കേൾക്കാം
ബ്ലാക്ക് ലിസ്റ്റ് /വൈറ്റ് ലിസ്റ്റ്
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സാർവ്വത്രികമായി കണ്ടു വരുന്ന പ്രയോഗങ്ങളാണ് ബ്ലാക്ക് ലിസ്റ്റും വൈറ്റ് ലിസ്റ്റും. തെറ്റായ രീതിയിലുള്ള ഉപയോഗം കൊണ്ട് എന്തെങ്കിലും ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടവരാണ് ബ്ലാക്ക് ലിസ്റ്റിൽ പെടുന്നത്. ഏതെങ്കിലും വെബ്സൈറ്റുകളിൽ പ്രോഗ്രാമുകൾ ഉപയോഗിച്ച് ഒരു ചെറിയ സമയത്തിനുള്ളിൽ നിരവധി തവണ കയറിക്കൂടാൻ നോക്കിയാൽ അത്തരമൊരു യൂസറെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ സംശയപരമായ സന്ദേശങ്ങൾ അയക്കുന്ന കമ്പ്യൂട്ടറുകളെയും (അവയുടെ ഐപി അഡ്രസ്സുകളെ) ബ്ലാക്ക് ലിസ്റ്റ് ചെയ്യാറുണ്ട്. കേൾക്കുമ്പോൾ നിർദ്ദോഷമെന്ന് തോന്നിക്കുന്ന ഈ വാക്കുകൾക്ക് എന്താണ് കുഴപ്പം? കറുപ്പിനെ മോശമായും വെളുപ്പിനെ നല്ലതായും നമ്മുടെ ഉപബോധതലത്തിൽ പ്രതിഷ്ഠിക്കുന്നു എന്നത് തന്നെ. ഇവയുടെ ഉപയോഗം മൂലം നമ്മളറിയാതെ ആ വിവേചനത്തിൻ്റെ പ്രചാരകരാവുകയാണ് നാം. ബ്ലാക്‌മെയ്ൽ, ബ്ലാക്ക് മണി, ബ്ലാക്ക് മാർക്കറ്റ് എന്നിങ്ങനെ കറുപ്പിനെ മോശമാക്കുന്ന പല വാക്കുകളും ഉപയോഗത്തിലുണ്ട്. കറുപ്പ് നിറത്തിനോടുള്ള അകൽച്ച പലപ്പോഴും അതിനോടടുത്ത നിറമുള്ളവരിലേക്കും പടരുന്നു എന്നതാണ് കാണാൻ കഴിയുന്നത്.
മാസ്റ്റർ / സ്ലേവ്
ഡിസ്‌ട്രിബ്യൂറ്റഡ് കമ്പ്യൂട്ടിങ് ഇക്കാലത്ത് വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഒരു കംപ്യൂട്ടറിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെറിയ ഭാഗങ്ങളാക്കി പല കംപ്യൂട്ടറുകൾ ഒരുമിച്ച് ഉപയോഗിച്ച് ചെയ്യുന്നതാണ് ഡിസ്‌ട്രിബ്യൂറ്റഡ് കമ്പ്യൂട്ടിങ് എന്ന് ലളിതമായി പറയാം. ഇത്തരത്തിലുള്ള ചട്ടക്കൂടുകളിൽ (frameworks) തീരുമാനങ്ങൾ എടുക്കുന്ന ഒരു കംപ്യൂട്ടറിനെ ‘മാസ്റ്റർ’ എന്നാണ് വിളിക്കുന്നത്. അതായത് ഒരു ജോലിയെ എത്ര ഭാഗങ്ങളാക്കണം, ആ ഭാഗങ്ങൾ ഏത് കംപ്യൂട്ടറുകൾ ഉപയോഗിച്ച് പൂര്‍ത്തിയാക്കണം എന്ന തീരുമാനങ്ങൾ ഈ ‘മാസ്റ്റർ’ (യജമാനൻ) ആണ് തീരുമാനിക്കുന്നത്. ഈ തീരുമാനങ്ങൾക്കനുസരിച്ച് ജോലി ചെയ്യുന്ന, അതായത് ജോലിയുടെ ചെറിയ ഭാഗങ്ങൾ നിർവഹിക്കുന്ന കംപ്യൂട്ടറുകൾ ആണ് ‘സ്ലേവ്’ (അടിമ)-കൾ. അമേരിക്കയിലും യൂറോപ്പിലും നിലനിന്നിരുന്ന അടിമത്തവും അടിമവ്യവസായവും ദീർഘവും ദുഷ്കരവുമായ സമരങ്ങൾക്ക് ശേഷമാണ് ഇല്ലാതെയായത്. തൊഴിലിൽ യജമാനന്റെയും അടിമയുടെയും സ്ഥാനം എന്ന വിവേചനപരമായ സങ്കല്പത്തിന് ഈ കാലത്തും അറിയാതെയെങ്കിലും സ്വീകാര്യത നൽകുകയാണ് ഈ പദാവലിയുടെ പ്രയോഗം കൊണ്ട് നമ്മൾ ചെയ്യുന്നത്.
മാൻ അവേഴ്സ്
ഒരു പ്രൊജക്റ്റ് ആരംഭിക്കുന്ന സമയത്ത് ചെയ്യപ്പെടുന്ന കാര്യമാണ് എഫർട്ട് എസ്റ്റിമേഷൻ അഥവാ അധ്വാന അനുമാനം. ചെയ്ത് തീർക്കേണ്ട ജോലിയുടെ കാഠിന്യവും സങ്കീർണതയും അനുസരിച്ച് അത് ചെയ്യാൻ എത്ര ആളുകൾ വേണ്ടി വരും, അവർക്ക് അത് ചെയ്തു തീർക്കാൻ എത്ര സമയം എടുക്കും എന്നൊക്കെ നിർണയിക്കുന്നതിനാണ് എഫർട്ട് എസ്റ്റിമേഷൻ എന്ന് പറയുന്നത്. അത് കണക്ക് കൂട്ടിയിരുന്നത് ‘മാൻ അവേഴ്സ്’ അല്ലെങ്കിൽ ”മാൻ മന്ത്സ്’ എന്നീ ഏകകങ്ങളിലാണ് (units). തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ കുറച്ച് കാട്ടുന്ന പ്രയോഗങ്ങളിൽ ഒന്നാണിത്. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ജോലി ചെയ്യുന്ന ഒരിടത്ത്, അധ്വാനം അളക്കുന്നത് പുരുഷന്മാരുടെ പേരിൽ മാത്രമാവുമ്പോൾ സ്ത്രീകളുടെ സാന്നിധ്യവും സംഭവനകളും നിസ്സാരവൽക്കരിക്കപ്പെടുന്നു.
വിവേചനം മനസ്സിൽ വെക്കാതെ കാലങ്ങളായി പ്രാബല്യത്തിലുള്ള ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് തെറ്റാണോ എന്ന ചോദ്യം മനസ്സിൽ വരാവുന്നതാണ്. അതിന് മറുപടിയായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ നിയമലംഘനത്തിന് ഒഴിവ്കഴിവായി അംഗീകരിക്കാറില്ല. അതു പോലെ, പറയുന്ന ആളുടെ മനസ്സിൽ വിവേചനഭാവം ഉണ്ടായിരുന്നോ എന്നതിനല്ല മറിച്ച്, കേൾക്കുന്ന ആൾക്ക് അത്തരത്തിൽ അനുഭപ്പെട്ടോ എന്നതിനാണ് പ്രസക്തി. മറ്റുള്ളവരോട് നിഷേധാത്മകമായി (exclusivity) സംസാരിക്കാതിരിക്കുക എന്നത് പ്രധാനമാണ്.
അസമത്വങ്ങളും അവയുടെ ചരിത്രപരമായ ഉത്ഭവവും അറിഞ്ഞിരിക്കാനും അവയെ ഒഴിവാക്കി എല്ലാവരെയും ഉൾപ്പെടുത്തുന്ന ഒരു സമൂഹം ഉണ്ടാക്കുവാനും വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതാണ്. അതിനെ ലക്ഷ്യമാക്കി, നമ്മളറിയാതെ നമ്മുടെ വ്യവഹാരത്തിലേക്ക് വരുന്ന വിവേചനങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ സൂചികയാണ് ഈ ലേഖനം.
റഫറൻസ്: https://www.ietf.org/archive/id/draft-knodel-terminology-09.html