സിറ്റിസൺ സയൻസ്: ഗവേഷണത്തിലെ പൊതുജന പങ്കാളിത്തം

ശാസ്ത്രത്തിന്റെ രീതിയെ ജനങ്ങളുടെ ചിന്താരീതിയാക്കുക എന്നത് ജനകീയ ശാസ്ത്ര പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ്. ഇതിന്റെ ഒരു പ്രായോഗിക രൂപമാണ് ശാസ്ത്രീയ ഗവേഷണത്തിന്റെ വിവിധ പടവുകളിൽ ഔദ്യോഗികമായി ശാസ്ത്രജ്ഞരോ ഗവേഷകരോ അല്ലാത്ത ആളുകളെ പങ്കാളികളാക്കുകയും, അതുവഴി ശാസ്ത്രീയമായ അറിവിന്റെ നിർമ്മാണത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന പ്രക്രിയയായ സിറ്റിസൺ സയൻസ് (Citizen Science). പൗര ശാസ്ത്രമെന്നോ, ജനങ്ങളുടെ ശാസ്ത്രമെന്നോ, ശാസ്ത്ര ഗവേഷണത്തിലെ ജന പങ്കാളിത്തമെന്നോ ഒക്കെ മലയാളത്തിൽ പറയാം.