Read Time:23 Minute


ഡോ.വി.രാമൻകുട്ടി

ഏതു പ്രതിഭാസത്തെയും സംഖ്യകൾ കൊണ്ട്  ആവിഷ്കരിക്കുന്നതിനെ അളക്കുക എന്നു പറയാം. അളക്കുന്നത് ഒരു കാര്യത്തെ ശാസ്ത്രീയമായി അറിയുന്നതിന്റെ  ആദ്യത്തെ കാൽവെപ്പാണെന്നു കരുതപ്പെടുന്നു. ഭൗതികം, രസതന്ത്രം, ജീവശാസ്ത്രം, ജിയോളജി, വൈദ്യം, പൊതുജനാരോഗ്യം എന്നു വേണ്ട എല്ലാ ശാസ്ത്രശാഖകളിലും മാത്രമല്ല, സാമൂഹ്യശാസ്ത്രങ്ങളിലും അളവ് പ്രധാനമാണ്. ‘ഏതു കാര്യവും അളക്കുവാനും സംഖ്യകളിൽ പറയുവാനും ആകുന്നതുവരെ അതിനെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യം അപൂർണ്ണമാണ്; അതിനെ ശാസ്ത്രം എന്നു വിളിക്കാൻ പറ്റില്ല’ എന്നു പറഞ്ഞത് പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ കെൽവിൻ പ്രഭുവാണ്.

അളക്കുന്നതെങ്ങിനെ?

ഏതെങ്കിലും പ്രതിഭാസത്തെ  അളക്കുവാൻ തുടങ്ങുമ്പോൾ മൂന്നു കാര്യങ്ങളെക്കുറിച്ച് വ്യക്തത വേണം: ഒന്ന്, എന്തിനെയാണ് അളക്കുന്നത് എന്ന്; രണ്ട്, അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണവും രീതിയും; മൂന്ന്, അളവിന്റെ സ്കെയിൽ അഥവാ മാനദണ്ഡം. ഇവ മൂന്നും വളരെ ലളിതമായി തോന്നിയേക്കാമെങ്കിലും, ചില സന്ദർഭങ്ങളിൽ അത്ര സുതാര്യമല്ല. ഭൗതികം, രസതന്ത്രം മുതലായ ഭൗതികശാസ്ത്രങ്ങളിൽ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം താരതമ്യേന ലളിതമായി നിർവചിക്കാൻ നമുക്കായേക്കാം. എന്നാൽ ബയോളജിയിൽ അത് കുറച്ചുകൂടി സങ്കീർണ്ണമാകുന്നു; സാമൂഹ്യശാസ്ത്രങ്ങളിൽ പലപ്പോഴും ഗവേഷകർ തമ്മിൽ യോജിക്കാൻ പറ്റാത്ത അവസ്ഥയും കാണാറുണ്ട്. ഒരു ഉദാഹരണം കൊണ്ട് ഇത് കൂടുതൽ വ്യക്തമാകും.

ഡോക്ടർമാർ സർവസാധാരണമായി ചെയ്യുന്ന ഒരു ‘അളക്കൽ’ ആണ് രക്തസമ്മർദ്ദത്തിന്റെ നിർണ്ണയം. സാധാരണ അവലംബിച്ചു വരുന്ന രീതിയിലാണെങ്കിൽ ഒരു മെർക്കുറി സ്ഫിഗ്മോമാനോമീറ്റർ- രക്തസമ്മർദ്ദം അളക്കുന്ന യന്ത്രം – ഉപയോഗിച്ച് കൈയിലെ രക്തസമ്മർദ്ദമാണ് അളക്കപ്പെടുന്നത്.

എന്നാൽ എന്താണു നമുക്ക് അളക്കേണ്ടുന്ന കാര്യം? ധമനികളുടെ ഭിത്തികളിൽ രക്തചംക്രമണം കൊണ്ട് ഉണ്ടാകുന്ന സമ്മർദ്ദമാണ് നമുക്ക് താല്പര്യമുള്ള പ്രതിഭാസം. ഇത് നേരിട്ട് അളക്കുവാൻ സാധിക്കുമെങ്കിലും, പ്രായോഗികമായി ദൈനം ദിന ഇടപാടുകളിൽ ചെയ്യാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ട് നാം ചെയ്യുന്നത് ധമനികളിലൂടെയുള്ള രക്ത ഓട്ടത്തെ കൈയിൽ ചുറ്റിയ ഒരു കഫ്ഫിൽ (cuff) വായു നിറച്ച് അതിന്റെ മർദ്ദം കൊണ്ട് തടഞ്ഞുനിർത്തുന്നു. അതിനുശേഷം സാവധാനം കഫ്ഫ് അയച്ചു വിട്ടുകൊണ്ട് രക്തം വീണ്ടും ധമനിയിലൂടെ കടന്നുവരുന്ന സമ്മർദ്ദം എത്രയാണെന്ന് ഒരു മർദ്ദ മാപിനി ഉപയോഗിച്ച് കണ്ടുപിടിക്കുന്നു. ഇതിന് ഉപയോഗിക്കുന്ന സ്കെയിൽ ‘മില്ലിമീറ്റേഴ്സ് ഓഫ് മെർക്കുറി’ എന്ന അളവാണ്: അതായത് കഫ്ഫിൽ ഉള്ള വായുവിന്റെ മർദ്ദം എത്ര മില്ലിമീറ്റർ പൊക്കമുള്ള മെർക്കുറിയുടേ ഒരു കോളത്തെ താങ്ങിനിർത്തും എന്നതിന്റെ അനുമാനം.

ഇനി എങ്ങിനെയാണ് അളക്കേണ്ടത്? സാധാരണയായി ഇരിക്കുന്ന അവസ്ഥയിൽ, കൈയ്യിൽ കഫ്ഫ് കെട്ടിയാണ് രക്തസമ്മർദ്ദം അളക്കുന്നത്. പരിശീലനം കിട്ടിയ ആളുകളായിരിക്കണം ഇതു ചെയ്യേണ്ടത്. കഫ്ഫ് സൈസിനെക്കുറിച്ചും, ഒന്നിൽ കൂടുതൽ തവണ അളക്കേണ്ടതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ട്. കൂടുതലും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ലോകാരോഗ്യ സംഘടന മുതലായ അന്താരാഷ്ട്ര സംഘടനകളുടെ നിർദ്ദേശങ്ങൾ ആണ് എല്ലാവരും പിന്തുടരുന്നത്. സിസ്റ്റോളിക്, ഡയാസ്റ്റോളിക് എന്നീ രണ്ടു സംഖ്യകളിലായാണ് രക്തസമ്മർദ്ദം സൂചിപ്പിക്കുന്നത്. 

അളവിലെ പിഴവുകൾ: കൃത്യതയും സാധുതയും 

രക്തസമ്മർദ്ദം അളക്കുമ്പോൾ രണ്ടുതരത്തിലുള്ള ‘പിഴവുകൾ’ വരാം: ആവർത്തനത്തിൽ വ്യത്യസ്തമായ അളവുകളും അസാധുവായ അളവുകളും.  ആകസ്മികമായ പിഴവുകൾ അഥവാ റാൻഡം പിഴവുകൾ ഉണ്ടാകുമ്പോൾ അളവുകൾ ഓരോ ആവർത്തനത്തിലും വലിയ വ്യത്യാസം കാണിക്കുന്നു. ‘പിഴവ്’ എന്ന വാക്ക് സംഖ്യാശാസ്ത്രത്തിലെ എറർ (Error) എന്ന വാക്കിന്റെ ഭാഷാന്തരമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ‘പിഴവ്’ എന്നാൽ സംഖ്യാശാസ്ത്രത്തിൽ ‘വ്യതിയാനം’ എന്ന അർത്ഥമാണുള്ളത്. പിഴവ് എല്ലായ്പ്പോഴും പിശക് അഥവാ തെറ്റ് മൂലം ആയിരിക്കണം എന്നില്ല; എന്നാൽ പിശകുകൾ എല്ലായ്പോഴും പിഴവുകൾ ആകുന്നു എന്നു പറയാം.

റാൻഡം പിഴവുകൾ തന്നെ പലവിധം ഉണ്ടാകാം. രണ്ടുപേർ ഒരേകാര്യം നിർണയിക്കുമ്പോൾ അവർ അളന്നു കിട്ടുന്ന സംഖ്യകൾ തമ്മിൽ ആകസ്മിക വ്യത്യാസങ്ങൾ കാണാം. ഇതിനെ ഇൻറ്റർ-ഒബ്സെർവർ വേരിയബിലിറ്റി (നിരീക്ഷകർ തമ്മിലുള്ള അന്തരം ) എന്നു പറയും. ഇതുകൂടാതെ, ഒരാൾ തന്നെ രണ്ടു സമയം എടുക്കുന്ന അളവുകൾ ആകസ്മികമായി വ്യത്യസ്തമായിരിക്കാം; ഇതിനെ ‘ഇന്റ്ട്രാ ഒബ്സെർവർ വേരിയബിലിറ്റി’ അഥവാ സമയങ്ങൾക്കിടയിലുള്ള അന്തരം എന്നു പറയും. ഇവ രണ്ടും തീർത്തും ഒഴിവാക്കുകയാണ് നമ്മുടെ ലക്ഷ്യം; എങ്കിലും ഈ ലക്ഷ്യം അസാധ്യമാണ്. ചെയ്യാവുന്നത് ഈ രണ്ടു ഉറവിടത്തിൽനിന്നുള്ള വ്യതിയാനങ്ങളെയും പരമാവധി കുറക്കുക എന്നുള്ളതാണ്. അതിനുവേണ്ടി ഇത്തരത്തിലുള്ള വേരിയബിലിറ്റി എത്രത്തോളം ഉണ്ട് എന്ന് അളക്കാൻ സംഖ്യാശാസ്ത്രത്തിൽ വഴികളുണ്ട്.

നിരീക്ഷകർ തമ്മിലുള്ള അന്തരവും, സമയങ്ങൾക്കിടയിലുള്ള അന്തരവും പരമാവധി കുറക്കാൻ ഏറ്റവും സഹായിക്കുന്ന കാര്യങ്ങളാണ് ക്രമീകരണവും പരിശീലനവും. രക്തസമ്മർദ്ദത്തിന്റെ കാര്യത്തിൽ എങ്ങിനെയൊക്കെയാണ് അത് അളക്കേണ്ടത് എന്നുള്ളതിന് കൃത്യമായി നിർദ്ദേശങ്ങൾ ഉള്ളതായി നാം കണ്ടു. ഇത് ക്രമീകരണത്തിന്റെ ഭാഗമാണ്. ഏതു ശാസ്ത്രീയ പരീക്ഷണവും ഏറ്റെടുക്കുമ്പോൾ അതിന്റെ കൃത്യമായ മാനകീകരണത്തിന്റെ കാര്യത്തിൽ നേരത്തെതന്നെ തീർപ്പ് ഉണ്ടായിരിക്കണം. ഇതുപോലെ പ്രധാനമാണ് നിരീക്ഷകരുടെ പരിശീലനവും. ഇവ രണ്ടും കൊണ്ട് അളക്കുന്ന പ്രക്രിയയുടെ  ‘ആവർത്തനക്ഷമത’ അഥവാ റിപീറ്റബിലിറ്റി ഉറപ്പുവരുത്തുകയാണ്.  അതായത് വീണ്ടും വീണ്ടും ചെയ്യുമ്പോൾ മിക്കവാറും ഒരേ സംഖ്യയിൽ തന്നെ എത്തിച്ചേരുന്നു എന്ന് ഉറപ്പുവരുത്തുന്നു.

എന്നാൽ ഇവ രണ്ടും കൂടാതെ മൂന്നമതൊരു ഉറവിടത്തിൽനിന്നുകൂടി ആകസ്മിക വ്യതിയാനം കണക്കാക്കേണ്ടതുണ്ട്. പല ജൈവ പ്രതിഭാസങ്ങളും സ്വാഭാവികമായി വലിയ വ്യതിയാനം പ്രദർശിപ്പിക്കുന്നു. എല്ലാവരുടെയും പൊക്കം ഒന്നായിരിക്കുകയില്ലല്ലോ. ഇതൊരു റാൻഡം വ്യത്യസ്തതയാണ്. (‘റാൻഡം’ എന്ന വാക്കിന് എളുപ്പത്തിലുള്ള ഒരു നിർവചനം, എല്ലാ വ്യതിയാനങ്ങളും എടുക്കുമ്പോൾ ശരാശരി പൂജ്യമായിരിക്കും എന്നതാണ്). ഇതു കൂടാതെ രക്തസമ്മർദ്ദം പോലെയുള്ള ഒരു ഫിസിയോളൊജിക്കൽ പ്രതിഭാസത്തെ എടുത്താൽ, അതിനു ഒരാളിൽ തന്നെ സമയബന്ധിതമായ റാൻഡം വ്യത്യസ്തതകൾ ഉണ്ടാകാം. ഈ കാരണങ്ങൾ കൊണ്ട് കേവലമായ ഒരളവിലേക്ക് എത്തിച്ചേരാൻ സാധിക്കുകയില്ല; ഒരു ശരാശരിയാണ് ലക്ഷ്യം. എന്നാൽ ശരാശരി നിർണ്ണയിക്കുന്നതിന് ഒരു നിശ്ചിത എണ്ണം ആവശ്യമുണ്ട്. ഇതിനാണ് സാമ്പിൾ സൈസ് എന്നു പറയുന്നത്. സാമ്പിൾ സൈസ് കണക്കാക്കുന്നതിനും ചില സംഖ്യാശാസ്ത്ര നിയമങ്ങൾ ഉണ്ട്; അവ അനുസരിച്ചേ പറ്റൂ. സാമ്പിൾ സൈസ് ഇതിൽ കുറവായിരുന്നാൽ ആവർത്തിക്കുന്ന സാമ്പിളുകൾ തമ്മിൽ വലിയ അന്തരം ഉണ്ടായേക്കാം.

ആകസ്മികവ്യതിയാനങ്ങൾ കുറക്കുന്നതുകൊണ്ട് ലക്ഷ്യമിടുന്നത് അളവിൽ ‘കൃത്യത’ – പ്രിസിഷൻ (precision)- ഉണ്ടാക്കുക എന്നതാണ്. കൃത്യതക്ക് സാങ്കേതികമായി പറയുന്ന പദമാണ് ‘റിലയബിലിറ്റി’. എന്നാൽ അളവിൽ കൃത്യത മാത്രം പോരാ, ‘സാധുത’ അഥവാ ‘അക്കുറസി’യും അനിവാര്യമാണ്. (‘കൃത്യത’, ‘സാധുത’ എന്നീവാക്കുകൾ സാധാരണവ്യവഹാരത്തിൽ ഏകദേശം സാമ്യമുള്ള അർത്ഥമാണ് സ്ഫുരിപ്പിക്കുന്നത് എങ്കിലും സാങ്കേതികമായ അർത്ഥത്തിൽ പ്രിസിഷൻ, അക്കുറസി എന്നീ പദങ്ങളെ സൂചിപ്പിക്കാനായി സൗകര്യപൂർവം നിർവചിക്കുകയാണ് ഇവിടെ). സാധുത എന്തിനെ സൂചിപ്പിക്കുന്നു? എന്താണോ നാം അളക്കാൻ ഉദ്ദേശിക്കുന്നത്, അതു തന്നെയാണ് അളക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നതിനെയാണ് നാം സാധുത അഥവാ അക്കുറസി (സൂക്ഷ്മത) എന്നു പറയുന്നത്. സൂക്ഷ്മതയുള്ള അളവിനെ ‘വാലിഡ്’ ആയ – സാധുവായ- അളവ് എന്നു പറയാം.

സാധുതയില്ലായ്മ എന്നത് ആക്സ്മികമായി ഉണ്ടാകുന്ന ഒരു പിഴവല്ല. തെറ്റായ അളവുകോലോ, ഉപകരണമോ, അളവുരീതികളോ കൊണ്ട് അളവ് അസാധുവാകാം. രക്തസമ്മർദ്ദത്തിന്റെ ഉദാഹരണം എടുത്താൽ, ഉപയോഗിക്കുന്ന ഉപകരണത്തിൽ കേടുണ്ടെങ്കിലോ, നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതിനു വിരുദ്ധമായി രേഖപ്പെടുത്താൻ ശ്രമിച്ചാലോ ഒക്കെ നാം ഉദ്ദേശിക്കുന്ന അളവിൽ അല്ല എത്തിച്ചേരുക. ഒരു ഉപകരണം എല്ലായ്പോഴും അഞ്ചു മില്ലിമീറ്റർ കുറവാണു രേഖപ്പെടുത്തുന്നത് എന്നു വിചാരിക്കുക. ഇത് സാധുതയില്ലായ്മക്ക് ഒരുദാഹരണമാണ്. ചിലപ്പോഴെങ്കിലും നിരീക്ഷകന്റെ ചില പാളിച്ചകൊണ്ടും സാധുതയില്ലായ്മ ഉണ്ടാകാം. ഉദാഹരണത്തിന് സംഖ്യകളെ ‘മൊത്തമാക്കുക’ (റൗണ്ടിങ്ങ് എറർ) എന്നത് മനുഷ്യസഹജമാണ്- എഴുപത്തിരണ്ട്, അറുപത്തി എട്ട്, എൺപത്തിരണ്ട് എന്നിവയെ യഥാക്രമം എഴുപത്, എഴുപത്, എൺപത് എന്നിങ്ങനെ മൊത്തസംഖ്യയായി പറയാനുള്ള വ്യഗ്രതയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇവയെല്ലാം അളവ് അസാധുവാകുന്നതിന്റെ ഉദാഹരണങ്ങളാണ്.

സാധുതാപ്പിഴവുകളെ സംഖ്യാശാസ്ത്രത്തിൽ ‘ആകസ്മികമല്ലാത്ത പിഴവുകൾ’ അഥവാ ‘നോൺ റാൻഡം എറർ’ എന്നാണു പറയുന്നത്. പലപ്പോഴും ‘ബയാസ്’ അഥവാ പക്ഷപാതം എന്ന പദവും ഉപയോഗിക്കാറുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ, സാധാരണവ്യവഹാരത്തിൽ ഉപയോഗിക്കുന്ന അർത്ഥത്തിലല്ല, തികച്ചും സാങ്കേതികമായി നിർവച്ചിരിക്കുന്ന അർത്ഥത്തിലാണ് പല പദങ്ങളും സംഖ്യാശാസ്ത്രത്തിൽ ഉപയോഗിക്കപ്പെടുന്നത്.

നോൺ റാൻഡം എറർ അഥവാ സാധുതാപ്പിഴവ് എങ്ങിനെ ഇല്ലാതാക്കാം? അതത്ര എളുപ്പമല്ല. പ്രത്യേകിച്ച് അളവെടുപ്പ് കഴിഞ്ഞതിനുശേഷം സൂക്ഷ്മതക്കുറവ് പരിഹരിക്കുന്നത് മിക്കവാറും അസാദ്ധ്യമാണ്. അളവെടുക്കുന്ന രീതിയും പരീക്ഷണത്തിന്റെ അഥവാ പഠനത്തിന്റെ ഡിസൈനും ഉചിതമാണ് എന്നുറപ്പുവരുത്തുക എന്നുള്ളതു മാത്രമാണ് സാധുത അഥവാ ‘വാലിഡിറ്റി’ ഉറപ്പുവരുത്തുന്നതിനുള്ള ഏക മാർഗ്ഗം.

കൃത്യതയും സാധുതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കൃത്യത ഉറപ്പുവരുത്താതെ സാധുത അഥവാ സൂക്ഷ്മതയെക്കുറിച്ച് ഒന്നും പറയാനാകില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ സാധുതയില്ലാതെയും കൃത്യത ഉണ്ടാകാം; എന്നാൽ കൃത്യതയില്ലാത്ത അവസ്ഥയിൽ സാധുതക്ക് അർത്ഥമില്ല. ഇത് മനസ്സിലാക്കാൻ സാധാരണ ഉപയോഗിക്കുന്ന ഒരു ഉദാഹരണമുണ്ട്. പലരും ‘ഡാർട്ട് ബോർഡ് ‘ എന്ന കളി കണ്ടിട്ടുണ്ടാവും. ചുവരിൽ ഉറപ്പിച്ച ഒരു വൃത്താകാരത്തിലുള്ള ടാർജറ്റിൽ ചെറിയ ഡാർട്ടുകൾ- കുന്തങ്ങൾ- എറിഞ്ഞുകൊള്ളിക്കുക എന്നതാണ് കളിയുടെ ലക്ഷ്യം. നിങ്ങളുടെ കൈയിൽ അഞ്ചു ഡാർട്ടുകൾ ഉണ്ടെന്നിരിക്കട്ടെ. അവ അഞ്ചും കൃത്യമായി നടുവിലുള്ള വൃത്തത്തിൽ കൊള്ളിക്കുക എന്നതാണ് ലക്ഷ്യം. എങ്കിലും ഒരാൾ എറിയുമ്പോൾ അവ ബോർഡിലാകെ പല സ്ഥലങ്ങളിലായി പതിച്ചാൽ അതിനു കൃത്യതയുമില്ല, സൂക്ഷ്മതയുമില്ല എന്നു പറയാം. (പൊട്ടക്കണ്ണൻ മാവിലെറിയുന്നതുപോലെ ഒന്നോ രണ്ടോ നടുവിലെ വൃത്തത്തിൽ കൊണ്ടു എന്നു വരാം; പക്ഷേ വീണ്ടും എറിഞ്ഞാൽ അത് ആവർത്തിക്കും എന്ന് ഉറപ്പില്ല). ഇനിയൊരാൾ എറിയുന്നത് അഞ്ചും കൃത്യമായി നടുവിലെ വൃത്തത്തിന്റെ ആറു സെന്റിമീറ്റർ വലത്തേക്ക് മാറിയാണെന്നിരിക്കട്ടെ. ഇതിന് കൃത്യതയുണ്ട്, സാധുതയില്ല; കാരണം അഞ്ചും ലക്ഷ്യം കണ്ടിട്ടില്ല. കൃത്യമായി അഞ്ചു ഡാർട്ടും ഒരു സ്ഥലത്ത് എറിഞ്ഞുകൊള്ളിക്കാൻ പഠിച്ചുകഴിഞ്ഞിട്ടേ നടുവിലെ വൃത്തത്തിൽ എറിഞ്ഞുകൊള്ളിക്കാൻ ശ്രമിക്കുന്നതിൽ അർത്ഥമുള്ളൂ. അഥവാ സാധുതക്ക് കൃത്യത അനിവാര്യമാണ്.

കെൽവിൻ പ്രഭു കടപ്പാട് വിക്കിപീഡിയ

കെൽവിൻ പ്രഭുവിന്റെ നിരീക്ഷണങ്ങൾ

അളവുകളും ശാസ്ത്രവുമായ ബന്ധത്തെക്കുറിച്ച് കെൽവിൻ പ്രഭു പറഞ്ഞത് നേരത്തെ സൂചിപ്പിച്ചല്ലോ. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന- ഒരു പക്ഷെ പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും അംഗീകരിക്കപ്പെട്ടിരുന്ന ഭൗതികശാസ്ത്രജ്ഞനായിരുന്ന- അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും ഇപ്പോൾ ആലോചിക്കുന്നത് രസകരമാണ്. അദ്ദേഹം പറഞ്ഞുവെന്ന് പറയപ്പെടുന്ന മറ്റൊരു പ്രശസ്ത വാചകമാണ്, ‘ഇനി ഫിസിക്സിൽ കണ്ടുപിടിക്കാൻ ബാക്കിയൊന്നുമില്ല; ഇപ്പോഴുള്ളതിനെ കൂടുതൽ കൃത്യമായി അറിയുക എന്നതു മാത്രമെ വേണ്ടു’ എന്നത്. ഇത് അദ്ദേഹം പറഞ്ഞതാണോ അല്ലെങ്കിൽ ആരെങ്കിലും അങ്ങിനെ പറഞ്ഞോ എന്നതിനെക്കുറിച്ച് ചരിത്രകാരന്മാർ തമ്മിൽ തർക്കമുണ്ട്. ഏതായാലും അദ്ദേഹത്തിന്റെ ജീവിതകാലം കഴിഞ്ഞിട്ടാണ് ഫിസിക്സിലെ ഏറ്റവും വിപ്ലവകരമായ ചില സങ്കല്പങ്ങളും പരികല്പനകളും ഉദയം ചെയ്തത്. ഇവയിൽ ഐൻസ്റ്റെയിന്റെ ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം തിയറി എന്നിവ ഉൾപ്പെടുന്നു എന്നറിയുമ്പോഴാണ് ഈ പ്രസ്താവന എത്ര അപക്വമായിരുന്നു എന്ന് നമുക്കു മനസ്സിലാകുന്നത്.

കെൽവിൻ പ്രഭു ഇത് പറഞ്ഞുവോ എന്നറിയില്ല. ചിലർ പറയുന്നത് അദ്ദേഹം പറഞ്ഞത് ഫിസിക്സിൽ ഇനി ആറാം ഡെസിമലിൽ ഉള്ള മാറ്റങ്ങളേ ഉള്ളൂ എന്നാണത്രെ. ഏതായാലും മറ്റൊരു കാര്യം അദ്ദേഹം പറഞ്ഞു എന്നത് അസന്നിഗ്ദ്ധമാണ്: വായുവിനെക്കാൾ ഭാരമുള്ള വസ്തുക്കളിൽ കയറി പറക്കാൻ മനുഷ്യന് ഒരിക്കലും സാധിക്കില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം ഇത് പറഞ്ഞ് അധികം കാലംകഴിയുന്നതിനു മുൻപ് റൈറ്റ് സഹോദരന്മാരുടെ ‘റൈറ്റ് ഫ്ലയർ’ എന്ന പറക്കും യന്ത്രം- ലോകത്തിലെ ആദ്യത്തെ എയറോപ്ലെയ്ൻ- കിറ്റിഹാക്കിലെ മണൽതിട്ടയിൽനിന്ന് ഉയർന്ന് സ്വന്തം എൻജിന്റെ പ്രവർത്തനശക്തികൊണ്ട് വായുവിൽ പന്ത്രണ്ടു സെക്കൻഡ് പറന്നു. ഒരു പക്ഷേ ‘പോളിറ്റെക്നിക്കിലൊന്നും പഠിക്കാത്ത’ രണ്ടു സൈക്കിൾ റിപ്പെയർ മെക്കാനിക്കുകളായിരുന്നു ഓർവിൽ റൈറ്റും വിൽബർ റൈറ്റും എന്നതുകൊണ്ട് കെൽവിൻ പ്രഭുവിന്റെ സിദ്ധാന്തം അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവില്ല! (കെൽവിൻ പ്രഭുതന്നെയാണ് ‘ഫിസിക്സ് മാത്രമാണ് ശാസ്ത്രം; മറ്റുള്ളതെല്ലാം സ്റ്റാമ്പ് ശേഖരിക്കുന്നതുപോലെയേ ഉള്ളൂ’  എന്ന് മറ്റു ശാസ്ത്രശാഖകളെ പുച്ഛിച്ചത്). ആംഗ്ലിക്കൻ വിശ്വാസിയായിരുന്ന ഐറിഷ്കാരനായിരുന്ന അദ്ദേഹം ബ്രിട്ടനിൽനിന്നുള്ള ഐറിഷ് സ്വാതന്ത്ര്യത്തെ എതിർത്തതുകൊണ്ടാണ് അദ്ദേഹത്തിനു പ്രഭുസ്ഥാനം വിക്ടോറിയാ രാജ്ഞിയിൽ നിന്ന് ലഭിച്ചത് എന്ന് വിശ്വസിക്കുന്നവരുണ്ട്. കടുത്ത ദൈവവിശ്വാസിയായിരുന്ന അദ്ദേഹം ഡാർവിന്റെ സിദ്ധാന്തം പൂർണമായി അംഗീകരിച്ചില്ല; എങ്കിലും ഭൂമി ഒരിക്കൽ ചുട്ടുപഴുത്ത അവസ്ഥയിലായിരുന്നു എന്നു വിശ്വസിച്ചിരുന്നു.

ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് കെൽവിൻ പ്രഭു മോശക്കാരനായിരുന്നു എന്നർത്ഥമില്ല. താപം-ഹീറ്റ്- ആയിരുന്നു അദ്ദേഹത്തിന്റെ ഗവേഷണവിഷയം. താപഗതിക നിയമങ്ങൾ (തെർമോഡൈനമിക്സിന്റെ നിയമങ്ങൾ) ആവിഷ്കരിക്കുന്നതിൽ കെൽവിൻ പ്രഭുവിന്റെ സംഭാവന അന്യൂനമാണ്. ഭൂമിയുടെ താപം കുറഞ്ഞുവരുന്നതായും, വർഷങ്ങൾ കഴിയുമ്പോൾ ഭൂമിയുടെ ഊർജ്ജം ശൂന്യത്തിലെത്തുമെന്നും അദ്ദേഹം വിശ്വസിച്ചു. ‘കേവലശൂന്യ’ത്തിൽ – അബ്സൊല്യൂറ്റ് സീറോ- ആരംഭിക്കുന്ന കെൽവിൻ താപ സ്കെയിൽ അദ്ദേഹത്തിന്റെ ഓർമ്മക്കായി നാമകരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. മാത്രമല്ല അദ്ദേഹം ഒരു പ്രഗൽഭനായ എൻജിനീയറും കൂടിയായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ടെലിഗ്രാഫ് കേബിളുകൾ വലിക്കാനുള്ള മഹദ് സംരംഭത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ പ്രധാന പങ്കു വഹിച്ചു. കേബിളുകൾക്ക് വിവരങ്ങൾ  താങ്ങാനുള്ള ശേഷിയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ അക്കാലത്ത് മൗലികമായിരുന്നു. അങ്ങിനെ അദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകളുടെ കൊടുമുടിയിൽനിന്ന് നോക്കുമ്പോൾ അദ്ദേഹത്തിനു പറ്റിയ പിഴവുകൾ തീരെ ചെറുതും മനുഷ്യസഹജവുമായി കാണാൻ നമുക്കു കഴിയും.

ഇതിവിടെ സൂചിപ്പിച്ചതിന് ഒരു കാരണമുണ്ട്. ശാസ്ത്രജ്ഞന്മാർ അമാനുഷികരല്ല. നിങ്ങളെയും എന്നെയും പോലെ അനേകം താല്പര്യങ്ങളും കഴിവുകളും വിശ്വാസങ്ങളും  ഉള്ള മനുഷ്യരാണ്. അവർ ചെയ്യുന്ന ശാസ്ത്രം മഹത്തരമാകുന്നത് ശാസ്ത്രത്തിന്റെ സത്യാന്വേഷണരീതിയുടെ പ്രത്യേകത കൊണ്ടാണ്. അതിൽ ഏറ്റവും പ്രധാനമാണ് ആരും ഒന്നിന്റെയും അവസാനവാക്കല്ല എന്ന അടിസ്ഥാന തത്വം. എത്ര മഹാനായ ശാസ്ത്രജ്ഞനായാലും അദ്ദേഹത്തിന്റെ സംഭാവനകൾ ചോദ്യം ചെയ്യാനുള്ള അവകാശം മറ്റേതൊരു ശാസ്ത്രജ്ഞനുമുണ്ട്. ശാസ്ത്രത്തിന്റെ രീതികളിലൂടെയായിരിക്കണം എന്നു മാത്രം. അങ്ങിനെയുള്ള നിരന്തരമായ ചോദ്യം ചെയ്യപ്പെടലുകളിലൂടെയാണ് മനുഷ്യന്റെ അറിവ് വികസിക്കുന്നത്.


#JoinScienceChain – ശാസ്ത്രമെഴുത്തിൽ നിങ്ങൾക്കും പങ്കാളിയാകാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആ സ്കൂൾ കോംപ്ലക്സല്ല; ഈ കോംപ്ലക്സ്‌
Next post വികേന്ദ്രീകൃതവികസനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ
Close