സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതോടെ വ്യാപിക്കാനിടയുള്ള പകർച്ചവ്യാധികൾ ചെറിയ തോതിലാണെങ്കിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. കോവിഡിനിടയിലും മഴക്കാലരോഗങ്ങൾ നിയന്ത്രിക്കുന്നതിൽ കഴിഞ്ഞവർഷം വിജയിക്കാൻ കഴിഞ്ഞു. കൂടുതൽ രൂക്ഷമായ കോവിഡ് രണ്ടാംതരംഗത്തിലൂടെ സംസ്ഥാനം കടന്നുപോകുന്ന സാഹചര്യത്തിൽ കുറേക്കൂടി കർശനമായ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
കൊതുകുകൾ പരത്തുന്ന ഡെങ്കി, മലിനജലത്തിലൂടെ വ്യാപിക്കുന്ന എലിപ്പനി, കോളറ, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയുടെ കാര്യത്തിലാണ് പ്രത്യേക ശ്രദ്ധ വേണ്ടത്. മഴക്കാല പകർച്ചവ്യാധികളിൽ പലതിന്റെയും രോഗലക്ഷണങ്ങൾ കോവിഡുമായി സാമ്യമുള്ളവയാണെന്നതുകൊണ്ട് പ്രത്യേകിച്ചും ഇത്തരം രോഗങ്ങൾ വ്യാപിക്കുന്നത് തടയാൻ ശ്രമിക്കേണ്ടതാണ്. ഇവയിൽ എലിപ്പനിയും ഡെങ്കിയും പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്.
എന്താണ് ലെപ്റ്റോപനി അഥവാ എലിപ്പനി?
മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന പകർച്ചവ്യാധികളിലൊന്നാണ് ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറോസിസ്, വീൽസ് ഡിസീസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. ലെപ്ടോസ്പൈറ ജനുസിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ, മനുഷ്യരിൽ ഉണ്ടാക്കുന്ന ജന്തുജന്യരോഗമാണ്. “എലിപ്പനി’ എന്നാണ് വിളിക്കുന്നതെങ്കിലും എലികൾക്ക് പുറമേ കന്നുകാലികൾ, നായ, പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയുടെ മൂത്രത്തിലൂടെയും രോഗം വ്യാപിക്കുന്നുണ്ട്.
കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ, ലെപ്ടോസ്പൈറ അനേകനാൾ ജീവിച്ചിരിക്കും. എലികൾ വരാറുള്ള ജലാശയങ്ങൾ, ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻകരുതലുകൾ കൂടാതെ ഇറങ്ങുകയോ ജോലി ചെയ്യുകയോ കുളിക്കുകയോ ചെയ്യുന്നതിലൂടെ രോഗാണു മനുഷ്യശരീരത്തിൽ എത്തുന്നു. കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിലൂടെയും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം. ചെളിയിലും തോടുകളിലും ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതുമുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള സാധാരണ 10 ദിവസമാണ്. ഇത് നാലുമുതൽ ഇരുപത് ദിവസംവരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളർച്ച, ശരീരവേദന, തലവേദന, ഛർദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾകൂടി ഉണ്ടാകാറുണ്ട്. കാലുകളുടെ പേശീവേദന എലിപ്പനിയുടെ പ്രധാന രോഗലക്ഷണമാണ്. കണ്ണിനു ചുവപ്പ്, നീർവീഴ്ച, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് രോഗം പിടിപെട്ട് ഒരാഴ്ചയ്‌ക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തനം തകരാറിലാകുകയും രക്തസ്രാവത്തിന് ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണംവരെ സംഭവിക്കാം. തുടക്കത്തിലേതന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാകും.
എങ്ങനെ തടയാം?
മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും എലികളെ വീടുകളിൽനിന്നും പരിസരത്തുനിന്നും അകറ്റാനും കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കൈയുറകൾ എന്നിവ ഉപയോഗിക്കുക. വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസർജ്യവും കലരാത്ത രീതിയിൽ മൂടിവയ്ക്കുക. വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റിമാത്രം കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക. കന്നുകാലികളെ സംരക്ഷിക്കുന്ന തൊഴുത്തുകളും പന്നി ഫാമുകളും വൃത്തിയായി സൂക്ഷിക്കുകയും അവയെ പരിപാലിക്കുന്നവർ ഗം ബൂട്ടുകളും കൈയുറകളും ധരിച്ചിരിക്കേണ്ടതുമാണ്. കന്നുകാലികളെ മഴക്കാലം കഴിഞ്ഞാൽ ഉടനെ വയലിൽ മേയാൻ വിടരുത്. തെരുവ് നായ്ക്കളെ അലഞ്ഞുനടക്കാൻ അനുവദിക്കരുത്.
പെനിസിലിൻ, ഡോക്സി സൈക്ലിൻ, ആംപിസെല്ലിൻ, അമോക്സിസിലിൻ, എറിത്രോമൈസിൻ എന്നീ ആന്റി ബയോട്ടിക്കുകളാണ് എലിപ്പനി ചികിത്സയ്‌ക്കായി നിർദേശിക്കാറുള്ളത്. രോഗപ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ രോഗസാധ്യതയുള്ളവരിലും കാലയളവിലും നിർദേശിക്കാറുണ്ട്.
ഡെങ്കിപ്പനി
ഡെങ്കി, ചിക്കുൻ ഗുനിയ, മസ്തിഷ്ക ജ്വരം തുടങ്ങിയ രോഗങ്ങൾ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് പരത്തുന്നത്. ഇവയിൽ ഡെങ്കിപ്പനിയാണ് കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത്. എലിപ്പനിയിൽനിന്ന് വ്യത്യസ്തമായി ഡെങ്കിയുള്ളവരിൽ പനിയോടൊപ്പം ചർമത്തിൽ ചുമന്ന പാടുകളും പ്രത്യക്ഷപ്പെടും. ഡെങ്കി ഹെമറേജിക് ഫീവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നിവ മരണസാധ്യതയുള്ള ഡെങ്കിപ്പനിയുടെ അവസ്ഥയാണ്. രക്തസ്രാവം, രക്തത്തോടെയുള്ള ഛർദി, ശ്വാസോച്ഛ്വാസത്തിന് വൈഷമ്യം, ത്വക്കിൽ രക്തപ്പാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ ഈ ഘട്ടത്തിൽ കാണുന്നു. പ്രമേഹം, രക്താതിമർദം, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയവ ബാധിച്ചവരുടെയും പ്രായാധിക്യമുള്ളവരുടെയും ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പനിയുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ തുടങ്ങിയ പാനീയങ്ങൾ കഴിക്കുകയും പൂർണ വിശ്രമമെടുക്കുകയും വേണം.
ഈഡിസ് കൊതുക് സാന്ദ്രത കേരളത്തിൽ വളരെ കൂടുതലാണ്. കറുപ്പ് നിറവും മൂന്ന് ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുമുള്ളവയാണ് ഈഡിസ് കൊതുകുകൾ. ഇവയെ കടുവാ കൊതുകുകൾ എന്നും വിളിക്കാറുണ്ട്. ഈഡിസ് ജനുസിൽപ്പെട്ട ഈജിപ്തി, അൽബോപിക്ട്സ് എന്നീ പെൺകൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഈഡിസ് കൊതുകുകൾ വളരുന്നത്. ഇത്തരം കൊതുകുകൾ അധികദൂരം പറക്കാറില്ല. അതിനാൽ, ഇവ വീടുകളുടെ പരിസരത്ത് തന്നെയുണ്ടാകും. അതുകൊണ്ട് വീട്ടിലും ചുറ്റുപാടും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യേണ്ടതുണ്ട്. പ്രളയത്തെ തുടർന്ന് വീടുകളുടെ ചുറ്റുപാടും അടിഞ്ഞുകൂടിയിട്ടുള്ള കുപ്പികൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ, ബോട്ടിലുകൾ, ടയറുകൾ എന്നിവയെല്ലാം നീക്കം ചെയ്യേണ്ടതാണ്. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും എല്ലാ വീട്ടിലും നടത്തിയിരിക്കണം.
കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും തിരികളും ലേപനങ്ങളും ഉപയോഗിച്ചും കൊതുകു കടിയിൽനിന്ന് രക്ഷ തേടേണ്ടതാണ്. ഇതേ കൊതുകുകൾ പരത്തുന്ന സിക്ക പനി, മരണനിരക്ക് വളരെ കൂടുതലുള്ള മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ പ്രവാസിജനത ഏറെയുള്ള കേരളത്തിൽ മറ്റ് സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും എത്താൻ സാധ്യതയുണ്ട്. കോവിഡ് രണ്ടാം തരംഗ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർ പൂർണമായും മുഴുകിയിരിക്കുന്ന സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ പൂർണ സഹകരണത്തോടുകൂടി മാത്രമേ മഴക്കാലരോഗങ്ങൾ നിയന്ത്രണ വിധേയമാക്കാനാകൂ.