ലൂക്ക സിറ്റിസൺ സയൻസ് പ്രോജക്ട് 1.0
ജനപങ്കാളിത്തത്തോടെയുള്ള ശാസ്ത്രഗവേഷണങ്ങൾക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ നടക്കുന്ന സിറ്റിസൺ സയൻസ് പ്രൊജക്ടുകളിൽ ആദ്യത്തേതാണ് കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളത്. ഗവേഷകർ, ഗവേഷണസ്ഥാപനങ്ങൾ , കോളേജുകൾ, സ്കൂളുകൾ, ക്ലബ്ബുകൾ, വായനശാലകൾ എന്നിങ്ങനെ സ്ഥാപനങ്ങൾക്കും സ്വതന്ത്രമായി വ്യക്തികൾക്കും പഠനത്തിന്റെ ഭാഗമാകാം.
എന്താണ് സിറ്റിസൺ സയൻസ് പ്രൊജക്ട്
ഗവേഷണ പ്രശ്നം തീരുമാനിക്കൽ, പഠനത്തിന്റെ രൂപകൽപ്പന, വിവര ശേഖരണം, വിശകലനം തുടങ്ങി ഗവേഷണത്തിന്റെ എല്ലാ മേഖലകളിലും ഔദ്യോഗികമായി ശാസ്ത്രജ്ഞരല്ലാത്തവരെ കൂടി ഉൾപ്പെടുത്തി നടത്തുന്ന ഗവേഷണ പരിപാടികളെയാണ് സാധാരണ സിറ്റിസൺ സയൻസ് പ്രോജക്ട് എന്ന് വിളിക്കുന്നത്.
പൗര ശാസ്ത്രമെന്നോ, ജനങ്ങളുടെ ശാസ്ത്രമെന്നോ, ശാസ്ത്ര ഗവേഷണത്തിലെ ജന പങ്കാളിത്തമെന്നോ ഒക്കെ ഇതിനെ വിളിക്കാം. ഗവേഷണ പ്രശ്നത്തിന്റെ സ്വഭാവമനുസരിച്ച് പരിശീലനവും തുടർച്ചയായ മേൽനോട്ടവും ഒക്കെ വേണ്ടി വന്നേക്കാം എന്നു മാത്രം. ഇത്തരം മേൽനോട്ടമില്ലാത്ത സ്വതന്ത്രമായ സിറ്റിസൺ സയൻസ് ഗവേഷണവും അപൂർവ്വമായി നടക്കാറുണ്ട്. ജ്യോതിശാസ്ത്രം, ജീവശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, കാലാവസ്ഥാ പഠനം, ജൈവവൈവിധ്യം തുടങ്ങിയ മേഖലകളിലാണ് ലോകമെമ്പാടും നിലവിൽ സിറ്റിസൺ സയൻസ് പ്രോജക്ടുകൾ കൂടുതലായി ഉള്ളത്. ശാസ്ത്രസാഹിത്യ പരിഷത്ത് ഏറ്റെടുത്ത് നടത്തിയിട്ടുള്ള കേരള പഠനം പോലെയുള്ള ഗവേഷണ പരിപാടികളെയും സിറ്റിസൺ സയൻസ് പ്രോജക്ടുകളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ആലപ്പുഴയിലെ Canalpy പ്രവർത്തനത്തിലും തുരുത്തിക്കരയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് നടത്തിയ കിണറുകളിലെ ജലനിരപ്പ് അളക്കാനുള്ള പഠനത്തിലും സിറ്റിസൺ സയൻസ് തത്വങ്ങൾ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് പഠനത്തിന്റെ പ്രാധാന്യം
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പലമുഖങ്ങളില്‍ ഒന്നാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. നമ്മള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ സൂര്യപ്രകാശം, ചൂട്, കാറ്റ്, മര്‍ദ്ദം തുടങ്ങിയ ഘടകങ്ങള്‍ക്ക് വിധേയമായി ഭൗതികവിഘടനം സംഭവിച്ച് വലുപ്പം കുറഞ്ഞ കണങ്ങളായി മാറുന്നു. ഇങ്ങനെ അഞ്ച് മില്ലീമീറ്ററില്‍ താഴെ വലുപ്പമുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്ന് പറയുന്നത്. ഭാരവും വലുപ്പവും തീരെകുറവായതിനാല്‍ ഇവയ്ക്ക് വായുവിലൂടെയും വെള്ളത്തിലൂടെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാന്‍ കഴിയും. അതുകൊണ്ട്തന്നെ സര്‍വ്വവ്യാപികളായ ഇവയെ ഉറവിട ബന്ധമില്ലാതെ എവിടെയും കാണാന്‍ കഴിയും. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലുമുള്‍പ്പെടെ എവിടെയും മൈക്രോപ്‌ളാസ്റ്റിക്കുകളുടെ സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു.
പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുന്നതിനായുള്ള ഊര്‍ജിതശ്രമങ്ങള്‍ ലോകത്താകമാനം നടന്നുവരുന്നുണ്ട്. എങ്കിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ വഴിയുള്ള സൂക്ഷ്മരൂപത്തിലുള്ള മലിനീകരണത്തെക്കൂടി അഭിമുഖീകരിച്ചുകൊണ്ടുള്ള മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ ഇനിയും ആവിഷ്‌ക്കരിക്കേണ്ടതായിട്ടുണ്ട്.
മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ച് അധികവായനയ്ക്ക്
പഠനരീതി
- പഠന മേഖല തീരുമാനിക്കൽ
- ഗവേഷണ ഡിസൈൻ തീരുമാനിക്കൽ
- പങ്കാളികളാകുന്ന സിറ്റിസൺ സയന്റിസ്റ്റുകൾക്കുള്ള പരിശീലനം
- ജനപങ്കാളിത്തത്തോടെ കുടിവെള്ള സാമ്പിളുകളുടെ ശേഖരണവും കുടിവെള്ള സ്രോതസ്സുകളുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളുടെ ശേഖരണവും
- ശേഖരിക്കപ്പെട്ട സാമ്പിളുകളുടെ പരിശോധനയും പരിശോധനാ ഫലങ്ങളുടെ വിശകലനവും
- ചോദ്യാവലി വഴി ശേഖരിച്ച വിവരങ്ങളുമായി ചേർത്തുള്ള വിശകലനം.
- കണ്ടെത്തലുകൾ ജനകീയമായി അവതരിപ്പിച്ച് നടത്തുന്ന സോഷ്യൽ ഓഡിറ്റ് മാതൃകയിലുള്ള വിശകലനം.
- അവസാന ഫലങ്ങളുടെ അവതരണം, പ്രസിദ്ധീകരണം
ജനപങ്കാളിത്തം എങ്ങനെ ?
കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം സംബന്ധിച്ച പഠനത്തിൽ വിവരശേഖരണം, സാമ്പിളുകളുടെ ശേഖരണം എന്നീ കാര്യങ്ങളിലാണ് പരമാവധി ജനപങ്കാളിത്തം സാധ്യമാകുന്നത്. കുടിവെള്ള സാമ്പിളുകളുടെ പരിശോധനയും പരിശോധനാ ഫലങ്ങളുടെ വിശകലനവും വിദഗ്ധർ തന്നെ ചെയ്യേണ്ടതാണ്. ചോദ്യാവലി വഴി ശേഖരിച്ച വിവരങ്ങളുമായി ചേർത്തുള്ള വിശകലനത്തിലും പഠനഫലങ്ങൾ പൊതു സമക്ഷത്തിൽ അവതരിപ്പിക്കുന്നതിലും പങ്കാളിത്തം സാധ്യമാണ്. ഇങ്ങനെ ചെയ്യുന്നത് ഒരു ജനകീയ ശാസ്ത്രബോധന പ്രവർത്തനമായി കാണാം.
പൈലറ്റ് പഠനം മെയ് മാസം ചെർപ്പുളശ്ശേരിയിൽ
പൈലറ്റ് പഠനം പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരസഭയിലാണ് നടക്കുന്നത്. നഗരസഭയിലെ 33 മുൻസിപ്പൽ വാർഡുകളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിക്കും. ചെർപ്പുള്ളശ്ശേരി നഗരസഭയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപ്പുളശ്ശേരി മേഖലയുടെയും നേതൃത്വത്തിൽ എസ്.എൻ.ജി.സി. പട്ടാമ്പി കോളേജിലെ കെമിസ്ട്രി വിഭാഗം, വിവിധ സ്കൂളുകൾ, ഹരിത കർമ്മസേന, ക്ലബ്ബുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പൈലറ്റ് പഠനം നടക്കുന്നത്. കുടിവെള്ള സാമ്പിളുകളുടെ പരിശോധനയും പരിശോധനാ ഫലങ്ങളുടെ വിശകലനവും മൈക്രോപ്ലാസ്റ്റിക് മേഖലയിൽ ഗവേഷണം ചെയ്യുന്ന സ്ഥാപനങ്ങളുടെയും ഗവേഷകരുടെയും സഹായത്തോടെയാണ് ചെയ്യുന്നത്.
പൈലറ്റ് പഠനത്തിൽ നിങ്ങൾക്കും ഭാഗമാകാം
2024 മേയ് മാസം ചെർപ്പുളശ്ശേരിയിൽ വെച്ചു നടക്കുന്ന പൈലറ്റ് പഠനത്തിൽ നിങ്ങൾക്കും ഭാഗമാകാം. സമീപ പ്രദേശത്തുള്ളവർക്ക് മുൻഗണന.