Read Time:15 Minute
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം
കുതിരകളുടെ ഫോസിൽ ചരിത്രംപോലെ ആനകളുടെ പരിണാമവും ഏതാണ്ട് പൂർണമായി മനസ്സിലാക്കിയിട്ടുണ്ട്. ആഫ്രിക്ക ആയിരുന്നു ആന പരിണാമത്തിന്റെ കേന്ദ്രം. വിവിധ കാലങ്ങളിൽ പല ആന വംശങ്ങളും പല ദിശകളിലേക്ക് വ്യാപിച്ചു. ആ ഫോസിൽ താവഴികളിലെ പ്രതാപികൾ മിക്കതും വംശനാശ മടഞ്ഞു. പല ദിശകളിൽ നടന്ന പരിണാമത്തിന്റെ ഏകദേശ ചിത്രം പട്ടികയിൽ നിന്ന് വ്യക്തമാകും.

ആനകളുടെ സവിശേഷതകൾ നിരവധിയാണ്. കരയിലെ ഏറ്റവും വലിയ ജന്തുക്കളാണിവ. ആഫ്രിക്കൻ ആനകളാണ് കൂടുതൽ വലുത് (ശരാശരി 10.6 അടി ഉയരവും 5.6 ടൺ ഭാരവും). മേൽച്ചുണ്ടും മൂക്കും ചേർന്നുണ്ടായ തുമ്പിക്കൈ ആനയുടെ പ്രത്യേകതയാണ്. ഉളിപ്പല്ലുകൾ വളർന്നാണ് മേൽത്താടിയിൽ കൊമ്പുകളുണ്ടാവുന്നത്. മോളാർ പല്ലുകളിൽ വിലങ്ങനെ ധാരാളം വരമ്പുപോലുള്ള ഭാഗങ്ങളുണ്ട് (ridges).

ആനയുടെ പരിണാമത്തിൽ സംഭവിച്ച പ്രധാന ശാരീരിക മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

  1. വലുപ്പത്തിൽ വർധനവുണ്ടായി
  2. കാലിലെ അസ്ഥികൾ വളരുകയും ശക്തമാവുകയും ചെയ്തു.
  3. മേൽത്താടിയിലെ രണ്ടാമത്തെ ഉളിപ്പല്ലുകൾ പുറ ത്തേക്ക് വളർന്ന് കൊമ്പുകളായി.
  4. തലയോടിനകത്ത് ധാരാളം വായു അറകളുണ്ടായി.
  5. കഴുത്ത് ചെറുതായി.
  6. തുമ്പിക്കൈ വളർന്നു.
  7. പല്ലുകളുടെ എണ്ണം കുറഞ്ഞു. അണപ്പല്ലുകൾ പ്രത്യേ കരീതിയിൽ രൂപാന്തരപ്പെട്ടു.

മോറിത്തീരിയം (Moeritherium)

ആനയുടെ പരിണാമ വഴിയിലുള്ള ആദ്യഫോസിൽ. ഇയോസീൻ കാലത്ത് ജീവിച്ചിരുന്ന മോറിത്തീരിയത്തിന്റെ ഫോസിൽ ഈജിപ്തിലെ കെയ്റോവിൽ നിന്ന് ഏകദേശം 90 കി.മീ. തെക്കുപടിഞ്ഞാറുള്ള മോറിസ് തടാക പ്രദേശത്തുനിന്നാണ് ലഭിച്ചത്. മോറിസ് തടാകത്തിന്റെ പേരിൽ നിന്നാണ് മോറിത്തീരിയം എന്ന പേരിന്റെ നിഷ്പത്തി. ടപ്പീർ പന്നിയുടെ ഛായയുള്ള ഇവയ്ക്കു കൊഴുത്ത ശരീരവും ശക്തിയുള്ള കാലുകളുമുണ്ടായിരുന്നു. ചതുപ്പുനിലങ്ങളിൽ ജീവിച്ചിരുന്ന ഇവ മൃദുഇലകളും ജലസസ്യങ്ങളും ആഹാരമാക്കിയിരുന്നു. രണ്ടാമത്തെ ജോടി ഉളിപ്പല്ലുകൾ ചെറിയ കൊമ്പുകളായി വളരാനുള്ള പ്രവണത കാണിച്ചു. തലയോടിന്റെ പിൻഭാഗത്ത് വായുഅറകൾ രൂപപ്പെടാൻ തുടങ്ങിയിരുന്നു. ഈ വായു അറകളാണ് ആനകളുടെ ഫോസിലുകളുടെ ഒരു പ്രത്യേകത. തുമ്പിക്കെ രൂപപ്പെട്ടിരുന്നോ എന്നത് കൃത്യമായി പറയാൻ പ്രയാസമാണ്.

ഇയോസീൻ കഴിഞ്ഞ് ഒലിഗോസീൻ യുഗത്തിലും കുറേക്കാലം മോറിത്തീരിയം നിലനിന്നു. മോറിത്തീരിയത്തിൽനിന്ന് രണ്ട് ദിശകളിൽ ആനപ്പരിണാമം നടന്നതായി ഫോസിലുകളിൽനിന്ന് വ്യക്തമാവുന്നു. ഇതിൽ ഫിയോമിയ, സ്റ്റീഗോഡോൺ ദിശയിലുള്ള പരിണാമമാണ് ഇന്നത്തെ ആനകളിലേക്ക് നയിച്ചത്. പാലിയോമാസ്റ്റൊഡോൺ എന്ന പരിണാമദിശ മാസ്റ്റഡോണിൽ അവസാനിച്ചു.

ഫിയോമിയയുടെ വലിപ്പം മനുഷ്യനുമായി താരതമ്യം ചെയ്യുമ്പോൾ

ഫിയോമിയ (Phiomia)

ഈജിപ്തിലെ ഒലിഗോസീൻ നിക്ഷേപങ്ങളിൽനിന്നാണ് ഇതിന്റെ ഫോസിൽ ലഭിച്ചത്. ഇന്ത്യയിലെ ശിവാലിക് മലകളിൽനിന്നും ഈ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. മോറിത്തീരിയത്തേക്കാൾ വലുതായിരുന്നു ഫിയോമിയ. കാലുകൾക്ക് ഇന്നത്തെ ആനയുടെ കാലുകളുടെ ആകൃതി കൈവന്നിരുന്നു. കുതിരയുടെ ഉയരമുള്ള ഇവയുടെ ദേഹപ്രകൃതി, കഴുത്തിന് കുറച്ചു നീളം കൂടുമെന്നതൊഴിച്ചാൽ, ആനകളുടേതു പോലെയാണ്.

ഫിയോമിയ തലയോട്ടി Phiomia,

തലയുടെ പിൻഭാഗത്തെ വായു അറകൾ വലുതായതിനാൽ തലയോടിന്റെ പിൻഭാഗം ഉയർന്നു. നാസാദ്വാരങ്ങൾ പിൻഭാഗത്തേക്ക് മാറിയിരുന്നു. ഇത് ചെറിയ തുമ്പിക്കൈ ഉള്ളതിന്റെ സൂചനയായി എടുക്കാം. രണ്ട് താടിയിലെയും കൊമ്പുകൾ ഒരുപോലെ വളർന്നിട്ടുണ്ടെന്നതാണ് ഇവയുടെ പ്രത്യേകത. മോളാർ പല്ലുകൾക്ക് സങ്കീർണ ഘടനയുണ്ടായി രുന്നു. കോമ്പല്ലുകൾ അപ്രത്യക്ഷമായിരുന്നു.

പാലിയോ മാസ്റ്റൊഡോൺ – ഒരു ചിത്രീകരണം

പാലിയോ മാസ്റ്റൊഡോൺ (Paleomastodon)

ഇയോസീനിന്റെ അന്ത്യപാദത്തിലും ഒലിഗോസിനിന്റെ ആദ്യപാദത്തിലും ജീവിച്ചിരുന്ന ഇവയുടെ ഫോസിലുകൾ ഈജിപ്തിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഇവയുടെ കാലുകൾക്ക് ഇന്നത്തെ ആനകളുടെ കാലുകളുമായി സാദൃശ്യമുണ്ടായിരുന്നു. 1-2 മീ ഉയരവും 2 ടൺ ഓളം ഭാരവും ഇതിനുണ്ടായിരുന്നു.

പാലിയോ മാസ്റ്റൊഡോണിന്റെ തലയോട്ടി P. beadnelli skull

രണ്ട് താടിയിലെയും രണ്ടാമത്തെ ജോടി ഉളിപ്പല്ലുകൾ കൊമ്പുകളായി പുറത്തേക്ക് വളർന്നു. കീഴ്ത്താടി കൊമ്പ് പരന്ന് ചതുപ്പിൽ നിന്ന് സസ്യങ്ങളെ പിഴുതെടുക്കാൻ പറ്റുന്ന വിധത്തിൽ അനുകൂലനം സിദ്ധിച്ചിരുന്നു.

ഗോംഫോത്തീരിയം (Gomphotherium)

ഫിയോമിയയിൽനിന്ന് ഒരു ഉപശാഖയായി പരിണമിച്ചുണ്ടായതാണ് ഗോംഫോത്തീരിയം അല്ലെങ്കിൽ ട്രൈലോഫോഡോൺ (Trilophodon) സ്റ്റീഗോഡോണിന്റെയും മാമത്തുകളുടെയും ഇന്നത്തെ ഇന്ത്യൻ, ആഫ്രിക്കൻ ആനകളുടെയും പൂർവികനാണ്. ഇന്നത്തെ ഇന്ത്യൻ ആനയുടെയത്ര ഉയരമുണ്ടായിരുന്ന ഇവ മയോസീൻ കാലത്താണ് ജീവിച്ചിരുന്നത്.

നീണ്ട കീഴ്ത്താടിയും അതിൽ രണ്ട് കൊമ്പുകളും ഉണ്ടായിരുന്നു. ഭക്ഷണം കുുഴിച്ചെടുക്കാൻ ഈ കൊമ്പുകൾ ഉപയോഗിച്ചിരിക്കണം എന്ന് ഊഹിക്കപ്പെടുന്നു. മേൽത്താടിയിലെയും കീഴ്ത്താടിയിലെയും കൊമ്പുകൾക്ക് ഒരേ വലുപ്പമായിരുന്നു. വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഈ ആനവർഗം വ്യാപിച്ചു. ഓരോ വശത്തും രണ്ട് മോളാർപ്പല്ലുകൾ വീതമാണ് ഉണ്ടായി രുന്നത്.

മസ്റ്റോഡോൺ  (Mastodon)

പ്ലിയോസീൻ കാലത്ത് വടക്കെ അമേരിക്കയിലെ ചതുപ്പുനിലങ്ങൾക്കടുത്തായി ജീവിച്ചിരുന്ന ആനവർഗമാണ് മാസ്റ്റൊഡോണുകൾ. ഏകദേശം 3 മീ. ഉയരമുണ്ടായി രുന്ന ഇവയുടെ ഭാരം 4-6 ടൺ ആയിരുന്നു. കീഴ്ത്താടി ചെറുതും കൊമ്പുകളില്ലാത്തതുമായിരുന്നു. പാലിയോ മാസ്റ്റൊഡോണിൽ നിന്നുള്ള പ്രധാന വ്യത്യാസമാണിത്.

മാമത്തും മസ്റ്റോഡോണും ഒരു താരതമ്യം

മേൽത്താടിയിലെ കൊമ്പുകൾക്ക് ഏതാണ്ട് ഒൻപത് അടിയോളം നീളമുണ്ടായിരുന്നു. അവ മുകളിലേക്ക്വളഞ്ഞ നിലയിലായിരുന്നു. കീഴ്ത്താടിയിൽ ഉളിപ്പല്ലുകൾ ഇല്ലെന്നതും അണപ്പല്ലുകൾ ഓരോന്നായിട്ടാണ് മുളയ്ക്കുന്നത് എന്നതും യഥാർഥ ആനകളുടെ പ്രത്യേകതയാണ്. തലയിലെ വായു അറകൾ മാസ്റ്റൊഡോണുകളിൽ ധാരാളമുണ്ടായിരുന്നു. പാലിയോമാസ്റ്റൊഡോണുകളുടെ പിൻഗാമികളായ ഈ ആനകൾക്ക് ഏതാണ്ട് 8000 കൊല്ലം മുമ്പാണ് വംശനാശമുണ്ടായത്.

സ്റ്റീഗോഡോൺ (Stegodon)

ഒരുകാലത്ത് ആധുനിക ആനകളുടെ മുൻഗാമികളായാണ് സ്റ്റീഗോഡോണുകൾ കരുതപ്പെട്ടിരുന്നത്. പ്ലിയോസീൻ യുഗത്തിനവസാനം ഏഷ്യയുടെ തെക്കു കിഴക്കൻ ഭാഗങ്ങളിൽ ഇവ ധാരാളമുണ്ടായിരുന്നു. 70 ലക്ഷം കൊല്ലം മുമ്പ് യുറേഷ്യയിൽ ജീവിച്ചിരുന്ന സ്റ്റീഗോലോഫോഡോൺ ആണ് ഇവയുടെ പിൻഗാമി.  നല്ല ഉയരമുള്ള ആനകളായിരുന്നു ഇവ. മേൽത്താടിയും കീഴ്ത്താടിയും ചെറുതായിരുന്നു. മേൽത്താടിയിലെ കൊമ്പുകൾ മുകളിലേക്ക് വളഞ്ഞവയായിരുന്നു. മോളാർ പല്ലുകളിലെ ഇനാമലിന് മീതെ സിമന്റിന്റെ നേർത്തപാളികൾ ഉണ്ടായിരുന്നു. റിഡ്ജുകളും (ridges) കൂടുതലായിരുന്നു.

സ്റ്റീഗോഡോണുകളിൽ വ്യത്യസ്ത ദിശയിൽ പരി ണാമം സംഭവിച്ചാണ് മാമത്തുകൾ,  ആഫ്രിക്കൻ ആനകൾ, ഏഷ്യൻ ആനകൾ എന്നിവയുണ്ടായത്.

Mammuthus trogontherii, Steppe Mammoth.

മാമത്തുകൾ (Mammoth)

ഏഷ്യൻ ആനകൾ ഉൾപ്പെടുന്ന എലിഫാസ് എന്ന ജീനസിലാണ് മാമത്തുകളും ഉൾപ്പെടുന്നത്. പ്ലീസ്റ്റോസീൻ കാലത്താണ് ഇവയുണ്ടായിരുന്നത്. ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽനിന്ന് ഫോസിലുകൾ ലഭിച്ചു. സൈബീരിയയിൽ നിന്ന് മഞ്ഞിൽ പുതഞ്ഞുപോയ നിലയിലുള്ള നിരവധി ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. മാംസം പോലും കേടുവരാത്ത ഫോസിലുകളാണ് ഇവ. 2007-ൽ യുറിബെറി നദിക്കരയിൽനിന്ന് ആറുമാസം പ്രായമായ ഒരു ആനക്കുഞ്ഞിന്റെ ജഡം ലഭിച്ചു. ഇതിന് ഏതാണ്ട് 40,000 വർഷം പഴക്കമുണ്ടെന്ന് കണ്ടെത്തി.

തണുത്ത പ്രദേശങ്ങളിൽ ജീവിച്ചിരുന്നവയ്ക്ക് നീണ്ട രോമങ്ങളുണ്ടായിരുന്നു. രോമങ്ങൾക്ക് ഒന്നരയടിയോളം നീളമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. തലയുടെ മുകൾ ഭാഗം കൂർത്ത ആകൃതിയിലായിരുന്നു. കൊമ്പുകൾ വളഞ്ഞ് അഗ്രം ത്തീർന്നിരുന്നു. ചില ഇനങ്ങൾക്ക് പതിനാറടിയോളം ഉയരമുണ്ടായിരുന്നു.

കാലാവസ്ഥാമാറ്റങ്ങളും ആദിമമനുഷ്യരുടെ വേട്ടയാടലുമാണ് ഇവയുടെ നാശത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നു. ആദിമമനുഷ്യർ ഗുഹകളിൽ വരച്ചിട്ടിരിക്കുന്ന ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് മാമത്താണ്.

ഇന്ത്യൻ ആന – ബന്തിപ്പൂർ നാഷണൽ പാർക്കിൽ നിന്നും കടപ്പാട് വിക്കിപീഡിയ Yathin S Krishnappa 

ഏഷ്യൻ ആന

പ്ലീസ്റ്റോസീൻ കാലത്താണ് ഏഷ്യൻ ആനകളുടെ ഫോസിലുകൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ, ചൈന, സുമാത്ര, ബോർണിയോ ഭാഗങ്ങളിൽ ഏഷ്യൻ ആനകളെ കണ്ടുവരുന്നു. ഇവ ആഫ്രിക്കൻ ആനകളെക്കാൾ ചെറുതാണ്. ആണിന് മാത്രമേ കൊമ്പുകളുള്ളൂ. ചെവികൾ താരതമ്യേന ചെറുതാണ്. നെറ്റിഭാഗം ഉയർന്നതാണ്.

ആഫ്രിക്കൻ ആന

പ്ലീസ്റ്റോസീൻ കാലം മുതൽ ആഫ്രിക്കൻ ആനയുടെ ഫോസിലുകൾ കണ്ടുതുടങ്ങുന്നു. ആണിനും പെണ്ണിനും കൊമ്പുകളുണ്ട്. ഇവയുടെ നെറ്റിയുടെ ഭാഗം താഴ്ന്നതാണ്. മോളാർ പല്ലുകളുടെ ഘടനയിൽ ഏഷ്യൻ ആനക ളുമായി ചെറിയ വ്യത്യാസമുണ്ട്. വലിയ ചെവികളാണ് ആഫ്രിക്കൻ ആനകളുടെ മറ്റൊരു സവിശേഷത.


ലേഖനം വായിക്കാം
ലേഖനം വായിക്കാം
വെബ്സൈറ്റ് സന്ദർശിക്കാം
Happy
Happy
25 %
Sad
Sad
0 %
Excited
Excited
63 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
13 %

One thought on “ആനയുടെ പരിണാമം

Leave a Reply

Previous post പരിണാമ കോമിക്സ് 3
Next post ഭൂമിയുടെ ചരിവും മാനവ സംസ്കാരവും
Close