സെപ്റ്റംബർ 20 – ശാസ്ത്രചരിത്രത്തിൽ ഇന്ന്

1. മെഗല്ലന്റെ ലോകം ചുറ്റൽ

അഞ്ചുകപ്പലും 270 ആളുകളുമടങ്ങുന്ന സന്നാഹവുമായി ലോകം ചുറ്റുകയെന്ന ദൗത്യത്തിനായി പോർച്ചുഗീസ് പര്യവേക്ഷകനായ ഫെർഡിനാന്റ് മഗല്ലൻ (Ferdinand Magellan 1480-1521) സ്പെയിനിൽ നിന്നും 1519 സെപ്റ്റംബർ 20ന് യാത്രതിരിച്ചു. യാത്രയുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നെങ്കിലും മഗല്ലന്റെ സാഹസികയാത്ര ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചു. സംഭവബഹുലമായ ആ യാത്രയ്ക്ക് 501 വർഷം പിന്നിടുന്നു.

മെഗല്ലന്റെയും എൽ കാനോയുടെയും കപ്പൽപാത

ചരിത്രത്തിലെ ഏറ്റവും സാഹസികവും, ഭൂമിശാസ്ത്രപരമായ അറിവിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രയോജനകരവുമായ പര്യവേഷണങ്ങളിൽ ഒന്നിനാണ്‌ മഗല്ലൻ നേതൃത്വം കൊടുത്തത്. അദ്ദേഹം ഭൂമിയ്ക്കു ചുറ്റും സഞ്ചരിച്ചു എന്നു പറയുക വയ്യ. എന്നാൽ യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു. സെവില്ലെ (Seville) തുറമുഖത്തുനിന്നാണ് ഫെര്‍ഡിനാന്‍ഡ് മഗല്ലന്റെ കപ്പല്‍വ്യൂഹം യാത്രതിരിച്ചത്. സ്പെയിനിലെ ഏക നദീതട തുറമുഖമാണ് സെവില്ലെ. സ്പെയിനിലെ യുവരാജാവായിരുന്ന ചാള്‍സ് ഒന്നാമന്‍ പറഞ്ഞതനുസരിച്ചായിരുന്നു മഗല്ലന്റെ യാത്ര.

ഫെർഡിനാന്റ് മഗല്ലൻ

വിഷമം പിടിച്ച ആ യാത്രയിൽ മഗല്ലന്റെ പര്യവേഷകസംഘം, തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനു കുറുകേ തെക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് ശാന്തസമുദ്രത്തിലേക്കുള്ള കടൽപ്പാത കണ്ടെത്തി. എന്നാൽ ഫിലിപ്പീൻസിലെ സീബു ദ്വീപിന്റെ ഭരണാധികാരി മാക്ടാൻ ദ്വീപിലെ ശത്രുവിനെതിരെ നടത്തിയ യുദ്ധത്തിൽ പങ്കെടുത്ത മഗല്ലൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം പോലും കണ്ടുകിട്ടിയില്ല. അവശേഷിച്ച നാവികർ രണ്ടു കപ്പലുകൾക്കു മാത്രമേ തികയുമായിരുന്നുള്ളൂ. ഒരു കൂട്ടർ, അമേരിക്കയിലെ സ്വർണ്ണം തേടിയാവാം ശാന്തസമുദ്രത്തിൽ വന്ന വഴിയേ തിരികെപോയി. വിക്ടോറിയ എന്ന കപ്പലിന്റെ ചുമതല ഏറ്റെടുത്ത ഹുവാൻ സെബാസ്റ്റിൻ ദെൽ കാനോ അതിനെ സുഗന്ധദ്വീപുകൾ(spice islands) കടത്തി ഇൻഡ്യൻ മഹാസമുദ്രത്തിലും ശുഭപ്രതീക്ഷാമുനമ്പ് (Cape of Good Hope)ചുറ്റി ആഫ്രിക്കയുടെ പശ്ചിമതീരത്തും എത്തിച്ചു. കേപ്പ് വെർദേ ദ്വീപിലെത്തിയ കപ്പലിലെ നാവികരിൽ പകുതിപേരെ അവിടെയുണ്ടായിരുന്ന പോർച്ചുഗീസുകാർ ബന്ധനത്തിലാക്കി. 22 പേർ എങ്ങനെയോ രക്ഷപ്പെട്ടുപോയി. 1522 സെപ്തംബർ 8-ന്‌ മൂന്നോളം വർഷങ്ങൾക്കു ശേഷം വിക്ടോറിയ സ്പെയിനിലെ പുറപ്പെട്ട സെവില്ലെ തുറമുഖത്ത് മടങ്ങിയെത്തി. യാത്ര തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന 280 പേരിൽ 18 പേർ മാത്രമാണ്‌ ആ കപ്പലിൽ അപ്പോൾ ഉണ്ടായിരുന്നത്.

ഹുവാൻ സെബാസ്റ്റിൻ എൽ കാനോ (Juan Sebastián Elcano)

മഗല്ലന്റെ നേട്ടത്തിന്റെ മഹത്ത്വം ഉടനെയെങ്ങും ശ്രദ്ധിക്കപ്പെട്ടില്ല. ലോകം ചുറ്റി മടങ്ങിയെത്തിയവൻ എന്ന ബഹുമതിയാകട്ടെ ‘വിക്ടോറിയ’-യുടെ കപ്പിത്തൻ ഹുവാൻ സെബാസ്റ്റിൻ എൽ കാനോയ്ക്ക് (Juan Sebastián Elcano) ലഭിച്ചു. വർഷങ്ങൾക്കുശേഷം മാഗല്ലന്റെ കപ്പലിന്റെ നാൾവഴിപ്പുസ്തകം (log book) കണ്ടു കിട്ടിയതോടെയാണ്‌, പര്യവേഷണത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവന തിരിച്ചറിയപ്പെട്ടതും അംഗീകരിക്കപ്പെട്ടതും.

ദക്ഷിണാർത്ഥഗോളത്തിൽ നിന്നു കാണാവുന്ന കുള്ളൻ താരാപഥങ്ങളായ മാഗല്ലനിക മേഘങ്ങൾക്കും(Magellanic clouds), തെക്കേ അമേരിക്കയിലെ മാഗല്ലനിക് പെൻ‌ഗ്വിനുകൾക്കും (Magellanic Penguins) ഫെർഡിനാന്റ് മഗല്ലന്റെ പേരാണ്‌.


2. ജെയിംസ് ഡ്യൂവർ

ആദ്യമായി ദ്രവഹൈഡ്രജൻ നിർമ്മിച്ചെടുക്കുകയും തെർമോസ് ഫ്ലാസ്ക്ക് നിർമ്മിക്കുകയും ചെയ്ത ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ജെയിംസ് ഡ്യൂവറിന്റെ (James Dewar 1842-1923) ജനനം. ബെൻസീനിന്റെ സംരചനാ ഫോർമുല നിർദ്ദേശിക്കുന്ന ഒരു ഗവേഷണ പ്രബന്ധമാണ് ഡ്യൂവെർ ആദ്യമായി (1867) പ്രസിദ്ധീകരിച്ചത്. 1872-ൽ പല പദാർഥങ്ങളുടേയും ആപേക്ഷിക താപം താഴ് ന്ന ഊഷ്മാവിൽ അളക്കാൻ ശ്രമിച്ചപ്പോഴാണ് അന്തരീക്ഷവുമായി സമ്പർക്കമുണ്ടാകാത്ത വിധത്തിൽ പദാർഥങ്ങളെ കവചിതമാക്കേണ്ടതിന്റെ ആവശ്യകത ഇദ്ദേഹത്തിനു ബോധ്യമായത്. ഒരു നിർവാതജാക്കറ്റിനുള്ളിൽവച്ച് പരീക്ഷണം നടത്തിയാൽ പ്രേഷണം (conduction) വഴിയോ സംവഹനം (convection) വഴിയോ ഉണ്ടാകാവുന്ന താപ വിനിമയങ്ങൾ തടയാൻ സാധിക്കുമെന്ന് ഇദ്ദേഹം കണ്ടെത്തി. ഇരുപതു വർഷത്തിനുശേഷം ഇതേ തത്ത്വം ഉപയോഗിച്ച് ദ്രവവാതകങ്ങൾ താഴ്ന്ന ഊഷ്മാവിൽ ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന ഫ്ലാസ്കിന് ഇദ്ദേഹം രൂപകല്പന ചെയ്തു. ഡ്യൂവെർ ഫ്ലാസ്കിന്റെ ഈ മാതൃകയിലാണ് ഗൃഹോപയോഗത്തിനുള്ള തെർമോസ് (വാക്വം) ഫ്ലാസ്ക് പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടത്.

ഡ്യൂവറുടെ വാക്വം ഫ്ലാസ്ക് (Dewar’s vacuum flask) | museum of the Royal Institution

1884-ൽ ശുദ്ധമായ ദ്രവ ഓക്സിജനും പിന്നീട് ഖര ഓക്സിജനും നിർമ്മിക്കുന്നതിൽ ഡ്യൂവെർ വിജയിച്ചു. തുടർന്ന് ഫ്ലൂറിൻ വാതകത്തെ ദ്രവമാക്കാനും ഖരമാക്കാനും ഡ്യൂവെറിനു സാധിച്ചു. 1898-ൽ ദ്രവ ഹൈഡ്രജൻ നിർമ്മിക്കുന്നതിൽ വിജയിച്ചുവെങ്കിലും ഹീലിയം ദ്രവീകരിക്കുവാനുള്ള ശ്രമങ്ങൾ ഫലിച്ചില്ല.

Leave a Reply