‘മനുഷ്യോദയം’ സംഭവിച്ചത് ആഫ്രിക്കയിൽ എവിടെയാണെന്നോ എപ്പോഴാണെന്നോ കൃത്യമായി പറയാനാവുമോ ?
ഡോ. പ്രസാദ് അലക്സ് എഴുതുന്നു
നാമെല്ലാം ആഫ്രിക്കൻ പിന്തുടർച്ചക്കാരാണ്. കാരണം മനുഷ്യരാശിയുടെ ഉദയം ആഫ്രിക്കയിലാണ് സംഭവിച്ചത്. ഇന്ന് സന്ദേഹങ്ങളില്ലാത്ത വസ്തുതയാണത്. ഇന്നത്തെ മനുഷ്യരുടെ ജീനോമുകളിലെ പ്രാദേശിക വ്യതിയാനങ്ങൾ ഗവേഷകർ ശ്രദ്ധാപൂർവ്വമായ താരതമ്യവിശകലനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. അതിൽ നിന്ന് നടത്താവുന്ന ഏറ്റവും യുക്തിസഹമായ വ്യാഖ്യാനം, ഇന്ന് ലോകത്ത് കാണുന്ന എല്ലാ മനുഷ്യരും ആഫ്രിക്കൻ പിന്തുടർച്ചക്കാരാണെന്ന് തന്നെയാണ്. ഇതര ഭൂഖണ്ഡങ്ങളിലെ മനുഷ്യരെല്ലാം ഏകദേശം എഴുപതിനായിരം ഏറിയാൽ ഒരുലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് പുറപ്പെട്ട ഒന്നോ അതിലധികമോ ജനസഞ്ചയത്തിൻറെ തുടർച്ചക്കാരാണ്. പക്ഷേ ‘മനുഷ്യോദയം’ സംഭവിച്ചത് ആഫ്രിക്കയിൽ എവിടെയാണെന്നോ എപ്പോഴാണെന്നോ കൃത്യമായി പറയാനാവുമോ എന്ന പ്രശ്നം അവശേഷിക്കുന്നു. നമ്മുടെ വംശമായ ഹോമോ സാപിയൻസിൻറെ ഉത്ഭവത്തെക്കുറിച്ചാണ് പറയുന്നത്.
ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ഉത്ഭവ കഥ വളരെ ലളിതവും സുന്ദരവുമായിരുന്നു. മതവിശ്വാസങ്ങളിലെ ഉത്പത്തികഥകളൊന്നുമല്ല ഉദ്ദേശിച്ചത്. ജൈവപരിണാമത്തിലൂടെ സംഭവിച്ച ‘മനുഷ്യോത്പത്തി’യെക്കുറിച്ചാണ് ലളിതവും സുന്ദരവുമെന്ന് പറഞ്ഞത്. അത് വരെയുള്ള ധാരണയനുസരിച്ച് ഏകദേശം രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പ് കിഴക്കൻ ആഫ്രിക്കയിലെ പുൽമേടുകളിൽ (savanna) ഹോമോ സാപിയൻസ് ഉദയം കൊണ്ടു. തീർച്ചയായും മുൻപ് നിലനിന്നിരുന്ന ഒരു ‘ഹോമിനിൻ’ (hominin) സ്പീഷീസിൽ നിന്ന് പരിണാമത്തിലൂടെ തന്നെ. തെളിവുകൾ സൂചിപ്പിക്കുന്നത് ഹോമോ ഹെയ് ഡൽബെർജെൻസിസ് അല്ലെങ്കിൽ ഹോമോ റോഡെസിയൻസിസ് (Homo heidelbergensis or Homo rhodesiensis) എന്ന് വിളിക്കപ്പെടുന്ന പൂർവ്വ ‘മനുഷ്യവംശമാണ്’ നമുക്ക് ജന്മം നൽകിയത് എന്നാണ്. പിന്നീട് സങ്കീർണ്ണവും പ്രതീകാത്മകവുമായ പെരുമാറ്റത്തിനും ആശയവിനിമയത്തിനും കഴിവ് നൽകുന്ന ജനിതകവ്യതിയാനങ്ങൾ ഏകദേശം എഴുപതിനായിരം വർഷങ്ങൾക്ക് മുമ്പ് നമ്മുടെ പൂർവ്വികർക്ക് സംഭവിച്ചു.
സംസാരശേഷിയുടെ തുടക്കവും അപ്പോൾ സംഭവിച്ചതെന്നാണ് കരുതുന്നത്. ഇത് ഭൂമിയിലെ മറ്റേതൊരു ജീവിവർഗത്തിൽ നിന്നും അവരെ വേറിട്ടുനിർത്തി. ആഫ്രിക്കയിലുടനീളവും പുറത്തേക്കും അങ്ങനെ ലോകം മുഴുവൻ വ്യാപിക്കാനും അവരെ പ്രാപ്തരാക്കി. അതിനിടയിൽ കണ്ടുമുട്ടിയ മറ്റെല്ലാ ‘മനുഷ്യരെയും’ (homo genus members) ആദേശം ചെയ്തുകൊണ്ടാണ് അവർ വ്യാപിച്ചത്.
മാറുന്ന ധാരണകൾ
പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടിൻറെ ആദ്യദശകത്തിന് ശേഷം ഉയർന്ന് വരുന്ന പുതിയ തെളിവുകൾ മുൻധാരണകളെക്കുറിച്ച് പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നവയാണ്. അത് വരെ ലഭ്യമായിരുന്ന ഫോസിൽ- പുരാവസ്തുത്തെളിവുകൾ നൽകിയിരുന്ന സൂചന മനുഷ്യരാശിയുടെ കളിത്തൊട്ടിൽ എത്യോപ്പിയയും കെനിയയുമൊക്കെ ഉൾപ്പെടുന്ന കിഴക്കൻ ആഫ്രിക്ക എന്നതായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ കണ്ടെത്തലുകളെല്ലാം ഈ ധാരണയെ പ്രബലമാക്കി. ‘ആധുനിക മനുഷ്യരുടെ’ അഥവാ ഹോമോ സാപിയൻസിൻറെ ഏറ്റവും പഴക്കമുള്ള ഫോസിൽ തെളിവുകൾ എത്യോപ്യയിലെ ഒമോ-കിബിഷ് (Omo-Kibish), ഹെർട്ടോ (Herto) എന്നീ രണ്ട് സ്ഥലങ്ങളിൽ നിന്നാണ് ലഭിച്ചിട്ടുണ്ടായിരുന്നത്. ഒമോ താഴ്‌വരയിൽ നിന്ന് ഏറ്റവും പഴക്കമേറിയതെന്ന് കരുതിയിരുന്ന ഹോമോസാപിയൻ തലയോട്ടി കണ്ടെത്തി. അതിൻറെ പഴക്കമിപ്പോൾ കണക്കാക്കിയിരിക്കുന്നത് ഏകദേശം 2,33,000 വർഷങ്ങളെന്നാണ് (2,33,000 ± 22,000). മുമ്പുണ്ടായിരുന്ന കാലനിർണ്ണയം ഏകദേശം 195000 വർഷങ്ങളെന്നായിരുന്നു.
തുടർന്ന് രണ്ടാമതൊരു തലയോട്ടി, നാല് താടിയെല്ലുകൾ, ഒരു തുടയെല്ല്, ഏകദേശം ഇരുന്നൂറോളം പല്ലുകൾ, മറ്റ് നിരവധി ഫോസിലൈസ് ചെയ്ത ഭാഗങ്ങൾ എന്നിവയൊക്കെ കണ്ടെടുത്തു. ഒമോ I, ഒമോ II എന്നറിയപ്പെടുന്ന രണ്ട് ഫോസിലുകൾ ശരീരഘടനാപരമായി ഹോമോ സാപിയൻസ് ആയി വർഗ്ഗീകരിച്ചിട്ടുണ്ട്. എന്നാൽ അവ തമ്മിൽ രൂപഘടനയുടെ കാര്യത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
പ്രസിദ്ധമായ ‘ലൂസിയും’ എത്യോപ്യയിൽ നിന്നാണ് കണ്ടെത്തിയത്. ആധുനിക മനുഷ്യരുടെ പൂർവികപരമ്പരയിൽ ഉൾപ്പെടുന്നതെന്ന് കണക്കാക്കുന്ന ‘ഹോമിനിൻ’ സ്പീഷീസായ ‘ഓസ്‌ട്രേലോപിത്തെക്കസ് അഫാറൻസിസിൽ’ ഉൾപ്പെടുന്ന ലൂസിയുടെ കാലപ്പഴക്കം ഏകദേശം 3.2 ദശലക്ഷം വർഷമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കെനിയയിൽ നിന്ന് 3.3 ദശലക്ഷം വർഷം പഴക്കം കണക്കാക്കുന്ന ആദ്യകാല ശിലായുധങ്ങൾ (പ്രാചീന ശിലായുഗം) കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടെടുത്തിട്ടുണ്ട്.
അത് പോലെ പുരാവസ്തു ഗവേഷകർ ‘ആധുനിക മനുഷ്യ’ ജീവിതസവിശേഷതയുടെ അടയാളമായി കണക്കാക്കാറുള്ള മധ്യ ശിലായുഗ ഉപകരണങ്ങളുടെ ആദ്യകാല തെളിവുകൾ കെനിയയിലെ ബാരിംഗോ (Baringo) മേഖലയിൽ നിന്നാണ് വരുന്നത്. തന്നെയുമല്ല കിഴക്കൻ ആഫ്രിക്കയുടെ ഭൗമശാസ്‌ത്രപരമായ സവിശേഷതകൾ ഉത്ഭവകഥയ്ക്ക് പിൻബലം നൽകുന്നുമുണ്ട്. അതീവ വൈവിധ്യം നിറഞ്ഞ പാരിസ്ഥിതികസവിശേഷതകളാൽ ചുറ്റപ്പെട്ട വിള്ളൽ താഴ്‌വരകൾ നിറഞ്ഞ ഭൂപ്രകൃതി സസ്തനികളുടെയും പക്ഷികളുടെയും ഉഭയജീവികളുടെയും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നവെന്നത് സുവിദിതമാണ്. മുൻപറഞ്ഞ കാരണങ്ങളാൽ ഈ ജൈവവൈവിധ്യ ‘ഹോട്ട്‌സ്‌പോട്ട്’ മനുഷ്യരാശിയുടെ കളിത്തൊട്ടിലാണെന്ന് അനുമാനിക്കുന്നതിൽ തർക്കങ്ങളുണ്ടാകാൻ കരണവുമില്ലായിരുന്നു. കിഴക്കൻ ആഫ്രിക്കയിലാണ് മനുഷ്യൻറെ ഉത്ഭവമെന്ന ധാരണ ‘സാവന്ന ഹൈപോത്തെസിസ്’ (savanna hypothesis) പോലെയുള്ള ആശയങ്ങൾക്ക് പ്രചോദനമായിത്തീർന്നു. അതനുസരിച്ച് ഇരുകാലിൽ നിവർന്ന് നടക്കുന്ന രീതിയായ ബൈപെഡലിസം (bipedalism), വികസിച്ച മസ്തിഷ്കം തുടങ്ങിയ മനുഷ്യന്റെ അനന്യമായ സവിശേഷതകൾ ഈ പ്രദേശത്തെ പുൽമേടുകളിൽ അതിജീവിക്കുന്നതിനുള്ള അനുരൂപനങ്ങളാണ്. ഇപ്പോഴും വേട്ടയാടിയും പ്രകൃതിയിൽ നിന്ന് ആഹാരം ശേഖരിച്ചും ജീവിക്കുന്ന (hunter gatherer) കിഴക്കൻ ആഫ്രിക്കയിലെ അപൂർവ്വം ജനവിഭാഗങ്ങളിലൊന്നാണ് ഹഡ്‌സ (Hadza) എന്നറിയപ്പെടുന്ന ഗോത്രജനത. പതിനായിരം വർഷങ്ങൾക്ക് മുമ്പ്, കൃഷി ആരംഭിക്കുന്നതിനും മുമ്പ് മനുഷ്യജീവിതം എങ്ങനെയായിരുന്നിരിക്കാം എന്നതിൻ്റെ ഒരു നേർക്കാഴ്ച നൽകുന്നവർ എന്ന് ഈ ജനത വിശേഷിപ്പിക്കപ്പെടാറുണ്ട്. ഇവരുടെ സാന്നിദ്ധ്യവും കിഴക്കൻ ആഫ്രിക്കൻ ‘സാവന്ന ഹൈപോത്തെസിസിനെ’ പിന്തുണക്കുന്ന ഘടകമായി പറയാറുണ്ട്. പക്ഷേ, സമീപകാലത്തുണ്ടായ ചില കണ്ടെത്തലുകൾ ‘കിഴക്കൻ ആഫ്രിക്കൻ കഥയെ’ പിടിച്ചുലച്ചു. പുതുതായി ലഭിക്കുന്ന ഫോസിൽ തെളിവുകൾ സൂചിപ്പിക്കുന്നത്, ആദ്യകാല ഹോമോ സാപിയൻ ജനസഞ്ചയങ്ങൾ മഴക്കാടുകൾ മുതൽ മരുഭൂമികൾ വരെയുള്ള വ്യത്യസ്തമായ ആഫ്രിക്കൻ പ്രദേശങ്ങളിലുടനീളം അധിവസിച്ചിരുന്നു എന്നാണ്. അതേസമയം, ജനിതക പഠനങ്ങളും പുരാവസ്തു തെളിവുകളും ഈ പുരാതന ആഫ്രിക്കൻ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന വിശാലമായ സോഷ്യൽ നെറ്റ്‌വർക്കുകൾ അനാവരണം ചെയ്യുന്നു. ഹോമോ സാപിയൻസിൻ്റെ പാൻ-ആഫ്രിക്കൻ ഉത്ഭവത്തിലേക്കാണ് ഈ തെളിവുകൾ വിരൽ ചൂണ്ടുന്നത്. അവ നമ്മുടെ ഉത്ഭവകഥയുടെ കൗതുകകരമായ പുനരാഖ്യാനത്തിലേക്ക് നമ്മെ നയിക്കുന്നു. നമ്മുടെ യാഥാർത്ഥചരിത്രത്തോട് കൂടുതൽ അടുത്ത ആഖ്യാനം. അത് ‘മനുഷ്യൻ’ എന്നതിൻ്റെ അർത്ഥമെന്താണെന്ന് പുനർവിചിന്തനം ചെയ്യാനും നമ്മെ പ്രേരിപ്പിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ മൊറോക്കോയിലെ ജെബേൽ ഇർഹൂദിൽ നിന്ന് ലഭിച്ച ഫോസിൽ തെളിവുകളെക്കുറിച്ചുണ്ടായ പഠനമാണ് പ്രധാനമായി ഇവിടെ അവലോകനം ചെയ്യുന്നത്. കൂടാതെ തെക്കൻ ആഫ്രിക്കയിൽ നിന്നും മറ്റ് ഭാഗങ്ങളിൽ നിന്നും ലഭിച്ച പുരാവസ്തുതെളിവുകളും മധ്യആഫ്രിക്കയിലേയും മറ്റിടങ്ങളിലെയും ഗോത്രജനവിഭാഗങ്ങളെയും ഇതരജനവിഭാഗങ്ങളെയും ആസ്പദമാക്കി നടത്തിയ ജനിതകവും സാംസ്കാരികവുമായ പഠനങ്ങളും പരാമർശിക്കുന്നുണ്ട്.
എന്താണ് മനുഷ്യൻ?
നമ്മുടെ വംശത്തിൻറെ ഉത്ഭവപരിണതികൾ അന്വേഷിക്കുമ്പോൾ തീർച്ചയായും, ‘എന്താണ് ഹോമോ സാപിയൻ? എന്താണ് മനുഷ്യൻ ?’എന്ന ചോദ്യങ്ങൾ ഉയർന്ന് വരുന്നു. രണ്ടാമതായി ഇപ്പറയുന്ന ‘ആധുനിക മനുഷ്യർ’ എവിടെ നിന്ന് വരുന്നു എന്ന പ്രശ്നവും ഉയർന്ന് വരുന്നു. ഇന്നത്തെ മനുഷ്യരുടെ ജീനോമും സ്ഥൂലസവിശേഷതകളും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ടെന്നതിനാൽ, ഈ ചോദ്യങ്ങളുടെ ഉത്തരം എളുപ്പമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം.എന്നാൽ കാര്യങ്ങൾ സങ്കീർണ്ണമാണ്. ഒന്നാമത്തെ പ്രശ്‌നമെടുക്കാം. മനുഷ്യരൂപഘടനയും ജീവിതരീതികളും പെരുമാറ്റസവിശേഷതകളും ലോകമെമ്പാടും തികഞ്ഞ ഐക്യരൂപം കാണിക്കുന്നില്ല. ഇപ്പോൾ ജീവിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ചാണ് പറയുന്നത്. ജീനോമിൻറെ കാര്യത്തിലും ഈ വൈവിധ്യമുണ്ട്. അവരുടെ ജീനോമുകളിൽ അടങ്ങിയിരിക്കുന്ന നിയാണ്ടർത്തൽ ഡിഎൻഎയുടെ അനുപാതത്തിലുള്ള പ്രാദേശിക വ്യത്യാസങ്ങൾ അതിനുദാഹരണമാണ്. അതിനാൽ, ആധുനിക മനുഷ്യരിൽ കാണുന്ന പ്രാദേശിക സവിശേഷതകൾ സ്പീഷിസിനെ നിർണ്ണയിക്കുന്ന സ്വഭാവവിശേഷങ്ങളായി കണക്കാക്കുന്ന അബദ്ധം ഉണ്ടാകരുത്. ആധുനിക മനുഷ്യരുടെ ജീനോടൈപ്പും (genotype) ഫിനോടൈപ്പും (phenotype) നിർവചിക്കപ്പെടേണ്ടത് എല്ലാവരും പൊതുവെ പങ്കിടുന്ന രൂപപരവും പെരുമാറ്റപരവും ജനിതകവുമായ സവിശേഷതകൾ അടിസ്ഥാനമാക്കിയാണ്. (ഒരു ജീവിയുടെ ജനിതക ഘടനയെ ‘ജീനോടൈപ്പ്’ എന്നും സ്ഥൂലസവിശേഷതകളെ ‘ഫിനോടൈപ്പ്’ എന്നുമാണ് സാങ്കേതികമായി പറയുന്നത്.)
യഥാർത്ഥത്തിൽ രണ്ടാമത്തെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. കാരണം അത് കുറഞ്ഞത് മൂന്ന് വ്യത്യസ്തവും പരസ്പരബന്ധിതവുമായ ഉത്ഭവപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ആധുനിക മനുഷ്യഫിനോടൈപ്പിന്റെ രണ്ട് വശങ്ങൾ, അതായത് രൂപഘടനപരവും പെരുമാറ്റപരവുമായ അനന്യസവിഷേഷതകളുടെ ഉത്ഭവം, അതുപോലെ തന്നെ ആധുനികമനുഷ്യൻറെ ജനിതകഘടനയുടെ ഉത്ഭവം എന്നിവയാണവ. ഇവയോരോന്നും യഥാർത്ഥത്തിൽ നിരവധി ഉപപ്രശ്നങ്ങൾ ഉൾക്കൊള്ളുന്നുമുണ്ട്. അതിവിരളമായ പലപ്പോഴും കാലഗണന അത്ര കൃത്യമല്ലാത്ത ഫോസിൽ, പുരാവസ്തു രേഖകൾ അടിസ്ഥാനമാക്കി വേണം ഉത്തരങ്ങൾ കണ്ടെത്തേണ്ടതെന്ന പരിമിതിയുമുണ്ട്. അത് കാര്യങ്ങളെ പിന്നെയും സങ്കീർണ്ണമാക്കുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർ ഹോമോ സാപിയൻസ് എന്ന സ്പീഷീസിൻറെ സമകാലിക ‘മൂർത്തീകരണമായി’ നമുക്ക് കണക്കാക്കാം. എന്നാൽ ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫോസിൽ തെളിവുകൾ ഹോമോ സാപിയൻസിൻ്റെതാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മാനദണ്ഡമായി സ്വീകരിക്കേണ്ടത് സമകാലീന മനുഷ്യരുടെ ഫിനോടൈപ്പാണോ? അങ്ങനെ കണക്കാക്കാനാവില്ലെങ്കിൽ പിന്നെ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ എന്തെല്ലാമാണ് ? ഗവേഷകർ അഭിമുഖീകരിക്കുന്ന വിഷമം പിടിച്ച പ്രശ്നങ്ങളാണിത്.
ബെൻസോ ടൊയോട്ടയോ പോലെയുള്ള കമ്പനികളുടെ കാറുകൾ തിരിച്ചറിയുന്നതിനോട് നമുക്ക് പ്രശ്നത്തെ താരതമ്യം ചെയ്യാം. പരിചയമുള്ള ഒരാൾക്ക് ലേബലോ ചിഹ്നമോ കൂടാതെ തന്നെ കാറുകൾ തിരിച്ചറിയാൻ കഴിയും. ചില ദശാബ്ദങ്ങൾ പഴക്കമുള്ള മോഡലുകളും തിരിച്ചറിയാൻ കഴിഞ്ഞേക്കും. പക്ഷേ ഈ കമ്പനികളുടെ ആദ്യകാല മോഡലുകൾ ആണെങ്കിലോ? സംഗതി ദുഷ്കരമാവുന്നു. ഏതാണ്ടത് പോലെയാണ് ഫോസ്സിലുകളുടെ കാര്യവും ഫോസിലുകൾ പഴക്കമേറുംതോറും സ്പീഷീസ് വർഗ്ഗീകരണം ദുഷ്കരമാവുന്നു. പൗരാണികവും സമകാലികവുമായ ജീനോമുകളുടെ വിശകലനത്തിൽ നിന്ന് മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. സമകാലിക മനുഷ്യരിലേക്ക് നയിക്കുന്ന പൂർവ്വവംശം ഏതാണ്ട് അഞ്ച് ലക്ഷം വർഷങ്ങൾക്ക് മുമ്പ് മറ്റ് ‘പൗരാണികമനുഷ്യരിൽ’ നിന്ന് വേർപെട്ടു. ഇങ്ങനെ വേർപെട്ട ‘പൂർവ്വികമനുഷ്യർ’ സമകാലീന മനുഷ്യരെപ്പോലെ കാണപ്പെട്ടിരുന്നുവെന്ന് നമുക്ക് പ്രതീക്ഷിക്കാനാവുമോ? അല്ലെങ്കിൽ വംശത്തുടർച്ചയിൽ എത്രകാലം വരെ പിന്നോട്ട് പോയാൽ സമകാലീന മനുഷ്യരിൽ നിന്ന് വേർതിരിച്ചറിയാനാവാത്ത തരത്തിൽ സാദൃശ്യം പ്രതീക്ഷിക്കാനാവും? അതുമല്ലെങ്കിൽ ഒരു ഫോസിൽ രൂപഘടന സമീപകാല മനുഷ്യരിൽ കാണുന്ന രൂപഘടനയിൽ നിന്ന് എത്രവരെ വ്യതിചലിച്ചാൽ ഹോമോ സാപിയൻ തന്നെയായി പരിഗണിക്കാനാവും? ഹോമോ സാപിയൻസ് മാത്രം പ്രദർശിപ്പിക്കുന്ന സ്വഭാവവിശേഷങ്ങളുമായി പൊരുത്തപ്പെടുന്ന പുരാവസ്തു തെളിവുകൾ ഏതൊക്കെയാണ്? ഗവേഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.
മനുഷ്യകുലത്തിൻറെ തലയോട്ടിയുടെ ആകൃതിയെയും അളവുകളെയും വ്യതിയാനങ്ങളെയും കുറിച്ച് സാമ്പ്രദായിക രീതിയിൽ മൗലികമായ പഠനങ്ങൾ ആദ്യമായി നടത്തിയത് ഹാർവാദ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞനായിരുന്ന വില്യം ഹോവെൽസ് (William Howells) ആണ്. ഈ മേഖലയിൽ മാർഗ്ഗദർശകമായ, അദ്ദേഹത്തിൻറെ ലേഖനങ്ങൾ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തന്നെ വന്നിട്ടുണ്ട്. ആധുനികമനുഷ്യരുടെ തലയോട്ടിക്ക് പൗരാണിക ഹോമിനിൻ സ്പീഷീസുകളുമായി താരതമ്യം ചെയ്യുമ്പോൾ ആകൃതിയിൽ ഒരു ‘ദൃഢതക്കുറവ്’ സംഭവിച്ചിട്ടുണ്ടെന്ന് (loss of robustness) ഹോവെൽസ് ചൂണ്ടിക്കാണിക്കുന്നു.
കൂടുതൽ ഒഴുക്കുള്ള ഉരുണ്ട ആകൃതി പൊതുവെ കാണാം. ദീർഘചതുരാകൃതിയോടുള്ള സാമ്യത്തിൽ (oblong base ball like) നിന്ന് ഒഴുക്കുള്ള ആകൃതിയിലേക്കുള്ള (rounded soccer ball like) മാറ്റം ഇതര ഹോമിനിൻ സ്പീഷീസുകളിൽ നിന്ന് ആധുനിക മനുഷ്യരെ വ്യത്യസ്തരാക്കുന്ന പ്രത്യേകതയായി കാണാം. മുഖത്തിൻറെ പരുക്കൻ ആകൃതി മാറുകയും (less craggy) ചെറുതാകുകയും ചെയ്തിട്ടുമുണ്ട്. ‘പുരാതന മനുഷ്യരുടെ’ ഉന്തിനിൽക്കുന്ന മുഖം ആധുനികമനുഷ്യരിലെത്തുമ്പോൾ നെറ്റിക്ക് താഴെ അല്പം പിൻവലിഞ്ഞതുമായി. ‘ആധുനിക മനുഷ്യർക്കിടയിൽ’ തന്നെ രൂപഘടനയിലുള്ള വ്യത്യസ്തതതകൾ പ്രധാനമാമായി മുഖത്തിൻറെ മുകൾഭാഗത്താണ് കാണുന്നത്. വിശേഷിച്ച് മൂക്കിൻറെ മുകൾഭാഗത്തും കൺകുഴികളുടെ അരികുകളിലും.
ഇപ്പോഴത്തെ ആധുനികമനുഷ്യരിൽ കീഴ്‌ത്താടിയെല്ലിന്റെ (mandible) ‘ബോഡി’ എന്ന് വിളിക്കുന്ന പ്രധാനഭാഗവും ‘ചിൻ’ (chin) എന്ന് വിളിക്കുന്ന പല്ലുകൾ ഉറപ്പിച്ചിരിക്കുന്ന അല്പം മുന്നോട്ട് വളഞ്ഞ ഭാഗവും, മറ്റ് ഹോമിനിനുകളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവേ കനം കുറഞ്ഞാണ് കാണപ്പെടുന്നത്. അത്പോലെ ദന്തനിര, താരതമ്യേന വലിപ്പം കുറഞ്ഞ അണപ്പല്ലുകൾ (പ്രീമോളാർ, മോളാർ) ടൂത്ത് ക്രൗൺ, ഇനാമൽ ക്യാപ്, കുറഞ്ഞ തോതിൽ കൂർത്ത ഭാഗങ്ങൾ, ചെറുതും മെലിഞ്ഞതുമായ പല്ലിൻ്റെ വേരുകൾ എന്നിവയാൽ ശ്രദ്ധേയമാണ്.
വ്യത്യസ്തകാലാവസ്ഥകളോടും, വ്യത്യസ്തഉയരങ്ങളോടുമൊക്കെയുള്ള അനുകൂലനങ്ങളുടെ വലിയ ശ്രേണി ഇന്നത്തെ മനുഷ്യരുടെ അസ്ഥികൂടഘടനയുടെ പ്രത്യേക സവിശേഷതകളാണ്. പൊതുവായി പറയാവുന്ന കാര്യങ്ങളിൽ താരതമ്യേനെയുള്ള കൃശത്വം, ശരീരത്തേക്കാൾ നീളമുള്ള കൈകാലുകൾ, ഇടുങ്ങിയ ഇടുപ്പ് എന്നിവ ഉൾപ്പെടുന്നു. അത്പോലെ തന്നെ ഉയരവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ ശരീരഭാരവും. ഇടുപ്പെല്ല് (pelvis) താരതമ്യേന വലിയ ജനന നാളി കൊണ്ടും വേർതിരിച്ചറിയാം. സ്ത്രീകളിൽ ഇത് പുരുഷന്മാരിലേതിനേക്കാൾ വലുതായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
മുൻപ് ചൂണ്ടിക്കാണിച്ചത് പോലെ ഹോമോ സാപിയൻ തലയോട്ടിയുടെയും ദന്തഘടനയുടെയും ഏറ്റവും പഴക്കമുള്ള തെളിവെന്ന് കണക്കാക്കിയിരുന്നത് എത്യോപ്യയിൽ നിന്നുള്ള ഒമോ I (അവിടെ നിന്ന് ലഭിച്ച ആദ്യ തലയോട്ടി) എന്നറിയപ്പെടുന്ന ഫോസിൽ ആണ്. കൂടാതെ, എത്യോപ്യയിലെ തന്നെ മിഡിൽ ആവാഷ് (Middle Awash) മേഖലയിലെ ഹെർട്ടോയിൽ (Herto) നിന്നുള്ള തലയോട്ടിക്ക് ഏകദേശം 160,000 വർഷം പഴക്കമുണ്ട്. ഈ രണ്ട് സൈറ്റുകളിൽ നിന്നുമുള്ള സാമ്പിളുകൾ ഹോവെൽസ് വിശകലനം ചെയ്ത, ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം ആധുനിക മനുഷ്യ തലയോട്ടികളുടെ വ്യതിയാനപരിധിക്ക് അല്പം പുറത്താണെന്ന് പറയാം. എങ്കിലും, അവ ഹോമോ സാപിയൻസ് ആയി പരിഗണിക്കപ്പെടാൻ തക്കവണ്ണം അടുത്ത സാദൃശ്യമുണ്ട്. കൂടാതെ, Omo I-നെ ഹോമോ സാപിയൻ എന്ന് നിർണയിക്കാൻ സഹായിക്കുന്ന ശക്തമായ മറ്റൊരു പിൻബലം കൂടിയുണ്ട്. അതേ വ്യക്തിയുടെ ഇടുപ്പെല്ല്, ആധുനിക മനുഷ്യരുടെ ഒരു വലിയ സാമ്പിളിനോട് താരതമ്യം ചെയ്തു. ആ ഗണത്തിൽ ഉൾപ്പെടുത്താമെന്ന് കണ്ടെത്തിയിട്ടുമുണ്ട്. (സ്റ്റാറ്റിസ്റ്റിക്സിൻറെ പാരാമീറ്റർ അനുസരിച്ച് തൊണ്ണൂറ്റഞ്ച് ശതമാനം കോൺഫിഡൻസ് ഇന്റർവലോടുകൂടി ( confidence interval) ഉൾപ്പെടുത്താം). ഇനി നമുക്ക് പുതിയ തെളിവുകളിലേക്ക് കടക്കാം
കളിത്തൊട്ടിൽ പദവിക്ക് മറ്റവകാശികൾ : പടിഞ്ഞാറേ ആഫ്രിക്കയിൽ നിന്നുള്ള ഫോസിൽ തെളിവുകൾ
മൊറോക്കോയിലെ അറ്റ്ലസ് പർവതനിരകൾക്ക് പശ്ചിമഭാഗത്തുള്ള ജെബേൽ ഇർഹൂദിലെ (Jebel Irhoud) ഒരു ബേരിയം ഖനിയിൽ നിന്ന് മുമ്പ് കണ്ടെടുത്ത, എന്നാൽ മിക്കവാറും മറന്നുപോയിരുന്ന, ഒരു തലയോട്ടിയിൽ നിന്നാണ് വഴിത്തിരിവ് സംഭവിക്കുന്നത്. എത്യോപ്യയിൽ നിന്നും കെനിയയിൽ നിന്നും വടക്ക് പടിഞ്ഞാറ് ദിശയിൽ ഭൂഖണ്ഡത്തിൻറെ എതിർ അതിർത്തിയിൽ സമുദ്രതീരത്തോട് അടുത്താണ് ജെബേൽ ഇർഹൂദ്. 1960-ൽ ഖനന പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷത്തിന് ശേഷം, ഒരു ഗുഹയിൽ നിന്ന് ആകസ്മികമായി ഒരു തലയോട്ടി (Irhoud 1) കണ്ടെടുത്തു. അത് തുടർപര്യവേക്ഷണങ്ങൾക്ക് പ്രേരണ നൽകി. മുതിർന്ന ‘വ്യക്തിയുടെ’ അപൂർണ്ണമായ മറ്റൊരു തലയോട്ടി അഥവാ ബ്രെയിൻകെയ്‌സ് ( മുഖത്തെ എല്ലുകൾ മിക്കവാറും നഷ്ടപ്പെട്ട) (Irhoud 2), പ്രായപൂർത്തിയാകാത്ത ‘വ്യക്തിയുടെ’ ഒരു മാൻഡിബിൾ (mandible) അഥവാ കീഴ്താടിയെല്ല് (Irhoud 3), പ്രായപൂർത്തിയാകാത്ത മറ്റൊരു ‘വ്യക്തിയുടെ’ ഹ്യൂമറസ് (humerus) അഥവാ മേൽഭുജത്തിലെ എല്ലിൻറെയും ഇലിയം (ilium) അഥവാ ഇടുപ്പെല്ലിൻറെയും ശകലങ്ങൾ, മറ്റൊരു മാൻഡിബിൾ, അതുപോലെ മൃഗാവശിഷ്ടങ്ങൾ, ശിലാ ഉപകരണങ്ങൾ എന്നിവ വീണ്ടെടുത്തു. തുടക്കത്തിൽ ഇവ നിയാണ്ടർത്താലുകളുടെയോ മറ്റേതെങ്കിലും ഹോമിനിൻ സ്പീഷീസിൻറേതോ ആവുമെന്നായിരുന്നു പൊതുധാരണ.
2004-ൽ ആരംഭിച്ച പുനർപര്യവേക്ഷണങ്ങളിൽ അവിടെ നിന്ന് കൂടുതൽ ഹോമിനിൻ ഫോസിലുകളും പുരാവസ്തു തെളിവുകളും കണ്ടെടുത്തു. പ്രായപൂർത്തിയായ ഒരു ‘വ്യക്തിയുടെ’ തലയോട്ടി, ഏതാണ്ട് പൂർണ്ണമായ ഒരു കീഴ്താടിയെല്ല്, ഒരു മേൽത്താടിയെല്ല്, ചില പല്ലുകൾ, കൈകാലുകളിലെ നിരവധി അസ്ഥികൾ എന്നിവ കണ്ടെടുത്തതിലുൾപ്പെടുന്നു. എങ്കിലും 2010- ന് ശേഷമാണ് തുടർപര്യവേക്ഷണങ്ങളിൽ നിന്ന് പുതിയ തെളിവുകളും വിശകലനങ്ങളും ഉരുത്തിരിഞ്ഞത്. ലീപ്സിഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെ ജീൻ-ജാക്വസ് ഹബ്ലിൻ (Jean-Jacques Hublin) നയിക്കുന്ന ഗവേഷകടീമിൽ നിന്നുള്ള രണ്ട് സമീപകാല പ്രബന്ധങ്ങൾ ഹോമോസാപിയൻസിൻറെ പരിണാമചരിത്രത്തെക്കുറിച്ചുള്ള ധാരണകൾ മാറ്റിമറിക്കുന്നതായിരുന്നു. ഈ വിശകലനങ്ങളിൽ സ്ട്രാറ്റിഗ്രാഫിയും (stratigraphy) (സ്ട്രാറ്റകളുടെ അടരുകളുടെ ക്രമവും ആപേക്ഷിക സ്ഥാനവും ഭൂമിശാസ്ത്രപരമായ സമയക്രമവുമായുള്ള അവയുടെ ബന്ധവും) കാലഗണനയും കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു. കുറഞ്ഞത് അഞ്ച് ഹോമിനിൻ വ്യക്തികളുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന പുരാവസ്തു സൈറ്റിലെ അസ്ഥിത്തിട്ടയിൽ (bone bed) നിന്നാണ് ഫോസിലുകൾ വരുന്നത്. മൂന്നെണ്ണം മുതിർന്നവരുടെതും, ഒരെണ്ണം കൗമാരക്കാരൻറെതും, ഒന്ന് ഒരു കുട്ടിയുടേതുമാണ്. തെർമോലുമിനെസെൻസ് കാലനിർണയരീതിയാണ്, തീക്കല്ല് (flint) ഉപകരണങ്ങളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ ഉപയോഗിച്ചത്. അതനുസരിച്ച് ഈ മധ്യശിലായുഗഉപകരണങ്ങൾക്ക് 315000 ± 34000 വർഷം പഴക്കമുണ്ടെന്നാണ് നിഗമനം. യുറേനിയം സീരീസ്/ ഇലക്ട്രോൺ സ്പിൻ റെസൊണൻസ് രീതിയുപയോഗിച്ച് പ്രായപൂർത്തിയാകാത്ത Irhoud 3 ഹോമിനിൻ മാൻഡിബിളിൽ നിന്നുള്ള ഒരു പല്ലിൻ്റെ പ്രായം 286000 ± 32000 വർഷമെന്ന് കണക്കാക്കിയതും ഇതുമായി പൊരുത്തപ്പെടുന്നതാണ്. മുമ്പ് കണ്ടെത്തിയ ഹോമോ സാപിയൻ അവശിഷ്ടങ്ങളേക്കാൾ പഴക്കമുള്ള തലയോട്ടിയുടെ കാലം കുറഞ്ഞത് 315,000 വർഷങ്ങൾക്ക് മുമ്പെന്നാണ്, ലീപ്‌സിഗിലെ ഗവേഷകസംഘം കണ്ടെത്തിയത്.
ജബൽ ഇർഹൂദ് ഹോമിനിനുകൾക്കിടയിൽ ചെറിയ രൂപവ്യത്യാസങ്ങൾ ഗവേഷകർ മനസ്സിലാക്കിയിട്ടുണ്ട്. പക്ഷേ അത് ഒരു സ്പീഷീസിലെ അംഗങ്ങൾക്കിടയിൽ സാധാരണ ഉണ്ടാകാവുന്ന തോതിൽ മാത്രമേ ഉള്ളൂ. തെളിവുകളും സാഹചര്യവും അവ ഒരൊറ്റ സ്പീഷിസിൽ നിന്നാണ് വരുന്നതെന്ന അനുമാനവുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നു.‘ആധുനിക മനുഷ്യരുമായി’ ബന്ധപ്പെടുത്താവുന്ന അസ്ഥികൂട രൂപഘടനയ്ക്ക് , മുൻപ് കരുതിയിരുന്നതിനേക്കാൾ ഏറെ പഴക്കമുണ്ടെന്നതിന് ശക്തമായ തെളിവുകൾ ജെബേൽ ഇർഹൂദിലെ ഗുഹയിൽ നിന്ന് ലഭിച്ച ഫോസിലുകൾ നൽകുന്നു.ഫോസിൽ തലയോട്ടിക്ക് മുൻകാല ആഫ്രിക്കൻ ‘മനുഷ്യരുടെ’ (ഹോമിനിൻ) ചെറിയ ചില രൂപഘടനാസവിശേഷതകൾ ഉണ്ട്. എങ്കിലും പ്രാചീനരൂപഘടനയിൽ നിന്ന് മാറി ‘ആധുനിക രൂപഘടന’ ഏതാണ്ട് ആർജ്ജിച്ചിട്ടുമുണ്ട്. മുഖത്തിൻ്റെ രൂപഘടന, കീഴ്താടിയെല്ലിൻറെ രൂപം, പ്രത്യേകിച്ച് ദന്തങ്ങൾ എന്നിവ സമീപകാല ആധുനിക മനുഷ്യരിൽ കാണുന്നതിനോട് വളരെ അടുത്ത സാദൃശ്യമുണ്ട്. ഈ സദൃശത്തിന് അപവാദം ‘ബ്രെയിൻ കെയ്‌സ്’ അഥവാ തലച്ചോറിനെ മൂടുന്ന തലയോട്ടിയുടെ ഭാഗമാണ്. അതിൻ്റെ വലിപ്പം, ഏകദേശം 1400 ക്യുബിക് സെൻ്റീമീറ്റർ എന്നത്, ആധുനിക മനുഷ്യരുടെ പരിധിക്കുള്ളിൽ തന്നെയാണ്. പക്ഷേ അത് ഗോളാകൃതിയിലുള്ളതല്ല, അല്പം ദീർഘാകൃതിയിലുള്ളതാണ്. ഇർഹൂദ് 1 and 2 എന്നിവയുടെ തലയോട്ടി Omo II തലയോട്ടി പോലെയാണ് താനും. അത് പോലെ തന്നെ ആധുനികമനുഷ്യരുമായി ബന്ധപ്പെടുത്താവുന്ന ആയുധനിർമ്മാണ രീതിക്കും മുൻധാരണകളേക്കാൾ പഴക്കമുണ്ടെന്ന് പുരാവസ്തുതെളിവുകൾ വ്യക്തമാക്കുന്നു. അവിടെ നിന്ന് ലഭിച്ച ഉപകരണങ്ങളുടെ നിർമ്മാണത്തിന് ഗണ്യമായ വൈദഗ്ധ്യവും സങ്കീർണ്ണമായ ആസൂത്രണവും ആവശ്യമാമാണെന്നത് ശ്രദ്ധേയമാണ്. അരികുകൾ മൂർച്ചകൂട്ടിയ നന്നായി നിർമ്മിച്ച ഫ്ലിൻ്റ് ഉപകരണങ്ങളാണ് കണ്ടെടുത്തത്. പുരാവസ്തുശാസ്ത്രജ്ഞർ ‘ആധുനിക മനുഷ്യരുടെ’ അതായത് ഹോമോ സാപിയൻസിൻറെ ജീവിതരീതിയുടെ തെളിവുകൾ ആയാണ് അത് കണക്കാക്കുന്നത്
ഹോമോ സാപിയൻസിൻറെ ഉത്ഭവസ്ഥലവും കാലവും മാറുന്നു?
ജബൽ ഇർഹൂദിൽ നിന്നുള്ള ഹോമിനിൻ ഫോസിലുകളും ശിലാ ഉപകരണങ്ങളും നൽകുന്ന സൂചനകളും വിവക്ഷകളും എന്തൊക്കെയാണ്? നമ്മുടെ പരിണാമചരിത്രം വീണ്ടും പിറകോട്ട് പോകുന്നു എന്നാണ് വ്യക്തമാവുന്നത്. അതോടൊപ്പം ഈ ഫോസിലുകളും ശിലാ ഉപകരണങ്ങളും കിഴക്കൻ ആഫ്രിക്ക ‘ആധുനിക മനുഷ്യരുടെ’ ജന്മസ്ഥലമാണെന്ന സങ്കൽപ്പത്തെയും വെല്ലുവിളിക്കുന്നു. ഒന്നാമതായി, ഒമോ-കിബിഷിൽ നിന്നും ഹെർട്ടോയിൽ നിന്നും അയ്യായിരത്തി അറുനൂറിലധികം കിലോമീറ്റർ അകലെയാണ് ജബൽ ഇർഹൂദിലെ സൈറ്റിൻ്റെ സ്ഥാനം. അതിൻറെ അർത്ഥം നമ്മുടെ ഉത്ഭവം കിഴക്കൻ ആഫ്രിക്കൻ പുൽമേടുകളിൽ ആണെന്ന് പരിമിതപ്പെടുത്താനാവില്ല എന്ന് തന്നെയാണ്. പാലിയോ ആന്ത്രോപോളജിസ്റ്റുകൾ വിളക്കുകാലിനു താഴെ തങ്ങളുടെ നഷ്ടപ്പെട്ട താക്കോലുകൾ തിരയുന്ന മദ്യപനെപ്പോലെയാണെന്ന് പറയാറുണ്ട്. അങ്ങനെ ചെയ്യുന്നത് താക്കോലുകൾ അവിടെ നഷ്ടപ്പെട്ടത് കൊണ്ടല്ല, മറിച്ച് അവർക്ക് അല്പമെങ്കിലും കാണാൻ കഴിയുന്ന ഒരേയൊരു സ്ഥലമായതിനാലാണ്. അവിടെ അവർ തിരയുന്നു! കിഴക്കൻ ആഫ്രിക്കയിലെ ഫോസിൽ സൈറ്റുകൾ തെരുവ് വിളക്കിന് തുല്യമാണ്. എന്നാൽ ഹോമിനിൻ ഫോസിലുകൾ വീണ്ടെടുത്ത സ്ഥലം ഹോമിനിനുകൾ അധിവസിച്ചിരുന്ന ഒരേയൊരു സ്ഥലമാകാൻ സാധ്യതയില്ല, കൂടാതെ ഏറ്റവും കൂടുതൽ ഫോസിൽ സൈറ്റുകൾ ഉള്ള പ്രദേശങ്ങൾ മനുഷ്യ പരിണാമത്തിലെ സുപ്രധാന സംഭവവികാസങ്ങളെല്ലാം നടന്ന സ്ഥലങ്ങൾ ആയിരിക്കുമെന്ന് പൂർണ്ണമായും കരുതാനുമാവില്ല.
ജബൽ ഇർഹൂദിൽ നിന്നുള്ള തെളിവുകളിൽ നിന്നെത്താവുന്ന മറ്റൊരനുമാനം, ഒരു പുതിയ ജീവിവർഗത്തിൻ്റെ പരിണാമദശയിൽ രൂപഘടനാപരമായ മാറ്റങ്ങൾ ഒരു സംയോജിത പാക്കേജിൽ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പെട്ടെന്ന് പ്രത്യക്ഷപ്പെടില്ല എന്നതാണ് . പകരം, ‘സ്പീഷിയേഷൻ’ പ്രക്രിയയുടെ തുടക്കത്തിൽ, പ്രാദേശിക ജനസഞ്ചയങ്ങളിൽ ഒന്നോ അതിലധികമോ ശരീരഭാഗങ്ങളിൽ മാറ്റങ്ങൾ വ്യത്യസ്തമായി പ്രത്യക്ഷപ്പെടുന്നു, പിന്നീടാണ് മാറ്റങ്ങൾ ആ സ്പീഷിസിൽ മൊത്തത്തിൽ, അതിൻറെ രൂപഘടനയുടെ വിവിധഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത്. മുഖം പോലെയുള്ള ചില ഭാഗങ്ങളിൽ അവയുടെ രൂപഘടന നേരത്തേ തന്നെ മാറുന്നതായി കാണുന്നു. പരിണാമത്തിൻ്റെ ഈ പാറ്റേണിന് ഹോമോ നിയാണ്ടർതലൻസിസിൻറെ (homo neanderthalensis) വ്യതിരിക്തമായ രൂപഘടനയുടെ ഉത്ഭവം വിശദീകരിക്കുന്ന ‘അക്രിഷൻ മോഡൽ’ (accretion model) എന്ന് വിളിക്കപ്പെടുന്ന സിദ്ധാന്തവുമായി സാമ്യമുണ്ട്.
എന്തായാലും ഹോമോ സാപിയൻസിന്റെ ആദ്യകാല അംഗങ്ങളിൽ നിന്നുള്ളതാണ് ജെബേൽ ഇർഹൂദിലെ ഏകദേശം 315,000 വർഷങ്ങൾ പഴക്കമുള്ള ഫോസിൽ അവശിഷ്ടങ്ങൾ എന്നാണ് ഗവേഷകർ സ്ഥാപിച്ചിരിക്കുന്നത്. അതായത് മുൻപ് വിചാരിച്ചതിലും ഒരു ലക്ഷം വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മുതുമുത്തച്ഛന്മാരും മുത്തശ്ശിമാരും ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടു. കിഴക്കൻ ആഫ്രിക്കയിൽ രണ്ട് ലക്ഷം വർഷങ്ങൾക്ക് മുൻപ് പ്രത്യക്ഷപ്പെട്ടുവെന്നായിരുന്നു ഗവേഷകരുടെ മുൻധാരണ. അങ്ങനെയെങ്കിൽ, നമ്മുടെ പൂർവ്വികർ ഇന്നത്തെ മൊറോക്കോയിൽ നിന്നാണോ വന്നത്? കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. പക്ഷേ ഈ കണ്ടെത്തലുകൾ, ഹോമോ സാപിയൻസ് വടക്കേ ആഫ്രിക്കയിൽ നിന്ന് മാത്രം ഉത്ഭവിച്ചതാണെന്ന അർത്ഥം നൽകുന്നില്ല. പകരം, ഈ ജീവിവർഗത്തിൻ്റെ ആദ്യകാല അംഗങ്ങൾ ഭൂഖണ്ഡത്തിലുടനീളം പരിണമിച്ചുവന്നുവെന്ന് ഗവേഷകർ നിഗമനം നടത്തുന്നു. ഇത് തള്ളിക്കളയപ്പെട്ട പഴയ ബഹുദേശഉത്ഭവം ( multiregional origin)എന്ന ആശയത്തെ അനുസ്മരിപ്പിക്കുന്നുവെന്ന വിമർശനമൊക്കെ ഉണ്ടായിട്ടുണ്ട്. എങ്കിലും കൂടുതൽ തെളിവുകൾ പുതിയ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു
തെക്കൻ ആഫ്രിക്കയിൽ നിന്നുള്ള തെളിവുകൾ:
പുരാവസ്തു
ആഫ്രിക്കയുടെ തെക്കേ കോണിൽ സമുദ്രതീരത്തുള്ള തുറമുഖപട്ടണമാണ് മോസൽ ബേ (Mossel Bay). 2007 -ൽ അവിടെയുള്ള ഒരു ഗുഹയിൽ നിന്ന് പൗരാണിക മനുഷ്യാധിവാസത്തിൻറെ അടയാളങ്ങൾ കിട്ടി. കടലിൽ നിന്ന് ഭക്ഷണം തേടുകയും, സങ്കീർണ്ണമായ ചെറിയ ശിലായുധങ്ങൾ ഉപയോഗിക്കുകയും ചെയ്തതിൻറെ തെളിവുകളാണ് ലഭിച്ചത്. ചിപ്പിമണികൾ, പിഗ്മെൻ്റുകൾ, അമൂർത്ത ഇമേജറി എന്നിവയുടെ ഉപയോഗം പോലുള്ള സങ്കീർണ്ണമായ പ്രതീകാത്മക പ്രവൃത്തികളുടെ ശേഷിപ്പുകളും കണ്ടെത്തി. ഈ കണ്ടെത്തലുകൾ 70,000 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചെന്ന് കരുതുന്ന വൈജ്ഞാനിക വിപ്ലവത്തിന് കാരണമായി അനുമാനിക്കപ്പെട്ട പരിവർത്തനത്തിന് ലക്ഷം വർഷത്തോളം മുമ്പുള്ളതാണ്. ഏകദേശം 164,000 വർഷങ്ങളാണ് ഇവയുടെ പഴക്കം കണക്കാക്കിയിരിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലാണ് നമ്മുടെ മനുഷ്യവംശം ഉദയം കൊണ്ടെതെങ്കിൽ, ഭൂഖണ്ഡത്തിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു ഭാഗത്ത് ചില പ്രധാന മനുഷ്യസ്വഭാവവിശേഷങ്ങൾ ഇത്രയും പൗരാണികമായ കാലത്ത് ആവിർഭവിച്ചതിൻറെ തെളിവുകൾ എങ്ങനെ വിശദീകരിക്കാനാവുമെന്ന പ്രശ്നം ഉയർന്ന് വരുന്നു. വാഷിംഗ്‌ടൺ സർവകലാശാലയിലെ ടോം മിനിചില്ലോ (Tom Minichillo) ഉൾപ്പെടുന്ന ഗവേഷകസംഘമാണ് കണ്ടെത്തലുകൾ നടത്തിയത്. പ്ലിസ്റ്റോസീൻ കാലഘട്ടത്തിലെ ഹിമചക്രങ്ങളിലെ പ്രതികൂലാവസ്ഥയിൽ സമുദ്രതീരങ്ങളിലേക്ക് ഹോമോ സാപിയൻസ് എത്തിയിട്ടുണ്ടാവാമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന ഒരനുമാനം.
ജനിതകം
കൂടാതെ തെക്കൻ ആഫ്രിക്കയിലെ ഹോമോ സാപിയൻസിൻ്റെ ആഴത്തിലുള്ള ജീവശാസ്ത്രചരിത്രത്തിൻറെ ജനിതക തെളിവുകൾ അനാവരണം ചെയ്യുന്ന പഠനങ്ങൾ നടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, അംഗോള, നമീബിയ, ബോട്സ്വാന എന്നിവിടങ്ങളിൽ വ്യാപിച്ച് കിടക്കുന്ന കലഹാരി മരുഭൂമിയിലും പരിസരങ്ങളിലും അധിവസിക്കുന്ന ‘സാൻ’ (San) ഗോത്രക്കാർ വേട്ടയാടിയും ആഹാരം ശേഖരിച്ചും ജീവിക്കുന്ന തദ്ദേശീയ ജനതയാണ്. തെക്കൻ ആഫ്രിക്കയിലെ ‘സാൻ’ ഉൾപ്പെടെയുള്ള പുരാതന- ആധുനിക ആഫ്രിക്കൻ മനുഷ്യരുടെ ജീനോമുകൾ ഗവേഷകർ ശ്രേണീനിർണ്ണയം നടത്തി. സ്വീഡനിലെ ഉപ്പ്സാല സർവകലാശാലയുടെ (Uppsala University) എവല്യൂഷനറി ബയോളജി സെന്ററിലെ മത്തിയാസ് ജേകബ്‌സണിൻറെ (Mattias Jakobsson) നേതൃത്വത്തിലാണ് പഠനം നടത്തിയത്. ശ്രേണികളുടെ താരതമ്യപഠനത്തിൽ നിന്ന് ഒരു കാര്യം വ്യക്തമായി. ഹോമോ സാപിയൻസിൻ്റെ ഏറ്റവും പഴയ, വ്യതിരിക്തമായ വംശപരമ്പരയിൽ നിന്നാണ് ‘സാൻ’ ജനതയുടെ പിറവി. 350,000 വർഷങ്ങൾക്ക് മുമ്പ് തന്നെ മറ്റെല്ലാ മനുഷ്യ പരമ്പരകളിൽ നിന്നും ഈ സംഘം വേർപിരിഞ്ഞിരുന്നു. ഈ ശാഖയിൽ വ്യതിരിക്തമായി പരിണാമം സംഭവിച്ചു എന്ന് നമുക്ക് നിഗമനം നടത്തേണ്ടി വരുന്നു. പക്ഷെ അതിന് ഇവർ മാറ്റ് ശാഖകളുമായി പിന്നീട് ബന്ധം പുലർത്തിയിട്ടില്ല എന്നൊരർത്ഥമില്ല.
നിഗൂഢതകളുടെ മധ്യ ആഫ്രിക്ക
ഭൂമിയിലെ രണ്ടാമത്തെ വലിയ മഴക്കാടുകളുടെ ആവാസ കേന്ദ്രമാണ് മധ്യ ആഫ്രിക്കയിലെ കോംഗോ നദീതടം. (ഒന്നാമത്തത് ആമസോൺ ആണ്). 178 ദശലക്ഷം ഹെക്ടറിലധികം വ്യാപിച്ചുകിടക്കുന്ന നദീതടം വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ജീവിക്കുന്ന ഒരു പറ്റം ജനതയുടെ ആവാസകേന്ദ്രം കൂടിയാണ്. ഇത്തരക്കാരിൽ ലോകത്തെ ഏറ്റവും വലുതും വൈവിധ്യമാർന്നതുമായ ജനസഞ്ചയമാണിവിടെയുള്ളത്. മൊത്തം അംഗസംഖ്യ 250,000 മുതൽ 350,000 വരെയെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ ഘടകങ്ങൾ എല്ലാമുണ്ടെങ്കിലും കോംഗോ വനാന്തരങ്ങൾ മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ നിന്ന് മിക്കവാറും ഒഴിവാക്കപ്പെട്ടിരുന്നു. അതിന് കാരണങ്ങളുമുണ്ട്. ഫോസിൽ കണ്ടെത്തലുകളിൽ നിന്നുള്ള നിഗമനങ്ങൾ ഒന്നൊന്നായി കൂട്ടിച്ചേർത്താണ് സാധാരണയായി പരിണാമചരിത്രം രൂപപ്പെടുത്തുന്നത്. എന്നാൽ മഴക്കാടുകളുടെ ഈർപ്പവും അമ്ലത്വവുമുള്ള മണ്ണ് ഫോസിൽ അവശിഷ്ടങ്ങളെ അതിവേഗം വിഘടിപ്പിക്കുന്നു. അവയ്‌ക്കൊപ്പം ഭൂതകാലത്തിൻ്റെ ഭൗതിക രേഖകളും ഇല്ലാതെയാകുന്നു. കൂടാതെ, സാമൂഹികവും രാഷ്ട്രീയവുമായ അസ്വസ്ഥതകൾ കോംഗോയിലെ ഗവേഷണപ്രവർത്തനങ്ങളെ പലപ്പോഴും ബാധിച്ചു. തന്നെയുമല്ല മനുഷ്യർ സവന്നകളിൽ ഉടലെടുത്തതാണെന്ന, സ്വീകാര്യത നേടിയിരുന്ന, സങ്കൽപ്പം ഈ ഉഷ്ണമേഖലാ ആവാസവ്യവസ്ഥയിൽ മനുഷ്യോത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ നിന്ന് ഗവേഷകരെ പിന്തിരിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇപ്പോഴും ഈ പ്രദേശങ്ങളിൽ വേട്ടയാടിയും പെറുക്കിത്തിന്നും അധിവസിക്കുന്ന മനുഷ്യരുടെ നിലനിൽപ്പ് എങ്ങനെ വിശദീകരിക്കാനാകും എന്ന പ്രശ്നമുണ്ട്. അവർ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നായിരുന്നു മുമ്പ് പല ശാസ്ത്രജ്ഞരുടെയും അനുമാനം. അവർ അടുത്ത കാലത്തെപ്പഴോ തങ്ങൾ അധിവസിച്ചിരുന്നയിടങ്ങളിൽ നിന്ന്, കാർഷികവൃത്തി ചെയ്യാൻ സാധിക്കാത്ത അതികഠിനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക്, കുടിയിറക്കപ്പെട്ടു, അതിനാൽ അവർ അതിജീവനത്തിനായി വേട്ടയാടലിലേക്കും ഭക്ഷണശേഖരണത്തിലേക്കും തിരിഞ്ഞു എന്നായിരുന്നു അനുമാനം. പക്ഷേ സിദ്ധാന്തങ്ങൾ കേവലം അനുമാനങ്ങളിൽ അടിസ്ഥാനപ്പെടുത്തുന്നത് ശാസ്ത്രീയമാവില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം ഭൂഖണ്ഡത്തിൻ്റെ ഹൃദയഭാഗത്ത് കിടക്കുന്ന കോംഗോ തടത്തിൻ്റെ സ്ഥാനം വളരെ പ്രധാനമാണെന്നതാണ്. അത് ഭൂഖണ്ഡത്തിൻറെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങൾക്കിടയിലുള്ള പാലമായി വർത്തിക്കുന്നു. ഭൂഖണ്ഡത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള ഹോമോ സാപിയൻ കണ്ടെത്തലുകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പ്രദേശത്തിന് പലതും പറയാനുണ്ടാവും. അത്തരം കാര്യങ്ങൾ അനാവരണം ചെയ്യാൻ പ്രാദേശികമായി വേട്ടയാടി ജീവിക്കുന്നവരെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ചാൽ കഴിയുമോ?
കോംഗോ നദീതട ഗോത്രജനതയുടെ ജനിതകപഠനം
അത്തരമൊരന്വേഷണത്തിലേക്ക് ഗവേഷകർ പോയി. അതിൻറെ ഭാഗമായി 2020-ൽ, റിപ്പബ്ലിക് ഓഫ് കോംഗോയുടെ അതിർത്തിയിലുള്ള ഇപ്പോഴത്തെ കാമറൂണിലെ ഒരു ഗുഹയിൽ 3,000 മുതൽ 8,000 വരെ വർഷങ്ങൾക്ക് മുമ്പ് കുഴിച്ചിട്ടിരുന്ന, മുൻപറഞ്ഞ വേട്ടക്കാരായ ജനതതിയിൽ ഉൾപ്പെട്ടവരെന്ന് കരുതുന്ന, നാല് കുട്ടികളുടെ അസ്ഥികൂടങ്ങൾ ഗവേഷകർ കണ്ടെടുത്തു. അവയിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുത്ത് ശ്രേണീനിർണ്ണയം നടത്തി. താരതമ്യപഠനങ്ങളിൽ നിന്ന് ഈ കുട്ടികൾ ഇന്നത്തെ കോംഗോ നദീതട വേട്ടക്കാരുമായി വളരെ അടുത്ത ബന്ധമുള്ളവരാണെന്നും, എന്നാൽ ഈ പ്രദേശത്ത് വസിക്കുന്ന കർഷകരുമായി ബന്ധമുള്ളവരല്ലെന്നും വ്യക്തമായി. ഇതിൽ നിന്ന് എത്താവുന്ന നിഗമനം സമകാലിക വേട്ടക്കാരുടെ പൂർവ്വികർ ആദ്യകാലകൃഷി വ്യാപനത്തിന് മുമ്പുതന്നെ മധ്യ ആഫ്രിക്കൻ മഴക്കാടുകളിൽ അധിവസിച്ചിരുന്നു എന്നാണ്. സൂറിച്ച് സർവ്വകലാശാലയിലെ ഗവേഷകയായ സിസിലിയ പാഡില്ല-ഇഗ്ലേഷ്യസ് (Cecilia Padilla-iglesias) മുഖ്യരചയിതാവായി ഒരു സംഘം ഗവേഷകർ 2022-ൽ ഇതേക്കുറിച്ച് പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. മധ്യ ആഫ്രിക്കൻ കാലാവസ്ഥാപരിതസ്ഥിതികളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെടുത്തി ജനിതകവും പുരാവസ്തുശാസ്ത്രപരവുമായ വിവരങ്ങൾ പരിശോധിച്ചു. വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും കഴിയുന്നവർ മധ്യ ആഫ്രിക്കൻ മഴക്കാടുകളിൽ കുറഞ്ഞത് 120,000 വർഷങ്ങൾക്ക് മുമ്പെങ്കിലും അധിവസിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു. മനുഷ്യപരിണാമകഥയിൽ മധ്യ ആഫ്രിക്കയെ ഉൾപ്പെടുത്തുന്നത്, ആദ്യകാല ഹോമോ സാപിയൻ ജനസഞ്ചയങ്ങൾ നേരിട്ടിരുന്ന അതിവിപുലമായ പരിതഃസ്ഥിതിവൈവിധ്യവും, അവർ അവിടെയെല്ലാം എങ്ങനെ അധിവസിച്ചുവെന്നും അതിജീവിച്ചുവെന്നും മനസ്സിലാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. പെരുമാറ്റപരവും ശരീരഘടനാപരവുമായ ഏത് മാറ്റങ്ങളാണ് അത്തരം വ്യത്യസ്ത സ്ഥലങ്ങളിൽ ജീവിക്കാൻ അന്നത്തെ മനുഷ്യരെ പ്രാപ്തരാക്കിയത്? ചിതറിക്കിടന്നതായി തോന്നുന്ന ആ ഗ്രൂപ്പുകളിൽ ഏതാണ് സമകാലിക മനുഷ്യരിലെ ജനിതക സവിശേഷതകൾക്കും വൈവിധ്യത്തിനും സംഭാവന നൽകിയത്? ഈ അന്വേഷണങ്ങളിൽ നിന്ന് ഗവേഷകരുടെ മുന്നിൽ സ്വാഭാവികമായി ഉയർന്ന് വരുന്ന ചോദ്യങ്ങളാണിവ.
പാൻ-ആഫ്രിക്കൻ സോഷ്യൽ നെറ്റ്‌വർക്ക്
നമ്മുടെ പൂർവ്വികർ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ചിതറിക്കിടക്കുന്ന, ഒറ്റപ്പെട്ട ചെറിയ സംഘങ്ങളായി ജീവിച്ചിരുന്നതായാണ് പലപ്പോഴും ചിത്രീകരിക്കപ്പെടാറുള്ളത്. പക്ഷേ, വ്യത്യസ്തഭൂപ്രദേശങ്ങളിൽ ജീവിക്കുമ്പോഴും മധ്യ ആഫ്രിക്കയിലെ വേട്ടയാടി ജീവിച്ച ജനവിഭാഗങ്ങൾ കുറഞ്ഞത് 120,000 വർഷങ്ങൾക്ക് മുമ്പ് തന്നെ പരസ്പരം ഇടപഴകിയിരുന്നതായി ഗവേഷകസംഘം കണ്ടെത്തി. ഈ ഗ്രൂപ്പുകൾ ഭൂമിശാസ്ത്രപരമായി വേർപെട്ടിരുന്നെങ്കിലും, ആയിരക്കണക്കിന് വർഷങ്ങളായി അവർ സാംസ്കാരിക വസ്തുക്കളും പ്രത്യേകിച്ച് സംഗീതോപകരണങ്ങളും ജീനുകളും പരസ്പരം കൈമാറ്റം ചെയ്തതിൻറെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. 2022-ൽ, ഒട്ടകപ്പക്ഷിയുടെ മുട്ടത്തോട് കൊണ്ട് നിർമ്മിച്ച മുത്തുകളിലെ (ostrich egg shell beads) സ്ട്രോൺഷ്യം ഐസോടോപ്പുകളുടെ വിശകലനം, കിഴക്കൻ-ദക്ഷിണാഫ്രിക്കകൾക്കിടയിൽ 50,000 വർഷം പഴക്കമുള്ള ഒരു കൈമാറ്റശൃംഖല (exchange network) നിലവിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി. ഏകദേശം 30,000 വർഷങ്ങൾക്ക് മുമ്പ് ഇത് തടസ്സപ്പെട്ടു. സമകാലികരായ ‘സാൻ ‘വേട്ടക്കാർക്കിടയിൽ, സമാനമായ ദീർഘദൂര ശൃംഖലയായ ഹെക്സറോ (hxaro) -പരസ്പരമുള്ള സമ്മാന കൈമാറ്റങ്ങളുടെ ഒരു സംവിധാനം, സ്വീകരിച്ച് കുറേക്കഴിഞ്ഞ് മടക്കസമ്മാനം കൊടുക്കുന്ന രീതി -ഇപ്പോഴും നിലവിലുണ്ടെന്ന് നരവംശശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്.
അത് പോലെ തന്നെ പുരാവസ്തു തെളിവുകൾ പ്രകാരം, ഏകദേശം രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പ്, നമ്മുടെ പൂർവ്വികർ കിഴക്കൻ ആഫ്രിക്കയിലുടനീളം 160 കിലോമീറ്ററിലധികം ദൂരം കല്ലുപകരണങ്ങൾക്കായി ‘ഒബ്സിഡിയൻ’ (obsidian) എന്ന ഗ്ലാസ്സ് പോലെയുള്ള അഗ്നിപർവത ശില കൊണ്ട്പോയിരുന്നു. ഏകദേശം 3,20,000 വർഷങ്ങൾക്ക് മുമ്പ്, അവർ ശരീരവും ആഭരണങ്ങളും മറ്റ് ഉപകരണങ്ങളും അലങ്കരിക്കാനുള്ള പിഗ്മെൻ്റുകൾ വളരെ ദൂരത്തേക്ക് എത്തിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ഈ കൈമാറ്റശൃംഖലകളുടെ കൃത്യമായ ഉദ്ദേശ്യം ചർച്ചാവിഷയമാണ്. എന്നാൽ, ഈ സംവിധാനങ്ങൾ വ്യക്തമായും സൂചിപ്പിക്കുന്ന ഒരുകാര്യമുണ്ട്. ആധുനിക മനുഷ്യൻ്റെ സാംസ്കാരികവും ജൈവശാസ്ത്രപരവുമായ സവിശേഷതകളും വൈവിധ്യവും നേർരേഖയിലെന്നപോലെ മുന്നോട്ട് പരിണമിച്ച് വന്നു എന്നതിനേക്കാൾ, നാനോപലേഖിതമായ ഒരു ‘മൊസൈക്’ പോലെ ഉയർന്നുവന്നതാവാനാണ് വഴി. ആ ‘മൊസൈക്ക്’ രീതിയിലുള്ള വൈവിധ്യം മനുഷ്യരാശിയുടെ അതിജീവനത്തിനും കാരണമായിരുന്നിരിക്കാം.
സോഷ്യൽ നെറ്റ്‌വർക്ക് സിമുലേഷൻ
2017-ൽ, നരവംശശാസ്ത്രജ്ഞരുടെ ഒരു സംഘം കോംഗോ നദീതടത്തിലെയും ഫിലിപ്പീൻസിലെയും രണ്ട് സമകാലിക വേട്ടയാടൽ ഗ്രൂപ്പുകളുടെ സാമൂഹ്യ ശൃംഖലകൾ (social network) മാപ്പ് ചെയ്തു. ഓരോ ഗ്രൂപ്പും ബന്ധുക്കളല്ലാത്തവരുമായി ‘ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് അവർ നിരീക്ഷിച്ചു. അതായത്, ഇടവിട്ട സമയങ്ങളിൽ പരസ്പരം ഇടപഴകുന്ന വ്യത്യസ്‌ത സ്ഥലങ്ങളിലെ വ്യത്യസ്‌ത കമ്മ്യൂണിറ്റികൾ ചേർന്നതാണ് അവർ. തുടർന്ന് ഇത്തരം സാമൂഹ്യ ശൃംഖലകളെക്കുറിച്ച് (social network) ഒരു ‘സിമുലേഷൻ’ പഠനവും അവർ നടത്തി. സസ്യാധിഷ്ഠിതമായ ഔഷധങ്ങളുടെ സങ്കീർണ്ണമായ സാംസ്കാരിക വികാസം എങ്ങനെ നടക്കുന്നുവെന്നതാണ് പഠനവിധേയമാക്കിയത്. വേട്ടക്കാരുടെ യഥാതഥ സാമൂഹ്യശൃംഖലകളുടെ കംപ്യൂട്ടർമാതൃക സൃഷ്ടിച്ച് ആദ്യം പഠനം നടത്തി. പിന്നീട് പൂർണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന സാങ്കല്പികസാമൂഹ്യശൃംഖലകളുടെ മാതൃകയിലും പഠനം നടത്തി. അവിടെ വിർച്വൽ വ്യക്തികൾക്ക് മറ്റെല്ലാ വ്യക്തികളിലേക്കും ഉടൻ തന്നെ പുതിയ വിവരങ്ങൾ കൈമാറാൻ കഴിയും. ഇവ രണ്ടും താരതമ്യം ചെയ്തു. സങ്കീർണ്ണമായ സംസ്കാരരീതികൾ വികസിപ്പിക്കുന്നതിൽ യഥാതഥ സാമൂഹ്യശൃംഖലകൾ കൂടുതൽ കാര്യക്ഷമമാണെന്ന് ഗവേഷകർ കണ്ടെത്തി. ഒരു സിമുലേഷൻ പഠനം മാത്രമാണെങ്കിലും മൊസൈക് മാതൃകയിലുള്ള പരിണാമത്തെ പിന്തുണക്കുന്നതാണിതും.
മാറുന്ന പരിണാമ മാതൃക
ഏകദേശം 3,00,000 വർഷങ്ങൾക്ക് മുമ്പ് കൈകൊണ്ട് ഉപയോഗിക്കുന്ന പ്രാകൃതമായ കല്ല് ഉപകരണങ്ങളിൽ നിന്ന് കൂടുതൽ പരിഷ്‌കൃതമായ ബ്ലേഡ് പോലെ വായ്ത്തലയുള്ള ഉപകരണങ്ങളിലേക്കും എയ്ത് വിടാവുന്ന കൂർത്ത അഗ്രങ്ങളുള്ള ഉപകരണങ്ങളിലേക്കും വ്യാപകമായ മാറ്റം നടന്നുവെന്ന് പുരാവസ്തു ഗവേഷകർ മനസ്സിലാക്കിയിട്ടുണ്ട്. പ്രാചീനശിലായുഗത്തിൽ നിന്ന് മധ്യശിലായുഗത്തിലേക്കുള്ള മാറ്റമെന്നാണ് പുരാവസ്‌തുശാത്രജ്ഞർ ഇത് അടയാളപ്പെടുത്താറുള്ളത്. ‘അവബോധതലത്തിലുള്ള മുന്നേറ്റത്തിൻറെ’ ഉൽപ്പന്നങ്ങളായാണ് ഗവേഷകർ ഈ മാറ്റത്തെ കണ്ടിരുന്നത്. യഥാർത്ഥത്തിൽ വ്യത്യസ്‌തമായ സാംസ്‌കാരികവും ജൈവശാസ്ത്രപരവുമായ സവിശേഷതകളുള്ള വ്യത്യസ്തജനവിഭാഗങ്ങൾ ബന്ധപ്പെടുകയും അവരുടെ ആശയങ്ങളും ജീനുകളും കൈമാറുകയും ‘പുനസംയോജിപ്പിക്കുകയും’ ചെയ്യുന്ന സംഭവങ്ങളായിരിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം. .
ഇതുവരെ വിശദീകരിക്കാൻ ദുഷ്കരമായിരുന്ന ചില ഫോസിൽ പുരാവസ്തു കണ്ടെത്തലുകളുണ്ട്. ഉദാഹരണത്തിന്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് 22,000 വർഷങ്ങൾക്ക് മുമ്പുള്ള ചില ‘മനുഷ്യ’ ഫോസിലുകൾ ഗവേഷകർ കണ്ടെത്തി, എന്നാൽ ഇവയ്ക്ക് ഏകദേശം 300,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ‘ആളുകളോട്’ നല്ല സാമ്യമുണ്ടെന്നും കണ്ടെത്തി. സെനഗലിൽ, ശാസ്ത്രജ്ഞർ 12,000 വർഷം പഴക്കമുള്ള ശിലാഉപകരണങ്ങൾ കണ്ടെടുത്തു. അത് 100,000 വർഷങ്ങൾക്ക് മുമ്പുള്ള ഉപകരണങ്ങളുടെ രീതിയിലുള്ളവയാണ്. പരിണാമം ‘മൊസൈക്ക്’ രീതിയിലാണ് പ്രത്യക്ഷമായതെന്ന ആശയമുപയോഗിച്ച് ഈ സമസ്യകളൊക്കെ വിശദീകരിക്കാൻ കഴിയും എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ 10,000 വർഷങ്ങൾ വരെ പഴക്കമുള്ള ആഫ്രിക്കൻ ‘ഫോറേജർ’ വിഭാഗങ്ങളിലെ അംഗങ്ങളുടെ (ഇര/ഭക്ഷണം തേടി നടക്കുന്ന ജനവിഭാഗങ്ങളുടെ ഭൗതികാവശിഷ്ടങ്ങളിൽ നിന്ന് ) ഡിഎൻഎ വേർതിരിച്ചെടുക്കുകയും പഠനവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. വിശകലനങ്ങളിൽ നിന്ന് വ്യക്തമാവുന്നത് കണക്റ്റിവിറ്റിയുടെയും ഒറ്റപ്പെടലിൻ്റെയും ചക്രങ്ങളുടെ കഥയാണ്. വിശകലനങ്ങൾ ഒരു വശത്ത്, ഏകദേശം 3,00,000 വർഷങ്ങൾ മുമ്പ് മുതൽ തന്നെ വ്യത്യസ്തമായി നിലനിൽക്കുന്ന പരമ്പരകൾ ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. മറുവശത്ത്, ഡിഎൻഎ ജനിതക വൈവിധ്യത്തിൻ്റെ തോത്, ഒറ്റപ്പെട്ടതായി തോന്നുന്ന ഗ്രൂപ്പുകൾ യഥാർത്ഥത്തിൽ വലിയ സാമൂഹികവും ജനിതകവുമായ ശൃംഖലയിൽ ഉൾച്ചേർന്നിരുന്നുവെന്ന് സൂചിപ്പിക്കുന്നു. അതായത് ഈ ഗ്രൂപ്പുകൾ ചില ഘട്ടങ്ങളിൽ ഇടകലരുകയും ഇണചേരുകയും ചെയ്തിരുന്നു.കാലാവസ്ഥാ -പാരിസ്ഥിതിക പഠനവും ഇതിനോട് പൊരുത്തപ്പെടുന്നുണ്ട്. പാരിസ്ഥിതികമായി പ്രദേശങ്ങൾ ഒറ്റപ്പെടുന്ന ഘട്ടങ്ങളും ജനിതകമായ ഒറ്റപ്പെടലിൻറെ ഘട്ടങ്ങളും തമ്മിൽ നല്ല പൊരുത്തമുണ്ട്.
ഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത ജനവിഭാഗങ്ങൾ ഓരോരുത്തരും അവരുടെ പ്രാദേശിക പരിതസ്ഥിതികളോട് സാംസ്കാരികവും ശാരീരികവുമായ പൊരുത്തപ്പെടുത്തലുകൾ നടത്തിയ, ഒറ്റപ്പെടലിന്റെ കാലഘട്ടങ്ങളിലാണ് വ്യതിരിക്തമായി വികസിപ്പിച്ചെടുത്ത പുതിയ കണ്ടെത്തലുകൾ ഉണ്ടായത്. അതേ സമയം, കണക്റ്റിവിറ്റിയുടെ അവസരങ്ങൾ വ്യത്യസ്ത ജനവിഭാഗങ്ങളെ പരസ്പരം പ്രയോജനകരമായ സ്വഭാവങ്ങളും പെരുമാറ്റങ്ങളും സാങ്കേതികവിദ്യകളും കൈമാറാനും സ്വന്തമാക്കാനും അവസരം നല്കി. ജനിതകമിശ്രണം അതിജീവനത്തിനും സഹായകരമായി. ബന്ധപ്പെടലുകൾ ബന്ധുതയുടെ അവസരങ്ങൾ കൂടിയായിരുന്നു എന്ന് നമുക്ക് പറയാം. അങ്ങനെ മനുഷ്യർ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അനുകൂലനപ്പെടുകയും കൂടുതൽ വഴക്കമുള്ളവരായിത്തീരുകയും ചെയ്തു. സംഘർഷങ്ങളേതുമില്ലാത്ത സുഗമമായ പ്രക്രിയയിരുന്നു എപ്പോഴും ഇവയെല്ലാമെന്ന് കരുതേണ്ട കാര്യമില്ല. പക്ഷേ വ്യത്യസ്തവിഭാഗങ്ങൾ തമ്മിൽ സംഘർഷവും മത്സരവും മാത്രമായിരുന്നെങ്കിൽ ഇങ്ങനെയൊരു സോഷ്യൽ നെറ്റ്‌വർക്ക് ഉരുത്തിരിയുകയും ഇല്ലായിരുന്നു.
‘ഇൻബ്രീഡിംഗിന്റെ’ അപകടകരമായ പ്രത്യാഘാതങ്ങളെ തടയാൻ ഇടകലരലിന്റെ ഘട്ടങ്ങൾ സഹായിക്കുന്നു. (ഇൻബ്രീഡിംഗ് എന്നാൽ ഒറ്റപ്പെട്ട ഗ്രൂപ്പുകൾക്കുള്ളിൽ നിന്ന് മാത്രം ഇണകൾ ഉണ്ടാകുന്ന രീതിയാണ്.) കഠിനമായ സാഹചര്യങ്ങളിൽ, വലിയ ജനസംഖ്യ നിലനിർത്തുന്നത് ബുദ്ധിമുട്ടാകുമ്പോൾ പോലും, നമ്മുടെ പൂർവ്വികരെ നിലനിൽക്കാനും അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തരാക്കിയത് ജനിതകമായ ഇടകലരലുകൾ തന്നെയാവും. കാരണം വലിയ ജനിതക വൈവിധ്യം എന്നത് പ്രയോജനകരമായ മ്യൂട്ടേഷനുകളുടെ ഒരു വലിയ റിസർവോയർ ലഭ്യമാക്കുന്ന പോലെയാണ്. അത് വ്യത്യസ്ത പരിതസ്ഥിതികളിലെ വെല്ലുവിളികളുമായി അനുകൂലനപ്പെടാൻ ജനസഞ്ചയങ്ങൾക്ക് കൂടുതൽ കഴിവ് നൽകും.
അങ്ങനെ പുതിയ തെളിവുകളും ആശയങ്ങളും നമ്മുടെ ഉത്ഭവകഥയെ വീണ്ടും മാറ്റിമറിക്കുന്നു. മറ്റൊരു ‘പാരഡൈം’ മെല്ലെ ഉയർന്ന് വരുന്നു. ആദ്യകാല ഹോമോ സാപിയൻസ്, പലരും കരുതിയതുപോലെ, താരതമ്യേന ഒരൊറ്റ വലിയ കൂട്ടമായി ഉത്ഭവിച്ച് ക്രമേണ ആഫ്രിക്കയിലുടനീളവും പുറത്തേക്കും വ്യാപിച്ചതുമാണെന്ന ‘കഥനം’ മെല്ലെ മങ്ങുകയാണ്. ആഫ്രിക്കയിലെ പുരാതന ശിലാ ഉപകരണങ്ങളും മറ്റ് സാംസ്കാരിക വസ്തുക്കളും വിവിധ കാലഘട്ടങ്ങളിലും വിവിധ പ്രദേശങ്ങിളിലും ‘ക്ലസ്റ്റേർഡ് ആയി’ അതായത് ചില കൂട്ടങ്ങളായാണ് ഉപയോഗത്തിലുണ്ടായിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലക്രമേണ, കൂടുതൽ സങ്കീർണ്ണമായ ഭൗതിക സംസ്ക്കാരത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പ്രവണത മിക്കയിടങ്ങളിലും കാണുന്നു, എന്നാൽ ഈ ‘ആധുനികവൽക്കരണം’ ഒരു പ്രത്യേക പ്രദേശത്ത് ഉത്ഭവിച്ചതോ ഒരു പ്രത്യേക കാലഘട്ടത്തിൽ സംഭവിച്ചതോ അല്ല. നേരെ മറിച്ച് മുൻപറഞ്ഞ പുനഃസംയോജനത്തിൻ്റെ അനന്തരഫലമാണെന്നാണ് മനസ്സിലാകുന്നത്. സാംസ്കാരികവും ജനിതകവുമായ കൊടുക്കൽ വാങ്ങലുകളിലൂടെ സംഭവിച്ച പുനസംയോജനത്തിൻ്റെ ഫലം.
മുന്നോട്ടുള്ള ഗവേഷണപ്രവർത്തനങ്ങൾ ‘മനുഷ്യ’ ഗ്രൂപ്പുകൾ എന്തുകൊണ്ടാണ് ഇങ്ങനെ വിഭജിക്കപ്പെട്ടതെന്നും ചില ഘട്ടങ്ങളിൽ അവരുടെ സംഗമം സാധ്യമാക്കിയ സാഹചര്യങ്ങൾ എന്താണെന്നും നിർണ്ണയിക്കാൻ സഹായിക്കും. എന്നാൽ ഇപ്പോൾ വ്യക്തമാകുന്നത്, നമ്മുടെ തൊട്ട് മുൻപേയുള്ള ഹോമോ സാപിയൻ പൂർവ്വികർ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുടനീളം ജീവിച്ചിരുന്നു എന്നതാണ്. അത് പോലെ അവർ ശാരീരികമായും, ജനിതകമായും, സാംസ്കാരികമായും-ആരംഭം മുതൽ വൈവിധ്യമുള്ളവരായിരുന്നു. ഹോമോ സാപിയൻസ് പുൽമേടുകളിലെ ജീവിവർഗ്ഗമോ മഴക്കാടുകളിലെ ജീവിവർഗ്ഗമോ മാത്രമല്ല. നമ്മൾ പൂർണ്ണമായും മാംസഭോജികളോ സസ്യഭുക്കുകളോ സമാധാനപ്രിയരോ യുദ്ധതല്പരരോ അല്ല. നമ്മൾ പൂർണ്ണമായും ഹഡ്‌സയിൽ നിന്നോ സാൻ വംശത്തിൽ നിന്നോ വന്നവരല്ല, കാരണം ഒരിക്കലും ഒരൊറ്റ “പൂർവിക മനുഷ്യ ജനസഞ്ചയം” ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളായി അങ്ങേയറ്റം വൈവിധ്യമാർന്ന ചുറ്റുപാടുകളിൽ ജീവിച്ചിരുന്ന നിരവധി ഗ്രൂപ്പുകളുടെ സമ്പന്നമായ മിശ്രണമാണ് നമ്മൾ.
ഒരുപക്ഷേ, നമ്മൾ ഹോമോ സാപിയൻസിനെ അടയാളപ്പെടുത്തുന്ന ഏറ്റവും സവിശേഷമായ പ്രത്യേകത പരസ്പരമിശ്രണവും കൊടുക്കൽ വാങ്ങലുകളുമാണ്. ആശയങ്ങളും സംസ്കാരവും ജീനുകളും കൈമാറ്റം ചെയ്യുന്നത് നമ്മുടെ പരിണാമചരിത്രത്തിലെ പ്രധാന ഏടാണ്. ഇത്തരം കൈമാറ്റങ്ങളിലൂടെ മനുഷ്യർ സങ്കീർണ്ണവും ചലനാത്മകവുമായ പെരുമാറ്റങ്ങളും വിശ്വാസങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതാണ് എവിടെ എത്തിയാലും നമ്മളെ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും പ്രാപ്തമാക്കിയത്. മത്സരത്തിൻറെയും കീഴടക്കലിൻറെയും ഏടുകൾക്ക് മീതെ ഇങ്ങനെയൊരു കഥകൂടി നമ്മുടെ പരിണാമചരിത്രം പറയുന്നുണ്ട്. അതാണ് മനുഷ്യരാശിയുടെ വിജയത്തിൻറെ കൊടിയടയാളവും.
അവലംബം
- Hublin, J.J., Ben-Ncer, A., Bailey, S.E., Freidline, S.E., Neubauer, S., Skinner, M.M., Bergmann, I., Le Cabec, A., Benazzi, S., Harvati, K., and Gunz, P. . New fossils from Jebel Irhoud, Morocco and the pan African origin of Homo sapiens. Nature 546, 289–292., (2017)
- Howells W. W., Cranial variation in man : A study by multivariate analysis of patterns of difference among recent human populations, Papers of the Peabody Museum of Archaeology and Ethnology, Harvard University 67 1-259, 1973
- Bernard Wood, Evolution: Origin(s) of Modern Humans, Current Biology 27, R746–R769, August 7, 2017
- Vidal, C.M., Lane, C.S., Asrat, A. et al. Age of the oldest known Homo sapiens from eastern Africa. Nature 601, 579–583 (2022). https://doi.org/10.1038/s41586-021-04275-8
- Thompson E, Williams HM, Minichillo T. Middle and late Pleistocene Middle Stone Age lithic technology from Pinnacle Point 13B (Mossel Bay, Western Cape Province, South Africa). J Hum Evol. 2010 Sep-Oct;59(3-4):358-77. doi: 10.1016/j.jhevol.2010.07.009.
- C Padilla-Iglesias, LM Atmore, J Olivero, K Lupo, A Manica, et al., .Population interconnectivity over the past 120,000 years explains distribution and diversity of Central African hunter-gatherers, Proceedings of the National Academy of Sciences 119 (21), e2113936119
- K Garg, C Padilla-Iglesias, N Restrepo Ochoa, VB Knight, Hunter–gatherer foraging networks promote information transmission, Royal Society open science 8 (12), 211324
- Cecilia Padilla-Iglesias, Did Humanity Really Arise in One Place?, 1 Feb 2023, https://www.sapiens.org/archaeology/human-evolution-east-africa/