Read Time:62 Minute

ഡോ.കെ.രാജേഷ്

1992ലെ 73,74 ഭരണഘടന ഭേദഗതിയെ തുടർന്ന് കേരള പഞ്ചായത്തീ രാജ് നിയമം 1994 ൽ നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു, ഇന്ത്യയിലെ അധികാര വികേന്ദ്രീകരണ ചരിത്രത്തിന്റെ നാഴികക്കല്ലായിരുന്നു 1992ലെ ഭരണഘടനാ ഭേദഗതികൾ  നിർണ്ണായകമായ ഈ ഭേദഗതികൾക്ക് ശേഷവും ഇന്ത്യയുടെ അധികാര വികേന്ദ്രീകരണ രംഗത്ത് ചില അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായ ഒരു സാധുത ലഭിച്ചു. 5 വർഷം കൂടുമ്പോൾ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത തെളിഞ്ഞു.സ്ത്രീകൾ, ദളിതർ, ആദിവാസികൾ, എന്നിവരുടെ പങ്കാളിത്തം ഭരണത്തിൽ ഉറപ്പാക്കപ്പെട്ടു. സംസ്ഥാന ധനകാര്യ കമ്മീഷനുകൾ നിലവിൻ വന്നു, ഈ നേട്ടങ്ങൾ ഉണ്ടായപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ധനവിഭവം, ഉദ്യോഗസ്ഥ സംവിധാനം, അധികാരങ്ങൾ എന്നിവ കൈമാറുന്നതിൽ ഒട്ടും പുരോഗമനപരമായ സമീപനം അല്ല ഭൂരിപക്ഷം വരുന്ന സംസ്ഥാന സർക്കാരുകളും സ്വീകരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം, വിഭവങ്ങൾ, ഉദ്യോഗസ്ഥ സംവിധാനങ്ങൾ എന്നിവ നൽകാൻ അവർ തയ്യാറായില്ല

14-ാം ധനകാര്യ കമ്മീഷന്റെ ശുപാർശയുടെ ഭാഗമായാണ് 2014 മുതൽ പരിമിതമായ വിഭവങ്ങൾ എങ്കിലും തദ്ദേശ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ലഭിച്ചത്, ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ തയ്യാറാക്കുക എന്ന നിർദ്ദേശവും ഇതിനെ തുടർന്നാണ് ഉണ്ടായത്. ഭരണഘടന ഭേദഗതികൾക്ക് ശേഷം കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും നാമമാത്രമായ പ്രവർത്തന ശേഷിയുള്ള സ്ഥാപനങ്ങളായി രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  തുടരുന്നു എന്ന് സാരം. കർണ്ണാടക, പശ്ചിമ ബംഗാൾ, സിക്കിം മുതലായ സംസ്ഥാനങ്ങളിൽ മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട അവസ്ഥ ദേശീയ തലത്തിൽ ഉള്ളത്. പശ്ചിമ ബംഗാൾ, കർണ്ണാടക എന്നിവയുടെ കാര്യത്തിൽ ഭരണഘടന ഭേദഗതിക്ക് മുൻപേ ഉള്ള ചരിത്രപരമായ കാരണങ്ങൾ ആണ് പ്രാദേശിക ഭരണ വ്യവസ്ഥയെ ശക്തിപ്പെടുത്തിയത്.

കേരളത്തിന്റെ പ്രാദേശിക വികസനാനുഭവം

മേൽ സൂചിപ്പിച്ച ദേശീയ പ്രവണതകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് പ്രാദേശീക ആസൂത്രണത്തിന്റെ കാര്യത്തിൽ കേരളം സ്വീകരിച്ചത്. 1994ലെ കേരള പഞ്ചായത്തി രാജ് നിയമം ഏറെ പരിമിതികൾ നിറഞ്ഞത് ആയിരുന്നു. എന്നാൽ നിയമത്തിന്റെ പരിമിതികൾക്കപ്പുറത്തേക്ക് പ്രാദേശികാസൂത്രണത്തെ വികസിപ്പിക്കാർ കേരളത്തിന് 1996ൽ ആരംഭിച്ച ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞു.

സംസ്ഥാന ബഡ്ജറ്റിന്റെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാനുള്ള തീരുമാനം, പ്രാദേശിക വികസന പദ്ധതികൾ ജനകീയമായി തയ്യാറാക്കാനുള്ള ജനകീയാസൂത്രണ ക്യാമ്പയിൻ, ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ, അധികാരങ്ങൾ എന്നിവ പ്രാദേശിക ഗവൺമെൻ്റുകൾക്ക്  ക്രമാനുഗതമായി കൈമാറിയ നിയമപരിഷ്കരണങ്ങൾ എന്നിവ കേരളത്തെ അധികാര വികേന്ദ്രീകരണ രംഗത്ത് ശ്രദ്ധേയമായ ഒന്നാക്കി മാറ്റി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ കൈമാറുവാൻ നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ രൂപീകരിച്ച എസ് ബി സെൻ കമ്മിറ്റിയുടെ ശുപാർശകൾ സംസ്ഥാനത്തെ തദ്ദേശഭരണ ശാക്തീകരണത്തിൽ നിർണായകമായി. 1999ലെ സമഗ്ര പഞ്ചായത്തീരാജ് നിയമഭേദഗതി ഇതിനെത്തുടർന്നാണ് ഉണ്ടായത്.

1995ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് , 1996 ലെ ജനകീയാസൂത്രണ പ്രസ്ഥാനം എന്നിവയെ തുടർന്നുള്ള കേരളത്തിൻ്റെ വികേന്ദ്രീകൃത വികസന അനുഭവത്തെ നേട്ട-കോട്ട വിശകലനത്തിന് വിധേയമാക്കുന്നതിനാണ് തുടർന്ന് ശ്രമിക്കുന്നത്

നേട്ടങ്ങൾ

സമഗ്രമായ വികേന്ദ്രീകരണം

ആസൂത്രണപരവും, ധനപരവും, ഭരണപരവുമായ വികേന്ദ്രീകരണം കേരളത്തിൽ സാദ്ധ്യമായി. ഭരണ പരമായ അധികാരങ്ങൾ നിയമ പരിഷകരണങ്ങളിലൂടെയും, ഉത്തരവുകളിലൂടെയും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകപ്പെട്ടു – ധനപരമായ വികേന്ദ്രീകരണം  ബഡ്ജറ്റിൻ്റെ ഭാഗമായി തന്നെ നടന്നു. ജനപങ്കാളിത്തത്തോടെ താഴെത്തലംവരെയുള്ള ആസൂത്രണ പ്രക്രീയ രൂപപ്പെട്ടു.

വിഭവ കൈമാറ്റം

  • ജനകീയാസൂത്രണത്തെ തുടർന്നുള്ളള്ള 25 വർഷം ചെറിയ ഏറ്റക്കുറച്ചിലുകളോട് കൂടി ആണെങ്കിലും സംസ്ഥാന ബഡ്ജറ്റിൻ്റെ 20 ശതമാനത്തിൽ കുറയാത്ത തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിനും, നടത്തിപ്പിനുമായി നൽകി.
  • സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശകളുടെ ഭാഗമായി പൊതു, റോഡ് മെയിന്റെനസ് ഗ്രാന്റുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതത്തിന് പുറമെ കൈമാറി. ഇത് അവർക്ക് തങ്ങൾക്ക് കീഴിലെ സ്ഥാപനങ്ങൾ, പൊതുആസ്തികൾ, റോഡുകൾ എന്നിവയുടെ ഗുണനിലവാരം നിലനിർത്താൻ സഹായകമായി.
  • 14-ാം ധനകാര്യ കമ്മീഷൻ്റെ ഭാഗമായി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് തദ്ദേശ സ്ഥാപനങ്ങളുടെ ധനലഭ്യത വർദ്ധിപ്പിക്കാൻ സഹായിച്ചു
  • തൊഴിലുറപ്പു പദ്ധതിയുടെ ആസൂത്രണവും, നടത്തിപ്പും ഗ്രാമ പഞ്ചായത്തുകളുടെ പ്രാദേശിക തൊഴിൽദാന ശേഷിയെ വിപുലപ്പെടുത്തി. നഗര പ്രദേശങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ തനത് പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും  മേൽ സൂചിപ്പിച്ച തരത്തിൽ ഗുണകരമായി.

അധികാര കൈമാറ്റം

  • 1995ലെ ഉത്തരവ് പ്രകാരം 17ഓളം സ്ഥാപനങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലേക്ക് കൈമാറ്റപ്പെട്ടു.
  • ഭരണഘടനാ ഭേദഗത്തിയിലെ നിബന്ധനകൾ പ്രകാരം  29 മേഖലകളിലെ അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും, ആക്ടിവിറ്റി മാപ്പിങ്ങിലൂടെ കൃത്യമായി വേർതിരിച്ചു നൽകി.
  • 1994ലെ പഞ്ചായത്തീ രാജ് നിയമത്തിലെ പരിമിതികൾ 1999ലെ സമഗ്ര നിയമഭേദഗതിയിലൂടെ വലിയൊരളവ് വരെ മറികടന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരങ്ങൾ  കൈമാറുന്നതിന് ഈ ജനകീയാസൂത്രണ കാലഘട്ടം മുതൽ ഉത്തരവുകളുടെ ഒരു ശൃംഖല തന്നെ പുറത്തിറക്കി.
  • കൃഷി ഓഫീസർ, വെറ്റിനറി സർജൻ, പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ഐ സി.ഡി.എസ്. സൂപ്പർ വൈസർ, സ്കൂളുകളിലെ  പ്രധാന അധ്യാപകർ തുടങ്ങി. ഒന്നാം നിര ഉദ്യേഗസ്ഥരെയും സ്ഥാപനങ്ങളേയും ഗ്രാമ പഞ്ചായത്തുകൾക്കും, ബ്ലോക്ക് തല ഉദ്യോഗസ്ഥരെ ബ്ലോക്ക് പഞ്ചായത്തുകൾക്കും, ജില്ലാതല ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും  ജില്ലാ പഞ്ചായത്തുകൾക്കും കൈമാറി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ നടത്തിപ്പ് ശേഷിയെ ഇത് വലിയതോതിൽ വർദ്ധിപ്പിച്ചു.

പൊതു തദ്ദേശ ഭരണ സർവ്വീസ്

  • ഏറെ കാലത്തെ ആവശ്യമായിരുന്നു ഏകീകൃത തദ്ദേശ ഭരണ സർവ്വീസ് 5 വകുപ്പുകളെ ഏകോപിപ്പിച്ച് ഈ സംവിധാനം അടുത്ത കാലത്തായി കൊണ്ടുവരാനായി എന്നത് ഒരു പ്രധാന നേട്ടമാണ്

പ്രാദേശിക ആസൂത്രണത്തിന് ഒരു രീതി ശാസ്ത്രം

  • പ്രാദേശികാസൂത്രണത്തിനുള്ള  വിഷയമേഖല കർമ്മസമിതികൾ, പദ്ധതികൾ വിലയിരുത്തുന്നതിനുള്ള വിദഗ്ധസമിതികൾ,  തുടങ്ങി സൂക്ഷ്മതല സംഘടനാ രൂപങ്ങളെ കേരളത്തിന് പരിചയപ്പെടുത്തി. പദ്ധതി ആസൂത്രണത്തിന് വികസനരേഖ, കരട് പദ്ധതി രേഖ, ഗ്രാമസഭ ചർച്ചകൾ, വികസന സെമിനാർ, അന്തിമപദ്ധതി രേഖ, ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി എന്ന ഒരു ആസൂത്രണ രീതി ശാസ്ത്രം വികസിപ്പിച്ചു. ഈ രീതിശാസ്ത്രം  കാര്യമായ മാറ്റങ്ങൾ ഇല്ലാതെ തന്നെ കാൽ നൂറ്റാണ് കാലം തുടർന്നുവെന്നത് ഏറെ പ്രസക്തമാണ്.
  • അയൽക്കൂട്ടങ്ങൾ, പദ്ധതി നിർവഹണത്തിനുള്ള ഗുണഭോക്തൃ സമിതികൾ എന്നിവയെ  ജനകീയ സംവിധാനങ്ങൾ എന്ന നിലയിൽ അവതരിപ്പിച്ചു..
  • സ്ത്രീകൾ, പട്ടിക ജാതിക്കാർ, പട്ടിക വർഗ്ഗക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന ആസൂത്രണ നിർവഹണ പ്രക്രീയായിൽ നൽകി. ആസൂത്രണത്തിനുള്ള പ്രത്യേക കർമ്മസമിതികൾ, വനിതാ ഘടകപദ്ധതി, പട്ടികവർഗ ഉപപദ്ധതി, പട്ടികജാതി ഘടക പദ്ധതി എന്നിവ വഴി പ്രാദേശിക വികസനത്തിൽ പാർശ്വവല്കൃത വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി

സമയബന്ധിതമാവുന്ന ആസൂത്രണ പ്രക്രീയ

  • രണ്ട് പതിറ്റാണ്ടിന് ശേഷമാണെങ്കിലും ആസൂത്രണ പ്രക്രീയ സമയബന്ധിതമായി പൂർത്തിയാക്കി കൂടുതൽ സമയം പദ്ധതി നിർവ്വഹണത്തിന് നൽകാൻ 2016ന് ശേഷമുള്ള ഇടപെടലിലൂടെ കഴിഞ്ഞു.

സ്ത്രീകളുടെ അധികാരവത്കരണം

  • ജനപ്രതിനിധി സ്ഥാനത്തേക്ക് മാത്രമല്ല ഭരണ ചുമതലകളിലേക്കും സ്ത്രീകൾക്ക് പ്രത്യേക പരിഗണന നിയമപരമായി ലഭിച്ചു. ആദ്യഘട്ടത്തിലെ 33 ശതമാനത്തിൽ നിന്ന് 2010ൽ ഇത് 50 ശതമാനത്തിലേക്ക് ഉയർന്നു. വനിതകളുടെ വർദ്ധിത പങ്കാളിത്തം ഭരണ നേത്യത്തത്തിൽ ഉണ്ടാകാൻ ഇത് സഹായിച്ചു.
  • ഇന്ത്യയിൽ തന്നെ അപൂർവ്വമായി സ്ത്രീകളുടെ ശാക്തീകരണത്തിന് വനിത ഘടക പദ്ധതി, പദ്ധതി ആസൂത്രണത്തിന് പ്രത്യേക കർമ്മസമിതി എന്നിവ ഉണ്ടായി. എല്ലാ പൊതു കർമ്മസമിതികളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കപ്പെട്ടു.

കുടുംബ ശ്രീ പ്രസ്ഥാനം

  • 45 ലക്ഷം കുടുംബങ്ങൾ അംഗങ്ങളായ സ്ത്രി കൂട്ടായ്മയായി കുടുംബശ്രീയെ  വളർത്തിയെടുക്കാൻ കഴിഞ്ഞു, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവിഭാജ്യ ഘടകമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന സ്ത്രീകളുടെ ശക്തമായ  ശൃംഖല ഇതിലൂടെ രൂപപ്പെട്ടു.
  • സ്ത്രീകളുടെ സാമൂഹിക ദൃശ്യത വർദ്ധിപ്പിക്കുന്നതിലും, സാമൂഹ്യ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും കുടുംബശ്രീ വലിയ പങ്ക് വഹിച്ചു..

ഗ്രാമ- നഗര ജീവിത ഗുണത ഉയർത്തൽ

  • മനുഷ്യരുടെ അടിസ്ഥാന ജീവിത ഗുണത ഉയർത്തുന്നതിൽ അധികാര വികേന്ദ്രീകരണം വലിയ പങ്കു വഹിച്ചു.  കേരളത്തിലെ ദരിദ്രരുടെ ഭവനരാഹിത്യം, വൈദ്യുതി  ലഭ്യത, കുടിവെള്ള ലഭ്യത, സാനിറ്റേഷൻ സൗകര്യം എന്നിവ വലിയ തോതിൽ വികസിച്ചു. ഗ്രാമീണ റോഡ്ശൃംഖലകൾ വലിയ തോതിൽ വിപുലീകരിക്കപ്പെട്ടു.
  • ദരിദ്രരുടെ ജീവിത സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റം നിർണ്ണായകമാണ്. ദളിതരിൽ 95 ശതമാനത്തിന് മുകളിൽ വരുന്ന ഭവനസ്ഥിതി മെച്ചപ്പെടുത്താനായി എന്നത് ഏറെ പ്രസക്തമാണ്.  ആദിവാസികളുടെ കാര്യത്തിലും അടിസ്ഥാന ജീവിത സാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. അധികാര വികേന്ദ്രീകരണം പിൻതുടർന്ന മുൻഗണനാ മാനദണ്ഡങ്ങൾ ദരിദ്രരുടെ ജീവിതത്തിൽ ഗുണകരമായ മാറ്റമുണ്ടാക്കി.

പൊതു ആസ്‌തികളുടെ വിപുലീകരണം

  • തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലാക്കിയ സ്കൂളുകൾ, അംഗനവാടികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, മൃഗ സംരക്ഷണ സ്ഥാപനങ്ങൾ,  എന്നിവയുടെയെല്ലാം അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു. നല്ലൊരു വിഭാഗം സ്ഥാപനങ്ങൾ ആധുനീകരിക്കപ്പെട്ടു. സ്ഥാപനങ്ങളുടെ സേവന ഗുണത ഉയർന്നു. ആരോഗ്യ മേഖലയുടെ കാര്യത്തിൽ ഇത് ഏറെ പ്രതിഫലിച്ചു. നിലവിൽ കോവിഡ് 19 പോലുള്ള മഹാമാരികളെ നേരിടാൻ വികേന്ദ്രീകൃത ആരോഗ്യ സംവിധാനം വലിയ പിന്തുണ നൽകി.
  • തെരുവുവിളക്കുകളുടെ വ്യാപനം – പരിപാലനം, റോഡുകളുടെ നിർമ്മാണം – പരിപാലനം തുടങ്ങി പൊതു ആസ്തികളുടെ വികസനത്തിൽ അധികാര വികേന്ദ്രീകരണം വലിയ പങ്കു വഹിച്ചു.

വേഗത്തിലായ സേവനങ്ങൾ

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നൽകുന്ന സേവനങ്ങളുടെ വേഗത ഏറെ വർദ്ധിച്ചു, കമ്പ്യൂട്ടർവത്കരണം ഇതിന് സഹായകമായി, ഈ പശ്ചാത്തലത്തിൽ ഇൻഫോർമേഷൻ കേരളാ മിഷന്റെ പങ്ക് പ്രസക്തമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സേവന ഗുണത ഉയർത്താനുള്ള സേവന ബോർഡുകൾ, ഫ്രണ്ട് ഓഫീസ് സംവിധാനം എന്നിവ മികച്ച ഫലങ്ങൾ ഉണ്ടാക്കി.

മാലിന്യ സംസ്കരണത്തിന് ജനകീയ മുൻകൈ

  • സംസ്ഥാനത്ത് മൂന്നിലെന്ന് തദ്ദേശ സ്ഥാപനങ്ങളിൽ എങ്കിലും ജൈവ, അജൈവ മാലിന്യ സംസ്കരണത്തിനുള്ള ഇടപെടലുകൾ നടന്നു. അധികാര വികേന്ദ്രീകരണത്തിൻ്റെ ആദ്യ ഘട്ടത്തിൽ അവഗണിക്കപ്പെട്ട ഈ മേഖല അവസാന  4 വർഷത്തിൽ ഹരിത കേരള മിഷൻ്റെ ഭാഗമായ പ്രവർത്തനങ്ങളിലൂടെയാണ് ശക്തമായത്

വിപുലമായ കാര്യശേഷി വികസനം

  • ജനകീയാസൂത്രണ കാലഘട്ടം മുതലേ ആയിരക്കണക്കിന് ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവരെ വികേന്ദ്രീകൃതമായി പരിശീലിപ്പിക്കുന്ന വികേന്ദ്രീകൃതമായ സമാന്തര പരിശീലന ശൈലി അവലംബിക്കുവാൻ കഴിഞ്ഞു. ജനകീയാസൂത്രണത്തിന് ശേഷമുള്ള ഓരോ തിരഞ്ഞെടുപ്പുകൾക്ക് ശേഷവും കിലയുടെ നേതൃത്ത്വത്തിൽ വിപുലമായ പരിശീലന ശൃംഖലകൾ സംഘടിപ്പിച്ചിട്ടുണ്ട്.
  • ജനകീയാസൂത്രണത്തെ തുടർന്നുള്ള 4 തിരഞ്ഞെടുപ്പുകൾക്ക് ശേഷവും ജനപ്രിനിധികൾക്ക് വിപുലമായ പരിശീലനങ്ങൾ നൽകാൻ കില എന്ന സംവിധാനം ഫലപ്രദമായി പ്രവർത്തിച്ചു. ഉദ്യോഗസ്ഥർക്കുള്ള പരിശീലനവും മെച്ചപ്പെട്ട രീതിയിൽ നടന്നിട്ടുണ്ട്. അടുത്ത കാലത്ത് ഗ്രാമവികസന വകുപ്പിന് കീഴിൽ ആയിരുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെൻ്റ്, ഇ.ടി.സി.കൾ എന്നിവ കിലയുടെ പൊതു കുടക്കീഴിൽ കൊണ്ടുവന്നത് നല്ല ഇടപെടൽ ആയിരുന്നു.

സാമൂഹ്യ മൂലധന ശാക്തീകരണം

  • തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ വിവിധ സമിതികൾ, കുടുംബ ശ്രീകൾ , അംഗൻവാടി ശ്രംഖലകൾ എന്നിവ വഴി തദ്ദേശസ്ഥാപനങ്ങളുടെ  സേവന സംവിധാനത്തെ താഴെ തലം വരെ എത്തിക്കാനുള്ള ഒരു സാമൂഹ്യ സംഘടനാ ശൃംഖല രൂപപ്പെട്ടു.  സമൂഹം വിവിധ ദുരന്തങ്ങൾ നേരിട്ട ഘട്ടങ്ങളിൽ അതിനെ അതിജീവിക്കുവാനുള്ള ജനകീയ സംവിധാനങ്ങളായി ഇവ മാറി. 2018ലേയും, 2019ലേയും പ്രളയ കാലത്തും , 2019-20 ലെ കോവിഡ് കാലത്തും തദ്ദേശ സ്ഥാപന ശൃംഖലയുടെ നേട്ടങ്ങൾ ജനം അനുഭവിച്ചു.

ജനജീവിതത്തെ തൊട്ട പ്രാദേശിക സർക്കാരുകൾ

  • ചുരുക്കത്തിൽ ജനതക്ക് തങ്ങളുടെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ സമീപിക്കാവുന്ന സർക്കാർ സംവിധാനമായി താഴെ തലത്തിൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കഴിഞ്ഞ കാൽ നൂറ്റാണ് കാലത്തിനുള്ളിൽ മാറി. കേരളീയ സമൂഹത്തിൽ അനിവാര്യ ഘടകമായി പ്രാദേശിക സർക്കാരുകൾ രൂപപ്പെട്ടു.

അധികാര വികേന്ദ്രീകരണ പ്രക്രീയയിലെ  പരിമിതികൾ

സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണ പ്രക്രിയക്ക് ഏറെ നേട്ടങ്ങൾ അവകാശപ്പെടാൻ ഉള്ളപ്പോഴും ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോൾ നിരവധി പരിമിതികൾ കാണാൻ കഴിയും

അടിസ്ഥാന മൂല്യങ്ങളിലെ ചോർച്ച

  • സുതാര്യത, ജനപങ്കാളിത്തം, ജനങ്ങളോടുള്ള ഉത്തരവാദിത്വം എന്നിവയാണ് ജനാധിപത്യ വികേന്ദ്രീകരണത്തിന്റെയും, വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും അടിസ്ഥാന മൂല്യങ്ങൾ. സമൂഹത്തിൻ്റെ സൂക്ഷ്മ തലത്തിലുള്ള ജനാധിപത്യവത്കരണം അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇത് ക്രമേണ ചിത്രത്തിൽ നിന്ന് മാറുന്ന സ്ഥിതി സംജാതമായി. ജനപങ്കാളിത്തത്തിൻ്റെ വേദികളായ ഗ്രാമസഭകൾ, വാർഡ് സഭകൾ എന്നിവ ആദ്യ അഞ്ച് വർഷത്തിന് ശേഷം ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കുന്നതിന് മാത്രമുള്ള ഉപകരണാത്മക വേദികൾ ആയി മാറി. അവയുടെ രൂപീകരണത്തിൽ ഉള്ളടങ്ങിയ ജനാധിപത്യ മൂല്യങ്ങൾ അവഗണിക്കപ്പെട്ടു. കേരളത്തിലെ ഗ്രാമസഭകളുടെ ഘടനയ്ക്കും  ഇതിൽ പങ്കുണ്ട് എന്ന് പറയാം.
  • അധികാര വികേന്ദ്രീകരണം എന്നത് അധികാരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന ഭരണസമിതിവരേയും, ജന പ്രതിനിധികൾ വരേയും വികേന്ദ്രീകരിക്കുക എന്ന നില വന്നു. അതിന് താഴേക്കുള്ള ജനാധിപത്യവത്കരണം സ്വാഭാവികമായും തടയപ്പെട്ടു. ജനകീയാസൂത്രണ കാലത്ത് അവതരിപ്പിക്കപ്പെട്ട അയൽക്കൂട്ടങ്ങളെന്ന ആശയം ക്രമേണ അപ്രത്യക്ഷമായി. പിന്നീട് വന്ന അയൽസഭകളും വേര് പിടിച്ചില്ല. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടാത്ത മധ്യഉപരിവർഗ്ഗ സംഘടനാരൂപമായ റെസിഡന്റസ്  അസോസിയേഷനുകൾ ഇതേ കാലഘട്ടത്തിൽ ശക്തമായി എന്ന വൈരുദ്ധ്യവും നാം കാണാതെ പോകരുത്.
  • തദ്ദേശ വികസനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും താരതമ്യേന ദുർബലമായി. മരാമത്ത് പണികൾ ഗുണഭോക്തൃസമിതികളിൽ നിന്ന് കരാറുകാരിലേക്ക് മാറ്റി. ഗുണഭോക്തൃസമിതികളെ നിരീക്ഷക റോളിലെങ്കിലും നിലനിർത്താൻ ഉണ്ടായിരുന്ന സാധ്യതകൾ ബോധപൂർവ്വം അവഗണിക്കപ്പെട്ടു. പൊതുമരാമത്ത് പണികളുടെ സുതാര്യത ഉറപ്പാക്കാൻ ഉണ്ടായിരുന്ന പണി സ്ഥലത്തെ ബോർഡുകൾ, സോഷ്യൽ ഓഡിറ്റ് നിർദ്ദേങ്ങൾ എന്നിവ കാലക്രമത്തിൻ വിസ്‌മൃതിയായി.
  • തദ്ദേശ വികസനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള പങ്ക് ശക്തമായി. അദൃശ്യമായ ജനപ്രതിനിധി – ഉദ്യോഗസ്ഥ – കരാറുകാർ കൂട്ട്കെട്ട് പ്രാദേശികതലത്തിൽ വളർന്നുവന്നു. ഇതിനെ പ്രതിരോധിക്കാവുന്ന തരത്തിലേക്ക് സുതാര്യത  ഉറപ്പാക്കാനുള്ള സംവിധാനങ്ങളെ വ്യവസ്ഥാപിതമാക്കാൻ അധികാര വികേന്ദ്രീകരണ പ്രകീയയ്ക്ക് കഴിയാതെ പോയി.
  • അറിയാനുള്ള അവകാശ നിയമം 2005ൽ നിലവിൽ വരുന്നതിന് മുൻപേ തന്നെ അറിയാനുള്ള അവകാശം 1994ലെ ഭേദഗതിയിലൂടെ തദ്ദേശ സ്ഥാപനങ്ങളിൽ ഉറപ്പാക്കപ്പെട്ടിരുന്നു, എന്നാൽ വളരെ പരിമിതമായി മാത്രമേ കേരളത്തിൽ ഈ സാദ്ധ്യത ഉപയോഗിക്കപ്പെട്ടുള്ളൂ. അഴിമതിയും, ക്രമക്കേടുകളും തടയാൻ ഉണ്ടായിരുന്ന ഓംബുഡ്സ്മാൻ , ട്രൈബ്യൂണൽ സംവിധാനങ്ങൾ കാലക്രമത്തിൽ ദുർബലമാക്കപ്പെട്ടു.
  • ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തുന്ന ഭരണ പ്രക്രീയയുടെ രീതിയിൽ ഭാഗികമായ ഘടകങ്ങൾ മാത്രമെ അംഗീകരിക്കപ്പെട്ടുള്ളൂ. ഫ്രണ്ട് ഓഫീസ് സംവിധാനം, അപേക്ഷക്കുള്ള രസീതികൾ എന്നിവ അവയൽ ചിലത് ആയിരുന്നു. എന്നാൽ ഗ്രാമസഭകളുടെ തീരുമാനങ്ങളുടെ നടത്തിപ്പ് റിപ്പോർട്ട് അവതരിപ്പിക്കൽ,  പ്രകടന പത്രികയുടെ അടിസ്ഥാനത്തിൽ ഭരണ സമിതികളുടെ പെർഫോമൻസ് റിപ്പോർട്ട് വർഷാ വർഷം പൊതുജന വേദികളിൽ അവതരിപ്പിക്കൽ എന്നിവ ഉണ്ടായില്ല.

ഘടനാപരമായ പരിമിതികൾ

  • അധികാര വികേന്ദ്രീകരണത്തിന്റെ ക്രമാനുഗതമായ വികാസത്തിന് തടസ്സമാകുന്ന തരത്തിൽ നിരവധി ഘടനാപരമായ പ്രശ്‌നങ്ങൾ രൂപപ്പെട്ടു. പുരോഗമനപരമായ നിലപാടിൽ നിന്ന് പരിശോധിക്കുമ്പോൾ ഇതെല്ലാം അതത് കാലത്തെ നിയമപരിഷ്‌ക്കരണങ്ങളിലൂടെ മറികടക്കാവുന്നവ ആയിരുന്നു. എന്നാൽ അത്തരം അടിസ്ഥാന പരിഷ്കരണങ്ങൾക്കുള്ള ശ്രമങ്ങൾ 1999 ന് ശേഷം ഉണ്ടായില്ല.

ജില്ലാ തല ഭരണ സംവിധാനങ്ങൾ

  • ജില്ലാ പഞ്ചായത്ത് എന്നത് നിലവിലെ അവസ്ഥയിൽ ഒരു ജില്ലയെ പ്രതിനിധീകരിക്കുന്ന ഒന്നല്ല. നഗര പ്രദേശങ്ങൾ അവയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ജില്ലയെ മുഴുവൻ ഉൾക്കൊള്ളുന്ന സമഗ്രമായ ജില്ലാ പദ്ധതി എന്ന ആശയത്തിന് ഇത് പരിമിതികൾ സൃഷ്ടിക്കുന്നു. 1989 മുതൽ 1991 വരെ കേരളത്തിൽ നില നിന്നിരുന്ന ജില്ലാ കൗൺസിൽ സംവിധാനം ആണ് ഈ പശ്ചാത്തലത്തിൽ അഭികാമ്യം, എന്നാൽ ഇത്തരം അടിസ്ഥാന ചർച്ചകൾ കേരളത്തിൽ ഉയർന്നു  വരുന്നില്ല.
  • ജില്ലാ ആസൂത്രണ സമിതി നിലവിൽ അതിൽ നിക്ഷിപ്‌തമായ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിന് പര്യാപ്തമായാ ഘടനയിൽ ഉള്ള ഒന്നല്ല. അതിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗര തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തം കൂടുതലും, വിവിധ വിഷയങ്ങളിൽ വൈദഗ്ദ്യം ഉള്ള അംഗങ്ങളുടെ പ്രാതിനിധ്യം കുറവും ആണ്. ഇത് ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടേയും പദ്ധതികൾ പരിശോധിച്ച് അനുമതി നൽകുക എന്ന അതിൻ്റെ അടിസ്ഥാന ഉത്തരവാദിത്വം ഫലപ്രദമായി നിർവ്വഹിക്കുന്നതിന് തടസ്സമായി വർത്തിക്കുന്നു.

സ്റ്റാൻ്റിംഗ് കമ്മറ്റികളുടെ പുന സംഘാടനം

  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സ്റ്റാൻ്റിംഗ് കമ്മറ്റികളിൽ കാലാനുസൃതമായ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും കേരളത്തിൽ ദുരന്തങ്ങൾ നിരന്തരം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത മാനേജ്മെൻറിന് ഒരു പ്രത്യേക സംവിധാനം ഇല്ലാത്തത് ഫലപ്രദമായ ഇടപെടലിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
  • വിദ്യാഭ്യാസത്തിന് മാത്രം പഞ്ചായത്ത് തലത്തിൽ ഒരു സ്റ്റാൻ്റിംഗ് കമ്മറ്റി ഉണ്ടാകുന്നത് നിലവിലെ അവസ്ഥയിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റിക്ക് ആരോഗ്യ, മാലിന്യ സംസ്കരണ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ സഹായിച്ചേക്കും ഇത്തരത്തിൽ ജോലി ഭാരം, ചുമതലയുള്ള വിഷയങ്ങൾ എന്നിവയെ പരിഗണിച്ച് സ്റ്റാൻ്റിംഗ് കമ്മറ്റികളെ പുന സംഘടിപ്പിക്കുന്നത് നന്നാവും

ഗ്രാമസഭകളുടെ പുന സംഘാടനം

  • ഭരണഘടന ഭേദഗതി പ്രകാരം ഒരു പഞ്ചായത്തിനെ മുഴുവൻ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഗ്രാമസഭ എന്നാൽ കേരളത്തിൽ വാർഡ് സഭകളെയാണ് ഗ്രാമസഭകൾ ആയി പരിഗണിക്കുന്നത്. പഞ്ചായത്ത് തലത്തിൻ ജനപങ്കാളിത്തം ഉള്ള ഒരു വേദി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് പുറത്ത് ഉണ്ടാകുമ്പോൾ  മാത്രമെ തദ്ദേശ സ്ഥാപനത്തെ മൊത്തത്തിൽ കണ്ടു കൊണ്ടുള്ള ജനാധിപത്യപരമായ ഒരു സംവിധാനം സാദ്ധ്യമാകൂ. നിലവിലെ വികസന സെമിനാർ അത്തരം ഒരു സംവിധാനം ആണെങ്കിലും അതിന്  നിയമപരമായ അംഗീകാരം ഇല്ല. അതിനാൽ നിയമപരമായ അംഗീകാരമുള്ള , നിയമ സാധുതയുള്ള ഒരു സംവിധാനത്തെ കുറിച്ച് ആലോചിക്കണം.

കൈമാറിയ അധികാരങ്ങളിലെ പരിമിതികൾ

  • അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി കൈമാറിയ സ്ഥാപനങ്ങളുടേയും, ഉദ്യോഗസ്ഥരുടേയും കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കാൽ നൂറ്റാണ്ടിനു ശേഷവും പരിമിതമായ നിയന്ത്രണ അധികാരങ്ങൾ മാത്രമെ ഉള്ളൂ. ഈ സ്ഥാപനങ്ങൾ എല്ലാം ഇപ്പോഴും വകുപ്പു തല സ്ഥാപനങ്ങൾ തന്നെയായി തുടരുന്നു.
  • തദ്ദേശ സ്ഥാപനങ്ങൾക്ക് ചുമതലകൾ കൈമാറിയ അതേ മേഖലകളിൽ, അവർ ചെയ്യുന്ന അതേ പ്രവർത്തനങ്ങൾ വകുപ്പുതലത്തിലും ആവർത്തിക്കുന്നു. വകുപ്പു പ്രവർത്തനങ്ങളുടെ നടത്തിപ്പുകാർ ആയി ഉദ്യോഗസ്ഥർ തുടരുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണ – നിർവഹണ ശേഷിയെ ബാധിക്കുന്നു.
  • തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിലെ വകുപ്പുകളിലും അവയുടെ ചുമതലകളിലും ഈ പശ്ചാത്തലത്തിൽ സമഗ്ര പരിഷ്കരണം ആവശ്യമാണ്. ഇക്കാര്യം സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ്റെ പരിഗണനയിൽ വരേണ്ടതാണ്.

അധികാരങ്ങൾ പുനർനിർണ്ണയിക്കുന്നതിലെ പരിമിതികൾ

  • 1999ൽ ആണ് സംസ്ഥാനത്തെ പഞ്ചായത്തി രാജ് , നഗരപാലിക നിയമം സമഗ്രമായി പരിഷ്‌കരിക്കപ്പെട്ടത്. അതിന് ശേഷം രണ്ട് ദശകം പിന്നിട്ടിട്ടും  തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളിൽ അടിസ്ഥാനപരമായ വിപുലീകരണം നടത്തുന്നതിനുള്ള നിയമപരമായ ശ്രമങ്ങൾ ഉണ്ടായിട്ടില്ല.പ്രകൃതിവിഭവങ്ങളുടെ വിനിയോഗം, തലീയ ആസൂത്രണം ഭൂ വിനിയോഗം, ദുരന്ത മാനേജ്മെൻറ് തുടങ്ങിയ കാര്യങ്ങളിലൊക്കെ തന്നെ പരിമിതമായ അധികാരങ്ങൾ മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളത്.

വികസന ആസൂത്രണത്തിലെ പരിമിതികൾ

  • വികസന ആസൂത്രണം എന്നതിനെ ശാസ്ത്രീയമായ ഒരു വീക്ഷണകോണിലൂടെ സമീപിക്കുന്നതിൽ പ്രാദേശിക വികസനത്തിന് ഏറെ പരിമിതികൾ ഉണ്ടായിട്ടുണ്ട്

ചടങ്ങായി മാറിയ ആസൂത്രണ പ്രക്രീയ

  • പ്രാദേശിക ആസൂത്രണ പ്രക്രിയയുടെ ഗൗരവവും പങ്കാളിത്തവും ക്രമാനുഗതമായി ചോർന്നു. പ്ലാൻ ക്ലർക്ക്, ജനപ്രതിനിധികൾ, ചുരുക്കം ഉദ്യോഗസ്ഥർ എന്നിവരിലേക്ക് അത് ചുരുങ്ങുന്ന സ്ഥിതി  വന്നു.  നൂതന ആശയങ്ങളും പദ്ധതികളും  കുറഞ്ഞു. കർമ്മസമിതികൾ യാന്ത്രികമായി പ്രവർത്തിക്കുന്ന അവസ്ഥ സംജാതമായി.

സുസ്ഥിര വികസന സമീപനത്തിൻ്റെ അഭാവം

  • ജനകീയാസൂത്രണത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒരു സുസ്ഥിരവികസന സമീപനം പിന്തുടരാൻ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടില്ല.
  • പ്രദേശിക ഉൽപ്പാദനത്തെ ശക്തിപ്പെടുത്തുക, പ്രാദേശിക തൊഴിലുകൾ സൃഷ്ടിക്കുക അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തമാക്കുക എന്ന തദ്ദേശ ആസൂത്രണത്തിൻ്റെ ഊന്നൽ ക്രമത്തിൽ നഷടമായി. റോഡുകൾ, കെട്ടിടങ്ങൾ തുടങ്ങിയ നിർമ്മാണ പ്രവർത്തങ്ങൾക്ക് ഊന്നൽ കൈവന്നു. കാർഷിക, മൃഗ സംരക്ഷണ മേഖലയിലെ പദ്ധതികൾ ദീർഘകാല സമീപനം ഇല്ലാത്ത വിതരണ പദ്ധതികളിലേക്ക് ചുരുങ്ങി.
  • പ്രാദേശിക ഉത്പാദന പ്രക്രിയയെ ശക്തിപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായില്ല

അവഗണിക്കപ്പെട്ട പരിസ്ഥിതി സുരക്ഷ

  • സുസ്ഥിര വികസനാസൂത്രണത്തിൽ പരിസ്ഥിതിക്ക് ഉള്ള പങ്ക് താരതമ്യേന അവഗണിക്കപ്പെട്ടു തണ്ണീർ തടങ്ങൾ, ജലനിർഗ്ഗമനചാലുകൾ, എന്നിവയുടെ സംരക്ഷണം വികസന ആസൂത്രണത്തിൻ്റെ ഭാഗമായില്ല. തനത് പ്രകൃതി വിഭവ സമ്പത്ത് സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടായില്ല. ദുരന്തങ്ങളുടെ പ്രാദേശിക ആഘാതം വർദ്ധിപ്പിക്കുന്നതിൽ ഇതും പങ്ക് വഹിച്ചു.

സേവന ഗുണതയിലെ മുരടിപ്പ്

  • പഞ്ചായത്ത് , മുനിസിപ്പൽ , കോർപ്പറേഷൻ ഓഫീസുകളിൽ നിന്ന് നൽകുന്ന സേവനങ്ങളുടെ  വേഗത വർദ്ധിച്ചുവെങ്കിലും കൈമാറിയ സ്ഥാപനങ്ങളുടെ സേവന ഗുണതയിൽ കാര്യമായ മാറ്റം വന്നില്ല. തദ്ദേശ സ്ഥാപനത്തിന് കീഴിൽ ബന്ധപ്പെട്ട മേഖലയിലെ പ്രാദേശിക വികസന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായി മാറാൻ ഇവയ്ക്കായില്ല.  സ്ഥാപനങ്ങളടെ അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ മെച്ചപ്പെടൽ സേവേനഗുണത ഉയർത്തുന്നതിലേക്ക് വളർന്നില്ല. ആരോഗ്യ രംഗത്ത് മാത്രമാണ് മെച്ചപ്പെട്ട മാറ്റം ദൃശ്യമായത്. വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി  തുടങ്ങിയ മേഖലകളിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല

വിവരാധിഷ്ഠിത ആസൂത്രണത്തിന്റെ കുറവ്

  • പ്രാദേശിക ആസൂത്രണ പ്രക്രിയ ആരംഭിച്ച് 25 വർഷം പിന്നിട്ടിട്ടും അടിസ്ഥാന ഡാറ്റകളെ അധിഷ്ഠിതമാക്കിയുള്ള ഒരു ആസൂത്രണ പ്രക്രീയ ഉണ്ടായിട്ടില്ല. വികസനാവസ്ഥയെ കുറിച്ചോ, വിവിധവികസന മേഖലകളെ കുറിച്ചോ ഉള്ള ഒരു സമഗ്ര വിവര ശേഖരണ സംവിധാനം തദ്ദേശ സ്ഥാപന തലങ്ങളിൽ ഇല്ല. വിവിധ വകുപ്പുകൾ ശേഖരിക്കുന്ന വിവരങ്ങളെ തദ്ദേശ സ്ഥാപന തലത്തിൽ ഏകോപിപ്പിക്കുന്നില്ല. ജി.ഐ.എസ്. ഉൾപ്പെടെയുള്ള ആധുനീക സാങ്കേതിക വിദ്യകളെ സ്ഥലീയ ആസൂത്രണത്തിനോ, പ്രാദേശിക ആസൂത്രണത്തിനോ ഉപയോഗിക്കാവുന്ന തരത്തിൽ ആസൂത്രണ പ്രക്രിയയെ കാലാനുസൃതമാക്കാൻ ആയിട്ടില്ല.

ആസൂത്രണ സംവിധാനങ്ങളുടെ ശേഷി വികസനം

  • സാങ്കേതികമായി യോഗ്യരായ ഉദ്യോഗസ്ഥ ശൃംഖല തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ തട്ടുകളിൽ ഉണ്ടെങ്കിലും അവരുടെ സാങ്കേതിക ശേഷി പദ്ധതി ആസൂത്രണ- നിർവഹണത്തിൽ പ്രകടിക്കപ്പെടുന്നില്ല. വകുപ്പു പദ്ധതിയുടെ നടത്തിപ്പുകാർ എന്ന തലത്തിൽ നിന്ന് പ്രാദേശിക ആസൂത്രണ വിദഗ്ദർ എന്ന നിലയിലേക്ക്  ഇവർ പരിവർത്തനപ്പെടുന്നില്ല.

പ്രത്യേക ഘടകപദ്ധതികളുടെ നടത്തിപ്പും, പാർശ്വവല്കൃത വിഭാഗങ്ങളും

  • പട്ടികജാതി  ഘടകപദ്ധതി, പട്ടിക വർഗ്ഗ ഉപ പദ്ധതി  എന്നിവയുടെ നടത്തിപ്പ് ആദ്യ ഘട്ടത്തിലെ നേട്ടങ്ങൾക്ക് അപ്പുറത്തേക്ക് ഉയർത്താൻ സാധിച്ചിട്ടില്ല. പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ അടിസ്ഥാന ജീവിത സാഹചര്യങ്ങളെ മെച്ചപ്പെടുത്താനായെങ്കിലും അവരുടെ അതിജീവന പദ്ധതികൾ ഫലപ്രദമായി ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ആയിട്ടില്ല.
  • അവരുടെ ചരിത്രപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാവുന്ന തരത്തിൽ തൊഴിൽ, വിദ്യാഭ്യാസ അവസരങ്ങൾ മെച്ചപ്പെടുത്താൻ ഭാവനാപൂർണ്ണമായ പദ്ധതികൾ ഉണ്ടായില്ല.

സ്ത്രീശാക്തീകരണ ശ്രമങ്ങളും വനിതാ ഘടക പദ്ധതിയും

  • കുടുംബ ശ്രീ പദ്ധതി സ്ത്രീകളുടെ  ശാക്തീകരണത്തിൽ നിർണ്ണായക പങ്ക് വഹിച്ചുവെങ്കിലും വനിതാ ഘടക പദ്ധതി നടത്തിപ്പ് താരതമ്യേന ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കിയില്ല. സ്ത്രീകൾ വിവിധ വികസന മേഖലകളിൽ നേരിടുന്ന വിവേചനങ്ങൾ വിലയിരുത്തി ഇവയെ മറികടക്കുന്ന പ്രദേശിക വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ ഭൂരിഭാഗം വരുന്ന തദ്ദേശ സ്ഥാപനങ്ങളും പരാജയപ്പെട്ടു.

പ്രാദേശിക ആസൂത്രണ പ്രക്രിയയിലെ പുതു തലമുറയുടെ പങ്കാളിത്തം

  • യുവതീ, യുവാക്കൾ, ചെറുപ്പക്കാരായ പ്രൊഫഷണലുകൾ എന്നിവരുടെ പങ്കാളിത്തം പ്രാദേശിക ആസൂത്രണത്തിൻ്റെ ചിന്താ പ്രക്രീയക്ക് അകത്തും, നടത്തിപ്പിലും കൊണ്ടുവരാൻ കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. ഇത് ആസൂത്രണത്തിൻ്റെ നവീനവത്കരണത്തെ വല്ലാതെ ബാധിച്ചു.

പ്രാദേശിക സർക്കാരുകളുടെ സ്വയംഭരണ അവകാശം

  • തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമായ സ്വയം ഭരണ ശേഷി ഘട്ടംഘട്ടമായി വികസിക്കുമ്പോൾ ആണ് അവക്ക് യഥാർത്ഥ പ്രാദേശിക സർക്കാരുകൾ എന്ന തലത്തിലേക്ക് ഉയരാൻ കഴിയുക. ഇതിനാകട്ടെ സത് ഭരണത്തിന്റെ ഒരു പൊതു ആശയ ഘടനക്കുള്ളിൽ നിന്ന് അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം .എന്നാൽ ഇതിന് വിരുദ്ധമായി അവരുടെ സ്വയം ഭരണാവകാശം ക്രമാനുഗതമായി കുറയുന്ന പ്രവണത ജനകീയാസൂത്രണത്തിൻ്റെ ആദ്യ അഞ്ച് വർഷങ്ങൾക്ക് ശേഷം ശക്തമായി.

വർദ്ധിക്കുന്ന എജൻസി സ്വഭാവം

  • അതത് പ്രദേശത്തെ വികസന പ്രശ്നങ്ങൾ നിരിച്ചറിഞ്ഞ്, മുൻഗണനകൾ നിശ്ചയിച്ച്, അതിന് അനുസൃതമായി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ വർദ്ധിതമായ തോതിൽ കേന്ദ്രീകൃതമായി ആസൂത്രണം ചെയ്ത പദ്ധതികളുടെ നടത്തിപ്പുകാർ ആകുന്ന അവസ്ഥ വർദ്ധിച്ചു വന്നു. സർക്കാർ പദ്ധതികളുടെ നടത്തിപ്പുകാർ എന്നത് സ്വയംഭരണ അവകാശത്തെ  ചുരുക്കി കൊണ്ടുവരാൻ കാരണമായി. സർക്കാർ നിർദേശിക്കുന്ന പദ്ധതികൾക്ക് അധിക വിഹിതം നൽകാതെ അവരുടെ പദ്ധതി വിഹിതത്തിൽ നിന്ന് നീക്കി വക്കാനുള്ള നിർദ്ദേശം സ്വതന്ത്രമായ ആസൂത്രണശേഷിയെ ബാധിച്ചു.

അധികാരങ്ങൾ തിരിച്ചെടുക്കന്ന ഉത്തരവുകൾ

  • വിവിധ വകുപ്പുകളിൽ നിന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങൾ ഉത്തരവുകളിലൂടെ തിരിച്ചെടുക്കുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായി. ഉദ്യോഗസ്ഥർ ഗ്രാമസഭകളിൽ പങ്കെടുക്കുന്നതിന് പോലും വിലക്കുകൾ ഉണ്ടായി.
  • തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിലെ സമാന്തര പദ്ധതികളും മുൻപത്തേ പോലെ തന്നെ  തുടർന്നു.

സ്ഥാപന ഏകോപനത്തിന്റെ അഭാവം

  • തദ്ദേശ സ്ഥാപനങ്ങളമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളെ സംസ്ഥാന തലത്തിൽ എകോപ്പിക്കാൻ ശ്രമിച്ചത് പോലെ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപ്പിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായില്ല

ഉദ്യോഗസ്ഥരുടെ ഇരട്ട നിയന്ത്രണം

  • തദ്ദേശസ്ഥാപനങ്ങക്ക് കീഴിൽ വരുന്ന ഉദ്യോഗസ്ഥരുടെ മേലുള്ള വകുപ്പുതല നിയന്ത്രണങ്ങൾ ശക്തമായി തുടർന്നു. അവരുടെ സർവ്വീസ് നിയന്ത്രിക്കുന്നതിനുള്ള പേഴ്‌സണൽ രജിസ്റ്റർ പോലുള്ള കാര്യങ്ങളിലെ നിയന്ത്രണം ഉൾപ്പെടെ നിർണ്ണായകമായ അധികാരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം ഫലത്തിൽ കടലാസ്സിൽ ഒതുങ്ങി.

വിഭവ സമഹാരണത്തിലെ തടസങ്ങൾ

  • തദ്ദേശ സ്ഥാപനങ്ങളുടെ നികുതിഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. അവർക്ക് ശേഖരിക്കാവുന്ന പുതിയ നികുതി, നികുതി ഇതര വരുമാനത്തിനുള്ള അധികാരങ്ങൾ നൽകപ്പെട്ടില്ല. ഇത് അവരുടെ പ്രവർത്തന സ്വാതന്ത്ര്യത്തെയും സ്വയംഭരണാവകാശത്തെയും ബാധിച്ചു.

മാറ്റമില്ലാത്ത രാഷ്ട്രീയ സംസ്കാരം

  • പ്രാദേശിക വികസനത്തിന് അനുസൃതമായ രാഷ്ട്രീയ  സംസ്കാരം വളർന്നുവന്നില്ല, കേന്ദ്ര – സംസ്ഥാന ഭരണം പോലെ രാഷ്ട്രീയ അജണ്ട ആകേണ്ട ഒന്നാണ് പ്രാദേശിക ഭരണം എന്ന തോന്നൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ  ഉള്ളിൽ വളർന്നില്ല. തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ഒഴികെ പ്രദേശിക വികസനം ചർച്ചയായില്ല.
  • പ്രാദേശിക വികസനത്തെ ഫലപ്രദമായി നയിക്കേണ്ട ഭരണ സമിതികൾ അതിനെ ഗൗരവപ്പെട്ട രാഷ്ട്രീയ അജണ്ടയായി കാണുന്നതിനെ  ഈ ലാഘവ പൂർണ്ണമായ സമീപനം തടസ്സങ്ങൾ സൃഷ്ടിച്ചു.
  • പ്രാദേശിക ഭരണ സമിതിയുടെയും, ജന പ്രതിനിധികളടേയും പ്രകടനം ശാസ്ത്രീയമായി കൃത്യമായ ഇടവേളകളിൽ വിലയിരുത്തുന്നതിന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല.
  • ഭരണത്തിന്റെ കാര്യക്ഷമത കുറയുന്നതിനും പ്രാദേശിക വികസനത്തിലെ സാമ്പത്തിക ക്രമക്കേടുകൾ വർദ്ധിക്കുന്നതിനും ഇത് കാരണമായി

ആസൂത്രിതമല്ലാത്ത നഗര വികസനം

  • ദീർഘകാല ലക്ഷ്യങ്ങൾ ഉള്ള മാസ്റ്റർ പ്ലാനുകളുടെ അടിസ്ഥാനത്തിൽ നഗരവികസന പ്രവർത്തനങ്ങൾ നടത്താൻ കോർപ്പറേഷനുകൾക്കും , മുനിസിപ്പാലിറ്റികൾക്കും കഴിഞ്ഞിട്ടില്ല. വലിയ നഗരങ്ങളിൽ ഉള്ള സമാന്തര നഗര വികസന അതൊരിറ്റികൾ തദ്ദേശ സ്ഥാപനങ്ങൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ സമാന്തരമായി ചെയ്യുന്നു.  സമഗ്ര നഗരവികസന മാസ്റ്റർ പ്ലാൻ ഉള്ള കൊച്ചി പോലുള്ള നഗരങ്ങളിൽ പോലും അത് നടപ്പാക്കപ്പെടുന്നില്ല.
  • നഗര ആസുത്രണ വകുപ്പ് പങ്കാളിത്ത വികസന പദ്ധതികൾക്ക്  ചില മാതൃകകൾ ഉണ്ടാക്കിയെങ്കിലും അതിനെ ഒരു പൊതു സമീപനമാക്കി മാറ്റാൻ ആയിട്ടില്ല.
  • നിയതമായ മാനദണ്ഡങ്ങൾ പിന്തുടരാതെ, ആവശ്യമായ സമയം നൽകാതെ പെട്ടെന്ന് മുനിസിപ്പാലിറ്റികൾ ആയി മാറുന്ന നഗരങ്ങൾ പിന്നീട് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വളർച്ചയുടെ പരിമിതികൾ നേരിടുന്നു.

പരിശീലന സംവിധാനങ്ങളിൽ മനുഷ്യ വിഭവ ശേഷിയുടെ പരിമിതി

  • വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ടിന് ശേഷവും പരിശീലന സ്ഥാപനമായ കിലയുടെ മാനവ വിഭവ ശേഷി പരിമിതമാണ്. ഇത് ആവശ്യമായ പഠന ഗവേഷണങ്ങളടെ അടിസ്ഥാനത്തിൽ പരിശീലന മേഖലകൾ, പരിശീലന ഉള്ളടക്കം എന്നിവ ആസുത്രണം ചെയ്യുന്നതിന് കിലയ്ക്ക് പരിമിതികൾ സൃഷ്ടിക്കുന്നു.,

മുൻപോട്ടുള്ള ദിശ

  • സുസ്ഥിര വികസനം, സാമൂഹിക നീതി, ജനാധിപത്യവത്കരണം ജനങ്ങളോടുള്ള ഉത്തരവാദിത്വം , സേവനഗുണത എന്നീ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നിയ ഒരു വികസന സമീപനം ആണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടാവേണ്ടത്. നിരന്തരമായി അവരുടെ സ്വയംഭരണ അവകാശവും പ്രവർത്തനശേഷിയും വികസിപ്പിക്കാനുള്ള ഇടപെടലുകൾ കേരളത്തിൽ ഉണ്ടാകണം. യഥാർഥത്തിൽ  പ്രാദേശിക സർക്കാരുകൾ ആയി മാറാൻ അവർക്ക് കഴിയണം
  • ഈ പൊതു ദിശയിൽ നിന്ന് കൊണ്ട് താഴെ പറയുന്ന ഇടപെടലുകൾ കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രീയ ശക്തിപ്പെടുത്താൻ ഉണ്ടാകണം

ജനപങ്കാളിത്തവും സുതാര്യതയും ശക്തിപ്പെടുത്തുക

  • ജന പങ്കാളിത്തത്തിൻ്റെ വേദികളെ ശക്തിപ്പെടുത്തണം. ഗ്രാമസഭകൾക്ക് താഴെ അയൽസഭ / അയൽകൂട്ടം സംവിധാനങ്ങൾ നിയമപരമാക്കണം.  അയൽസഭകളുടെ പങ്കാളിത്തം ഉള്ള ഒരു പഞ്ചായത്ത് തല സഭ / തദ്ദേശ സ്ഥാപന സഭ എന്ന നിലയിൽ ഒരു ഗ്രാമ സഭ സംവിധാനം ഉണ്ടാകണം. നിലവിലെ ഗ്രാമസഭകളെ വാർഡ്സഭകളായി കാണണം. തദ്ദേശ സ്ഥാപനതല ഗ്രാമസഭകൾക്ക് വർദ്ധിതമായ അധികാരങ്ങൾ നിയമപരമായി നൽകണം. അവയുടെ നീരുമാനങ്ങൾ ഭരണ സമിതികൾക്ക് ബാധകമാകണം.
  • നിർമ്മാണ പ്രവർത്തങ്ങൾ നടക്കുന്ന ഇടങ്ങളിൽ ജനകീയ സോഷ്യൽ ഓസിറ്റ് സമിതികൾ ഉണ്ടാകണം.തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും സോഷ്യൽ ഓഡിറ്റിന് വിധേയമാക്കണം, സോഷ്യൽ ഓഡിറ്റ് സംവിധാനം നിയമപരമായ ഒന്നാക്കി മാറ്റണം സോഷ്യൽ ഓഡിറ്റ് സമിതികളുടെ റിപ്പോർട്ടുകൾ വാർഡ് സഭകളിലും, സ്ഥാപനതല ഗ്രാമസഭകളിലും അവതരിപ്പിക്കണം. വാർഡ് സഭളിലും, ഗ്രാമസഭകളിലും മുൻ യോഗങ്ങളുടെ തീരുമാനങ്ങളിൽ എടുത്ത നടപടികളുടെ റിപ്പോർട്ട് അവതരിപ്പിക്കുന്നത് നിയമപരമായി നിർബന്ധിതമാക്കണം.
  • ചെറുപ്പക്കാർ, തദ്ദേശ സ്ഥാപനത്തിന് പുറത്തുള്ള പ്രദേശവാസികൾ എന്നിവരുടെ ഇ- ജനസഭകൾ പ്രോത്സാനിപ്പിക്കണം
  • തദ്ദേശ സ്ഥാപനങ്ങളമായി ബന്ധപ്പെട്ട പദ്ധതി വിവരങ്ങൾ, നികുതി വിവരങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ, ഗുണഭോക്തൃ പട്ടിക എന്നിവ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ജനങ്ങൾക്ക് ഓൺലൈൻ വഴി വിവരാവകാശ അപേക്ഷ നൽകി മറുപടി ലഭ്യമാക്കാനുള്ള സൗകര്യം ഉണ്ടാക്കണം.
  • തദ്ദേശ ഭരണ ഓംബുഡ്സ്മാൻ പങ്കാളിത്തം ഉയർത്തി ശാക്തീകരിക്കുകയും, അധികാര പരിധി ഉയർത്തുകയും വേണം.

ഘടനാപരമായ പരിഷ്‌ക്കാരങ്ങൾ

  • മേൽ സൂചിപ്പിച്ചതുപോലെ തദ്ദേശ സ്ഥാപനത്തിന്റെ പ്രദേശത്ത് മുഴുവൻ പ്രാതിനിധ്യമുള്ള ഗ്രാമസഭ സംവിധാനം രൂപീകരിക്കണം.
  • ജില്ലയിലെ മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ പ്രദേശം എന്നിവയുടെ പ്രാതിനിധ്യം വരുന്ന രീതിയിൽ ജില്ലാ പഞ്ചായത്ത് പരിധി നിയമ ഭേദഗതിയിലൂടെ പുനസംഘടിപ്പിക്കണം
  • ജില്ലാ ആസൂത്രണ സമിതിയിൽ ചുരുങ്ങിയത് 50 ശതമാനം വിദഗ്‌ധ പങ്കാളിത്തം നിയമപരമായി കൊണ്ടുവരണം.
  • ജില്ലാ പഞ്ചായത്ത് സെക്രെട്ടറി കളക്ടർക്ക് തുല്യ പദവി ഉള്ള ഉദ്യോഗസ്ഥ ആവുകയും ജില്ലാ ആസൂത്രണ സമിതിയുടെ അധ്യക്ഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവുകയും വേണം.
  • പുതിയ കാലത്തിൻ്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് സ്റ്റാൻ്റിംഗ് കമ്മറ്റികളുടെ എണ്ണം , അധികാരങ്ങൾ എന്നിവ വിവിധ തലങ്ങളിൽ പുനഃക്രമീകരിക്കണം.
  • ദുരന്ത നിവാരണ സ്റ്റാൻ്റിംഗ് കമ്മിറ്റികൾ ഈ പശ്ചാത്തലത്തിൽ പ്രസക്തമാണ്.
  • പുതിയ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിൽ വകുപ്പുകൾ ചെയ്യുന്ന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തണം ഈ ചുമതലകൾ വകുപ്പുകളിൽ നിന്ന് എടുത്തുമാറ്റണം. ഈ തരത്തിൽ അധികാരവികേന്ദ്രീകരണം നടത്തി വകുപ്പുകൾ, ഉദ്യോഗസ്ഥ സംവിധാനം എന്നിവ പുനസംഘടിപ്പിക്കണം,  ജില്ലാതലം വരെയുള്ള വകുപ്പ് സംവിധാനങ്ങളുടെ ഉത്തരവാദിത്വം അതത് തലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ വികസന ആസൂത്രണ , നടത്തിപ്പ് ശേഷി മെച്ചപ്പെടുത്തൽ ആകണം. വകുപ്പുതല സമാന്തര പദ്ധതികൾ ഒഴിവാക്കണം.
  • വില്ലേജ് ഓഫീസുകളുടെ നിയന്ത്രണം തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കൊണ്ടുവരണം,

വികസിപ്പിക്കേണ്ട സ്വയംഭരണ അവകാശം

  • തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നിയന്ത്രണം പൂർണ്ണമായും അവർക്ക് നൽകണം, ഉദ്യോഗസ്ഥരുടെ പേഴ്സണൽ രജിസ്റ്ററ്റുകളിൽ അതത് തദ്ദേശ സ്ഥാപന അദ്ധ്യക്ഷർ ഒപ്പു വയ്ക്കണം
  • തദ്ദേശ സ്ഥാപനങ്ങൾക്ക് അതാതിടത്തെ പ്രകൃതി വിഭവ വിനിയോഗം, ഭൂവിനിയോഗം, ജല സ്രോതസ്സുകളുടെ വിനിയോഗം, ഖനിജങ്ങളുടെ ഉപയോഗം എന്നിവയിൽ നീരുമാനം എടുക്കാനും, നിയന്ത്രിക്കാനും ഉള്ള വിപുലമായ അധികാരം നൽകണം.
  • ഓരോ വികസന മേഖലയിലും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ അധികാരങ്ങൾ വിലയിരുത്തി കൂടുതൽ മേഖലകളിൽ പുതിയ അധികാരങ്ങൾ നൽകണം.
  • തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന പദ്ധതി വിഹിതം സ്വന്തം തീരുമാന പ്രകാരം അതാതിടത്തെ വികസന ആസൂത്രണത്തിന്  ഉപയോഗിക്കാനുള്ള സ്വയംഭരണ അവകാശം അവർക്ക് നൽകണം.
  • സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തുന്ന കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ അളവ് കുറച്ചു കൊണ്ടുവരണം. അത്യാവശ്യ ഘട്ടങ്ങളിൽ അതിനാവശ്യമായ ധന വിഭവം കൂടി പദ്ധതിവിഹിതത്തിന് പുറമെ നൽകണം.
  • തദ്ദേശ സ്ഥാപനങ്ങളുടെ നികുതിഘടന, നികുതി നിരക്ക്, നികുതിയേതാര വരുമാന സ്രോതസുകൾ എന്നിവ സമഗ്രമായി പരിഷ്ക്കരിക്കണം, അവരുടെ തനത് വരുമാന ശേഷി വലിയ തോതിൽ ഉയർത്തണം

നിയമ പരിഷ്‌ക്കരണം

  • വകുപ്പുകളുടെ പുനഃസംഘാടനം, പുതിയ അധികാരങ്ങൾ നൽകൽ, ഗ്രാമസഭകളുടെ പുനഃസംഘാടനം, സോഷ്യൽ ഓഡിറ്റ് സംവിധാനങ്ങളുടെ വ്യവസ്ഥാപനം, സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ എന്നിവയ്ക്ക് മേലുള്ള നിയന്ത്രണം വിപുലമായ തനത് വിഭവ ശേഖരണ അധികാരങ്ങൾ എന്നിവ ഉൾപ്പെടുത്തി പഞ്ചായത്ത് – മുനിസിപ്പൽ നിയമങ്ങൾ സമഗ്രമായി പരിഷ്ക്കരിക്കണം. വകുപ്പുതല മാനുവലുകളും ഇത്തരത്തിൽ പരിഷ്ക്കരിക്കണം.
  • അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ ആവശ്യങ്ങൾക്കനുസൃതമായി ഭൂവിനിയോഗ നിയമങ്ങൾ, ഖനന നിയമങ്ങൾ , ദുരന്ത നിവാരണ നിയമം, പൊതുജനാരോഗ്യ നിയമം, മാലിന്യ സംസ്കരണ നിയമങ്ങൾ കേരള വിദ്യാഭ്യാസ നിയമം, നഗരാസൂത്രണ നിയമങ്ങൾ എന്നിവ സമഗ്രമായി പരിഷ്ക്കരിക്കണം

സുസ്ഥിരവികസന സമീപനം

  • തദ്ദേശ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിൽ പ്രാദേശിക ഉൽപ്പാദന വ്യവസ്ഥ ശക്തിപ്പെടുത്തൽ, പരിസ്ഥിതി സുരക്ഷാ കാർബൺ പാദമുദ്ര കുറഞ്ഞ വികസനം, പാർശ്വവത്കരുടെ അതിജീവനം എന്നിവ കേന്ദ്ര സ്ഥാനത്ത് വരണം.
  • പ്രാദേശിക ഉൽപ്പാദനവും  തൊഴിലും വർദ്ധിപ്പിച്ച് പ്രാദേശിക വികസനത്തിൻ്റെ വേഗത വർധിപ്പിക്കുവാൻ ആവണം, ഇതിനായി  സഹകരണ മേഖല, കുടുംബ ശ്രീ, തൊഴിൽസേനകൾ, മുതലയവയെല്ലാം ചേർന്നുള്ള ഏകോപിത ആസൂത്രണം വേണം
  • മാലിന്യ സംസ്കരണം, കൃഷി എന്നിവയെ സംയോജിപ്പിച്ചുള്ള സുസ്ഥിര വികസന പദ്ധതികൾ വികസിപ്പിക്കണം
  • സ്ഥലീയ ആസൂത്രണം , പ്രദേശങ്ങളുടെ മേഖലവൽക്കരണം എന്നീ രീതികളിലൂടെ, സുസ്ഥിര വികസന ആസൂത്രണം സാധ്യമാവണം
  • പരിസ്ഥിതി ആഘാതം വികസന ആസൂത്രണത്തിന്റെ കേന്ദ്ര സ്ഥാനത്ത് വരണം, പരിസ്ഥിതി അവലോകന രേഖകൾ തദ്ദേശ സ്ഥാപനതലത്തിൽ തയ്യാറാക്കുകയും അവയിൽ കണ്ടെത്തുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള പദ്ധതികൾ വികസന ആസൂത്രണത്തിന്റെ ഭാഗമാവുകയും വേണം.
  • പ്രാദേശിക വികസനത്തിന് അനുയോജ്യമായ പരിസ്ഥിതി ആഘാത പഠനരീതികൾ വീകസിപ്പിക്കണം.
  • ദളിത് ,ആദിവാസി വികസനത്തിന് വ്യക്തി, കുടുംബ ,ഊര്, അതിവാസമേഖല എന്നിവയിൽ അധിഷ്ഠിത വികസന പ്ലാനുകളും, ഉപജീവന പ്ലാനുകളും തയ്യാറാക്കണം. വെള്ളപ്പൊക്കം – ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്ത ഘട്ടങ്ങളെ സ്ഥിരമായി നേരിടേണ്ടിവരുന്ന ദളിത് – ആദിവാസി കുടുംബങ്ങളെ പുനരാധിവസിപ്പിക്കണം.
  • സ്ത്രീകളുടെ ഓരോ പ്രദേശത്തെയും വികസനാവസ്ഥ നിശ്ചിത സൂചകങ്ങളുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തി അവയെ അധിഷ്ഠിതമാക്കി വികസന ലലക്ഷ്യങ്ങളും പദ്ധതികളും തയ്യാറാക്കണം.
  • വനിതാ ഘടകപദ്ധതി സമഗ്രമായി പരിഷ്ക്കരിക്കണം.  സ്ത്രീകളുടെ വരുമാനം, തൊഴിൽ, സാമൂഹ്യ പദ്ധതി , ചലനാത്മകത എന്നിവ ഘട്ടം ഘട്ടമായി ഉയർത്തൽ ആവണം ലക്ഷ്യം.
  • സാമൂഹിക – സമ്പത്തിക – ആരോഗ്യ ദുര്ബലത അനുഭവിക്കുന്ന കുടുംബങ്ങളുടെ വൾണറബിലിറ്റി മാപ്പിംഗ് നടത്തി അവർക്കായി പ്രത്യേക കുടുംബ അതിജീവന പദ്ധതികൾ (house hold survival plan) തയ്യാറാക്കണം.
  • അതിധരിദ്രർ, കിടപ്പുരോഗികളുള്ള കുടുംബങ്ങൾ, ഭിന്നശേഷിയുള്ളവർ ഉൾപ്പെട്ട കുടുംബങ്ങൾ, ഗുരുതരരോഗങ്ങളുള്ള രോഗികൾ ഉള്ള കുടുംബങ്ങൾ, എന്നിവർ ഈ പദ്ധതിയിൽ ഉൾപ്പെടണം.
  • 60 വയസുകഴിഞ്ഞ സ്വയാർജിത വരുമാനം ഇല്ലാത്ത വയോജനകൾക്കായി പ്രത്യേക അതിജീവന പദ്ധതികൾ തയ്യാറാക്കാൻ കഴിയണം. ഇവരുടെ കാര്യത്തിൽ നവീന സാമൂഹിക അതിജീവന പദ്ധതികൾ ആലോചിക്കാം.

ആസൂത്രണ പ്രക്രീയയെ നവീകരിക്കുക

  • വികസന ആസൂത്രണത്തിന് സഹായകമായ ഒരു ഓൺലൈൻ ഡാറ്റാ ബേസ് മുഴുവൻ കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി ഓരോ തദ്ദേശസ്ഥാപനത്തിലും തയ്യാറാക്കണം, അത് നിരന്തരം പുതുക്കുകയും വേണം. റിമോട്ട് സെൻസിങ്, ജി.ഐ.എസ്. സംവിധാനങ്ങൾ വികസന ആസൂത്രണത്തിന് ഫലപ്രദമായി ഉപയോഗിക്കണം
  • തദ്ദേശ സ്ഥാപനത്തിന് കീഴിലെ സ്ഥാപനങ്ങൾ വഴി ശേഖരിക്കുന്ന ഡാറ്റകൾ പൊതു സംവിധാനത്തിൽ ഏകോപിപ്പിക്കണം, ഇതും വികസന ആസൂത്രണവുമായി ബന്ധിപ്പിക്കണം
  • വികസന ആസൂത്രണത്തിനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിക്കണം, തദ്ദേശ സ്ഥാപനതലത്തിൽ ആസൂത്രണ സമിതികൾ വിപുലീകരിച്ചു അവയെ പ്രാദേശിക വിദഗ്ധരുടെ സമതികളാക്കി വീകസിപ്പിക്കണം, സമീപ പ്രദേശങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, പ്രൊഫെഷണലുകൾ എന്നിവരുടെ സേവനം പ്രാദേശിക ആസൂത്രണ സമിതികൾ വഴി ലഭ്യമാക്കണം. നിലവിലുള്ള കർമ്മ സമിതികളെ ആസൂത്രണ സമിതികളുടെ ഉപസമിതികളാക്കി നിലനിർത്താം.
  • തദ്ദേശ സ്ഥാപനത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരെ പ്രദേശീക ആസൂത്രണ വിദഗ്ദ്ധർ ആകാവുന്ന തരത്തിൽ പരിശീലന പരിപാടികൾ പുനഃസംഘടിപ്പിക്കണം.
  • അതത് മേഖലകളിലെ ആസൂത്രണത്തിന്റെ സാങ്കേതിക ഉത്തരവാദിത്വം ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനമേധാവികൾക്കാവണം.

നഗരവികസനത്തിന് ഒരു ഏകോപിത സമീപനം

അനുദിനം നഗരവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിൽ വൻ നഗരങ്ങൾ , ഇടത്തരം നഗരങ്ങൾ, നഗരവൽക്കരണത്തിലേക്ക് നീങ്ങുന്ന പ്രദേശങ്ങൾ എന്നിവയെ പ്രത്യേകമായിയെടുത്ത് ഓരോ വിഭാഗത്തിനും സമഗ്ര മാസ്റ്റർ പ്ലാനുകൾ വികസിപ്പിക്കുന്നതിനുള്ള രീതിശാസ്ത്രം ഉണ്ടാക്കണം. നിലവിലുള്ള എല്ലാ നഗര വികസന പദ്ധതികളെയും, ഏജന്സികളെയും തദ്ദേശസ്ഥാപനങ്ങൾക്ക് ഏകോപിപ്പിക്കുവാൻ ഉള്ള അധികാരം നൽകണം. 20 വര്ഷത്തേയ്ക്കെങ്കിലുമുള്ള പൊതു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാവണം നഗരവികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടത്. കാർബൺ പാതമുദ്ര കുറഞ്ഞ, ദരിദ്രർക്ക് പ്രത്യേക പരിഗണന നൽകുന്ന, സുസ്ഥിരവികസന പാതയാവണം നഗരവികസനത്തിന്റെ അടിസ്ഥാന സമീപനം.

പ്രാദേശിക വികസനം ഒരു രാഷ്ട്രീയ അജണ്ട

  • പ്രാദേശിക വികസനം എന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ട ആവണം, ജനങ്ങളോട് ഉത്തരവാദിത്വമുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രികകൾ പങ്കാളിത്തപരമായി രൂപപ്പെടണം. ഭരണ സമിതികൾ ഓരോ വർഷവും  പെർഫോമൻസ് റിപ്പോർട്ട് തയ്യാറാക്കി പൊതുവേദിയിൽ അവതരിപ്പിക്കുകയും, വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും വേണം.
  • ജനപ്രതിനിധികളുടെ ഗുണത ഉയർത്തുവാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തണം.
  • കൃത്യമായ ഇടവേളകളിൽ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തണം, അഴിമതി – ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ കർശന നിലപാടുകൾ സ്വീകരിക്കണം
  • പ്രവർത്തനശേഷിയുള്ളവർക്കും യുവാക്കൾക്കും പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ മുൻഗണന നൽകണം.
  • ജനപ്രതിനിധികൾക്ക് നിരന്തരമായ ഭരണ പരിശീലനങ്ങൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഉറപ്പാക്കണം
  • ഓരോ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുമ്പോളും ഭരണകക്ഷികൾ കഴിഞ്ഞ തിരഞ്ഞെടുപ്പ് പത്രികയുടെ ഒരു വിലയിരുത്തൽ റിപ്പോർട്ട് കൂടി അതോടൊപ്പം നൽകണം
  • കഴിവുതെളിയിച്ച സ്ത്രീകൾ , ദളിതർ, ആദിവാസികൾ എന്നിവർക്ക് പൊതു സീറ്റുകളിൽ വീണ്ടും മത്സരിക്കാൻ അവസരം നൽകണം.

(കടപ്പാട് – പ്രൊഫ. പി കെ രവീന്ദ്രൻ, പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ടി ഗംഗാധരൻ, എൻ. ജഗജീവൻ എന്നിവരുടെ അഭിപ്രായങ്ങൾക്ക്)

പാലക്കാട് ഐ.ആർ.ടി.സി യിലെ സാമൂഹികശാസ്ത്രം മേധാവി ആണ് ലേഖകൻ  [email protected]

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post അളവിലെ പിഴവുകൾ
Next post സുസ്ഥിരവികസനത്തിന്റെ കേരളീയപരിസരം
Close