൂട്ടിൽ അഴികളോട് ചേർന്നാണിരുവരും കിടന്നത്. തുമ്പിക്കൈകൾ പുറത്തേക്ക് തള്ളി നിന്നിരുന്നു. അവിടെ വരുന്ന സന്ദർശകരെ സന്തോഷിപ്പിക്കാൻ തങ്ങളുടെ തുമ്പിക്കൈകൾ മുകളിലേക്കുയർത്തി അവസാന പ്രകടനത്തിന് ശ്രമിച്ചതായിരിക്കാം.

“ആനകൾ ചെരിഞ്ഞു. രണ്ടാനകളും” എന്ന്  പറഞ്ഞുകൊണ്ട് മുഖ്യപരിചാരകർ പറുത്തേക്കോടി, അയാൾ ഉറക്കെ തലക്കടിക്കുന്നുണ്ടായിരുന്നു. നിസ്സഹായതോടെയും, ദേഷ്യത്തോടും അയാൾ കാലുകൾ കൊണ്ട് തറയിൽ ശക്തിയായി ചവിട്ടു. കാഴ്ചബംഗ്ലാവിലെ മറ്റ് ജീവനക്കാരും ഓടിക്കൂടി. അവർ കൂട് തുറന്ന് ആനകൾക്കരികിലത്തി. ടോക്കിയുടേയും വാൻലിയുടയും ദുർബലമായ ശരീരത്തിൽ പിടിച്ച് അവർ ശക്തിയായി ഇളക്കിനോക്കി. ഗാഢനിദ്രയിലകപ്പെട്ടവരെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ. പരാജയപ്പെട്ട് അവരും കൂട്ടക്കരച്ചിലിലിൽ പങ്ക് ചേർന്നു. കാലുകളിലും തുമ്പിക്കൈക്കളിലുമൊക്കെ സ്‌നേഹത്തോടെ തലോടിക്കൊണ്ടിരുന്നു.

തിളങ്ങുന്ന നീലാകാശത്തിലൂടെ ശത്രുരാഷ്ട്രങ്ങളുടെ യുദ്ധവിമാനങ്ങൾ ഇരമ്പിപാഞ്ഞ് പോകുന്നുണ്ടായിരുന്നു. ഒരിക്കൽ കൂടി ടോക്കിയോവിന് മുകളിൽ ബോംബുകളുടെ ശരവർഷമുണ്ടായി. ആനകളെകെട്ടിപ്പിടിച്ച് കിടന്ന പരിചാരകനും മറ്റ് ജീവനക്കാരും ചുരുട്ടിയ മുഷ്ടികൾ ആകാശത്തേക്കുയർത്തിക്കൊണ്ട് കെഞ്ചി. ഈ നശിച്ച യുദ്ധം നിർത്തൂ… എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കൂ….
പിന്നീട് ആനകളുടെ ശരീരം പരിശോധിച്ചപ്പോൾ അവരുടെ വയറ്റിൽ ഒരു തുള്ളി ജലം പോലുമില്ലെന്ന് കണ്ടു. ഈ കഥ പറഞ്ഞു തീർന്നപ്പോഴേക്കും കാഴ്ചബംഗ്ലാവിലെ ജീവനക്കാരന്റെ കണ്ഠമിടറി. കണ്ണുകൾ നിറഞ്ഞൊഴുകി.

ആ മൂന്ന് ആനകളും ഈ ശാന്തി സ്മാരകത്തിന് താഴെ അന്ത്യവിശ്രമം കൊള്ളുന്നു. അയാൾ അതീവ ശ്രദ്ധയോടെ ആ ശവകൂടീരം വൃത്തിയാക്കിക്കൊണ്ടിരുന്നു. ചെറിയ പുഷ്പങ്ങൾ അപ്പോഴും അതിന് മുകളിൽ വീഴുന്നുണ്ടായിരുന്നു.


കടപ്പാട് : Bharath Gyan Vigyan Samithi (BGVS)

 

Happy
Happy
3 %
Sad
Sad
80 %
Excited
Excited
3 %
Sleepy
Sleepy
3 %
Angry
Angry
0 %
Surprise
Surprise
10 %

Leave a Reply

Previous post Sadako and the Thousand Paper Cranes – Song
Next post സഡാക്കോ സസാക്കിയും ആയിരം കൊക്കുകളും
Close