Read Time:48 Minute

ഡോ.മനോജ് കോമത്ത്

മ്പിച്ച ജനപ്രീതിയുള്ള ഒരു കപടശാസ്ത്രമാണ് ഡൗസിങ് (Dowsing). പാശ്ചാത്യരാജ്യങ്ങളിൽ ഇത് വാട്ടർ വിച്ചിങ്, ഡിവൈനിങ് എന്നീ പേരു കളിലും അറിയപ്പെടുന്നുണ്ട്. യഥാർഥത്തിൽ കിണറിനു സ്ഥാനം നിശ്ചയി ക്കുന്ന സിദ്ധന്മാരുടെ പ്രകടനമായാണ് ഇതിന്റെ തുടക്കം. സയൻസിന്റെ  മുന്നേറ്റങ്ങൾക്ക് ഇതിന്റെ പ്രചാരത്തിനു കോട്ടം തട്ടിക്കാനായില്ല. ഇന്നും ഡൗസിങ് പല രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്നുണ്ട്.

കപടശാസ്ത്രങ്ങൾക്കിടയിൽ സവിശേഷസ്ഥാനമുള്ള ഡൗസിങ് വിദ്യയുടെ പ്രത്യേകതകളിലേക്കും ചരിത്രത്തിലേക്കും ഒന്നെത്തിനോക്കാം. 

എന്താണു ഡൗസിങ്?

ഭൗമോപരിതലത്തിനടിയിൽ ഒളിഞ്ഞിരിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ പാശ്ചാത്യരാജ്യങ്ങളിൽ പണ്ടുമുതലേ പ്രചാരത്തിലുണ്ടായിരുന്ന, ദിവ്യത്വത്തിന്റെ പരിവേഷമുള്ള, ഒരു വിദ്യയാണിത്. കവണപോലുള്ള മരക്കമ്പോ അതുപോലെ പിരിച്ചെടുത്ത ലോഹക്കമ്പികളോ വച്ചാണ് ഡൗസിങ് ചെയ്യുന്നത്. ഉപകരണം ‘ഡൗസിങ് റോഡ്’ (Dowsing Rod) എന്നറിയപ്പെടുന്നു. ദിവ്യസിദ്ധിയുണ്ടെന്നവകാശപ്പെടുന്നയാൾ അഥവാ ‘ഡൗസർ’ (dowser) ശിഖരങ്ങൾ കൈപ്പത്തിയിലൊതുക്കി കമ്പും മുന്നോട്ടു പിടിച്ച് ഉദ്ദിഷ്ട വസ്തുവും തേടി നടക്കും. വസ്തുവുണ്ടെന്നു കരുതപ്പെടുന്നയിടത്തു വെച്ച് കമ്പ് മേലോട്ടോ കീഴോട്ടോ വെട്ടിത്തിരിയുന്നു. തൽസ്ഥാനം ഖനനം ചെയ്താൽ ഭൂഗർഭജലം അല്ലെങ്കിൽ നിക്ഷിപ്ത വസ്തു കണ്ടെടുക്കാമെന്ന് ഡൗസിങ് – വീരകഥകൾ സാക്ഷ്യപ്പെടുത്തുന്നു. മറഞ്ഞുകിടക്കുന്ന വസ്തുവിൽ നിന്നുള്ള ദുരൂഹമായ ചില ഊർജ പ്രവാഹങ്ങൾ അതീന്ദ്രിയ മാർഗേണ ഡൗസറിൽ ആവേശിക്കുകയാണെന്നാണു പറയപ്പെടുന്ന തത്ത്വം.

നമ്മുടെ നാട്ടിൽ കിണറിനു സ്ഥാനം കണ്ടെത്താൻ ഡൗസിങ് റോഡു കൂടാതെ വേറെയും രീതികൾ പ്രയോഗത്തിലുണ്ട്. ഉദാഹരണത്തിന് ഒരു ചരടിൽനിന്നു തൂക്കിയിട്ട മോതിരമോ സ്വർണമാലയോ രണ്ടു വിരലുകൾകൊണ്ട് പിടിച്ച് പര്യവേക്ഷകൻ പറമ്പിലൂടെ നടക്കുന്നു. ഭൂമിക്കടിയിൽ വെള്ളമുള്ള സ്ഥലത്തെത്തുമ്പോൾ തൂക്കിയിട്ട മോതിരം/മാല ഒരു പ്രത്യേക താളത്തിൽ ആടാൻ തുടങ്ങുന്നത്. അവിടെ കുറ്റിയടിക്കുകയായി, യഥാർഥത്തിൽ, ചുറ്റുമുള്ള കിണറുകളിലെ വെള്ളത്തിന്റെ തോതുവെച്ചും ആഴത്തിൽ വേരോടുന്ന വൻമരങ്ങളുണ്ടെങ്കിൽ അവയുടെ പുഷ്ടിവെച്ചും ഭൂമിക്കടിയിലെ നീർച്ചാലിന്റെ സാമീപ്യം ബുദ്ധിപൂർവം ഊഹിക്കുകയാണയാൾ ചെയ്യുന്നത് എന്ന് “അവിശ്വാസികൾ’,

ചരിത്രം 

ഡൗസിങ് കമ്പുകൾക്ക് ശിലായുഗത്തോളം പഴക്കമുണ്ടെന്നു സഹാറാ പ്രദേശത്തെ ഗുഹാചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈജിപ്ഷ്യൻ സംസ്കാര കാലത്തും ഇതിന്റെ സാന്നിധ്യം കാണാം. ജലം കണ്ടെത്തുന്നതിന് ഡൗസിങ് റോഡ് ഉപയോഗിച്ചതിന് ആദ്യത്തെ ചരിതിരഖ ഹെറോഡോട്ടസിന്റേതാണ് (BC-5ാം നൂറ്റാണ്ട്). ബൈബിളിലും ഇങ്ങനെയുള്ള ജലപര്യവേ ഷ ണത്തപ്പറ്റി സൂചനയുണ്ട്. ക്രി.മു. 1-ാം നൂറ്റാണ്ടിലെ സിസറോയുടെ ഗ്രന്ഥങ്ങളിലും ചൈനയിൽ കണ്ടെത്തിയ, കി. പി. രണ്ടാം നൂറ്റാണ്ടിലെ ലിഖിതങ്ങളിലും ഡൗസിങ് പ്രത്യക്ഷപ്പെടുന്നു. മധ്യകാലഘട്ടത്തോടെ ഇത് ജർമനിയിൽ ശക്തിപ്രാപിക്കുകയും, തുടർന്ന് ഇംഗ്ലണ്ടിലേക്ക് വ്യാപിക്കുകയും ചെയ്തു.

18നൂറ്റാണ്ടിലെ ബ്രിട്ടീഷ് ചിത്രം കടപ്പാട് വിക്കിപീഡിയ National Library of Wales

നവോത്ഥാന കാലഘട്ടത്തിലെ ശാസ്ത്രത്തിന്റെ വളർച്ചയും പുത്തൻ ചിന്താഗതികളും ഡൗസിങ്ങിനെ വിമർശനാത്മകമായ രീതിയിൽ കാണാൻ പ്രേരണയായി. ഇംഗ്ലണ്ടിലെ പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ചാൾസ് ബോയ്ൽ 1665 ൽ റോയൽ സൊസൈറ്റി മുമ്പാകെ ഡൗസിങ്ങിന്റെ സാംഗത്യത്തെക്കുറിച്ചൊരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് ഇതേപ്പറ്റി കൂടുതൽ പഠിക്കാൻ പലരും താൽപ്പര്യമെടുത്തു.

ഡൗസിങ് ഒരു ദിവ്യസിദ്ധിയാണെന്ന സങ്കൽപ്പത്തെ ആദ്യമായി ചോദ്യം ചെയ്തത് ഗാസ്റ്റാർഡ് ഷോട്ട് എന്ന ജസ്യൂട്ട് പാതിരിയായിരുന്നു. മസിൽ ചലനങ്ങളാണ് കമ്പ് വെട്ടിത്തിരിയുന്നതിനു പിറകിലെന്ന് അദ്ദേഹം സധൈര്യം വിളിച്ചു പറഞ്ഞു. ഫ്രാൻസിൽ ലൂയി പതിനാറാമന്റെ ഭിഷഗ്വരനായ പിയറി തൊവെനെൽ 1780 കളിൽ ഡൗസിങ്ങിന്റെ വിശ്വാസ്യത പരീക്ഷിച്ചു നോക്കാനൊരുമ്പെട്ടു. അന്നു പ്രചാരം നേടിവന്ന ജൈവകാന്തികശക്തി (“അനിമൽ മാഗ്നറ്റിസം”) എന്ന സാങ്കൽപ്പിക പ്രതിഭാസത്തെ ക്കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു ഇതിനുപിന്നിലെ പ്രേരണ, തൊവെനെൽ കിണറിനു സ്ഥാനനിർണയം നടത്തിപ്പോന്നിരുന്ന ബാർത്തെലെമി ബ്ലെറ്റൺ എന്ന “ദിവ്യനെ’ വിളിച്ചു വരുത്തി ഡൗസിങ് ചെയ്യിച്ചു. ഫലങ്ങൾ രേഖപ്പെടുത്തി. ബ്ലെറ്റന്റെ പ്രകടനങ്ങൾക്ക് പൂർവാപരബന്ധം ഇല്ലെന്നായിരുന്നു അന്തിമ നിഗമനം, പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൗതികശാസ്ത്രത്തിന്റെ വളർച്ച, ഡൗസിങ്ങിന്റെ ദിവ്യശക്തിക്കു പിന്നിൽ പല ശാസ്ത്രീയ തത്വങ്ങളും ഒളിഞ്ഞുകിടപ്പുണ്ടെന്നവകാശപ്പെടുവാൻ വക നൽകിയെന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് വൈദ്യുതി, കാന്തികത, വൈദ്യുത-കാന്തിക പ്രേരണം തുടങ്ങിയ പ്രതിഭാസങ്ങളെപ്പറ്റിയുള്ള പഠനം ഡൗസിങ് അനുകൂലികൾക്കുണർവേകി. ഇന്ദ്രിയങ്ങൾക്ക് നേരിട്ടനുഭവവേദ്യമാകാത്തെ വൈദ്യുത-കാന്തിക ബലങ്ങൾ ചാലകവസ്തുക്കളിൽ യാന്തികവും താപീയവുമായ പ്രഭാവങ്ങൾ കാണിക്കുന്നുണ്ടല്ലോ. ഇവയോ, അല്ലെങ്കിൽ സമാനമായ മറ്റു ചില ഇന്ദ്രിയാതീത ശക്തികളോ ആവാം ഡൗസിങ്ങിനു പിന്നിലെന്ന് അവർ വാദിച്ചു.

സർ വില്യം ബാറെറ്റ്

എന്നാൽ, ഇതേ ഘട്ടത്തിൽ മനശാസ്ത്രപഠനരംഗത്തുണ്ടായ വികാസങ്ങൾ ഡൗസിങ്ങിന്റെ ദുരൂഹതയ്ക്ക് യുക്തിസഹമായ വിശദീകരണമെത്തിച്ചു. ഡബ്ളിനിലെ ഭൗതികശാസ്ത്രപാഫസറും  സൊസൈറ്റി ഫോർ സൈക്കിക് റിസർച്ച് സ്ഥാപകനുമായ സർ വില്യം ബാറെറ്റ് 1890 കളിൽ വിശദമായ പഠനങ്ങൾ നടത്തി. നിരവധി പ്രബന്ധങ്ങൾ എഴുതുകയുണ്ടായി. ഡൗസിങ് ഒരു മാനസിക പ്രതിഭാസമാണെന്ന അവബോധം കൊണ്ടുവരുന്നതിൽ അദ്ദേഹം ചെയ്ത സേവനം എടുത്തുപറയത്തക്കതാണ്. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ പ്രൊഫസർ ബാറെറ്റിന്റെ പരീക്ഷണങ്ങൾ ഏറെക്കുറെ കുറ്റമറ്റതും ശാസ്ത്രീയവുമാണെന്നു കാണാം. മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്.

അതിനുശേഷം, 1950കളിലാണ് ഡൗസിങ്ങിനെക്കുറിച്ചുള്ള പഠന പര്യവേഷണങ്ങൾ വീണ്ടും സജീവമാകുന്നത്. ആ ചരിത്രത്തിലേക്കു വരും മുമ്പ് ഡൗസിങ് പ്രവർത്തനങ്ങളുടെ ചില സവിശേഷതകളിലേക്ക് ഒന്നു കണ്ണോടിക്കാം.

കടപ്പാട് spookeats.com

സങ്കേതങ്ങളും രീതികളും 

കാലാന്തരത്തിൽ ഡൗസിങ്ങിന്റെ സങ്കേതങ്ങളിലും പ്രയോഗരീതികളിലും ഒട്ടേറെ മാറ്റങ്ങളും വൈവിധ്യങ്ങളും വന്നുചേർന്നിട്ടുണ്ട്. കൂട്ടത്തിൽ ഏറ്റവും സരളവും പ്രാചീനവുമാണ് തുടക്കത്തിൽപ്പറഞ്ഞ കവണക്കമ്പു പ്രകടനം. ഇത്തരം കമ്പിന് സാങ്കേതികമായി ‘Y- റോഡ് എന്നു പറയുന്നു. ഇതു കൂടാതെ “L-റോഡ്’, പെൻഡുലം, ബോബ്ബർ തുടങ്ങിയ ഉപകരണങ്ങളും ഡൗസിങ്ങിനുപയോഗിച്ചുവരുന്നു.  മട്ടമായി വളച്ച ലോഹക്കമ്പിയാണ് L-റോഡ്, ഇത് ഒറ്റയായോ രണ്ടുകയ്യിലും ഓരോന്നായോ പിടിച്ച് നീണ്ടഭാഗം തിരശ്ചീനമായി നിർത്തുന്നു.

ഡൗസറുടെ കയ്യിൽ ഇവ കാന്തസൂചികൾ കണക്കെ ‘ആകർഷണ വികർഷണ’ങ്ങൾ കാണിക്കും. ഭാരമുള്ള ലോഹഗോളമോ ലോക്കറ്റോ രത്നമോ ചരടിൽ കെട്ടിയതാണു പെൻഡുലം. ഡൗസറുടെ കയ്യിൽ തൂങ്ങുന്ന പെൻഡുലം ഉദ്ദിഷ്ട സ്ഥാനത്തെത്തുമ്പോൾ ദോലനം ചെയ്ത് തുടങ്ങും. സ്പ്രിങ് കണക്കേ വിറയ്ക്കുന്ന നീണ്ട കമ്പിയാണ് ബോബ്ബർ. ഡൗസിങ്ങിന്റെ ലക്ഷണമായി ഇതു ശക്തമായി കമ്പനം ചെയ്യും.  കമ്പും കൊണ്ടു നടന്ന് ഖനനസ്ഥലം ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന പരമ്പരാഗത ഡൗസിങ് കാലാന്തരത്തിൽ കൂടുതൽ മികച്ച നൈപുണികൾക്കു വഴിമാറി. അതിലൊന്നാണു ഭൂപട ഡൗസിങ് (Map Dowsing). വലുതായി വരച്ചെടുത്ത പര്യവേഷണ പ്രദേശത്തിന്റെ ഭൂപടം വിരിച്ചുവച്ച് അതിന്മേൽ ഡൗസിങ് നടത്തി സ്ഥാനം കണ്ടെത്തലാണ് ഈ രീതി. വീടിനു ലക്ഷണം പറയൽ, ശരീരഭാഗങ്ങളിൽ കമ്പുകൾ ഓടിച്ച് രോഗനിർണയം നടത്തൽ തുടങ്ങിയ വിദ്യകൾക്കും ഡൗസർമാർ മുതിർന്നിട്ടുണ്ട്. പുരാവസ്തുഖനനത്തിനും സൈനികനീക്കങ്ങളിൽ ടണലുകളും മറ്റും കണ്ടെത്താനും വരെ ഡൗസിങ് സങ്കേതങ്ങളെ ആശ്രയിച്ച ചരിത്രമുണ്ട്.

കടപ്പാട് വിക്കിപീഡിയ

ചുരുളഴിയുന്ന ദുരൂഹതകൾ

ഡൗസിങ്ങിനെപ്പറ്റി കേൾക്കുന്ന മാത്രയിൽ അന്വേഷണകുതുകിയായ ഏതൊരാളും ചോദിച്ചേക്കും “ഡൗസിങ് പ്രകടനത്തിന് യഥാർഥത്തിൽ ഒരു സവിശേഷസിദ്ധിയുടെ ആവശ്യകതയുണ്ടോ? കമ്പിന്മേൽ ഒരിത്തരി കൈക്രിയ ചെയ്താലതു വെട്ടിത്തിരിയുമല്ലോ.” ഈയൊരു സംശയം മനസ്സിലുണരുന്നുണ്ടെങ്കിൽ നിങ്ങൾ ഈ പ്രതിഭാസത്തിലെ ദുരൂഹതകളുടെ കാതലിലെത്തിക്കഴിഞ്ഞു എന്നു പറയാം. എങ്കിലും മുൻവിധികൾ മാറ്റി നിർത്തി നിഷ്പക്ഷമായൊരന്വേഷണം നടത്തുകയാണ് ഉചിതമായ രീതി.

സയൻസിന്റെ പരിധിയിൽപ്പെടാത്ത, അല്ലെങ്കിൽ ആധുനികശാസ്ത്രപര്യവേഷണം വഴി കണ്ടുപിടിക്കാൻ കഴിയാത്ത അജ്ഞാത ശക്തികൾ പ്രപഞ്ചത്തിലുണ്ടെന്നു ശക്തമായി വിശ്വസിക്കുന്നവരാണ് ഡൗസിങ് അനുകൂലികൾ. ഇവർക്കിടയിൽ രണ്ടു വ്യത്യസ്താഭിപ്രായങ്ങൾ നിലവിലുണ്ട്. അതിലൊന്ന്, മണ്ണിൽ മറഞ്ഞുകിടക്കുന്ന വസ്തുക്കളിൽ നിന്നുള്ള ദുരൂഹമായ ഊർജവികിരണങ്ങൾ (അത് ഏതുവിധത്തിലുള്ളതെന്ന് ഇതുവരെ വ്യക്ത മാക്കപ്പെട്ടിട്ടില്ല) ഡൗസറുടെ തലച്ചോറിനെ സ്വാധീനിച്ച് പേശീചലനങ്ങൾ സൃഷ്ടിക്കുന്നതു വഴിയാണ് ഡൗസിങ് പ്രതിഭാസമുണ്ടാകുന്നത് എന്നതാണ്. മറ്റൊരു വിശദീകരണം, “സൈക്കോ കെനസിസ്’ അടിസ്ഥാനമാക്കിയുള്ള തത്രേ (മാനസിക ഊർജം ചെലുത്തി ശരീര ബാഹ്യവസ്തുക്കളിൽ യാന്ത്രി കചലനമുണ്ടാക്കാമെന്ന വിശ്വാസമാണിത്). ഇതിൽ, ഗുപ്ത വസ്തുക്കളിലെ

ഊർജത്തെ ഒരതീന്ദ്രിയ ശക്തിയാൽ ഡൗസർ തിരിച്ചറിയുകയും ഊർജം, പേശീചലനമുണ്ടാക്കാതെതന്നെ കമ്പിൽ ആവേശിച്ച് അതിനെ വെട്ടിത്തിരിക്കുകയും ചെയ്യുന്നു എന്നാണ് സങ്കൽപ്പം. ഈ രണ്ടു വിശദീകരണങ്ങൾക്കും ഒരേയൊരു “ശാസ്ത്രീയ പിൻബലം ഡൗസിങ് പ്രതിഭാസം മാത്രമാകുന്നു എന്നതും ശ്രദ്ധിക്കണം.

വില്യം കാർപെന്റർ

യുക്തിചിന്തകരാകട്ടെ ഇത്തരം ദുരൂഹ ഊർജവും അജ്ഞാത ശക്തികളുമുണ്ടെന്ന വാദത്തെ അംഗീകരിക്കുന്നില്ല. 1852 ൽ വില്യം കാർപെന്റർ ഐഡിയോമോട്ടോർ ഇഫക്ട് (ideomotor effect) എന്നു വിവക്ഷിച്ച ഒരു മാനസിക പ്രതിഭാസം വച്ച് ഡൗസിങ്ങിനെ വിശദീകരിക്കാമെന്നാണ് അവരുടെ പക്ഷം.

അബോധമനസ്സിന്റെ നിർദേശപ്രകാരമുണ്ടാകുന്ന ഇച്ഛാനുസരണമല്ലാത്ത പേശീചലനങ്ങളാണ് “ഐഡിയോമോട്ടോർ’ പ്രഭാവങ്ങളിലുൾപ്പെടുന്നത്. കാണുന്നവർക്കെന്നല്ല. പ്രകടിപ്പിക്കുന്നവർക്കുതന്നെയും ഒരു അതീന്ദ്രിയശക്തിയുടെ വിളയാട്ടമാണെന്ന പ്രതീതിയുളവാക്കുമിത്. ഭക്തിയും ആചാരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം പ്രകടനങ്ങൾ നമ്മുടെ നാട്ടിലും ധാരാളമുണ്ടായിരുന്നു. തെയ്യംതിറകളുടെ “ആട്ട’വും കാവുകളിലെ “വെളിച്ചപ്പെടലും സർപ്പം തുള്ളലുമൊക്കെ ഉദാഹരണങ്ങൾ.
ഡൗസിങ്ങിൽ കപടമെന്നു തോന്നാത്തവിധം കമ്പുകളെ ചലിപ്പിക്കുന്ന വിദഗ്ധമായ പേശീചലനങ്ങൾ അബോധമനസ്സിന്റെ നിർദേശങ്ങൾ മൂലം ഉളവാകുന്നു. പരിസരത്തെക്കുറിച്ചും തേടിക്കൊണ്ടിരിക്കുന്ന കാര്യത്തെക്കുറിച്ചുമുള്ള അവബോധം ഡൗസറെ ഭരിക്കുന്നുണ്ട്. അപ്പോളയാൾക്ക് ബോധ പൂർവമല്ലെങ്കിൽപ്പോലും യുക്തിസഹമായ പ്രതികരണം കാണിക്കാൻ പറ്റുന്നു. ഈ വാദം തെളിയിക്കാൻ ഒട്ടേറെ ശാസ്ത്രീയപഠനങ്ങൾ നടന്നിട്ടുണ്ട്. ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകൃതമായിട്ടുമുണ്ട്.

ഡൗസിങ് പരീക്ഷിക്കപ്പെടുന്നു 

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സമൂഹങ്ങളിൽ ആഴത്തിൽ വേരോടിയ ഒരു വിശ്വാസമായിരുന്നു ഡൗസിങ്. അവരെ സംബന്ധിച്ചിടത്തോളം അതൊരു അന്ധവിശ്വാസമേ അല്ലായിരുന്നു എന്നോർക്കണം. ശാസ്ത്രീയാടിസ്ഥാനമില്ലെങ്കിൽപ്പോലും മൊത്തം സമൂഹത്തിന് ആതയേറെ സ്വീകാര്യമായിരുന്നു ഡൗസിങ് വിദ്യ. വ്യക്തിതലത്തിൽ ഇതുകൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ടായതായി സാന്ദർഭികകഥകൾ (anecdotes) സൂചിപ്പിക്കുന്നു. ഈ കഥകളിൽ സത്യത്തിന്റെ അംശം എന്തുമാത്രമുണ്ട് ? ഡൗസിങ്ങിനു പിന്നിൽ എന്തെങ്കിലും സവിശേഷ ശാസ്ത്രീയതത്വം ഒളിഞ്ഞു കിടപ്പുണ്ടോ? ഇതു പരീക്ഷിച്ചറിയാൻ കഴിഞ്ഞ ദശകങ്ങളിൽ ഊർജിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ട്. ശാസ്ത്രജ്ഞരും ഡൗസിങ് വിദഗ്ധരും സർവാത്മനാ സഹകരിച്ചുകൊണ്ടാണ് പരീക്ഷണങ്ങൾ അരങ്ങേറിയത് എന്നതും ശ്രദ്ധേയമാണ്. ഒഴുകുന്ന ജലത്തിലെ അജ്ഞാതശക്തിയാണ് ഡൗസിങ്ങിനാധാരമെന്ന പൊതു വിശ്വാസമുള്ളതിനാൽ ക്യതിയായി വെള്ളമൊഴുക്കുന്ന സാഹചര്യം സ്യഷ്ടിച്ചാണ് പ്രധാനമായും പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ഡബ്ൾ ബ്ലൈൻഡ് രീതിയിലാണിവ രൂപകൽപ്പന ചെയ്തത്. അതായത് പ്രക്രിയകൾ അവസാനിക്കുന്നതുവരെ പരീക്ഷകനും ഡൗസറും തമ്മിൽ ആശയ വിനിമയമുണ്ടാവില്ല. സാഹചര്യങ്ങൾ രഹസ്യമാക്കി വെക്കുകയും ഇതറിയാത്ത ഒരു വ്യക്തിയെക്കൊണ്ട് മേൽനോട്ടം വഹിപ്പിക്കുകയും ചെയ്യും.

റാൻഡിയുടെ പരീക്ഷണങ്ങൾ

വ്യക്തിതലത്തിൽ ഡൗസിങ്ങിനെ നിശിതമായ പഠനങ്ങൾക്കു വിധേയമാക്കിയ ആളാണ് അമേരിക്കൻ ഇന്ദ്രജാലക്കാരനായ ജെയിംസ് റാൻഡി, ലോകത്തിന്റെ പല ഭാഗത്തും ചെന്ന് , പരീക്ഷയിൽ വിജയിക്കുന്നവർക്ക് ക്യാഷ് അവാർഡ് വാഗ്ദാനം ചെയ്തുകൊണ്ടാണ് റാൻഡി മുന്നേറിയത്.

ജെയിംസ് റാൻഡി കടപ്പാട് വിക്കിപീഡിയ Nightscream

ആദ്യത്തെ പ്രമുഖ പരിശോധന 1979 ൽ ഇറ്റലിയിലെ നാലു ഡൗസർമാരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. വെള്ളമുള്ള പൈപ്പ്, മരപ്പലകയ്ക്കടിയിൽ ഒളിച്ചുവെച്ച് ഡൗസിങ്ങിൽ തെളിയുന്ന സ്ഥാനം രേഖപ്പെ ടുത്തലായിരുന്നു രീതി. ഇതിൽ ആർക്കും പാസ്മാർക്ക് ലഭിച്ചില്ല. അടുത്തത് 1980 ൽ ആസ്ട്രേലിയയിൽവെച്ചു നടന്നതാണ്. പത്തു പ്ലാസ്റ്റിക് കുഴലുകൾ കുഴിച്ചിട്ട് ചിലതിലൂടെമാത്രം പലപ്പോഴായി വെള്ളമൊഴുക്കി, ഏതു സമയത്ത് ഏതിലൂടെയാണ് പ്രവാഹമെന്ന് കണ്ടെത്താനാവശ്യപ്പെട്ടു. നിരവധി ഡൗസർമാർ അനവധി തവണ ഡൗസിങ് നടത്തി. സ്റ്റാറ്റിസ്റ്റിക്കൽ വിശ കലനത്തിൽ ഡൗസർമാരുടെ നിഗമനങ്ങൾ കേവല ഊഹത്തിലും മികച്ചതല്ലെന്ന് തെളിഞ്ഞു. സമാനമായൊരു പരീക്ഷണം 1990 ൽ ജർമനിയിൽ നടന്നു. വിജയശതമാനം 52.3% (ഊഹസാധ്യതയിലും ഒരിത്തിരി മെച്ചം) അതു പോലെ 13 ഡൗസർമാർ പങ്കെടുപ്പിച്ചുകൊണ്ട് 10 പെട്ടികളിൽ 10 തവണ വിതം ഡൗസ് ചെയ്ത് അതിലൊന്നിലൊളിപ്പിച്ചിരിക്കുന്ന നാണയം കണ്ടെത്താനും വെല്ലുവിളിയുണ്ടായി. 130 ശ്രമങ്ങളിൽ കേവലം 14 തവണ മാത്രമേ കൃത്യമായി പെട്ടി തിരിച്ചറിയാൻ കഴിഞ്ഞുള്ളു.

‘വൈക്കോൽപ്പുര’ പരീക്ഷണങ്ങൾ 

ഡൗസിങ്ങിന്റെ ചരിത്രത്തിലെ ഇതിഹാസമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു സംഭവമാണിത്. 1986 ൽ അന്നത്തെ വെസ്റ്റ് ജർമൻ സർക്കാർ ഡൗസിങ് പരീക്ഷണത്തിനായി നാലു ലക്ഷം മാർക്കിന്റെ ഫണ്ട് അനുവദി ക്കുകയും അതിന്റെ ഭാഗമായി മ്യൂനിച്ചിലെ ഒരു സംഘം ശാസ്ത്രജ്ഞർ വൻ സംരംഭംതന്നെ ഏറ്റെടുത്തു നടത്തുകയുമുണ്ടായി. ലോകത്തെ ഏതു കപടശാസ്ത്രത്തിന്റെ കാര്യമെടുത്താലും ഇത്രയും ബൃഹത്തും ശാസ്ത്രീയവുമായ പര്യവേഷണം ഇതഃപര്യന്തമുണ്ടായിട്ടില്ല.

മ്യൂനിച്ച് പരീക്ഷണങ്ങളിലെ സുപ്രധാന ഇനമായിരുന്നു “ഷ്യൂനെൻ എക്സ്പിരിമെന്റ് സ്’, നഗരപ്രാന്തത്തിലെ വൈക്കോൽപ്പുരയായിരുന്ന (Barn – ജർമൻ ഭാഷയിൽ “Sheunen’ എന്നുപറയും) ഒരു ഇരുനിലക്കെട്ടിടത്തിൽ വച്ചു നടത്തിയതിനാലാണ് ഈ പേരുവന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നെടുനീളത്തിലുള്ള നേർരേഖാ പാളത്തിലൂടെ സഞ്ചരിക്കുന്ന ഒരു ഓടത്തിന്മേൽ സ്ഥാപിച്ച വെള്ളമൊഴുകുന്ന പൈപ്പാണ് ഡൗസിങ് ലക്ഷ്യം. പത്തു മീറ്റർ നീളത്തിലുള്ള പാളത്തിന്മേൽ എവിടെ വേണമെങ്കിലും പൈപ്പിനെ നിരക്കിനിർത്താം, കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനമാണ് ഇതിന് ഏർപ്പാടു ചെയ്തിരുന്നത്, മുകൾ നിലയിലെ തറയിൽ പാളത്തിനു സമാന്തരമായി രേഖ വരച്ചിട്ടുണ്ട്. പൈപ്പ് ഏത് സ്ഥലത്താണിരിക്കുന്നതെന്ന് ഈ രേഖമേൽ ഡൗസ് ചെയ്ത് കണ്ടെത്തണം.

“ഡബിൾ- ബ്ലൈൻഡ്, റാൻഡം’ അടിസ്ഥാനത്തിൽ പരമാവധി കുറ്റമറ്റ സാഹചര്യങ്ങളാണ് ഒരുക്കിയിരുന്നത്. താഴത്തെ നിലയിൽ എന്തു നടക്കുന്നുവെന്ന് ഒരു സൂചനയും നല്കാത്ത വിധം മുകൾനില അടച്ചുകെട്ടിയിരുന്നു. ഓരോ പരീക്ഷയിലും പൈപ്പിന്റെ സ്ഥാനം അനിയത നിർണയപ്രകാരം (random) മാറ്റം വരുത്തിയിരുന്നു. ഇതിൽ മനുഷ്യസഹജമായ ആവർത്തനം വന്നുപെടാതിരിക്കാൻ കമ്പ്യൂട്ടറിന്റെ “റാൻഡം ജനറേഷൻ’ സങ്കേതത്തിന്റെ സഹായം തേടി. മുകൾനിലയിൽ ഡൗസിങ് നടത്തിയിരുന്നവർക്കോ ഫലം അതത് സമയം രേഖപ്പെടുത്തിയിരുന്നവർക്കോ ഇതേപ്പറ്റി യാതൊരു ധാരണയും നൽകിയില്ല. ഡൗസർമാർ കണ്‍കെട്ടും മറ്റും നടത്തുന്നത് ഒഴിവാക്കാൻ ഒരു പ്രാഫഷണൽ മജീഷ്യന്റെ മേൽനോട്ടവും ഉണ്ടായിരുന്നു. യൂറോപ്പിലെ പ്രശസ്തരായ 500 ഡൗസർമാരെ സംഘടിപ്പിച്ച് മൊത്തം 10,000ൽ കുറയാത്ത “സിങ്കിൾ ടെസ്റ്റുകൾ നടത്തി ഡാറ്റ ശേഖരിക്കുകയും സ്റ്റാറ്റിസ്റ്റിക്കൽ വിശകലനത്തിന് വിധേയമാക്കുകയും ചെയ്തു. പ്രാഥമിക റൌണ്ടിൽത്തന്നെ, വിശ്വസനീയമായ ഡൗസിങ് സിദ്ധി കാട്ടാത്തതിന്റെ പേരിൽ 90 ശതമാനത്തിലേറെപ്പേരും പുറത്തായി. ശേഷിച്ച 43 ഡൗസർമാരിൽ അന്തിമഘട്ട പരീക്ഷകളിൽ 843 ടെസ്റ്റുകൾ നടന്നു. സമാഹരിച്ച് വിശകലനം ചെയ്ത ഡാറ്റയും റിപ്പോർട്ടും 1989ൽ സർക്കാരിനു സമർപ്പിക്കപ്പെട്ടു. രണ്ടു പ്രധാന നിഗമനങ്ങളാണ് റിപ്പോർട്ടിൽ.

  1. പൊതുവായി നോക്കിയാൽ ഡൗസിങ് വിജയശതമാനം ദയനീയമാം വിധം താഴ്ന്നതായിരുന്നു. മിക്കപ്പോഴുമത് കേവല ഊഹത്തിലും മെച്ചമെന്നു പറയാൻ പറ്റാത്ത വിധത്തിലായിരുന്നു.
  2. ഏതാനും ചില ഡൗസർമാർ ചില പരീക്ഷണങ്ങളിൽ അസാധാരണമികവു കാട്ടിയിട്ടുണ്ട്. ഈ വിജയം സാന്ദർഭിക സാധ്യത മാത്രമാണെന്നു കരുതാം

എന്നാലിത് ഒടുവിൽ വിവാദത്തിൽ കലാശിച്ചു. പഠനം നടത്തിയ ശാസ്ത്രജ്ഞർ പത്രസമ്മേളനത്തിൽ “ഡൗസിങ്’ എന്ന ദിവ്യസിഡി ചിലർക്കെങ്കിലും ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്’ എന്നു പ്രസ്താവിച്ചത് അവിശ്വാസികളുടെ പ്രതിഷേധത്തിന് വഴിവെച്ചു. മികവുണ്ടെന്നവകാശപ്പെട്ട ഡൗസർമാരുടെ ഡാറ്റ ജിം എന്റെൈറ്റ് എന്ന ശാസ്ത്രജ്ഞൻ പുനർവിശകലനം ചെയ്ത് അതിനു സ്റ്റാറ്റിസ്റ്റിക്കൽ സാധുത ഇല്ലെന്നു തെളിയിച്ചു. മൊത്തത്തിൽ ഡൗസർമാർ അവകാശപ്പെടുന്ന സവിശേഷമായ കഴിവുകളെ പൂർണമായും നിരാകരിക്കുന്നതായിരുന്നു വൈക്കോൽപ്പുര പരീക്ഷണങ്ങൾ. ഡൗസർ കമ്പുവെട്ടിച്ച് കണ്ടെത്തുന്നതും ഒരു നിരീക്ഷകൻ ഊഹിച്ചു പറയുന്നതും തമ്മിൽ സ്റ്റാറ്റിസ്റ്റിക്കൽ തലത്തിൽ വ്യത്യാസങ്ങളൊന്നുമില്ലെന്നു വ്യക്തമായി ഡൗസിങ്ങിനെ പരീക്ഷിക്കാൻ വേറെയും പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനത്തിനു പര്യാപ്തമായ ഡാറ്റ കിട്ടാത്ത സന്ദർഭങ്ങളിൽ സന്നിഗ്ധമായ നിഗമനങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ഡൗസിങ്ങ് ഉപകരണങ്ങള്‍

ഡൗസിങ്ങിന്റെ പുനരവതാരം

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റം പല യുക്തിഹീന ഗൂഢവിദ്യകളെയും (occult) അപ്രസക്തമാക്കിയിട്ടുണ്ട്. എന്നാൽ ശാസ്ത്ര പുരോഗതിയുടെ നൂറ്റാണ്ടിൽ ഡൗസിങ് നിഷ്കാസിതമായില്ലെന്നു മാത്രമല്ല പുതിയ സങ്കൽപ്പങ്ങളുടെ പിൻബലത്തിൽ ശക്തമായി തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. 1930 ലാണിതിന്റെ തുടക്കം. ആരോഗ്യത്തിനു ഹാനികരമായ ചില അദ്യശ്യരശ്മികൾ ഭൂമിയിൽനിന്നു പ്രസരിക്കുന്നുണ്ടെന്നും ഇത് മനുഷ്യരിൽ കാൻസർ മുതലായ രോഗങ്ങൾക്കു വഴിവെക്കുന്നുവെന്നുമുള്ള ഒരു സിദ്ധാന്തം ജർമനിയിൽ പ്രചരിച്ചു. ഈ അദ്യശ്യരശ്മികൾ ഇ-റേയ്സ് അഥവാ ഭൂകിരണങ്ങൾ (E-ays or Earth Rays) എന്നറിയപ്പെട്ടു. ദുരൂഹമായ ഈ ശക്തിയെ ഡൗസിങ് മുഖേന കണ്ടെത്താമെന്നും അതുവഴി മനുഷ്യനെ ആരോഗ്യത്തിലുണ്ടാകുന്ന പ്രതിഫലനങ്ങൾ നിർണയിക്കാമെന്നും ജർമൻ ശാസ്ത്രജ്ഞനും ഡൗസറുമായ ഗുസ്താവ് ഫോൾ (Custav Phol) അവകാശപ്പെട്ടു എന്നു മാത്രമല്ല, ഡോക്ടർമാരുടെ അടിയന്തിര ശ്രദ്ധ ഇതിൽ പതിയണമെന്നാഹ്വാനം ചെയ്ത് മ്യൂനിച്ചിലെ ഒരു മെഡിക്കൽ കോൺഫറൻസിൽ പ്രഭാഷണവും നടത്തി.

ചിത്രം കടപ്പാട് swissharmony.com

ഡൗസിങ്ങിനെയും വൈദ്യശാസ്ത്രത്തെയും ബന്ധിപ്പിക്കാൻ നടത്തിയ ഈ ശ്രമം അത്ഭുതകരമായ പ്രതികരണങ്ങളാണുണ്ടാക്കിയത്. ഏറ്റവും ഊർജിതമായ രീതിയിൽ ഈ മേഖലയിൽ പഠനത്തിനായിറങ്ങിയത് ഡോക്ടർ ഹാർട്മാൻ (Ernst Hartman) ആയിരുന്നു. അദ്ദേഹം വീടുവീടാ തരം ചെന്ന് ഡൗസിങ് വഴി ഭൗമോർജഗതി (?! നിർണയിക്കുകയും വീട്ടിലെ അംഗങ്ങളുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെടുത്തി വിശകലനം നടത്തുകയും ചെയ്തു. അക്ഷാംശരേഖാംശരേഖകൾ കണക്കെ ഭൂതലത്ത പൊതിയുന്ന സാങ്കൽപ്പിക ജാലികയിലൂടെയാണ് ഭൗമോർജം വിസരിക്കുന്നതെന്ന് ഹാർട്മാൻ “കണ്ടുപിടിച്ചു’. ഇവയാണ് പ്രശസ്തമായ ഹാർട്മാൻ രേഖകൾ (Hartman Lines). ഇതു വഴി പുറത്തു വരുന്ന ഭൗമോർജം ജീവോർജത്തെ (ഇത് “ഓറ’ എന്ന പ്രഭാവലയത്തിന്റെ രൂപത്തിൽ കിർലിയൻ ഫോട്ടോഗ്രാഫി വഴി കണ്ടെത്തോമത്രേ) ബാധിച്ച് ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നുവെന്നാണ് തിയറി. എന്തുതരം ഊർജമാണിതെന്ന് അദ്ദേഹത്തിനു സ്വയം വ്യക്തമായിരുന്നില്ലെങ്കിലും പോസിറ്റീവും നെഗറ്റീവുമായ ഇ-റെയ് ഉണ്ടെന്ന് അനുമാനിച്ചു. ഈ ധ്രുവീയത്വം കണ്ടുപിടിക്കാൻ അദ്ദേഹമൂപയോഗിച്ചത് L-റോഡുകൊണ്ടുള്ള ഡൗസിങ് ആണ്. അന്നുമുതൽ L-റോഡുകൾക്ക് വമ്പിച്ച പ്രചാരം സിദ്ധിക്കുകയും അവ “ഹാർട്മാൻ റോഡുകൾ എന്നറിയപ്പെടുകയും ചെയ്തു എന്ന് ഐതിഹ്യം.

ഹാർട്മന്റെ തൊട്ടുപിറകെയാണ് സ്വിസ് ഡോക്ടറും ബയോകെമിസ്റ്റുമായ കറിയുടെ (ManiradCurry) രംഗപ്രവേശം. 1950 കളിൽ അദ്ദേഹം സന്തമായ നിലയിൽ ആരോഗ്യത്തിൽ ഭൗമോർജത്തിനുള്ള പങ്കിനെക്കുറിച്ച് ഗഹനമായ പഠനം നടത്തി. പരീക്ഷണം ഡൗസിങ് വിദ്യയിലൂടെയാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർ കറി സ്വന്തമായൊരു രേഖാവിന്യാസം മുന്നോട്ടുവെച്ചു. ഇതാണ് കറി രേഖകൾ (Curry Lines). ഇവയും ഹാർട്മാൻ രേഖകളെപ്പോലെ ഹാനികാരകങ്ങളായ നെഗറ്റീവ് ഭൗമോർജം വഹിക്കുന്നവയത്രെ. ഹാർട്ട്മാന്റെയും കറിയുടെയും കാലത്തും അതിനുശേഷവും നിരവധി ആളുകൾ (സ്വാഭാവികമായും ഡൗസിങ് പ്രദർശകർ) ഇതേപ്പറ്റി ഗവേഷണം നടത്തിയിട്ടുണ്ട്. നിരവധി തരം ഭൗമവികിരണങ്ങളും (Earth Rays) അവയുടെ വിന്യാസ ജാലികളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ വികിരണങ്ങൾ പോസിറ്റീവിലും നെഗറ്റീവിലും ഉണ്ടെന്ന് (ഡൗസിങ് കമ്പി വെട്ടിത്തിരിയുന്ന ദിശയെ അടിസ്ഥാനമാക്കി) ചിലർ തെളിയിച്ചു. ഭൗമോപരിതലത്തിലെ കല്ലുകൾ മുതൽ ദേവാലയങ്ങൾ വരെയുള്ളവയുടെ സ്ഥാനം ഇവയ്ക്കുമേൽ സ്വാധീനം ചെലുത്തുമത്രേ, മാത്രമല്ല, ഈ കിരണങ്ങൾ വ്യക്ഷലതാദികളെയും പക്ഷി മൃഗാദികളെയും ഒക്കെ സ്വാധീനിക്കുന്നുമുണ്ട്. ചെടികൾ വളരുന്നതും മുരടിക്കുന്നതുമൊക്കെ ഭൗമോർജ രേഖകളുടെ സ്ഥാനമനുസരിച്ചാണത്. മൃഗങ്ങൾ സഞ്ചരിക്കുന്നതും മാളങ്ങളുണ്ടാക്കി വസിക്കുന്നതും ഒക്കെ ഇതിന്റെ അടിസ്ഥാനത്തിലാണ് (ഡൗസിങ് ചെയ്യാനോ ഭൗമോർജ രേഖകൾ കണ്ടെത്താനോ വേണ്ട ബുദ്ധിയില്ലാത്ത മിണ്ടാപ്രാണികളുടെ വംശങ്ങൾ ഭൗമവികിരണങ്ങളേറ്റ് ഇനിയും കുറ്റിയറ്റുപോയിട്ടില്ലെന്നത് ആശ്വാസം). ഭൗമോർജത്തിന്റെ സ്വഭാവവും പ്രകൃതവുമൊക്ക വിശദീകരിച്ചുകൊണ്ട് ധാരാളം അഭ്യൂഹങ്ങൾ (“ശാസ്ത്രസിദ്ധാന്തങ്ങൾ’) പുറത്തു വന്നിട്ടുണ്ടെന്നതും അറിയണം, ഒട്ടേറെ നേരമ്പോക്കുകൾക്കു വകയുള്ള ഭൌമോര്‍ജ്ജ ഗവേഷണ ചരിത്രം സ്ഥലപരിമിതിമൂലം ചുരുക്കുന്നു.

കടപ്പാട് pikist.com

ഭൗമോർജത്തിന്റെ പ്രസക്തി 

മേല്പറഞ്ഞ ഭൗമോർജ രേഖകളെ എങ്ങനെ കണ്ടെത്തുമെന്നല്ലേ. ഒരു സ്ഥലത്തുനിന്നുകൊണ്ട് തെക്കുവടക്കായി ഒരു സാങ്കൽപ്പിക രേഖ വരയ്ക്കുക. അതിനു പത്തു ഡിഗ്രി ചെരിവിൽ ഒന്നരമീറ്റർ ഇടവിട്ടുള്ള ചതുരജാലിക വരച്ചുണ്ടാക്കിയാൽ ഹാർട്മാൻ രേഖകളായി, 20 സെ.മീ വീതിയുള്ള ഈ രേഖകൾക്കു ലംബമായിട്ടാണ് ഭൗമോർജം പ്രസരിക്കുന്നത്. തെക്കു വടക്കു ദിശക്ക് 45 ഡിഗ്രി ചെരിവിൽ നാലു മീറ്റർ ഇടവിട്ടുള്ള ചതുരജാലിക വരച്ചാൽ കറി രേഖകൾ കിട്ടും. ഈ രണ്ടിലും രേഖകളുടെ സന്ധികൾ യഥാക്രമം ഹാർട്മാൻ സന്ധി, കറി സന്ധി എന്നിങ്ങനെ അറിയപ്പെടുന്നു. രേഖകൾക്കു മേൽ വസിക്കാനിടയായാൽ ആരോഗ്യക്ഷതമുറപ്പ്. സന്ധികളുടെ മേലാണ് നിങ്ങളുടെ കസേരയോ കിടക്കയോ വരുന്നതെങ്കിൽ രൂക്ഷ0മായ രോഗാവസ്ഥയാവും ഫലം. ഭൗമോർജം ഒരുതരം “രോഗകാരക സമ്മർദം’ (Geopathic Stress) സ്യഷ്ടിക്കുന്നതിനാലാണിത്. ഹാർട്മാൻ-കറി സന്ധികൾ ഒന്നിച്ചുവരുന്ന പോയിന്റുകളിൽ ഫലം ഭീകരമായിരിക്കും.

ഈ രേഖകളുടെ സ്ഥാനവും വലിപ്പവും ദിവസംതോറും മാറാം. ഭൗമവികിരിണശേഷി ചാന്ദ്രപക്ഷത്താൽ നിയന്ത്രിക്കപ്പെടുന്നതിനാലാണിത്. അങ്ങനെ ഭൗമവികിരണം ഏൽക്കാതെ നിങ്ങൾക്കിരിക്കാൻ വളരെ ചെറിയ ഇടങ്ങളേ അവശേഷിക്കുന്നുള്ളു. വീട്ടിലും ജോലിസ്ഥലത്തും ആരോഗ്യക്ഷതമില്ലാതെ ജീവിക്കണമെങ്കിൽ ഒരു ഡൗസറെ വിളിച്ച് ഹാർട്മാൻ റോഡു വെച്ച് സന്ധിസ്ഥാനങ്ങൾ കണ്ടെത്തി ഉചിതമായ വാസസ്ഥലം നിർണയിക്കണം. ഭൗമോർജരേഖാ സങ്കൽപ്പത്തിന്റെ പ്രസക്തി മനസ്സിലായിക്കാണുമല്ലോ!

ഡൗസർമാർക്കു ജീവിതമാർഗം നൽകുന്ന ഒരു സങ്കൽപ്പം മാത്രമാണ് ഭൌമോർജസിദ്ധാന്തം എന്നു കരുതരുത്. ഇതു സത്യമാണെന്നു വിശ്വസിച്ചുകൊണ്ട് പഠനങ്ങൾ നടത്തുന്ന ധാരാളം ശാസ്ത്രഗവേഷകരും ഉണ്ടെന്നതാണ് വാസ്തവം, പുതിയ പ്രതിഭാസങ്ങൾ കണ്ടാൽ ജിജ്ഞാസുവായ ഒരാൾ അതിനെ പ്പറ്റി പഠിക്കാനൊരുങ്ങുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ ജിജ്ഞാസയ്ക്കുമുപരിയായി പ്രാഥമികമായ രണ്ടു ഗുണങ്ങൾ ഗവേഷകർക്ക് ഉണ്ടാവേണ്ടതുണ്ട്. കാര്യവിവരവും വിവേചനബുദ്ധിയും. എന്തുകൊണ്ടെന്നാൽ കണ്ണിൽക്കണ്ട കാര്യം മുഴുവൻ വിവേചനരഹിതമായി പഠിച്ചുകൊണ്ടിരിക്കാൻ സമയവും മനുഷ്യശേഷിയുമൊന്നും ഏറെ നമ്മുടെ കയ്യിലില്ല. പഠിക്കാനൊരുമ്പെടുന്ന വിഷയം ചുരുങ്ങിയപക്ഷം യുക്തിസഹമാണെന്നെങ്കിലും ഉറപ്പുവരുത്തലാണ് ശാസ്ത്രപഠിതാവ് ആദ്യമായി ചെയ്യേണ്ടത്. ശാസ്ത്രീയവീക്ഷണത്തിൽ ഭൗമോർജത്തിന്റെ സാംഗത്യമെന്തെന്നു വിശകലനം ചെയ്യുന്നതിനു മുമ്പായി, അതു കണ്ടുപിടിച്ചു’ എന്നവകാശപ്പെടുന്നവരുടെ വാദങ്ങൾക്കു പിന്നിലെ യുക്തി പരിശോധിക്കണം.

ഭൗമോർജം സത്യമോ കപടമോ എന്നത് ഇരിക്കട്ടെ. ഹാർമാന്റെയും കറിയുടേയും രേഖാജാലികകൾക്ക് (Hartman Lines and Curry Lines) ഭൌമോ പരിതലത്തിൽ ജ്യാമിതീയ സാധുതയില്ല എന്നതാണ് ഏറ്റവും രസകരമായ വസ്തുത . മേൽപ്പറഞ്ഞ രേഖകൾ ഒരു മൈതാനത്തോ പുരയിടത്തിലോ വെച്ചുണ്ടാക്കാം. എന്നാലത് അതേപടി ഭൂമുഖത്ത് മൊത്തം വ്യാപിപ്പിക്കുന്നു കരുതുന്നുവെങ്കിൽ അത് വ്യാമോഹം മാത്രമാണ്. അക്ഷാംശ രേഖാംശങ്ങൾക്ക് 10 ഡിഗ്രി ചെരിവ് (ഹാർട്മാൻ സങ്കൽപ്പം) അല്ലെങ്കിൽ 45 ഡിഗി ചെരിവ് (കറി സങ്കൽപ്പം) കാത്തു സൂക്ഷിച്ചുകൊണ്ട് ഭൗമോപരിതലം മുഴുവൻ പൊതിയുന്ന ഒരു ജാലിക വരച്ചുണ്ടാക്കാനാവില്ല! ഒരു പന്തെടുത്ത് അക്ഷാംശ രേഖാംശങ്ങളും ഹാർമാൻ-കറി രേഖകളും പ്രതീകാത്മകമായി വരച്ചു നോക്കിയാൽ നിങ്ങൾക്കത് ബോധ്യപ്പെടും.

കാപട്യത്തിന്റെ മുഖങ്ങൾ

അങ്ങനെ, ഡൗസിങ്ങിന്റെ ചരിത്രം നോക്കിയാൽ ജലപര്യവേഷണത്തിനുപയോഗിച്ചിരുന്ന ഒരു പ്രാകൃതസങ്കേതം ആധുനിക യുഗത്തിൽ ഒരുത്തമ കപടശാസ്ത്രതമായി രംഗപ്രവേശം ചെയ്തിരിക്കുന്നതായി കാണാം, റിലേറ്റിവിറ്റിയും ക്വാണ്ടം മെക്കാനിക്സം ശാസ്ത്രസമീപനത്തെ അടിമുടി മാറ്റിമറിച്ച ‘അറ്റോമിക് ഫിസിക്സ്’ മുതൽ കോസ്മോളജി വരെയുള്ള അടിസ്ഥാന പഠനമേഖലകളിൽ കുതിച്ചുചാട്ടമുണ്ടായ ദശകങ്ങളിൽത്തന്നെയാണ് ഈ മാറ്റവും സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രപഞ്ചരഹസ്യങ്ങളും പ്രതിഭാസങ്ങളും ഒന്നൊന്നായി അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന അതേ കാലഘട്ടത്തിൽ

വാസ്തവത്തിൽ ആധുനിക ഭൗമശാസ്ത്രപഠനങ്ങൾ തന്നെയാണ് ഡൗസിങ് കപടശാസ്ത്രമായി വളരാനുള്ള “ഊർജം’ നൽകിയത് എന്നതും പ്രകടമായ വൈരുധ്യമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ആരംഭദശകളിലായി വൈദ്യുതകാന്തിക പ്രതിഭാസങ്ങളുടെയും അറ്റോമിക-ഉപാറ്റോമിക കണങ്ങളുടെയും വിചിതവും ദുരൂഹവുമായ ലോകം തുറക്കുകയായിരുന്നു. ആധുനികശാസ്ത്രം. അറിഞ്ഞോ അറിയാതെയോ കപടശാസ്ത്രതത്തിന്റെ വക്താക്കൾ അതു ശരിക്കും മുതലെടുത്തു. വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ഇന്ദ്രിയഗ്രാഹ്യമല്ലാത്ത ശക്തികളാൽ യാന്ത്രിക ചലനമുണ്ടാക്കാമെന്നും തെളിയിച്ചു. മാത്രമല്ല, റേഡിയോ തരംഗങ്ങൾ മുതൽ കോസ്മിക് കിരണങ്ങൾ വരെയുള്ള, വ്യത്യസ്തമെന്നു തോന്നിക്കുന്ന വിവിധ വികിരണങ്ങൾ ഒരേ പ്രതിഭാസത്തിന്റെ ഭാഗമാണെന്നും വ്യക്തമായി. ഇതിനു പിന്നിലുള്ള കാരണം ആറ്റത്തിനകത്തെ ചാർജിതകണങ്ങളുടെ ചലനമാണെന്നും ശാസ്ത്രം കണ്ടെത്തി. ഇത്രയുമൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് ഇതുപോലെ വേറെയും (ശാസ്ത്രം കണ്ടെത്താനിരിക്കുന്ന) ചില ശക്തികൾ പ്രപഞ്ചത്തിലുണ്ടാകുമെന്ന് അഭ്യൂഹം നടത്താം. എന്തുകൊണ്ട് ഡൗസിങ്ങിനെ ഭരിക്കുന്ന അത്തരമൊരു ദുരൂഹപ്രതിഭാസമുണ്ടായിക്കൂടാ? എന്തുകൊണ്ട് ഭൂമിയിൽനിന്നും അജ്ഞാത കിരണങ്ങൾ ബഹിർഗമിച്ചുകൂടാ ? 

ഈ അഭ്യൂഹങ്ങളിൽ തൂങ്ങിയാടിക്കൊണ്ട് കഴിഞ്ഞ പത്തെഴുപതു വർഷമായി ശാസ്ത്രത്തെ പരിഹസിച്ചുവാഴുകയാണ് ഭൗമോർജസങ്കൽപ്പം. പ്രസക്തമായ അഭ്യൂഹങ്ങളുടെ സത്യാവസ്ഥ കണ്ടെത്തി അംഗീകരിക്കാൻ സമർഥമായ സയൻസിന്റെ രീതിശാസ്ത്രത്തിന് പൊള്ളയായ അഭ്യൂഹത്തെ നിരാകരിക്കാൻ നേരിട്ടുള്ള വിദ്യ വശമില്ല എന്നതാണു പ്രശ്നം. ഉദാഹരണത്തിന് ഒരു ഗ്ലാസിൽ നിറച്ചിരിക്കുന്ന ദ്രാവകമെന്തെന്ന് ശാസ്ത്രീയമായി കണ്ടെത്താനുള്ള വഴികൾ സുവിദിതമാണ്. എന്നാൽ ഒരു കാലിഗ്ലാസ് ഒഴിഞ്ഞതാണെന്നു തെളിയിക്കാൻ എന്ത് ശാസ്ത്രീയമാർഗമാണുള്ളത്? അതിനകത്തു ദുരൂഹവും ഭൗതികമായി കണ്ടെത്താനാവാത്തതുമായ എന്താ ഒന്ന് ഉണ്ടെന്നു വല്ലവരും പറഞ്ഞാൽ എങ്ങനെയിതിനെ പരീക്ഷിക്കും? സയൻസിനെ എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ബലഹീനതയാണ് ഈ നിരാകരണ പ്രശ്നം. യുക്തിയിലൂടെ അഭ്യൂഹങ്ങളെ വിശകലനം ചെയ്ത് സംഗതമേത്, വ്യർഥമേത് എന്നു തരംതിരിച്ചു മാറ്റുകയാണ് ഈ കടമ്പ കടക്കാനൊരുമാർഗം. ശാസ്ത്രത്തിന്റെ രീതിയുടെ ഈ ബലഹീനത വിദഗ്ധമായി മുതലെടുത്തുകൊണ്ട് കപടശാസ്ത്രത്തെയും ആത്മീയ ഗൂഢവിദ്യയെയും പൊക്കിപ്പിടിക്കാനും സയൻസിനെ ഇകഴ്ത്തിക്കാട്ടാനും പലരും ശ്രമിച്ചു പോരുന്നു എന്നതാണ് ദയനീയമായ വസ്തുത.

ചുരുക്കിപ്പറയുകയാണെങ്കിൽ, ശാസ്ത്രീയ പര്യവേഷണങ്ങളുടെ മജ്ജയായി വാഴുന്ന യുക്തിയെ മാറ്റിവെച്ചാൽ അലക്ഷ്യവും പൊള്ളയുമായ അഭ്യൂഹങ്ങളഴിച്ചുവിട്ട് ഏതു തൽപ്പരകക്ഷിക്കും സയൻസിന്റെ രീതിശാസ്ത്രത്തിനു തുരങ്കം വെക്കാനും സയൻസ് പരാജയപ്പെടുന്നുവെന്ന തോന്നൽ ഉണ്ടാക്കാനും സാധിക്കും.

ഭൗമോർജം എന്ന കപടസങ്കൽപ്പം 

ഇത്രയും പറയുമ്പോൾ വേറെ ചില മറുചോദ്യങ്ങളുയരും. എന്തടിസ്ഥാനത്തിലാണ് ഭൗമോർജസങ്കൽപ്പം പൊള്ളയായ അഭ്യൂഹമായി മാറുന്നത്? ആധുനിക ശാസ്ത്രത്തിന്റെ ഇന്നത്തെ അറിവ് ഇതിനെ നിരാകരിക്കാൻ പര്യാപ്തമാണോ?

ഭൂമിയുമായി ബന്ധപ്പെട്ട് ഊർജങ്ങളും വിവിധ പ്രതിഭാസങ്ങളും ഉണ്ടെന്ന് – നമുക്കറിയാവുന്ന കാര്യമാണ്. ഭൗമാന്തർഭാഗത്തുനിന്ന് താപവും മർദവുമൊക്കെ ബഹിർഗമിക്കുന്നുണ്ട്. അഗ്നിപർവതം പൊട്ടുമ്പോഴിതു വ്യക്തമായിഅനുഭവിച്ചറിയാം, അന്തർഭാഗത്തെ പ്രകിയകൾ കൊണ്ടുണ്ടാകുന്ന യാന്തിക ചലനങ്ങൾ ഭൂകമ്പമായി നമ്മെ പിടിച്ചുലക്കുന്നു. ഭൂമിയുടെ അകക്കാമ്പിനു കാന്തികശക്തിയുണ്ട്. ന്യൂക്ലിയർ വികിരണങ്ങൾ യഥേഷ്ടം പുറപ്പെടുന്നുണ്ട്. ഒരു ദ്രവ്യപിണ്ഡമെന്ന നിലയിൽ സ്വന്തമായി ഗുരുത്വാകർഷണ ബലവും നമ്മുടെ മാതൃഗഹത്തിനുണ്ട്. ഇതെല്ലാം വളരെ വിശദമായി പര്യവേഷണം ചെയ്യപ്പെട്ടതാണ്. നിരവധി പരീക്ഷണാപകരണങ്ങളും വിശകലനസങ്കേതങ്ങളും ഇതിനായി ലഭ്യമാണ്. ഇപ്പറഞ്ഞ പ്രതിഭാസങ്ങളും ഊർജരൂപങ്ങളുമൊക്കെ മനുഷ്യന്റെ ആരോഗ്യത്തെയും ജീവിതപരിസ്ഥിതികളെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണകളുണ്ട്.

ഇവയിലൊന്നുംപ്പെടാത്തതും പ്രകൃതമെന്തെന്നു നിശ്ചയമില്ലാത്തതുമായ ഊർജരൂപത്തെയാണ് കറിയും ഹാർട്മാനും മറ്റു പലരും ‘ഭൗമോർജം’ എന്നു വിളിച്ചത്. മനുഷ്യന്റെ ആരോഗ്യത്തിന്മേലും ഡൗസിങ് റോഡുകളിന്മേലും മാത്രമേയിത് സ്വാധീനം ചെലുത്തു എന്നാണ് സങ്കൽപ്പം, മറ്റു ജീവികളെ ഇത് ബാധിക്കുന്നേയില്ല. ബാധിക്കുമായിരുന്നെങ്കിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന അവ മാളങ്ങളും കൂടുകളുമുണ്ടാക്കുമ്പോൾ ഹാർട്മാൻ സന്ധികളും കറി സന്ധികളും ഒഴിവാക്കേണ്ടതല്ലേ? അങ്ങനെ ചെയ്യുന്നതായി കാണുന്നില്ല. ആകപ്പാടെ സാമാന്യബുദ്ധിയെ പരിഹസിക്കുന്ന ഒന്നായി ഭൌമോർജസിദ്ധാന്തം നിലകൊള്ളുന്നു. ശാസ്ത്രകുതുകികൾക്ക് അന്വേഷിച്ചാൽ കണ്ടെത്താവുന്ന ഒരു സത്യമുണ്ട്. ദ്രവ്യവും ഊർജവുമായി (matter and energy) ബന്ധപ്പെട്ട പ്രതിഭാസങ്ങളെക്കുറിച്ച് വളരെ വിശദമായ വിവരശേഖരം (knowledge- base) ഇന്നു ലഭ്യമാണ്. ഈ അറിവുകളാണ് മുൻതലമുറകൾക്ക് അചിന്ത്യമായിരുന്ന വിവിധ സാങ്കേതികവിദ്യകൾ വികസിച്ചുവരാൻ കാരണമായത്. മൊത്തം സമൂഹത്തിന്റെ പുരോഗതിക്ക് ചുക്കാൻ പിടിച്ചിട്ടുള്ളതും ഈ അറിവാണ്. മനുഷ്യന്റെ ഭൗതികജീവിതം (ആത്മീയ ജിവിതവും!) സുഖകരമാക്കുന്നതിൽ ഇതിനുള്ള പങ്ക് നിങ്ങൾ നിത്യജീവിതത്തിൽ അനുഭവിച്ചറിയുന്നുണ്ട്. ആധുനികശാസ്ത്രം നേടിയെടുത്തിരിക്കുന്ന ഇന്നത്തെ അറിവുകൾ വെച്ചുകൊണ്ടുതന്നെ നിരാകരിക്കാവുന്ന ഒന്നാണ് ഭൗമോർജസങ്കൽപ്പം.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ശാസ്ത്രവും കപടശാസ്ത്രവും എന്ന പുസ്തകത്തിലെ ആമുഖ അധ്യായം. വരും ദിവസങ്ങളില്‍ തുടര്‍ന്നുള്ള അധ്യായങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.

അനുബന്ധവായനകള്‍ക്ക്

  1. പ്രവചന”ശാസ്ത്രങ്ങള്‍” – ജ്യോത്സ്യം, കൈനോട്ടം, പ്രശ്നം
  2. ശാസ്ത്രം യഥാര്‍ത്ഥവും കപടവും
  3. പ്രൊഫ.കെ.പാപ്പൂട്ടിയുടെ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും വിക്കിഗ്രന്ഥശാലയില്‍ നിന്നും വായിക്കാം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 – നോബേൽ സമ്മാന വിരുന്ന് റദ്ദാക്കി
Next post ചണ്ണക്കുവ
Close